Monday, March 14, 2011

ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍...

എന്റെ അമ്മയും പെങ്ങളും ഭാര്യയും മകളും പെണ്ണുങ്ങളാണ്. [കാമുകിമാരുടെ കൂട്ടത്തില്‍ ആണുങ്ങളും ഉണ്ടായിരുന്നു. അത് വേറെ കേസ്]. അതുകൊണ്ട് എനിക്ക് സ്ത്രീവിരുദ്ധനാകാന്‍ വയ്യ. എന്നിട്ടും ഞാന്‍ സ്ത്രീവിരുദ്ധനായിട്ടുണ്ടെങ്കില്‍ അതെന്റെ കുറ്റമല്ല, ഈ സ്ത്രീവിരുദ്ധ സമൂഹത്തിന്റെ കുഴപ്പമാണ്. കണിക കണികയായി വിഷമൂട്ടി, വിഷകന്യകയെ ഉണ്ടാക്കുന്നതുപോലെ എന്നെയും സ്ത്രീവിരുദ്ധനാക്കിയ സമൂഹം.

അത്തരമൊരു സമൂഹത്തില്‍ ജീവിച്ചതുകൊണ്ടാണ് ഫെമിനിസം എന്നു കേള്‍ക്കും മുമ്പേ ഞാന്‍ ഫെമിനിസത്തെ പരിഹസിക്കുന്ന ഒരു പാട്ട് പഠിക്കാനിടയായത്. എല്ലാ പാഠങ്ങളും അപകടമാണ് - കാരണം, പഠിച്ചതില്‍ നിന്ന്, അറിഞ്ഞതില്‍ നിന്ന്, ഒരു മോചനം - Freedom from the Known - എളുപ്പമല്ല. കുട്ടിക്കാലത്തേ കേട്ടു പഠിച്ച പരിഹാസപ്പാട്ട് ഇതായിരുന്നു: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍ ഞങ്ങക്കും വേണം സിന്ദാബാ!

പല വിഗ്രഹഭഞ്ജനങ്ങളും അങ്ങനെ തന്നെ. വിഗ്രഹം എന്തെന്നറിയും മുമ്പുള്ള വിഗ്രഹഭഞ്ജനങ്ങള്‍.

ആ പാട്ട് പാടിപ്പതിഞ്ഞതിനും എത്ര കാലം കഴിഞ്ഞാണ് ഫെമിനിസം എന്നു കേട്ടത്. Burn the Bra എന്ന പ്രസ്ഥാനത്തെപ്പറ്റി അറിഞ്ഞത്. ജര്‍മെയ്ന്‍ ഗ്രീര്‍ എന്ന കിടിലന്‍ എഴുത്തുകാരിയെ വായിച്ചത്. [ഓസ്ട്രേലിയക്കാരിയാണ് ഗ്രീര്‍. Female Eunuch [പെണ്‍ഹിജഡ], Mad Woman's Underclothes [പ്രാന്തിച്ചിയുടെ അടിവസ്ത്രങ്ങള്‍] എന്നിവയാണ് ഞാന്‍ വായിച്ച കൃതികള്‍. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഓസ്ട്രേലിയ സൈന്യത്തെ അയച്ചതില്‍ പ്രതിഷേധിച്ച് അന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഏതോ ഒരു ജോണിനെ ക്ഷണിച്ച് ഗ്രീര്‍ ഇങ്ങനെ എഴുതി: എടാ, ജോണേ, വാടാ, വന്നെന്നെ ഫക്ക് ചെയ്യ്! ഞാന്‍ യോനിയില്‍ ഒരു ബ്ലേഡും വെച്ച് നിന്നെ കാത്തിരിക്കുന്നു!]

Germaine Greer
(c) folk and fable
ദൈനംദിനം നടന്നുകൊണ്ടിരിക്കുന്ന വര്‍ഗസമരത്തിലും വിപ്ലവത്തിലും പെണ്ണെഴുത്ത്, പരിസ്ഥിതിപ്രേമം, ദളിത് സാഹിത്യം എന്നിങ്ങനെയുള്ള സ്വത്വവാദങ്ങള്‍ വെള്ളം ചേര്‍ക്കയേയുള്ളു എന്നു വിലപിക്കുന്നവര്‍ ശ്രദ്ധിക്കുക - ഇരുതലമൂര്‍ച്ചയുടെ കാര്യത്തില്‍ ബ്ലേഡും ഒരു കായങ്കുളം വാളാണല്ലൊ . ഗ്രീറിന്റെ ചിന്താബ്ലേഡിന്റെ ഒരുതലമൂര്‍ച്ച അവര്‍ അവരുടെ ഫെമിനിസത്തിനു കൊടുത്തെന്ന് വിചാരിച്ചാലും, പിന്നീടൊരാവശ്യം വന്നപ്പോള്‍, ബാര്‍ബര്‍മാര്‍ വെയ്ക്കുന്ന പോലെ പാത്തുവെച്ചിരുന്ന മറ്റേ പകുതിയെടുത്ത് വിയറ്റ്നാമിനു വേണ്ടി അവര്‍ ഉപയോഗിച്ചു. സ്വത്വവാദങ്ങള്‍ക്കും വേണമെങ്കില്‍ പൊളിറ്റിക്കലി കറക്റ്റാവാമെന്നര്‍ത്ഥം.

ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യതാസം എന്താണ്? കാല്‍ക്കവലയിലെ വിരുദ്ധങ്ങളെന്ന് തോന്നുമെങ്കിലും പരസ്പരപൂരകങ്ങളായ ട്രാഫിക് സിഗ്നലുകള്‍ തന്നെ. ‘വന്നോട്ടെ?’ എന്ന് ഒരു സിഗ്നല്‍, ‘വരൂ’ എന്ന് മറ്റേ സിഗ്നല്‍. അരയും അരയും ചേര്‍ന്ന് ഒന്നാവുന്ന ബയോളജിക്കല്‍ മാത്തമാറ്റിക്സ്. ഈ വഴികള്‍ രണ്ടും മൂത്രവഴികള്‍ കൂടിയാണെന്ന നാറുന്ന പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കാതിരുന്നു കൂടാ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൂത്രത്തിനും മൂത്രത്തിനും ഒരു പൊതുഗുലുമാല്‍ കൂടിയുണ്ട് - ലൈംഗിക നിറയൊഴിക്കല്‍ പോലെ തന്നെ ബുദ്ധിമുട്ടാണ് മൂത്രനിറയൊഴിക്കലും.

ഹസ്തഭോഗം പോലെ വേണമെങ്കില്‍ മൂത്രവുമൊഴിക്കാം. അതില്‍ കാര്യമില്ല. മാന്യമായി, സ്വകാര്യമായി, വൃത്തിയും വെടിപ്പുമുള്ളിടത്ത് സാവകാശത്തോടെ മൂത്രമൊഴിക്കുന്നത് സുഖം മാത്രമല്ല, അത്യാവശ്യവുമാണ് [തീയറ്ററിലെ സിനിമയ്ക്കിടെ, ഇന്റര്‍വെല്ലിന് മൂത്രിക്കാന്‍ പോയാല്‍, പിന്നില്‍ ക്യൂ വളരുന്നതറിഞ്ഞാല്‍, ഏസിയിലായതിനാല്‍ വിയര്‍ക്കാതെ കിടക്കുന്ന അധികവിസര്‍ജ്യങ്ങള്‍ പോലും, പുരുഷര്‍ക്കും പുറത്തുപോകാന്‍ മടിയ്ക്കും] എന്നാല്‍ മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും മൂത്രമൊഴിപ്പു സൌകര്യങ്ങള്‍ പല വന്‍നഗരങ്ങളില്‍പ്പോലും സുലഭമല്ല.

ദുബായില്‍ ഒരു ചങ്ങാതി ഇക്കാര്യത്തിന് കണ്ടുപിടിച്ച പ്രതിവിധി പരീക്ഷിക്കാവുന്നതാണ് - നക്ഷത്രഹോട്ടലുകളിലൊന്നില്‍ കയറി കാര്യസാധ്യം നടത്തുക. പക്ഷേ മാന്യമായ വേഷം ധരിച്ചിരിക്കണം എന്നൊരു നിബന്ധന നക്ഷത്രമൂത്രിക്കലിന് ബാധകമാണ്. നക്ഷത്രഹോട്ടലുകള്‍ സുലഭമല്ലാത്തിടത്തോ? പൊതുഇടങ്ങളില്‍ പലയിടത്തുമുള്ള സൌകര്യമാകട്ടെ അസഹനീയമാം വിധം വൃത്തിഹീനമാണ് - ചെറുകിട പട്ടണങ്ങളിലായാലും ആധുനിക നഗരങ്ങളിലായാലും. ഒരു വിരലിന്റെ മറയുണ്ടെങ്കില്‍ കാര്യം സാധിക്കുന്നിടത്തോളം ആത്മവിശ്വാസികളാണ് തേറ്റയും കുളമ്പുമുള്ള ആണ്‍പന്നികള്‍. എന്നാല്‍ കൈ കൊണ്ട് പിടിച്ച് ദിശ നോക്കി മുള്ളാനുള്ള സുന ഇല്ലാത്ത പാവം പെണ്ണുങ്ങളുടെ കാര്യമോ?

കുന്തിച്ചിരിക്കേണ്ട ഇന്ത്യന്‍ ടോയ് ലറ്റുകള്‍ ഇല്ലാതാവുകയും പകരം സൌകര്യപ്രദമായ യൂറോപ്യന്‍ ടോയ് ലറ്റുകള്‍ വ്യാപകമാവുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളെ കൂടുതല്‍ കഷ്ടതരമാക്കിയിരിക്കുന്നു. വൃത്തിയില്ലാത്ത ടോയ് ലറ്റ് സീറ്റില്‍ തുടയും ചന്തിയും സ്പര്‍ശിക്കുന്ന ടെറര്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍, മൂത്രം പിടിച്ചു വെച്ച് നമ്മുടെ അമ്മപ്പെങ്ങന്മാര്‍ വല്ല അസുഖവും വരുത്തിവെയ്ക്കുമോ എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ വിചാരിച്ചിരിക്കെ ഒരു ദിവസം നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ കണ്ടത്.

Homme എന്ന തലക്കെട്ടോടെ, ആണുങ്ങള്‍ക്കുള്ള ഏതോ ബ്രാന്‍ഡിന്റെ ഫ്രഞ്ച് പരസ്യത്തിന്റെ വിഷ്വലായാണ്  നയോമി കാമ്പെല്ലിനേപ്പോലൊരു നത്തോലിപ്പെണ്ണ് തിരിഞ്ഞു ‘നിന്ന്’ മുള്ളുന്ന ആ ചിത്രം കണ്ടത് [homme എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ man എന്നര്‍ത്ഥം]. ആ ചിത്രം കണ്ടപ്പോള്‍ ഞാനാ പഴയ പരിഹാസപ്പാട്ട് വീണ്ടുമോര്‍ത്തു.  ആ തമാശ അങ്ങനെ ചിരിച്ചു മറന്നു.[Unnatural reading habits can cause multiple problems എന്നാണ് ആ പരസ്യത്തിലെ ഫ്രഞ്ച് വാചകത്തിന്റെ പരിഭാഷ എന്ന് അനൂപ് പ്രതാപ്]

അങ്ങനെയിരിക്കെയാണ് ഈയിടെ മറ്റൊരു വെബ് സൈറ്റില്‍ ചെന്നു മുട്ടിയത് - പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു കുന്ത്രാണ്ടം ഉണ്ടാക്കുന്ന ഒരമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നതിന്റെ ചുരുക്കമാണെന്നാണല്ലൊ വെപ്പ്. അതായത് വെബ്ബന്നൂരില്‍ നമ്മള്‍ കറങ്ങിയ കറക്കങ്ങളുടെ നാള്‍വഴിപ്പുസ്തകം. എങ്കില്‍ ആ കമ്പനിയുടെ വെബ്സൈറ്റ് ഇവിടെ ലിങ്കാതെങ്ങനെ?

പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നത് മാര്‍കേസിന്റെ ഒരു കഥാപാത്രമാണ് [ഏകാന്തയുടെ നൂറു വര്‍ഷത്തില്‍]. എന്റെ ഒരു ഫേവറിറ്റ് ക്വോട്ട്. അതുപോലൊരു ചെറിയ വലിയ കാര്യമായാണ് ലളിതമായ ഈ പ്രതിവിധിയെ ഞാന്‍ കാണുന്നത്. വാഷിംഗ് മെഷീന്റെ കണ്ടുപിടുത്തം ഫെമിനിസത്തിന്റെ ഉത്സവങ്ങളിലൊന്നായി ആഘോഷിക്കുന്ന, ഫെമിനിസ്റ്റാണെന്നു സ്വയം കരുതുന്ന, ചില മിഡ് ല്‍ ക്ലാസ് സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളാണോ? അധ്വാനഭാരം ലഘൂകരിച്ചെങ്കിലും അലക്ക് എന്നും സ്ത്രീയുടെ പുറത്ത് എന്നല്ലേ  അവര്‍ സമ്മതം തുടരുന്നത്?

അതല്ല ഈ നിന്നുമുള്ളല്‍ സഹായിയുടെ കാര്യം. കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെടുത്തിയ പ്രധാന വിപ്ലവം. [രാവിലെ ഉണര്‍ന്നയുടന്‍ സ്വന്തം കൈകള്‍ തന്നെ കണികാണുന്ന ആ‍ചാരത്തിന്റെയും ചുള്ളിക്കാടിന്റെ ‘മനുഷ്യന്റെ കൈകള്‍’ എന്നാരംഭിക്കുന്ന ഗംഭീരകവിതയുടെയും ബേസ് ഇതു തന്നെ]. ‘അങ്ങനെ ഇനി ഞങ്ങളെ ഇരുത്താന്‍ നോക്കണ്ട എന്ന് പെണ്ണുങ്ങള്‍ക്ക് പറഞ്ഞു തുടങ്ങാം. ഫെമിനിസത്തെ പരിഹസിക്കാന്‍ ഇനി പുതിയ വല്ല പാ‍ട്ടും ഉണ്ടാക്കണമല്ലോ ഞാന്‍.

Friday, January 28, 2011

ഞാനും കളിച്ചു ഗോള്‍ഫ്

മലബാറില്‍ നിന്ന്‌ ഗള്‍ഫിലേയ്‌ക്ക്‌ വന്ന പല പഴയ തറവാട്ടുകാരെയുംപോലെ തലശ്ശേരിക്കടുത്ത്‌ കതിരൂര്‍ സ്വദേശിയായ ചാത്തോത്ത്‌ കുയ്യണ്ടി മജീദ്‌ എന്ന സി. കെ. മജീദിനും ഗള്‍ഫുകാരനാവേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ഖാന്‍ ബഹദൂര്‍ പട്ടം വരെ കിട്ടിയ ആളായിരുന്നു 1967ല്‍ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരിച്ച വല്യുപ്പ ചമ്പാട്ട്‌ ഉസ്‌മാന്‍ ഹാജി. കേരളത്തിലെ മുസ്‌ലിം സമു ദായത്തില്‍ നിന്ന്‌ ആദ്യമായി ഐ.പി.എസ്‌ കിട്ടിയവരില്‍ ഒരാളായിരുന്നു അമ്മാവന്‍. എന്നിട്ടും പതിനേഴാം വയസ്സില്‍, 1970 മുതല്‍, സി. കെ. ദുബായ്‌ക്കാരനായി. “സത്യം പറയാമല്ലൊ, കാരണവന്മാരുടെ മേല്‍നോട്ടത്തില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ ദുബായ്‌ക്ക്‌ വന്നത്‌,” സി. കെ. പറയു ന്നു. ജാപ്പനീസ്‌ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സുകളുടെ യുഎഇയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊരാണ്‌ സി. കെ.യുടെ ഉട മസ്ഥതയിലുള്ള അല്‍ ഷമാലി ഓട്ടോ പാര്‍ട്‌സ്‌.

കാരണവന്മാരുടെ കാര്‍ക്കശ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ടതിനും സ്‌പെയര്‍ പാര്‍ട്‌സ്‌ ബിസിനസിനും പിന്നാലെ മറ്റൊന്നു കൂടി സി. കെ.യുടെ ജീവിതഭാഗമായി  - ഗോള്‍ഫ്‌ കളി. “മേലനങ്ങാന്‍ വയ്യാത്ത വയസ്സന്‍മാരും പൊങ്ങച്ചക്കാരായ ബിസിനസുകാരും മാത്രം കളിക്കുന്ന കളി എന്നാണ്‌ ഗോള്‍ഫി നെപ്പറ്റി പലരും കരുതുന്നത്‌. എന്നാല്‍ എല്ലാ പ്രായങ്ങളിലുമുള്ള ‘ചെറുപ്പക്കാരുടെ’ കളിയാണ്‌ ഗോള്‍ഫ്‌. ശരീരത്തിന്‌ നല്ല ആയാസം കിട്ടുന്ന കളി,” വര്‍ഷങ്ങളായി താന്‍ ഗോള്‍ഫ്‌ കളിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം സി. കെ. വെളിപ്പെടുത്തുന്നു. ജിംനേഷ്യത്തി ലെ പതിവുകാരനാണ്‌ സി. കെ. എന്നാല്‍ “ജിംനേഷ്യത്തിലെ വ്യായാമത്തിന്‌ ഒരുപാട്‌ പരിമിതികളുണ്ട്‌, മാത്രമല്ല അതില്‍ ഫണ്‍ ഇല്ല,” സി. കെ. പറയുന്നു. അങ്ങനെയാണ്‌ വിനോദവും ബിസിനസും ശുദ്ധവായുവും ആയാസവും സൗഹൃദവും ശ്രദ്ധകേന്ദ്രീകരിക്കലും ഒത്തുചേരുന്ന ഗോള്‍ഫ്‌ കളി കാണാന്‍,  അല്ല സ്വയം കളിച്ച്‌ അതിനെപ്പറ്റി അറിയാന്‍,  സി. കെ.യോടൊപ്പം ഞങ്ങള്‍ ദുബായ്‌ സിറ്റി സെന്ററിനരി കിലെ ദുബായ്‌ ക്രീക്ക്‌ ഗോള്‍ഫ്‌ & യാട്ട്‌ ക്ലബ്ബില്‍ പോയത്‌.

1993-ലായിരുന്നു ദുബായ്‌ ഗോള്‍ഫ്‌ & യാട്ട്‌ ക്ലബ്ബിന്റെ തുടക്കം. അന്നു മുതല്‍ സി. കെ. അവിടെ അംഗമാണ്‌. ദുബായില്‍ ഏറ്റവുമാദ്യം ഗോള്‍ഫ്‌ കളി തുടങ്ങിയവരില്‍ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഗോള്‍ഫ്‌ കളിക്കുന്നയാള്‍ എന്നറിയപ്പെടാന്‍ സി. കെ.യ്‌ക്ക്‌ താല്‌പര്യമില്ല. ഒരു കാര്യത്തിലും പബ്ലിസിറ്റി ഇഷ്‌ടപ്പെടാത്ത സി. കെ.യ്‌ക്ക്‌ ഗോള്‍ഫും സ്വകാര്യമാണ്‌. “നന്നായി ഗോള്‍ഫ്‌ കളിക്കുന്ന കുട്ടന്‍ മാലത്തിരിയെപ്പോലുള്ളവര്‍ എന്റെ ഗോള്‍ഫ്‌ പുരാണം കേട്ട്‌ ചിരിക്കും. മറ്റു ചിലര്‍ക്ക്‌ തോന്നും ഞാന്‍ പൊങ്ങച്ചം പറയുകയാ ണെന്ന്‌.” അതു കൊണ്ട്‌ ആദ്യമൊന്നും ഈ മീറ്റിംഗിന്‌ സി. കെ. വഴങ്ങിയില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ച ശേഷമായിരുന്നു ഞങ്ങളുടെ ഗോള്‍ഫ്‌ ക്ലബ്ബ്‌ യാത്ര. 1978 മുതല്‍ ബിസിനസ്‌ രംഗത്തുള്ള സി. കെ.യുടെ ജാപ്പനീസ്‌ ബന്ധമാണ്‌ അദ്ദേഹത്തിന്റെ ഗോള്‍ഫ്‌ കളിയ്‌ക്കു പിന്നിലെ മറ്റൊരു കാരണം എന്നൂഹിക്കാന്‍ വിഷമമില്ല. “ജപ്പാന്‍കാര്‍ക്ക്‌ വല്ലാത്ത ഭ്രമമാണ്‌ ഗോള്‍ഫിനോട്‌. ഒരു വലിയ വിഭാഗം ജപ്പാന്‍കാര്‍ക്ക്‌ ഗോള്‍ഫ്‌ കളിക്കാതെ ജീവിക്കാനാവില്ല,” സി. കെ. പറയുന്നു.

ഗോള്‍ഫ്‌ ബോള്‍ അടിച്ചു തെറിപ്പിച്ച്‌ ഹോളില്‍ ഇടാനുള്ള ബാറ്റിനെ ക്ലബ്ബ്‌ എന്നു വിളിക്കുന്നു. ഒരിനം പ്ലാസ്റ്റിക്‌ കൊണ്ട്‌ നിര്‍മ്മിച്ച ബോളുകള്‍ക്ക്‌ ഏതാണ്ട്‌ 40 ഗ്രാമിനടുത്ത്‌ ഭാരമുണ്ട്‌. വീതി (വ്യാസം) ഏതാണ്ട്‌ 4.3 സെമീ. അടിയേറ്റ്‌ തെറിച്ച്‌ പറക്കുമ്പോള്‍ പരമാവധി വേഗതയോടെ കൂടുതല്‍ ദൂരത്തെത്താന്‍ വേണ്ടി ബോളുകളുടെ പ്രതലം നിറയെ ചെറുകുഴികളാണ്‌. ഗോള്‍ഫ്‌ കളിസ്ഥലം ഗോള്‍ഫ്‌ കോഴ്‌സ്‌ എന്നറിയപ്പെടുന്നു. സാധാരണയായി 18 ഹോളാണ്‌ ഒരു കോഴ്‌സിലുണ്ടാവു ക. 9 ഹോളുള്ളവയുമുണ്ട്‌. (കേരളത്തില്‍ ഇന്നുള്ള 4 ഗോള്‍ഫ്‌ ക്ലബ്ബുകളിലും 9 ഹോള്‍ വീതമേ ഉള്ളൂ. 1850-ല്‍ സ്ഥാപിതമായ, ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന ട്രിവാന്‍ഡ്രം ക്ലബ്ബിലുള്‍പ്പെടെ. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനരികില്‍ പണി പൂത്തിയാവുന്ന ഗോള്‍ഫ്‌ ക്ലബ്ബില്‍ രണ്ടാം ഘട്ടത്തോടെ 18 ഹോളുണ്ടാക്കാനാണ്‌ പരിപാടി.)

ദുബായ്‌ ക്രീക്ക്‌ ക്ലബ്ബില്‍ 18 ഹോളും 9 ഹോളും വീതമുള്ള രണ്ട്‌ കോഴ്‌സുണ്ട്‌. കൂടാതെ പ്രാക്‌ടീസ്‌ ചെയ്യാനുള്ള ഒരു കോഴ്‌സും. 9 ഹോളുള്ള ചെറിയ കോഴ്‌സിലായിരുന്നു ഞങ്ങളുടെ കന്നിയങ്കം. മിനിമം ഒരാള്‍ക്കും പരമാവധി ഒരുമിച്ച്‌ 4 പേര്‍ക്കും ഗോള്‍ഫ്‌ കളിക്കാം. ടീമുകളായും കളിക്കാം. അതേസമയം ഒരു കോഴ്‌സില്‍ ധാരാളം പേര്‍ക്ക്‌ കളിക്കുകയുമാവാം. ഞങ്ങള്‍ ചെല്ലുന്നതിഌ മുന്‍പിലായി ഒരു സായിപ്പ്‌ ഒറ്റയ്‌ക്കു വന്ന്‌ കളിച്ചു മുന്നേറിപ്പോയി. പിന്നാലെ ഞങ്ങള്‍ കളി തുടങ്ങി. മുന്നില്‍ പലയിടങ്ങളിലായി ദൂരദൂരങ്ങളിലായാണ്‌ ഹോളുകള്‍. അവയില്‍ 9-ലും പന്തിടണം. ദുബായ്‌ ക്ലബ്ബി ലെ 9 ഹോള്‍ കോഴ്‌സ്‌ മുഴുവനും 3 പാര്‍ ആണ്‌. എന്നു വെച്ചാല്‍ ഓരോ ഹോളിലും 3 തവണകൊണ്ട്‌ പന്ത്‌ വീഴ്‌ത്തണം. ഓരോ ഹോളിലേക്കുമുള്ള ആദ്യത്തെ അടി തുടങ്ങുന്ന സ്ഥലമാണ്‌ ടീ. ആദ്യത്തെ നീട്ടിയടി ഇവിടെ നിന്നാണ്‌. ഇതിന്‌ സാധാരണ സ്റ്റീല്‍ ക്ലബ്ബാണ്‌ ഉപയോഗിക്കുക. സാധാരണയായി 3 പാര്‍, 4 പാര്‍, 5 പാര്‍ എന്നിങ്ങനെയുള്ള ഹോളുകളാണ്‌ ഉണ്ടാവുക. അപൂര്‍വമായി 6 പാര്‍ ഹോളുകളും വളരെ അപൂര്‍വമായി 7 പാര്‍ ഹോളുകളുമുള്ള വലിയ ഗോള്‍ഫ്‌ കോഴ്‌സുകളും ഉണ്ടാകും. 3 പാറിലെ ഹോളുകളില്‍ 3 തവണ കൊണ്ട്‌ പന്തിടണം. 4 പാറില്‍ 4 തവണ കൊണ്ട്‌ - ഇതാണ്‌ പാര്‍ എന്ന സൂചന കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ദുബായിലും അബുദാബിയിലും റാസല്‍ ഖൈമയിലുമായി പതിനഞ്ചോളം ഗോള്‍ഫ്‌ ക്ലബ്ബുകളാണ്‌ യുഎഇയിലുള്ള ത്‌. സി. കെ. അംഗമായ ദുബായ്‌ ക്രീക്ക്‌ ക്ലബ്ബില്‍ സജീവമായി കളിക്കാനെത്തുന്നവരുടെ എണ്ണം 700-ഓളം. സി. കെ. ഈയിടെയായി അത്ര തുടര്‍ച്ചയായ കളിയില്ല. “യുഎഇയില്‍ മൊത്തം നോക്കിയാലും ഗോള്‍ഫ്‌ കളിക്കുന്ന മലയാളികളുടെ എണ്ണം പരമാവധി 20-ല്‍ താഴെയാവാനാണ്‌ സാധ്യത” ആദത്തെ അടിയടിയ്‌ക്കാന്‍ ബോള്‍ വെയ്‌ക്കുന്നതിനിടെ സി. കെ. ഒരു സിഗരറ്റിന്‌ തീ കൊളുത്തി. (സിഗരറ്റ്‌ വലിച്ചു കൊണ്ട്‌ കളിക്കാവുന്ന അപൂര്‍വ്വം ഔട്ട്‌ഡോര്‍ ഗെയിമായിരിക്കണം ഗോള്‍ഫ്‌.) ടീയില്‍ നിന്നുള്ള ആദ്യത്തെ നീട്ടിയടിയില്‍ ബോള്‍ നിലത്തുവെച്ച്‌ അടിയ്‌ക്കണമെന്നില്ല. മരം കൊണ്ടോ പ്ലാസ്റ്റിക്‌ കൊണ്ടോ ഉണ്ടാക്കിയ, ആണി പോലുള്ള, എന്നാല്‍ കൂടുതല്‍ പരന്ന്‌ കുഴിഞ്ഞ തലയുള്ള കുഞ്ഞുസ്റ്റാന്‍ഡിന്മേല്‍ വെച്ചാണ്‌ മിക്കവാറുമുള്ള ഈ ആദ്യനീട്ടിയടി. ടീയില്‍ നിന്നുള്ള അടിയില്‍ ബോള്‍ വളരെ ദൂരം പിന്നിടേണ്ടതുള്ളതുകൊണ്ടാണ്‌ ഈ സൗകര്യം.

“പാര്‍ 3-ല്‍ ഒറ്റയടിക്കു തന്നെ ഗ്രീനില്‍ എത്തിക്കുന്നതാണ്‌ നല്ലത്‌” ആദ്യ പാറിന്‌ തയ്യാറെടുക്കുന്നതിനിടെ സി. കെ. പറഞ്ഞു. പട്ടിംഗ്‌ ഗ്രീന്‍ എന്നാല്‍ ഓരോ ഹോളിന്റെയും ചുറ്റുമുള്ള മിനുത്ത പച്ചപ്പുല്‍ ഭാഗം. ഇതാണ്‌ ലോപിച്ച്‌ ഗ്രീന്‍ ആയത്‌. പ്രതീക്ഷിച്ചതുപോലെത്തന്നെ സി. കെ. ഒറ്റയടിക്ക്‌ ബോള്‍ ആദ്യ ഹോളിന്റെ ഗ്രീനിലിട്ടു. ശക്തി മുഴുവന്‍ അരക്കെട്ടിലും തുടകളിലും കേന്ദ്രീകരിച്ച്‌ നല്ല ആയാസമെടുത്തുള്ള ഒരടി തന്നെയാണിത്‌. ഇങ്ങനെ ഹോളുകളുടെ എണ്ണത്തിനനുസരിച്ച്‌ 9-ഓ, 18-ഓ അടി, 3 മണിക്കൂറിനിടെ അടിക്കുന്നതു തന്നെ നല്ലൊരു വ്യായാമമല്ലേ? ഗ്രീനിന്റെ ഒരു ഭാഗത്താണ്‌ ഹോള്‍. തുടര്‍ന്ന്‌ വളരെ ശ്രദ്ധിച്ച്, ചെറിയ ഷോട്ട്‌ അടിക്കുന്നതിനുള്ള വ്യത്യസ്‌ത തരം ക്ലബ്‌ സി. കെ. ബാഗില്‍ നിന്നെടുത്തു. ഇവിടെ ആയാസത്തേക്കാള്‍ വേണ്ടത്‌ ശ്രദ്ധകേന്ദ്രീകരിയ്‌ക്കലാണ്‌. ഒരു പക്ഷേ മിടുക്കന്മാര്‍ക്ക്‌ മാത്രമറിയാവുന്ന വിദ്യ. അല്ലെങ്കില്‍ മിടുക്കുള്ളവരെ അങ്ങനെയാക്കുന്ന വിദ്യ.


അത്യധികമായ കോണ്‍സന്‍ട്രഷന്‍ ആവശ്യമുളള കളിയാണ്‌ ഗോള്‍ഫ്‌. എല്ലാം മറന്ന്‌ നമ്മള്‍ ബോളിനെ മാത്രം ശ്രദ്ധിക്കണം. പിന്നെ കണ്ണുകള്‍കൊണ്ട്‌ ദൂരമളക്കണം, വേഗത നിശ്ചയിക്കണം. ദുബായ്‌ നഗരത്തിഌ നടുവില്‍ നിന്നിട്ടും ഞങ്ങള്‍ മറ്റെല്ലാം മറന്നത്‌ അപ്പോളാണ്‌. അതെ, കളി തുടങ്ങി 15 മിനുട്ട് കൊണ്ട് ഞങ്ങള്‍ ഗോള്‍ഫുമായി പ്രേമത്തിലായി. ഇതിനു പുറമെയാണ്‌ ടീയില്‍ നിന്ന്‌ ഹോളുകളിലേക്കും ഹോളുകളില്‍ നിന്ന്‌ അടുത്ത ടീയിലേയ്‌ക്കുമുള്ള നടത്തം. നടക്കാന്‍ വയ്യെങ്കില്‍ ചെറിയ വാഹന സൗകര്യമുണ്ട്‌. ബാഗും മറ്റു സാമഗ്രികളും കൊണ്ടുവരാന്‍ കാഡികളും. (ഇങ്ങനെ ബാഗുന്തി നടന്ന എത്ര കാഡികള്‍ ചാമ്പ്യന്‍മാരായി! വിശേഷിച്ചും ഇന്ത്യക്കാര്‍ - അലി ഷേര്‍, ശിവ്‌ശങ്കര്‍ പ്രസാദ്‌ ചൗരസ്യ, ചിന്നസ്വാമി മുനിയപ്പ...)

ഈ യാത്രകളാണ്‌ ഗോള്‍ഫിന്റേതു മാത്രമായ മറ്റൊരു സവിശേഷത. ഈ സാവകാശനടത്തത്തിനിടയില്‍ സൗഹൃദങ്ങള്‍ പിറക്കുന്നു, ബിസിനസ്‌ പങ്കാളികള്‍ ജനിക്കുന്നു, വലിയ കരാറുകള്‍ക്ക്‌ അടിത്തറയിടുന്നു, കളിക്കിടെ സംസാരിക്കാഌം വ്യക്തിപരമായി തമ്മിലടുത്തറിയാനും അവസരമുണ്ടാകുന്നു. മറ്റേത്‌ കളിയിലുണ്ട്‌ ഇങ്ങനെ വ്യക്തിപരമായി സംസാരിക്കാവുന്ന സന്ദര്‍ഭങ്ങള്‍? ഇതിനിടയില്‍ മണല്‍ക്കുഴികള്‍ (സാന്‍ഡ് ബങ്കേഴ്സ്), കുറ്റിക്കാടുകള്‍, ഇടതൂര്‍ന്ന പുല്‍പ്രദേശങ്ങള്‍, വെള്ളം (തടാകങ്ങള്‍, ചെറിയ അരുവികള്‍) തുടങ്ങിയ തടസ്സങ്ങളും ഉണ്ടാവും. അടിച്ച്‌ തെറിയ്‌ക്കുന്നതിനിടെ പന്ത്‌ വെള്ളത്തില്‍പ്പോയാല്‍ പെനാല്‍റ്റിയുണ്ട്‌. പൂ ഴിയില്‍ വീണത്‌ അവിടെ നിന്ന്‌ ക്ലബ്ബുപയോഗിച്ച്‌ പൊക്കിയെടുക്കുകയും വേണം. ഞങ്ങള്‍ കളിച്ച 9 ഹോള്‍ കോഴ്‌സിലെ ഗ്രീനുകളുടെ വശങ്ങളിലും സാന്‍ഡ്‌ ബങ്കേഴ്‌സിലേക്ക്‌ നയിക്കുന്ന ചെരിവുകളുണ്ട്‌. തീര്‍ത്തും മതിമറന്നു പോകുന്ന ആഹ്ലാദത്തിന്റെയും ആകാംക്ഷയുടെയും സന്ദര്‍ഭങ്ങളുമായി കാത്തിരിക്കുന്നവ തന്നെ ഇവയോരോന്നും. അങ്ങനെ 9 ഹോള്‍ പിന്നിട്ടപ്പോഴേയ്‌ക്കും രണ്ടര മണിക്കൂറിലേറെ കഴിഞ്ഞിരുന്നു.

അറിവില്ലായ്‌മ മൂലം ഗോള്‍ഫിനോട്‌ ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസവും പുച്ഛവും ഒരു റൗണ്ട്‌ കളി കഴിഞ്ഞപ്പോള്‍ത്തന്നെ തീര്‍ത്തും ഇല്ലാതായിക്കഴിഞ്ഞിരുന്നു. “ഇതിലും രസമാണ്‌ 18 ഹോളിലെ കളി. അവിടെ 4 പാറും 5 പാറും ഉണ്ടാവും. ചിലപ്പോള്‍ 6 പാറും. പാര്‍ കൂടു ന്തോറും ദൂരവും കൂടും. പാര്‍ 3-ല്‍ 250 യാഡില്‍ താഴെയാണ്‌ ദൂരമെങ്കില്‍ പാര്‍ 4ല്‍ 250-450 യാഡും പാര്‍ 5-ല്‍ 451-690 യാഡും പാര്‍ 6-ല്‍ 691 യാഡിനു മുകളിലും ദൂരമുണ്ടാകും,” സി. കെ. വിശദീകരിക്കുന്നു. പാര്‍ 3-ലുള്ള ഹോളില്‍ 2 തവണകൊണ്ട്‌ (-1) ബോളിട്ടാല്‍ ബേഡി. 3 തവണകൊണ്ട്‌ ഇടുന്നത്‌ പാര്‍, 4 തവണ കൊണ്ട്‌ (+1) വീഴ്‌ത്തിയാല്‍ ബൂഗി... ഇങ്ങനെ ചില സൂചനപ്പേരുകളുണ്ട്‌. ഒരൊറ്റയടിക്ക്‌ ഹോളിലിടുക എന്ന അപൂര്‍വ്വ സുന്ദരനേട്ടമാണ്‌ എയ്‌സ്‌ അഥവാ ഹോള്‍ ഇന്‍ വണ്‍.

യുഎഇയിലെ ഏറ്റവും തിരക്കേറിയ ഗോള്‍ഫ്‌ ക്ലബ്ബാണ്‌ ദുബായ്‌ ക്രീക്ക്‌ ഗോള്‍ഫ്‌ & യാട്ട്‌ ക്ലബ്ബ്‌ എന്നു പറയാം. മണിക്കൂറില്‍ 300-400 ദിര്‍ഹമാണ്‌ ഇവിടെ കളിക്കാന്‍ ഈടാക്കാറുള്ളത്‌ (ഗ്രീന്‍ ഫീ). അംഗങ്ങള്‍ക്ക്‌ ഇളവുണ്ട്‌. അംഗത്വ ഫീസ്‌ ഒരു വര്‍ഷം 21,000 ദിര്‍ഹം. ഇതില്‍ ട്രയിനിംഗ്‌ ഫീസും ഉള്‍പ്പെടും. ഒരു തവണ ഈടാക്കുന്ന എന്‍ട്രന്‍സ്‌ ഫീയുമുണ്ട്‌  15000 ദിര്‍ഹം. “ഇത്ര വര്‍ഷമായിട്ടും ഗോള്‍ഫില്‍ ഞാനിപ്പോഴും വിദ്യാര്‍ത്ഥിയാണ്‌. അതു കൊണ്ട്‌ എല്ലാ വര്‍ഷവും അംഗത്വം പുതുക്കുമ്പോള്‍ ഒപ്പം കിട്ടുന്ന കോച്ചിംഗില്‍ പങ്കെടുക്കാറുണ്ട്‌,” സി. കെ. പറയുന്നു.

സ്ഥിരമായി കളിക്കുന്ന അമച്വര്‍ കളിക്കാര്‍ക്ക്‌ ഗോള്‍ഫില്‍ റാങ്കിംഗ്‌ ഉണ്ട്‌. ഇത്‌ ഹാന്‍ഡികാപ്പ്‌ എന്നറിയപ്പെടുന്നു. 0 മുതല്‍ 28 വരെയാണ്‌ ഹാന്‍ഡികാപ്പ്‌. സി. കെ.യുടെ സുഹൃത്തും അല്‍ സയീദി ഓട്ടോമോട്ടീവ്‌ ട്രേഡേഴ്‌സ്‌ ഉടയുമായ ഇടപ്പാള്‍ സ്വദേശി കുട്ടന്‍ മാലത്തിരി യുടെ ഹാന്‍ഡികാപ്‌ 12. പ്രധാനമായും ടയര്‍ ട്രഡിംഗ്‌ ആണ്‌ പ്രശസ്‌തനായ കുട്ടന്‍ മാലത്തിരിയുടെ ബിസിനസ്‌. അടുത്തിടെ ദുബായ്‌ ക്രീക്ക്‌ ക്ലബ്ബില്‍ അല്‍ ഷമാലി ഗ്രൂപ്പ്‌ നടത്തിയ ഗോള്‍ഫ്‌ ടൂര്‍ണമെന്റിലെ ഒരു വിജയിയും ഈ ബിസിനസുകാരനായിരുന്നു. ബിസിനസുകാര്‍ക്കു പുറമെ ഉയര്‍ന്ന എക്‌സിക്യുട്ടീവ്‌ റാങ്കുകളിലുള്ളവരും ഗോള്‍ഫ്‌ കളിക്കുന്നുണ്ട്‌. എയര്‍ അറേബ്യയുടെ ഹെഡ്‌ ഓഫ്‌ കമേഷ്യലായ കണ്ണൂര്‍ സ്വദേശി എ. കെ. നിസാറിന്റെ ഹാന്‍ഡികാപ്പ്‌ 21. “ഹാന്‍ഡികാപ്പ്‌ ഉള്ളവരെല്ലാം കൂടുതല്‍ സമയം ഗോള്‍ഫ്‌ കളിക്കുന്നവരാണ്‌. ഞാന്‍ അത്രത്തോളം പോയിട്ടില്ല,” സി. കെ. വിനയം കൊള്ളുന്നു. “താരതമ്യം ചെയ്യാവുന്ന ഹാന്‍ഡികാപ്പുകള്‍ ഉള്ളവര്‍ തമ്മിലാണ്‌ സാധാരണ കളിക്കാറുള്ളത്‌. അല്ലാതെ പൂജ്യം ഹാന്‍ഡികാപ്പും 15 ഹാന്‍ഡികാപ്പും തമ്മിലുള്ളവര്‍ കളിച്ചാല്‍ അതൊരു രസികന്‍ കളിയാവുകയില്ലല്ലോ. കളിയുടെ പാരമ്യതയിലെത്തിയവരാണ്‌ പൂജ്യം ഹാന്‍ഡികാപ്പുകാര്‍,’’ സി. കെ. വിശദീകരിക്കുന്നു.

ബോള്‍ ഹോളില്‍ വീഴ്‌ത്താന്‍ എടുക്കുന്ന തവണകളുടെ അടിസ്ഥാനത്തിലാണ്‌ ഹാന്‍ഡികാപ്പ്‌ നിശ്ചയിക്കുന്നത്‌. ഇതിന്‌ നിശ്ചിത അംഗീകാരവും വേണം. യുഎഇയില്‍ ഇത്‌ നിയന്ത്രിക്കുന്നത്‌ എമിറേറ്റ്‌സ്‌ ഗോള്‍ഫ്‌ ഫെഡറേഷന്‍. 18 ഹോളിലും 71 ശ്രമം കൊണ്ട്‌ ബോള്‍ വീഴ്‌ത്തിയാല്‍ ‘0’ ഹാന്‍ഡികാപ്പ്‌ എന്നു പറയാം. സാധാരണയായി നാല്‌ പാര്‍ 3 ഹോളു കളും (12) പത്ത്‌ പാര്‍ 4-ഉം (40) നാല്‌ പാര്‍ 5-ഉം (20) ഹോളുകള്‍ ഉള്‍പ്പെടുന്നതാണ്‌ 18 ഹോള്‍ കോഴ്‌സ്‌. ആരെങ്കിലും ഗോള്‍ഫ്‌ കളിക്കുന്നത്‌ പൊങ്ങച്ചത്തിനാണെന്ന്‌ സി. കെയ്‌ക്ക്‌ അഭിപ്രായമില്ല. ദുബായില്‍ വരുന്ന ജപ്പാന്‍കാര്‍ ഇവിടുത്തെ പൊരിവെയിലത്തും ആരോരുമറിയാതെ ഗോള്‍ഫ്‌ കളിക്കും. ഉദാഹരണത്തിന്‌ മീഡിയാ സിറ്റിയ്‌ക്കടുത്ത മോണ്‍ട്‌ഗോമറി ക്ലബ്ബില്‍ 2010 ജൂലൈ 7ന്‌, പൊരിഞ്ഞചൂട്ടത്ത്‌, രാവിലെ 8 മണിക്കാണ്‌ സി. കെയുടെ 3 ജപ്പാനീസ്‌ അതിഥികള്‍ കളി ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌.

എഴുപതുകളില്‍ നാലണയുടെ പൊറോട്ടയും കഴിച്ച്‌ സി. കെ. ജീവിച്ചിട്ടുണ്ട്‌. 1982-ല്‍ ട്രിവാന്‍ഡ്രം ഫ്‌ളയിംഗ്‌ ക്ലബ്ബില്‍ ചേര്‍ന്ന്‌ മണിക്കൂറിന്‌ 80 രൂപ കൊടുത്ത്‌ മണിക്കൂറുകളോളം വിമാനം പറപ്പിച്ചിട്ടുണ്ട്‌. ദുബായില്‍ വന്ന കാലത്ത്‌ 6 വര്‍ഷത്തോളം താമസ സ്ഥലത്തോ ജോലിസ്ഥലത്തോ എസി ഇല്ലായിരുന്നു. ഇതിന്റെയെല്ലാം കൂടെ ‘കഴിഞ്ഞ പത്തുപതിനേഴു വര്‍ഷമായി ഗോള്‍ഫ്‌ കളി ക്കുന്നു’ എന്നൊരു വാചകം കൂട്ടിച്ചേര്‍ക്കാന്‍ സി. കെ.യ്‌ക്ക്‌ അവകാശമില്ലേ?

[Business Gulf മാഗസിനില്‍ - ജൂണ്‍ 2010 ലക്കം - പ്രസിദ്ധീകരിച്ചത്]

Wednesday, January 12, 2011

ജി.യ്ക്ക് ഒരു തിരുത്ത്

മാവുകളറിയുമോ മാനവാത്മാവിന്‍ വേവും
നോവുകളവയുടെ ചില്ലകള്‍ പൂത്തൂ വീണ്ടും. 
കണ്ണിമാങ്ങകളുണ്ടായ്, മാനവനവയെടു-
ത്തുപ്പുചേര്‍ത്തെരി കൂട്ടി നാവിനുത്സവമാക്കി. 
മാനവനറിയുമോ മാവിന്റെയാത്മാവിന്റെ 
നോവുകള്‍ അവയുടെ ചില്ലകള്‍ പൂത്തൂ വീണ്ടും.

Friday, December 31, 2010

വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കാതിരിക്കുമ്പോള്‍

ഇതായിരുന്നില്ല ആ പാലം എങ്കിലും
തോടിന്റെ അപ്പുറത്താണ് രഘുവിന്റെ വീട് - പട്ടത്ത്. തോടിനു കുറുകെ തെങ്ങുമ്പാലം.സാധാരണ ഒറ്റത്തടിയായിരിക്കും. പാലത്തിന് സമാന്തരമായി ആളുയരത്തില്‍ ഒരു കമ്പിയും വലിച്ചു കെട്ടും. അതില്‍ പിടിച്ചാണ് ബാലന്‍സ് തെറ്റാതെ പാലം കടക്കുന്നത്.എപ്പളോ ഒരിയ്ക്കല്‍ ഇരട്ടത്തടിയുണ്ടായിരുന്നു. ഇടിവെട്ട് അധികമുണ്ടായ ഏതോ തുലാവര്‍ഷക്കാലത്തിന് പിന്നാലെയായിരുന്നെന്നു തോന്നുന്നു അങ്ങനെ ഒരാഢംബരം. അല്ലങ്കില്‍ ആരാ രണ്ടു തടി ഇടുക? തെങ്ങുന്തടിയ്ക്ക് എന്താ വെല എന്നു വിചാരിച്ചിട്ടാ?



ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയുടെ മിടുക്കന്‍ കാലത്ത് വെട്ടിയുണ്ടാക്കിയതാണ് കൊച്ചിയിലെ ഉള്‍നാടന്‍ തോടുകള്‍ എന്ന് കേട്ടിട്ടുണ്ട്. ഒരു തെങ്ങിന്റെ ഉയരത്തേക്കാള്‍ വീതി പല തോടുകള്‍ക്കും ഇല്ല. സുലഭമായ തെങ്ങുകള്‍ കൊണ്ട് പാലമിടാനുള്ള സൌകര്യം കണക്കിലെടുത്തായിരിക്കണം അത്.



സ്കൂളുള്ള ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഒരിയ്ക്കലും ഒഴിവുദിവസങ്ങളില്‍ പല തവണയും പാലം കടന്ന് ഞങ്ങളിലാരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ കളിയ്ക്കാനോടും. അങ്ങനെയുള്ള ആ കുട്ടിക്കാലത്തു തന്ന പട്ടത്തെ പറമ്പിലെ രണ്ട് വലിയ സര്‍പ്പക്കാവുകള്‍ പരിചയമായി. അതിലൊരെണ്ണം തോടിനോട് ചേര്‍ന്ന്, ഞങ്ങളുടെ വീടിനോട് വളരെ അടുത്തായിരുന്നു. എന്നും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി കാട്ടുമ്പോള്‍, അസ്ഥിത്തറയിലും തുളസിത്തറയിലും വിളക്കുവെച്ചു കഴിഞ്ഞാല്‍ തോടിനപ്പുറത്തെ സര്‍പ്പക്കാവ് നോക്കി വിളക്കുയര്‍ത്തിക്കാട്ടി അച്ഛമ്മ വിളിക്കും - സര്‍പ്പത്താമ്മാരേ... ഞങ്ങളുടെ പറമ്പില്‍ സര്‍പ്പക്കാട് ഇല്ലായിരുന്നു.



പട്ടത്തെ പറമ്പില്‍ എവിടെ വേണമെങ്കിലും കളിയ്ക്കാമായിരുന്നു. പക്ഷേ സര്‍പ്പത്തിന്റെയടുത്തേയ്ക്ക് മാത്രം പൊയ്ക്കൂടാ. എന്നാലും ലോകം മുഴുവന്‍ നിശബ്ദമായി മയങ്ങുന്ന ഉച്ചത്തെ ചില രണ്ടേമുക്കാല്‍ നേരങ്ങളില്‍ അതിനടുത്തേയ്ക്ക് ഞങ്ങള്‍ നടന്നുചെന്നു. ഇല്ല, ഒരിയ്ക്കലും ഒരു പാമ്പിനെ കണ്ടിട്ടില്ല. എങ്കിലും രണ്ടാള്‍ ഉയരത്തിലുള്ള വലിയ ചിതല്‍പ്പുറ്റുകളും അപരിചിതമായ മരങ്ങള്‍ കൂട്ടം കൂടി നിന്നുണ്ടാക്കുന്ന കടും പച്ച  ഇരുട്ടും തണുപ്പും മൂലം ബഹുമാനം കലര്‍ന്ന ഒരു ഭയം എപ്പോളും തോന്നിയിരുന്നു. 


സര്‍പ്പത്താമ്മാരെപ്പറ്റി രഘു പല കഥകളും പറഞ്ഞിരുന്നു. അതിലൊരെണ്ണം ഇപ്പോളും 
ഓര്‍മയുണ്ട്‌. സര്‍പ്പത്തിന്‍റെ  നടുവില്‍  വലിയൊരു കറുവമരമുണ്ട്. കറുക എന്നാണ് അന്ന് പറഞ്ഞിരുന്നത്. അതിന്റെ അച്ചടിപ്പേര് ഇലവര്‍ങ്ഗം - cinnamon
- എന്നാണെന്നും കറുവപ്പട്ട എന്നാണ് അതിന്റെ സ്പൈസി തോല്‍ അറിയപ്പെടുന്നതെന്നും പിന്നീട് അറിഞ്ഞത് നാടന്‍വാക്കുകളില്‍ നിന്നും പൊതുമലയാളത്തിലേയ്ക്കുള്ള അധഃപതനമായാണ് കാണുന്നത്. ഇപ്പോള്‍ കറുക എന്നെഴുതാന്‍ ധൈര്യം പോര. അങ്ങനെ എഴുതിയാല്‍ അതേ പേരുള്ള പുല്ലുമായി വായിക്കുന്നവര്‍ കണ്‍ഫ്യൂസ്ഡ് ആകുമോ എന്നു ഭയം. കൊള്ളി, കിഴങ്ങ്, ചീനി, പൂളയെ കപ്പ കപ്പ എന്നു മാത്രം വിളിക്കുന്ന മലയാളിവത്കരണത്തിന്‍റെ ഭാഗമായുണ്ടായ പതനം.]



സര്‍പ്പക്കാടിന്റെയുള്ളിലെ കറുവയായതുകൊണ്ട് അതിന്റെ തൊലി ഉപയോഗിക്കാനെടുത്തിരുന്നില്ല. അതിന്‍റെ താഴ്ന്ന കൊമ്പുകളില്‍  നിന്നും ഇലകള്‍ പറിച്ചു തിന്നാന്‍ കൊതിയ്ക്കുമ്പോളൊക്കെയും രഘു വിലക്കിയിരുന്നത് ആ കഥ പറഞ്ഞിട്ടായിരുന്നു. ഒരു രാത്രി കള്ളന്‍ വന്ന്  ആ വലിയ കറുകയുടെ തൊലി മുഴുവന്‍ ഉരിഞ്ഞുകൊണ്ടു പോയെന്ന്. പക്ഷേ പിറ്റേന്ന് ഉച്ചയാകും മുമ്പ് തോളത്ത് ആ കറുവപ്പട്ട ചാക്കും ചുമന്നു കരഞ്ഞുവിളിച്ച് അയാള്‍ വന്നുപോലും. അയാള്‍ക്ക് സഹിക്ക വയ്യാത്ത മേലുവേദനയായിരുന്നുവത്രെ. കട്ട മുതലിനെപ്പറ്റി ആരോടോ പറഞ്ഞപ്പോള്‍ ഓടിച്ചെന്നു സര്‍പ്പത്താന്‍മാരോട്  മാപ്പു പറയാന്‍ അഡ്വൈസ് കിട്ടിയതു കേട്ടാണ് അയാള്‍ വന്നിരിക്കുന്നത്. അയാള്‍ ആ ചാക്ക് സര്‍പ്പത്താന്‍മാര്‍ക്ക്  വിളക്കു കത്തിയ്ക്കാന്‍ നാട്ടിയിരിക്കുന്ന വെട്ടുകല്ലിനടുത്തു വെച്ച് അവിടെ മണ്ണില്‍ കമിഴ്ന്നടിച്ചു വീണ്  പ്രാര്‍ത്ഥിച്ചു. വിളക്കു വെയ്ക്കാന്‍ എണ്ണ വാങ്ങാന്‍ പൈസയും കൊടുത്ത് രഘുവിന്റെ വീട്ടുകാരോടും മാപ്പു പറഞ്ഞ് കരഞ്ഞപ്പോള്‍ മാത്രമാണ് മേലുവേദന പോയത് എന്നാണ് രഘു പറഞ്ഞിരുന്ന കഥ. അത് ശരിയായിരുന്നോ എന്തൊ, എന്തായാലും ഞാനും ജയപാലനും അതു വിശ്വസിച്ചു. ആ കറുകയിലകളുടെ എരിയുന്ന മധുരം മുഴുവന്‍ ഒരു രുചിമുകുളങ്ങളെയും ത്രസിപ്പിക്കാതെ ഉണങ്ങി വീണു പൊയ്ക്കൊണ്ടിരുന്നു. 

വൈലോപ്പിള്ളി
അല്ലങ്കിലും കറുകയിലകളുടെ മധുരം മനുഷ്യനെ മധുരിപ്പിക്കാനുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? അതുപോലെ പാമ്പുകളുടെ വിഷം മനുഷ്യരെ ദ്രോഹിക്കാനാണുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? മാങ്ങാണ്ടി മുളയ്ക്കാന്‍ പാകമാവുമ്പോള്‍ അതിന്റെ  ചുറ്റുമുള്ള ‘മാംസ’ത്തിന് മധുരം വെയ്ക്കുന്നത്, ഒരമ്മ പറക്ക മുറ്റും വരെ കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നതുപോലെ, ആ മാവ് തന്റെ വിത്തിനെ തീറ്റിപ്പോറ്റുന്നതിന്റെ സ്വീറ്റ് ക്ലൈമാക്സാണ്, മധുരം കൊടുത്ത് യാത്രയയക്കലാണ്. അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം... എന്നെഴുതിയത് വൈലോപ്പിള്ളിയാണ്.

പ്രീഡിഗ്രിയ്ക്കു പഠിച്ച മലയാളം ടെക്സ്റ്റിലായിരുന്നു വൈലോപ്പിള്ളിയുടെ സര്‍പ്പക്കാട് എന്ന മറ്റൊരു പ്രസിദ്ധ കവിത വായിച്ചത്. രാമായണം കത്തിയ്ക്കണമെന്ന് കേശവദേവ്  പറഞ്ഞപോലൊരു കത്തിയ്ക്കല്‍ . അന്ധവിശ്വാസത്തിന്റെ  സര്‍പ്പക്കാടിന് കവി തീയിടുന്നു. രഘുവിന്‍റെ പറമ്പില്‍  പാമ്പുകളെയൊന്നും കണ്ടിരുന്നില്ല  എന്നു പറഞ്ഞില്ലേ, അതുപോലെ തന്നെയായിരുന്നു ഏറെ അകലെയല്ലാത്ത വൈലോപ്പിള്ളിയുടെ കലൂരിലെയും അനുഭവം. ഒരു പാമ്പിനെയും കണ്ടില്ല.  ഒരു മഞ്ഞച്ചേര മാത്രം ഇഴഞ്ഞു മറഞ്ഞു. ചേര എലിയെ പിടിയ്ക്കുമെന്ന കഥ അവിടെ നില്‍ക്കട്ടെ. എലിയ്ക്കും വേണം ജീവിയ്ക്കല്‍.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച മയിസ്രേട്ടേമ്മാന്‍ വീട്ടിപ്പോയി കുളിച്ച് ടീവി കണ്ടു രാത്രി ഡിന്നറിന് ചപ്പാത്തീടൊപ്പം മട്ടന്‍ ചാപ്സ് കഴിയ്ക്കുമ്പോള്‍, ജീവന്‍റെ  പ്രൈസ് ടാഗ് പലതിനും പലതാണോ സര്‍ എന്നു
ചോദിയ്ക്കാതെങ്ങനെ?

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിനും ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍ക്കും മുമ്പ്, ഗ്രീന്‍പീസ് മസാലയ്ക്കും മുമ്പ്, എന്‍വയോണ്‍മെന്റലായി  ചില ആളുകള്‍ മെന്റലാവുന്നതിനും മുമ്പ്, അതിനെല്ലാം മുമ്പ് തുടങ്ങിയതല്ല്ലേ സര്‍ ഈ
ബഷീര്‍
സര്‍പ്പക്കാട് ബിസിനസ് എന്നു  മസ്ക്കറ്റ് മലയാളി സമാജത്തില്‍ പ്രസംഗിച്ചു. പീന്നീട് പ്രസംഗിച്ച ചിലമ്പ് നോവലിസ്റ്റും ഒമാനില്‍ ബിസിനസ്സുകാരനും കൊടുങ്ങല്ലൂര്‍ക്കാരനുമായ എന്‍. ടി. ബാലചന്ദ്രന്‍ പറഞ്ഞത്  കാടു വെട്ടി തെളിച്ച് കുടിയേറ്റം മുന്നറിയപ്പോള്‍ സര്‍പ്പശല്യം ഭീകരമാവുകയും അത് ഒഴിവാക്കാന്‍ വേണ്ടി  ഗതികേടു  കൊണ്ടു തുടങ്ങിയതാണ് സര്‍പ്പാരാധനയുടെ മറവിലുള്ള ഈ കാട് ബിസിനസ് എന്നുമാണ്. ഗതികേടെങ്കില്‍  ഗതികേട്, വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കുന്നതിനോളം വരുമോ മറ്റേതെങ്കിലും പരിസ്ഥിതിപ്രേമം? 

ഇതിനെ അനന്തം വാസുകീ ശേഷം പത്മനാഭശ്ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം നമഃ എന്ന ഒരു പ്രാര്‍ത്ഥനയുമായും കൂട്ടിക്കെണമെന്നില്ല.  ചൂടില്ലേ പന്നഗത്തെ, ശരി തവ കണവന്‍ പാമ്പിലല്ല കിടപ്പൂ എന്നു മുന്നേറുന്ന  ഉമാരമാസംവാദവും പഠിയ്ക്കണമെന്നില്ല. പശുവിന്‍ പാലിനോളം ക്രൂരമായ നോണ്‍-വെജ് സാധനമുണ്ടോ?  അതുകൊണ്ടല്ലേ  ഇപ്പോള്‍ വെജിറ്റേറിയന്‍സിനെ കടത്തിവെട്ടുന്ന വേഗന്‍സ് എന്നാരു വര്‍ഗം രൂപപ്പെട്ടിരിയ്ക്കുന്നത്? [ഡെയറി ഉത്പ്പന്നങ്ങള്‍ കൂടി ഉപേക്ഷിക്കുന്ന കടുംവെജ് ഫാന്‍സാണ് വേഗന്‍സ്].

ഭാര്യവീട്ടിലെ ഒരു തിരുവോണത്തിന് തൂശനിലയില്‍ ചിക്കന്‍ കറി, ചെമ്മീന്‍ കറി, ചാള വറുത്തത് എന്നിവയും ഉണ്ടായിരുന്നു . ഒന്നും ദഹിയ്ക്കാതിരുന്നില്ല.

ചിങ്ങമാസത്തില്‍  തന്നെയാണ്  നാഗപഞ്ചമി  എന്നു കേട്ടിരിക്കുന്നു. ഫാര്‍ ഈസ്റ്റില്‍  പാമ്പ് ഒരു സ്വാദിഷ്ട വിഭവമാണെന്നും കേട്ടിരിക്കുന്നു. നൂറും പാലും എന്ന വാര്‍ഷിക ചടങ്ങിന് അലങ്കരിക്കുന്ന കവുങ്ങിന്‍പൂക്കിലകളും വഴിപാടായി നിവേദിക്കുന്ന കരിക്കും പഴവും ഒരു സര്‍പ്പവും ഭക്ഷിക്കാറില്ലന്നും അറിവു വെച്ചിരിക്കുന്നു.

പുള്ളുവന്‍ പാട്ടുകാര്‍
രഘുവിന്റെ  രണ്ടു ചേച്ചിമാര്‍ ബാംഗ്ളൂരിലും ഒരാള്‍ ഈറോഡിലുമാണ്. ചേട്ടനും വേറൊരു ചേച്ചിയും ബോംബെയില്‍.  രഘു ഹൈദ്രാബാദില്‍ . അമ്മ അഞ്ചെട്ടു  കൊല്ലം മുമ്പ് മരിച്ചു പോയി. അച്ഛന്‍ ചേട്ടന്‍റെയൊപ്പം കല്യാണിലുണ്ട്.  പട്ടത്തെ വീട് അടച്ചിട്ടിരിക്കുന്നു. പോക്കുവരവിന് ആരുമില്ലാത്തതിനാല്‍  തോടിനു കുറുകെ തെങ്ങുമ്പാലമിടല്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പുരയ്ക്ക് കുറേശ്ശെ ചിതലുണ്ട്.  വല്ലപ്പോഴും ആരെങ്കിലും വരുമ്പോള്‍ മാത്രം അടിച്ചു തൊടയ്ക്കും. സര്‍പ്പത്തിന് വിളക്കില്ല. നൂറും പാലുമില്ല. കറുവപ്പട്ട മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ വരാറുണ്ടോ എന്നു ചോദിച്ചാല്‍  അതും അറിയില്ല. കാരണം ഞാന്‍ പന്ത്രണ്ട് വര്‍ഷമായി ദുബായിലാണല്ലാ. എങ്കിലും വെട്ടിത്തെളിയ്ക്കപ്പെട്ട ചില പറമ്പുകളെങ്കിലും കിളയും കാല്‍പ്പെരുമാറ്റവും തെങ്ങുകയറ്റവുമില്ലാതെ വീണ്ടും കാടുകയറുന്നു എന്ന് ഊഹിയ്ക്കാന്‍ പറ്റുന്നുണ്ട് . ഭൂമിയുടെ അവകാശികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിയ്ക്കാതിരിക്കുമോ?



Thursday, December 9, 2010

എന്തൊരു അനീതി

ഒന്ന് മരിക്കാൻ ഒരു പ്രാവശ്യം തീരുമാനിച്ചാൽ മതി.
ഒന്ന്  ജീവിക്കാൻ എത്ര പ്രാവശ്യം തീരുമാനിക്കണം.
എന്തൊരു അനീതി.

Tuesday, November 2, 2010

ഊച്ചാളി മലയാളി


സായിപ്പിന്റെ മലയാളം കേട്ടാൽ കൌതുകത്തോടെ ചിരിക്കും.
നഴ്സിന്റെ ഇംഗ്ലീഷ് കേട്ടാൽ പരിഹസിച്ച് ചിരിക്കും.
ഊച്ചാളി മലയാളി ഞാൻ.

Tuesday, July 20, 2010

മലയാളിയാകണമെങ്കില്‍ [മനുഷ്യനാകണമെങ്കിലും] ഗള്‍ഫുകാരനാകണ്ടേ?


 ഗള്‍ഫില്‍ വന്ന് കുറേക്കാലം ജീവിച്ചപ്പോളാണ് യഥാര്‍ത്ഥ മലയാളിയാകാന്‍ തുടങ്ങുന്നു എന്നൊരു വികാരം [വിചാരവും] എനിയ്ക്കുണ്ടായിത്തുടങ്ങിയത്. അല്ല, ഇവിടുത്തെ സാധാസീദാ ഓണാഘോഷങ്ങള്‍ കണ്ടിട്ടോ സാഹിത്യപ്രസംഗങ്ങള്‍ കേട്ടിട്ടോ അല്ല എന്റെയുള്ളില്‍ മലയാളിത്തം മുളച്ചത്. പിന്നെയോ, ഞാനെന്ന എറണാകുളത്തുകാരന്‍ കാസര്‍കോട്ടുകാരെയും കണ്ണൂര്‍ക്കാരെയും വടകരക്കാരെയും കോഴിക്കോട്ടുകാരെയും മലപ്പുറത്തുകാരെയും ചാവക്കാട്ടുകാരെയും മണപ്പുറത്തുകാരെയും കരുനാഗപ്പള്ളിക്കാരെയും കോതമംഗലത്തുകാരെയും കോട്ടയത്തുകാരെയും തിരുവല്ലക്കാരെയും ചെങ്ങന്നൂര്‍ മാവേലിക്കരക്കാരെയും വര്‍ക്കലക്കാരെയുമെല്ലാം അടുത്തു പരിചയപ്പെടുന്നതും അവരില്‍ പലരോടുമൊപ്പം ഒരേ മുറിയില്‍ ഉണ്ടുറങ്ങിയതും ഗള്‍ഫില്‍ വന്നതിനു ശേഷമാണ്. അതെ, അതിനു ശേഷമാണ്, അതിനു ശേഷം മാത്രമാണ്, മലയാളിയായി എന്നൊരു തോന്നല്‍ എനിയ്ക്കുണ്ടായത്. അതുവരെ നീണ്ടകരയിലെ മത്സ്യവ്യവസായം, കുട്ടനാട്ടെയും പാലക്കാട്ടെയും നെല്ലറകള്‍, കല്ലായിയിലെ തടിമില്ലുകള്‍, ഇടനാട് മലനാട് തീരപ്രദേശം എന്നെല്ലാം സാമൂഹ്യപാഠം ക്ലാസില്‍ പഠിച്ചതു മാത്രമേ ഉണ്ടായിരുന്നുള്ളു. നീണ്ടുമെലിഞ്ഞു കിടക്കുന്ന കേരളത്തില്‍, പലയിടങ്ങളിലായി, പല സംസ്കാരവിശേഷങ്ങളുമായി തലയും കയ്യും കാലും വാലും പോലെ വേറെ വേറെ കിടക്കുന്ന മലയാളിയെ ഒരുമിച്ചു ചേര്‍ക്കുന്ന ഭൂമിയിലെ ഒരേയൊരു ലാബാണ് ഗള്‍ഫ്.

ഇതുവായിച്ചാല്‍ ബോംബെ മലയാളികള്‍ എന്നോട് ചൂടാവാന്‍ വരുമെന്നെനിയ്ക്കറിയാം. ബോംബെയല്ലേ ആദ്യത്തെ  കേരളം എന്നവര്‍ ചോദിയ്ക്കും. സത്യത്തില്‍ ബോംബെ മലയാളികള്‍ തന്നെ പല തരമുണ്ട്. അവരില്‍ എല്ലാവരെയും കാണണമെങ്കിലും ഗള്‍ഫില്‍ വരണമെന്നതാണ് സത്യം. പല തലമുറകളില്‍പ്പെട്ട ബോംബെ മലയാളികള്‍ - കുറച്ചു കാലം ബോംബെയില്‍ ജീവിച്ചവര്‍, കൌമാരം കഴിഞ്ഞയുടന്‍ ബോംബെയില്‍ എത്തിപ്പെട്ടവര്‍, ബോംബെയില്‍ ജനിച്ചു വളര്‍ന്നവര്‍... അങ്ങനെ പല തരം. ഫോര്‍ട്ടിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അവര്‍ കാസര്‍കോട്ടുകാരെ കണ്ടിട്ടുണ്ടാവും. ഇലക്ട്രോണിക്സ് സാധനങ്ങളോ നാരിയലോ വില്‍ക്കുന്ന മലബാറികള്‍. അവരോട് മലയാളം പറഞ്ഞിട്ടുണ്ടോ? പറഞ്ഞാല്‍ അവര്‍  തിരിച്ചും മലയാളം പറയുമോ? ലോകത്ത് എവിടെപ്പോയാലും ചെങ്ങന്നൂര്‍ തിരുവല്ല മാവേലിക്കരക്കാരായ നഴ്സുമാരെ കാണാം. പക്ഷേ അടുത്ത ഫ്ലാറ്റില്‍ അവര്‍ കുടുംബമായി താമസിക്കുന്നതു കണ്ടിട്ടുണ്ടോ?

ഒരേ സാധനത്തിന് പല നാട്ടുകാരായ മലയാളികള്‍ പറയുന്ന പല പല രസികന്‍ വാക്കുകള്‍ കേട്ടിട്ടുണ്ടോ? ഉദാഹരണത്തിന് വവ്വാല്‍ എന്ന് ഇപ്പോള്‍ പൊതുവായി പറയുന്ന നരിച്ചീര്‍, ആവലുംജാതി, കടവാതില്‍ എന്ന കാരാടന്‍ ചാത്തനെ അറിയാമോ?  കാസര്‍കോട്ടു മാത്രം നിന്നുള്ള വാച്ച്മാന്മാരെ പരിചയമുണ്ടോ? കണ്ണൂര്‍ക്കാര്‍ക്കു പോലും മനസ്സിലാകാത്ത അവരുടെ മലയാളം പരിചയമുണ്ടോ? നാദാപുരകാര്‍ മാത്രം നടത്തുന്ന എണ്ണിയാലൊടുങ്ങാത്ത കഫ്റ്റീരിയകളിലൊന്നില്‍ കയറിയിട്ടുണ്ടോ? ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീണ്ടുകിടക്കുന്ന മണപ്പുറം എന്നറിയപ്പെടുന്ന പ്രദേശത്തെ ബിസിനസ് വിദഗ്ധരെ അറിയാമോ? വര്‍ക്കലയിലെ മിടുക്കന്മാരെ? നോണ്‍സ്റ്റോപ്പ് മലയാളം പറയുന്ന അങ്കമാലിക്കാരെ? ചില്ലക്ഷരം വേസ്റ്റാക്കാത്ത കൊച്ചിക്കാരെ? ഇല്ല, ഗള്‍ഫിലുള്ള മലയാളി ജീവിതത്തിന്റെ വൈവിധ്യവും കൂട്ടപ്പൊരിച്ചിലുമൊന്നും ബോംബെയിലും ഡെല്‍ഹിയിലുമില്ല. ഇവിടെ ഓരോ ബില്‍ഡിംഗും ഓഫീസും വില്ലമുറിയും കേരള നിയമസഭയാണ്. അല്ല, രാഷ്ട്രീയം പറഞ്ഞ് അടികൂടുന്ന കാര്യമല്ല പറയുന്നത്, പല നിയോജകമണ്ഡലങ്ങളില്‍ നിന്നും ആളുണ്ടാവുന്ന അവസ്ഥയാണ്.

അതിലും രസമാണ് ‘നിങ്ങള്‍‘ എന്ന വാക്കിന്റെ പ്രയോഗം. മലബാറുകാര്‍ക്ക് അത് ബഹുമാനം തുളുമ്പുന്ന വിളിയാണ്. ഭര്‍ത്താവിനെ മലബാറിസ്ത്രീകള്‍ അങ്ങനെയെ വിളിയ്ക്കൂ. [എന്റെ വില്യാപ്പള്ളിക്കാരന്‍ സഹപ്രവര്‍ത്തകന്‍ അസ് ലം ഞങ്ങളുടെ ഇടച്ചേരിക്കാരനായ അര്‍ബാബിനെ ‘നിങ്ങള്‍ നിങ്ങള്‍’ എന്നു വിളിയ്ക്കുമ്പോള്‍ എന്നിലെ കൊച്ചിക്കാരന് ആദ്യമാദ്യം അസ്വസ്ഥത തോന്നിയിരുന്നു.] ‘എന്നെ നിങ്ങള്‍ എന്നു വിളിയ്ക്കല്ലേ’ എന്ന് പട്ടാമ്പിക്കാരനായ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ എനിയ്ക്ക് ചിരി വന്നത് ആ അനുഭവം ഓര്‍ത്തിട്ടായിരുന്നു. ഭാരതപ്പുഴ കടന്ന് അധികമായിട്ടില്ല, അപ്പോളേയ്ക്കും ‘നിങ്ങള്‍’ ഹറാമാ‍യി! തെക്കോട്ട് പോയാല്‍ പരാജയപ്പെട്ട ദാമ്പത്യത്തിലെ ഭാര്യമാര്‍ മാത്രമേ ഭര്‍ത്താവിനെ മുഖത്തുനോക്കി ‘നിങ്ങള്‍’ എന്നു വിളിയ്ക്കുകയുള്ളു [അല്ലെങ്കില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ :-)]. 

കേരളത്തനിമപോലെത്തന്നെ കാസര്‍കോട്തനിമയും പട്ടാമ്പിത്തനിമയുമെല്ലാം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. അല്ലാതെ പട്ടാമ്പിക്കാരനും ചാലക്കുടിക്കാരനും സിനിമ എഴുതിയാലും കഥാപാത്രങ്ങള്‍ വള്ളുവനാടന്‍ മലയാളം മാത്രം പറയുന്ന ഏര്‍പ്പാട് ആളെ ഊശിയാക്കുന്നതാണ്. സിംഗ് ള്‍ ഇന്‍ വെര്‍ട്ടഡ് കോമകളും ഫുട്നോട്ടുകളും ഇല്ലാതെ പല നാടന്‍ വാക്കുകളും പ്രയോഗിക്കാന്‍ കഴിയുന്ന ഒരു കാലം വേഗം ഇങ്ങു വരുമെന്നാണ് പതിനൊന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതം തരുന്ന കോണ്‍ഫിഡന്‍സുകളില്‍ ഒന്ന്. [കേരളം എന്നു പറഞ്ഞയുടന്‍ ഒരു കഥകളിത്തല കാട്ടുന്ന കോപ്രായത്തെ നോക്കി പരിഹാസച്ചിരി ചിരിയ്ക്കാന്‍ കഴിയുന്നതാണ് മറ്റൊരു കോണ്‍ഫിഡന്‍സ്.]

നാട്ടിലും ബോംബെയിലും ഡല്‍ഹിയിലും ജീവിച്ചിട്ടുള്ള ആളാണ് ഇതെഴുതുന്നത്. യാത്രകളിലൂടെ ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം നമ്മില്‍ പലരും കണ്ടുകാണും. അന്നാട്ടുകാരെ പരിചയവും കാണും. അവരില്‍ പലരോടുമൊപ്പം ജോലി ചെയ്യുകയോ കൂടെ താമസിക്കുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്തുകാണും. എന്നാല്‍ ഇത്രമാത്രം വൈവിധ്യ, ബാഹുല്യങ്ങളോടെ, ഇത്രമാത്രം നിത്യജീവിത സമ്പര്‍ക്കങ്ങളിലൂടെ, ദൈനംദിന ഇടപാടുകളിലൂടെ ‘കേരളം’ സംഭവിക്കുന്നത് കേരളത്തില്‍പ്പോലുമല്ല എന്നതല്ലേ സത്യം?

ഗള്‍ഫില്‍ വരികയും പ്രിയപ്പെട്ടവരെ പിരിഞ്ഞ് - In the Absence of their Men - ജീവിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞ അമ്പതോളം വര്‍ഷമായി ലക്ഷക്കണക്കിന് മലയാളികളുടെ വിധിയാണ്. അതില്‍ അടുത്ത കാലത്തൊന്നും വലിയൊരു മാറ്റമുണ്ടാകും എന്ന് പറയാന്‍ ധൈര്യമില്ല. അപ്പോള്‍ ആ വിധിയുമായി പൊരുത്തപ്പെടുന്നതായിരിക്കും ബുദ്ധി. കേരളത്തിന്റെ വൈവിധ്യം അനുഭവിച്ചറിയാന്‍ ഈ മണ്ണും ഈ കാലവും വിനിയോഗിക്കാം. മുളകിട്ടു മാത്രമല്ല മീന്‍ വെയ്ക്കുന്നത് എന്ന് മനസ്സിലാക്കാം. കുടമ്പുളി എന്നു കേള്‍ക്കുമ്പോള്‍ വായ പൊളിയ്ക്കാതിരിയ്ക്കാം. [കഴിയ്ക്കാന്‍ വേണ്ടി വായ പൊളിയ്ക്കാം]. കണ്ണൂര്‍ക്കാരുടെ തീര്‍ത്താല്‍ തീരാത്ത പാചകവിധികളിലൂടെ - Malabar Muslim Cookery - സഞ്ചരിയ്ക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ അച്ചടിച്ചു വിട്ട പാചകക്കുറിപ്പുകള്‍ മാത്രമല്ല കേരളം എന്നറിയാം. തിരുവിതാംകൂറുകാരുടെ അധ്വാനവും ബുദ്ധിയും സ്ഥിരോത്സാഹവും അറിയാനുള്ള ആഗ്രഹവും വളരാനുള്ള വൈഭവവും കണ്ടുപഠിച്ച് മാതൃകയാക്കാം. മണപ്പുറത്തുകാരുടെ ബിസിനസ് സീക്രട്ട് എന്താണെന്ന് അടുത്തറിയാം. ഇതിനെല്ലാം ഗള്‍ഫിലല്ലാതെ വേറെ എവിടെ അവസരം?

സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ക്ലാസില്‍ പഠിച്ച ഒരു സയന്‍സ്പാഠം ഓര്‍ക്കുന്നു. വെളുത്തനിറമുള്ള പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ പുറത്തുവരുന്നത് വെള്ളക്കാരനല്ല. പിന്നെയോ - മഴവില്ലിന്റെ ഏഴു നിറം. വിബ്ജിയോര്‍. മഴയും വെയിലും ഒരുമിച്ചുണ്ടാകുമ്പോള്‍ മാനത്തും മഴവില്ല് തെളിയും. സൂര്യകിരണങ്ങളാകുന്ന കൂരമ്പുകള്‍  മഴത്തുള്ളികളുടെ കുഞ്ഞുപ്രിസങ്ങളെ കീറി മുറിയ്ക്കുമ്പോള്‍ വരുന്ന ചോരയ്ക്ക് ഏഴു നിറം.  മഴയും വെയിലും ഒരുമിച്ച് വന്നാല്‍ കുറുക്കന്റെ കല്യാണം എന്ന് കുട്ടിക്കാലത്ത് പറയുമായിരുന്നു. അങ്ങനെ ജപ്പാനിലും പറയുമെന്ന് Akira Kurosawa യുടെ Dreams എന്ന ജാപ്പനീസ് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. ഗള്‍ഫില്‍ ജീവിയ്ക്കുന്നതുകൊണ്ട് കുറുക്കന്റെയല്ല മനുഷ്യന്മാര്ടെ കല്യാണത്തിനുപോലും കൂടാന്‍ പറ്റാറില്ല. എങ്കിലും മഴവില്ലിന്റെ ഭംഗി ഗള്‍ഫിലും കണ്ടിട്ടുണ്ട് പലവട്ടം. അവസാനം കണ്ടത് ദുബായ് എയര്‍പോര്‍ട്ടില്‍ ഒരാളെ നാട്ടിലേയ്ക്ക് യാത്രയാക്കി പാര്‍ക്കിംഗിലേയ്ക്ക് നടക്കുമ്പോള്‍ വന്ന വെയില്‍മഴയത്ത്. 

ഈ മഴവില്ലിന് ഒരു മറുവശമുണ്ടല്ലോ. കണ്ടിട്ടുണ്ടോ അത്? ഒരു കാര്‍ഡ്ബോര്‍ഡ് വട്ടത്തില്‍ മുറിച്ച് അതിനെ ഏഴ് തുല്യഭാഗങ്ങളായി വരച്ച് ഏഴ് നിറങ്ങള്‍ പൂശി ഒരു സ്റ്റാന്‍ഡില്‍ സ്ഥാപിച്ച് സ്പീഡില്‍ കറക്കി നോക്കുക. സ്പീഡില്‍ കറങ്ങുമ്പോള്‍ ഏഴു നിറങ്ങളല്ല കാണുക, തൂവെള്ളയായിരിക്കും. പ്രകാശത്തിന്റെ നിറം വെറും വെളുപ്പാണ് എന്ന് കാണിയ്ക്കാന്‍ സയന്‍സ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചു കണ്ടിട്ടുള്ള ഒരു സൂത്രമാണിത്. ഇതു തന്നെയാണ് ഗള്‍ഫിലും സംഭവിയ്ക്കുന്നത്. 

അതിനപ്പുറം, കാസര്‍കോട്ടുകാരനെ മലയാളിയാക്കുന്നതിനും മലയാളിയെ ഇന്ത്യക്കാരനാക്കുന്നതിനുമപ്പുറം, ഇന്ത്യക്കാരനെ മനുഷ്യനാക്കുന്ന ഒരു മായാജാലം കൂടി ഗള്‍ഫില്‍ സാധ്യമാവുന്നുണ്ട്. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ കാരനും ഒത്തൊരുമിച്ച് കഴിയുന്ന ഇടമല്ലേ ഗള്‍ഫ്? പണിയെടുത്താല്‍ ജീവിയ്ക്കാം, വിശന്നാല്‍ ഭക്ഷണമാണ് ആവശ്യം തുടങ്ങിയ വലിയ സത്യങ്ങള്‍ അനുഭവിപ്പിക്കുന്ന ഗള്‍ഫ് ജീവിതം. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ല എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. 

Monday, July 12, 2010

കുറത്തി

നിങ്ങളോര്‍ക്കുക
നിങ്ങളെങ്ങനെ
നിങ്ങളല്ലാതായെന്ന്.
Related Posts with Thumbnails