Wednesday, February 26, 2014

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ

അമ്മയ്ക്കു പിന്നാലെ ഇളയ സഹോദരനും പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു. ഏതാനും ആയിരങ്ങള്‍ മുടക്കി 2007-ലായിരുന്നു ഈ നിക്ഷേപം. 

ഇപ്പോള്‍, ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, ഈ മൂന്ന് ഓഹരികളിലെ നിക്ഷേപങ്ങള്‍ കൊണ്ടുമാത്രം ഇദ്ദേഹം വീണ്ടും ഒരു ലക്ഷാധിപതി ആയിരിക്കയാണ്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടുള്ളതിനാല്‍ ഈ ഓഹരികള്‍ തത്കാലം വില്‍ക്കാനും ഇദ്ദേഹത്തിന് പരിപാടിയില്ല.

ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനം ഇത്രയേയുള്ളൂ. അഥവാ, ഓഹരി നിക്ഷേപം റോക്കറ്റ് സയന്‍സല്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളീയര്‍ പൊതുവില്‍ ഓഹരികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഒരു കാരണം, ഇതിനോടുള്ള പുച്ഛവും വേണ്ടത്ര അറിവില്ലായ്മയുമാണ്. ഓഹരി നിക്ഷേപം ഉത്പാദനപരമല്ല എന്നാണ് നമ്മുടെ ചില ആളുകള്‍ വാദിക്കുന്നത്. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കി ലോറികളിലും ട്രെയ്‌നുകളിലും കേറി വരുന്ന സാധനങ്ങള്‍ രണ്ടു കൈയും നീട്ടി വാങ്ങിത്തിന്നാനും ദേഹത്ത് പൂശാനും ഒരു മടിയുമില്ല താനും. അത് ഉത്പപ്പാദനപരമാണോ? അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളു -നമ്മളെക്കൊണ്ട് നന്നായിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങി നമ്മളും ഇത്തിരി നന്നാവുക.

ഗുജറാത്തിലുണ്ടാക്കിയ ടൂത്ത് പേസ്റ്റ് വാങ്ങുന്നത് പാപമല്ലെങ്കില്‍ ആ ടൂത്ത് പേസ്റ്റ് കമ്പനിയുടെ ഷെയര്‍ വാങ്ങുന്നത് പാപമാകുന്നതെങ്ങനെ?

തന്റെ ഫ്ലാറ്റിന്റെ മുകളില്‍ താമസിക്കുന്ന ഗുജറാത്തി സുഹൃത്തുമായുള്ള സമ്പര്‍ക്കമാണ് നേരത്തെ പറഞ്ഞ മുംബൈ മലയാളിക്ക് ഓഹരി നിക്ഷേപത്തില്‍ താത്പര്യമുണ്ടാക്കിയത്. കുഞ്ഞുണ്ടായി 28-ാം ദിവസം അതിന് പാന്‍കാര്‍ഡ് എടുക്കുന്നവരാണ് മിക്കവാറും ഗുജറാത്തികള്‍.

കേരളത്തിലെ കുഞ്ഞുങ്ങളാകട്ടെ ജനിച്ച് രണ്ടാം ദിവസം തന്നെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സെറിലാക്, പാമ്പേഴ്‌സ് തുടങ്ങിയ മറുനാടന്‍ ബ്രാന്‍ഡുകളുടെ തൃപ്പാദങ്ങളില്‍ അടിമകിടത്തപ്പെടുന്നു. വലുതാകുന്തോറും ബ്രാന്‍ഡ് പേരുകള്‍ മാത്രം മാറുന്നു. ഗുജറാത്തികളും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ, ഇത്തരം പല ബഹുരാഷ്ട്ര കമ്പനികളുടെയും ഫാക്ടറികള്‍ ഗുജറാത്തില്‍ തന്നെയുണ്ട്. എന്നാല്‍ അതുമാത്രമല്ല കാര്യം, തങ്ങളെക്കൊണ്ട് നന്നാവുന്ന ഈ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ഒപ്പം തങ്ങളും നന്നാവണമെന്ന വിചാരവും ഗുജറാത്തികള്‍ക്കുണ്ട്.

തീറ്റി സാധനങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സിമന്റ് മുതല്‍ക്കുള്ള ബില്‍ഡിങ് മെറ്റീരിയല്‍സ്, വാച്ചുകള്‍, പേനകള്‍, തുണിത്തരങ്ങള്‍, ഓഫീസ്-വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍... ഇവയെല്ലാം വന്‍തോതില്‍ വിറ്റഴിയുന്ന സ്ഥലമാണ് നമ്മുടെ കൊച്ചു വലിയ കേരളം. ഇന്ത്യയുടെ ഉപഭോക്തൃ വിപണിയുടെ 12% ആണ് കേരളത്തിന്റെ വിഹിതമെന്ന് ജി.കെ.എസ്.എഫിനുള്ള ആശംസാ സന്ദേശത്തില്‍ നമ്മുടെ വ്യവസായ മന്ത്രി തന്നെ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെയും വിസ്തീര്‍ണത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയും മാത്രമാണ് കേരളത്തിന്റെ പങ്ക് എന്നറിയുമ്പോഴാണ് നമ്മുടെ കണ്‍സ്യൂമറിസത്തിന്റെ വലിപ്പം മനസ്സിലാവുക. ഇതാണ് 2008 ജനവരിയില്‍ പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ മുഖലേഖനത്തില്‍ കേരളത്തെ ഒരു 'ബ്രാന്‍ഡാലയം' എന്ന് വിളിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍, മറ്റൊരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം കൂടുതല്‍ വലുതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അത് ഇനിയും വലുതാവുക തന്നെ ചെയ്യും.

ഉദാഹരണത്തിന്, കൂടുതല്‍ കേരളീയര്‍ പ്രമേഹ രോഗികളാവും. കൂടുതല്‍ ഫാര്‍മ കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കാശുവാരും. പ്രമേഹ രോഗികള്‍ക്ക്, അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അത് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്ന് കരുതരുതെന്നു മാത്രം.

6 comments:

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ഒരു ആള്ക്കൂട്ടമനശ്ശാസ്ത്രത്തിന്റെ ഭാഗമാവാനേ എന്നിലെ മലയാളിക്ക് താല്പര്യമുള്ളു. എല്ലാവരും കൂടി നിൽക്കുന്നിടത്ത്, വായുഗുളികയ്ക്കുള്ള യാത്രയിലാണെങ്കിലും, ഒരു രണ്ടു മണിക്കൂറെങ്കിലും ചെലവഴിച്ച് സംഗതികളുടെ കിടപ്പ് ഒന്നു മനസ്സിലാക്കുക. പിന്നെ ചെല്ലുമ്പോൾ കട അടച്ചതായി കാണുന്നു.
''കിട്ടിയില്ല ചേട്ടാ... കടപൂട്ടിപ്പോയി. നാളെ വാങ്ങാം.''

നാളെയും, ഇന്നലെ കൂട്ടം കൂടിയിരുന്ന സ്ഥലത്ത് ഒന്നു നോക്കണം, അവിടെ പുതിയതായി വല്ലതുമുണ്ടോ എന്ന്.

Unknown said...

കാലികപ്രാധാന്യമുള്ള ലേഖനം. ജനിച്ചു വീണ കാലം തൊട്ടേ Pond's പൌഡറും,Lifbuoy സോപ്പും ഒക്കെ ശീലിച്ച നമ്മളുടെ പിതാമഹന്മാരെ പറ്റിച്ചു ശീലിച്ച അതേ കുത്തക മുതലാളിമാര്‍ തന്നെ ഇന്നും...ചോദ്യം ചെയ്യാന്‍ അറിവും കരുത്തുമുള്ള നമ്മള്‍ കൂടുതല്‍ brands ന്റെ പിറകെ പായുന്നു...ബരോട്ടയും, മൈതകൊണ്ടുള്ള പലഹാരങ്ങളും ക്രമം തെറ്റിയുള്ള ആഹാരശീലങ്ങളും, ഫാസ്റ്റ് ഫുഡ്‌ സംസ്കാരവുമെല്ലാം നമ്മെ രോഗിക ളാക്കുന്നു എന്നറിഞ്ഞിട്ടും കൂസലില്ല. അനുഭവിക്കുക തന്നെ!

ajith said...

ഓഹരിവിപണിയെ പേടിയും അറിവില്ലായ്മയും ആയിരിയ്ക്കാം കാരണങ്ങള്‍. ചിലപ്പോള്‍ വന്‍നഷടവും വരുമല്ലോ

ajith said...

നമ്മള്‍ വാങ്ങുന്നതില്‍ പല സാധനങ്ങളും ഇല്ലെങ്കിലും നമുക്ക് കുഴപ്പമില്ലാതെ ജീവിക്കാം. വിലക്കയറ്റം മൂലം ചില വാങ്ങലുകള്‍ ഒഴിവാക്കിയപ്പോല്‍ മനസ്സിലായ സത്യമാണ്!!

Rammohan Paliyath said...

ajith, i agree with you, as it's my experience too. also, we unnecessarily consume more volumes of these products, cosmetic products especially, too. try reducing the volumes you uses of toothpaste and shampoo for example and see the astonishing results.

ente lokam said...

നമുക്കു ഇനിയും ഇന്ഡ്യയില് സൗന്ദര്യ മത്സരങ്ങള
സംഘ ടിപ്പിക്കാം..

എല്ലാ വര്ഷവും സുന്ദരിപ്പട്ടം, മുല്ലപ്പൂ കൊണ്ട് പാന്റീസും
ബ്രസിയറും മാത്റം ഇട്ടു നില്ക്കുന്ന മലയാളി മങ്കക്കു കിട്ടട്ടെ.
അപ്പൊ നമ്മുടെ consumer state ഇന്ഡ്യയില് ഒന്നാമതു
ആവും...

ലോകത്തില ഏറ്റവും നല്ല കോസ്മെടിക് products consumption
സാദ്ധ്യത കണ്ണ് വെച്ചല്ലേ കുറെ വര്ഷങ്ങള്ക്ക് മുംബെ അടുപ്പിച്ചു സുന്ദരിപ്പട്ടം indiyakku കിട്ടാനു കുത്തക കമ്പനി മുതലാളിമാരു സമ്മര്ദ്ദം
ചെലുത്തിയത്.

അപ്പൊപ്പിന്നെ ഷെയറ വാങ്ങുക മാത്രം ആണ് നമ്മുടെ മാര്ഗം.ഈ അനാവശ്യ വാങ്ങല് കുത്തൊഴുക്കിൽ കട പുഴകി വീഴാതിരിക്കാന്.

Related Posts with Thumbnails