ഏരിയല്‍ ഡിസ്റ്റന്‍സ് നോക്കിയാലും (വിക്കിമാപ്പിയ പ്രകാരം ഏതാണ്ട് 8 കിമീ) ബോട്ടുമാര്‍ഗം നോക്കിയാലും എന്റെ നാട്ടില്‍ നിന്ന് (കുട്ടിക്കാലത്ത് നമ്മളുണ്ടായിരുന്ന സ്ഥലമല്ലേ എന്നായാലും എവിടെപ്പോയാലും നമ്മുടെ നാട്!) അധികമൊന്നും അകലെയല്ലാതെ കിടക്കുന്ന രണ്ട് അയല്‍ഗ്രാമങ്ങളാണ് കുണ്ടൂരും കുഴൂരും. പഴയ, വലിയ നായര്‍ സെറ്റില്‍മെന്റുകള്‍ എന്ന നിലയില്‍ ഈ നാടുകള്‍ക്ക് ചേന്ദമംഗലത്തുകാരുമായി ഒരുപാട് ബന്ധങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞാനിതേവരെ കുണ്ടൂരും കുഴൂരും പോയിട്ടില്ല. കൊടകര കാര്‍ത്തിക എന്ന് വിശാലന്‍ എഴുതുമ്മുമ്പേ കേട്ടിട്ടുള്ള പോലെ കുഴൂര്‍ ഷഷ്ഠി എന്നും കുഞ്ഞിലേ കേട്ടിരുന്നു (
വിത്സന്റെ കവിത പിന്നീട് വായിച്ചപ്പോള്‍ മനസ്സാടിയ കാവടിയ്ക്ക് രണ്ടു നിലയുണ്ടായിരുന്നത് അതുകൊണ്ടാണ്). കുഴൂര്‍ നാരായണമാരാരുടെ തിമിലയും കുട്ടിക്കാലം മുതലേ കേട്ടിരുന്നു/കണ്ടിരുന്നു. (കുറുമാലിപ്പുഴയ്ക്ക് തെക്കുള്ള കൊച്ചിയിലെ സവര്‍ണഹിന്ദുക്കള്‍ക്ക് ശരീരബലം കുറവായതുകൊണ്ടാവുമോ അവരധികവും - അന്നമനട അച്യുതമാരാര്‍, കുഴൂരാശാന്‍, ചോറ്റാനിക്കരക്കാര്‍ - തിമിലക്കാരായത്? കുറുമാലിപ്പുഴയ്ക്ക് വടക്കുള്ള വടക്കന്‍ കൊച്ചിയിലും തെക്കന്‍ മലബാറിലുമുള്ള പഞ്ചവാദ്യക്കാരിലധികവും - കുളമംഗത്ത് നാരായണന്‍ നായര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി മുതല്‍ തൃക്കൂര്‍ രാജന്‍ വരെയുള്ളവര്‍ - മദ്ദളക്കാരായത് അപ്രദേശങ്ങളിലെ അരോഗദൃഡഗാത്രതകള്‍ കൊണ്ടുമാവുമോ?)
എന്തുകൊണ്ടാണെന്നറിയില്ല, കുഴൂരെയും കുണ്ടൂരെയും ഇടവഴികള്‍ കുട്ടിക്കാലത്തേ മനസ്സില്‍ വിചാരിച്ചിരുന്നു. ഇറച്ചിവെട്ട് പാരമ്പര്യമുള്ള കുഴൂര്‍ വിത്സണ്‍ എന്നൊരു നസ്രാണിച്ചെക്കനെ പരിചയപ്പെടുവാനായിരുന്നു അതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.
കുമാരനാശാനും കുഴൂര്‍ വിത്സണും ഒരിക്കലും ഒരുപോലെയാവുകയില്ലെന്ന് ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ വെറുമൊരു പ്രാസബലി എന്നതിനപ്പുറം ആദ്യം വിശേഷിച്ചൊന്നും തോന്നിയില്ല. എന്നാല്‍ വിത്സണതു വായിച്ച് കുറേ ചിരിച്ചു. അങ്ങനെ താരതമ്യം ചെയ്യാന്‍ പോലും പാടുണ്ടോ, എന്തൊരു വിവരക്കേട്, വിത്സണ്‍ പരിഹസിച്ചു.
കുമാരനാശാന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യത്തെ മലയാളം ബ്ലോഗ് കുമാരനാശാന്റേതാവുമായിരുന്നേനെ എന്നാണ് എനിക്കെഴുതാന്‍ തോന്നുന്നത്. ബ്ലോഗ് ഒരു മാധ്യമമാണ്. ഏതെങ്കിലും വളിപ്പന്മാര്‍ അത് വളിപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റമല്ല. കുമാരനാശാന് മുമ്പും പിമ്പും എത്ര പീറക്കവികളുണ്ടായി? എത്ര തറക്കവിതകള്‍ അച്ചടിച്ച് പുസ്തകമായി? ഇതിനിടയില്‍ ബഷീര്‍ എന്നൊരു എഴുത്തുകാരന്‍ തന്റെ കൃതികള്‍ താന്‍ തന്നെ പൈസ ചെലവാക്കി അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടുനടന്നു വിറ്റപ്പോള്‍ അതില്‍ ഒന്നിന്റെയെങ്കിലും മഹത്വം കുറഞ്ഞുപോയോ? ആരെഴുതുന്നതും വായിപ്പിക്കാന്‍ തന്നെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. വസന്തകാലം വരുമ്പോ കാക്ക കാക്കയും കുയില്‍ കുയിലുമായിക്കോളും. ബ്ലോഗെഴുത്തുകാര്‍ (വിഷപ്പാമ്പുകളും വാസുകിമാരും അനന്തപത്മനാഭന്മാരും ഞാഞ്ഞൂളുകളും അടക്കം) കടലാസ് വെയിസ്റ്റാക്കുന്നില്ല എന്നൊരു പുണ്യം ചെയ്യുന്നതും കണക്കിലെടുക്കണം.
ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച എഴുത്തുകാരന്‍ വാത്മീകിയാണെന്ന് ഒരു ലിസ്റ്റ് വായിച്ചതോര്‍ക്കുന്നു. വാത്മീകി ആദികവിയായിരുന്നുവെന്നോര്‍ക്കണം. കവിത്വവും വായനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. അതായത് ഏതെങ്കിലും ഒരു മുന്‍ഗാമിക്കവിയുടെ ഒരൊറ്റ വരിപോലും വായിക്കാതെയാണ് വാത്മീകി രാമായണം പാടിയത്. (അതുകൊണ്ട് ആ മറ്റേ പയ്യന്റെ കവിത പോരെന്നു വെച്ച് അവനോടിനി വൈലോപ്പിള്ളീനെ വായിച്ചിട്ടെഴുതിയാമതി എന്നു പറയല്ല്. വൈ?) കവിത്വം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞല്ലേ വന്നത്? (ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം). ഇനി ഇതിനൊരു മാറ്റമുണ്ടാകുമോയെന്നൊന്നും പ്രവചിക്കാന്‍ പറ്റുകില്ല. കുഴൂര്‍ വിത്സണ് ഒരു ദിവസം കുമാരനാശാനെയല്ല വാത്മീകിയെപ്പോലും അതിശയിക്കാന്‍ കഴിയില്ലെന്നാരു കണ്ടു? ഫോര്‍ ദാറ്റ് മാറ്റര്‍, കുഴൂര്‍ വിത്സണല്ല, ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയ ഏതൊരു മലയാളിക്കും? അയാള്‍ ബ്ലോഗിയായാലെന്ത്, പരാജയപ്പെട്ട് പരിപ്പെല്ലാം തീര്‍ന്നെന്നു കരുതി ജീവിക്കുന്ന കോമ്പ്ലക്സുകാരന്‍ അനോനിയായാലെന്ത്? കുഴൂര്‍ വിത്സണ് കുമാരനാശാനെ അതിശയിക്കാന്‍ കഴിയുകില്ലായിരിക്കാം. ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലത്തിന്റെ തടവുകാരനാണ്. വിത്സണാണെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥലത്തിന്റെ കൂടിയും. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും. അവര്‍ കുറച്ചുകാലമോ കൂടുതല്‍ കാലമോ ബ്ലോഗിയാലെന്ത്?
അതൊന്നുമല്ല എനിക്ക് വിത്സണോട് പറയാനുള്ളത്. (അല്ലെങ്കിലും ആശാനെപ്പോലെയോ അതിലും മികച്ചതോ ആയ കവിത എഴുതാന്‍ ആര്‍ക്കെങ്കിലും വിത്സണോട് ആവശ്യപ്പെടാന്‍ പറ്റുമോ? വിത്സണ്‍ സ്വയം ആഗ്രഹിച്ചാല്‍പ്പോലും അത് സാധിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും? നമുക്കെല്ലാര്‍ക്കുമറിയാം അത് ആര്‍ക്കുമറിയാത്ത രഹസ്യമാണെന്ന് - കവിതയുടെ രഹസ്യം).
വിത്സണേയും കുമാരനാശാനെയും തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് കുമാരനാശാന്റെ ഓട്ടുകമ്പനിയെപ്പറ്റിയാണ്. കവികളുടെ ആധിക്യം എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. ഒരു കവിതാസമാഹാരം കവികള്‍ മാത്രം വാങ്ങിയാല്‍ത്തന്നെ അഞ്ചാറ് പതിപ്പ് വിറ്റു തീരാന്‍ മാത്രം കവിസംഖ്യയുള്ള ഭാഷയാണ് മലയാളം. നല്ല നാല് വരി കവിതയെഴുതിയിട്ടില്ലെങ്കിലും കവിജീവിതം ജീവിച്ചു തീര്‍ക്കുന്നവരും ധാരാളം. എ. അയ്യപ്പനെപ്പറ്റി മറ്റു ചിലര് എഴുതിയ കവിതകള്‍ അങ്ങേരുടെ മറ്റെല്ലാ കവിതകളേക്കാളും മികച്ചതാണെന്നാണ് അനുഭവം. ഇതില്‍ പരിഹാസമൊന്നുമില്ല. എല്ലാം ഓരോരുത്തന്റെ ഇഷ്ടം, വിധി. എങ്കിലും വിത്സണോട് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുകേലല്ലൊ.
കവിതാരംഗത്തും മറ്റും കുറച്ചെങ്കിലും സാധ്യമായ പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടത്തിന്റെ കാര്യം. സൌഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി കുമാരനാശാന്‍ ഉണ്ടാക്കി വിറ്റാല്‍പ്പോലും. സ്വന്തം നാടായ കൊല്ലത്തുനിന്നും വളരെ അകലെ, കുഴൂരിനും കുണ്ടൂരിനും ചേന്ദമംഗലത്തിനും താരതമ്യേന അടുത്ത്, പെരിയാറിന്റെ തീരത്ത്, ചെങ്ങമനാട്ടായിരുന്നു കുമാരനാശാന്റെ ഓട്ടുകമ്പനി. അന്നത്തെ കാലത്തെ കേരളത്തിലെ വ്യവസായ പുരോഗതി നോക്കുമ്പോ താരതമ്യേന മോഡേണായ ഒരു വ്യവസായം. ചുള്ളിക്കാട് ഒരിക്കല്‍ ആരോപിച്ചതുപോലെ കുമാരനാശാന്‍ മദ്രാസില്‍പ്പോയി വെയിത്സ് രാജകുമാരന്റെ കയ്യീന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ജീവിതമോ, കല്യാണമെല്ലാം കഴിച്ചെങ്കിലും ആള്‍മോസ്റ്റ് ഒരു സന്യാസിയുടെ കണക്കായിരുന്നു താനും. വെജിറ്റേറിയന്‍, പുലര്‍ച്ചെ ഉണരല്‍, കുളി... അങ്ങനെ എല്ലാംകൊണ്ടും അച്ചടക്കമുള്ള ജീവിതം. കവിത എഴുതണേല്‍ കള്ളു കുടിക്കണം, കടത്തിണ്ണയില്‍ കിടക്കണം, അരാജകത്വം വേണം... ഇങ്ങനെയുള്ളതെല്ലാം ഡിസ്പ്രൂവ് ചെയ്തയാള്‍. ആ ആള്‍ എഴുതിയ കവിതയോ, മണ്ണില്‍ കാലുകള്‍ ഉറപ്പിയ്ക്കെത്തന്നെ നക്ഷത്രങ്ങളെ തൊടുന്നതും. അങ്ങനെ കവിതയെഴുതിയ ഒരാളാണ് അന്നത്തെ കാലത്ത് പുതുമയും ഡിമാന്‍ഡുമുണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി നടത്തിയത്. (ആ ഓട്ടുകമ്പനിയുടെ കണക്കുനോക്കാന്‍ കൊല്ലത്തു നിന്ന് ചെങ്ങമനാട്ടേയ്ക്ക് പോകുമ്പോഴുള്ള ബോട്ടുയാത്രയിലായിരുന്നു അന്ത്യവും എന്നോണോര്‍മ). കവിത്രയത്തിലെ മറ്റു രണ്ടു പേര്‍ മഹാകാവ്യങ്ങളെഴുതി മഹാകവികളായപ്പോള്‍ (ഉള്ളൂര്‍ - ഉമാകേരളം, വള്ളത്തോള്‍ - ചിത്രയോഗം) മഹാകാവ്യമെഴുതാതെ മഹാകവിയായ ആളാണ് ആശാന്‍ എന്നാണ് വെപ്പ്. എന്നാല്‍ അദ്ദേഹം കാരണഭൂതനായ മേല്‍ക്കൂരകളുടെ കണക്കില്‍ അനേകം മഹാകാവ്യങ്ങളെഴുതിയ മഹാകവി തന്നെ ആശാന്‍ എന്നും പറയാം.
മൂന്നാംകിട സീരിയലില്‍ അഭിനയിക്കുന്നതിനേക്കാളും മൂന്നാംകിട കവിത എഴുതുന്നതിനേക്കാളുമെല്ലാം പ്രധാനമാണ് ഒരു മൂന്നാംകിട കച്ചവടം നടത്തുന്നത് (കവിതകളും എഴുതുന്ന നമ്മുടെ ചില പരിചയക്കാര്‍ ചെയ്യുന്നതുപൊലെ, മീന്‍, പച്ചക്കറി എന്നിവയുടെ കച്ചവടങ്ങളും ഇങ്ക്ലൂഡിംഗ്). പിന്നെ അതിനൊക്കെയുള്ള കഴിവേ ഉള്ളെങ്കില്‍ അത് സമ്മതിക്കണം. ഒന്നാംകിടയായി വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഒന്നാംകിടയായി കവിത എഴുതുന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ കാലഘട്ടത്തില്‍ ഒന്നാംകിടയായി ഇറച്ചിവെട്ടാന്‍. അതിനേക്കാളൊക്കെ പ്രധാനമാണ് ഓട്ടുകമ്പനി പോലൊരു വ്യവസായം നടത്തല്‍. മണി മേയ്ക്കിംഗല്ല മോനെ വെല്‍ത്ത് ക്രിയേഷന്‍. അതിനിച്ചിരെ പുളിക്കും. പുസ്തകം ചെതെലെടുത്തുപോം. മരക്കൂടും ചെതലെടുത്തുപോം. ഓട് വെല്‍ത്താണ്. അതിറക്കി പൂപ്പല്‍ കളഞ്ഞ് കഴുകിയുണക്കി വിണ്ടും പുതിയ കൂട്ടുമ്മെ കേറ്റാം. അതിനു താഴെ തലമുറകള്‍ക്ക് കിടന്നുറങ്ങാം, ആഘോഷിക്കാം, വഴക്കടിക്കാം, കുത്തിക്കൊല്ലാം. അതങ്ങനെ നില്‍ക്കും. (ഇടയ്ക്കൊന്നു രണ്ടെണ്ണം വീണ് പൊട്ടിയെന്നുമിരിക്കും. അപ്പോ പ്രതിഭയുണ്ടേല്‍ വീണഓട് എന്നൊരു കവിതയുമെഴുതാം).
അതുകൊണ്ട് കുഴൂര്‍ വിത്സണ്‍ന്റെ അടുത്ത കവിതാസമാഹാരം പരിചയപ്പെടുത്തുന്നതിനേക്കാള്‍ എനിക്ക് സന്തോഷം അയാള്‍ തുടങ്ങിയേക്കാവുന്ന മീറ്റ് പ്രോസസിംഗ് കമ്പനിയുടെ ബ്രാന്‍ഡഡ് പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് സെറിമണി, തിരക്കില്‍ പിന്നില്‍ നിന്നു കാണുന്നതാണ്. നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?