Showing posts with label പെരിയാര്‍. Show all posts
Showing posts with label പെരിയാര്‍. Show all posts

Sunday, June 15, 2008

ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും

മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്.

അരുത്, മഴയെപ്പറ്റി ഒരിക്കലും കാല്‍പ്പനികനാകരുത് എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും റേഷനരിച്ചോറുണ്ട് വളര്‍ന്ന സവര്‍ണബാല്യത്തില്‍ത്തന്നെ തലച്ചോററിയാതെ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. [ആ തീരുമാനത്തിന് അന്നനുഭവിച്ചിട്ടുള്ള വ്യാജവും നിര്‍മിതവുമായ മിഡ് ല്‍ ക്ലാസ് സ്നേഹപ്പട്ടിണിയുമായി ബന്ധമൊന്നുമില്ല]. നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ തലച്ചോറിന്റെ തീരുമാനവുമല്ല.

അമ്മയും അച്ഛനും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. അതുപോലെ തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം സ്കൂള്‍കൂട്ടുകാരുടേയും സ്ഥിതി - മിക്കവാറും എല്ലാവരും മിഡ്ല്‍ ക്ലാസ്. എങ്കിലും ആ 'മിക്കവാറു'മിന് പുറത്ത് ഒരു വലിയ ലോകമുണ്ടെന്ന് അന്നേ അറിഞ്ഞിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാത്തിലുമെല്ലാം മഴ മുറുകുമ്പോള്‍ തുരുത്തുകളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ ദിവസങ്ങളോളം ആബ്സെന്റായിരിക്കും. ചെറിയ പഴമ്പിള്ളിത്തുരുത്തുകാര്‍ക്ക് കടക്കാനുണ്ടായിരുന്ന ചെറിയ കടത്തില്‍പ്പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ വലിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കാര്യം പറയാനുണ്ടോ?

പാലിയം കടവ് എന്നറിയപ്പെടുന്ന ചെറിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കടവിലെ പുഴ, കെട്ടിയവന്റെ വീട്ടിലേയ്ക്ക് പെരിയാറിന് കൂട്ടുപോകുന്ന മെലിഞ്ഞ ഏഴാംക്ലാസുകാരി കസിനാണെങ്കില്‍, വലിയ പഴമ്പിള്ളിത്തുരുത്തിനും കരിപ്പായിക്കടവിനുമിടയില്‍ സാക്ഷാല്‍ പെരിയാറാണ്. [വലിയ പഴമ്പിള്ളിത്തുരുത്ത് - വിപി തുരുത്ത് - ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു. പെരിയാര്‍ കടലില്‍ ചേരുന്നതിന് വളരെയൊന്നും മുമ്പല്ലാതെയാണ് പെരിയാറിനെ രണ്ടാക്കിക്കൊണ്ടുള്ള വിപി തുരുത്തിന്റെ കിടപ്പ്]


ചമ്രവട്ടത്തേയ്ക്ക് കെട്ടിച്ചിരിക്കുന്ന ചേച്ചി, വയസ്സായ വിധവയേപ്പോലെ ഉണങ്ങുന്ന മേടത്തിലും, എത്രയോ കാലം കൂടി കാമഭ്രാന്തനായ കെട്ടിയവനെ കാണാന്‍ പോകുന്ന കാമഭ്രാന്തിയായ കെട്ടിയോളുടെ അപകടകരമായ പുളപ്പിനെ പുറംശാന്തത കൊണ്ട് മറയ്ക്കുന്നവളാണ് പെരിയാര്‍. എങ്കില്‍ ആറാന ചത്ത് ഒഴുകിപ്പോയാല്‍ മാത്രം ആഘോഷിച്ചിരുന്ന തോറാനപ്പെരുന്നാളിന്, തിരുവാതിര ഞാറ്റുവേലയ്ക്ക്, അവളുടെ കണ്ണില്‍ നോക്കാനോ കമന്റടിയ്ക്കാനോ അവള്‍ക്ക് കുറുകെ കടത്തുവഞ്ചി കുത്താനോ ധൈര്യമുള്ള ആണുങ്ങളുണ്ടോ? [കടത്തുവഞ്ചി 'തുഴയുകയോ? ച്ഛായ്, അത് മറ്റേ നിളയിലോ വല്ല പേട്ട കായലിലോ.

പൈങ്കിളിപ്പാട്ടുകാരാ, പെരിയാറിനെ വിട്ടുപിടി.]

എങ്കിലും തുരുത്തുകാരിലേറെയും ചെത്തുകാരുടെ മക്കളായിരുന്നു. അതുകൊണ്ട് അവരുടെ മഴക്കാല വറുതി ഏതാനും ആബ്സെന്റുകളില്‍ ഒതുങ്ങി. അതായിരുന്നില്ല ദിവസക്കൂലിപ്പണിക്കാരുടെ മക്കളുടെ സ്ഥിതി. കല്‍പ്പണിക്കാരുടെ മക്കള്‍, ആശാരിമാരുടെ മക്കള്‍, വാലമ്മാരുടെ മക്കള്‍ [അരയന്മാര്‍ കടലില്‍ മീന്‍പിടിക്കുന്നവരാണെങ്കില്‍ കായലിലും പുഴയിലും മീന്‍പിടിക്കുന്നവരാണ് വാലന്മാര്‍ എന്നാണ് അന്നും ഇന്നും ധരിച്ചുവെച്ചിരിക്കുന്നത്], ചുമട്ടുകാരുടെ മക്കള്‍, തലച്ചുമടായി സാധനങ്ങള്‍ വിറ്റു നടന്നിരുന്നവരുടെ മക്കള്‍ [ചെറുനാരങ്ങേയ്... എന്ന് ഒരീണത്തില്‍ നീട്ടിവിളിയ്ക്കുന്ന ഹമീദ്, ഡഡ്ഡി നിക്കറ് ഡഡ്ഡി നിക്കറ് എന്ന് നിര്‍ത്താതെ പാടിക്കൊണ്ടുപോകുന്ന പൊക്കം കുറഞ്ഞ ആ തടിയന്‍...], ചെറുകിട പീടികനടത്തിപ്പുകാരുടെ മക്കള്‍, കണ്ണി കിളയ്ക്കല്‍ വേലി കെട്ടല്‍ കൊളം വെട്ടല്‍ പുല്ലു പറിയ്ക്കല്‍ തുടങ്ങിയ പൊറമ്പണികള്‍ ചെയ്യുന്നവരുടെ മക്കള്‍... മഴക്കാലം അവരുടെയെല്ലാം വയറ്റത്തടിയ്ക്കുന്നത് ഓരോ തവണയും കണ്ടു. പിന്നീട് വരുന്ന ഒരു സീസണിനും കരകയറ്റാനാകാത്ത ആഴങ്ങളിലേയ്ക്ക് ഓരോ പേമാരിയും അവരെ കൊണ്ടുപോയി. ['പില്‍ക്കാലം' അവരില്‍ പലരെയും രക്ഷപ്പെടുത്തി. എങ്കിലും ഇറ്റുകഞ്ഞിത്തെളി കിട്ടാതെ വയറ്റിലെച്ചോരഞരമ്പ് പുകഞ്ഞ് അവര്‍ താണ്ടിയ കഷ്ടകാണ്ഠത്തിന്‍ കടുംകറ, ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് പകരുന്ന ശീതതീക്ഷ്ണമാം പെഗ്ഗുകള്‍ക്ക് മായ്ക്കാന്‍ കഴിയുമോ? പണക്കാരായാലും 'മുജ്ജന്മജീവിതം' ഏല്‍പ്പിച്ച കോമ്പ്ലക്സുകള്‍ മറ്റുള്ളവര്‍ക്ക് അളന്നും അളക്കാതെയും കൊടുത്ത് അവരില്‍ ചിലരെങ്കിലും ഇരകളായി തുടരുന്നു].

പിന്നീട് എറണാകുളം നഗരവാസിയായപ്പോഴും മഴയോട് കാല്‍പ്പനികത തോന്നിയില്ല. ദിവസക്കൂലിയ്ക്കായി കടലില്‍ പോകുന്നവരോട് ജോഗ്രഫിക്കലായി കൂടുതല്‍ അടുത്തതുകൊണ്ടാവാം, മാര്‍ക്കറ്റിലെ ചുമട്ടുകാരെയും ചെറുകിട കച്ചവടക്കാരെയും ഓട്ടോറിക്ഷ ഓടിയ്ക്കുന്ന അടുത്ത വീട്ടിലെ ചിന്നമ്മച്ചേച്ചിയേയും കണ്ടതുകൊണ്ടാവാം, നനഞ്ഞൊലിയ്ക്കുന്ന ചെറിയ ചേരിക്കുടിലുകള്‍ എറണാകുളത്തും കണ്ടതുകൊണ്ടാകാം [അലക്കിയിട്ട തുണികള്‍ ഉണങ്ങാത്തതുകൊണ്ടല്ല]... മഴക്കാലത്തു മാത്രം മനസ്സ് കമ്മ്യൂണിസ്റ്റായത്. [കറന്റുപോകുമ്പോള്‍ മാത്രം വിയര്‍ക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? അതുപോലെ മഴക്കാലത്തു മാത്രം, അതും മനസ്സുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റാകുന്നവരെപ്പറ്റി എന്തു പറഞ്ഞിട്ടെന്തിനാണ്?]

അതുകൊണ്ട് മഴക്കവിതകള്‍ വായിക്കാതെ തള്ളി. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഴഫീച്ചറുകള്‍ എന്നും ഓക്കാനമുണ്ടാക്കി. മഴയെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ മിടുക്കിനോട് ഒരു പിണ്ണാക്കും തോന്നിയില്ല. മഴപ്പുസ്തകം കണ്ടപ്പോള്‍ ചുണ്ടു കോട്ടി.

ഏങ്കിലും ഭൂമിയില്‍ ഇപ്പോള്‍ മഴക്കാലമായിരിക്കുമെന്നോര്‍ക്കുമ്പോള്‍ മഴയെ ഓര്‍ത്ത് ഇതാദ്യമായി കാല്‍പ്പനികനാകാന്‍ തോന്നുന്നു. അതോ ഉള്ളില്‍ ചാകാതെ കിടന്നിരുന്ന കപട പെറ്റിബൂര്‍ഷ്വാ തലയുയര്‍ത്തുന്നതോ?

ദുബായിലെ [ഓര്‍ക്കുന്നു - ദില്ലിയിലേയും] ജൂണ്‍ ജൂലായ്കള്‍ ചുട്ട് പൊരിയുമ്പോളാണ് കേരളം നനയുന്നത് എന്നതായിരിക്കണം ഇപ്പോളത്തെ ഈ ഇടയിളക്കത്തിന്റെ ഒരു കാരണം.

മറ്റൊന്ന് നൊമാദിന്റെ ‘ഒരുമിച്ച് നനയുമ്പോഴും തനിയെ’ എന്ന ഉള്ള് തൊടുന്ന കവിതയാണ്. അത് വായിക്കാന്‍ നൊമാദിന്റെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിയേയും കേള്‍ക്കാം. ടെക്നോളജിയുടെ കാലത്തെ കാവ്യസ്വാദനത്തിന്റെ സാധ്യതകള്‍ ആര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നു? ഒരു ഗിമ്മിക്കായി തോന്നാത്ത വിധവും അത് മാത്രമായി ഡോണ്‍ലോഡ് ചെയ്ത്, വോള്യം കൂട്ടിയിട്ട്, പുതപ്പില്‍ ചുരുണ്ടുകിടക്കാന്‍ തോന്നുംവിധവും ആ മഴ അത്രമേല്‍ സ്വാഭാവികം. [നൊമാദിന്റെ കവിതകള്‍ക്കൊന്നിനും ഇത്തരം താങ്ങുകളുടെ ആവശ്യമില്ലെന്നത് വേറെ കാര്യം].

തീര്‍ന്നില്ല. നൊമാദിന്റെ കവിത, സമാനഭാവങ്ങള്‍ എവിടെയൊക്കെയോ പങ്കുവെയ്ക്കുന്ന ഗണ്‍സ് ആന്‍ഡ് റോസസിന്റെ പ്രസിദ്ധമായ നവംബര്‍ റെയിന്‍ എന്ന കിടിലന്‍ ഗാനത്തെയും ഓര്‍മിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, എംടീവി ഇന്ത്യയില്‍ വന്ന കാലത്ത് കണ്ട അതിന്റെ ഗംഭീര വിഡിയോയും മറക്കുവതെങ്ങനെ? ഇതാ ലിങ്ക് - ഒരു കൊല്ലം മുമ്പ് മാത്രം അപ്.ലോഡ് ചെയ്തിരിക്കുന്ന ഈ വിഡിയോ ലിങ്ക് 1.6 കോടി തവണ ആളുകള്‍ കണ്ടുകഴിഞ്ഞു! ലിറിക്സ് ഇവിടെ.

എന്തായാലും മഴയുടെ അകാല്‍പ്പനികതയിലേയ്ക്ക് തിരിച്ച് എറിയപ്പെടാതെ വയ്യ. വൃഷണത്തിന് കുത്തിപ്പിടിയ്ക്കുന്ന തമിഴ് ദളിത് കവിതയുമായി അത് ചെയ്യുന്നത് ആതവന്‍ ദീക്ഷണ്യ. [തമിഴ് ദളിത് കവിതകളുടെ ഈ പരിഭാഷാഭാഗം എടുത്തുചേര്‍ക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്. പരിഭാഷകര്‍ എന്‍. ഡി. രാജ് കുമാറും എന്റെ പഴയ ചങ്ങാതിമാരിലൊരാള്‍ കൂടിയായ കെ. എന്‍. ഷാജിയും]


“താമസിക്കാന്‍ വീടും തിന്നാന്‍ ചോറുമുണ്ടെങ്കില്‍
സൌകര്യമായിരുന്ന് എഴുതാം ഇല്ലേടാ # * @ ?
ഒന്നോര്‍ത്തോ -
മഴയെപ്പോഴും ജനാലയ്ക്കു പുറത്താണ് നിനക്ക്
ഞങ്ങള്‍ക്കത്
സ്വന്തം വയറ്റിപ്പിഴപ്പിനു മീതെയും!”

Tuesday, October 30, 2007

ബലാത്സംഗം - ഒരാകാശച്ചിത്രം



പെരിയാറിനെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന ഒരു സങ്കടം കാട്ടിത്തരാം. വെമ്പനാട്ട് കായലിലേയ്ക്ക് പോകുന്ന പെരിയാറിന്റെ രണ്ട് കൈവഴികള്‍ ചേരുന്നിടത്ത് വിചിത്രമായ ഒരു കടത്തുണ്ടായിരുന്നു - രണ്ട് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന മൂന്ന് കടവുകള്‍. ഏലൂര്‍, ചേരാനെല്ലൂര്‍, വരാപ്പുഴ എന്നിവയാണ് കടവുകള്‍. വരാപ്പുഴ പാലം വന്നപ്പോള്‍ ചേരാനെല്ലൂര്ന്ന് വരാപ്പുഴയ്ക്കുള്ള ഫെറി അപ്രസക്തമായി. അടുത്ത കാലം വരെ മൂന്ന് കടവുകള്‍ക്കിടയില്‍ ചുറ്റിക്കൊണ്ടിരിക്കുന്ന രണ്ട് ബോട്ടുകളായിരുന്നു തിരക്കേറിയ ഈ ത്രികോണഫെറിയില്‍. ഇപ്പോളത് ഏലൂര്‍-വരാപ്പുഴ ഫെറിയും വരാപ്പുഴ-ഏലൂര്‍ ഫെറിയുമായി. കടവുകള്‍ മൂന്നു തന്നെ, പക്ഷേ കടത്ത് മൂന്നിനേയും ബന്ധിപ്പിക്കുന്നില്ല. ഇതാ ആ കടവിന്റെ ഗൂഗ്ഗ് ള്‍ എര്‍ത്ത് ചിത്രം. കുറേ നാള്‍ മുമ്പ് എടുത്തതാണ്. ഇടത്ത് കാണുന്നത് വരാപ്പുഴക്കര. വലത്തേപ്പുഴയുടെ മുകളില്‍ ഏലൂര്‍, താഴെ ചേരാനെല്ലൂര്‍. (എന്റെ ചേരാനെല്ലൂര്‍ കര്‍ത്താവേ എന്ന് മാധവന്‍ ഒരു എറണാകുളം കഥയില്‍. ചേരാനെല്ലൂര്‍ കര്‍ത്താക്കന്മാര്‍ക്കായിരുന്നു പണ്ട് എറണാകുളം നഗരഭരണം). വെളുത്ത വര ഇടപ്പള്ളീന്ന് മംഗലാപുരം വരെ (തിരിച്ചും!) പോകുന്ന തീരദേശ ഹൈവേ - എന്നെച്ച് 17. (ഗൂഗ് ള്‍ എര്‍ത്തില്‍ verapoli എന്ന വരാപ്പുഴ മാര്‍ക്ക് ചെയ്തിരിക്കുന്നത് ഏലൂരിന്റെ മേല്‍. അത് തെറ്റാണ്).

വലത്തേപ്പുഴയിലൂടെ മാലിന്യം കലരുന്നത് കണ്ടോ? ഫാക്റ്റ്, ടിസിസി, എച്ചൈയെല്‍ തുടങ്ങിയ കമ്പനികള്‍ തുപ്പുന്ന വിഷമാണ് ഈ നിറമാറ്റത്തിന് കാരണം. അറിയാമോ, രണ്ട് നൈലുണ്ട് - നീല നൈലും വെള്ള നൈലും. രണ്ടും ചേരുന്നത് സുഡാന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച്. പിന്നെയാണ് ഈജിപ്തിലോട്ട് കടക്കുന്നത് (നൈല്‍ നദിയുടെ ദാനം - ഓര്‍മയില്ലെ പഠിച്ചത്). ചേര്‍ന്നിട്ടും കുറേ നേരം പുഴയില്‍ നീലയുടെ അംശമുണ്ട്. അതുപോലെയാണ് ഇവിടെയും. ഇത് അവസാനം ഹൈക്കോടതിയുടെ സൈഡീക്കൂടെ ചെന്ന് വെമ്പനാട്ട് കായലിലും ഉടന്‍ തന്നെ കടലിലും ചേരുന്നു. അതുകൊണ്ട് ഈ മാലിന്യം അറബിക്കടലില്‍ എവിടന്ന് പിടിക്കുന്ന മത്തി തിന്നുന്ന എല്ലാര്‍ക്കും ബാധകം. ഓട്ടുകമ്പനി വേണ്ടായേ, കവിത മതിയേ...

Tuesday, October 16, 2007

മേല്‍ക്കൂരയും ഒരു മഹാകാവ്യം


ഏരിയല്‍ ഡിസ്റ്റന്‍സ് നോക്കിയാലും (വിക്കിമാപ്പിയ പ്രകാരം ഏതാണ്ട് 8 കിമീ) ബോട്ടുമാര്‍ഗം നോക്കിയാലും എന്റെ നാട്ടില്‍ നിന്ന് (കുട്ടിക്കാലത്ത് നമ്മളുണ്ടായിരുന്ന സ്ഥലമല്ലേ എന്നായാലും എവിടെപ്പോയാലും നമ്മുടെ നാട്!) അധികമൊന്നും അകലെയല്ലാതെ കിടക്കുന്ന രണ്ട് അയല്‍ഗ്രാമങ്ങളാണ് കുണ്ടൂരും കുഴൂരും. പഴയ, വലിയ നായര്‍ സെറ്റില്‍മെന്റുകള്‍ എന്ന നിലയില്‍ ഈ നാടുകള്‍ക്ക് ചേന്ദമംഗലത്തുകാരുമായി ഒരുപാട് ബന്ധങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞാനിതേവരെ കുണ്ടൂരും കുഴൂരും പോയിട്ടില്ല. കൊടകര കാര്‍ത്തിക എന്ന് വിശാലന്‍ എഴുതുമ്മുമ്പേ കേട്ടിട്ടുള്ള പോലെ കുഴൂര്‍ ഷഷ്ഠി എന്നും കുഞ്ഞിലേ കേട്ടിരുന്നു (വിത്സന്റെ കവിത പിന്നീട് വായിച്ചപ്പോള്‍ മനസ്സാടിയ കാവടിയ്ക്ക് രണ്ടു നിലയുണ്ടായിരുന്നത് അതുകൊണ്ടാണ്). കുഴൂര്‍ നാരായണമാരാരുടെ തിമിലയും കുട്ടിക്കാലം മുതലേ കേട്ടിരുന്നു/കണ്ടിരുന്നു. (കുറുമാലിപ്പുഴയ്ക്ക് തെക്കുള്ള കൊച്ചിയിലെ സവര്‍ണഹിന്ദുക്കള്‍ക്ക് ശരീരബലം കുറവായതുകൊണ്ടാവുമോ അവരധികവും - അന്നമനട അച്യുതമാരാര്‍, കുഴൂരാശാന്‍, ചോറ്റാനിക്കരക്കാര്‍ - തിമിലക്കാരായത്? കുറുമാലിപ്പുഴയ്ക്ക് വടക്കുള്ള വടക്കന്‍ കൊച്ചിയിലും തെക്കന്‍ മലബാറിലുമുള്ള പഞ്ചവാദ്യക്കാരിലധികവും - കുളമംഗത്ത് നാരായണന്‍ നാ‍യര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി മുതല്‍ തൃക്കൂര്‍ രാജന്‍ വരെയുള്ളവര്‍ - മദ്ദളക്കാരായത് അപ്രദേശങ്ങളിലെ അരോഗദൃഡഗാത്രതകള്‍ കൊണ്ടുമാവുമോ?)

എന്തുകൊണ്ടാണെന്നറിയില്ല, കുഴൂരെയും കുണ്ടൂരെയും ഇടവഴികള്‍ കുട്ടിക്കാലത്തേ മനസ്സില്‍ വിചാരിച്ചിരുന്നു. ഇറച്ചിവെട്ട് പാരമ്പര്യമുള്ള കുഴൂര്‍ വിത്സണ്‍ എന്നൊരു നസ്രാണിച്ചെക്കനെ പരിചയപ്പെടുവാനായിരുന്നു അതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

കുമാരനാശാനും കുഴൂര്‍ വിത്സണും ഒരിക്കലും ഒരുപോലെയാവുകയില്ലെന്ന് ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ വെറുമൊരു പ്രാസബലി എന്നതിനപ്പുറം ആദ്യം വിശേഷിച്ചൊന്നും തോന്നിയില്ല. എന്നാല്‍ വിത്സണതു വായിച്ച് കുറേ ചിരിച്ചു. അങ്ങനെ താരതമ്യം ചെയ്യാന്‍ പോലും പാടുണ്ടോ, എന്തൊരു വിവരക്കേട്, വിത്സണ്‍ പരിഹസിച്ചു.

കുമാരനാശാന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യത്തെ മലയാളം ബ്ലോഗ് കുമാരനാശാന്റേതാവുമായിരുന്നേനെ എന്നാണ് എനിക്കെഴുതാന്‍ തോന്നുന്നത്. ബ്ലോഗ് ഒരു മാധ്യമമാണ്. ഏതെങ്കിലും വളിപ്പന്മാര്‍ അത് വളിപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റമല്ല. കുമാരനാശാന് മുമ്പും പിമ്പും എത്ര പീറക്കവികളുണ്ടായി? എത്ര തറക്കവിതകള്‍ അച്ചടിച്ച് പുസ്തകമായി? ഇതിനിടയില്‍ ബഷീര്‍ എന്നൊരു എഴുത്തുകാരന്‍ തന്റെ കൃതികള്‍ താന്‍ തന്നെ പൈസ ചെലവാക്കി അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടുനടന്നു വിറ്റപ്പോള്‍ അതില്‍ ഒന്നിന്റെയെങ്കിലും മഹത്വം കുറഞ്ഞുപോയോ? ആരെഴുതുന്നതും വായിപ്പിക്കാന്‍ തന്നെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. വസന്തകാലം വരുമ്പോ കാക്ക കാക്കയും കുയില്‍ കുയിലുമായിക്കോളും. ബ്ലോഗെഴുത്തുകാര്‍ (വിഷപ്പാമ്പുകളും വാസുകിമാരും അനന്തപത്മനാഭന്മാരും ഞാഞ്ഞൂളുകളും അടക്കം) കടലാസ് വെയിസ്റ്റാക്കുന്നില്ല എന്നൊരു പുണ്യം ചെയ്യുന്നതും കണക്കിലെടുക്കണം.

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച എഴുത്തുകാരന്‍ വാത്മീകിയാണെന്ന് ഒരു ലിസ്റ്റ് വായിച്ചതോര്‍ക്കുന്നു. വാത്മീകി ആദികവിയായിരുന്നുവെന്നോര്‍ക്കണം. കവിത്വവും വായനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. അതായത് ഏതെങ്കിലും ഒരു മുന്‍ഗാമിക്കവിയുടെ ഒരൊറ്റ വരിപോലും വായിക്കാതെയാണ് വാത്മീകി രാമായണം പാടിയത്. (അതുകൊണ്ട് ആ മറ്റേ പയ്യന്റെ കവിത പോരെന്നു വെച്ച് അവനോടിനി വൈലോപ്പിള്ളീനെ വായിച്ചിട്ടെഴുതിയാമതി എന്നു പറയല്ല്. വൈ?) കവിത്വം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞല്ലേ വന്നത്? (ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം). ഇനി ഇതിനൊരു മാറ്റമുണ്ടാകുമോയെന്നൊന്നും പ്രവചിക്കാന്‍ പറ്റുകില്ല. കുഴൂര്‍ വിത്സണ് ഒരു ദിവസം കുമാരനാശാനെയല്ല വാത്മീകിയെപ്പോലും അതിശയിക്കാന്‍ കഴിയില്ലെന്നാരു കണ്ടു? ഫോര്‍ ദാറ്റ് മാറ്റര്‍, കുഴൂര്‍ വിത്സണല്ല, ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയ ഏതൊരു മലയാളിക്കും? അയാള്‍ ബ്ലോഗിയായാലെന്ത്, പരാജയപ്പെട്ട് പരിപ്പെല്ലാം തീര്‍ന്നെന്നു കരുതി ജീവിക്കുന്ന കോമ്പ്ലക്സുകാരന്‍ അനോനിയായാലെന്ത്? കുഴൂര്‍ വിത്സണ് കുമാരനാശാനെ അതിശയിക്കാന്‍ കഴിയുകില്ലായിരിക്കാം. ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലത്തിന്റെ തടവുകാരനാണ്. വിത്സണാണെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥലത്തിന്റെ കൂടിയും. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും. അവര്‍ കുറച്ചുകാലമോ കൂടുതല്‍ കാലമോ ബ്ലോഗിയാലെന്ത്?

അതൊന്നുമല്ല എനിക്ക് വിത്സണോട് പറയാനുള്ളത്. (അല്ലെങ്കിലും ആശാനെപ്പോലെയോ അതിലും മികച്ചതോ ആയ കവിത എഴുതാന്‍ ആര്‍ക്കെങ്കിലും വിത്സണോട് ആവശ്യപ്പെടാന്‍ പറ്റുമോ? വിത്സണ്‍ സ്വയം ആഗ്രഹിച്ചാല്‍പ്പോലും അത് സാധിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും? നമുക്കെല്ലാര്‍ക്കുമറിയാം അത് ആര്‍ക്കുമറിയാത്ത രഹസ്യമാണെന്ന് - കവിതയുടെ രഹസ്യം).

വിത്സണേയും കുമാരനാശാനെയും തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് കുമാരനാശാന്റെ ഓട്ടുകമ്പനിയെപ്പറ്റിയാണ്. കവികളുടെ ആധിക്യം എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. ഒരു കവിതാസമാഹാരം കവികള്‍ മാത്രം വാങ്ങിയാല്‍ത്തന്നെ അഞ്ചാറ് പതിപ്പ് വിറ്റു തീരാന്‍ മാത്രം കവിസംഖ്യയുള്ള ഭാഷയാണ് മലയാളം. നല്ല നാല് വരി കവിതയെഴുതിയിട്ടില്ലെങ്കിലും കവിജീവിതം ജീവിച്ചു തീര്‍ക്കുന്നവരും ധാരാളം. എ. അയ്യപ്പനെപ്പറ്റി മറ്റു ചിലര് എഴുതിയ കവിതകള്‍ അങ്ങേരുടെ മറ്റെല്ലാ കവിതകളേക്കാളും മികച്ചതാണെന്നാണ് അനുഭവം. ഇതില്‍ പരിഹാസമൊന്നുമില്ല. എല്ലാം ഓരോരുത്തന്റെ ഇഷ്ടം, വിധി. എങ്കിലും വിത്സണോട് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുകേലല്ലൊ.

കവിതാരംഗത്തും മറ്റും കുറച്ചെങ്കിലും സാധ്യമായ പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടത്തിന്റെ കാര്യം. സൌഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി കുമാരനാശാന്‍ ഉണ്ടാക്കി വിറ്റാല്‍പ്പോലും. സ്വന്തം നാടായ കൊല്ലത്തുനിന്നും വളരെ അകലെ, കുഴൂരിനും കുണ്ടൂരിനും ചേന്ദമംഗലത്തിനും താരതമ്യേന അടുത്ത്, പെരിയാറിന്റെ തീരത്ത്, ചെങ്ങമനാട്ടായിരുന്നു കുമാരനാശാന്റെ ഓട്ടുകമ്പനി. അന്നത്തെ കാലത്തെ കേരളത്തിലെ വ്യവസായ പുരോഗതി നോക്കുമ്പോ താരതമ്യേന മോഡേണായ ഒരു വ്യവസായം. ചുള്ളിക്കാട് ഒരിക്കല്‍ ആരോപിച്ചതുപോലെ കുമാരനാശാന്‍ മദ്രാസില്‍പ്പോയി വെയിത്സ് രാജകുമാരന്റെ കയ്യീന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ജീവിതമോ, കല്യാണമെ‍ല്ലാം കഴിച്ചെങ്കിലും ആള്‍മോസ്റ്റ് ഒരു സന്യാസിയുടെ കണക്കായിരുന്നു താനും. വെജിറ്റേറിയന്‍, പുലര്‍ച്ചെ ഉണരല്‍, കുളി... അങ്ങനെ എല്ലാംകൊണ്ടും അച്ചടക്കമുള്ള ജീവിതം. കവിത എഴുതണേല്‍ കള്ളു കുടിക്കണം, കടത്തിണ്ണയില്‍ കിടക്കണം, അരാജകത്വം വേണം... ഇങ്ങനെയുള്ളതെല്ലാം ഡിസ്പ്രൂവ് ചെയ്തയാള്‍. ആ ആള്‍ എഴുതിയ കവിതയോ, മണ്ണില്‍ കാലുകള്‍ ഉറപ്പിയ്ക്കെത്തന്നെ നക്ഷത്രങ്ങളെ തൊടുന്നതും. അങ്ങനെ കവിതയെഴുതിയ ഒരാളാണ് അന്നത്തെ കാലത്ത് പുതുമയും ഡിമാന്‍ഡുമുണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി നടത്തിയത്. (ആ ഓട്ടുകമ്പനിയുടെ കണക്കുനോക്കാന്‍ കൊല്ലത്തു നിന്ന് ചെങ്ങമനാട്ടേയ്ക്ക് പോകുമ്പോഴുള്ള ബോട്ടുയാത്രയിലായിരുന്നു അന്ത്യവും എന്നോണോര്‍മ). കവിത്രയത്തിലെ മറ്റു രണ്ടു പേര്‍ മഹാകാവ്യങ്ങളെഴുതി മഹാകവികളായപ്പോള്‍ (ഉള്ളൂര്‍ - ഉമാകേരളം, വള്ളത്തോള്‍ - ചിത്രയോഗം) മഹാകാവ്യമെഴുതാതെ മഹാകവിയായ ആ‍ളാണ് ആ‍ശാന്‍ എന്നാണ് വെപ്പ്. എന്നാല്‍ അദ്ദേഹം കാരണഭൂതനായ മേല്‍ക്കൂരകളുടെ കണക്കില്‍ അനേകം മഹാകാവ്യങ്ങളെഴുതിയ മഹാകവി തന്നെ ആ‍ശാന്‍ എന്നും പറയാം.

മൂന്നാംകിട സീരിയലില്‍ അഭിനയിക്കുന്നതിനേക്കാളും മൂന്നാംകിട കവിത എഴുതുന്നതിനേക്കാളുമെല്ലാം പ്രധാനമാണ് ഒരു മൂന്നാംകിട കച്ചവടം നടത്തുന്നത് (കവിതകളും എഴുതുന്ന നമ്മുടെ ചില പരിചയക്കാര്‍ ചെയ്യുന്നതുപൊലെ, മീന്‍, പച്ചക്കറി എന്നിവയുടെ കച്ചവടങ്ങളും ഇങ്ക്ലൂഡിംഗ്). പിന്നെ അതിനൊക്കെയുള്ള കഴിവേ ഉള്ളെങ്കില്‍ അത് സമ്മതിക്കണം. ഒന്നാംകിടയായി വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഒന്നാംകിടയായി കവിത എഴുതുന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ കാലഘട്ടത്തില്‍ ഒന്നാംകിടയായി ഇറച്ചിവെട്ടാന്‍. അതിനേക്കാളൊക്കെ പ്രധാനമാണ് ഓട്ടുകമ്പനി പോലൊരു വ്യവസായം നടത്തല്‍. മണി മേയ്ക്കിംഗല്ല മോനെ വെല്‍ത്ത് ക്രിയേഷന്‍. അതിനിച്ചിരെ പുളിക്കും. പുസ്തകം ചെതെലെടുത്തുപോം. മരക്കൂടും ചെതലെടുത്തുപോം. ഓട് വെല്‍ത്താണ്. അതിറക്കി പൂപ്പല്‍ കളഞ്ഞ് കഴുകിയുണക്കി വിണ്ടും പുതിയ കൂട്ടുമ്മെ കേറ്റാം. അതിനു താഴെ തലമുറകള്‍ക്ക് കിടന്നുറങ്ങാം, ആഘോഷിക്കാം, വഴക്കടിക്കാം, കുത്തിക്കൊല്ലാം. അതങ്ങനെ നില്‍ക്കും. (ഇടയ്ക്കൊന്നു രണ്ടെണ്ണം വീണ് പൊട്ടിയെന്നുമിരിക്കും. അപ്പോ പ്രതിഭയുണ്ടേല്‍ വീണഓട് എന്നൊരു കവിതയുമെഴുതാം).

അതുകൊണ്ട് കുഴൂര്‍ വിത്സണ്‍ന്റെ അടുത്ത കവിതാസമാഹാരം പരിചയപ്പെടുത്തുന്നതിനേക്കാള്‍ എനിക്ക് സന്തോഷം അയാള്‍ തുടങ്ങിയേക്കാവുന്ന മീറ്റ് പ്രോസസിംഗ് കമ്പനിയുടെ ബ്രാന്‍ഡഡ് പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് സെറിമണി, തിരക്കില്‍ പിന്നില്‍ നിന്നു കാണുന്നതാണ്. നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?
Related Posts with Thumbnails