Thursday, December 9, 2010

എന്തൊരു അനീതി

ഒന്ന് മരിക്കാൻ ഒരു പ്രാവശ്യം തീരുമാനിച്ചാൽ മതി.
ഒന്ന്  ജീവിക്കാൻ എത്ര പ്രാവശ്യം തീരുമാനിക്കണം.
എന്തൊരു അനീതി.

Saturday, November 27, 2010

പർദ്ദയുടെ പിന്നിലെ ഭൂമിശാസ്ത്രം

Tuesday, November 2, 2010

ഊച്ചാളി മലയാളി


സായിപ്പിന്റെ മലയാളം കേട്ടാൽ കൌതുകത്തോടെ ചിരിക്കും.
നഴ്സിന്റെ ഇംഗ്ലീഷ് കേട്ടാൽ പരിഹസിച്ച് ചിരിക്കും.
ഊച്ചാളി മലയാളി ഞാൻ.

Tuesday, July 20, 2010

മലയാളിയാകണമെങ്കില്‍ [മനുഷ്യനാകണമെങ്കിലും] ഗള്‍ഫുകാരനാകണ്ടേ?


 ഗള്‍ഫില്‍ വന്ന് കുറേക്കാലം ജീവിച്ചപ്പോളാണ് യഥാര്‍ത്ഥ മലയാളിയാകാന്‍ തുടങ്ങുന്നു എന്നൊരു വികാരം [വിചാരവും] എനിയ്ക്കുണ്ടായിത്തുടങ്ങിയത്. അല്ല, ഇവിടുത്തെ സാധാസീദാ ഓണാഘോഷങ്ങള്‍ കണ്ടിട്ടോ സാഹിത്യപ്രസംഗങ്ങള്‍ കേട്ടിട്ടോ അല്ല എന്റെയുള്ളില്‍ മലയാളിത്തം മുളച്ചത്. പിന്നെയോ, ഞാനെന്ന എറണാകുളത്തുകാരന്‍ കാസര്‍കോട്ടുകാരെയും കണ്ണൂര്‍ക്കാരെയും വടകരക്കാരെയും കോഴിക്കോട്ടുകാരെയും മലപ്പുറത്തുകാരെയും ചാവക്കാട്ടുകാരെയും മണപ്പുറത്തുകാരെയും കരുനാഗപ്പള്ളിക്കാരെയും കോതമംഗലത്തുകാരെയും കോട്ടയത്തുകാരെയും തിരുവല്ലക്കാരെയും ചെങ്ങന്നൂര്‍ മാവേലിക്കരക്കാരെയും വര്‍ക്കലക്കാരെയുമെല്ലാം അടുത്തു പരിചയപ്പെടുന്നതും അവരില്‍ പലരോടുമൊപ്പം ഒരേ മുറിയില്‍ ഉണ്ടുറങ്ങിയതും ഗള്‍ഫില്‍ വന്നതിനു ശേഷമാണ്. അതെ, അതിനു ശേഷമാണ്, അതിനു ശേഷം മാത്രമാണ്, മലയാളിയായി എന്നൊരു തോന്നല്‍ എനിയ്ക്കുണ്ടായത്. അതുവരെ നീണ്ടകരയിലെ മത്സ്യവ്യവസായം, കുട്ടനാട്ടെയും പാലക്കാട്ടെയും നെല്ലറകള്‍, കല്ലായിയിലെ തടിമില്ലുകള്‍, ഇടനാട് മലനാട് തീരപ്രദേശം എന്നെല്ലാം സാമൂഹ്യപാഠം ക്ലാസില്‍ പഠിച്ചതു മാത്രമേ ഉണ്ടായിരുന്നുള്ളു. നീണ്ടുമെലിഞ്ഞു കിടക്കുന്ന കേരളത്തില്‍, പലയിടങ്ങളിലായി, പല സംസ്കാരവിശേഷങ്ങളുമായി തലയും കയ്യും കാലും വാലും പോലെ വേറെ വേറെ കിടക്കുന്ന മലയാളിയെ ഒരുമിച്ചു ചേര്‍ക്കുന്ന ഭൂമിയിലെ ഒരേയൊരു ലാബാണ് ഗള്‍ഫ്.

ഇതുവായിച്ചാല്‍ ബോംബെ മലയാളികള്‍ എന്നോട് ചൂടാവാന്‍ വരുമെന്നെനിയ്ക്കറിയാം. ബോംബെയല്ലേ ആദ്യത്തെ  കേരളം എന്നവര്‍ ചോദിയ്ക്കും. സത്യത്തില്‍ ബോംബെ മലയാളികള്‍ തന്നെ പല തരമുണ്ട്. അവരില്‍ എല്ലാവരെയും കാണണമെങ്കിലും ഗള്‍ഫില്‍ വരണമെന്നതാണ് സത്യം. പല തലമുറകളില്‍പ്പെട്ട ബോംബെ മലയാളികള്‍ - കുറച്ചു കാലം ബോംബെയില്‍ ജീവിച്ചവര്‍, കൌമാരം കഴിഞ്ഞയുടന്‍ ബോംബെയില്‍ എത്തിപ്പെട്ടവര്‍, ബോംബെയില്‍ ജനിച്ചു വളര്‍ന്നവര്‍... അങ്ങനെ പല തരം. ഫോര്‍ട്ടിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അവര്‍ കാസര്‍കോട്ടുകാരെ കണ്ടിട്ടുണ്ടാവും. ഇലക്ട്രോണിക്സ് സാധനങ്ങളോ നാരിയലോ വില്‍ക്കുന്ന മലബാറികള്‍. അവരോട് മലയാളം പറഞ്ഞിട്ടുണ്ടോ? പറഞ്ഞാല്‍ അവര്‍  തിരിച്ചും മലയാളം പറയുമോ? ലോകത്ത് എവിടെപ്പോയാലും ചെങ്ങന്നൂര്‍ തിരുവല്ല മാവേലിക്കരക്കാരായ നഴ്സുമാരെ കാണാം. പക്ഷേ അടുത്ത ഫ്ലാറ്റില്‍ അവര്‍ കുടുംബമായി താമസിക്കുന്നതു കണ്ടിട്ടുണ്ടോ?

ഒരേ സാധനത്തിന് പല നാട്ടുകാരായ മലയാളികള്‍ പറയുന്ന പല പല രസികന്‍ വാക്കുകള്‍ കേട്ടിട്ടുണ്ടോ? ഉദാഹരണത്തിന് വവ്വാല്‍ എന്ന് ഇപ്പോള്‍ പൊതുവായി പറയുന്ന നരിച്ചീര്‍, ആവലുംജാതി, കടവാതില്‍ എന്ന കാരാടന്‍ ചാത്തനെ അറിയാമോ?  കാസര്‍കോട്ടു മാത്രം നിന്നുള്ള വാച്ച്മാന്മാരെ പരിചയമുണ്ടോ? കണ്ണൂര്‍ക്കാര്‍ക്കു പോലും മനസ്സിലാകാത്ത അവരുടെ മലയാളം പരിചയമുണ്ടോ? നാദാപുരകാര്‍ മാത്രം നടത്തുന്ന എണ്ണിയാലൊടുങ്ങാത്ത കഫ്റ്റീരിയകളിലൊന്നില്‍ കയറിയിട്ടുണ്ടോ? ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീണ്ടുകിടക്കുന്ന മണപ്പുറം എന്നറിയപ്പെടുന്ന പ്രദേശത്തെ ബിസിനസ് വിദഗ്ധരെ അറിയാമോ? വര്‍ക്കലയിലെ മിടുക്കന്മാരെ? നോണ്‍സ്റ്റോപ്പ് മലയാളം പറയുന്ന അങ്കമാലിക്കാരെ? ചില്ലക്ഷരം വേസ്റ്റാക്കാത്ത കൊച്ചിക്കാരെ? ഇല്ല, ഗള്‍ഫിലുള്ള മലയാളി ജീവിതത്തിന്റെ വൈവിധ്യവും കൂട്ടപ്പൊരിച്ചിലുമൊന്നും ബോംബെയിലും ഡെല്‍ഹിയിലുമില്ല. ഇവിടെ ഓരോ ബില്‍ഡിംഗും ഓഫീസും വില്ലമുറിയും കേരള നിയമസഭയാണ്. അല്ല, രാഷ്ട്രീയം പറഞ്ഞ് അടികൂടുന്ന കാര്യമല്ല പറയുന്നത്, പല നിയോജകമണ്ഡലങ്ങളില്‍ നിന്നും ആളുണ്ടാവുന്ന അവസ്ഥയാണ്.

അതിലും രസമാണ് ‘നിങ്ങള്‍‘ എന്ന വാക്കിന്റെ പ്രയോഗം. മലബാറുകാര്‍ക്ക് അത് ബഹുമാനം തുളുമ്പുന്ന വിളിയാണ്. ഭര്‍ത്താവിനെ മലബാറിസ്ത്രീകള്‍ അങ്ങനെയെ വിളിയ്ക്കൂ. [എന്റെ വില്യാപ്പള്ളിക്കാരന്‍ സഹപ്രവര്‍ത്തകന്‍ അസ് ലം ഞങ്ങളുടെ ഇടച്ചേരിക്കാരനായ അര്‍ബാബിനെ ‘നിങ്ങള്‍ നിങ്ങള്‍’ എന്നു വിളിയ്ക്കുമ്പോള്‍ എന്നിലെ കൊച്ചിക്കാരന് ആദ്യമാദ്യം അസ്വസ്ഥത തോന്നിയിരുന്നു.] ‘എന്നെ നിങ്ങള്‍ എന്നു വിളിയ്ക്കല്ലേ’ എന്ന് പട്ടാമ്പിക്കാരനായ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ എനിയ്ക്ക് ചിരി വന്നത് ആ അനുഭവം ഓര്‍ത്തിട്ടായിരുന്നു. ഭാരതപ്പുഴ കടന്ന് അധികമായിട്ടില്ല, അപ്പോളേയ്ക്കും ‘നിങ്ങള്‍’ ഹറാമാ‍യി! തെക്കോട്ട് പോയാല്‍ പരാജയപ്പെട്ട ദാമ്പത്യത്തിലെ ഭാര്യമാര്‍ മാത്രമേ ഭര്‍ത്താവിനെ മുഖത്തുനോക്കി ‘നിങ്ങള്‍’ എന്നു വിളിയ്ക്കുകയുള്ളു [അല്ലെങ്കില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ :-)]. 

കേരളത്തനിമപോലെത്തന്നെ കാസര്‍കോട്തനിമയും പട്ടാമ്പിത്തനിമയുമെല്ലാം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. അല്ലാതെ പട്ടാമ്പിക്കാരനും ചാലക്കുടിക്കാരനും സിനിമ എഴുതിയാലും കഥാപാത്രങ്ങള്‍ വള്ളുവനാടന്‍ മലയാളം മാത്രം പറയുന്ന ഏര്‍പ്പാട് ആളെ ഊശിയാക്കുന്നതാണ്. സിംഗ് ള്‍ ഇന്‍ വെര്‍ട്ടഡ് കോമകളും ഫുട്നോട്ടുകളും ഇല്ലാതെ പല നാടന്‍ വാക്കുകളും പ്രയോഗിക്കാന്‍ കഴിയുന്ന ഒരു കാലം വേഗം ഇങ്ങു വരുമെന്നാണ് പതിനൊന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതം തരുന്ന കോണ്‍ഫിഡന്‍സുകളില്‍ ഒന്ന്. [കേരളം എന്നു പറഞ്ഞയുടന്‍ ഒരു കഥകളിത്തല കാട്ടുന്ന കോപ്രായത്തെ നോക്കി പരിഹാസച്ചിരി ചിരിയ്ക്കാന്‍ കഴിയുന്നതാണ് മറ്റൊരു കോണ്‍ഫിഡന്‍സ്.]

നാട്ടിലും ബോംബെയിലും ഡല്‍ഹിയിലും ജീവിച്ചിട്ടുള്ള ആളാണ് ഇതെഴുതുന്നത്. യാത്രകളിലൂടെ ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം നമ്മില്‍ പലരും കണ്ടുകാണും. അന്നാട്ടുകാരെ പരിചയവും കാണും. അവരില്‍ പലരോടുമൊപ്പം ജോലി ചെയ്യുകയോ കൂടെ താമസിക്കുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്തുകാണും. എന്നാല്‍ ഇത്രമാത്രം വൈവിധ്യ, ബാഹുല്യങ്ങളോടെ, ഇത്രമാത്രം നിത്യജീവിത സമ്പര്‍ക്കങ്ങളിലൂടെ, ദൈനംദിന ഇടപാടുകളിലൂടെ ‘കേരളം’ സംഭവിക്കുന്നത് കേരളത്തില്‍പ്പോലുമല്ല എന്നതല്ലേ സത്യം?

ഗള്‍ഫില്‍ വരികയും പ്രിയപ്പെട്ടവരെ പിരിഞ്ഞ് - In the Absence of their Men - ജീവിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞ അമ്പതോളം വര്‍ഷമായി ലക്ഷക്കണക്കിന് മലയാളികളുടെ വിധിയാണ്. അതില്‍ അടുത്ത കാലത്തൊന്നും വലിയൊരു മാറ്റമുണ്ടാകും എന്ന് പറയാന്‍ ധൈര്യമില്ല. അപ്പോള്‍ ആ വിധിയുമായി പൊരുത്തപ്പെടുന്നതായിരിക്കും ബുദ്ധി. കേരളത്തിന്റെ വൈവിധ്യം അനുഭവിച്ചറിയാന്‍ ഈ മണ്ണും ഈ കാലവും വിനിയോഗിക്കാം. മുളകിട്ടു മാത്രമല്ല മീന്‍ വെയ്ക്കുന്നത് എന്ന് മനസ്സിലാക്കാം. കുടമ്പുളി എന്നു കേള്‍ക്കുമ്പോള്‍ വായ പൊളിയ്ക്കാതിരിയ്ക്കാം. [കഴിയ്ക്കാന്‍ വേണ്ടി വായ പൊളിയ്ക്കാം]. കണ്ണൂര്‍ക്കാരുടെ തീര്‍ത്താല്‍ തീരാത്ത പാചകവിധികളിലൂടെ - Malabar Muslim Cookery - സഞ്ചരിയ്ക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ അച്ചടിച്ചു വിട്ട പാചകക്കുറിപ്പുകള്‍ മാത്രമല്ല കേരളം എന്നറിയാം. തിരുവിതാംകൂറുകാരുടെ അധ്വാനവും ബുദ്ധിയും സ്ഥിരോത്സാഹവും അറിയാനുള്ള ആഗ്രഹവും വളരാനുള്ള വൈഭവവും കണ്ടുപഠിച്ച് മാതൃകയാക്കാം. മണപ്പുറത്തുകാരുടെ ബിസിനസ് സീക്രട്ട് എന്താണെന്ന് അടുത്തറിയാം. ഇതിനെല്ലാം ഗള്‍ഫിലല്ലാതെ വേറെ എവിടെ അവസരം?

സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ക്ലാസില്‍ പഠിച്ച ഒരു സയന്‍സ്പാഠം ഓര്‍ക്കുന്നു. വെളുത്തനിറമുള്ള പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ പുറത്തുവരുന്നത് വെള്ളക്കാരനല്ല. പിന്നെയോ - മഴവില്ലിന്റെ ഏഴു നിറം. വിബ്ജിയോര്‍. മഴയും വെയിലും ഒരുമിച്ചുണ്ടാകുമ്പോള്‍ മാനത്തും മഴവില്ല് തെളിയും. സൂര്യകിരണങ്ങളാകുന്ന കൂരമ്പുകള്‍  മഴത്തുള്ളികളുടെ കുഞ്ഞുപ്രിസങ്ങളെ കീറി മുറിയ്ക്കുമ്പോള്‍ വരുന്ന ചോരയ്ക്ക് ഏഴു നിറം.  മഴയും വെയിലും ഒരുമിച്ച് വന്നാല്‍ കുറുക്കന്റെ കല്യാണം എന്ന് കുട്ടിക്കാലത്ത് പറയുമായിരുന്നു. അങ്ങനെ ജപ്പാനിലും പറയുമെന്ന് Akira Kurosawa യുടെ Dreams എന്ന ജാപ്പനീസ് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. ഗള്‍ഫില്‍ ജീവിയ്ക്കുന്നതുകൊണ്ട് കുറുക്കന്റെയല്ല മനുഷ്യന്മാര്ടെ കല്യാണത്തിനുപോലും കൂടാന്‍ പറ്റാറില്ല. എങ്കിലും മഴവില്ലിന്റെ ഭംഗി ഗള്‍ഫിലും കണ്ടിട്ടുണ്ട് പലവട്ടം. അവസാനം കണ്ടത് ദുബായ് എയര്‍പോര്‍ട്ടില്‍ ഒരാളെ നാട്ടിലേയ്ക്ക് യാത്രയാക്കി പാര്‍ക്കിംഗിലേയ്ക്ക് നടക്കുമ്പോള്‍ വന്ന വെയില്‍മഴയത്ത്. 

ഈ മഴവില്ലിന് ഒരു മറുവശമുണ്ടല്ലോ. കണ്ടിട്ടുണ്ടോ അത്? ഒരു കാര്‍ഡ്ബോര്‍ഡ് വട്ടത്തില്‍ മുറിച്ച് അതിനെ ഏഴ് തുല്യഭാഗങ്ങളായി വരച്ച് ഏഴ് നിറങ്ങള്‍ പൂശി ഒരു സ്റ്റാന്‍ഡില്‍ സ്ഥാപിച്ച് സ്പീഡില്‍ കറക്കി നോക്കുക. സ്പീഡില്‍ കറങ്ങുമ്പോള്‍ ഏഴു നിറങ്ങളല്ല കാണുക, തൂവെള്ളയായിരിക്കും. പ്രകാശത്തിന്റെ നിറം വെറും വെളുപ്പാണ് എന്ന് കാണിയ്ക്കാന്‍ സയന്‍സ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചു കണ്ടിട്ടുള്ള ഒരു സൂത്രമാണിത്. ഇതു തന്നെയാണ് ഗള്‍ഫിലും സംഭവിയ്ക്കുന്നത്. 

അതിനപ്പുറം, കാസര്‍കോട്ടുകാരനെ മലയാളിയാക്കുന്നതിനും മലയാളിയെ ഇന്ത്യക്കാരനാക്കുന്നതിനുമപ്പുറം, ഇന്ത്യക്കാരനെ മനുഷ്യനാക്കുന്ന ഒരു മായാജാലം കൂടി ഗള്‍ഫില്‍ സാധ്യമാവുന്നുണ്ട്. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ കാരനും ഒത്തൊരുമിച്ച് കഴിയുന്ന ഇടമല്ലേ ഗള്‍ഫ്? പണിയെടുത്താല്‍ ജീവിയ്ക്കാം, വിശന്നാല്‍ ഭക്ഷണമാണ് ആവശ്യം തുടങ്ങിയ വലിയ സത്യങ്ങള്‍ അനുഭവിപ്പിക്കുന്ന ഗള്‍ഫ് ജീവിതം. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ല എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. 

Monday, July 12, 2010

കുറത്തി

നിങ്ങളോര്‍ക്കുക
നിങ്ങളെങ്ങനെ
നിങ്ങളല്ലാതായെന്ന്.

Tuesday, May 25, 2010

ഭ്രൂണനാമകീര്‍ത്തനം

രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ!

Tuesday, May 4, 2010

കുളം കര കുളം കര

ചിലര്‍ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നുവെന്ന്
ഇപ്പോളും അജ്ഞാതം;
ചിലര്‍ ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന്
ഇപ്പോളും അജ്ഞാതമായിരിക്കുന്നതുപോലെ.

Friday, April 9, 2010

ഷവര്‍മകളുണ്ടായിരിക്കണം

കുറേനാള്‍ മുമ്പ് എന്റെ എന്‍73 നോകിയയില്‍ എടുത്ത ഒരു വിഡിയോയാണ് ഇതോടൊപ്പം. മലയാള ബ്ലോഗിംഗിന്റെ തല+ഹൃദയസ്ഥാനമായ യുഎഇയില്‍ പൊറുക്കുന്നവരേ, ഷവര്‍മ തിന്നുമ്പോളെങ്കിലും നിങ്ങള്‍ മലബാറി കഫ്തീരിയികളെ ഒഴിവാക്കണേ. ഇടയ്ക്ക്, പരീക്ഷണാര്‍ത്ഥമെങ്കിലും അല്‍ ഹലാബ് പോലുള്ള യഥാര്‍ത്ഥ അറബിക് റെസ്റ്റോറന്റുകളില്‍ നിന്ന് അതൊന്ന് തിന്നു നോക്കണേ. ഇത് വീണ്ടും പറയാനാണ് ഇത് വീണ്ടും ഗള്‍ഫ് മനോരമ ഓണ്‍ലൈനില്‍ പുന:പ്രസിദ്ധീകരിച്ചത്.

Tuesday, March 30, 2010

ഹാ! വിജിഗീഷു കോണ്‍ക്രീറ്റിനാമോ...

ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്നു ചോദിച്ചത് വൈലോപ്പിള്ളിയാണ്. Why Low Pilli? He was Always on His High! വിജിഗീഷു എന്നാല്‍ ‘ജയിക്കാന്‍ ആഗ്രഹമുള്ള’ എന്നാണര്‍ത്ഥമെന്ന് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള [ശബ്ദതാരാവലി].
പതിനൊന്നിലേറേ വര്‍ഷമായി എന്ന സഹിക്കുന്ന ദുബായ് നഗരത്തിലെ പ്രധാനമായും ഓഫീസുകള്‍ മാത്രമുള്ള ഏരിയയാണ് ഗര്‍ഹൂദ്. അവിടെ രണ്ടു കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള കോണ്‍ക്രീറ്റിട്ട ഭാഗത്ത് ഒരു ദിവസം കണ്ണില്‍പ്പെട്ട ഒരു തക്കാളിച്ചെടിയാണ് കന്നിക്കൊയ്ത്തിലെ ആ വരികള്‍ ഓര്‍മിപ്പിച്ചത്. കോണ്‍ക്രീറ്റിലാണ് നില്‍പ്പെങ്കിലും വെള്ളം കിട്ടാനും സ്കോപ്പില്ലാതിരുന്നിട്ടും അറബിസൂര്യന്റെ ക്രൂരതയ്ക്കു കീഴിലും ജീവിതത്തിന്റെ കൊടിപ്പടം ഉയര്‍ത്തിപ്പാറിപ്പിച്ചുകൊണ്ട് നിറയെ കായ്ച ഒരു തക്കാളിച്ചെടി. ഉയരത്തില്‍ പാറിച്ചു എന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവില്ലെന്നു മാത്രം.
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിയ്ക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിയ്ക്കിതുതാന്‍ സ്വഭാവമാം
എന്ന്‍ പത്താം ക്ലാസില്‍ പഠിച്ച ആറ്റൂരിന്റെ മലയാള ശാകുന്തളശ്ലോകം പോലെ, അര്‍ധവാര്‍ധ്യക്യം വന്നിട്ടും വലിയ മുലകളുള്ളതിനാല്‍ സുന്ദരിമാരും; കാണുന്നവരെ രസിപ്പിക്കും വിധം അനായാസം നടക്കാന്‍ വയ്യാത്തവരുമായ ചില സെമിഅമ്മൂമ്മമാരെപ്പോലെ ആ തക്കാളിച്ചെടി അതിനു കായ്ച്ച എല്ലാ കുഞ്ഞുങ്ങളേയും കോണ്‍ക്രീറ്റില്‍ കിടത്തി അമ്മിഞ്ഞകൊടുക്കുന്നു.
കുട്ടിക്കാലത്ത് വീട്ടിനകത്തും ചിലപ്പോള്‍ ഒളിച്ചുകളിയ്ക്കാറുള്ളപ്പോള്‍, ജയപാലന്റെ അമ്മൂമ്മ എപ്പോഴും ഒളിയ്ക്കുന്നവരുടെ സെറ്റിലായിരുന്നു. കട്ടിലിലിരുന്ന് നാലും കൂട്ടി മുറുക്കുകയാവും മിയ്ക്കവാറും. കട്ടിലിന്റെ ചോട്ടില്‍ ഞാനോ രഘുവോ ജയപാലനോ ഒളിച്ചിട്ടുണ്ടാവും. കള്ളന്‍ ആരായാലും [സ്വന്തം കൊച്ചുമകനാണെന്ന വാത്സല്യമൊന്നും ജയപാലനോടും ഇല്ല അപ്പോള്‍. അങ്ങനെ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇരിയ്ക്കുന്നത് കാണികളുടെ ഹൃദയത്തിലാണ് എന്ന് ആദ്യമായി പഠിപ്പിച്ച്] കള്ളന്‍ ആരായാലും ‘ഒളിച്ചാലും ഒളിച്ചില്ലെങ്കിലും വരാമ്പോണേ’ എന്നും പറഞ്ഞ് വരുമ്പോള്‍ ജയപാലന്റെ അമ്മൂമ്മ പറയും ‘അനങ്ങല്ലേ, അനങ്ങല്ലേ, നെലത്തോട് സമം’. അവരുടെ തലമുടി മുഴുവന്‍ വെള്ളിയായിരുന്നു. അതിലെ പേനുകള്‍ക്കും വെളുത്ത നിറമായിരുന്നു. പ്രകൃതി കൊടുത്ത കാമുഫ്ലാഷ് മെക്കാനിസമായിരിക്കണം അത്. വെളുത്ത പേന്‍... can you believe it?
അവര് പറഞ്ഞിരുന്ന പോലെ നാലഞ്ച് തക്കാളികള്‍ നെലത്തോട് സമം. കോണ്‍ക്രീറ്റിന്റെ അടിമക്കുട്ടികളാരാനും കണ്ടുപിടിയ്ക്കണ്ട എന്നു കരുതി ഒച്ചയുണ്ടാക്കാതെ, തലയുയര്‍ത്താതെ...
ശാകുന്തളത്തിന് ഒട്ടേറെ പരിഭാഷകള്‍ വന്നു മലയാളത്തില്‍. കേരളവര്‍മ വലിയ കോയിത്തമ്പുരാന്റേതായിരുന്നില്ലേ ആദ്യത്തേത്? ഒടുവില്‍ ഖണ്ഡ:ശ വായിച്ചത് ഭാഷാപോഷിണിയില്‍, തിരുനെല്ലൂരിന്റെ. അക്കൂട്ടത്തിലെ ഏറ്റവും മികച്ചത് ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടേതാണെന്നാണ് പറയപ്പെടുന്നത്. അത് യഥാര്‍ത്ഥത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്തുവെച്ചിരുന്ന പരിഭാഷയായിരുന്നെന്നും തമ്പുരാന്റെ മരണശേഷം ആറ്റൂരത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കയായിരുന്നെന്നും ആരോപണമുണ്ട്. മഹാപണ്ഡിതനായിരുന്നു ആറ്റൂര്‍. എന്നാല്‍ അതിനു മുന്‍പോ പിമ്പോ അത്ര ലളിത മധുര മനോഹരമായ കവിതയില്‍ ഒരു വരി പോലും എഴുതാത്ത ആള്‍. തമ്പുരാനോ, മനോഹര പരിഭാഷയോ കവിതയോ ആദ്യം എന്ന് അതിശയിപ്പിച്ച ആള്‍. തമ്പുരാന്‍ മഹാഭാരതം പരിഭാഷപ്പെടുത്തിയിരുന്ന കാലത്ത് കുശുമ്പിന് പേരു കേട്ട വള്ളത്തോള്‍ അതു കാണാന്‍ വന്ന ഒരു കഥയും കേട്ടിട്ടുണ്ട്. ഒരു പുസ്തകം നോക്കി മലയാളപരിഭാഷ പദ്യരൂപത്തില്‍ ചൊല്ലിക്കൊടുക്കുകയായിരുന്നത്രെ തമ്പുരാന്‍. നേരത്തേ എഴുതിവെച്ച പരിഭാഷയില്‍ നോക്കിച്ചൊല്ലുകയാണോ എന്ന ഭാവത്തില്‍ വള്ളത്തോള്‍ എത്തി നോക്കിയപ്പോള്‍ കുഞ്ഞിക്കുട്ടന്‍ പുസ്തകം തുറന്നു കാട്ടിയെന്നാണ് കഥ. ആ പുസ്തകം സാക്ഷാല്‍ മൂലമായിരുന്നത്രെ! അതില്‍ നോക്കി അപ്പപ്പോള്‍ പദ്യപരിഭാഷ ചൊല്ലിക്കൊടുത്തിരുന്ന മാജിക്. മേലൊക്കെ വായില്‍ നാക്കാം! അതില്‍ മുഴുവന്‍ സരസ്വതിയും.
കോണ്‍ക്രീറ്റില്‍, അടുത്തെങ്ങും ഒരടുക്കളയുടെ സാമീപ്യം ഓര്‍മിപ്പിക്കുന്ന ഒന്നും ഇല്ലായ്മയില്‍, എങ്ങനെ ഒരു തക്കാളിച്ചെടി മുളയ്ക്കും? എങ്ങനെ ഒരു വിത്ത് അതിജീവിക്കും? ഡിഗ്രിക്കാലത്ത് ഞാനെഴുതിയ രണ്ടു വരിയും ഓര്‍ത്തു: ഒരു കാക്ക കാഷ്ഠിച്ചൊരാലു മുളച്ചു. ആലിന്റെ കൊമ്പത്തിനായിരം കാക്ക. 
“ഒടുവില്‍ അസുഖം ഉണ്ടാകാന്‍ വേണ്ടി ഡെയ്ഞ്ചറസായ സുഖം ഞാനിനി കൊതിയ്ക്കുകയില്ല; ദു:ഖം അന്വേഷിച്ച് നമ്മളങ്ങോട്ട് ചെല്ലുകയാണെങ്കില്‍ ദുര്‍വിധിയ്ക്ക് നമ്മളോടുള്ള ഈര്‍ഷ്യ ഇല്ലാതാവും” എന്ന് അര്‍ത്ഥമുള്ള ഒരു ശ്ലോകമുണ്ട് കുമാ‍രനാശാന്റേതായി.
[വിനയാര്‍ന്ന സുഖം കൊതിയ്ക്കയി-
ല്ലിനിമേല്‍ ഞാനസുഖം വരിയ്ക്കുവാന്‍.
മനമല്ലല്‍ കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വിധി.]
മിടുക്കിയായ ആ തക്കാളിച്ചെടിയുടെ അവസ്ഥ അതിന്റെ നേരെ  ഓപ്പോസിറ്റായിരുന്നുവെന്നു തോന്നുന്നു. ഡെയ്ഞ്ചറസായിരുന്നു അതിന്റെ മുളയ്ക്കാനുള്ള കൊതി. എങ്കിലും അത് സുഖമാണ് കൊതിച്ചതെന്നു പറയാന്‍ വയ്യ. ചുട്ടുപഴുത്ത കോണ്‍ക്രീറ്റിലും ജനിയ്ക്കുക, ജീവിച്ചിരിയ്ക്കുക, ജീവന്റെ കൊടി കൈമാറുക... അതെ, സര്‍വൈവലായിരുന്നു അതിന്റെ അവകാശം. അത് അല്ലല്‍ കൊതിച്ചു ചെന്നില്ല. കിട്ടിയതോ, അല്ലല്‍ മാത്രവും. ദുര്‍വിധി ഈര്‍ഷ്യ കൈവിട്ടുവോ? അറിയില്ല. 
പിറന്ന നാടിനേയും ഉറ്റവരേയും പിരിഞ്ഞുള്ള മണല്‍ക്കാട്ടിലെ ഉണക്കജീവിതത്തിലും പ്രസാദം പരത്തുന്ന പുഞ്ചിരിയോടെ ജീവിയ്ക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ആ തക്കാളിച്ചെടിയെ വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു.

Sunday, March 21, 2010

തലച്ചോറ്

ആമയായിരുന്നെങ്കില്‍

ഉള്ളിലേയ്ക്ക് വലിയ്ക്കാമായിരുന്നു.
ഒട്ടകപ്പക്ഷിയായിരുന്നെങ്കില്‍
മണ്ണില്‍ പൂഴ്ത്താമായിരുന്നു.
ധൈര്യമുണ്ടായിരുന്നെങ്കില്‍
പാളത്തില്‍ വെയ്ക്കാമായിരുന്നു.
തിന്നുമെന്നുറപ്പുണ്ടെങ്കില്‍
കാക്കകള്‍ക്ക് കൊടുക്കാമായിരുന്നു.
വെന്തുകഴിഞ്ഞു.
കൂടെ ഒരു ചമ്മന്തി പോലുമില്ല.
എന്തു ചെയ്യും സര്‍ ഈ മണ്‍കലം?
Related Posts with Thumbnails