Showing posts with label ജനാധിപത്യം. Show all posts
Showing posts with label ജനാധിപത്യം. Show all posts

Saturday, October 15, 2011

നിന്റെ തന്തയും അനോനിയാണോടാ?


ബ്ലോഗിംഗ് തുടങ്ങിയ കാലം മുതല്‍ ഹാര്‍ട്ട്ബേണ്‍സ് തന്നിരുന്ന വര്‍ഗമായിരുന്നു അനോനികള്‍. വിശേഷിച്ചും ‘മുലയെന്നു കേള്‍ക്കുമ്പോള്‍’ എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഒരുപാട് അനോനീസ് രംഗത്തു വന്ന് തെറിയഭിഷേകം നടത്തി. അതോടെ ഈ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ തുടങ്ങി. റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ജനറേഷനില്‍പ്പെട്ടവര്‍ക്ക് ഒരു കാര്യം ചിലപ്പോള്‍ പുതുമയായിരിക്കും - റേഷന്‍ കടയില്‍ ഒരു ദിവസം ഒരു കാര്‍ഡില്‍ ഒരു പ്രാവശ്യമേ സാധനങ്ങള്‍ വാങ്ങാന്‍ പറ്റുകയുള്ളു. [ഞങ്ങടെ ചേന്നമംഗലം ഭാഷേപ്പറഞ്ഞാ ഒരു പ്രാവശ്യേ ‘പതിപ്പിക്കുള്ളു’].

മോഡറേഷന്‍ കടയിലും മറ്റൊരു തരത്തിലുള്ള പരിമതിയുണ്ട് - ബ്ലോഗിന്റെ ഉടമസ്ഥന്‍ വായിച്ച് അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ വെബ്ലിച്ചം കാണുകയുള്ളൂ. മോഡറേഷന്‍ ഒരു ബോറന്‍ ഏര്‍പ്പാടാണ്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഭവിച്ചിട്ടുണ്ട്. [രണ്ടു മൂന്നു വര്‍ഷം മുമ്പത്തെ ഒരുപാട് പോസ്റ്റുകളില്‍ ഈ പരിഭവങ്ങള്‍ വായിക്കാം]. എന്നിട്ടും ഇപ്പോഴും മോഡറേഷന്‍ അവസാനിപ്പിച്ചിട്ടില്ല. 

അനോനീസില്‍ പലരും നമുക്ക് അടുത്തറിയാവുന്നരായിരിക്കും. നേരെ വന്ന് തെറി പറയാന്‍ ധൈര്യമില്ലാത്തവര്‍. ഇനി നേരെ വന്ന് പറഞ്ഞാലും ചിലപ്പോള്‍ നമുക്ക് നല്ല സ്പിരിറ്റില്‍ എടുക്കാന്‍ അറിയില്ല എന്നു വിചാരിച്ച് ഹൃദയവിശാലതയോടെ അനോനികളാവുന്നവരുമുണ്ട്. 

ചില നല്ല അനോനികളുമുണ്ട്. വിമര്‍ശനം നേരെ വന്ന് നടത്തും, പ്രശംസിക്കാന്‍ അനോനിയായി വരും. 

അനോനികള്‍ക്കെതിരെ ഏറ്റവുമധികം പോരാടിയിട്ടുള്ള ഒരാള്‍ നിഷാദ് കൈപ്പള്ളിയാണ്.

ഏത് അനോനിയേയും പൊക്കാന്‍ ടെക്നോളജിക്ക് പറ്റും. 

മൈക്രോബ്ലോഗിംഗും കൂടുതല്‍ ജനാധിപത്യസ്വഭാവമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്ന സോഷ്യല്‍ മീഡിയയിലെ പുതിയ അവതാരങ്ങളും വന്നപ്പോള്‍ ബ്ലോഗിംഗിന്റെ പോപ്പുലാരിറ്റി ഇല്ലാതായി. അനോനികളുടെ വിലസല്‍ ഇപ്പോള്‍ അത്തരം ഇടങ്ങളിലാണ്. മറ്റേതൊരു മാധ്യമത്തേക്കാളും അനോനികള്‍ക്ക് സ്കോപ്പുള്ള ഫീല്‍ഡാണ് ഓണ്‍ലൈന്‍. പണ്ടുകാലത്തെ  ഊമക്കത്തുകള്‍ക്കു പകരം ഇക്കാലത്ത് ഊമെയിലാണെന്ന വ്യത്യാസമേയുള്ളു.

അനോനികളുടെ നല്ല വശത്തെപ്പറ്റി പറഞ്ഞു തന്നത് ജിഷി സാമുവലാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയന്റാണ് അനോനീസ് എന്നാണ് ജിഷി പറഞ്ഞത്. രഹസ്യബാലറ്റാണല്ലൊ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഭയം കൂടാതെ വോട്ടു ചെയ്യണമെങ്കില്‍ രഹസ്യസ്വഭാവം വേണം.  അനോനികളെ ആ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി എന്നാണ് ജിഷി പഠിപ്പിക്കാന്‍ ശ്രമിച്ചത്.

എങ്കിലും ചിലപ്പോള്‍ ഇപ്പോഴും ആ ചോദ്യം ചോദിക്കാന്‍ തോന്നും. ജനാധിപത്യം എളുപ്പമല്ല അല്ലേ?

Thursday, April 16, 2009

വൃഷണങ്ങളുടെ ഓർമയ്ക്ക്


പടക്കം പൊട്ടിയ്ക്കാതെ ഒരു വിഷു കൂടി.
വോട്ടു ചെയ്യാതെ ഒരു ഇലക്ഷൻ കൂടി.

Monday, December 15, 2008

ഷൂ കൊണ്ട് വോട്ടു ചെയ്യാവുന്ന ഡെമോക്രസി


ബുഷ് ഇറാ‍ക്കിൽ ഒരു പത്രസമ്മേളനം നടത്തുമ്പോൾ അവിടത്തെ സെക്യൂരിറ്റി ഊഹിക്കാവുന്നതേയുള്ളു. പത്രക്കാരായിരിക്കില്ല, അമേരിക്കൻ പട്ടാളക്കാര് സ്വലേ വേഷം കെട്ടിയതായിരിക്കും അധികവും. ഇനി അഥവാ ഒരു റിയൽ പത്രലേഖകനെ അകത്തുവിടുകയാണെങ്കിൽ അവന്റെ വൻകുടലിലിരിയ്ക്കുന്ന കടുകുകളുടെ എണ്ണവും അവന്റെ മുൻകാല ലേഖനങ്ങളുമെല്ലാം അരിച്ചുപെറുക്കിയേട്ടെ അവനെ അകത്തു കയറ്റൂ. അവന്മാരുടെയൊക്കെ അലിജീയൻസ് ക്ലിയറാണെന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള ഒരു മോക്ക് ഡ്രില്ലായിരിക്കും മിക്കവാറും അരങ്ങേറുക.

അതേസമയം ബുഷിപ്പോൾ ഇലക്ഷനു നിന്നാൽ, അമേരിക്കയിലാണേല്‍പ്പോലും [കണ്ടത്തിൽക്കാർക്ക് വോട്ടുള്ള വാർഡിലൊഴിച്ച് എവിടെ നിന്നാലും] ആകെ ഒരു വോട്ടേ കിട്ടൂ. ഇനി അഥവാ രണ്ടെണ്ണമെങ്ങാൻ കിട്ടിയാലോ - ഫലമറിഞ്ഞയുടൻ ലാറച്ചേച്ചി അതിയാന്റെ കഴുത്തിനു പിടിച്ച് ഇങ്ങനെ ചോദിക്കും: "ങ്ഹാ, നിങ്ങൾക്കും ആയല്ലെ ഒരു മോണിക്ക. അവളേത്? ഇപ്പം പറയണം അവൾടെ പേര്?"

ബുഷിന്റെ കാര്യങ്ങൾ ഇങ്ങനെ പൊറ്റെക്കാട് പറഞ്ഞപോലെ വെഷമസ്ഥിതിയായിട്ടും നമ്മുടെ മന്മോഹൻ സിംഗ് ആണവക്കരാർ ഒപ്പിടാൻ പോയപ്പോൾ ബുഷിനോട് പറഞ്ഞതെന്താണെന്നോർമയുണ്ടോ? ഇന്ത്യയിലെ ജനങ്ങൾ ബുഷിനെ സ്നേഹിക്കുന്നുണ്ടത്രെ. ഏത് ജനം? അത് പറയാൻ ആരാണ് മന്മോഹൻസിംഗിന് മാൻഡേറ്റ് കൊടുത്തത്? നിഷ്കളങ്കരെ കൊല്ലുന്നതാണ് ഭീകരവാദം എങ്കിൽ ബുഷല്ലെ ഒന്നാം നമ്പർ ടെററിസ്റ്റ്? വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനുണ്ടെന്ന് കള്ളം പറഞ്ഞ് ഇറാക്കിനോട് യുദ്ധം ചെയ്തപ്പോൾ എത്ര നിഷ്കളങ്കർ ചത്തുകാണും?

ബുഷിനെ ഷൂവെറിഞ്ഞ ആ ജേർണലിസ്റ്റും ഒരു കാൽ നക്കി ജേർണലിസ്റ്റായിരിക്കണം. അതാണല്ലൊ ആ വാർത്താ സമ്മേളനത്തിന് അയാൾക്ക് എണ്ട്രി കിട്ടിയത്. പക്ഷേ ചില നിമിഷങ്ങളിൽ മനുഷ്യർക്ക് നട്ടെല്ല് മുളയ്ക്കും. നമ്മുടെ രക്തം യഥാർത്ഥ നമ്മൾക്ക് 'നമ്മളെ' ഒറ്റിക്കൊടുക്കും. ചരിത്രം നമ്മെ ഒരു നിമിഷം ഭ്രാന്തുപിടിപ്പിയ്ക്കും.ആ ഒരു നിമിഷം നമ്മുടെ ഊച്ചാ‍ളി കൈയുടെ പിടി വിട്ട് നമ്മൾ യഥാർത്ഥ നമ്മളാവും.

വി. എസ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചില അപ്പൊളിറ്റിക്കൽ എന്നാറി അച്ചായന്മാർ, വീയെസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതകളുടെ ലിസ്റ്റ് പവർപ്പോയന്റാക്കി ഫോർവേഡ് ചെയ്ത് പരിഹസിച്ചത് ഓർക്കുമല്ലൊ. ഈ മന്മോഹനെപ്പോലെ ഹാർവാഡ് എംബീയെ ഉണ്ടായിട്ടെന്തുകാര്യം? അങ്ങേരുടേതാണ് കെങ്കേമം സീവി എന്നും പറഞ്ഞ് വേറെ കുറേ അപ്പൊളിറ്റിക്കൽ പ്രഭൃതികൾ അതും ഫോർവേഡി കളിച്ചു.

ഒരാളുടെ വിദ്യാഭ്യാസയോഗ്യത എന്നു പറയുന്നത് അയാളുടെ വീട്ടിലെ കാശിന്റെ ബലം കൊണ്ട്കൂടി ഉണ്ടാവുന്നതാണ്. അതാണ് വിദ്യാഭ്യാസയോഗ്യതയുടെ രാഷ്ട്രീയം. ഇനി യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്.

സിംഗിന്റെ ഏറ്റവും പുതിയ പ്രസ്താവനയും ജനാധിപത്യവിരുദ്ധം തന്നെ. ഭീകരവാദികളെ അമർച്ച ചെയ്യുമ്പോൾ ചിലപ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കേണ്ടിവരുമെന്ന്. ഒരു മുങ്കൂർ ജാമ്യം മണക്കുന്നു. ഇന്ത്യയിലെ സെക്യൂരിറ്റി, ഇറാക്കിൽ കാള കളിക്കുന്ന സൈസിലുള്ള അമേരിക്കൻ സ്വകാര്യകമ്പനികൾക്ക് ഏല്‍പ്പിച്ചുകൊടുക്കുമെന്നാണോ ധ്വനി? പോലീസിനേയും സ്വകാര്യവൽക്കരിക്കുമോ? അവർക്കും സെയിത്സ് ടാർഗറ്റ് കൊടുക്കുമോ? കക്കൂസിലും ഒളിക്യാമറകൾ വരുമോ?

എന്തായാലും ബുഷിനെ സമ്മതിക്കണം. അയാൾ ഇതൊക്കെ പ്രതീക്ഷിച്ച് റിഹേഴ്സലെടുത്തിട്ടാണോ ആവോ, മാർഷലിന്റെയും റോബർട്സിന്റെയുമൊക്കെ ബൗൺസറുകൾ വരുമ്പോൾ പണ്ട് ഗവാസ്കറും ചൗഹാനും ഡക്ക് ചെയ്തിരുന്നപോലെ കുനിഞ്ഞുമാറി. സന്ദർഭത്തിനൊത്ത് ഉയരൽ മാത്രമല്ല താഴലുമുണ്ട് എന്ന് ഗവാസ്ക്കറെ ഓർത്ത് എഴുതിയ പഴയ രണ്ടുവരി അങ്ങനെ അറം പറ്റി.

ആ ജേർണലിസ്റ്റിന് മൂന്നു കാലുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയി. മൂന്നാമതൊരു ഷൂ വരുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലൊ.

ഇനി തന്നെ കാണാൻ വരുന്നത് മന്മോഹൻ സിംഗാണെങ്കിലും നഗ്നപാദനായ് വന്നാൽ മതി എന്ന് ബുഷ് ഓർഡറിറക്കും. മന്മോഹൻസിംഗ് പറയും ഇന്ത്യയിലെ ജനങ്ങൾ കാലു മുറിച്ചു കളഞ്ഞ് മുട്ടിലിഴഞ്ഞ് വരും എന്ന്.

ജനാധിപത്യം ബുഷ്ഷോ മന്മോഹനോ പിടിച്ചിടത്ത് കെട്ടാവുന്ന കോവർകഴുതയാവുകയില്ല എല്ലായ്പ്പോഴും. വോട്ടു ചെയ്ത് അധികം പരിചയമില്ലാത്ത ആളുകൾ ചിലപ്പോൾ ഷൂ കൊണ്ടും വോട്ട് ചെയ്തെന്നു വരും. രണ്ടു പ്രാവശ്യം നിങ്ങൾ കുനിഞ്ഞുമാറുമായിരിക്കും. ആർക്കറിയാം, സഹിച്ചു സഹിച്ചു മടുക്കുമ്പോൾ എപ്പോളാണ് മനുഷ്യർക്ക് മൂന്നാമതൊരു കാല് മുളച്ചുവരിക എന്ന്?

Wednesday, March 12, 2008

റാബ്രി ദേവി തന്നെ അമേരിക്കന്‍ പ്രസിഡന്റ്


നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് കാണേണ്ടതു തന്നെ. ഡൌണ്‍ലോഡ് ചെയ്യാവുന്ന റിംഗ്ടോണുകളും വാള്‍പേപ്പറുകളും കൊണ്ട് ഈ സൈറ്റ് ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് അയാള്‍ തന്നെയാണത്രെ. മോഡേണ്‍ ടെക്നോളജിയെ പഴഞ്ചന്‍മനുഷ്യര്‍ക്ക് അപകടകരമായി ഉപയോഗപ്പെടുത്താമെന്ന ഐറണി ഇന്റര്‍നെറ്റ് പോലൊരു സംവിധാനത്തില്‍ കൂടുതല്‍ സ്വീകാര്യത്യയും വേഗതയും കൈവരിക്കുന്നു [ഈ ബ്ലോഗ് അടക്കം]. സോ കാള്‍ഡ് സ്യൂഡോ സെക്കുലറിസത്തിന്റെ കോസ്മെറ്റിക് കടമയായല്ല ഈ വാക്കുകള്‍ എഴുതുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും അമ്പലത്തില്‍ പോകാനാഗ്രഹിക്കുന്ന ഒരു ഗോഡ് ഫിയറിംഗ് ഹിന്ദുവാണ് ഞാന്‍. അത് പക്ഷേ ഒരു പള്ളി പൊളിച്ചിടത്ത് പണിഞ്ഞ അമ്പലത്തിലേയ്ക്ക് വയ്യ.

സീസറിന്റെ ഭാര്യമാരില്‍ നിന്ന് ജനാധിപത്യം നേരിടുന്ന ഭീഷണിയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വെബ്സൈറ്റില്‍ ചെന്ന് മുട്ടി - ലാലുറാബ്രിഡോട്ട്കോം. അങ്ങനെ പോയിപ്പോയി മോഡിയുടെ സൈറ്റിലും ചെന്നുവെന്ന് മാത്രം. ലാലുറാബ്രിഡോട്ട്കോമിന്റെ കഥ രസകരമാണ്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഡേറ്റിംഗ് സൈറ്റാണത്. ലാലുവിന്റേയും റാബ്രിയുടേയും വിജയകരമായ ദാമ്പത്യത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആ ഡേറ്റിംഗ് സൈറ്റിന് അങ്ങനെ പേരിട്ടിരിക്കുന്നത്. ലാലുവിനോട് തങ്ങള്‍ക്ക് വലിയ മതിപ്പാണെന്നും അങ്ങനെ പേരിടുന്നതില്‍ അങ്ങേരോടോ റാബ്രിയോടോ പരിഹാസമൊന്നുമില്ലെന്നുമാണ് ആ സൈറ്റ് നടത്തിപ്പുകാരുടെ ഭാഷ്യം. പിന്നീടെന്തായെന്നറിഞ്ഞില്ല - നടത്തിപ്പുകാര്‍ക്ക് ഫ്രീ റെയില്‍പ്പാസു കിട്ടിയോ അതോ ആര്‍ജേഡികള്‍ അവരെ എരുമച്ചാണകത്തില്‍ കുളിപ്പിച്ചോ?

എന്താ‍യാലും ജനാധിപത്യത്തെ അമേരിക്കക്കാര്‍ എരുമച്ചാണകത്തില്‍ കുളിപ്പിച്ച് കിടത്തുമെന്നുറപ്പ്. കൂടുതല്‍ ഇവിടെ.

Tuesday, February 19, 2008

ബ്ലോഗിംഗിന് പത്തു വയസ്സ്; നിങ്ങള്‍ക്കോ?




ഡിസംബര്‍ പതിനാറാം തീയതിയാണെന്റെ ബര്‍ത്ത്ഡേ എന്നു പറയുന്നത് മനസ്സിലാക്കാം, എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാറിന് എനിയ്ക്ക് 41 വയസ്സായി എന്ന് ഇപ്പോള്‍ പറയുന്നതെന്തിന്? ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്ന ക്ഷമാപണത്തോടെയാണ് ഈ പിറന്നാള്‍ പ്രഖ്യാപനം. ബ്ലോഗന്നൂരൊന്നും ആരും പറഞ്ഞുകേള്‍ക്കാഞ്ഞതുകൊണ്ട് എന്നെപ്പോലെ തന്നെ മിക്കവാറും മറ്റെല്ലാവരും ഇക്കാര്യത്തില്‍ ട്യൂബ്ലൈറ്റുകളാണെന്ന ആത്മവിശ്വാസവും ഈ ബിലേറ്റഡ് ബര്‍ത്ത്ഡേ ആഘോഷത്തിന് ധൈര്യം പകരുന്നു. അതെ, ഇക്കഴിഞ്ഞ ഡിസംബര്‍ 17-ന് ബ്ലോഗിംഗിന് പത്തു തികഞ്ഞു.

പെഴ്സണല്‍ ബ്ലോഗിംഗിന്റെ പിതാവായി ജസ്റ്റിന്‍ ഹാള്‍ എന്നൊരാള്‍ വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യബ്ലോഗിന്റെ സ്രഷ്ടാവ് Jorn Barger ആണെന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും അഭിപ്രായവ്യത്യാസമില്ല.1997 ഡിസംബര്‍ 17-ന് ബാര്‍ഗര്‍ തുടങ്ങിയ web log ആണ് ലോപിച്ച് blog ആയത്. താല്‍പ്പര്യമുള്ള വെബ്ബുകളുടെ ലോഗിംഗ് ആയിരുന്നു സ്ഥിരമായി അപ്ഡേറ്റ് ചെയ്തിരുന്ന ആദ്യ ബ്ലോഗിലൂടെ ബാര്‍ഗര്‍ തുടക്കമിട്ടത് - തന്റെ വെബഥസഞ്ചാരങ്ങളുടെ ലോഗ്. അത് എവിടെ എത്തി? ഇന്ന് ഒരു ദിവസം 1.2 ലക്ഷം ബ്ലോഗുകള്‍ പുതുതായി പിറവിയെടുക്കുന്നുവെന്നാണ് കണക്കെന്ന് ബീബീസി. ഒരു സെക്കന്റില്‍ 17 പോസ്റ്റുകളും വെബ്ലിഷ് ചെയ്യപ്പെടുന്നു. അതായത് ഒരു ദിവസം ഏതാണ്ട് 15 ലക്ഷം.

ചുമ്മാതാണോ 2006 ഡിസംബര്‍ 13-ന്റെ ലക്കത്തില്‍ ടൈം മാഗസിന്‍ അക്കൊല്ലത്തെ പെഴ്സണാലിറ്റിയെ തെരഞ്ഞെടുത്തപ്പോള്‍ അത് 'നിങ്ങളാ'യത്. കവറില്‍ സാധാരണ personality of the year-ന്റെ പടം കൊടുക്കുന്ന സ്ഥലത്ത് അവരൊരു മിറര്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. നോക്കുന്നയാളുടെ മുഖം അങ്ങനെ ടൈമിന്റെ മുഖചിത്രമായി. യൂ-ട്യൂബ്, ബ്ലോഗിംഗ് തുടങ്ങിയ uploading സംഗതികളിലൂടെ ഏതു മനുഷ്യനും പ്രധാനവ്യക്തിയാകാന്‍ കഴിയുമെന്ന ഡിജിറ്റല്‍ ഡെമോക്രസിയുടെ പാരമ്യം. അവിടെ വെച്ച് ബ്ലോഗെടുത്തവരെല്ലാം വെളിച്ചപ്പാടായി, സിറ്റിസണ്‍ ജേര്‍ണലിസം യാഥാര്‍ത്ഥ്യമായി.

രണ്ടാമതൊന്നാലോചിയ്ക്കാതെ പോസ്റ്റുകള്‍ പടച്ചുവിടുന്നതിനെ വയറിളക്കത്തോടാണ് ഉമേഷ് ഉപമിച്ചത്. എങ്ങനെ വിടാതിരിക്കും - ബ്ലോഗും ഒരു സാജിറ്റേറിയനല്ലേ! എന്നെപ്പോലൊരു പുല്‍ച്ചാടി. അതല്ലേ ഡിസംബര്‍ 16-ന് ജനിച്ച എന്റെ ബ്ലോക്രാന്തത്തിന്റെയും രഹസ്യം.

Saturday, February 2, 2008

ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.

Monday, January 28, 2008

ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ...


ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിനെ ജനാധിപത്യത്തിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്ത മഹതിയും ആധുനിക ജനാധിപത്യത്തിന്റെ വളര്‍ത്തമ്മയുമായ ബ്രിട്ടന്‍ എന്തിനാണ് ഒരു രാജകുടുംബത്തെ തലയില്‍ ചുമക്കുന്നത്? അതിനവര്‍ക്ക് ദിവസം എത്രായിരം പൌണ്ട് ചെലവ് വരും? ഇതിങ്ങനെ എത്രകാലം തുടരും? എം. മുകുന്ദന്‍ എഴുതിയ അസ്തിക്കുപിടിക്കുന്ന നോവലുകള്‍ വായിച്ച് സങ്കല്‍പ്പ ഭാംഗ് വിമാനങ്ങളിലേറി നടന്ന എട്ടാംക്ലാസ് കാലം മുതല്‍ക്കു തന്നെ സ്വയം ചോദിച്ചിരുന്ന ചോദ്യങ്ങളാണിതൊക്കെ. അതെ, എന്തുതന്നെയായാലും, ഒരുപാട് പേരുദോഷമുണ്ടാക്കിയ ആളാണെങ്കിലും, ചാള്‍സ് തന്നെ അടുത്ത രാജാവാകും, പലയിടത്തായി കിടക്കുന്ന, ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത, കാനഡയും ഓസ്ട്രേലിയയും പോലുള്ള പഴയ കോളനിരാജ്യങ്ങളുടെ ഉടയതമ്പുരനാകും.

ഇപ്പോള്‍, 41 വയസ്സനായപ്പോളാണ്, ആ ചോദ്യങ്ങളുടെയെല്ലം ഉത്തരങ്ങള്‍ മണത്തു തുടങ്ങുന്നത്. ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയുമെല്ലാം ആരാധിക്കുന്നതും അനുസരിക്കുന്നതും മനുഷ്യസ്വഭാവമാണ് എന്നതാണ് ഒരുത്തരം. സിംഹാസനം, കിരീടം, ചെങ്കോല്‍ ഇവയൊന്നുമില്ലെങ്കിലും ജനം അവരുടെ മനസ്സില്‍ത്തന്നെ ചിലരെ അരിയിട്ടുവാഴ്ച നടത്തി രാജാക്കളും രാജ്ഞിമാരുമെല്ലാമായി അവരോധിച്ചുകളയും. ഇല്ലെങ്കില്‍ സോണിയ ഫിനോമേനോനെ എങ്ങനെ വിശദീകരിക്കും? ഇറ്റലിയിലെ ഏതോ കിന്റഗാര്‍ട്ടനില്‍ മാഡം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തൃശൂരെ സീതാറാം മില്ലിലെ തൊഴിലാളിനേതാവായി നടന്ന് കോണ്‍ഗ്രസ്സിനുവേണ്ടി കെ. ഫോര്‍ കരിങ്കാലി എന്ന എക്സ്പാന്‍ഷന്‍ ഏറ്റുവാങ്ങിയ നമ്മുടെ ലീഡറിപ്പോള്‍ മാഡത്തിന്റെ ഒരപ്പോയിന്റ്മെന്റ് കിട്ടാന്‍ വേണ്ടി കാത്തുകിടക്കുന്നു. നാളെ രാഹുല്‍ജി എന്ന പ്രധാനമന്ത്രിയെ 'കിടുകിടെ വിറപ്പിച്ച്' നമ്മുടെ സഖാവ് കാരറ്റ് ഫാബ്ഇന്ത്യാകമ്മ്യൂണിസത്തില്‍ പുതിയ അദ്ധ്യായം രചിക്കും.

ജനാധിപത്യത്തിലേയ്ക്കു വന്ന നാട്ടുരാജ്യങ്ങള്‍ വീണ്ടും ഇതുപോലത്തെ വംശാധിപത്യത്തിലേയ്ക്ക് നീങ്ങുമോ? ഒരു റീക്യാപ്പ്: സഖാവ് കാസ്ട്രോവിന് വയ്യാതായപ്പോള്‍ ഇടക്കാല ഭരണം നടത്തിയത് സഹോദരന്‍. സഖാവ് യൂഗോ ഷാവേസിന്റെ വിദ്യാഭ്യാസമന്ത്രി ആര്? അവിടത്തെ ഏതെങ്കിലും മുണ്ടശ്ശേരി? പേരിനൊരു മുണ്ടെങ്കിലും ഉടുത്ത എം. എ. ബോബി? അല്ല, അല്ല. അത് അങ്ങോരുടെ അനിയന്‍ അഡാന്‍ ഷാവേസ്. 1948 മുതല്‍ 72 വരെ വടക്കന്‍ കൊറിയയുടെ പ്രധാനമന്ത്രിയും 72 മുതല്‍ 94 പ്രസിഡന്റുമായി കമ്മൂണിസ്റ്റുകാരുടെ പേര് നാറ്റിച്ച സഖാവ് കിം ഇല്‍ സുങ്ങിന് പിന്നാലെ വന്നത് മകന്‍ കിംഗ് ജോങ് ഇല്‍. അവിടെ ഇതുവരെ വേറൊരാള്‍ പച്ച തൊട്ടിട്ടില്ല. ആകെ മൊത്തം ടോട്ടല്‍ കൊല്ലം എത്രയായെന്നാ?

ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ പെടാപ്പാട് പെടുന്ന അമേരിക്കയുടെ കാര്യമോ - അച്ഛമ്പുഷ് മോമ്പുഷ്, ചേട്ടന്‍ ക്ലിന്റന്‍ ചേച്ചി ക്ലിന്റി. 2057  വരെ നീളുന്ന ഒരു ബുഷ്ക്ലിന്റെ ഡൈനാസ്റ്റി ലവമ്മാരു പ്ലാൻ ചെയ്തു കഴിഞ്ഞത്രെ. ദാണ്ടെ, ലിവടെ നോക്കിയാട്ടെ. (ചുമ്മാതാണോ നാലുവര്‍ഷഏകാധിപത്യം എന്ന് അമേരിക്കയെ ചോംസ്കി വിളിച്ചത്; അവര് കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഡെമോക്രസിയെ ഇമ്പീരിയല്‍ ഡെമോക്രസിയെന്നും). ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും ഫിലിപ്പീന്‍സിലെയുമെല്ലാം മക്കള്‍-വിധവാ രാഷ്ട്രീയത്തിന്റെ കാര്യം പറയാനുണ്ടോ?

ചുരുങ്ങിപ്പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കും. ഡോക്ടറുടെ മകന്‍ ഡോക്ടറാവും. തോട്ടിയുടെ മകന്‍ തോട്ടിയും. തോട്ടിയെപ്പിടിച്ച് നേതാവാക്കിയാല്‍ അയാള് തോട്ടികളെ ഉദ്ധരിക്കുകയൊന്നുമില്ല. അയാള് മതം മാറും. തോട്ടിമതം മാറുമെന്നര്‍ത്ഥം. പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞുനോക്കുകയില്ല. അതാണ് അധികാരത്തിന്റെ ലഹരി.

രാഷ്ട്രീയത്തിൽ കുടുംബാധിപത്യം വരേണ്ടത് ആരുടെ ആവശ്യമാണ് - മേശയുടെ അപ്പുറത്തെ സൈഡിലിരിക്കുന്ന ബിസിനസ്സുകാരുടെ. അച്ഛന് കൊടുത്ത കൈക്കൂലി അച്ഛന്റെ കാലശേഷവും ഫലമുണ്ടാക്കണമെങ്കിൽ കസേരയിൽ മകൻ/ൾ വേണ്ടായോ? അതുപോലെ തിരിച്ചും - കൈക്കൂലിയായി വാങ്ങിയ പണം അവിടേം ഇവിടേം നിക്ഷേപിക്കും ഈ രാഷ്ട്രീയക്കാർ. അങ്ങനെയിരിക്കെ പെട്ടെന്ന് ചത്തുപോയാൽ മകനൊരു പൊസിഷനിൽ ഉണ്ടെങ്കിലല്ലേ അത് തിരിച്ചു കിട്ടൂ?

പൊതുവിൽ ഇടതുപക്ഷത്താണ് മക്കൾരാഷ്ട്രീയം കുറവ്. കാരണം ഇടതുപക്ഷ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും ത്യാഗത്തിന്റെ രാഷ്ട്രീയം തന്നെ. വീട്ടുകാർക്ക് തലമുറകളോളം ഇരുന്നുണ്ണാനുള്ള പണമുണ്ടാക്കുന്നതു പോയിട്ട് വീട്ടിലിരിക്കാൻ പോലും നേരമില്ലാത്ത കാലുവെന്ത നായ്ക്കളുടെ യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. അങ്ങനെയുള്ളവരുടെ ഭാര്യമാരും ഭർത്താക്കന്മാരും ഒരിക്കലും മക്കളെ രാഷ്ട്രീയത്തിൽ വിടാൻ സമ്മതിക്കുകയുമില്ല എന്നൊരു വശം കൂടിയുണ്ട്. [കൈക്കൂലിക്കാരായ ചില അപൂർവം ഇടതന്മാർക്ക് അവരുണ്ടാക്കുന്ന പണം അനുഭവിക്കാൻ യോഗമില്ല എന്നും പറയണം. വില കുറഞ്ഞ പോളിസ്റ്റർ മുണ്ടുടുത്ത്, പ്ലാസ്റ്റിക് ചെരിപ്പിട്ട്, ചെറിയ മാരുതിയിൽ നടക്കാനും ചെറിയ വീട്ടിൽ പാർക്കാനുമേ അവർക്ക് സാധിക്കൂ. അല്ലാതെ ഒരിക്കലും ഈ അഴിമതിപ്പണം പുറത്തെടുത്ത് പുട്ടടിക്കാനാവില്ല - ഇമേജിന്റെ ഭാരം!]

അങ്ങനെ ഇതൊക്കെക്കൂടി ഓർക്കുമ്പോൾ ബ്രിട്ടീഷുകാരോട് ആദരവ് തോന്നുന്നു. അവരാണ് രാഷ്ട്രീയത്തിന്റെ അന്തം കണ്ടവര്‍. അവരുടെ ചുവട് പിടിച്ച് സോണിയയെ ഇന്ത്യയുടെ രാജ്ഞിയായി വാഴിക്കണം. ഒരു അലങ്കാരം മാത്രമാക്കണം. മകനെ കിരീടാവകാശിയാക്കണം. പ്രധാനമന്ത്രിസ്ഥാനത്ത് മിടുക്കന്മാര്‍ ഇരിയ്ക്കട്ടെ. അമേരിയ്ക്കന്‍ മോഡലിനെ പണ്ടേ അറബിക്കടലില്‍ എറിഞ്ഞവരാണല്ലോ നമ്മള്‍. നമുക്കെന്തുകൊണ്ട് ബ്രിട്ടീഷ് മോഡലായിക്കൂടാ? സത്തയില്‍ ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത നമ്മള്‍ക്ക്? വേറൊരു വഴിയുമില്ലെങ്കില്‍ ‘ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ’ എന്ന പാട്ട് പണ്ട് യേശുദാസും നസീറുങ്കൂടിപ്പാടിയ പോലെ സന്തോഷമായിത്തന്നെ പാടുന്നതല്ലേ ബുദ്ധി?

Wednesday, September 26, 2007

അള മുട്ടിയാല്‍ ബുദ്ധനും കടിക്കും



ഇടശ്ശേരിയുടെ നല്ലൊരു കവിതയുണ്ട് - ബുദ്ധനും ഞാനും നരിയും. കാട്ടില്‍പ്പോയ ഒരാളെ നരി ആക്രമിക്കുന്നു. അവിടെ കണ്ട ഒരു ബുദ്ധപ്രതിമ തള്ളിയിട്ട് അയാള്‍ നരിയെ കൊല്ലുന്നു. കവി ഉപസംഹരിക്കുകയാണ് (ഓര്‍മയില്‍ നിന്ന്): ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗവും ലക്ഷ്യവും ഇടറിയോ ഞാനൊന്ന് തല ചായ്ക്കട്ടെ. മലയാളിയുടെ പഴയൊരു ദുബായ് ആയിരുന്നു റംഗൂണ്‍. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സ്മാരകന്‍ - റംഗൂണ്‍ സ്വാമി. റംഗൂണിലെ തെരുവുകളില്‍ ബുദ്ധഭിക്ഷുക്കള്‍ സമരത്തിനിറങ്ങിയതറിഞ്ഞപ്പോള്‍ എന്താണ് രാഷ്ട്രീയം എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചുപോയി. പുരോഹിതന്മാര്‍ തെരുവിലിറങ്ങുന്നത് നമുക്ക് പുത്തരിയല്ല. അതില്‍ രാഷ്ട്രീയമൊന്നുമില്ല - വെറും ബിസിനസ്സ് മാത്രമേയുള്ളു. അല്ലെങ്കിലും പുരോഹിതന്മാരെയും സന്യാസിമാരെയും ഉപമിക്കുന്നത് പോപ്പിനേയും പോപ്പ് മ്യൂസിക്കിനേയും താരതമ്യം ചെയ്യുന്നതുപോലിരിക്കും. ജീവിതം മായയാണെന്ന് കരുതുന്നവര്‍ക്കും അരാഷ്ട്രീയം അസഹനീയമായിരിക്കുമെന്നതിനെ തിരിച്ചറിവ് എന്നു വിളിക്കണൊ തിരിച്ചടി എന്നു വിളിക്കണോ? സിഐഎ ഇപ്പോഴും മ്യാന്മറിനെ ബര്‍മ എന്നു തന്നെ വിളിക്കുന്നു. എന്നാല്‍ വാഷിംഗ്ടണില്‍ ബര്‍മയ്ക്കും റംഗൂണില്‍ അമേരിക്കക്കും അംബാസഡര്‍മാരുണ്ട്. ഇറാക്കിലുള്ളതിലോളം പെട്രോളിയം ഇല്ലാത്തതുകൊണ്ടാ ബര്‍മയെ ഡെമോക്രേസിയാക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യക്കുറവ്? അതോ അവിടുത്തെ തേക്കുതടിസമ്പത്തിലും രത്നഖനികളിലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കള്ളക്കഞ്ചാവ് കൃഷിയിലും ആര്‍ക്കെങ്കിലും അവിശുദ്ധതാല്‍പ്പര്യങ്ങളുള്ളതുകൊണ്ടൊ? കള്ളക്കഞ്ചാവ് കൃഷിയുടെ ലാഭമോ ഉപജീവനമോ നല്‍കുന്ന ലഹരിയില്‍ (പുകയിലല്ല) ഇനിയൊരിക്കലും ഉണരാത്തവിധം ബര്‍മീസ് ജനത ആഴ്ന്നുപോയോ? ഇങ്ങനെ എന്ത് ചോദ്യം ഉയര്‍ന്നാലും അതിനേക്കാളെല്ലാം ഉച്ചത്തില്‍ സമരം ശരണം ഗച്ഛാമി മുഴങ്ങിക്കേള്‍ക്കട്ടെ എന്ന് മോഹിച്ചു പോകുന്നു - മോഹമാണ് ദു:ഖകാരിണിയെന്ന് ബുദ്ധന്‍ ഓര്‍മിപ്പിച്ചിട്ടുണ്ടെങ്കിലും.

Monday, September 24, 2007

ഇതാണോ ബുഷ്ഷേ ജനാധിപത്യം?


ലോകത്തെ അഞ്ചുപത്ത് വലിയ കമ്പനികള്‍ ചേര്‍ന്ന് വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ ഏറ്റെടുക്കുമോയെന്ന പേടിയെപ്പറ്റി മുന്‍പൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ വലുതാണ് ജാപ്പനീസ് കോര്‍പ്പറേറ്റ് ഭീമന്‍ മിത് സുബിഷിയുടെ നെറ്റ്വര്‍ത്ത് എന്നറിഞ്ഞതു മുതലാണ് അങ്ങനെയൊരു പേടി കാരണം വെളുപ്പിന് രണ്ടേമുക്കാലിനെല്ലാം ഉണര്‍ന്നാല്‍പ്പിന്നെ ഉറങ്ങാന്‍ പറ്റാതായത്. നാഷണല്‍ സെക്യൂരിറ്റിപോലുള്ള റൊമ്പ പ്രമാദമാന വിഷയങ്ങളും സ്വകാര്യമായാലോ? എല്ലാം ഗവണ്‍മെന്റ് ചെയ്തു തരും എന്ന ഇന്ത്യന്‍ ഹാങ്ങോവറും കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചിന്തിക്കാന്‍ വരല്ല് എന്ന് പറയുവാ? പട്ടിയുടെ വാലില്‍ കയറ്റിയ കുഴല്‍ വളഞ്ഞുപോയത് കാട്ടിത്തരുവാ? ഇറാക്കിലുള്ള അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ബ്ലാക്ക് വാ‍ട്ടര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനി. അവരുടെ ചിലയാളുകള്‍ കഴിഞ്ഞ ദിവസം ചില ഇറാക്കിയന്‍ സിവിലിയന്‍സിനെ യാതൊരു പ്രകോപനവുമില്ലാതെ വെടി വെച്ചു കൊന്നത് വിവാദമായാരുന്നല്ലൊ. ഇതു വല്ലോം അമേരിക്കയില്‍ നടപ്പുള്ളതാണോയെന്ന് അമേരിക്കന്‍ വായനക്കാരാരേലും പറഞ്ഞു തരാമോ? ഇതാണോ പോസ്റ്റ് മോഡേണ്‍ ജനാധിപത്യം? അറബിനാട്ടിനെ ജനാധിപത്യത്തീ കുളിപ്പിക്കാനാന്നല്ലൊ ഇഞ്ചേം താളീമായി ദൈവവിളി കേട്ട് ബുഷ്ഷച്ചായന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നെ. നമ്മുടെ നാട്ടില് റിട്ടയര്‍ ചെയ്ത ചില പട്ടാളക്കാര് സെക്യൂരിറ്റി കമ്പനികള്‍ തുടങ്ങിയിട്ടില്ലേ? നമ്മുടെ ഗവണ്മെന്റ് കോടിയേരിയുടെ ജോലി അവര്‍ക്ക് കൊടുക്കുമൊ? ഗവണ്‍മെന്റുകളുടെ നടത്തിപ്പ് കമ്പനികള്‍ നടത്തുന്ന എഫിഷ്യന്‍സിയോടെ നടത്തിയാലെ നമ്മുടെ നാട് നന്നാവൂ എന്ന് അരാഷ്ട്രീയ മൂരാച്ചികള്‍ കമന്റടിക്കുമോ? പ്രോഫിറ്റ് മോട്ടീവ് പോലീസിനും ബാധകമാവുമോ? പാര്‍ക്കിംഗ് ഫൈനടിക്കുന്ന മുനിസിപ്പാലിറ്റിക്കാരനും കമ്മീഷനും ടാര്‍ഗറ്റുമുണ്ടാവുമൊ? ബെങ്കി മൂണിനെ യു. എന്‍. സിക്രട്ടറിയാക്കാന്‍ വേണ്ടി ആഫ്രിക്കന്‍ വോട്ടുകള്‍ വാങ്ങാന്‍ കൊറിയന്‍ മൂലധനം ലോണുകളായും എയ്ഡുകളായും ഒഴുകിയതുപോലെ ലോകമെങ്ങുമാവുമോ? ബുഷ്ഷേമ്മാന്നെ, ഇതിന് ഞങ്ങേടെ നാട്ടീ പറയുന്ന പേര് പണാധിപത്യം എന്നാ. ബില്‍ ഗേറ്റ്സ് ലോകം എന്ന കമ്പഞ്ഞീടെ പ്രസിദേന്തി (കോര്‍പ്പറേറ്റ്സ് അവരുടെ തലവനെ പ്രസിഡന്റ് എന്നു വിളി തുടങ്ങിയത് മന:പ്പൂര്‍വം തന്നെ കെട്ട. India Inc എന്ന് ബീജേപ്പി മാഗസിന്‍സ് കവര്‍സ്റ്റോറീസ് എഴുതീതും അതുതന്നെ കളി കെട്ട. ഇവരെ അങ്ങാട്ടും അവരെ ഇങ്ങാട്ടും അടുപ്പിച്ച് ഡബ് ള്‍ ഡെക്കര്‍ വടക്കാക്കി തെക്കാക്കല്‍), ങ്ഹാ, ഗേറ്റ്സ് പ്രസിഡന്റ്, രത്തന്‍ ടാറ്റ ഗതാഗതം, അംബാനി ഒരാള്‍ പെട്രോളിയം മന്ത്രി... എങ്ങനുണ്ടാവും ലോക മന്ത്രിസഭ? വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ അതിങ്ങു വന്നു കഴിഞ്ഞു. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ത്തന്നെ ജനം മുഴുവന്‍ പറയും അതു തന്നെയാ വേണ്ടത് എന്ന്. അപ്പ നിങ്ങ വെറും ജോര്‍ജ് ബുഷ്ഷ്. അതോ കറക്റ്റ് സമയത്തിനെടുത്ത് വീശാന്‍ പാകത്തിന് ഞങ്ങടെ ചില നേതാക്കന്മാരെപ്പൊലെ സാറും സീക്രട്ടായി വല്ല ബിസിനസ്സും തൊടങ്ങിവെച്ചിട്ടുണ്ടൊ?

Sunday, September 9, 2007

എന്നെയും മന്ത്രിയാക്കണം


കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണം, നീലന് സാംസ്ക്കാരികം, ജോസഫിന് വിദ്യാഭ്യാസം എന്നല്ല പറഞ്ഞു വരുന്നത്. ഏതെങ്കിലും ഒരു പി. ജെ. ജോസഫിനെപ്പിടിച്ച് ഏതെങ്കിലും വകുപ്പിന്റെ മന്ത്രിയാക്കണം. പരിഹാസത്തിന്റെ ലവലേശമില്ലാതെയാണ് ഇത് പറയുന്നത്. കാരണം അതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. ചുങ്കക്കാരും വേശ്യകളും ഞരമ്പുരോഗികളും പെണ്‍ വാണിഭക്കാരും അബ്കാരികളും ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കരും ഉള്‍പ്പെടുന്ന ദൈവരാജ്യമാണ് ജനാധിപത്യം. അതില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണം. ഒരു തിരക്കില്‍ ചാന്‍സു കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടാത്ത മലയാളി ആണുങ്ങള്‍ എത്ര ശതമാനം വരും? അവരുടെ പ്രതിനിധിയായി അച്യുതാനന്ദനേപ്പോലുള്ള ആണുങ്ങളുണ്ടല്ലൊ. ബാക്കിയുള്ള ആണുങ്ങള്‍ക്ക് പ്രാതിനിധ്യം വേണ്ടേ? ഓര്‍ക്കുന്നോ എന്‍. കെ.ബാലകൃഷ്ണനും സുന്ദരം സ്വാമിയുമെല്ലാം പിഎസ്പിയുടെ മന്ത്രിമാരായിരുന്നത്? മനുഷ്യന്‍ പോയിട്ട് ഒരു പൂട പോലുമില്ലാതിരുന്ന പാര്‍ട്ടിയുടെ. അതാണ് ജനാധിപത്യം. കുറ്റവാളികള്‍ ഇല്ലാതാകുന്ന കാലത്തോളം കുറ്റവാളികള്‍ക്കും വേണം പ്രാതിനിധ്യം. കുറ്റവാളികള്‍ക്കും പറയാനുള്ളത് കേള്‍ക്കണം. കുറ്റം ഇല്ലാതാക്കണമെന്നത് വേറെ കാര്യം. അതെ, ജനാധിപത്യം ഇച്ചരെ കട്ടിയാണ്. എന്തായാലും അതാണ് യഥാര്‍ത്ഥ ജനാധിപത്യം, അല്ലെ?
Related Posts with Thumbnails