
ബുഷ് ഇറാക്കിൽ ഒരു പത്രസമ്മേളനം നടത്തുമ്പോൾ അവിടത്തെ സെക്യൂരിറ്റി ഊഹിക്കാവുന്നതേയുള്ളു. പത്രക്കാരായിരിക്കില്ല, അമേരിക്കൻ പട്ടാളക്കാര് സ്വലേ വേഷം കെട്ടിയതായിരിക്കും അധികവും. ഇനി അഥവാ ഒരു റിയൽ പത്രലേഖകനെ അകത്തുവിടുകയാണെങ്കിൽ അവന്റെ വൻകുടലിലിരിയ്ക്കുന്ന കടുകുകളുടെ എണ്ണവും അവന്റെ മുൻകാല ലേഖനങ്ങളുമെല്ലാം അരിച്ചുപെറുക്കിയേട്ടെ അവനെ അകത്തു കയറ്റൂ. അവന്മാരുടെയൊക്കെ അലിജീയൻസ് ക്ലിയറാണെന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള ഒരു മോക്ക് ഡ്രില്ലായിരിക്കും മിക്കവാറും അരങ്ങേറുക.
അതേസമയം ബുഷിപ്പോൾ ഇലക്ഷനു നിന്നാൽ, അമേരിക്കയിലാണേല്‍പ്പോലും [കണ്ടത്തിൽക്കാർക്ക് വോട്ടുള്ള വാർഡിലൊഴിച്ച് എവിടെ നിന്നാലും] ആകെ ഒരു വോട്ടേ കിട്ടൂ. ഇനി അഥവാ രണ്ടെണ്ണമെങ്ങാൻ കിട്ടിയാലോ - ഫലമറിഞ്ഞയുടൻ ലാറച്ചേച്ചി അതിയാന്റെ കഴുത്തിനു പിടിച്ച് ഇങ്ങനെ ചോദിക്കും: "ങ്ഹാ, നിങ്ങൾക്കും ആയല്ലെ ഒരു മോണിക്ക. അവളേത്? ഇപ്പം പറയണം അവൾടെ പേര്?"
ബുഷിന്റെ കാര്യങ്ങൾ ഇങ്ങനെ പൊറ്റെക്കാട് പറഞ്ഞപോലെ വെഷമസ്ഥിതിയായിട്ടും നമ്മുടെ മന്മോഹൻ സിംഗ് ആണവക്കരാർ ഒപ്പിടാൻ പോയപ്പോൾ ബുഷിനോട് പറഞ്ഞതെന്താണെന്നോർമയുണ്ടോ? ഇന്ത്യയിലെ ജനങ്ങൾ ബുഷിനെ സ്നേഹിക്കുന്നുണ്ടത്രെ. ഏത് ജനം? അത് പറയാൻ ആരാണ് മന്മോഹൻസിംഗിന് മാൻഡേറ്റ് കൊടുത്തത്? നിഷ്കളങ്കരെ കൊല്ലുന്നതാണ് ഭീകരവാദം എങ്കിൽ ബുഷല്ലെ ഒന്നാം നമ്പർ ടെററിസ്റ്റ്? വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനുണ്ടെന്ന് കള്ളം പറഞ്ഞ് ഇറാക്കിനോട് യുദ്ധം ചെയ്തപ്പോൾ എത്ര നിഷ്കളങ്കർ ചത്തുകാണും?
ബുഷിനെ ഷൂവെറിഞ്ഞ ആ ജേർണലിസ്റ്റും ഒരു കാൽ നക്കി ജേർണലിസ്റ്റായിരിക്കണം. അതാണല്ലൊ ആ വാർത്താ സമ്മേളനത്തിന് അയാൾക്ക് എണ്ട്രി കിട്ടിയത്. പക്ഷേ ചില നിമിഷങ്ങളിൽ മനുഷ്യർക്ക് നട്ടെല്ല് മുളയ്ക്കും. നമ്മുടെ രക്തം യഥാർത്ഥ നമ്മൾക്ക് 'നമ്മളെ' ഒറ്റിക്കൊടുക്കും. ചരിത്രം നമ്മെ ഒരു നിമിഷം ഭ്രാന്തുപിടിപ്പിയ്ക്കും.ആ ഒരു നിമിഷം നമ്മുടെ ഊച്ചാളി കൈയുടെ പിടി വിട്ട് നമ്മൾ യഥാർത്ഥ നമ്മളാവും.
വി. എസ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചില അപ്പൊളിറ്റിക്കൽ എന്നാറി അച്ചായന്മാർ, വീയെസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതകളുടെ ലിസ്റ്റ് പവർപ്പോയന്റാക്കി ഫോർവേഡ് ചെയ്ത് പരിഹസിച്ചത് ഓർക്കുമല്ലൊ. ഈ മന്മോഹനെപ്പോലെ ഹാർവാഡ് എംബീയെ ഉണ്ടായിട്ടെന്തുകാര്യം? അങ്ങേരുടേതാണ് കെങ്കേമം സീവി എന്നും പറഞ്ഞ് വേറെ കുറേ അപ്പൊളിറ്റിക്കൽ പ്രഭൃതികൾ അതും ഫോർവേഡി കളിച്ചു.
ഒരാളുടെ വിദ്യാഭ്യാസയോഗ്യത എന്നു പറയുന്നത് അയാളുടെ വീട്ടിലെ കാശിന്റെ ബലം കൊണ്ട്കൂടി ഉണ്ടാവുന്നതാണ്. അതാണ് വിദ്യാഭ്യാസയോഗ്യതയുടെ രാഷ്ട്രീയം. ഇനി യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്.
സിംഗിന്റെ ഏറ്റവും പുതിയ പ്രസ്താവനയും ജനാധിപത്യവിരുദ്ധം തന്നെ. ഭീകരവാദികളെ അമർച്ച ചെയ്യുമ്പോൾ ചിലപ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കേണ്ടിവരുമെന്ന്. ഒരു മുങ്കൂർ ജാമ്യം മണക്കുന്നു. ഇന്ത്യയിലെ സെക്യൂരിറ്റി, ഇറാക്കിൽ കാള കളിക്കുന്ന സൈസിലുള്ള അമേരിക്കൻ സ്വകാര്യകമ്പനികൾക്ക് ഏല്‍പ്പിച്ചുകൊടുക്കുമെന്നാണോ ധ്വനി? പോലീസിനേയും സ്വകാര്യവൽക്കരിക്കുമോ? അവർക്കും സെയിത്സ് ടാർഗറ്റ് കൊടുക്കുമോ? കക്കൂസിലും ഒളിക്യാമറകൾ വരുമോ?
എന്തായാലും ബുഷിനെ സമ്മതിക്കണം. അയാൾ ഇതൊക്കെ പ്രതീക്ഷിച്ച് റിഹേഴ്സലെടുത്തിട്ടാണോ ആവോ, മാർഷലിന്റെയും റോബർട്സിന്റെയുമൊക്കെ ബൗൺസറുകൾ വരുമ്പോൾ പണ്ട് ഗവാസ്കറും ചൗഹാനും ഡക്ക് ചെയ്തിരുന്നപോലെ കുനിഞ്ഞുമാറി. സന്ദർഭത്തിനൊത്ത് ഉയരൽ മാത്രമല്ല താഴലുമുണ്ട് എന്ന് ഗവാസ്ക്കറെ ഓർത്ത് എഴുതിയ പഴയ രണ്ടുവരി അങ്ങനെ അറം പറ്റി.
ആ ജേർണലിസ്റ്റിന് മൂന്നു കാലുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയി. മൂന്നാമതൊരു ഷൂ വരുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലൊ.
ഇനി തന്നെ കാണാൻ വരുന്നത് മന്മോഹൻ സിംഗാണെങ്കിലും നഗ്നപാദനായ് വന്നാൽ മതി എന്ന് ബുഷ് ഓർഡറിറക്കും. മന്മോഹൻസിംഗ് പറയും ഇന്ത്യയിലെ ജനങ്ങൾ കാലു മുറിച്ചു കളഞ്ഞ് മുട്ടിലിഴഞ്ഞ് വരും എന്ന്.
ജനാധിപത്യം ബുഷ്ഷോ മന്മോഹനോ പിടിച്ചിടത്ത് കെട്ടാവുന്ന കോവർകഴുതയാവുകയില്ല എല്ലായ്പ്പോഴും. വോട്ടു ചെയ്ത് അധികം പരിചയമില്ലാത്ത ആളുകൾ ചിലപ്പോൾ ഷൂ കൊണ്ടും വോട്ട് ചെയ്തെന്നു വരും. രണ്ടു പ്രാവശ്യം നിങ്ങൾ കുനിഞ്ഞുമാറുമായിരിക്കും. ആർക്കറിയാം, സഹിച്ചു സഹിച്ചു മടുക്കുമ്പോൾ എപ്പോളാണ് മനുഷ്യർക്ക് മൂന്നാമതൊരു കാല് മുളച്ചുവരിക എന്ന്?