Friday, December 31, 2010

വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കാതിരിക്കുമ്പോള്‍

ഇതായിരുന്നില്ല ആ പാലം എങ്കിലും
തോടിന്റെ അപ്പുറത്താണ് രഘുവിന്റെ വീട് - പട്ടത്ത്. തോടിനു കുറുകെ തെങ്ങുമ്പാലം.സാധാരണ ഒറ്റത്തടിയായിരിക്കും. പാലത്തിന് സമാന്തരമായി ആളുയരത്തില്‍ ഒരു കമ്പിയും വലിച്ചു കെട്ടും. അതില്‍ പിടിച്ചാണ് ബാലന്‍സ് തെറ്റാതെ പാലം കടക്കുന്നത്.എപ്പളോ ഒരിയ്ക്കല്‍ ഇരട്ടത്തടിയുണ്ടായിരുന്നു. ഇടിവെട്ട് അധികമുണ്ടായ ഏതോ തുലാവര്‍ഷക്കാലത്തിന് പിന്നാലെയായിരുന്നെന്നു തോന്നുന്നു അങ്ങനെ ഒരാഢംബരം. അല്ലങ്കില്‍ ആരാ രണ്ടു തടി ഇടുക? തെങ്ങുന്തടിയ്ക്ക് എന്താ വെല എന്നു വിചാരിച്ചിട്ടാ?ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയുടെ മിടുക്കന്‍ കാലത്ത് വെട്ടിയുണ്ടാക്കിയതാണ് കൊച്ചിയിലെ ഉള്‍നാടന്‍ തോടുകള്‍ എന്ന് കേട്ടിട്ടുണ്ട്. ഒരു തെങ്ങിന്റെ ഉയരത്തേക്കാള്‍ വീതി പല തോടുകള്‍ക്കും ഇല്ല. സുലഭമായ തെങ്ങുകള്‍ കൊണ്ട് പാലമിടാനുള്ള സൌകര്യം കണക്കിലെടുത്തായിരിക്കണം അത്.സ്കൂളുള്ള ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഒരിയ്ക്കലും ഒഴിവുദിവസങ്ങളില്‍ പല തവണയും പാലം കടന്ന് ഞങ്ങളിലാരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ കളിയ്ക്കാനോടും. അങ്ങനെയുള്ള ആ കുട്ടിക്കാലത്തു തന്ന പട്ടത്തെ പറമ്പിലെ രണ്ട് വലിയ സര്‍പ്പക്കാവുകള്‍ പരിചയമായി. അതിലൊരെണ്ണം തോടിനോട് ചേര്‍ന്ന്, ഞങ്ങളുടെ വീടിനോട് വളരെ അടുത്തായിരുന്നു. എന്നും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി കാട്ടുമ്പോള്‍, അസ്ഥിത്തറയിലും തുളസിത്തറയിലും വിളക്കുവെച്ചു കഴിഞ്ഞാല്‍ തോടിനപ്പുറത്തെ സര്‍പ്പക്കാവ് നോക്കി വിളക്കുയര്‍ത്തിക്കാട്ടി അച്ഛമ്മ വിളിക്കും - സര്‍പ്പത്താമ്മാരേ... ഞങ്ങളുടെ പറമ്പില്‍ സര്‍പ്പക്കാട് ഇല്ലായിരുന്നു.പട്ടത്തെ പറമ്പില്‍ എവിടെ വേണമെങ്കിലും കളിയ്ക്കാമായിരുന്നു. പക്ഷേ സര്‍പ്പത്തിന്റെയടുത്തേയ്ക്ക് മാത്രം പൊയ്ക്കൂടാ. എന്നാലും ലോകം മുഴുവന്‍ നിശബ്ദമായി മയങ്ങുന്ന ഉച്ചത്തെ ചില രണ്ടേമുക്കാല്‍ നേരങ്ങളില്‍ അതിനടുത്തേയ്ക്ക് ഞങ്ങള്‍ നടന്നുചെന്നു. ഇല്ല, ഒരിയ്ക്കലും ഒരു പാമ്പിനെ കണ്ടിട്ടില്ല. എങ്കിലും രണ്ടാള്‍ ഉയരത്തിലുള്ള വലിയ ചിതല്‍പ്പുറ്റുകളും അപരിചിതമായ മരങ്ങള്‍ കൂട്ടം കൂടി നിന്നുണ്ടാക്കുന്ന കടും പച്ച  ഇരുട്ടും തണുപ്പും മൂലം ബഹുമാനം കലര്‍ന്ന ഒരു ഭയം എപ്പോളും തോന്നിയിരുന്നു. 


സര്‍പ്പത്താമ്മാരെപ്പറ്റി രഘു പല കഥകളും പറഞ്ഞിരുന്നു. അതിലൊരെണ്ണം ഇപ്പോളും 
ഓര്‍മയുണ്ട്‌. സര്‍പ്പത്തിന്‍റെ  നടുവില്‍  വലിയൊരു കറുവമരമുണ്ട്. കറുക എന്നാണ് അന്ന് പറഞ്ഞിരുന്നത്. അതിന്റെ അച്ചടിപ്പേര് ഇലവര്‍ങ്ഗം - cinnamon
- എന്നാണെന്നും കറുവപ്പട്ട എന്നാണ് അതിന്റെ സ്പൈസി തോല്‍ അറിയപ്പെടുന്നതെന്നും പിന്നീട് അറിഞ്ഞത് നാടന്‍വാക്കുകളില്‍ നിന്നും പൊതുമലയാളത്തിലേയ്ക്കുള്ള അധഃപതനമായാണ് കാണുന്നത്. ഇപ്പോള്‍ കറുക എന്നെഴുതാന്‍ ധൈര്യം പോര. അങ്ങനെ എഴുതിയാല്‍ അതേ പേരുള്ള പുല്ലുമായി വായിക്കുന്നവര്‍ കണ്‍ഫ്യൂസ്ഡ് ആകുമോ എന്നു ഭയം. കൊള്ളി, കിഴങ്ങ്, ചീനി, പൂളയെ കപ്പ കപ്പ എന്നു മാത്രം വിളിക്കുന്ന മലയാളിവത്കരണത്തിന്‍റെ ഭാഗമായുണ്ടായ പതനം.]സര്‍പ്പക്കാടിന്റെയുള്ളിലെ കറുവയായതുകൊണ്ട് അതിന്റെ തൊലി ഉപയോഗിക്കാനെടുത്തിരുന്നില്ല. അതിന്‍റെ താഴ്ന്ന കൊമ്പുകളില്‍  നിന്നും ഇലകള്‍ പറിച്ചു തിന്നാന്‍ കൊതിയ്ക്കുമ്പോളൊക്കെയും രഘു വിലക്കിയിരുന്നത് ആ കഥ പറഞ്ഞിട്ടായിരുന്നു. ഒരു രാത്രി കള്ളന്‍ വന്ന്  ആ വലിയ കറുകയുടെ തൊലി മുഴുവന്‍ ഉരിഞ്ഞുകൊണ്ടു പോയെന്ന്. പക്ഷേ പിറ്റേന്ന് ഉച്ചയാകും മുമ്പ് തോളത്ത് ആ കറുവപ്പട്ട ചാക്കും ചുമന്നു കരഞ്ഞുവിളിച്ച് അയാള്‍ വന്നുപോലും. അയാള്‍ക്ക് സഹിക്ക വയ്യാത്ത മേലുവേദനയായിരുന്നുവത്രെ. കട്ട മുതലിനെപ്പറ്റി ആരോടോ പറഞ്ഞപ്പോള്‍ ഓടിച്ചെന്നു സര്‍പ്പത്താന്‍മാരോട്  മാപ്പു പറയാന്‍ അഡ്വൈസ് കിട്ടിയതു കേട്ടാണ് അയാള്‍ വന്നിരിക്കുന്നത്. അയാള്‍ ആ ചാക്ക് സര്‍പ്പത്താന്‍മാര്‍ക്ക്  വിളക്കു കത്തിയ്ക്കാന്‍ നാട്ടിയിരിക്കുന്ന വെട്ടുകല്ലിനടുത്തു വെച്ച് അവിടെ മണ്ണില്‍ കമിഴ്ന്നടിച്ചു വീണ്  പ്രാര്‍ത്ഥിച്ചു. വിളക്കു വെയ്ക്കാന്‍ എണ്ണ വാങ്ങാന്‍ പൈസയും കൊടുത്ത് രഘുവിന്റെ വീട്ടുകാരോടും മാപ്പു പറഞ്ഞ് കരഞ്ഞപ്പോള്‍ മാത്രമാണ് മേലുവേദന പോയത് എന്നാണ് രഘു പറഞ്ഞിരുന്ന കഥ. അത് ശരിയായിരുന്നോ എന്തൊ, എന്തായാലും ഞാനും ജയപാലനും അതു വിശ്വസിച്ചു. ആ കറുകയിലകളുടെ എരിയുന്ന മധുരം മുഴുവന്‍ ഒരു രുചിമുകുളങ്ങളെയും ത്രസിപ്പിക്കാതെ ഉണങ്ങി വീണു പൊയ്ക്കൊണ്ടിരുന്നു. 

വൈലോപ്പിള്ളി
അല്ലങ്കിലും കറുകയിലകളുടെ മധുരം മനുഷ്യനെ മധുരിപ്പിക്കാനുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? അതുപോലെ പാമ്പുകളുടെ വിഷം മനുഷ്യരെ ദ്രോഹിക്കാനാണുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? മാങ്ങാണ്ടി മുളയ്ക്കാന്‍ പാകമാവുമ്പോള്‍ അതിന്റെ  ചുറ്റുമുള്ള ‘മാംസ’ത്തിന് മധുരം വെയ്ക്കുന്നത്, ഒരമ്മ പറക്ക മുറ്റും വരെ കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നതുപോലെ, ആ മാവ് തന്റെ വിത്തിനെ തീറ്റിപ്പോറ്റുന്നതിന്റെ സ്വീറ്റ് ക്ലൈമാക്സാണ്, മധുരം കൊടുത്ത് യാത്രയയക്കലാണ്. അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം... എന്നെഴുതിയത് വൈലോപ്പിള്ളിയാണ്.

പ്രീഡിഗ്രിയ്ക്കു പഠിച്ച മലയാളം ടെക്സ്റ്റിലായിരുന്നു വൈലോപ്പിള്ളിയുടെ സര്‍പ്പക്കാട് എന്ന മറ്റൊരു പ്രസിദ്ധ കവിത വായിച്ചത്. രാമായണം കത്തിയ്ക്കണമെന്ന് കേശവദേവ്  പറഞ്ഞപോലൊരു കത്തിയ്ക്കല്‍ . അന്ധവിശ്വാസത്തിന്റെ  സര്‍പ്പക്കാടിന് കവി തീയിടുന്നു. രഘുവിന്‍റെ പറമ്പില്‍  പാമ്പുകളെയൊന്നും കണ്ടിരുന്നില്ല  എന്നു പറഞ്ഞില്ലേ, അതുപോലെ തന്നെയായിരുന്നു ഏറെ അകലെയല്ലാത്ത വൈലോപ്പിള്ളിയുടെ കലൂരിലെയും അനുഭവം. ഒരു പാമ്പിനെയും കണ്ടില്ല.  ഒരു മഞ്ഞച്ചേര മാത്രം ഇഴഞ്ഞു മറഞ്ഞു. ചേര എലിയെ പിടിയ്ക്കുമെന്ന കഥ അവിടെ നില്‍ക്കട്ടെ. എലിയ്ക്കും വേണം ജീവിയ്ക്കല്‍.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച മയിസ്രേട്ടേമ്മാന്‍ വീട്ടിപ്പോയി കുളിച്ച് ടീവി കണ്ടു രാത്രി ഡിന്നറിന് ചപ്പാത്തീടൊപ്പം മട്ടന്‍ ചാപ്സ് കഴിയ്ക്കുമ്പോള്‍, ജീവന്‍റെ  പ്രൈസ് ടാഗ് പലതിനും പലതാണോ സര്‍ എന്നു
ചോദിയ്ക്കാതെങ്ങനെ?

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിനും ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍ക്കും മുമ്പ്, ഗ്രീന്‍പീസ് മസാലയ്ക്കും മുമ്പ്, എന്‍വയോണ്‍മെന്റലായി  ചില ആളുകള്‍ മെന്റലാവുന്നതിനും മുമ്പ്, അതിനെല്ലാം മുമ്പ് തുടങ്ങിയതല്ല്ലേ സര്‍ ഈ
ബഷീര്‍
സര്‍പ്പക്കാട് ബിസിനസ് എന്നു  മസ്ക്കറ്റ് മലയാളി സമാജത്തില്‍ പ്രസംഗിച്ചു. പീന്നീട് പ്രസംഗിച്ച ചിലമ്പ് നോവലിസ്റ്റും ഒമാനില്‍ ബിസിനസ്സുകാരനും കൊടുങ്ങല്ലൂര്‍ക്കാരനുമായ എന്‍. ടി. ബാലചന്ദ്രന്‍ പറഞ്ഞത്  കാടു വെട്ടി തെളിച്ച് കുടിയേറ്റം മുന്നറിയപ്പോള്‍ സര്‍പ്പശല്യം ഭീകരമാവുകയും അത് ഒഴിവാക്കാന്‍ വേണ്ടി  ഗതികേടു  കൊണ്ടു തുടങ്ങിയതാണ് സര്‍പ്പാരാധനയുടെ മറവിലുള്ള ഈ കാട് ബിസിനസ് എന്നുമാണ്. ഗതികേടെങ്കില്‍  ഗതികേട്, വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കുന്നതിനോളം വരുമോ മറ്റേതെങ്കിലും പരിസ്ഥിതിപ്രേമം? 

ഇതിനെ അനന്തം വാസുകീ ശേഷം പത്മനാഭശ്ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം നമഃ എന്ന ഒരു പ്രാര്‍ത്ഥനയുമായും കൂട്ടിക്കെണമെന്നില്ല.  ചൂടില്ലേ പന്നഗത്തെ, ശരി തവ കണവന്‍ പാമ്പിലല്ല കിടപ്പൂ എന്നു മുന്നേറുന്ന  ഉമാരമാസംവാദവും പഠിയ്ക്കണമെന്നില്ല. പശുവിന്‍ പാലിനോളം ക്രൂരമായ നോണ്‍-വെജ് സാധനമുണ്ടോ?  അതുകൊണ്ടല്ലേ  ഇപ്പോള്‍ വെജിറ്റേറിയന്‍സിനെ കടത്തിവെട്ടുന്ന വേഗന്‍സ് എന്നാരു വര്‍ഗം രൂപപ്പെട്ടിരിയ്ക്കുന്നത്? [ഡെയറി ഉത്പ്പന്നങ്ങള്‍ കൂടി ഉപേക്ഷിക്കുന്ന കടുംവെജ് ഫാന്‍സാണ് വേഗന്‍സ്].

ഭാര്യവീട്ടിലെ ഒരു തിരുവോണത്തിന് തൂശനിലയില്‍ ചിക്കന്‍ കറി, ചെമ്മീന്‍ കറി, ചാള വറുത്തത് എന്നിവയും ഉണ്ടായിരുന്നു . ഒന്നും ദഹിയ്ക്കാതിരുന്നില്ല.

ചിങ്ങമാസത്തില്‍  തന്നെയാണ്  നാഗപഞ്ചമി  എന്നു കേട്ടിരിക്കുന്നു. ഫാര്‍ ഈസ്റ്റില്‍  പാമ്പ് ഒരു സ്വാദിഷ്ട വിഭവമാണെന്നും കേട്ടിരിക്കുന്നു. നൂറും പാലും എന്ന വാര്‍ഷിക ചടങ്ങിന് അലങ്കരിക്കുന്ന കവുങ്ങിന്‍പൂക്കിലകളും വഴിപാടായി നിവേദിക്കുന്ന കരിക്കും പഴവും ഒരു സര്‍പ്പവും ഭക്ഷിക്കാറില്ലന്നും അറിവു വെച്ചിരിക്കുന്നു.

പുള്ളുവന്‍ പാട്ടുകാര്‍
രഘുവിന്റെ  രണ്ടു ചേച്ചിമാര്‍ ബാംഗ്ളൂരിലും ഒരാള്‍ ഈറോഡിലുമാണ്. ചേട്ടനും വേറൊരു ചേച്ചിയും ബോംബെയില്‍.  രഘു ഹൈദ്രാബാദില്‍ . അമ്മ അഞ്ചെട്ടു  കൊല്ലം മുമ്പ് മരിച്ചു പോയി. അച്ഛന്‍ ചേട്ടന്‍റെയൊപ്പം കല്യാണിലുണ്ട്.  പട്ടത്തെ വീട് അടച്ചിട്ടിരിക്കുന്നു. പോക്കുവരവിന് ആരുമില്ലാത്തതിനാല്‍  തോടിനു കുറുകെ തെങ്ങുമ്പാലമിടല്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പുരയ്ക്ക് കുറേശ്ശെ ചിതലുണ്ട്.  വല്ലപ്പോഴും ആരെങ്കിലും വരുമ്പോള്‍ മാത്രം അടിച്ചു തൊടയ്ക്കും. സര്‍പ്പത്തിന് വിളക്കില്ല. നൂറും പാലുമില്ല. കറുവപ്പട്ട മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ വരാറുണ്ടോ എന്നു ചോദിച്ചാല്‍  അതും അറിയില്ല. കാരണം ഞാന്‍ പന്ത്രണ്ട് വര്‍ഷമായി ദുബായിലാണല്ലാ. എങ്കിലും വെട്ടിത്തെളിയ്ക്കപ്പെട്ട ചില പറമ്പുകളെങ്കിലും കിളയും കാല്‍പ്പെരുമാറ്റവും തെങ്ങുകയറ്റവുമില്ലാതെ വീണ്ടും കാടുകയറുന്നു എന്ന് ഊഹിയ്ക്കാന്‍ പറ്റുന്നുണ്ട് . ഭൂമിയുടെ അവകാശികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിയ്ക്കാതിരിക്കുമോ?Monday, December 27, 2010

അനീതിസാരം 

Thursday, December 9, 2010

എന്തൊരു അനീതി

ഒന്ന് മരിക്കാൻ ഒരു പ്രാവശ്യം തീരുമാനിച്ചാൽ മതി.
ഒന്ന്  ജീവിക്കാൻ എത്ര പ്രാവശ്യം തീരുമാനിക്കണം.
എന്തൊരു അനീതി.

Tuesday, November 2, 2010

ഊച്ചാളി മലയാളി


സായിപ്പിന്റെ മലയാളം കേട്ടാൽ കൌതുകത്തോടെ ചിരിക്കും.
നഴ്സിന്റെ ഇംഗ്ലീഷ് കേട്ടാൽ പരിഹസിച്ച് ചിരിക്കും.
ഊച്ചാളി മലയാളി ഞാൻ.

Tuesday, July 20, 2010

മലയാളിയാകണമെങ്കില്‍ [മനുഷ്യനാകണമെങ്കിലും] ഗള്‍ഫുകാരനാകണ്ടേ?


 ഗള്‍ഫില്‍ വന്ന് കുറേക്കാലം ജീവിച്ചപ്പോളാണ് യഥാര്‍ത്ഥ മലയാളിയാകാന്‍ തുടങ്ങുന്നു എന്നൊരു വികാരം [വിചാരവും] എനിയ്ക്കുണ്ടായിത്തുടങ്ങിയത്. അല്ല, ഇവിടുത്തെ സാധാസീദാ ഓണാഘോഷങ്ങള്‍ കണ്ടിട്ടോ സാഹിത്യപ്രസംഗങ്ങള്‍ കേട്ടിട്ടോ അല്ല എന്റെയുള്ളില്‍ മലയാളിത്തം മുളച്ചത്. പിന്നെയോ, ഞാനെന്ന എറണാകുളത്തുകാരന്‍ കാസര്‍കോട്ടുകാരെയും കണ്ണൂര്‍ക്കാരെയും വടകരക്കാരെയും കോഴിക്കോട്ടുകാരെയും മലപ്പുറത്തുകാരെയും ചാവക്കാട്ടുകാരെയും മണപ്പുറത്തുകാരെയും കരുനാഗപ്പള്ളിക്കാരെയും കോതമംഗലത്തുകാരെയും കോട്ടയത്തുകാരെയും തിരുവല്ലക്കാരെയും ചെങ്ങന്നൂര്‍ മാവേലിക്കരക്കാരെയും വര്‍ക്കലക്കാരെയുമെല്ലാം അടുത്തു പരിചയപ്പെടുന്നതും അവരില്‍ പലരോടുമൊപ്പം ഒരേ മുറിയില്‍ ഉണ്ടുറങ്ങിയതും ഗള്‍ഫില്‍ വന്നതിനു ശേഷമാണ്. അതെ, അതിനു ശേഷമാണ്, അതിനു ശേഷം മാത്രമാണ്, മലയാളിയായി എന്നൊരു തോന്നല്‍ എനിയ്ക്കുണ്ടായത്. അതുവരെ നീണ്ടകരയിലെ മത്സ്യവ്യവസായം, കുട്ടനാട്ടെയും പാലക്കാട്ടെയും നെല്ലറകള്‍, കല്ലായിയിലെ തടിമില്ലുകള്‍, ഇടനാട് മലനാട് തീരപ്രദേശം എന്നെല്ലാം സാമൂഹ്യപാഠം ക്ലാസില്‍ പഠിച്ചതു മാത്രമേ ഉണ്ടായിരുന്നുള്ളു. നീണ്ടുമെലിഞ്ഞു കിടക്കുന്ന കേരളത്തില്‍, പലയിടങ്ങളിലായി, പല സംസ്കാരവിശേഷങ്ങളുമായി തലയും കയ്യും കാലും വാലും പോലെ വേറെ വേറെ കിടക്കുന്ന മലയാളിയെ ഒരുമിച്ചു ചേര്‍ക്കുന്ന ഭൂമിയിലെ ഒരേയൊരു ലാബാണ് ഗള്‍ഫ്.

ഇതുവായിച്ചാല്‍ ബോംബെ മലയാളികള്‍ എന്നോട് ചൂടാവാന്‍ വരുമെന്നെനിയ്ക്കറിയാം. ബോംബെയല്ലേ ആദ്യത്തെ  കേരളം എന്നവര്‍ ചോദിയ്ക്കും. സത്യത്തില്‍ ബോംബെ മലയാളികള്‍ തന്നെ പല തരമുണ്ട്. അവരില്‍ എല്ലാവരെയും കാണണമെങ്കിലും ഗള്‍ഫില്‍ വരണമെന്നതാണ് സത്യം. പല തലമുറകളില്‍പ്പെട്ട ബോംബെ മലയാളികള്‍ - കുറച്ചു കാലം ബോംബെയില്‍ ജീവിച്ചവര്‍, കൌമാരം കഴിഞ്ഞയുടന്‍ ബോംബെയില്‍ എത്തിപ്പെട്ടവര്‍, ബോംബെയില്‍ ജനിച്ചു വളര്‍ന്നവര്‍... അങ്ങനെ പല തരം. ഫോര്‍ട്ടിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അവര്‍ കാസര്‍കോട്ടുകാരെ കണ്ടിട്ടുണ്ടാവും. ഇലക്ട്രോണിക്സ് സാധനങ്ങളോ നാരിയലോ വില്‍ക്കുന്ന മലബാറികള്‍. അവരോട് മലയാളം പറഞ്ഞിട്ടുണ്ടോ? പറഞ്ഞാല്‍ അവര്‍  തിരിച്ചും മലയാളം പറയുമോ? ലോകത്ത് എവിടെപ്പോയാലും ചെങ്ങന്നൂര്‍ തിരുവല്ല മാവേലിക്കരക്കാരായ നഴ്സുമാരെ കാണാം. പക്ഷേ അടുത്ത ഫ്ലാറ്റില്‍ അവര്‍ കുടുംബമായി താമസിക്കുന്നതു കണ്ടിട്ടുണ്ടോ?

ഒരേ സാധനത്തിന് പല നാട്ടുകാരായ മലയാളികള്‍ പറയുന്ന പല പല രസികന്‍ വാക്കുകള്‍ കേട്ടിട്ടുണ്ടോ? ഉദാഹരണത്തിന് വവ്വാല്‍ എന്ന് ഇപ്പോള്‍ പൊതുവായി പറയുന്ന നരിച്ചീര്‍, ആവലുംജാതി, കടവാതില്‍ എന്ന കാരാടന്‍ ചാത്തനെ അറിയാമോ?  കാസര്‍കോട്ടു മാത്രം നിന്നുള്ള വാച്ച്മാന്മാരെ പരിചയമുണ്ടോ? കണ്ണൂര്‍ക്കാര്‍ക്കു പോലും മനസ്സിലാകാത്ത അവരുടെ മലയാളം പരിചയമുണ്ടോ? നാദാപുരകാര്‍ മാത്രം നടത്തുന്ന എണ്ണിയാലൊടുങ്ങാത്ത കഫ്റ്റീരിയകളിലൊന്നില്‍ കയറിയിട്ടുണ്ടോ? ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീണ്ടുകിടക്കുന്ന മണപ്പുറം എന്നറിയപ്പെടുന്ന പ്രദേശത്തെ ബിസിനസ് വിദഗ്ധരെ അറിയാമോ? വര്‍ക്കലയിലെ മിടുക്കന്മാരെ? നോണ്‍സ്റ്റോപ്പ് മലയാളം പറയുന്ന അങ്കമാലിക്കാരെ? ചില്ലക്ഷരം വേസ്റ്റാക്കാത്ത കൊച്ചിക്കാരെ? ഇല്ല, ഗള്‍ഫിലുള്ള മലയാളി ജീവിതത്തിന്റെ വൈവിധ്യവും കൂട്ടപ്പൊരിച്ചിലുമൊന്നും ബോംബെയിലും ഡെല്‍ഹിയിലുമില്ല. ഇവിടെ ഓരോ ബില്‍ഡിംഗും ഓഫീസും വില്ലമുറിയും കേരള നിയമസഭയാണ്. അല്ല, രാഷ്ട്രീയം പറഞ്ഞ് അടികൂടുന്ന കാര്യമല്ല പറയുന്നത്, പല നിയോജകമണ്ഡലങ്ങളില്‍ നിന്നും ആളുണ്ടാവുന്ന അവസ്ഥയാണ്.

അതിലും രസമാണ് ‘നിങ്ങള്‍‘ എന്ന വാക്കിന്റെ പ്രയോഗം. മലബാറുകാര്‍ക്ക് അത് ബഹുമാനം തുളുമ്പുന്ന വിളിയാണ്. ഭര്‍ത്താവിനെ മലബാറിസ്ത്രീകള്‍ അങ്ങനെയെ വിളിയ്ക്കൂ. [എന്റെ വില്യാപ്പള്ളിക്കാരന്‍ സഹപ്രവര്‍ത്തകന്‍ അസ് ലം ഞങ്ങളുടെ ഇടച്ചേരിക്കാരനായ അര്‍ബാബിനെ ‘നിങ്ങള്‍ നിങ്ങള്‍’ എന്നു വിളിയ്ക്കുമ്പോള്‍ എന്നിലെ കൊച്ചിക്കാരന് ആദ്യമാദ്യം അസ്വസ്ഥത തോന്നിയിരുന്നു.] ‘എന്നെ നിങ്ങള്‍ എന്നു വിളിയ്ക്കല്ലേ’ എന്ന് പട്ടാമ്പിക്കാരനായ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ എനിയ്ക്ക് ചിരി വന്നത് ആ അനുഭവം ഓര്‍ത്തിട്ടായിരുന്നു. ഭാരതപ്പുഴ കടന്ന് അധികമായിട്ടില്ല, അപ്പോളേയ്ക്കും ‘നിങ്ങള്‍’ ഹറാമാ‍യി! തെക്കോട്ട് പോയാല്‍ പരാജയപ്പെട്ട ദാമ്പത്യത്തിലെ ഭാര്യമാര്‍ മാത്രമേ ഭര്‍ത്താവിനെ മുഖത്തുനോക്കി ‘നിങ്ങള്‍’ എന്നു വിളിയ്ക്കുകയുള്ളു [അല്ലെങ്കില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ :-)]. 

കേരളത്തനിമപോലെത്തന്നെ കാസര്‍കോട്തനിമയും പട്ടാമ്പിത്തനിമയുമെല്ലാം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. അല്ലാതെ പട്ടാമ്പിക്കാരനും ചാലക്കുടിക്കാരനും സിനിമ എഴുതിയാലും കഥാപാത്രങ്ങള്‍ വള്ളുവനാടന്‍ മലയാളം മാത്രം പറയുന്ന ഏര്‍പ്പാട് ആളെ ഊശിയാക്കുന്നതാണ്. സിംഗ് ള്‍ ഇന്‍ വെര്‍ട്ടഡ് കോമകളും ഫുട്നോട്ടുകളും ഇല്ലാതെ പല നാടന്‍ വാക്കുകളും പ്രയോഗിക്കാന്‍ കഴിയുന്ന ഒരു കാലം വേഗം ഇങ്ങു വരുമെന്നാണ് പതിനൊന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതം തരുന്ന കോണ്‍ഫിഡന്‍സുകളില്‍ ഒന്ന്. [കേരളം എന്നു പറഞ്ഞയുടന്‍ ഒരു കഥകളിത്തല കാട്ടുന്ന കോപ്രായത്തെ നോക്കി പരിഹാസച്ചിരി ചിരിയ്ക്കാന്‍ കഴിയുന്നതാണ് മറ്റൊരു കോണ്‍ഫിഡന്‍സ്.]

നാട്ടിലും ബോംബെയിലും ഡല്‍ഹിയിലും ജീവിച്ചിട്ടുള്ള ആളാണ് ഇതെഴുതുന്നത്. യാത്രകളിലൂടെ ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം നമ്മില്‍ പലരും കണ്ടുകാണും. അന്നാട്ടുകാരെ പരിചയവും കാണും. അവരില്‍ പലരോടുമൊപ്പം ജോലി ചെയ്യുകയോ കൂടെ താമസിക്കുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്തുകാണും. എന്നാല്‍ ഇത്രമാത്രം വൈവിധ്യ, ബാഹുല്യങ്ങളോടെ, ഇത്രമാത്രം നിത്യജീവിത സമ്പര്‍ക്കങ്ങളിലൂടെ, ദൈനംദിന ഇടപാടുകളിലൂടെ ‘കേരളം’ സംഭവിക്കുന്നത് കേരളത്തില്‍പ്പോലുമല്ല എന്നതല്ലേ സത്യം?

ഗള്‍ഫില്‍ വരികയും പ്രിയപ്പെട്ടവരെ പിരിഞ്ഞ് - In the Absence of their Men - ജീവിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞ അമ്പതോളം വര്‍ഷമായി ലക്ഷക്കണക്കിന് മലയാളികളുടെ വിധിയാണ്. അതില്‍ അടുത്ത കാലത്തൊന്നും വലിയൊരു മാറ്റമുണ്ടാകും എന്ന് പറയാന്‍ ധൈര്യമില്ല. അപ്പോള്‍ ആ വിധിയുമായി പൊരുത്തപ്പെടുന്നതായിരിക്കും ബുദ്ധി. കേരളത്തിന്റെ വൈവിധ്യം അനുഭവിച്ചറിയാന്‍ ഈ മണ്ണും ഈ കാലവും വിനിയോഗിക്കാം. മുളകിട്ടു മാത്രമല്ല മീന്‍ വെയ്ക്കുന്നത് എന്ന് മനസ്സിലാക്കാം. കുടമ്പുളി എന്നു കേള്‍ക്കുമ്പോള്‍ വായ പൊളിയ്ക്കാതിരിയ്ക്കാം. [കഴിയ്ക്കാന്‍ വേണ്ടി വായ പൊളിയ്ക്കാം]. കണ്ണൂര്‍ക്കാരുടെ തീര്‍ത്താല്‍ തീരാത്ത പാചകവിധികളിലൂടെ - Malabar Muslim Cookery - സഞ്ചരിയ്ക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ അച്ചടിച്ചു വിട്ട പാചകക്കുറിപ്പുകള്‍ മാത്രമല്ല കേരളം എന്നറിയാം. തിരുവിതാംകൂറുകാരുടെ അധ്വാനവും ബുദ്ധിയും സ്ഥിരോത്സാഹവും അറിയാനുള്ള ആഗ്രഹവും വളരാനുള്ള വൈഭവവും കണ്ടുപഠിച്ച് മാതൃകയാക്കാം. മണപ്പുറത്തുകാരുടെ ബിസിനസ് സീക്രട്ട് എന്താണെന്ന് അടുത്തറിയാം. ഇതിനെല്ലാം ഗള്‍ഫിലല്ലാതെ വേറെ എവിടെ അവസരം?

സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ക്ലാസില്‍ പഠിച്ച ഒരു സയന്‍സ്പാഠം ഓര്‍ക്കുന്നു. വെളുത്തനിറമുള്ള പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ പുറത്തുവരുന്നത് വെള്ളക്കാരനല്ല. പിന്നെയോ - മഴവില്ലിന്റെ ഏഴു നിറം. വിബ്ജിയോര്‍. മഴയും വെയിലും ഒരുമിച്ചുണ്ടാകുമ്പോള്‍ മാനത്തും മഴവില്ല് തെളിയും. സൂര്യകിരണങ്ങളാകുന്ന കൂരമ്പുകള്‍  മഴത്തുള്ളികളുടെ കുഞ്ഞുപ്രിസങ്ങളെ കീറി മുറിയ്ക്കുമ്പോള്‍ വരുന്ന ചോരയ്ക്ക് ഏഴു നിറം.  മഴയും വെയിലും ഒരുമിച്ച് വന്നാല്‍ കുറുക്കന്റെ കല്യാണം എന്ന് കുട്ടിക്കാലത്ത് പറയുമായിരുന്നു. അങ്ങനെ ജപ്പാനിലും പറയുമെന്ന് Akira Kurosawa യുടെ Dreams എന്ന ജാപ്പനീസ് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. ഗള്‍ഫില്‍ ജീവിയ്ക്കുന്നതുകൊണ്ട് കുറുക്കന്റെയല്ല മനുഷ്യന്മാര്ടെ കല്യാണത്തിനുപോലും കൂടാന്‍ പറ്റാറില്ല. എങ്കിലും മഴവില്ലിന്റെ ഭംഗി ഗള്‍ഫിലും കണ്ടിട്ടുണ്ട് പലവട്ടം. അവസാനം കണ്ടത് ദുബായ് എയര്‍പോര്‍ട്ടില്‍ ഒരാളെ നാട്ടിലേയ്ക്ക് യാത്രയാക്കി പാര്‍ക്കിംഗിലേയ്ക്ക് നടക്കുമ്പോള്‍ വന്ന വെയില്‍മഴയത്ത്. 

ഈ മഴവില്ലിന് ഒരു മറുവശമുണ്ടല്ലോ. കണ്ടിട്ടുണ്ടോ അത്? ഒരു കാര്‍ഡ്ബോര്‍ഡ് വട്ടത്തില്‍ മുറിച്ച് അതിനെ ഏഴ് തുല്യഭാഗങ്ങളായി വരച്ച് ഏഴ് നിറങ്ങള്‍ പൂശി ഒരു സ്റ്റാന്‍ഡില്‍ സ്ഥാപിച്ച് സ്പീഡില്‍ കറക്കി നോക്കുക. സ്പീഡില്‍ കറങ്ങുമ്പോള്‍ ഏഴു നിറങ്ങളല്ല കാണുക, തൂവെള്ളയായിരിക്കും. പ്രകാശത്തിന്റെ നിറം വെറും വെളുപ്പാണ് എന്ന് കാണിയ്ക്കാന്‍ സയന്‍സ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചു കണ്ടിട്ടുള്ള ഒരു സൂത്രമാണിത്. ഇതു തന്നെയാണ് ഗള്‍ഫിലും സംഭവിയ്ക്കുന്നത്. 

അതിനപ്പുറം, കാസര്‍കോട്ടുകാരനെ മലയാളിയാക്കുന്നതിനും മലയാളിയെ ഇന്ത്യക്കാരനാക്കുന്നതിനുമപ്പുറം, ഇന്ത്യക്കാരനെ മനുഷ്യനാക്കുന്ന ഒരു മായാജാലം കൂടി ഗള്‍ഫില്‍ സാധ്യമാവുന്നുണ്ട്. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ കാരനും ഒത്തൊരുമിച്ച് കഴിയുന്ന ഇടമല്ലേ ഗള്‍ഫ്? പണിയെടുത്താല്‍ ജീവിയ്ക്കാം, വിശന്നാല്‍ ഭക്ഷണമാണ് ആവശ്യം തുടങ്ങിയ വലിയ സത്യങ്ങള്‍ അനുഭവിപ്പിക്കുന്ന ഗള്‍ഫ് ജീവിതം. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ല എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. 

Monday, July 12, 2010

കുറത്തി

നിങ്ങളോര്‍ക്കുക
നിങ്ങളെങ്ങനെ
നിങ്ങളല്ലാതായെന്ന്.

Tuesday, May 25, 2010

ഭ്രൂണനാമകീര്‍ത്തനം

രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ!

Tuesday, May 4, 2010

കുളം കര കുളം കര

ചിലര്‍ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നുവെന്ന്
ഇപ്പോളും അജ്ഞാതം;
ചിലര്‍ ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന്
ഇപ്പോളും അജ്ഞാതമായിരിക്കുന്നതുപോലെ.

Friday, April 9, 2010

ഷവര്‍മകളുണ്ടായിരിക്കണം

കുറേനാള്‍ മുമ്പ് എന്റെ എന്‍73 നോകിയയില്‍ എടുത്ത ഒരു വിഡിയോയാണ് ഇതോടൊപ്പം. മലയാള ബ്ലോഗിംഗിന്റെ തല+ഹൃദയസ്ഥാനമായ യുഎഇയില്‍ പൊറുക്കുന്നവരേ, ഷവര്‍മ തിന്നുമ്പോളെങ്കിലും നിങ്ങള്‍ മലബാറി കഫ്തീരിയികളെ ഒഴിവാക്കണേ. ഇടയ്ക്ക്, പരീക്ഷണാര്‍ത്ഥമെങ്കിലും അല്‍ ഹലാബ് പോലുള്ള യഥാര്‍ത്ഥ അറബിക് റെസ്റ്റോറന്റുകളില്‍ നിന്ന് അതൊന്ന് തിന്നു നോക്കണേ. ഇത് വീണ്ടും പറയാനാണ് ഇത് വീണ്ടും ഗള്‍ഫ് മനോരമ ഓണ്‍ലൈനില്‍ പുന:പ്രസിദ്ധീകരിച്ചത്.

Tuesday, March 30, 2010

ഹാ! വിജിഗീഷു കോണ്‍ക്രീറ്റിനാമോ...

ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്നു ചോദിച്ചത് വൈലോപ്പിള്ളിയാണ്. Why Low Pilli? He was Always on His High! വിജിഗീഷു എന്നാല്‍ ‘ജയിക്കാന്‍ ആഗ്രഹമുള്ള’ എന്നാണര്‍ത്ഥമെന്ന് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള [ശബ്ദതാരാവലി].
പതിനൊന്നിലേറേ വര്‍ഷമായി എന്ന സഹിക്കുന്ന ദുബായ് നഗരത്തിലെ പ്രധാനമായും ഓഫീസുകള്‍ മാത്രമുള്ള ഏരിയയാണ് ഗര്‍ഹൂദ്. അവിടെ രണ്ടു കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള കോണ്‍ക്രീറ്റിട്ട ഭാഗത്ത് ഒരു ദിവസം കണ്ണില്‍പ്പെട്ട ഒരു തക്കാളിച്ചെടിയാണ് കന്നിക്കൊയ്ത്തിലെ ആ വരികള്‍ ഓര്‍മിപ്പിച്ചത്. കോണ്‍ക്രീറ്റിലാണ് നില്‍പ്പെങ്കിലും വെള്ളം കിട്ടാനും സ്കോപ്പില്ലാതിരുന്നിട്ടും അറബിസൂര്യന്റെ ക്രൂരതയ്ക്കു കീഴിലും ജീവിതത്തിന്റെ കൊടിപ്പടം ഉയര്‍ത്തിപ്പാറിപ്പിച്ചുകൊണ്ട് നിറയെ കായ്ച ഒരു തക്കാളിച്ചെടി. ഉയരത്തില്‍ പാറിച്ചു എന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവില്ലെന്നു മാത്രം.
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിയ്ക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിയ്ക്കിതുതാന്‍ സ്വഭാവമാം
എന്ന്‍ പത്താം ക്ലാസില്‍ പഠിച്ച ആറ്റൂരിന്റെ മലയാള ശാകുന്തളശ്ലോകം പോലെ, അര്‍ധവാര്‍ധ്യക്യം വന്നിട്ടും വലിയ മുലകളുള്ളതിനാല്‍ സുന്ദരിമാരും; കാണുന്നവരെ രസിപ്പിക്കും വിധം അനായാസം നടക്കാന്‍ വയ്യാത്തവരുമായ ചില സെമിഅമ്മൂമ്മമാരെപ്പോലെ ആ തക്കാളിച്ചെടി അതിനു കായ്ച്ച എല്ലാ കുഞ്ഞുങ്ങളേയും കോണ്‍ക്രീറ്റില്‍ കിടത്തി അമ്മിഞ്ഞകൊടുക്കുന്നു.
കുട്ടിക്കാലത്ത് വീട്ടിനകത്തും ചിലപ്പോള്‍ ഒളിച്ചുകളിയ്ക്കാറുള്ളപ്പോള്‍, ജയപാലന്റെ അമ്മൂമ്മ എപ്പോഴും ഒളിയ്ക്കുന്നവരുടെ സെറ്റിലായിരുന്നു. കട്ടിലിലിരുന്ന് നാലും കൂട്ടി മുറുക്കുകയാവും മിയ്ക്കവാറും. കട്ടിലിന്റെ ചോട്ടില്‍ ഞാനോ രഘുവോ ജയപാലനോ ഒളിച്ചിട്ടുണ്ടാവും. കള്ളന്‍ ആരായാലും [സ്വന്തം കൊച്ചുമകനാണെന്ന വാത്സല്യമൊന്നും ജയപാലനോടും ഇല്ല അപ്പോള്‍. അങ്ങനെ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇരിയ്ക്കുന്നത് കാണികളുടെ ഹൃദയത്തിലാണ് എന്ന് ആദ്യമായി പഠിപ്പിച്ച്] കള്ളന്‍ ആരായാലും ‘ഒളിച്ചാലും ഒളിച്ചില്ലെങ്കിലും വരാമ്പോണേ’ എന്നും പറഞ്ഞ് വരുമ്പോള്‍ ജയപാലന്റെ അമ്മൂമ്മ പറയും ‘അനങ്ങല്ലേ, അനങ്ങല്ലേ, നെലത്തോട് സമം’. അവരുടെ തലമുടി മുഴുവന്‍ വെള്ളിയായിരുന്നു. അതിലെ പേനുകള്‍ക്കും വെളുത്ത നിറമായിരുന്നു. പ്രകൃതി കൊടുത്ത കാമുഫ്ലാഷ് മെക്കാനിസമായിരിക്കണം അത്. വെളുത്ത പേന്‍... can you believe it?
അവര് പറഞ്ഞിരുന്ന പോലെ നാലഞ്ച് തക്കാളികള്‍ നെലത്തോട് സമം. കോണ്‍ക്രീറ്റിന്റെ അടിമക്കുട്ടികളാരാനും കണ്ടുപിടിയ്ക്കണ്ട എന്നു കരുതി ഒച്ചയുണ്ടാക്കാതെ, തലയുയര്‍ത്താതെ...
ശാകുന്തളത്തിന് ഒട്ടേറെ പരിഭാഷകള്‍ വന്നു മലയാളത്തില്‍. കേരളവര്‍മ വലിയ കോയിത്തമ്പുരാന്റേതായിരുന്നില്ലേ ആദ്യത്തേത്? ഒടുവില്‍ ഖണ്ഡ:ശ വായിച്ചത് ഭാഷാപോഷിണിയില്‍, തിരുനെല്ലൂരിന്റെ. അക്കൂട്ടത്തിലെ ഏറ്റവും മികച്ചത് ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടേതാണെന്നാണ് പറയപ്പെടുന്നത്. അത് യഥാര്‍ത്ഥത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്തുവെച്ചിരുന്ന പരിഭാഷയായിരുന്നെന്നും തമ്പുരാന്റെ മരണശേഷം ആറ്റൂരത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കയായിരുന്നെന്നും ആരോപണമുണ്ട്. മഹാപണ്ഡിതനായിരുന്നു ആറ്റൂര്‍. എന്നാല്‍ അതിനു മുന്‍പോ പിമ്പോ അത്ര ലളിത മധുര മനോഹരമായ കവിതയില്‍ ഒരു വരി പോലും എഴുതാത്ത ആള്‍. തമ്പുരാനോ, മനോഹര പരിഭാഷയോ കവിതയോ ആദ്യം എന്ന് അതിശയിപ്പിച്ച ആള്‍. തമ്പുരാന്‍ മഹാഭാരതം പരിഭാഷപ്പെടുത്തിയിരുന്ന കാലത്ത് കുശുമ്പിന് പേരു കേട്ട വള്ളത്തോള്‍ അതു കാണാന്‍ വന്ന ഒരു കഥയും കേട്ടിട്ടുണ്ട്. ഒരു പുസ്തകം നോക്കി മലയാളപരിഭാഷ പദ്യരൂപത്തില്‍ ചൊല്ലിക്കൊടുക്കുകയായിരുന്നത്രെ തമ്പുരാന്‍. നേരത്തേ എഴുതിവെച്ച പരിഭാഷയില്‍ നോക്കിച്ചൊല്ലുകയാണോ എന്ന ഭാവത്തില്‍ വള്ളത്തോള്‍ എത്തി നോക്കിയപ്പോള്‍ കുഞ്ഞിക്കുട്ടന്‍ പുസ്തകം തുറന്നു കാട്ടിയെന്നാണ് കഥ. ആ പുസ്തകം സാക്ഷാല്‍ മൂലമായിരുന്നത്രെ! അതില്‍ നോക്കി അപ്പപ്പോള്‍ പദ്യപരിഭാഷ ചൊല്ലിക്കൊടുത്തിരുന്ന മാജിക്. മേലൊക്കെ വായില്‍ നാക്കാം! അതില്‍ മുഴുവന്‍ സരസ്വതിയും.
കോണ്‍ക്രീറ്റില്‍, അടുത്തെങ്ങും ഒരടുക്കളയുടെ സാമീപ്യം ഓര്‍മിപ്പിക്കുന്ന ഒന്നും ഇല്ലായ്മയില്‍, എങ്ങനെ ഒരു തക്കാളിച്ചെടി മുളയ്ക്കും? എങ്ങനെ ഒരു വിത്ത് അതിജീവിക്കും? ഡിഗ്രിക്കാലത്ത് ഞാനെഴുതിയ രണ്ടു വരിയും ഓര്‍ത്തു: ഒരു കാക്ക കാഷ്ഠിച്ചൊരാലു മുളച്ചു. ആലിന്റെ കൊമ്പത്തിനായിരം കാക്ക. 
“ഒടുവില്‍ അസുഖം ഉണ്ടാകാന്‍ വേണ്ടി ഡെയ്ഞ്ചറസായ സുഖം ഞാനിനി കൊതിയ്ക്കുകയില്ല; ദു:ഖം അന്വേഷിച്ച് നമ്മളങ്ങോട്ട് ചെല്ലുകയാണെങ്കില്‍ ദുര്‍വിധിയ്ക്ക് നമ്മളോടുള്ള ഈര്‍ഷ്യ ഇല്ലാതാവും” എന്ന് അര്‍ത്ഥമുള്ള ഒരു ശ്ലോകമുണ്ട് കുമാ‍രനാശാന്റേതായി.
[വിനയാര്‍ന്ന സുഖം കൊതിയ്ക്കയി-
ല്ലിനിമേല്‍ ഞാനസുഖം വരിയ്ക്കുവാന്‍.
മനമല്ലല്‍ കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വിധി.]
മിടുക്കിയായ ആ തക്കാളിച്ചെടിയുടെ അവസ്ഥ അതിന്റെ നേരെ  ഓപ്പോസിറ്റായിരുന്നുവെന്നു തോന്നുന്നു. ഡെയ്ഞ്ചറസായിരുന്നു അതിന്റെ മുളയ്ക്കാനുള്ള കൊതി. എങ്കിലും അത് സുഖമാണ് കൊതിച്ചതെന്നു പറയാന്‍ വയ്യ. ചുട്ടുപഴുത്ത കോണ്‍ക്രീറ്റിലും ജനിയ്ക്കുക, ജീവിച്ചിരിയ്ക്കുക, ജീവന്റെ കൊടി കൈമാറുക... അതെ, സര്‍വൈവലായിരുന്നു അതിന്റെ അവകാശം. അത് അല്ലല്‍ കൊതിച്ചു ചെന്നില്ല. കിട്ടിയതോ, അല്ലല്‍ മാത്രവും. ദുര്‍വിധി ഈര്‍ഷ്യ കൈവിട്ടുവോ? അറിയില്ല. 
പിറന്ന നാടിനേയും ഉറ്റവരേയും പിരിഞ്ഞുള്ള മണല്‍ക്കാട്ടിലെ ഉണക്കജീവിതത്തിലും പ്രസാദം പരത്തുന്ന പുഞ്ചിരിയോടെ ജീവിയ്ക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ആ തക്കാളിച്ചെടിയെ വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു.

Sunday, March 21, 2010

തലച്ചോറ്

ആമയായിരുന്നെങ്കില്‍

ഉള്ളിലേയ്ക്ക് വലിയ്ക്കാമായിരുന്നു.
ഒട്ടകപ്പക്ഷിയായിരുന്നെങ്കില്‍
മണ്ണില്‍ പൂഴ്ത്താമായിരുന്നു.
ധൈര്യമുണ്ടായിരുന്നെങ്കില്‍
പാളത്തില്‍ വെയ്ക്കാമായിരുന്നു.
തിന്നുമെന്നുറപ്പുണ്ടെങ്കില്‍
കാക്കകള്‍ക്ക് കൊടുക്കാമായിരുന്നു.
വെന്തുകഴിഞ്ഞു.
കൂടെ ഒരു ചമ്മന്തി പോലുമില്ല.
എന്തു ചെയ്യും സര്‍ ഈ മണ്‍കലം?

Wednesday, January 27, 2010

കൊതുകിനെ പരിഹസിക്കണ്ട

ചോരയുള്ളൊരകിടിന്‍ ചുവട്ടിലും
പാലു തന്നെ മനുജന്നു കൌതുകം

Saturday, January 16, 2010

ചിന്താവിഷ്ടയായ മണ്ഡോദരി

മലയാളം വാരികയില്‍ വന്ന പുതിയ കവിത. ഡബ്ള്‍ ക്ലിക്കിയാല്‍ വലുതാകും.

Saturday, January 2, 2010

ഇടതുവശം തളര്‍ന്നയാള്‍ ഫുട്ബോള്‍ കളിക്കുന്നതെങ്ങനെ?

ഫുട്ബോള്‍ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.

ശരീരത്തിലും മനസ്സിലും സോ കാള്‍ഡ് ആണത്തത്തിന്റെ കുറവ് കൂടുതലായതുകൊണ്ട് എനിക്കൊരിക്കലും ഫുട്ബോളിനോട് കമ്പം തോന്നിയിട്ടില്ല. [ഉള്ള ഇത്തിരി ആണത്തമാകട്ടെ ചീത്ത Cholesterolന്റെ കാര്യം പറഞ്ഞ പോലാ - "സ്ത്രീകളുമായി ബന്ധം സാധ്യമല്ല, ബന്ധപ്പെടലേ സാധ്യമുള്ളൂ" എന്നൊക്കെ എഴുതിപ്പോവുന്ന തരം ചീപ്പ് ആണത്തം. മുഖമടച്ച് ഒന്ന് കിട്ടിയാല്‍ പുഴുക്കുത്തി അടച്ച രണ്ട് അണപ്പല്ലുകോളോടൊപ്പം കൊഴിഞ്ഞുപോകാവുന്നതേയുള്ളു അതും].

ഇനി ഒരു ക്രിക്കറ്റ്ഭ്രാന്തനാണ് എന്ന സത്യം തുറന്ന് പറഞ്ഞാലോ, ആളുകള്‍ തെറ്റിദ്ധരിക്കയും ചെയ്യും. 1980—കളുടെ അവസാനത്തില്‍ കളിഭ്രാന്തു പിടിപെട്ട പുത്തങ്കൂറ്റ് ക്രിക്കറ്റ് പ്രേമികളുടെ കൂടെക്കൂട്ടിയാല്‍ 'ആണും പെണ്ണും കെട്ടവനേ' എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ അപമാനം തോന്നും. അയ്യോ, പുത്തങ്കൂറ്റ് ക്രിക്കറ്റ്പ്രേമികള്‍ ആണും പെണ്ണും കെട്ടവരാണ് എന്നല്ല കെട്ടൊ ഇതിനര്‍ത്ഥം. അവര് നല്ല ക്രിക്കറ്റ് പ്രേമികള്‍ തന്നെ. പക്ഷേ എഴുപതുകളില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദിനപത്രങ്ങളുടേയും ട്രാന്‍സിസ്റ്റര്‍ റേഡിയോയുടേയും കാലത്ത്, തെങ്ങിന്റെ കവളമ്മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റുകൊണ്ട്, ടെന്നീസ് ബോളുകൊണ്ടല്ല, അഞ്ചര ഔണ്‍സ് തൂക്കമുള്ള കോര്‍ക്കിന്റെയും ലെതറിന്റെയും സാക്ഷാല്‍ ക്രിക്കറ്റ് ബോളുകള്‍ കൊണ്ട് കളിച്ചു തുടങ്ങിയതായതുകൊണ്ട്, ക്രിക്കറ്റ് ഐക്യുവും ഈക്യുവും ലേശം കൂടുതാലായിപ്പോയതിന്റെ ഈഗോപാലകൃഷ്ണമേനോന്‍. ഷെമിച്ചു ബേഗലു.

മാറ്റപ്പാടം എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ സ്ക്കൂള്‍ ഗ്രൌണ്ടില്‍ ഞങ്ങളുടെ സ്ക്കൂള്‍ വേന‍ക്കാലത്ത് മിനര്‍വ ക്ലബ്ബുകാരുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് പതിവുണ്ടായിരുന്നു. ചേന്ദമംഗലം മിനര്‍വ, ചേന്ദമംഗലത്തു തന്നെയുള്ള കിഴക്കുമ്പുറത്തുകാരുടെ ബ്ലൂ സ്റ്റാര്‍ [മിനര്‍വയില്‍ ഏതാണ്ട് മുഴുവനും നായമ്മാരായിരുന്നുവെന്നും ചേന്ദമംഗലത്തിന്റെ വിമതജഴ്സിയണിഞ്ഞ ബ്ലൂ സ്റ്റാറില്‍ നിറയെ അവര്‍ണരായിരുന്നെന്നും സ്ഥലകാലങ്ങളുടെ അകല്‍ച്ച സാധ്യമാക്കുന്ന സുരക്ഷിതത്വത്തിലും യാഥാര്‍ത്ഥ്യബോധത്തിലുമിരുന്ന് ഇന്ന് പറയാന്‍ പറ്റും], പറവൂര്‍ പാന്തേഴ്സ് [എല്ലാ കഥയിലും ഉണ്ടാകുമല്ലൊ ഒരു കര്‍ണന്‍. ചേന്ദമംഗലം എല്‍.പി. സ്കൂളിനോട് ചേര്‍ന്ന വീട്ടുകാരനാണെങ്കിലും അടുത്ത ടൌണായ പറവൂരെ ഏതോ ഡെയറിയിലായിരുന്നു ജോലി എന്നതുകൊണ്ട് പാന്തേഴ്സിനു വേണ്ടിയായിരുന്നു ശിവങ്കുട്ടി കളിച്ചത്], ആലുവ ലക്കി സ്റ്റാര്‍, ആലുവ ജി.ടി.എന്‍ ടെക്സ്റ്റയിത്സ്, കറുകുറ്റി പ്രീമിയര്‍ കേബിള്‍സ്, ശ്രീമൂലനഗരത്തെയും ഓച്ചന്തുരുത്തിലെയുമെല്ലാം ഏതോ ക്ലബ്ബുകള്‍... അഞ്ചാം ക്ലാസിലെത്തും മുമ്പേ ഫിക്സ്ചര്‍ എന്ന വാക്കു പഠിച്ചതിന് എന്റെ പേരില്‍ കുറ്റമില്ല വണ്‍ ടൂ ത്രീ. പ്രീമിയര്‍ കേബിള്‍സായിരുന്നു സ്ഥിരം വിന്നര്‍. ലക്കിസ്റ്റാറായിരുന്നു പലപ്പോഴും റണ്ണറപ്പ്.

പട്യാല എന്നും വിളിപ്പേരുണ്ടായിരുന്ന കേബിള്‍സിന്റെ പട്ടി മത്തായിയായിരുന്നു എല്ലാവരാലും വെറുക്കപ്പെട്ട നമ്പര്‍ വണ്‍ ഹീറോ [നമ്പര്‍ ടൂവിനെ ദൂരദര്‍ശിനി വെച്ച് നോക്കണം. ആരായിരുന്നൊ ആവോ!]. മാറ്റപ്പാടത്തിന്റെ ഒരറ്റത്തു നിന്ന് അയാള്‍ അടിയ്ക്കുന്ന അടികള്‍ ചിലപ്പോള്‍ ഇപ്പുറത്ത് ഔട്ടും കടന്ന് പോയി! അയാളുടെ ചില ഗോളുകള്‍ വല തകര്‍ക്കുമെന്ന് തോന്നി. അയാള്‍ ബോളും കൊണ്ട് കേറി വരുമ്പോള്‍ ഇപ്പുറത്ത് ഗോളി നിന്നിരുന്ന ഏത് ഹിഗ്വിറ്റയ്ക്കും മൂത്രം ഉറഞ്ഞുപൊയ്ക്കാണുമെന്നുറപ്പ്. ഒരിയ്ക്കല്‍ അയാളടിച്ച ബോള്‍ ചെന്നു കൊണ്ട് മിനര്‍വയുടെ ഒരേയൊരു സ്റ്റാര്‍ പ്ലെയറായിരുന്ന ഫോര്‍വേഡ് ബാബുട്ടന്റെ കയ്യൊടിഞ്ഞു. ആതിഥേയരായ മിനര്‍വ ക്വാര്‍ട്ടര്‍ കടന്ന ചരിത്രമില്ലാത്തതുകൊണ്ട് ബാബുട്ടനില്ലാതെ സെമി കളിയ്ക്കേണ്ടി വന്നു തുടങ്ങിയ ഗുലുമാലുകളൊന്നും ഉണ്ടായില്ല. എങ്കിലും അക്കൊല്ലത്തെ മിനര്‍വയുടെ തുടര്‍ന്നുള്ള കളികളില്‍ കളിയ്ക്കാന്‍ വയ്യാതെ കയ്യില്‍ പ്ലാസ്റ്ററിട്ട് റഫറി നിന്ന ബാബുട്ടന്‍ ഞങ്ങളുടെ നാട്ടുനോവ് കൂട്ടി.

ആലുവ ലക്കി സ്റ്റാറിന്റെ ഗോളിയും ക്യാപ്റ്റനുമായിരുന്ന മത്തങ്ങാ വര്‍ഗീസായിരുന്നു നാട്ടുകാരായിരുന്ന ബാബുട്ടനോളവും ടീനേജ് സ്റ്റാര്‍ പീതാംബരനോളവും തന്നെ മിക്കവാറും എല്ലാവരും സ്നേഹിച്ചിരുന്ന ഹീറോ. ആലുവാ മാര്‍ക്കറ്റില്‍ പോര്‍ട്ടറാണ് അയാളെന്നും ലോറിയില്‍ നിന്ന് എറിഞ്ഞ് അണ്‍ലോഡ് ചെയ്യുന്ന മത്തങ്ങ വീഴാതെ പിടിച്ചു പിടിച്ചാണ് അയാള്‍ ഗോളിയും 'മത്തങ്ങാ' വര്‍ഗീസുമായതെന്നായിരുന്നു ഒരു കഥ. ഒരു ഫൈനലിന് അയാള്‍ എല്ലാരെയും ഞെട്ടിച്ചു. പട്ടി മത്തായിയുടെ ഗോളാകുമായിരുന്ന പൊന്നീച്ച പറന്ന അഞ്ചാറ് അടികളാണ് അയാള്‍ തടുത്തു തെറിപ്പിച്ചത്. ഓരോ തവണയും അന്ന് ഉയര്‍ന്ന ആരവങ്ങള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ഒടുക്കം റഫറി അംബ്രോസ് ലോംഗ് വിസിലടിയ്ക്കുമ്പോള്‍ ലക്കി സ്റ്റാറും കേബിള്‍സും രണ്ടേ രണ്ട് സമാസമം. [കരുത്തനും കറുത്ത സുന്ദരനുമായിരുന്ന അംബ്രോസ് അകാലത്തില്‍ പിടിപെട്ട മാരകമായ ഒരു വാതരോഗം കാരണം റഫറിയായതാണ്. പിന്നീട് നക്സല്‍, സാക്ഷരതാ, വായനശാല പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന അംബ്രോസ് അകാലത്തില്‍ത്തന്നെ മണ്ണോടു ചേര്‍ന്നു].


പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത - The Goalie's Anxiety at the Penalty Kick - എന്ന് ചെറുകഥയിലെ പെലെയായ എന്‍. എസ്. മാധവന്‍ എഴുതിയത് മുന്‍കാല പ്രാബല്യത്തോടെ മൂന്നാല് ഗ്രാമങ്ങള്‍ ഒരുമിച്ച്, ഒരേ ശ്വാസത്തില്‍ [ഒരു തവണപോലും ശ്വാസം വിടാതെ] തിരുത്തിയ ഒരു 'ബെനാള്‍ട്ടി'യായിരുന്നു പിന്നീട്. ചതിയനായ ദൈവം മാത്രം എന്നത്തേയും പോലെ അന്നും ബലവാന്മാരോടും ധനികരോടും ഒപ്പം നിന്നു. [മിനര്‍വ ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന രണ്ടേ രണ്ട് കോര്‍പ്പറേറ്റ് ടീംസായിരുന്നു കേബിള്‍സും ജീടീഎന്നും].

ജീടീഎന്നിലെ ജോലിക്കാരനും ടീം മെമ്പറുമായിരുന്നു ചേന്ദമംഗലത്തുകാരന്‍ തന്നെയായിരുന്ന ഉണ്ണിച്ചേട്ടന്‍ എന്നും ജീടീയെന്‍ എന്നും അറിയപ്പെട്ടിരുന്ന മാവേലിലെ കൃഷ്ണകുമാര്‍ [ബാബുട്ടന്റെ കസിന്‍]. ഷട്ടില്‍ കോക്ക് കോര്‍ട്ടില്‍ തീപാറുന്ന എയ്സുകള്‍ ഉതിര്‍ത്തും ലൈബ്രറിയുടെ മുമ്പിലെ പിച്ചില്‍ തല കൊയ്യാന്‍ പോന്ന തകര്‍പ്പന്‍ ബൌണ്‍സറുകളെറിഞ്ഞും ഒരേപോലെ തിളങ്ങിയ ഉണ്ണിച്ചേട്ടനെ പിന്നെ എറണാകുളത്തുവെച്ച് ചിത്രകാരന്‍ ടി. കലാധര‍ന്റെ അളിയനായി കണ്ടു.

അതിന്റെയെല്ലാം ഉയരത്തില്‍ സമാന്തരമായിട്ടായിരുന്നു നജിമുദ്ദീനും സേവ്യര്‍ പയസ്സും സേതുമാധവനും വിക്ടര്‍ മഞ്ഞിലയുമെല്ലാമെഴുതിയ സന്തോഷ് ട്രോഫിയുടെയും ചാക്കോളാ ഗോള്‍ഡ് ട്രോഫിയുടെയും നാഗ്ജി കപ്പിന്റേയും പ്രീമിയര്‍ ടയേഴ്സിന്റേയും ടൈറ്റാനിയത്തിന്റേയുമെല്ലാം വീരഗാഥകള്‍; ആ ഗാഥകളെ ടെലിവിഷനും എത്രയോ മുമ്പ്, വാക്കുകളിലൂടെ എങ്ങനെ ലൈവായി ടെലികാസ്റ്റ് ചെയ്യാമെന്ന് തെളിയിച്ച ആകാശവാണിയുടെ റണ്ണിംഗ് കമന്ററികള്‍.

പിന്നീട് ഒരിടവേളയ്ക്കു ശേഷം വന്ന സത്യന്‍, ഐ. എം. വിജയന്‍, പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, ഷറഫലി തുടങ്ങിയവരുടെ തലമുറയും ഫുട്ബോളിന് ഇന്ത്യയില്‍ മറ്റെവിടെയുമില്ലെങ്കിലും കേരളത്തില്‍ എന്നും ബാല്യമായിരിക്കുമെന്ന് കൊതിപ്പിച്ചു. എഫ്. സി. കൊച്ചിനിലൂടെ പ്രൊഫഷനല്‍ ഫുട്ബോളിനും കേരളത്തില്‍ ഭാവിയുണ്ടെന്ന് തോന്നിപ്പിച്ചു. ഒരു കളിയില്‍ എഫ്. സി. കൊച്ചിന്‍, ശ്വാസം പിടിച്ച് ഓര്‍മിച്ചോളൂ, മൊഹന്‍ ബഗാനെ തോല്‍പ്പിച്ചു. എന്നാല്‍ ഒരു ശ്രീശാന്തിന് ശേഷം, ഒരേയൊരു ശ്രീശാന്തിനു ശേഷം, 2008 മെയ് മാസത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ ഫുട്ബോള്‍ കളിക്കാര്‍ക്ക് കഴിയ്ക്കാന്‍ കിട്ടിയത് ബ്രെഡും ജാമും. 15 വര്‍ഷത്തിനിടെ ആദ്യമായി സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ കാണാതെ കേരളം പുറത്തായതും 2008-ല്‍.

പ്രതിരോധം പാളിയെന്നും ഗോളി പിഴവുകള്‍ വരുത്തിയെന്നുമെല്ലാം പറഞ്ഞ് [പഴയ സ്റ്റാര്‍ ഗോളി കൂടിയായ] കോച്ച്‌ വിക്ടര്‍ മഞ്ഞില കയ്യൊഴിഞ്ഞു. കുറ്റം മുഴുവന്‍ കളിക്കാര്‍ക്ക്‌! അതേസമയം കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കേരളാടീമിന്റെ യാത്രയുടെ സുഖവിവരങ്ങളറിഞ്ഞാലോ? ആന്ധ്രയിലെ പൊള്ളുന്ന ചൂട്‌ സഹിച്ച്‌ കേരള എക്സ്പ്രസ്സിലെ സ്ലീപ്പര്‍ ക്ലാസ്‌ കമ്പാര്‍ട്ട്‌മെന്റിലാണ്‌ ടീം യാത്ര ചെയ്തത്‌. രണ്ടര മണിക്കൂര്‍ വൈകി ഡല്‍ഹിയില്‍ എത്തിയ ട്രെയിനില്‍ വൈകീട്ടത്തെ ഭക്ഷണം പോലും ടീമിന്‌ കിട്ടിയിരുന്നില്ല. സന്തോഷ്‌ ട്രോഫി നേടാന്‍ പറഞ്ഞയച്ച ടീമിനെ ട്രാവന്‍കൂര്‍ ഹൌസിലെ ഡോര്‍മിറ്ററിയില്‍ താമസിപ്പിക്കാനായിരുന്നു ആദ്യ പരിപാടി. പിന്നീട്‌ താമസം കേരളാ ഹൌസിലേയ്ക്ക്‌ മാറ്റി. കേരളാ ഹൌസിലെത്തിയ ടീമിന്‌ ഉഗ്രന്‍ ഭക്ഷണമായിരുന്നു ഏര്‍പ്പാടാക്കിയിരുന്നത്‌ - ബ്രഡും ജാമും പഴവും!

2006-ല്‍ ഹരിയാനയില്‍ വച്ച്‌ നടന്ന സന്തോഷ്‌ ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്ത കേരളാ ടീമും ഇതേപോലെ രണ്ടാം ക്ലാസ്‌ സ്ലീപ്പറിലാണത്രെ യാത്ര ചെയ്തത്‌. നിയമസഭയില്‍ അന്നതിനെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍, കേരളാ ടീമിന്‌ എന്തുകൊണ്ടാണ്‌ രണ്ടാം ക്ലാസ്‌ സ്ലീപ്പറില്‍ യാത്ര ചെയ്യേണ്ടി വന്നതെന്ന കാര്യം വ്യക്തിപരമായി അന്വേഷിയ്ക്കുമെന്നാണ്‌ അന്നത്തെ സ്പോര്‍ട്സ്‌ മന്ത്രി പറഞ്ഞത്‌. അദ്ദേഹം അന്വേഷിച്ചിട്ട്‌ എന്ത്‌ കണ്ടുപിടിച്ചു എന്നറിഞ്ഞില്ല.

കേരളാ ഫുട്ബോള്‍ ഒരൊറ്റ ചെകിട്ടത്തടി കിട്ടി വീണുപോയതല്ലെന്ന് ചുരുക്കം. സത്യത്തില്‍ ഫുട്ബോളിനേക്കാള്‍ വേഗത്തില്‍ ഇക്കാലത്തിനിടെ കേരളത്തില്‍ നിലം പറ്റിയ ഉശിരന്‍ ഗെയിമാണ് വോളിബോള്‍. ജിമ്മി ജോര്‍ജ് സഹോരന്മാര്‍, ജോളി ക്ലബ്ബ് മൂലമറ്റം, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാഡ്... ക്ലബ്ബുകളുടെയും കോര്‍പ്പറേറ്റ്സിന്റെയും പ്രോത്സാഹനം ഫുട്ബോളിനേപ്പോലെ വോളിബോളും വേണ്ടപോലെ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ടീമംഗങ്ങള്‍ മുഴുവന്‍ ഒരേസമയം കായികക്ഷമത സജ്ജമാക്കി ഇളകിയാര്‍ത്ത് കളിയ്ക്കുന്നതുകൊണ്ടായിരിക്കുമോ ചേന്ദമംഗലത്തെ മാറ്റപ്പാടത്ത് ഫുട്ബോള്‍ കാണാന്‍ പോയവര്‍ തന്നെ വടക്കുമ്പുറത്തെ ആശാന്‍ മൈതാനിയില്‍ വര്‍ഷാവര്‍ഷം അരങ്ങേറിയിരുന്ന ഫ്ലഡ് ലിറ്റ് വോളിബോളും കാണാന്‍ പോയത്?

[വനിതാടീമുകളുടെ കളികള്‍ക്ക് താല്‍ക്കാലിക ഗാലറി തകരാന്‍ പോന്നവിധം തിരക്കേറിയിരുന്നുവെന്നത് നേര്. മിനിസ്കര്‍ട്ടുകള്‍ ഉലയുമ്പോള്‍ ലൈംഗികദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ട സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും ഒരുപോലെ ആര്‍ത്തുവിളിച്ചു. എങ്കിലും ഒരു പുരുഷവിഭാഗം ഫൈനലില്‍ കരുമാലൂര്‍ സിക്സസും ഷിപ്പ്യാഡും ഏറ്റുമുട്ടിയപ്പോളായിരുന്നു റെക്കോഡ് തിരക്ക്. മാറ്റപ്പാടത്തിന് ചുറ്റും നിന്നും ലൈബ്രറിയുടേയും സ്ക്കൂളിന്റേയും മതിലുകളിലിരുന്നും മിനര്‍വ ഫുട്ബോള്‍ സൌജന്യമായി കാണാന്‍ കിട്ടിയിരുന്നെങ്കില്‍ വടക്കുമ്പുറത്തെ വോളിബോള്‍ ടൂര്‍ണമെന്റ് കാണാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കണമായിരുന്നു. സീസണ്‍ ടിക്കറ്റെടുത്ത് ലാഭിക്കാന്‍ തുനിഞ്ഞവര്‍ സംഘാടകരുടെ അനിശ്ചിതത്വം കുറച്ചു. നല്ല കളി മാത്രം നോക്കി ബോക്സോഫീസില്‍ നിന്ന് അന്നന്ന് ടിക്കറ്റെടുക്കുന്നവരെ സെമി മുതലുള്ള പ്രീമിയം നിരക്കുകള്‍ പിന്തിരിപ്പിച്ചില്ല. ചേട്ടന്മാരെടുക്കുന്ന സീസണ്‍ ടിക്കറ്റുകളുമായി മോശം കളിയുള്ള ദിവസം കളി കാണാന്‍ വന്നിരുന്നത് അനിയന്മാരാണെന്ന വിശേഷം കൂടി പറയാതെങ്ങനെ? ഏറെക്കുറെ ഒരേ കാണികള്‍. അതിനപ്പുറം മാറ്റപ്പാടത്തെ ഫുട്ബോളിനും ആശാന്‍ മൈതാനിയിലെ വോളിബോളിനും പൊതുവായി ഒരു വാസ്തവം കൂടിയുണ്ടായിരുന്നു - ഫൈനല്‍ കഴിഞ്ഞ് രണ്ടിന്റേയും സമ്മാനദാനം നിര്‍വഹിച്ചിരുന്നത് അതതുകാലത്തെ അണ്ടിപ്പിള്ളിക്കാവ് എസ്സൈമാര്‍. [ഒരു കൊല്ലത്തെ മിനര്‍വയുടെ സെക്രട്ടറി പള്ളത്തെ പ്രകാശന്‍ അക്കൊല്ലം ട്രോഫി കൊടുക്കാന്‍ വന്ന എസ്സൈയ്ക്ക് സോഡ കൊടുക്കുമ്പോള്‍ ചിരിക്കുന്ന കണ്ടു. അപ്പൊ പ്രകാശന് ആരെയും പേടിയ്ക്കേണ്ട അല്ലെ?]

അങ്ങനെയൊക്കെ തലമുറകള്‍ ആര്‍ത്തുല്ലസിച്ച ഫുട്ബോളിനേയും വോളിബോളിനേയുമെല്ലാം ക്രിക്കറ്റ് എന്ന ഒറ്റ ഉരുള്‍പൊട്ടല്‍ കടപുഴക്കി കളഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം. ക്രിക്കറ്റ് മൂലം ദേശീയതലത്തില്‍ ഹോക്കിയ്ക്ക് സംഭവിച്ച അപചയം കേരളത്തിന്റെ കാര്യത്തില്‍ ഫുട്ബോളിനും വോളിബോളിനും അനുഭവിക്കേണ്ടി വന്നു എന്ന് ലളിതവല്‍ക്കരിച്ച ഷോട്ട് യാഥാര്‍ത്ഥ്യത്തിന്റെ ഗോള്‍ പോസ്റ്റില്‍ നിന്ന് എത്ര അകലെയായാണ് തെറിച്ചുവീഴുന്നത്.

[കേരളത്തിലെ ക്രിക്കറ്റിന്റെ തല തലശ്ശേരിയും ഹൃദയം തൃപ്പൂണിത്തുറയുമാണെന്നാണ് വെപ്പ്. എന്നാല്‍ കേരളത്തിലെ ആദ്യത്തെയും എക്കാലത്തെയും ഏറ്റവും വലിയ രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ഞങ്ങടെ ചുറ്റുവട്ടത്തുനിന്നാണ് - ചേന്ദമംഗലത്തു നിന്നു തന്നെയുള്ള രവി അച്ചനും വള്ളുവള്ളിക്കാരന്‍ ബാലന്‍ പണ്ഡിറ്റും.

ബാലന്‍ പണ്ഡിറ്റിനെ മാധ്യമങ്ങള്‍ക്ക് ഈയിടെ വീണ്ടും ഓര്‍ക്കേണ്ടി വന്നു - ആറേഴ് മാസം മുമ്പൊരു ദിവസം കേരളത്തിന്റെ ശ്രീകുമാരന്‍ നായര്‍ പാലക്കാട് കോട്ട മൈതാനിയില്‍ വെച്ച് കേരളത്തിന്റെ ആദ്യ ട്രിപ്പ്ള്‍ സെഞ്ച്വറി നേടിയപ്പോള്‍. 2007 നവംബര്‍ 17-ന് ആ രഞ്ജി ഇന്നിംഗ്സില്‍ സര്‍വീസസിനെതിരെ നായര്‍ നേടിയ 306 നോട്ടൌട്ട് എന്ന കൂറ്റന്‍ സ്കോര്‍ ഒരു കേരളീയ ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായി അന്ന് റെക്കോഡ് തകര്‍ത്തു. എന്നാല്‍ അന്നു തകര്‍ന്ന റെക്കോഡിന് കഷ്ടി അരനൂറ്റാണ്ട് പഴക്കമുണ്ടെന്നറിയുമ്പോളോ? 1959-ലെ ക്രിസ്തുമസിന്റെയന്ന് ആന്ധ്രയ്ക്കെതിരെ പാലക്കാട്ടെ തന്നെ വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ ബാലന്‍ പണ്ഡിറ്റ് നേടിയ 262 നോട്ടൌട്ടിനാണ് തകരാന്‍ വേണ്ടി അരനൂറ്റാണ്ടോളം കാത്തുകിടക്കേണ്ടി വന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ ബാലന്‍ പണ്ഡിറ്റ് 1946 മുതല്‍ 1970 വരെ നീണ്ട കരിയറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയത് 2317 റണ്‍സ്. 1952 മുതല്‍ 1970 വരെ നീണ്ട കരിയറില്‍ ഇന്ത്യയിലെ തന്നെ ആ‍ദ്യകാല ഫസ്റ്റ് ക്ലാസ് ഡബിളുകളിലൊന്ന് സ്വന്തമാക്കിയ പ്രതിഭയായിരുന്നു രവി അച്ചന്റേത്. ഓള്‍ റൌണ്ടര്‍മാര്‍ക്ക് മാത്രം സാധ്യമായ 1000 റണ്‍സും 100 വിക്കറ്റും എന്ന അപൂര്‍വ നേട്ടമാണ് ക്രിക്കറ്റിലെ ഡബിള്‍.]

പണ്ഡിറ്റിന്റേയും അച്ചന്റേയും തലമുറയെ കേരളത്തിലെ ക്രിക്കറ്റിന്റെ രണ്ടാം തലമുറ എന്ന് വിളിക്കാമെങ്കില്‍ അറുപതുകളുടെ മധ്യത്തില്‍ ജനിച്ച ഞങ്ങളുടെ തലമുറയെ നാലാം തലമുറ എന്ന് വിളിക്കണം. ആ ഞങ്ങള്‍ കാശുകൊടുത്ത് പാഡും ഗ്ലൌസുമെല്ലാമുള്ള ഫുള്‍ കിറ്റ് വാങ്ങി അതേ മാറ്റപ്പാടത്ത് കളി തുടങ്ങിയ എഴുപതുകളുടെ മധ്യത്തില്‍ 'വെയിലത്തു കിടന്നോടുന്ന കിറുക്കുകളി' എന്ന് നാട്ടുകാര്‍ പരിഹസിച്ചതോര്‍ക്കുന്നു. തലമുറകള്‍ പിന്നിട്ടിട്ടും, അന്നും, ക്രിക്കറ്റ് അത്രത്തോളം അണ്‍പോപ്പുലറായിരുന്നുവെന്നതാണ് സത്യം. സ്കൂളുള്ള ദിവസങ്ങളില്‍ വൈകീട്ട് നാലേ കാലിനു മുമ്പ് സ്റ്റമ്പ് കുത്തണം, അഞ്ചിന് മുമ്പ് ഒരു ടീമിന്റെ ഇന്നിംഗ്സെങ്കിലും കഴിയണം. കാരണം അഞ്ചരയ്ക്കു മുമ്പേ ഫുട്ബോള്‍ കളിക്കാരിറങ്ങും. ഒരു ടീം അഞ്ചാറ് റണ്‍സടിച്ചാലോ മറ്റേ ടീമിന്റെ ഒന്നോ രണ്ടോ വാലറ്റ വിക്കറ്റോ വീണാലോ തീരുമാനമാകുന്ന സന്ദര്‍ഭങ്ങളിലായിരുന്നു മിക്കവാറും അവരുടെ വരവ്. ഇല്ല, ആ കശ്മലന്മാര്‍ ഒരു ദിവസം പോലും വെയ്റ്റ് ചെയ്തതായി ഓര്‍ക്കുന്നില്ല. മാറ്റപ്പാടത്തിന്റെ ഒരു മൂലയില്‍ ചെയ്യാമായിരുന്ന വാമിംഗ് അപ് പോലും വിശാലമായേ അവര് ചെയ്തിരുന്നുള്ളു. തടിമിടുക്കിനേക്കാളും അംഗബലത്തേക്കാളുപരി ഫുട്ബോളിന്റെ ജനകീയതയായിരുന്നു അവരുടെ ശക്തി. ഫുട്ബോളിനോടുള്ള പ്രണയത്തേക്കാളുപരി ക്രിക്കറ്റിനോടുള്ള പേടിയും അവരെ ഒഫെന്‍സീവാക്കിയിരുന്നോ? തങ്ങളുടെ മസിലന്‍ ഗെയിമിനെ പില്‍ക്കാലത്ത് തുടച്ചുനീക്കാന്‍ അവതരിച്ചിരിക്കുന്ന ക്രിക്കറ്റ് എന്ന പ്രിഡേറ്ററിനെ ശൈശവത്തിലേ നിഗ്രഹിച്ചു കളയാമെന്ന ദൂരക്കാഴ്ചാധിഷ്ടിധിതമായ വ്യാമോഹം?

ആ കുട്ടിക്കു കൈവിടാന്‍ കാട്ടുമുരുക്കിന്റെ മാല പോലും ഉണ്ടായിരുന്നില്ല. കൃഷ്ണപ്പരുന്തിനെ കല്ലെറിഞ്ഞിട്ടു ഭക്ഷിച്ചും കാട്ടുപുഴയിലെ വെള്ളം കുടിച്ചുമാണ് ലങ്കാലക്ഷ്മിയിലെ രാവണനെപ്പോലെ അവന്‍ വളര്‍ന്നത്. അതുകണ്ട് കൈകൊട്ടി ചിരിച്ചവരോ? പില്‍ക്കാല പരാജയങ്ങളേക്കാള്‍ അതിജീവിക്കാന്‍ വിഷമം ആദ്യകാലവിജയങ്ങളായിരിക്കുമെന്ന് അവരും അവരുടെ കളികളും തെളിയിക്കുകയായിരുന്നില്ലേ?

മര്യാദയ്ക്ക് രണ്ട് ഇന്നിംഗ്സുകള്‍ തീര്‍ന്ന സുഖമറിയാന്‍, സ്പിന്‍ ബൌളേഴ്സിനും മുട്ടിസ്റ്റ് ബാറ്റ്സ്മാന്മാര്‍ക്കും ആത്മാവിഷ്കാരം നടത്താന്‍, മറ്റൊരു ടീമുമായി മാച്ച് കളിയ്ക്കാന്‍... എല്ലാത്തിനും ഞങ്ങള്‍ക്ക് ഒഴിവുദിവസങ്ങളായിരുന്നു ആശ്രയം. അങ്ങനെ ഞങ്ങളുടെ കൌമാരചര്‍മകാന്തിയെ എത്ര കന്നിവെറികള്‍ മൊരിച്ചു തിന്നു ['വെയിലൊന്നും കളയണ്ടാട്ടോ രഘൂ' എന്ന് സജിയുടെ അമ്മ], എത്ര മാച്ചുകള്‍ മഴയിലും കണ്ണീരിലും കുതിര്‍ന്നു? [മഴ പെയ്യാതിരിക്കാന്‍ കൂടല്‍മാണിക്യത്തില്‍ നേര്‍ന്ന താമരമാലകള്‍ക്ക് തടുത്തുനിര്‍ത്താനാകാഞ്ഞ കാര്‍മേഘങ്ങളേ, നിങ്ങള്‍ തുലഞ്ഞുപോകട്ടെ!].

ആര്‍ക്കും കളിക്കാവുന്ന, ആര്‍ക്കും കളിച്ചു തുടങ്ങാവുന്ന കളിയെന്നായിരുന്നു ഫുട്ബോളിനോട് അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസം. അതേസമയം ക്രിക്കറ്റില്‍ കയ്യുകളും കാലുകളും അവയിലെ എല്ലാ ജോയിന്റുകളും വഴക്കത്തോടെയും വിശദാംശങ്ങളിലും ചലിക്കുമെന്നത് ഞങ്ങളെ അഭിമാനികളാക്കി, സ്ക്കോറെഴുതിയിരുന്ന പുസ്തകം ഞങ്ങളെ ബുദ്ധിജീവികളും ചരിത്രകാരന്മാരുമാക്കി, ഹൈസ്ക്കൂളില്‍ കണക്ക് പഠിപ്പിച്ചിരുന്ന ഗോതുരുത്തുകാരന്‍ വില്യം മാഷിന്റെ വചനം – 'കണക്കും കഥകളീം ക്രിക്കറ്റും കവിതേം എല്ലാര്‍ക്കും പറഞ്ഞിട്ടില്ലെടാ" – ഞങ്ങളെ ബ്രാഹ്മണരുമാക്കി.

1982-ലെ ഏഷ്യാഡ് ഇന്ത്യയില്‍ ടെലിവിഷന് നാന്ദി കുറിച്ചു; 1983-ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം പുത്തങ്കൂറ്റ് ക്രിക്കറ്റ്ഭ്രമത്തിനും. [ഇന്ദിരാഗാന്ധിയുടെ നേട്ടങ്ങള്‍ എന്ന് പറയാവുന്ന ഏഷ്യാഡിനും ദൂരദര്‍ശനും തൊട്ടുപിന്നാലെ 1984-ല്‍ അവര്‍ വധിക്കപ്പെട്ടതും അവരുടെ ശവസംസ്ക്കാരച്ചടങ്ങുകള്‍ രാഷ്ട്രം മുഴുവന്‍ ലൈവായി ദൂരദര്‍ശനിലൂടെ കണ്ടതും വിധിവൈപരീത്യം]. ലോകകപ്പ് വിജയവും ടെലിവിഷനും ചേര്‍ന്ന് മെല്ലെ മെല്ലെ ക്രിക്കറ്റിനെ നമ്മുടെ ദേശീയവികാരമാ‍ക്കി, ഒരു മതം പോലെ മൌലികമൂല്യവുമാക്കി.

ക്രിക്കറ്റിനു ലഭിച്ച അസൂയാവഹമായ പ്രചാരം ഒറ്റതിരിഞ്ഞുള്ള ചില ആക്ഷേപങ്ങളും ക്ഷണിച്ചുവരുത്തി - വിശേഷിച്ചും കേരളത്തില്‍. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ സിദ്ധാര്‍ത്ഥന്‍ എന്ന പേരില്‍ വന്ന 'ക്രിക്കറ്റ് കളിയോ അതോ കളിയാക്കലോ?' എന്ന മിഡില്‍ പീസാണ് പെട്ടെന്ന് ഓര്‍മയില്‍ വരുന്ന ഒന്ന്. തണുപ്പുകാലാവസ്ഥക്കാരായ പാശ്ചാത്യ രാജ്യക്കാര്‍ അവിടങ്ങളില്‍ വല്ലപ്പോഴും കിട്ടുന്ന സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്താന്‍ കണ്ടുപിടിച്ച സൂത്രമാണ് ക്രിക്കറ്റെന്നും അത് ഇന്ത്യയേപ്പോലുള്ള ചൂടന്‍, ഏഷ്യന്‍, മൂന്നാംലൌകികര്‍ക്ക് യോജ്യമല്ലെന്നും വിമര്‍ശകര്‍ വാദിച്ചു. കൊളോണിയല്‍ അടിമത്തം മനസ്സില്‍ നിന്ന് പോകാത്ത സാസ്കാരികദരിദ്രരുടെ പൊങ്ങച്ചമാണ് ക്രിക്കറ്റെന്ന് അവര്‍ ആക്ഷേപിച്ചു. ക്രിക്കറ്റ് കാണാന്‍ ലീവെടുത്തിരിക്കുന്നവര്‍ രാജ്യത്തിന് വരുത്തിവെയ്ക്കുന്ന ഉത്പ്പാദനനഷ്ടത്തെക്കുറിച്ച് അവര്‍ വിലപിച്ചു. ക്രിക്കറ്റിന്റെ പെറ്റമ്മയോ പോറ്റമ്മയോ ആയ ബ്രിട്ടനില്‍ ക്രിക്കറ്റില്‍ ഇപ്പോളാര്‍ക്കും താല്‍പ്പര്യമില്ലെന്നും ടെസ്റ്റുകള്‍ക്ക് ഒഴിഞ്ഞ ഗാലറികളാണ് കാണികള്‍ എന്നും അവര്‍ പരിഹസിച്ചു. "നോക്കൂ, ലോകം മുഴുവന്‍ ഫുട്ബോളിന്റെ പിറകേയാണ്. നോക്കൂ, ഏറ്റവും ബുദ്ധിമാന്മാരായ അമേരിക്കക്കാരും റഷ്യക്കാരും ചൈനക്കാരും ജപ്പാങ്കാരും ക്രിക്കറ്റ് തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നത്" അവര്‍ ചൂണ്ടിക്കാണിച്ചു.

ഈ ലേഖകനടക്കം അന്നത്തെ പല ചെറുപ്പക്കാരും ഇതിനെല്ലാമെതിരെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എഴുതാന്‍ ചാടിവീണു. ഇന്ത്യയിലെ ആട്ടിടയന്മാരാണ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ പിതാക്കളെന്നും അവര്‍ കളിച്ചിരുന്ന കുറ്റിയും കോലും എന്ന കളിയല്ലേ സായിപ്പ് പരിഷ്കരിച്ച് ക്രിക്കറ്റാക്കിയതെന്നും ഞങ്ങള്‍ തിരിച്ചു ചോദിച്ചു. ലോകകപ്പ് കിട്ടിയില്ലെങ്കില്‍ പോകട്ടെ കപ്പിന്റെ മൂട്ടില്‍ വെയ്ക്കുന്ന ഒരു മരക്കഷണമെങ്കിലും ഫുട്ബോളുകാരോ ഹോക്കിക്കാരോ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അവരെ ആരാധിക്കാമെന്നും ഞങ്ങള്‍ തിരിച്ചു പരിഹസിച്ചു. തര്‍ക്കത്തില്‍ ജയിച്ചതാരാണാവോ? എന്തായാലും കളത്തില്‍ ക്രിക്കറ്റിനായിരുന്നു വാക്കോവര്‍.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പാശ്ചാത്യര്‍ സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുകയായിരുന്നുവെന്ന വാദത്തില്‍ കഴമ്പുണ്ടായിരുന്നെന്ന് തോന്നുന്നു. ഇംഗ്ലീഷില്‍ 'സണ്‍ലൈറ്റ്' എന്ന പോസീറ്റീവ് വാക്കു മാത്രമേ ഉള്ളുവെന്നിരിക്കെ ചെറുപ്പത്തിലേ വളര്‍ച്ച മുരടിച്ച ഭാഷയായിട്ടും നമ്മള്‍ 'വെയിലി'നേയും 'സൂര്യപ്രകാശ'ത്തെയും പക്ഷാഭേദം കൂടാതെ തീറ്റിപ്പോറ്റുന്നതിന്റെ രാഷ്ട്രീയം മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? [വിശേഷിച്ചും സൂര്യപ്രകാശം എന്ന വാക്കിന് ഒരു ദത്തുപുത്രന്റെ മണമുണ്ടായിട്ടും!].

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യയിലെ പെണ്‍കിടാങ്ങള്‍ അടിയ്ക്കടി വിശ്വസുന്ദരികളാകാന്‍ തുടങ്ങിയത് മള്‍ട്ടിനാഷനല്‍ കോസ്മെറ്റിക് നിര്‍മാണ കമ്പനികള്‍ ഇന്ത്യന്‍ വിപണിയ്ക്ക് തീണ്ടാരിയായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കളിയ്ക്കാന്‍ തുടങ്ങിയ കളികള്‍ മൂലമാണെന്ന് വായിക്കപ്പെട്ടതുപോലെ, ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം ടെലിവിഷന്‍ പിക്ചര്‍ ട്യൂബ് നിര്‍മാതാക്കളും മറ്റും നടത്തിയ മാച്ച് ഫിക്സിംഗായിരുന്നോ എന്ന് സംശയിക്കാവും വിധം അപ്രതീക്ഷിതവും ഒറ്റപ്പെട്ടതുമായതെന്ത്? [ദൈവമേ, ഇന്ത്യയുടെ ഏകലോകകപ്പ് വിജയത്തിന്റെ ശില്‍പ്പികളായ മൊഹീന്ദര്‍ അമര്‍നാഥും കപില്‍ദേവും മദന്‍ലാലും യശ്പാല്‍ ശര്‍മയും ബല്‍വീന്ദര്‍ സിംഗ് സന്ധുവും ഇത് വായിക്കാന്‍ സാധ്യതയില്ലാത്തതിന് നിനക്ക് സ്തുതി].

പൊളിറ്റിക്സ് എന്ന വാക്കിനെ രാഷ്ട്രീയം എന്ന് മലയാളത്തിലാക്കുമ്പോളുള്ള പരിമിതി ഇന്ത്യയെ സംബന്ധിച്ചിടത്തോളമെങ്കിലും അത്ര കാര്യമല്ലെന്ന് കരുതണം. കാരണം ഇന്ത്യ എന്ന രാഷ്ട്രവും ഇന്ത്യയിലെ രാഷ്ട്രീയവും ഏതാണ്ട് ഒരേ സമയത്താണ് പിറവിയെടുക്കുന്നത്. അതുവരെ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഇന്ത്യയില്‍ പൊളിറ്റിക്സ് അഥവാ സാമൂഹ്യജിവിതം - അത് ജനങ്ങളുടെ ഭരണഭാഗധേയത്തിലായാലും അവരുടെ കായികവിനോദങ്ങളിലായിരുന്നായാലും - പരിമിതമായിരുന്നു. രാജകുടുംബാഗങ്ങള്‍ ക്രിക്കറ്റും പോളോയും കളിച്ചിരുന്നു - ഇംഗ്ലണ്ട് ടീമിലംഗമായിരുന്ന നാവാനഗര്‍ രാജകുമാരന്‍ കെ. എസ്. രഞ്ജിത് സിംഗ്ജിയുടെ (1780-1839) ഓര്‍മയ്ക്കാണല്ലൊ രഞ്ജി ട്രോഫി എന്ന പേരു തന്നെ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ളതുകൊണ്ട് രാഷ്ട്രീയജീവിതം വ്യാപകവും സജീവവുമായ കേരളത്തിലും ബംഗാളിലുമാണ് ഫുട്ബോള്‍ ജനപ്രീതിയാര്‍ജിച്ചതെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുക. മറ്റ് മതങ്ങളെ അപേക്ഷിച്ച് താരമ്യേന സജീവമായി ഇടകലര്‍ന്ന സാ‍മൂഹ്യക്രമങ്ങളുള്ളതുകൊണ്ട് സിഖ് മതത്തിന് [സിഖ് മത രാഷ്ട്രീയത്തിനും] പ്രാമുഖ്യമുള്ള പഞ്ചാബും ഫുട്ബോളിനെ വാരിപ്പുണര്‍ന്നു. സംഗതി ലളിതമാണ് - ഫുട്ബോള്‍ സാമൂഹ്യജീവികളുടെ കളിയാണ്, ക്രിക്കറ്റിന്റെ രാഷ്ട്രീയം ശരിയല്ലെന്നല്ല, ഫുട്ബോളിനേയുള്ളു രാഷ്ട്രീയം.

അല്ലെങ്കില്‍ ക്രിക്കറ്റിനുവേണ്ടി എണ്‍പതുകളുടെ അവസാനം ഞങ്ങള്‍ ഉയര്‍ത്തിയ മറ്റൊരു വാദഗതി ഓര്‍ക്കുക - ഓരോ കളിക്കാരനും അവനവന്റെ വ്യക്തിപരമായ കഴിവ് ആവിഷ്കരിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന കളിയാണ് ക്രിക്കറ്റെന്നും അതുതന്നെയാണ് അതിന്റെ വര്‍ധിച്ചുവരുന്ന പോപ്പുലാരിറ്റിക്ക് കാരണമെന്നും അത് ഇനിയും വര്‍ധിച്ചുവരികയേ ഉള്ളെന്നുമാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ഒപ്പം ക്രിക്കറ്റിനെ ചുവപ്പുടുപ്പിയ്ക്കാനും ശ്രമമുണ്ടായി - കായികബലമില്ലാത്ത ദുര്‍ബലര്‍ക്കും, എന്തിന് നന്നായി സ്പിന്നെറിയുന്ന വികലാംഗര്‍ക്ക് പോലും ഒരു സംവരണവും ഇല്ലാതെ മെറിറ്റ് ക്വാട്ടയില്‍ ആവിഷ്കാരമൊരുക്കുന്ന ഒരേയൊരു ഗെയിം ക്രിക്കറ്റല്ലേ എന്നായിരുന്നു ചോദ്യം.

ഇടത് കോട്ടകളായ കേരളത്തിലും ബംഗാളിലും പോലും Neoliberalism പിടിമുറുക്കുന്നതാ‍ണ് ഫുട്ബോളിന് അടിയായത്. [പഴയ എസ്സൈഫൈക്കാരും മറ്റും എത്ര ആത്മവിശ്വാസത്തോടെയാണ്, ഒരു പോസിറ്റീവ് രാഷ്ട്രീയ ഭാവമെന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കയാല്‍ ചമ്മല്‍ പോലുമില്ലാതെ, തങ്ങളുടെ രാഷ്ട്രീയം 'Liberal Left' എന്ന് ഒര്‍ക്കുട്ടിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത്.]

ഇക്കാലത്തെ ജീവിതശൈലി ചീത്ത Cholesterolനെ കൂട്ടുകയും നല്ല Cholesterolനെ കുറയ്ക്കുകയും ചെയ്യുന്നതുപോലെ ഇക്കാലത്തെ രാഷ്ട്രീയശൈലി ചീത്ത ആണത്തത്തെ കൂട്ടുകയും നല്ല ആണത്തത്തെ കുറയ്ക്കുകയും ചെയ്യുന്നതിനാല്‍, ആ വടിവിലും ഫുട്ബോളിന് ലോംഗ് വിസില്‍ കേട്ടേ പറ്റൂ. അല്ലെങ്കില്‍ കേസരി ബാലകൃഷ്ണപിള്ള എഴുതിയതുപോലെ അറബികളേയും ഇന്ത്യക്കാരെയും ഇണചേര്‍ത്ത് ആരോഗ്യവും ബുദ്ധിയുമുള്ള ഒരു സങ്കരവര്‍ഗത്തെ ഉണ്ടാക്കണം. അപ്പോളും ഓരോ തവണ പന്തെറിഞ്ഞു കഴിയുമ്പോഴും ആഴത്തിലും പരപ്പിലും തിരുത്തപ്പെടുകയും പുതുതായുണ്ടാവുകയും ചെയ്യുന്ന, ക്രിക്കറ്റിന് മാത്രം സ്വന്തമായ സ്ഥിതിവിവരക്കണക്കുകളുടെ സമൃദ്ധി മറ്റൊരു കളിക്ക് എങ്ങനെ കയ്യെത്തിപ്പിടിയ്ക്കാന്‍ കഴിയും? വിശേഷിച്ചും തലച്ചോറുകൊണ്ട് മാത്രം കളിക്കാന്‍ വിരുതുള്ള മിഡില്‍ ക്ലാസ് ജീക്കേ ബുദ്ധിജീവികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍?

അതുകൊണ്ട് രഞ്ജി പണിക്കരും ഷാജി കൈലാസും ചേര്‍ന്ന് മമ്മൂട്ടിയേയും ഐ. എം. വിജയനേയുമെല്ലാം നായകരാക്കി നിര്‍മിക്കാന്‍ പോകുന്ന ചക്ക് ദേ കേരളാ എന്ന സിനിമ, ഫുട്ബോളിനെപ്പറ്റിയാകാതെ, രാഷ്ട്രീയത്തെയും നല്ല ആണത്തത്തെയും പറ്റിയാവുകയായിരിക്കും അഭികാമ്യം. വികാരപാരവശ്യത്തോടെ വിഫലമാവുന്നതിനേക്കാള്‍ നല്ലത് വിചാരപാരമ്യത്തില്‍ വെച്ച് വെടി തീരുന്നതല്ലേ?

അഞ്ച്‌ മിനിറ്റ് പോലും തികച്ച് ഓടുവാന്‍ ശേഷിയില്ലാത്ത നിയമസഭാ സാമാജികര്‍ക്ക്‌ വേണ്ടി ഓട്ടവും ചാട്ടവും സംഘടിപ്പിയ്ക്കാന്‍ ഫണ്ടും സമയവും കണ്ടെത്തിയ സര്‍ക്കാര്‍, നമ്മുടെ ഫുട്ബോള്‍ കളിക്കാര്‍ക്ക് ബ്രഡും ജാമും സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ കോച്ചും കൊടുക്കുന്നത് പരിസ്ഥിതിക്കിണങ്ങുന്ന സ്വാഭാവിക പരിണാമങ്ങള്‍ മാത്രം.

മിനര്‍വയുടെ ഫുട്ബോള് ടൂര്ണമെന്റ് എണ്പതുകളില്ത്തന്നെ നിലച്ചിരുന്നു. ബോംബെയ്ക്കും ബാംഗ്ലൂര്ക്കും ഗള്ഫിലേയ്ക്കും പോയതില് നിന്ന് ബാക്കി വന്ന നാട്ടുകാരില് ചിലര് കുറേ വൈകുന്നേരങ്ങള് കൂടി മാറ്റപ്പാടത്ത് ഫുള്ബോള് കളിയ്ക്കാന് ശ്രമിച്ചു. പിന്നെ വൈകുന്നേരങ്ങളും ഞങ്ങള് ക്രിക്കറ്റുകളിക്കാരുടേതായി. ജീടീയെന് ഉണ്ണിച്ചേട്ടന് ഒന്നാന്തരം ഫാസ്റ്റ് ബൌളറായി. ഫുട്ബോളിന്റെ കാറ്റ് എന്നെന്നേയ്ക്കുമായി പോയി.


കറന്‍സി നോട്ടുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലത്ത് 'മാറ്റം' എന്ന പേരില്‍ Barter അടിസ്ഥാനത്തില്‍ വിഷുവാണിഭം നടന്നിരുന്നതുകൊണ്ടാണ് മാറ്റപ്പാടത്തിന് ആ പേരുവന്നത്. കറന്‍സി വന്നെങ്കിലും എല്ലാ വിഷുത്തലേന്നും മാറ്റം ഇപ്പോഴുമുണ്ട്. ഇഞ്ച, മുറം, വിശറി, ചുരയ്ക്ക (കള്ളിന്‍ കുടത്തിനു പകരം, ചെത്തുകാര്‍ക്ക്), ചട്ടീം കലോം, എല്ല് (ചെത്തുകാര്‍ക്ക്), കുമ്മട്ടിങ്ങ (aka തണ്ണിമത്തന്‍/ബത്തക്ക), പന്നി, താറാ‍വ്, ഒരു ഗ്ലാസിന് രണ്ടര രൂപയ്ക്ക് ശശി വില്‍ക്കുന്ന ഗോതമ്പു പായസം, ചെരട്ട കൊണ്ടുണ്ടാ‍ക്കിയ കിടുമണ്ടി എന്ന കളിപ്പാട്ടം (exclusive!), കൊന്നപ്പൂങ്കുലകള്‍... ഇതൊക്കെയായിരുന്നു മാറ്റത്തിന്റെ ഹൈലൈറ്റ്സ്. ബിലീവ് ഇറ്റ് ഓര്‍ നോട്ട്, പായസം ഒഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു 2007-ലെ മാറ്റത്തിനും.

ഫുട്ബോള് രാജാക്കളായിരുന്ന പട്ടോഡിയയുടെ പ്രീമിയര് ടയേഴ്സിനെ റൌണക് സിംഗിന്റെ അപ്പോളോ ടയേഴ്സ് ഏറ്റെടുത്തു. കറുകുറ്റിയില് പ്രീമിയര് കേബിള്സ് നിന്ന വളപ്പ്, കേരളത്തിന്റെ വ്യവസായവത്കരണത്തിന്റെ ചുടലപ്പറമ്പുകളിലൊന്നായി എറണാകുളത്തു നിന്ന് തൃശൂര്ക്ക് ട്രെയിനില് പോകുമ്പോള് തീവണ്ടിപ്പാതയോട് ചേര്ന്ന് ഏറെക്കാലം മിണ്ടാതെ കിടന്നു. ബാബുട്ടന്‍ ബോംബെയ്ക്കും പീതാംബരന്‍ അഹമ്മദാബാദിലേയ്ക്കും പോയി. [വയസ്സായി മസിലുകള് ക്ഷയിക്കുമ്പോള് എല്ലാ മറുനാടന് മലയാളികളും തിരിച്ചു വന്നപോലെ അവരും വരുമായിരിക്കും. ഇപ്പോളത്തെ കാരണവന്മാരെപ്പോലെ മുണ്ടും രണ്ടാമ്മുണ്ടുമിട്ട്, ഷര്ട്ടിടാതെ, വൈകുന്നേരങ്ങളില്, മാറ്റപ്പാടത്തിനടുത്തേയ്ക്ക് കാറ്റുകൊള്ളാന് നടന്ന് വരുമായിരിക്കും.]

'ആണുങ്ങള്ക്ക്', മിനിമം രാഷ്ട്രീയബോധത്തിനാവശ്യമായ ആരോഗ്യവും ധീരതയും നന്മയും ഉള്ളവര്ക്ക് പറഞ്ഞിട്ടുള്ളതാണ് ഫുട്ബോള്. മലയാളികള്ക്ക് ഇനി എന്നാണ്, എങ്ങനെയാണ് അതുണ്ടാവുക?
Related Posts with Thumbnails