Monday, February 23, 2009

ഗീതാഭാഷ്യം അറബിയിൽ


പറ്റി, ഹറം പറ്റി. മുൻപൊരു പോസ്റ്റിൽ - ഇവിടെ - ചോദിച്ച ചോദ്യത്തിന് ഇതാ ഒരു രസികൻ ഉത്തരം - അബുദാബി സാംസ്കാരിക വകുപ്പിന്റെ വമ്പൻ പരിഭാഷാ സംരംഭമായ Kalima, ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

വിത്സനോട് ഈന്തപ്പനകൾ ചോദിച്ചത് ഓർമയുണ്ടല്ലോ - തുറിച്ചു നോക്കുന്നതെന്തിന്, വിവര്‍ത്തന ശേഷമുള്ള തെങ്ങുകളാണ് ഞങ്ങള്‍.

യാഹൂ മെസെഞ്ചറിലെ സ്മൈലികൾ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, പഴയ മാതൃഭൂമി കലണ്ടറിലെ വെളുത്ത വാവുകളാണ് ഞങ്ങൾ. എയർ ഹോസ്റ്റസ് ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, അതിരമ്പുഴ ഷാപ്പിൽ മീങ്കറി വിളമ്പിയ മല്ലികച്ചേച്ചി തന്നെ ഞാൻ, പിസക്കഷണങ്ങൾ തമിഴിൽ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, ഉഡുപ്പി ഹോട്ടലീന്നു കഴിച്ച ഊത്തപ്പത്തിന്റെ ഇറ്റാലിയൻ പരിഭാഷ തന്നെ ഞങ്ങൾ.

Thursday, February 19, 2009

മൈരുമക്കത്തായം വീണ്ടും


ഫ്രഞ്ച് നീതിന്യായമന്ത്രി ശ്രീമതി Rachida Dati (43) ഇക്കഴിഞ്ഞ ജനുവരി 2 വെള്ളിയാഴ്ച രാത്രി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ശ്രീമതി Dati വിവാഹിതയല്ല എന്നു മാത്രമല്ല കുഞ്ഞിന്റെ പിതാവാരാണെന്ന് പറയാന്‍ അവർക്ക് തല്‍ക്കാലം സൌകര്യവുമില്ല.

ഇതിനെ പാശ്ചാത്യ അധ:പതനം എന്ന് വിളിക്കുന്ന ആര്‍ഷഭാരതീയര്‍ അവരുടെ ചൂണ്ടുവിരലുകള്‍ തല്‍ക്കാലം വേറെ വല്ലതിനും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാരണം അര്‍ജുനമാതാ ശ്രീമതി കുന്തീദേവിയുടെ സിമിലര്‍ സിറ്റ്വേഷന്‍ മറക്കാറായിട്ടില്ല. ശ്രീമതി കുന്തീദേവി അവിഹിത സന്തതിയെ പ്രസവിച്ചയുടന്‍ തന്നെ ആരോരുമറിയാതെ ആറ്റിലൊഴുക്കി കളയുകയായിരുന്നു. ഫ്രഞ്ച് മന്ത്രിയുടെ ധീരതയെ ശ്രീമതി കുന്തീദേവിയുടെ ഭീരുത്വവുമായി താരതമ്യം ചെയ്യാന്‍ പോലും പാടില്ലാത്തതാണ്.

ആണുങ്ങള്‍ക്ക് അവിഹിത സന്തതിയുണ്ടാകുമ്പോള്‍ അതവരുടെ മിടുക്കായും പെണ്ണുങ്ങള്‍ക്കുണ്ടാകുമ്പോള്‍ 'അയ്യോ അവള്‍ പെഴച്ചു പെറ്റു' എന്ന് വിലപിയ്ക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടിന്റെ പുല്ലിംഗത്തിന്മേല്‍ കിട്ടിയ ഒരു ചുറ്റികയ്ക്കടിയായി ഇതിനെ കാണാമോ? അതോ പണവും അധികാരവുമാണ് സാമൂഹ്യനിതിയേയും സാംസ്ക്കാരിക നിലപാടുകളെയും നിര്‍ണയിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണോ ഇവിടെ തെളിഞ്ഞുവരുന്നത്?


അവിഹിത സന്തതികളെ നമ്മള്‍ ജാരസന്തതികള്‍ എന്നും തന്തയില്ലാത്തവര്‍ എന്നും വിളിക്കുന്നു. അതേസമയം ഇംഗ്ലീഷില്‍ ഇത്തരക്കാരെ വിളിക്കുന്നത് ലൌ ചില്‍ഡ്രന്‍ എന്നാണ്.

സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായത്തെ മരുമക്കത്തായം എന്നു വിളിച്ചതും നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ. പുരുഷാധികാര വ്യവസ്ഥയെ മക്കത്തായം എന്നു വിളിച്ച് മക്കള്‍ എന്ന സെന്റി സാധനത്തെ മുന്നില്‍ നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ പെണ്മേല്‍ക്കോയ്മയും ആണ്മേല്‍ക്കോയ്മയുമാണ് ഇവ രണ്ടും.

ഫ്രാന്‍സില്‍, നമുക്കറിയാം, ആണ്മേല്‍ക്കോയ്മയാണ് നടപ്പിലുള്ളത്. എന്നിട്ടും അധികാരവും സമ്പത്തും തീര്‍ത്ത വിള്ളലിലൂടെ പെണ്മേല്‍ക്കോയ്മ അകത്തുകടന്നു. രണ്ടിന്റേയും സന്തുലനമായിരിക്കും മാതൃകാലോകം. അത് സാധ്യാമാകാത്തിടത്തോളം കാലം ഇത്തരം 'അപ്സെറ്റുകള്‍' സംഭവിക്കും. ലോംഗ് റണ്ണില്‍ ഇന്നുള്ള കുടുംബവ്യവസ്ഥിതിയ്ക്കു തന്നെ ഇളക്കം തട്ടിയെന്നും വരും. ലൈംഗികതയേക്കാള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവുക സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥത തന്നെയായിരിക്കും. അഥവാ ലൈംഗികത തന്നെയും സ്വകാര്യഉടമസ്ഥതയുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

തലക്കെട്ടില്‍ തെറി വായിച്ചവരോട് ഒന്നേ പറയാനുള്ളു: അത് കോള്‍മയിരിലെ മയിരാണ്. മയിര്‍ എന്നാല്‍ [ഗുഹ്യപ്രദേശത്തെ] രോമമോ നിസാരവസ്തുവോ ആണെന്ന് ശബ്ദതാരാവലി. ഇവിടെ രോമം പോലെ നിസാരമാക്കി കാണാന്‍ ആഗ്രഹിക്കുന്നത് മക്കത്തായത്തെ. നിസാരമായിപ്പോയത് മക്കത്തായം. രണ്ടിനുമിടയില്‍ ഒരു സ്റ്റാന്‍ഡുണ്ടോ? ആണിനും പെണ്ണിനുമിടയില്‍, ചിങ്ങത്തിനും കന്നിയ്ക്കുമിടയില്‍, ഒരു തുലാം?


പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കുന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കുന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്? സ്ലീവ് ലെസ്സും ലിപ്സ്റ്റിക്കുമിടാനുള്ള തൊലിപ്പുറ സ്വാതന്ത്ര്യമോ? ലൈംഗിക സ്വാതന്ത്ര്യമുണ്ടോ? സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ? യഥാര്‍ത്ഥ സ്വാതന്ത്ര്യം?
Related Posts with Thumbnails