Thursday, February 21, 2008

എന്തിനായിരുന്നു ആ ചിറകുകള്‍?

പട്ടികളുടേയും പൂച്ചകളുടേയും മനുഷ്യരുടേയും ഗതികേട് മനസ്സിലാക്കാം, സ്വന്തമായി ദഹനേന്ദ്രിയങ്ങള്‍ ഉണ്ടെങ്കിലും അവയേയും പാരസൈറ്റുകള്‍ എന്നു വിളിയ്ക്കാം. എന്നാല്‍ എന്തിനാണ് ചിറകുള്ള പ്രാവുകളും മനുഷ്യര്‍ കൂട്ടമായി ജീവിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വന്ന് താമസിക്കുന്നത്? വിശേഷിച്ചും നഗരങ്ങളില്‍ത്തന്നെ?

അവ കൂടുകൂട്ടുന്നതോ - ഗള്‍ഫിലെ കാര്യമാണെങ്കില്‍ എയര്‍ കണ്ടീഷണറുകളില്‍ മാത്രവും. ഓരോ രണ്ട് കെട്ടിടത്തിനുമിടയ്ക്കുള്ള കോണ്‍ക്രീറ്റിട്ട ഗ്യാപ്പുകളില്‍ പൊട്ടിത്തകര്‍ന്ന് ഉണങ്ങിപ്പിടിച്ച പ്രാവിന്‍ മുട്ടകളുടെ അവശിഷ്ടങ്ങള്‍. പഞ്ചഭൂതങ്ങളല്ല, രണ്ട്മൂലകങ്ങള്‍ എന്നു തന്നെ വ്യവച്ഛേദിയ്ക്കാവുന്ന വിധം ഫോസ്ഫറസിന്റേയും കാത്സിയത്തിന്റേയും വര്‍ണചിത്രങ്ങള്‍. വാട്ടര്‍ടാങ്കിലെ മുങ്ങിമരണങ്ങളോ?

എന്തിനാണ് മനുഷ്യര്‍ കൂട്ടമായി വന്ന് ജീവിക്കുന്ന ശപിയ്ക്കപ്പെട്ട നഗരങ്ങളില്‍ത്തന്നെ പ്രാവുകളും പൊറുക്കുന്നത്? കൂട്ടമായി പറന്നുയര്‍ന്ന് സുവനീര്‍ഷോപ്പുകളിലെ തിരിയുന്ന സ്റ്റാന്‍ഡിലെ പിക്ചര്‍ പോസ്റ്റ്കാര്‍ഡുകളില്‍ ഇടം പിടിയ്ക്കാനോ? തദ്ദേശീയരേക്കാള്‍ എല്ലാക്കാലത്തും ടൂറിസ്റ്റുകള്‍ എണ്ണത്തില്‍ കൂടുതലായ സ്പെയിനിന്റെ എല്ലാ ചിത്രങ്ങളിലും നിങ്ങള്‍ പറന്ന് പറന്ന് പോസു ചെയ്യുന്നതെന്ത്? നിങ്ങളുടെ മോഡലിംഗ് കൂലി എത്ര? ദില്ലിയില്‍ ആളുകള്‍ ഭിക്ഷയായി കൂമ്പാരമിട്ട് പോകുന്ന ഗോതമ്പുമണികള്‍ കൊത്തി പറന്നാല്‍ മതിയോ നിങ്ങള്‍ക്ക്? അവശേഷിക്കുന്ന ഏതെങ്കിലും കാടു നോക്കി പറക്കാന്‍ വയ്യായോ?

പ്രാവുകള്‍ പരസ്പരം കൊത്തിക്കൊത്തി കൊല്ലുന്നത് കണ്ടിരിയ്ക്കുന്നു. മനുഷ്യരും പ്രാവുകളും മാത്രമേ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഭക്ഷണത്തിനായല്ലാതെ കൊല്ലുന്നുള്ളു എന്ന് വായിച്ചിരിക്കുന്നു. ശരിയോ? ആ സാഹോദര്യമാണോ സമാധാനത്തിന്റെ സിംബലുകള്‍ എന്ന നിരര്‍ത്ഥമായ ഉപമയുടെ ഗര്‍ഭപാത്രം?

എന്തിനാണ് മനുഷ്യര്‍ കൂട്ടമായി വന്ന് ജീവിക്കുന്ന ശപിയ്ക്കപ്പെട്ട നഗരങ്ങളില്‍ത്തന്നെ കൂട്ടംകൂട്ടമായി പ്രാവുകളും പൊറുക്കുന്നത്?

8 comments:

പ്രിയ said...

ഒരേ കൂടിലടച്ച ആണ്പ്രാവുകള് പരസ്പരം കൊത്തിക്കൊല്ലും എന്നുള്ളത് കേട്ടു. അത് സ്ഥലങ്ങള് പങ്കു വയ്ക്കാനുള്ള തര്ക്കമാനെന്നും. എല്ലാ ജീവജന്തുക്കളിലും ഇങ്ങനെ ഒരു അതിര്ത്തി തര്ക്കങ്ങള് ഉണ്ടല്ലേ? സിംഹം ഒക്കെ ഏരിയ ആദ്യമേ തിരിച്ചു വക്കുമെന്നും, അതിക്ക്രമിച്ചു കേറുന്ന മറ്റു ആണ് സിംഹത്തിനെ ഓടിക്കുമെന്നും കേട്ടിട്ടുണ്ട്. (പോയില്ലേല് കൊന്നു കളയുമോന്നറിയില്ല)
പ്രാവു ഒത്തിരി domesticated ( എന്ന് പറയാമോ? അതോ മനുഷ്യനോട് കൂടുതല് അടുപ്പമുള്ള എന്നോ?) ആയ ഒരു പക്ഷിയാണെന്ന് തോന്നുന്നു. പണ്ടു തൊട്ടേ സന്ദേശ വാഹകര് ആക്കി കൂടെ കൊണ്ടു നടന്നു മനുഷ്യന് വാശി ഉണ്ടാക്കിയതാവാം അവയ്ക്ക്. പിന്നെ അതങ്ങു ജീനില് ആയിക്കാണും.
ആഹാരത്തിന് വേണ്ടിയാവണം അവയും മനുഷ്യനോട് ചേര്ന്നു ജീവിക്കുന്നത്. ശീലത്തിന്റെ പ്രശ്നം. സ്വന്തം കാലില് ജീവിക്കാന് അറിയാത്ത ജീവിതം.

സു | Su said...

മനുഷ്യാ, നിങ്ങളെന്തിന് മരങ്ങള്‍ വെട്ടിത്തെളിച്ച് വീടുണ്ടാക്കുന്നു? ഞങ്ങളുടെ ഇടം ഞങ്ങള്‍ക്ക് തരൂ. എന്നാല്‍ നിങ്ങളുള്ളിടത്തേക്ക് ഞങ്ങള്‍ വരില്ല.

G.MANU said...

റാംജി..ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ട് മാറ്റി വൈറ്റാക്കുമോ?,,, വായിക്കാന്‍ ബുദ്ധിമുട്ട്

ദേവന്‍ said...

റോക്ക് പീജ്യണ്‍ എന്ന വംശത്തില്‍ പെട്ട പ്രാവുകളെ പതിനായിരക്കണക്കി വര്‍ഷമായി മനുഷ്യന്‍ ഇണക്കി വളര്‍ത്തിയിരുന്നു, സന്ദേശവാഹകരായും വെറും വളര്‍ത്തു പക്ഷികളായും മത്സരപ്പക്ഷികളായും. കാലങ്ങള്‍ കൊണ്ട് ഇണക്കിവളര്‍ത്തലില്‍ നിന്നും ചാടിപ്പോയി (ഫെറല്‍) മനുഷ്യര്‍ക്കിടയില്‍ വൈല്‍ഡ് ജീവിയെപ്പോലെ തനിയെ ഭക്ഷണം തേടിയും കൂടുകൂട്ടിയും തലമുറകള്‍ വളര്‍ന്ന അവ ശരിയായ വന്യ റോക്ക് പീജ്യണുകളുമായി കൂടിക്കലര്‍ന്ന് ഇപ്പോള്‍ ശുദ്ധവന്യമായ റോക്ക് പീജ്യണുകളില്ല, ഫെറലുകള്‍ മാത്രമേ ലോകത്തുള്ളു. അവ മനുഷ്യന്റെ ഇണക്കലില്‍ നിന്നും പിണങ്ങിയവയല്ലേ, മനുഷ്യപരിസരം തന്നെയാണ്‌ അവയുടെ സ്വാഭാവിക വാസസ്ഥലവും.

സമാധാനവും പ്രാവുമായുള്ള ബന്ധം നോഹയുടെ പെട്ടകത്തില്‍ നിന്നല്ലേ? അല്ലാതെ ശരിയായ അര്ത്ഥത്തില്‍ പ്രാവുകള്‍ മാംസഭോജികളല്ല എന്നതൊഴിച്ചാല്‍ സമാധാനവുമായി ഒരു ബന്ധവുമില്ല, മറിച്ച് യുദ്ധത്തില്‍ വയര്‍ലസ്സും മറ്റും പ്രചാരത്തിലാവും വരെ പ്രാവുകളുടെ റോള്‍ വളരെ വലുതായിരുന്നു, നിരവധി കീര്‍ത്തി മുദ്രകള്‍ നേടിയ പ്രാവുകള്‍ പല ആര്‍മികള്‍ക്കും ഉണ്ട്.

Rammohan Paliyath said...

മന:പ്പൂര്‍വമാണ് മിസ്റ്റര്‍ പോസ്റ്റിടും മുമ്പ് നിങ്ങളെ വിളിച്ചു ചോദിയ്ക്കാഞ്ഞത്. എങ്കില്‍പ്പിന്നെ ഇതിങ്ങനെ എഴുതേണ്ടി വരില്ലായിരുന്നല്ലോ. പോസ്റ്റ് മറന്നു കള. (കള യമുനേ മട്ട്).

റൊമ്പ താങ്ക്സ് ദേവരേ. താങ്ക്സ്.

Rammohan Paliyath said...

ദേവന്റെ കമന്റ് വായിച്ചപ്പോള്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി ഓര്‍മ വന്നു. രാവണവധവും യുദ്ധവും കഴിഞ്ഞ് ഹനുമാന്‍ സീതാദേവിയെ ചെന്ന് കാണുമ്പോള്‍ പറയുന്നു: ദേവീ, തമസ്സെല്ലാം ഒഴിഞ്ഞു...

അപ്പോള്‍ സീത പറയുകയാണ്: അത് തമസ്സായിരുന്നെങ്കിലും എന്നെ മൂടിയ തമസ്സായിരുന്നു എന്ന്.

സീതാപരിത്യാഗത്തിന്റെ സീഡ് എത്ര ഭംഗിയായി ശ്രീകണ്ഠ്ന്‍ നായര്‍ അവിടെ വിതച്ചു.

അതുപോലെ തങ്ങളെ മൂടിയ നാഗരികതയുടെ തമസ്സ് വെടിഞ്ഞ് പോകാന്‍ കഴിയാതെ ചുറ്റിത്തിരിയുകയാണ് പ്രാവുകള്‍ അല്ലേ? ഹാ, കഷ്ടം.

Suraj said...

'പൊട്ടാന്‍ തയാറായിരിക്കുന്ന രണ്ട് കതിനകള്‍ക്കിടയിലെ വഴിമരുന്നാണ് സമാധാനം' എന്ന് ആരാണോ പറഞ്ഞത് ?
അതുതെന്നെ ജന്തുകുലത്തിന്റെ സമാധാനവും സഹവര്‍ത്തിത്വവും...അതിജീവനത്തിന്റെ പിടച്ചിലുകള്‍ക്കിടയില്‍ ആള്‍ട്രൂയിസത്തിന്റെ മായക്കാഴച - അതുതന്നെ പ്രാവിന്റെ ചുണ്ടിലെ ഒലീവിലത്തുണ്ടും :)

Unknown said...

Rama, sorry, I am yet to get around to Googblogging in our languauge. Pettennu ormayil ethunnathu, Shanthanuvinte Pakshikal, Nidrayude Thazhvara ( Vijiayan - Mayoora Nathan, remember?), Baudelaire.

Ninte nerma, aarjavam purathu varunnathu ee varanda manal kattinte vakkukaliloodeyaanu. Otta Kannan Poochakale pole, oru nananja novu bakki nirthi ninte nidra thoratha shabdam enikku koottu varunnu - ee post-il.

Related Posts with Thumbnails