Showing posts with label മഹാഭാരതം. Show all posts
Showing posts with label മഹാഭാരതം. Show all posts

Sunday, August 30, 2009

മനോരമ വായിക്കുന്നത് പാപമാണെങ്കില്‍



സാക്ഷാൽ മഹാഭാരതം വാ‍യിക്കാൻ പാടില്ലെന്നാണ് പ്രമാണം. ചേട്ടന്റേം അനിയന്റേം മക്കൾടെ രക്തരൂഷിതമായ മഹായുദ്ധം, ലോകസാഹിത്യത്തിലെ ഏറ്റവും ബീഭത്സമായ രംഗം [ദുശ്ശാസനവധം]... തുടങ്ങിയ പല കാരണങ്ങളാണിതിന് പറയുന്നത്. അഥവാ ഒരു വട്ടം ഭാരതം വായിക്കണമെങ്കിൽ പത്തുവട്ടം ഭാഗവതം വായിക്കണമെന്നാണ് വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങൾ പരത്താൻ പോയാൽ ഇനി കാണുമ്പോ നിഷാദ് കൈപ്പള്ളി എന്റെ കൊരവള്ളിയ്ക്ക് പിടിയ്ക്കും. ഏതായാലും പിടിയ്ക്കും. അതുകൊണ്ട് ഒരു കാര്യം കൂ‍ടി പറഞ്ഞിട്ട് വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കാൻ നിരോധനമുള്ള മറ്റൊരു പുസ്തകമാണ് ഗാരുഡപുരാണം. തീരെ ചെറിയ ഒരു പുസ്തകം. നരകവർണനയാണ്. റിയൽ ബീഭത്സം.

ഈശ്വരവിശ്വാസവും അന്ധവിശ്വാസവുമൊക്കെ കടുകട്ടിയാണെങ്കിലും അവയേക്കാൾ വലുതാണ് ജിജ്ഞാസ എന്നതിനാൽ ഞാൻ അത് വായിക്കാൻ ധൈര്യപ്പെട്ടു. ആ പുസ്തകം വായിക്കുന്ന ആളും അത് വെച്ചിരിക്കുന്ന ഇടങ്ങളും നശിച്ചുപോകുമെന്ന് പറയപ്പെടുന്നു. ഞാൻ നശിച്ചത് എന്റെ കയ്യിലിരിപ്പുകൊണ്ടായിരിക്കാം. പരിഹാരം വല്ലോം ഉണ്ടോ ആവൊ? അഭിമന്യുവിനെപ്പോലെ അകത്തുകടക്കാൻ മാത്രം പഠിച്ചാലുള്ള കുഴപ്പങ്ങൾ! അത് വെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും നശിച്ചുപോയി. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭവും കുടുംബവും നശിച്ചുപോയി/ചിതറിപ്പോയി. പഴയ കെട്ടിടങ്ങളായിരുന്നതുകൊണ്ടാ എന്ന് കൈപ്പള്ളിയേക്കാൾ നിരീശ്വരവാദിയായ എന്റെ ഭാര്യ! ആ കോപ്പിയാകട്ടെ പിന്നെ കണ്ടുകിട്ടിയുമില്ല. എവിടെയെല്ല്ലാം പോയി അത് നാശം വിതയ്ക്കുന്നോ ആവൊ. പഴയ വീടുകളിൽ താമസിക്കുന്നവർ ആരാനുമുണ്ടെങ്കിൽ വേഗം പോയി അത് വായിച്ചുകൊൾവിൻ. എന്റെ പേരിൽ കുറ്റമില്ല വൺ, ടൂ, ത്രീ.

തൊട്ടുമുന്നത്തെ പോസ്റ്റിലൂടെ മനോരമ വാരികയുടെ ഓൺലൈൻ എഡിഷൻ പ്രചരിപ്പിച്ചതിന്റെ പേരിൽ എനിയ്ക്ക് വല്ല പാപോമുണ്ടെങ്കിൽ അത് ഇതോടെ തീർന്നു. ഇതാ ഒരു കിണ്ണൻ ഡിജിറ്റൽ ലൈബ്രറി. കെട്ടുതാലി പണയം വെച്ചിട്ടായാലും വാങ്ങണം എന്ന് കൊതിച്ചു നടന്ന റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന ഏഴു വോള്യങ്ങളിലുള്ള മാർസൽ പ്രൂസ്തിന്റെ ഫ്രഞ്ച് ക്ലാസിക്, ഡോസ്റ്റോവോസ്കിയുടെ പുസ്തകങ്ങൾ , പെരിങ്ങോടന്റെ സ്വന്തം കാഫ്കയുടെ മെറ്റമോർഫോസിസ്... അങ്ങനെ ക്ലാസിക്കുകളുടെ ഒരു പള്ളിവേട്ട. ഹിസ്റ്ററി, ഓട്ടോബയോഗ്രഫി, ഫിലോസഫി എന്നീ സെക്ഷനുകൾ വേറെ. ഐടിയുടെ കാര്യം പറയാനുമില്ലെന്നു തോന്നുന്നു. [ഞാനെന്തു പറയാൻ!].

കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള നളന്ദ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക.

520 ആഴ്ചക്കാലം [അതായത് ഒരു കൊല്ലം 52 ആഴ്ച എന്ന കണക്കിന് 10 കൊല്ലക്കാലം] മനോരമ വാരിക വായിച്ച ഒരാളാണ് നിങ്ങളെങ്കില്‍, അത് പാപമായിപ്പോയെന്ന് കരുതുന്നുണ്ടെങ്കില്‍, എങ്കില്‍, ഞാന്‍ പറഞ്ഞല്ലൊ, മേല്‍പ്പറഞ്ഞ ലിങ്കില്‍ ഒരു പുസ്തകം കിട്ടും - കാരമസോവ് സഹോദരന്മാര്‍ - അത് ഒരു വട്ടം വായിച്ചാല്‍ മതി. സംഗതി നിങ്ങള്‍ വിചാരിക്കുന്നതുപോലെ ദുര്‍ഗ്രഹമൊന്നുമല്ല. ഇടതുകയ്യുടെ തള്ളവിരലിനും സ്പെഷലിസ്റ്റുള്ള കാലമല്ലേ എന്ന് നമ്മള്‍ ചോദിക്കാറുണ്ടല്ലൊ - ആ ഫലിതം പോലും 1880-ല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം പൂര്‍ത്തിയായ കാരമസോവിലേതാണ്. കുട്ടിക്കാലം മറന്നുപോയിട്ടില്ലാത്ത എല്ലാ മനുഷ്യമൃഗങ്ങള്‍ക്കും കാരമസോവ് വായിക്കാം.

മനോരമയുടെ നിലപാടിനെ പണ്ട് മുരളിയുമായുള്ള അഭിമുഖത്തിനിടെ [കലാകൌമുദി] ‘കൃസ്ത്യന്‍ ക്രൂക്കഡ്നെസ്സ്’ എന്നു വിളിച്ചത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതികളിലൊരാളായിരുന്ന സി. പി. രാമചന്ദ്രനാണ്. കാരമസോവും കൃസ്തീയത തന്നെ. ആത്മാവിനെ കഴുകുന്ന ജ്ഞാനസ്നാനം.

നമ്മളൊന്നും പട്ടികളായി ജനിക്കാഞ്ഞത് എത്ര നന്നായി; പട്ടികളായിരുന്നെങ്കില്‍ നമുക്ക് കാരമസോവ് ബ്രദേഴ്സ് വായിക്കാന്‍ കഴിയില്ലായിരുന്നല്ലൊ എന്ന് പ്രസംഗിച്ചു കേട്ടത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.
ഗാരുഡപുരാണം ഇവിടെ നിന്നും ഡൌണ്‍ലോഡാം. അതിലെ ഒരു അധ്യായം ‘പാപികള്‍ മരിച്ചാല്‍’ എന്ന തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ചത് ഓര്‍ത്തുകൊള്ളുന്നു.

Monday, December 3, 2007

ദൌര്‍ബല്യമേവ ജയതേ!



അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഉത്തരം കിട്ടി - ഒരാളുടെ 101 ഹോഴ്സ്പവര്‍ ശക്തിയും 5 ഡോങ്കി പവര്‍ (?) ദൌര്‍ബല്യവും ഏറ്റുമുട്ടിയാല്‍ 5 ഡോങ്കി പവര്‍ ദൌര്‍ബല്യം തന്നെ ജയിക്കും. ഇനിയിപ്പൊ ആ പഞ്ച ദൌര്‍ബല്യങ്ങളും തന്തയ്ക്ക് ജനിച്ചതുങ്ങളല്ലെങ്കില്‍പ്പോലും. എന്നാലും ശക്തിയുമല്ല ദൌര്‍ബല്യവുമല്ല എന്ന മട്ടിലുള്ള രണ്ടും കെട്ട അവസ്ഥയേക്കാള്‍ എത്ര ഭേദം! ആ അവ്സ്ഥയുടെ യൂണിറ്റ് മ്യൂള്‍പ്പവര്‍ (കോവര്‍കൈത). ചുമ്മാതാണൊ കോവര്‍കഴുതകളുടെ കൂട്ടത്തെ ഇംഗ്ലീഷില്‍ a barren of mules എന്നു പറയുന്നത്. ഇനി ഈ തിയറിയെ നമ്മുടെ ഉദാഹരണത്തിലേയ്ക്ക് തിരികെക്കയറ്റിയാലോ - വെല്ലിച്ഛന്റെ മക്കളും പാപ്പന്റെ മക്കളും അടികൂടുമ്പൊ ആ തക്കം നോക്കി ശകുനിയുടേയോ മറ്റോ അളിയന്റെ കുടുംബക്കാരാരെങ്കിലും മ്യൂട്ടിനി നടത്തിയിരുന്നെങ്കിലോ? പാക്കിസ്ഥാ‍നീയശൈലിയില്‍ ജനറല്‍സ് ദ്രോണനോ ഭീഷ്മനോ മറ്റോ മിലിറ്ററി കൂ (coup d'etat) നടത്തിയിരുന്നെങ്കിലോ? ആ കോവര്‍ അവസ്ഥയേക്കാള്‍ ഭേദം തന്നെ ഗാന്ധാരീവിലാപം. ഉണ്ണീ മകനേ ദുര്യോധനാ തവ പൊന്നിന്‍ കിരീടവും ഭൂഷണജാലവും...

അതുകൊണ്ട് ദൌര്‍ബല്യങ്ങള്‍ തല പൊക്കുമ്പോള്‍ സൂക്ഷിക്കുക. ഭഗവാനെ വരെ അവ ദൂതിനയച്ചെന്നു വരും. ശക്തികളുടെ കഴുത്തരിയും, തുടകള്‍ തകര്‍ക്കും.

Saturday, December 1, 2007

രാവണന്‍ തോറ്റതോ മാച്ച് ഫിക്സിംഗോ?




ആമയും മുയലും ഓട്ടപ്പന്തയം നടത്തിയതെന്നാ? ബിസിയിലെപ്പഴേലും? ശ്രീബുദ്ധനും മഹാഭാരതത്തിനും മുമ്പ്? എന്തായാലും അതൊന്നും റെലവന്റല്ല. ജയിച്ചതാരാണെന്നറിയാലോ - ആമ, അതുമതി. തിരുവിതാംകൂറ്കാര് പറേമ്പോലെ അപ്പം (അപ്പോള്‍) മൊട്ടക്കറി അപ്പം തിന്നാമതി, മൊയല്, മലബാറ്കാര് പറയുന്ന പോലെ കുയീക്കെടക്കട്ടെ. (ജയിക്കുന്നതിലല്ല കാര്യം, കളിക്കുന്നതിലാണ് എന്ന് പറഞ്ഞയാള്‍ ഒരിക്കലും ജയിച്ചുകാണില്ല എന്ന് മാര്‍ട്ടിന നവരത്തിലോവ. ആയമ്മയ്ക്ക് ഒരുമ്മ. അവരെ നവരത്നലാവ എന്നു വിളിക്കണം).

പക്ഷേ മൊയല് കുഴീക്കെടന്നില്ലല്ലൊ. സിംഹവുമായി മുട്ടിയപ്പൊഴെല്ലാം മൊയല് ജയിച്ചു. ഓര്‍മയില്ലേ തന്നെ തിന്നാന്‍ വന്ന സിംഹരാജനെ മൊയലന്‍ കിണറ്റീച്ചാടിച്ചത്. കട്ടുറുമ്പും കൊമ്പനാനയും മുട്ടിയ കഥകളിലൊക്കെ ആന തോറ്റ കഥയേ നമുക്കറിയൂ. നാലഞ്ച് മനുഷ്യന്മാരും കൊറേ കൊരങ്ങന്മാരും ചെന്ന് ഒരു രാക്ഷസ സാമ്രാജ്യത്തെ അപ്പാടെ തൊടച്ച് നീക്കുവാ? ങ്ഹാ, ആ കഥ പിള്ളേരെ ഒറക്കാന്‍ പറയാന്‍ കൊള്ളാം.

കയ്യിലൊരു കവിണയുമായി ദാവീദ് എന്ന പയ്യന്‍ ഗോലിയാത്ത് എന്ന മല്ലനെ തോല്‍പ്പിച്ചെന്നോ? ഹ, ഹ ഹ! ചിരിച്ചട്ടെനിക്ക് ശ്വാസം മുട്ടണ്.

ടോം & ജെറിയുടെ ഒരു എപ്പിസോഡിലെങ്കിലും ടോം ജയിച്ചില്ലേലും തോല്‍ക്കാതിരിക്കുന്നത് കണ്ടിട്ടെനിക്ക് മരിച്ചാമതി.

(പണ്ടൊരു ചിത്രകാരന്‍ സുഹൃത്ത് ചാരായമടിച്ച് ഫിറ്റായി, അതിന്റെ മോളില്‍ കഞ്ചനുമടിച്ച് എര്‍ണാളം ഡര്‍ബാള്‍ ഹാള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞത്തിന് കേറി. ചോദ്യോത്തര സെഷനില്‍ മൂപ്പര് ഒറ്റച്ചോദ്യം - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല. എന്തായാലും ടോമാന്റ് ജെറി കാണുമ്പൊ അത്ഭുതമാണ് - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു എലിയെ നാം സ്നേഹിച്ചു പോവുന്നു. മിക്കി ഒരു മൌസാണെന്ന് മറക്കുന്നു. ടോമിന്റെ സഹോദരങ്ങളെ പാലുകൊടുത്ത് കിടക്കയില്‍ കിടത്തി വളര്‍ത്തുമ്പോഴും ടോമിനെ വെറുക്കുന്നു.)

നിങ്ങള്‍ പറയുമായിരിക്കും കൌശലത്തിന്റെ വിജയം, ബുദ്ധിയുടെ വിജയം, ശക്തിയല്ല ബുദ്ധിയാണ് കാര്യം, തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം, സത്യമേവ ജയതേ, ധര്‍മയുദ്ധം എന്നെല്ലാം.

പണ്ട് പണ്ട് ഒരിടത്തൊരു രാജാവിന് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടങ്ങേര് ഭരണച്ചുമതല തല്‍ക്കാലം അങ്ങോരുടെ ല്യൂക്കൊഡെര്‍മക്കാരന്‍ അനിയനെ ഏപ്പിച്ചു. ഒരു മാതിരി റീജന്റ് ഏര്‍പ്പാട്. ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നാല്‍ ഭരണം ആ മക്കളിലാരെയെങ്കിലും തിരിച്ചേല്‍പ്പിക്കുമെന്നല്ലേ നമ്മള്‍ പ്രതീക്ഷിക്കുക? പോരാത്തതിന് ഒന്നും രണ്ടുമല്ല നൂറ്റിയൊന്നുപേരായിരുന്നു ചേട്ടന്‍ രാജാവിന് ആണ്മക്കള്‍ (‘കാന്താരിയുടെ വക നൂറാണും ദുശ്ശളയും, പിന്നെ ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 101’ എന്ന് വെട്ടം മാണിഗ്രൂപ്പു നോക്കി ദേവന്‍. കാന്താരി - അവരല്ലേ അണ്ണാ പാതിവ്രത്യത്തിന്റെ മുഴുത്തിങ്കള്‍!). അനിയന് പഞ്ചപാണ്ഡവന്മാര് കട്ടില്‍ക്കാല് പോലെ മൂന്ന് എന്ന് പറഞ്ഞിട്ട് ‘2’ എന്ന് കയ്യോണ്ട് കാണിച്ചട്ട് ‘1’ എന്നെഴുതിക്കാണിച്ചപോലെ അഞ്ച് പേര്. അഞ്ചുപേര്‍ക്കും അഞ്ച് വ്യത്യസ്ത അച്ഛന്മാര്! (ഒരാള് പോലും അനിയന്റെയല്ലെന്നാണറിവ്). കാലം പോയപ്പോള്‍ ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നു. രാജ്യം ന്യായമായും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായി. അപ്പൊ ഈ അഞ്ചുപേരും എന്തുചെയ്തു? ഒരു തരത്തിലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്തവരെങ്കിലും തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി. എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം. ചെക്കന്മാരെ (പാവര്‍ട്ടി സെന്റ് ജോസഫില്) തല്ലൂട്ടം പഠിപ്പിച്ച മാഷ്മ്മാരൊക്കെ വെല്ലിച്ഛന്റെ മക്കടെ സെറ്റായിരുന്നു. പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു. എന്നട്ടും മറ്റം സെന്റ് ഫ്രാന്‍സിസ് (കൊള്ളിപറി മറ്റം എന്നും ചില രേഖകളില്‍ കാണാം) സ്ക്കൂള്‍ ഗ്രൌണ്ടില്‍ നടന്ന അടികലശലില്‍ (കുന്നംകുളങ്ങര അങ്ങാടീല് അച്ചു മൂത്താനും വേറോതോ കക്ഷിയും തമ്മില്‍ നടന്ന മട്ട്) ജയിച്ചത് അഞ്ചു സഹോദരര്‍.

ഇതൊക്കെ കേള്‍ക്കുമ്പൊ ചെലപ്പൊ ചിരീം വരാറില്ല. എല്ലാടത്തും ഒരു മാച്ച് ഫിക്സിംഗിന്റെ മണം. അംബാനി സഹോദരരേയും മഹാജന്‍ ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ (fratricides) തന്നെ. ഗോലിയാത്തിന്റെം സിംഹത്തിന്റെം സിംഹളരാജന്റെം മുയലിന്റെം കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.

വേറൊരു ചാന്‍സും ഞാന്‍ കാണുന്നു. ഈ കഥകളെല്ലാം എഴുതിയവരും നമ്മള്‍ വായനക്കാരെപ്പോലെ ദുര്‍ബലരായിരിക്കും. ദുര്‍ബലരും ശക്തരും തമ്മില്‍ യുദ്ധം ചെയ്താല്‍ ഒരിക്കലുമതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും എല്ലാം വാക്കോവറുകളായിരിക്കുമെന്നും എല്ലാര്‍ക്കും അറിയാം. എന്നാലും ദുര്‍ബലര്‍ ജയിച്ചു എന്ന് ചുമ്മാ കഥയിലെങ്കിലും പറഞ്ഞൊരു കോമ്പ്ലക്സ് തീര്‍ക്കല്‍? വായനക്കാര്‍ മാത്രമല്ല എക്കാലത്തെയും മനുഷ്യജീവികളില്‍ നൂറില്‍ തൊണ്ണൂറ്റിഒമ്പതേമുക്കാലും ദുര്‍ബലരാണെന്ന സത്യം മനസില്ലാക്കിയ ബുദ്ധികൂര്‍മ്മത? മെലിഞ്ഞവരുടെ മനശ്ശാസ്ത്രം? ഫ്രോയിഡോ കേസരിയോ വിജയന്മാഷോ ഉണ്ടായിരുന്നെങ്കി ചോദിക്കാമായിരുന്നു ഇതിന്റെ മനോനില. എലിയ്ക്ക് വിഷം വെയ്ക്കുമ്പോഴും ജെറിയെയും മിക്കിയേയും സ്നേഹിക്കുന്നതിലെ ഹിപ്പൊപ്പൊട്ടാമന്‍ ഹിപ്പൊക്രേസി!

Monday, August 27, 2007

ദേവന്മാരുടെ വിമോചനസമരം


ഓണം ഒരര്‍ത്ഥത്തില്‍ കരിദിനമാണ്. നേരാംവണ്ണം ഭരിച്ചിരുന്ന മാവേലിമന്ത്രിസഭയെ മറിച്ചിട്ട ദേവന്മാരുടെ വിമോചനസമരത്തിന്റെ ഓര്‍മയെ ആര്‍പ്പുവിളിച്ച് പരിഹസിക്കുന്ന ഒരു പ്രതിഷേധദിനം. ആ അര്‍ത്ഥത്തില്‍ ഇതൊരു സവര്‍ണ ഹൈന്ദവ ആഘോഷമാണെന്നല്ല, ഹൈന്ദവ ആഘോഷം പോലുമല്ല. എന്നല്ല, സത്യത്തില്‍ ഇതൊരു ഹൈന്ദവ വിരുദ്ധ ഉത്സവം കൂടിയാണ്. ഒരു യഥാര്‍ത്ഥ ദ്രാവിഡ ഉത്സവം. ഓണം ഒരു സവര്‍ണ ഹൈന്ദവ ഉത്സവമാണെന്നും മറ്റും വാദിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ കഴിഞ്ഞ ഓണത്തിനു മുമ്പ് മാര്‍ക്കറ്റിലിറക്കിയ പുകിലുകള്‍ ഓര്‍ക്കുമല്ലോ. ഇവരൊക്കെ ഏതു നാട്ടുകാരാണ്? ആരെ പ്രകോപിപ്പിക്കാനാണ് ഇവരുടെ വാദങ്ങള്‍? ഏതുത്സവമാണ് ഇവര്‍ക്കാഘോഷിക്കേണ്ടത്? ഏതാണ് ഇവരുടെ മാതൃകാറിപ്പബ്ലിക്ക്? കെ ഇ എന്‍ ഇപ്പോള്‍ യൂഏഈയിലുണ്ട്. കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചു - ഫുജൈറയിലെ കൈരളി എന്ന സംഘടനയുടെ ഓണാഘോഷം കെ ഇ എന്‍ ഉദ്ഘാടനം ചെയ്തെന്ന്. എന്താണിതിനര്‍ത്ഥം - കെ ഇ എന്നിന്റെ തെറ്റിദ്ധാരണ നീങ്ങിയോ? ഐതിഹ്യങ്ങള്‍ എന്തായാലും ഓണം സെക്കുലറായിക്കഴിഞ്ഞു. കമേഴ്സ്യലൈസേഷന്‍ - അത് എല്ലാ മേഖലകളിലും വന്നു. അത് ഓണത്തിന്റെ കുറ്റമല്ല. ഓണത്തിന് വന്നുപെട്ട എല്ലാ കമ്പോളവത്കരണങ്ങളുടേയും ഉള്ളില്‍ അതിന്റെ ആസുര രാഷ് ട്രീയം അമര്‍ന്നുപോയതാണ്. അത് പുറത്തെടുക്കുവാന്‍ കഴിവില്ലെങ്കില്‍ അതിനെപ്പറ്റി തെറ്റിദ്ധാരണ പരത്താതിരിക്കാനെങ്കിലും കുഞ്ഞുമനസ്സുള്ളവരും ബാലമനസ്സുള്ളവരും ശ്രമിക്കണം.
Related Posts with Thumbnails