ലോകത്തിലെ ഏറ്റവും വിലയേറിയ പാനീയങ്ങളിലൊന്ന് ഒരിനം കാപ്പിയാണ് - പ്രധാനമായും ഇന്‍ഡൊനീഷ്യയില്‍ നിന്നു വരുന്ന, കോപ്പി ലുവാക് എന്നറിയപ്പെടുന്ന വിശേഷപ്പെട്ട കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന കാപ്പി. ഒരു കപ്പിന് ലണ്ടനിലെ വില ഏതാണ്ട് 3500 രൂപ. പൊടി കിലോവിന് ആഗോളവിപണിയില്‍ 9,800 രൂപ മുതല്‍ 59,000 രൂപ വരെ.
ഇന്‍ഡൊനീഷ്യയില്‍ ലുവാക് എന്നറിയപ്പെടുന്ന ഏഷ്യന്‍ പാം സിവെറ്റ് എന്ന ജന്തുവിനെ കാപ്പിപ്പഴം തീറ്റി, അതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചതാണ് ഈ സവിശേഷമായ കാപ്പിപ്പൊടി. ഏഷ്യന്‍ പാം സിവെറ്റ്എന്നാല്‍ നമ്മുടെ മരപ്പട്ടി തന്നെ.
മിഴിമുന കൊണ്ട് മയക്കി നാഭിയാകും
കുഴിയതിലിട്ടു മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍ തന്‍
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ
ഈ കിടിലന്‍ കാവ്യശകലം എഴുതിയ ആളുടെ പേരു പറഞ്ഞാല്‍ പലരും വിശ്വസിയ്ക്കുകയില്ല - ശ്രീനാരായണഗുരു. ഗുരു സാമൂഹ്യപരിഷ്കരണത്തിനിറങ്ങിയതുകൊണ്ട് ഒരുപാട് നല്ല കവിതകള്‍ എഴുതപ്പെടാതെ പോയി എന്ന് ഈ നാലുവരി ഉറപ്പുതരും. [ഇതിലെ ആശയത്തോട് ഫെമിനിസ്റ്റുകള്‍ക്ക് വിയോജിക്കാം. അത് വേറെ ഇഷ്യു. ഗുരുവിന്റെ കവിത്വത്തെ തൊട്ടുള്ള കളി വേണ്ട]. അതുപോലെ നെഹ്രുവും ചര്‍ച്ചിലും രാഷ്ട്രീയത്തിലിറങ്ങിയതുകൊണ്ട് രണ്ട് വലിയ എഴുത്തുകാരെ മാനവരാശിയ്ക്ക് നഷ്ടമായി എന്ന് കരുതുന്നവരുണ്ട്. അതും ശരി തന്നെ.
എങ്കിലും ഒരു കാര്യം പറയാതെ വയ്യ. കവിത്വവും എഴുത്വവുമെല്ലാം ഉള്ളിലുണ്ടെങ്കില്‍ അത് ഇത്തിരിയെങ്കിലും പുറത്തുവരിക തന്നെ ചെയ്യും. പൂവിന് വിരിയാതിരിയ്ക്കാന്‍ ആകാത്തതുപോലെ അത് പൊട്ടിവിരിയും. അതല്ലേ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ഭല്ലേ ഭല്ലേ പാടിയ്ക്കല്ലേ എന്ന് ഗുരു പ്രാര്‍ത്ഥിച്ചത്. പന്ത്രണ്ട് വാല്യമായി History of Second World War എന്ന മഹാഗ്രന്ഥം ചര്‍ച്ചില്‍ എഴുതിയത്. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ നെഹ്രുവിനോടൊപ്പം ഗ്ലിമ്പ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയും ഡിസ്കവറി ഓഫ് ഇന്ത്യയും പ്രകാശം കണ്ടത്.
ഇതെല്ലാം ഓര്‍ത്തത് കുറേനാള്‍ മുമ്പ് രണ്ടു വട്ടം എറണാകുളത്തെ കലൂര്‍ സ്റ്റാന്‍ഡിനരികിലൂടെ ബസ്സില്‍പ്പോയപ്പോഴാണ് - സ്റ്റാന്‍ഡിനു പുറത്തെ മെയിന്‍ റോഡിലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന റേഡിയോ മാംഗോയുടെ പരസ്യബോര്‍ഡ് കണ്ടപ്പോള്‍. മാമ്പഴത്തിന്റെ കൊതിപ്പിയ്ക്കുന്ന നിറം പശ്ചാത്തലമാക്കി ‘ആലുവ 6 പാട്ട് അകലെ’ എന്ന് ആ ഒറ്റവരിക്കവിത, പാകം വന്ന ഒരു പ്രിയോരിന്റെ പലകപ്പൂളുപ്പോലെ എന്നെ ലഹരി പിടിപ്പിച്ചു. റേഡിയോ മാംഗോയ്ക്കു വേണ്ടി അങ്ങനെ ഒരാശയം ഉണ്ടായത് ആരുടെ തലയിലായിരിക്കും? അറിയില്ല. ആരായാലും അയാള്‍ ഒരു കവി തന്നെ. [ഏറിയ പക്ഷം ഒരു കവയിത്രി].
പരസ്യവാചകങ്ങള്‍ എഴുതുന്ന പണി/പരസ്യങ്ങള്‍ക്കുള്ള ആശയങ്ങള്‍ സൃഷ്ടിയ്ക്കുന്ന പണി അഥവാ കോപ്പി റൈറ്റിംഗ് ഒരിയ്ക്കലും കവിതയെഴുത്തല്ല. ക്ലയന്‍സ് ഇടപെടും. സമയ, സ്ഥല പരിമിതികളുണ്ടാവും. ഒക്കെയൊക്കുകില്‍, കുമാരനാശാന്‍ പാടിയപോലെ, കുറയും ഹാ! സഖി ഭാഗ്യശാലികള്‍. എങ്കിലും മഴ പെയ്യുമ്പോള്‍ ചില ഉണക്കക്കൊള്ളികള്‍ പെട്ടെന്ന് തളിര്‍ത്ത് തലയുയര്‍ത്തുമ്പോലെ, സാമൂഹ്യപരിഷ്കര്‍ത്താവും രാഷ്ട്രീയനേതാവും ചിലപ്പോള്‍ കലാസൃഷ്ടി നടത്തുമ്പോലെ, ഇതാ ഒരു കോപ്പിറൈറ്ററും മറ്റു നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ കവിത എഴുതിപ്പോയിരിക്കുന്നു.
ഇക്കാലത്തെ ഏറ്റവും നല്ല ടീവി പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ പലരും പറയും ചില പരസ്യങ്ങളാണെന്ന്. ആവര്‍ത്തിച്ച് കണ്ടാലും മതി വരാത്ത ചില രസികന്‍ പരസ്യങ്ങളുണ്ട്. എന്നാല്‍ പരസ്യങ്ങളുടെ ഉദ്ദേശം നിങ്ങളെ രസിപ്പിക്കലല്ല, നിങ്ങളെക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ വാങ്ങിപ്പിക്കുകയാണ്. അതുകൊണ്ട്, പരസ്യം നല്ലതാണെന്ന് പറയിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. കച്ചവടം നടന്നോ? അതാണ് ചോദ്യം. ഭാഗ്യവശാല്‍ ചില പരസ്യങ്ങള്‍ നല്ലതായിരിക്കും, അവ കണ്ടാല്‍ ആ സാധനം വാങ്ങാനും തോന്നും, സാധനം നല്ലതായിരിക്കുകയും ചെയ്യും. അപ്പോള്‍ ഒടുവില്‍ പറഞ്ഞ കാര്യവും പ്രധാനം തന്നെ - സാധനമോ സേവനമോ നല്ലതായിരിക്കണം. പരസ്യം കാര്യക്ഷമമായാല്‍ ഒരു പ്രാവശ്യം കച്ചവടം നടത്താം. ഒരേ കസ്റ്റമര്‍ തന്നെ വീണ്ടും വീണ്ടും വരണമെങ്കില്‍ സാധനം/സേവനം നന്നായിരിക്കണം. അതുകൊണ്ട് ‘നല്ല പരസ്യം’ പറയുമ്പോള്‍ നല്ല സാധനം/സേവനം വാങ്ങാന്‍ തോന്നിപ്പിക്കുന്ന നല്ല പരസ്യം എന്ന അര്‍ത്ഥത്തിലായിരിക്കലാണ് എപ്പോഴും നല്ലത്.
ശബ്ദവും ചലനവും കൂട്ടിനുള്ളതുകൊണ്ട് നല്ല പരസ്യങ്ങളേറെയും ഇപ്പോള്‍ ടെലിവിഷനിലും ഓണ്‍ലൈനിലുമാണ് കേള്‍ക്കാണാകുന്നത്. പത്രമാസികകള്‍ക്കും റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന വമ്പന്‍ ബോര്‍ഡുകള്‍ക്കും മറ്റും പരിമിതികളുണ്ട്. എങ്കിലും പെട്ടെന്ന് മിന്നിമറയാതെ കയ്യില്‍/കണ്മുന്നില്‍ തന്നെയിരിക്കുന്നു എന്ന ആനുകൂല്യമുണ്ട് പത്രമാസികകള്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും അച്ചടിപ്പരസ്യങ്ങള്‍ക്കാണ് സാവകാശമുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ചലഞ്ചിംഗ് ആയ മാധ്യമമാണ് സൈന്‍ബോര്‍ഡുകളും മറ്റുമുള്‍പ്പെടുന്ന നിശബ്ദമായ നിശ്ചലമായ ഔട്ട്ഡോര്‍ മാധ്യമങ്ങള്‍. കാറിലും ബസ്സിലും ആളുകള്‍ കടന്നുപോകും. ഒരു മിന്നായം. ആ നേരം കൊണ്ട് സന്ദേശം ഡെലിവറി ചെയ്യണം. ബ്രാന്‍ഡിന്റെ പേരും പറയണം. ചുരുക്കിപ്പറഞ്ഞാല്‍ വാക്കിനും കുത്തിനും വിലയീടാക്കിയിരുന്ന ടെലിഗ്രാം എഴുതുന്ന പോലെ എഴുതണം. കാണാന്‍ നല്ലൊരു വിഷ്വലുണ്ടെങ്കില്‍ നന്നായി. ഔട്ട്ഡോര്‍ പരസ്യങ്ങള്‍ നോക്കി ആരും ഒന്നും നേരെ പോയി വാങ്ങുകില്ല. അവയെ നമുക്ക് ഓര്‍മിപ്പിക്കല്‍ പരസ്യങ്ങള്‍ എന്നു വിളിക്കാം. ബ്രാന്‍ഡ് പേരും പറ്റുമെങ്കില്‍ ബ്രാന്‍ഡ് വാല്യുവും ആവര്‍ത്തിച്ചുറപ്പിയ്ക്കുന്ന ഒരു റീകാള്‍ മീഡിയം. നല്ല ഔട്ട്ഡോര്‍ പരസ്യം നല്ല ടീവി പരസ്യത്തേക്കാള്‍ നന്നാകുന്നത് അങ്ങനെയാണ്.
റേഡിയോ മാംഗോയുടെ മധുര ഗാന സമൃദ്ധി ആ ഒറ്റവരിയിലൂടെ കൃത്യമായി വാഗ്ദാനം ചെയ്യപ്പെടുന്നു. അതിലുപരിയാണ് ആലുവായ്ക്കുള്ള ദൂരത്തെ ആറു പാട്ട് എന്നു വിളിയ്ക്കുന്നതിലെ പ്രസാദം. ഒപ്പം സാധാരണയായി പ്രധാന ബസ് സ്റ്റോപ്പുകളിലും മറ്റും നാം കാണുന്ന നാഴികക്കല്ലുകളിലെ പരമ്പരാഗത ദൂരസൂചനയെ അത് ഒരു ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ടു തന്നെ പൊളിച്ചെഴുതുന്നു.
അതു കാണുമ്പോള്‍ ഞാനൊരു ആലുവ ബസ്സിലായിരുന്നു. എല്ലാ കിളികളേയും പോലെ അതിലെ കിളിയ്ക്കും പറക്കാന്‍ തിടുക്കമായിരുന്നു. ഭാഗ്യം, അതിനു മുമ്പു തന്നെ എന്റെ നോകിയ എന്‍ 73-യിലെ ക്യാമറയില്‍ ആ ഖണ്ഡകാവ്യത്തെ ഞാന്‍ ചിത്രമാക്കി.
കഴിഞ്ഞവര്‍ഷത്തെ മേടമാസത്തിലായിരുന്നു ഈ സംഭവം. നല്ല പൊരിഞ്ഞ ചൂട്ടത്ത്. എങ്കിലും ആലുവ എത്തിയത് ഞാനറിഞ്ഞില്ല. ആലുവ വരെ വഴിയ്ക്കിരുപുറവും പല ജാതി മാവുകള്‍ കായ്ച്ച് തണല്‍ വിരിച്ചു നിന്നിരുന്നതുപോലെ ആ യാത്ര ആ ഒറ്റവരിയില്‍ മധുരിച്ചുപോയിരുന്നു. എന്നത്തേയും പോലെ കുഴിയതിലിട്ടു മറിപ്പതിന്നൊരുങ്ങി വഴി നീണ്ടു കിടന്നു. എങ്കിലും കലൂര്‍ക്കാരനായ മഹാകവി തന്ന മാമ്പഴം കാലമേറെക്കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു മാവായ് മുളച്ചു വളര്‍ന്ന് കായ്ച്ച് കലൂരില്‍ത്തന്നെ നില്‍ക്കുന്നത് കണ്ടിട്ടെന്നപോലെ മനം നിറഞ്ഞുപോയിരുന്നു.
ബീഡി പോയിട്ട് ബില്‍ ഗേറ്റ്സ് സിഗററ്റ്പോലും വലിക്കുമോയെന്നെനിക്കറിയില്ല. ബുദ്ധിമാനല്ലെ, ശ്വാസം മാത്രമേ വലിക്കുകയുള്ളായിരിക്കും. പക്ഷേ നെടുമ്പാശേരി എയര്‍ പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഡ്യൂട്ടിഫ്രീയില്‍ അടിപൊളി എക്സ്പോര്‍ട്ട് ക്വാളിറ്റി പായ്ക്കില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കാജാ ബീഡി കണ്ടപ്പോള്‍, ക്രോണിക് ബാച്ചിലറും കവിയും മലയാളം മാഷുമായിരുന്ന, കോണകം പോലും ഖദറായിരുന്ന, വെള്ളക്കാജമാത്രം വലിച്ചിരുന്ന, ചെരിപ്പിടാതെ ജീവിച്ച അമ്മാവന്‍ പാലിയത്ത് രാമന്‍ നായരെയല്ല ഞാനോര്‍ത്തത്, അമേരിക്കയിലെങ്ങോ കിടക്കുന്ന, ഇതേവരെ കണ്ടിട്ടില്ലാത്ത, ബില്‍ ഗേറ്റ്സിനെയാണ്. ആഗോളവത്ക്കരണം ഉഷാറാകും മുമ്പു തന്നെ ലോകത്തെ മുഴുവന്‍ സ്വന്തം കയ്യില്‍ നിന്ന് തീറ്റിയ ആള്‍.
പുതിയ പാക്ക്
ബീഡിയുടെ മരണം തങ്ങളെ ബിസിനസ്സിൽ നിന്ന് പുകച്ച് പുറത്തുചാടിക്കുമെന്ന് പേടിച്ച് ദിനേശ് ബീഡിക്കാര്‍ ഫുഡ്ഡിലേയ്ക്കും ഐടിയിലേയ്ക്കും പോയപ്പോള്‍ ബീഡിയെ പുത്തനുടുപ്പിടുവിച്ച് ഭാഗ്യം പരീക്ഷിക്കുന്ന മിടുക്കന്മാരാണ് ചാവക്കാട് ആസ്ഥാനമായുള്ള കാജാ ബീഡിക്കാര്‍. ആഗോളവത്കൃത വിപണിയില്‍ ബീഡിയെ ഫാഷനാക്കാനാണ് അവരുടെ ശ്രമം.
ആര് ആഗോളവത്കരണത്തെ പേടിച്ചാലും മലയാളി പേടിക്കാന്‍ പാടില്ല. കാരണം, പണിതെണ്ടി അനാദി കാലം മുതലേ ലോകം ചുറ്റുന്ന വര്‍ഗമാണ് മലയാളി. ചൈനയെ നോക്കൂ - മാനുഫാക്ചറിംഗ് മാത്രമല്ല ഫെങ്ഷുയി, ഫുട് മസാജ്, ജ്യോതിഷം... അങ്ങനെ സമസ്ത മേഖലകളിലും കടന്നുകയറുകയാണവര്‍. വാസ്തു, യോഗ, ആയുര്‍വേദം, ജ്യോതിഷം എന്നീ ഉപ്പിലിട്ടതുകളോളം വരുമോ സഖാക്കളുടെ വെറും ഉപ്പുകള്‍? ചാവക്കാട്ടെ ഇന്റര്‍നെറ്റ് കഫേകളില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബില്‍ ഗേറ്റ്സിനെക്കൊണ്ട് കാജാ ബീഡി വലിപ്പിക്കണം. അതാണ് വെല്ലുവിളി, അല്ലാതെ അമേരിക്കയിലെ സണ്‍ കോപ്പറേഷനിലെ 68%-വും ഗൂഗ്ലിലെ 113%-വും നാസയിലെ 89%-വും ജോലിക്കാര്‍ ഇന്ത്യക്കാരാണെന്ന് പവര്‍പോയന്റുണ്ടാക്കുന്നതിലല്ല.
പ്രണയം വിളിച്ചെന്നു കരുതി പുഴയിലേയ്ക്കെടുത്തു ചാടിയ ആണ്‍പാതികളത്രയും നീന്തിച്ചെന്നത് ഒരു നിമിഷം അണക്കെട്ടിന്റെ റബ്ബര്‍ച്ചുവരിൽ തല തല്ലി ചത്തുപൊന്താന്‍.
പുഴുങ്ങാനിട്ട മുട്ടകള്‍ ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍ ഒരു നിമിഷം കൊതിച്ചു പോയ് അമ്മയുടെ അടിവയറിന്റെ സ്നേഹമാണെന്ന്.
കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ് മുളപ്പിച്ച ചെറുപയര്‍ വള്ളിക്കൈകള്‍ നീട്ടി പടര്‍ന്നു കയറുന്നത് ഒരു നിമിഷം സ്വപ്നം കണ്ടു.
കയ്യിലെ അഴുക്കൊന്നും പുരളാതെ സൗകര്യമായി തിന്നാനല്ലേ വാഴപ്പഴത്തിന് ദൈവം മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന് വിചാരിച്ച് നടക്കുമ്പോള്‍ ഒരു നിമിഷം മറ്റാരോ എറിഞ്ഞിട്ട പഴത്തൊലിയില്‍ ചവിട്ടി ഞാന്‍…
ദൈവത്തോളം ആരാധനയാണ് മനുഷ്യനോടും. പ്രധാന കാരണം എന്താണെന്നു വെച്ചാല്‍ മനുഷ്യനിര്‍മിതമായ ഒരു ദ്വീപില്‍ കുറേക്കാലം ജീവിച്ചു. വില്ലിംഗ്ഡണ്‍ ഐലന്റില്‍. അച്ഛന്റെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍.
കുട്ടിക്കാലത്ത് കേരളത്തിന്റെ മാപ്പു വരയ്ക്കുമ്പോഴോ കാണുമ്പോഴോ കേരളത്തിന്റെ യോനീമുഖമെന്നപോലെ, ഏതാണ്ട് നടുക്കു തന്നെ, അറബിക്കടലില്‍ നിന്ന് അകത്തേയ്ക്കൊരു പൊളിവ് കണ്ടിട്ടില്ലേ? അതാണ് വെമ്പനാട്ടു കായല്‍. ആ കായലില്‍ നീണ്ട ഒരു പൊട്ടു പോലെ കാണുന്ന തുരുത്താണ് വില്ലിംഗ്ഡണ്‍ ഐലന്റ്. Cochin Port ട്രസ്റ്റിന്റേയും ദക്ഷിണ നാവിക കമാന്‍ഡിന്റേയും ആസ്ഥാനം. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് എന്ന തീവണ്ടിയാപ്പീസിന്റെയും ടാജ് മലബാര്‍ എന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ ഹോട്ടലിന്റേയും ഇരിപ്പിടം. സ്വകാര്യവക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഭൂമി സ്വന്തമാക്കാന്‍ സാധ്യമല്ലാത്ത കേരളത്തിലെ ഏക സ്ഥലം. പോര്‍ട്ട്, നേവി, കസ്റ്റംസ്, പോലീസ്, പി & ടി, സിഐഎസ്.എഫ്, റെയില്‍ വേ എന്നിവയുടെ ക്വാര്‍ട്ടേഴ്സുകള്‍ തിങ്ങി നിറഞ്ഞ പ്രദേശം.
റോബര്‍ട്ട് ബ്രിസ്റ്റോ
Sir Robert Bristow എന്ന സായിപ്പാണ് കായലില്‍ നിന്നും കടലില്‍ നിന്നും മണ്ണുമാന്തി മാന്തിയിട്ട് ആ ഐലണ്ടുണ്ടാക്കിയത്. 1930-കളില്‍ ആ ഐലണ്ടുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ബ്രിസ്റ്റോ സായിവ് ആദ്യലോഡ് മണ്ണ് കായലിലേയ്ക്കിട്ടപ്പോള്‍ എറണാകുളം തീരത്ത് കൂട്ടം കൂടി നിന്ന് ബ്ലഡി മല്ലൂസ് സായിപ്പിനെ കൂവി എന്നാണ് കഥ. കടലിനോട് ചേര്‍ന്ന കായലില്‍ മണ്ണിട്ട് ദ്വീപുണ്ടാക്കുകയോ? അതോര്‍ത്തിട്ടാണ് കൂവിയത്. ടെസ്റ്റ് ട്യൂബ് ശിശു, പരിണാമ സിദ്ധാന്തം, ആറ്റംബോംബ്, കടല്‍പ്പാലം, വിമാനം... ഇതെല്ലാം ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ നോക്കി സായിപ്പ് കോപ്പിയടിച്ചതാണെന്നോര്‍ത്ത് രോമാഞ്ചപ്പെടുന്ന ആരും ഒരു ദ്വീപുണ്ടാക്കുന്നതിനെപ്പറ്റി ഒരു രാമായണത്തിലും വായിച്ചിരുന്നില്ലല്ലോ.
മദ്രാസ് ഗവര്‍ണറായിരുന്ന വില്ലിംഡ്ഡണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബ്രിസ്റ്റോ സായിപ്പ് കൊച്ചിയുടെ [തുറമുഖത്തിന്റെ] വികസനത്തിനു വന്നത്. വില്ലിംഗ്ഡണ്‍ എന്ന പേരു കിട്ടിയത് എങ്ങനെയാണെന്നു മനസ്സിലായല്ലൊ. [പില്‍ക്കാലത്ത് വില്ലിംഗ്ഡണ്‍ ഇന്ത്യയുടെ വൈസ്രോയിയായി].
എറണാകുളത്തു നിന്ന് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി തുടങ്ങിയ പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്കു പോകുന്ന ബസ്സുകളും തോപ്പുമ്പടി വഴി ചേര്‍ത്തല, ആലപ്പുഴകളിലേയ്ക്കു പോകുന്ന ബസ്സുകളും കുറേ നേരം ഈ ഐലണ്ടിലൂടെ പോകും. തേവര കഴിഞ്ഞ് കയറുന്ന വെണ്ടുരുത്തി പാലം ഇറങ്ങുന്നത് ഐലണ്ടിലാണ്. ഐലണ്ടിന്റെ തെക്കുഭാഗം മാത്രം സ്പര്‍ശിച്ച്, വീണ്ടും ഒരു പാലം കയറിയാണ് തോപ്പുമ്പടി വഴിയുള്ള വാഹനങ്ങളുടെ പോക്ക്. എന്നാല്‍ ഐലണ്ടിന്റെ ഹൃദയം കാണണമെങ്കില്‍ പഴയ വിമാനത്താവളത്തിനു മുന്നില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞുള്ള വഴിയേ പോകണം. ‘ഐലണ്ട്’ എന്നു ബോര്‍ഡുവെച്ച ബസ്സുകള്‍ ധാരാളം. എങ്കിലും രാവിലെ അങ്ങോട്ടും വൈകീട്ട് തിരികെയും ഭീകര തിരക്കാണ് - തുറമുഖം, ഷിപ്പിംഗ് കമ്പനികള്‍ എന്നിങ്ങനെ തൊഴില്‍ സാന്ദ്രത ഏറിയ ഒരിടമാണ് ഐലണ്ട്.
എറണാകുളത്തു നിന്ന് വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബോട്ടുകളില്‍ പലതും ഐലണ്ടിന്റെ വടക്കന്‍ തീരത്തുള്ള എമ്പാര്‍ക്കേഷനില്‍ നിര്‍ത്തും. ഇതിനു പുറമേ, തീവണ്ടിമാര്‍ഗവും ഐലണ്ടിലെത്താം. കൊച്ചിന്‍-ഷൊര്‍ണൂര്‍ പാസഞ്ചറും കൊച്ചിന്‍ എക്സ്പ്രസ്സും പഴയ ടീ ഗാര്‍ഡനും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ടെര്‍മിനസില്‍ പാളങ്ങള്‍ വന്ന് അവസാനിക്കുന്നതും കാണാം. മറ്റെങ്ങോട്ടുമുള്ള വഴിയല്ലാത്തതിനാലുള്ള തിരക്കില്ലായ്മ മൂലം പല ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ ഉണ്ടാകുന്നതും [ഷണ്ടിംഗ്] അറ്റകുറ്റപ്പണികളും ചെയ്യുന്നതും കാണാം.
ഐലണ്ടിന്റെ വടക്കേയറ്റത്തു ചെന്നാല്‍ കാണുന്നത് ആഴിയില്‍ മുഖം ചേര്‍ക്കുന്ന വെമ്പനാട്ടു കായലിനേയാണ്. അഴിമുഖം. അറബിക്കടല്‍ വഴി വരികയും പോവുകയും ചെയ്യുന്ന കപ്പലുകളുടെ വാതായനം. ഗോശ്രീപാലത്തിനും മുമ്പ് എര്‍ണാളം-വൈപ്പിന്‍ റൂട്ടായിരുന്ന, കെ.എസ്.ആര്‍.ടി.സി. വക ബോട്ടുകളായ ഓമനകുമാരിയും കോമളകുമാരിയും ജലജയുമെല്ലാം വൈപ്പിങ്കരക്കാരെയും വഹിച്ച് നീന്തിക്കിതച്ചിരുന്ന കായല്‍പ്പാത.
island is a continent of memories
പില്‍ക്കാലത്ത് വായിച്ച ഒരു രസികന്‍ കഥ ഓര്‍ക്കുമ്പോളെല്ലാം വില്ലിംഗ്ഡണ്‍ ഐലണ്ടിന്റെ ആ വടക്കേത്തീരത്തുപോയി ചെലവിട്ട സന്ധ്യകളേയും ഓര്‍ക്കുമായിരുന്നു.
ഇതാണ് ആ കഥ:
അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ.
വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം.
കേരളത്തിലെ വിളക്കുമാടങ്ങള്‍
അമേരിക്കയുടെ ഇറാക്ക് അധിനിവേശമാണോ നിങ്ങള്‍ ഓര്‍ത്തത്? അതോ നിങ്ങളുടെ തന്നെ വ്യക്തിജീവിതത്തിലെ ഏതെങ്കിലും അനുഭവമോ? Inside every man, there is an America അല്ലേ?
മറ്റുള്ളവര്‍ സ്ഥാനം മാറ്റാനാവാത്ത ലൈറ്റ് ഹൌസുകളായി നില കൊള്ളുന്നു. എന്നിട്ടും അതു മനസ്സിലാക്കാതെ നമ്മള്‍ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. [ഇത് നമുക്കും ബാധകമാണ്. മറ്റുള്ളവരുടെ മറ്റുള്ളവരില്‍ നമ്മളുമുണ്ടല്ലൊ].
വൈപ്പിങ്കരയിലെ മാലിപ്പുറത്താണ് കൊച്ചി തുറമുഖത്തിന്റെ ലൈറ്റ് ഹൌസ് നില്‍ക്കുന്നത്. സന്ധ്യയ്ക്ക് ഐലന്റിന്റെ നോര്‍ത്തെന്‍ഡില്‍ ചെന്നാല്‍ കുറച്ചു വടക്കുമാറി ഉച്ചിയില്‍ വിളക്കും കത്തിച്ച് അയാള്‍ കറങ്ങുന്നതു കാണാം. ദൈവമേ, ദ്വീപും കപ്പലും വിമാനവും തീവണ്ടിയും നക്ഷത്രഹോട്ടലുമെല്ലാം ഉണ്ടാക്കിയത് ലൈറ്റ് ഹൌസ് പോലെ നില കൊള്ളുന്ന ഈ മനുഷ്യന്‍ തന്നെയോ?
നോര്‍ത്തെന്‍ഡിലെ എംബാര്‍ക്കേഷന്‍ ജട്ടിയില്‍ കോമളകുമാരിയേം
കാത്തുനിക്കണ ജനം. പിന്നില്‍ തുറമുഖം വിടുന്ന ക്യൂന്‍ മേരി 2. പിന്നില്‍
ദൂരെ എര്‍ണാളംപട്ടണം. മോളില്‍ ഗുല്‍മോഹറിന്റെ ഒരു കൊമ്പ്.
എന്റെ അമ്മയും പെങ്ങളും ഭാര്യയും മകളും പെണ്ണുങ്ങളാണ്. [കാമുകിമാരുടെ കൂട്ടത്തില്‍ ആണുങ്ങളും ഉണ്ടായിരുന്നു. അത് വേറെ കേസ്]. അതുകൊണ്ട് എനിക്ക് സ്ത്രീവിരുദ്ധനാകാന്‍ വയ്യ. എന്നിട്ടും ഞാന്‍ സ്ത്രീവിരുദ്ധനായിട്ടുണ്ടെങ്കില്‍ അതെന്റെ കുറ്റമല്ല, ഈ സ്ത്രീവിരുദ്ധ സമൂഹത്തിന്റെ കുഴപ്പമാണ്. കണിക കണികയായി വിഷമൂട്ടി, വിഷകന്യകയെ ഉണ്ടാക്കുന്നതുപോലെ എന്നെയും സ്ത്രീവിരുദ്ധനാക്കിയ സമൂഹം.
അത്തരമൊരു സമൂഹത്തില്‍ ജീവിച്ചതുകൊണ്ടാണ് ഫെമിനിസം എന്നു കേള്‍ക്കും മുമ്പേ ഞാന്‍ ഫെമിനിസത്തെ പരിഹസിക്കുന്ന ഒരു പാട്ട് പഠിക്കാനിടയായത്. എല്ലാ പാഠങ്ങളും അപകടമാണ് - കാരണം, പഠിച്ചതില്‍ നിന്ന്, അറിഞ്ഞതില്‍ നിന്ന്, ഒരു മോചനം - Freedom from the Known - എളുപ്പമല്ല. കുട്ടിക്കാലത്തേ കേട്ടു പഠിച്ച പരിഹാസപ്പാട്ട് ഇതായിരുന്നു: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍ ഞങ്ങക്കും വേണം സിന്ദാബാ!
പല വിഗ്രഹഭഞ്ജനങ്ങളും അങ്ങനെ തന്നെ. വിഗ്രഹം എന്തെന്നറിയും മുമ്പുള്ള വിഗ്രഹഭഞ്ജനങ്ങള്‍.
ആ പാട്ട് പാടിപ്പതിഞ്ഞതിനും എത്ര കാലം കഴിഞ്ഞാണ് ഫെമിനിസം എന്നു കേട്ടത്. Burn the Bra എന്ന പ്രസ്ഥാനത്തെപ്പറ്റി അറിഞ്ഞത്. ജര്‍മെയ്ന്‍ ഗ്രീര്‍ എന്ന കിടിലന്‍ എഴുത്തുകാരിയെ വായിച്ചത്. [ഓസ്ട്രേലിയക്കാരിയാണ് ഗ്രീര്‍. Female Eunuch [പെണ്‍ഹിജഡ], Mad Woman's Underclothes [പ്രാന്തിച്ചിയുടെ അടിവസ്ത്രങ്ങള്‍] എന്നിവയാണ് ഞാന്‍ വായിച്ച കൃതികള്‍. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഓസ്ട്രേലിയ സൈന്യത്തെ അയച്ചതില്‍ പ്രതിഷേധിച്ച് അന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഏതോ ഒരു ജോണിനെ ക്ഷണിച്ച് ഗ്രീര്‍ ഇങ്ങനെ എഴുതി: എടാ, ജോണേ, വാടാ, വന്നെന്നെ ഫക്ക് ചെയ്യ്! ഞാന്‍ യോനിയില്‍ ഒരു ബ്ലേഡും വെച്ച് നിന്നെ കാത്തിരിക്കുന്നു!]
Germaine Greer
(c) folk and fable
ദൈനംദിനം നടന്നുകൊണ്ടിരിക്കുന്ന വര്‍ഗസമരത്തിലും വിപ്ലവത്തിലും പെണ്ണെഴുത്ത്, പരിസ്ഥിതിപ്രേമം, ദളിത് സാഹിത്യം എന്നിങ്ങനെയുള്ള സ്വത്വവാദങ്ങള്‍ വെള്ളം ചേര്‍ക്കയേയുള്ളു എന്നു വിലപിക്കുന്നവര്‍ ശ്രദ്ധിക്കുക - ഇരുതലമൂര്‍ച്ചയുടെ കാര്യത്തില്‍ ബ്ലേഡും ഒരു കായങ്കുളം വാളാണല്ലൊ . ഗ്രീറിന്റെ ചിന്താബ്ലേഡിന്റെ ഒരുതലമൂര്‍ച്ച അവര്‍ അവരുടെ ഫെമിനിസത്തിനു കൊടുത്തെന്ന് വിചാരിച്ചാലും, പിന്നീടൊരാവശ്യം വന്നപ്പോള്‍, ബാര്‍ബര്‍മാര്‍ വെയ്ക്കുന്ന പോലെ പാത്തുവെച്ചിരുന്ന മറ്റേ പകുതിയെടുത്ത് വിയറ്റ്നാമിനു വേണ്ടി അവര്‍ ഉപയോഗിച്ചു. സ്വത്വവാദങ്ങള്‍ക്കും വേണമെങ്കില്‍ പൊളിറ്റിക്കലി കറക്റ്റാവാമെന്നര്‍ത്ഥം.
ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യതാസം എന്താണ്? കാല്‍ക്കവലയിലെ വിരുദ്ധങ്ങളെന്ന് തോന്നുമെങ്കിലും പരസ്പരപൂരകങ്ങളായ ട്രാഫിക് സിഗ്നലുകള്‍ തന്നെ. ‘വന്നോട്ടെ?’ എന്ന് ഒരു സിഗ്നല്‍, ‘വരൂ’ എന്ന് മറ്റേ സിഗ്നല്‍. അരയും അരയും ചേര്‍ന്ന് ഒന്നാവുന്ന ബയോളജിക്കല്‍ മാത്തമാറ്റിക്സ്. ഈ വഴികള്‍ രണ്ടും മൂത്രവഴികള്‍ കൂടിയാണെന്ന നാറുന്ന പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കാതിരുന്നു കൂടാ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൂത്രത്തിനും മൂത്രത്തിനും ഒരു പൊതുഗുലുമാല്‍ കൂടിയുണ്ട് - ലൈംഗിക നിറയൊഴിക്കല്‍ പോലെ തന്നെ ബുദ്ധിമുട്ടാണ് മൂത്രനിറയൊഴിക്കലും.
ഹസ്തഭോഗം പോലെ വേണമെങ്കില്‍ മൂത്രവുമൊഴിക്കാം. അതില്‍ കാര്യമില്ല. മാന്യമായി, സ്വകാര്യമായി, വൃത്തിയും വെടിപ്പുമുള്ളിടത്ത് സാവകാശത്തോടെ മൂത്രമൊഴിക്കുന്നത് സുഖം മാത്രമല്ല, അത്യാവശ്യവുമാണ് [തീയറ്ററിലെ സിനിമയ്ക്കിടെ, ഇന്റര്‍വെല്ലിന് മൂത്രിക്കാന്‍ പോയാല്‍, പിന്നില്‍ ക്യൂ വളരുന്നതറിഞ്ഞാല്‍, ഏസിയിലായതിനാല്‍ വിയര്‍ക്കാതെ കിടക്കുന്ന അധികവിസര്‍ജ്യങ്ങള്‍ പോലും, പുരുഷര്‍ക്കും പുറത്തുപോകാന്‍ മടിയ്ക്കും] എന്നാല്‍ മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും മൂത്രമൊഴിപ്പു സൌകര്യങ്ങള്‍ പല വന്‍നഗരങ്ങളില്‍പ്പോലും സുലഭമല്ല.
ദുബായില്‍ ഒരു ചങ്ങാതി ഇക്കാര്യത്തിന് കണ്ടുപിടിച്ച പ്രതിവിധി പരീക്ഷിക്കാവുന്നതാണ് - നക്ഷത്രഹോട്ടലുകളിലൊന്നില്‍ കയറി കാര്യസാധ്യം നടത്തുക. പക്ഷേ മാന്യമായ വേഷം ധരിച്ചിരിക്കണം എന്നൊരു നിബന്ധന നക്ഷത്രമൂത്രിക്കലിന് ബാധകമാണ്. നക്ഷത്രഹോട്ടലുകള്‍ സുലഭമല്ലാത്തിടത്തോ? പൊതുഇടങ്ങളില്‍ പലയിടത്തുമുള്ള സൌകര്യമാകട്ടെ അസഹനീയമാം വിധം വൃത്തിഹീനമാണ് - ചെറുകിട പട്ടണങ്ങളിലായാലും ആധുനിക നഗരങ്ങളിലായാലും. ഒരു വിരലിന്റെ മറയുണ്ടെങ്കില്‍ കാര്യം സാധിക്കുന്നിടത്തോളം ആത്മവിശ്വാസികളാണ് തേറ്റയും കുളമ്പുമുള്ള ആണ്‍പന്നികള്‍. എന്നാല്‍ കൈ കൊണ്ട് പിടിച്ച് ദിശ നോക്കി മുള്ളാനുള്ള സുന ഇല്ലാത്ത പാവം പെണ്ണുങ്ങളുടെ കാര്യമോ?
കുന്തിച്ചിരിക്കേണ്ട ഇന്ത്യന്‍ ടോയ് ലറ്റുകള്‍ ഇല്ലാതാവുകയും പകരം സൌകര്യപ്രദമായ യൂറോപ്യന്‍ ടോയ് ലറ്റുകള്‍ വ്യാപകമാവുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളെ കൂടുതല്‍ കഷ്ടതരമാക്കിയിരിക്കുന്നു. വൃത്തിയില്ലാത്ത ടോയ് ലറ്റ് സീറ്റില്‍ തുടയും ചന്തിയും സ്പര്‍ശിക്കുന്ന ടെറര്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍, മൂത്രം പിടിച്ചു വെച്ച് നമ്മുടെ അമ്മപ്പെങ്ങന്മാര്‍ വല്ല അസുഖവും വരുത്തിവെയ്ക്കുമോ എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ വിചാരിച്ചിരിക്കെ ഒരു ദിവസം നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ കണ്ടത്.
Homme എന്ന തലക്കെട്ടോടെ, ആണുങ്ങള്‍ക്കുള്ള ഏതോ ബ്രാന്‍ഡിന്റെ ഫ്രഞ്ച് പരസ്യത്തിന്റെ വിഷ്വലായാണ് നയോമി കാമ്പെല്ലിനേപ്പോലൊരു നത്തോലിപ്പെണ്ണ് തിരിഞ്ഞു ‘നിന്ന്’ മുള്ളുന്ന ആ ചിത്രം കണ്ടത് [homme എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ man എന്നര്‍ത്ഥം]. ആ ചിത്രം കണ്ടപ്പോള്‍ ഞാനാ പഴയ പരിഹാസപ്പാട്ട് വീണ്ടുമോര്‍ത്തു. ആ തമാശ അങ്ങനെ ചിരിച്ചു മറന്നു.[Unnatural reading habits can cause multiple problems എന്നാണ് ആ പരസ്യത്തിലെ ഫ്രഞ്ച് വാചകത്തിന്റെ പരിഭാഷ എന്ന് അനൂപ് പ്രതാപ്]
അങ്ങനെയിരിക്കെയാണ് ഈയിടെ മറ്റൊരു വെബ് സൈറ്റില്‍ ചെന്നു മുട്ടിയത് - പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു കുന്ത്രാണ്ടം ഉണ്ടാക്കുന്ന ഒരമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നതിന്റെ ചുരുക്കമാണെന്നാണല്ലൊ വെപ്പ്. അതായത് വെബ്ബന്നൂരില്‍ നമ്മള്‍ കറങ്ങിയ കറക്കങ്ങളുടെ നാള്‍വഴിപ്പുസ്തകം. എങ്കില്‍ ആ കമ്പനിയുടെ വെബ്സൈറ്റ് ഇവിടെ ലിങ്കാതെങ്ങനെ?
പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നത് മാര്‍കേസിന്റെ ഒരു കഥാപാത്രമാണ് [ഏകാന്തയുടെ നൂറു വര്‍ഷത്തില്‍]. എന്റെ ഒരു ഫേവറിറ്റ് ക്വോട്ട്. അതുപോലൊരു ചെറിയ വലിയ കാര്യമായാണ് ലളിതമായ ഈ പ്രതിവിധിയെ ഞാന്‍ കാണുന്നത്. വാഷിംഗ് മെഷീന്റെ കണ്ടുപിടുത്തം ഫെമിനിസത്തിന്റെ ഉത്സവങ്ങളിലൊന്നായി ആഘോഷിക്കുന്ന, ഫെമിനിസ്റ്റാണെന്നു സ്വയം കരുതുന്ന, ചില മിഡ് ല്‍ ക്ലാസ് സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളാണോ? അധ്വാനഭാരം ലഘൂകരിച്ചെങ്കിലും അലക്ക് എന്നും സ്ത്രീയുടെ പുറത്ത് എന്നല്ലേ അവര്‍ സമ്മതം തുടരുന്നത്?
അതല്ല ഈ നിന്നുമുള്ളല്‍ സഹായിയുടെ കാര്യം. കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെടുത്തിയ പ്രധാന വിപ്ലവം. [രാവിലെ ഉണര്‍ന്നയുടന്‍ സ്വന്തം കൈകള്‍ തന്നെ കണികാണുന്ന ആചാരത്തിന്റെയും ചുള്ളിക്കാടിന്റെ ‘മനുഷ്യന്റെ കൈകള്‍’ എന്നാരംഭിക്കുന്ന ഗംഭീരകവിതയുടെയും ബേസ് ഇതു തന്നെ]. ‘അങ്ങനെ ഇനി ഞങ്ങളെ ഇരുത്താന്‍ നോക്കണ്ട എന്ന് പെണ്ണുങ്ങള്‍ക്ക് പറഞ്ഞു തുടങ്ങാം. ഫെമിനിസത്തെ പരിഹസിക്കാന്‍ ഇനി പുതിയ വല്ല പാട്ടും ഉണ്ടാക്കണമല്ലോ ഞാന്‍.
മലബാറില്‍ നിന്ന് ഗള്‍ഫിലേയ്‌ക്ക് വന്ന പല പഴയ തറവാട്ടുകാരെയുംപോലെ തലശ്ശേരിക്കടുത്ത് കതിരൂര്‍ സ്വദേശിയായ ചാത്തോത്ത് കുയ്യണ്ടി മജീദ് എന്ന സി. കെ. മജീദിനും ഗള്‍ഫുകാരനാവേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ഖാന്‍ ബഹദൂര്‍ പട്ടം വരെ കിട്ടിയ ആളായിരുന്നു 1967ല്‍ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരിച്ച വല്യുപ്പ ചമ്പാട്ട് ഉസ്‌മാന്‍ ഹാജി. കേരളത്തിലെ മുസ്‌ലിം സമു ദായത്തില്‍ നിന്ന് ആദ്യമായി ഐ.പി.എസ് കിട്ടിയവരില്‍ ഒരാളായിരുന്നു അമ്മാവന്‍. എന്നിട്ടും പതിനേഴാം വയസ്സില്‍, 1970 മുതല്‍, സി. കെ. ദുബായ്‌ക്കാരനായി. “സത്യം പറയാമല്ലൊ, കാരണവന്മാരുടെ മേല്‍നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ദുബായ്‌ക്ക് വന്നത്,” സി. കെ. പറയു ന്നു. ജാപ്പനീസ് ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സുകളുടെ യുഎഇയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊരാണ് സി. കെ.യുടെ ഉട മസ്ഥതയിലുള്ള അല്‍ ഷമാലി ഓട്ടോ പാര്‍ട്‌സ്.
കാരണവന്മാരുടെ കാര്‍ക്കശ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിനും സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിനും പിന്നാലെ മറ്റൊന്നു കൂടി സി. കെ.യുടെ ജീവിതഭാഗമായി - ഗോള്‍ഫ് കളി. “മേലനങ്ങാന്‍ വയ്യാത്ത വയസ്സന്‍മാരും പൊങ്ങച്ചക്കാരായ ബിസിനസുകാരും മാത്രം കളിക്കുന്ന കളി എന്നാണ് ഗോള്‍ഫി നെപ്പറ്റി പലരും കരുതുന്നത്. എന്നാല്‍ എല്ലാ പ്രായങ്ങളിലുമുള്ള ‘ചെറുപ്പക്കാരുടെ’ കളിയാണ് ഗോള്‍ഫ്. ശരീരത്തിന് നല്ല ആയാസം കിട്ടുന്ന കളി,” വര്‍ഷങ്ങളായി താന്‍ ഗോള്‍ഫ് കളിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം സി. കെ. വെളിപ്പെടുത്തുന്നു. ജിംനേഷ്യത്തി ലെ പതിവുകാരനാണ് സി. കെ. എന്നാല്‍ “ജിംനേഷ്യത്തിലെ വ്യായാമത്തിന് ഒരുപാട് പരിമിതികളുണ്ട്, മാത്രമല്ല അതില്‍ ഫണ്‍ ഇല്ല,” സി. കെ. പറയുന്നു. അങ്ങനെയാണ് വിനോദവും ബിസിനസും ശുദ്ധവായുവും ആയാസവും സൗഹൃദവും ശ്രദ്ധകേന്ദ്രീകരിക്കലും ഒത്തുചേരുന്ന ഗോള്‍ഫ് കളി കാണാന്‍, അല്ല സ്വയം കളിച്ച് അതിനെപ്പറ്റി അറിയാന്‍, സി. കെ.യോടൊപ്പം ഞങ്ങള്‍ ദുബായ് സിറ്റി സെന്ററിനരി കിലെ ദുബായ് ക്രീക്ക് ഗോള്‍ഫ് & യാട്ട് ക്ലബ്ബില്‍ പോയത്.
1993-ലായിരുന്നു ദുബായ് ഗോള്‍ഫ് & യാട്ട് ക്ലബ്ബിന്റെ തുടക്കം. അന്നു മുതല്‍ സി. കെ. അവിടെ അംഗമാണ്. ദുബായില്‍ ഏറ്റവുമാദ്യം ഗോള്‍ഫ് കളി തുടങ്ങിയവരില്‍ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഗോള്‍ഫ് കളിക്കുന്നയാള്‍ എന്നറിയപ്പെടാന്‍ സി. കെ.യ്‌ക്ക് താല്‌പര്യമില്ല. ഒരു കാര്യത്തിലും പബ്ലിസിറ്റി ഇഷ്‌ടപ്പെടാത്ത സി. കെ.യ്‌ക്ക് ഗോള്‍ഫും സ്വകാര്യമാണ്. “നന്നായി ഗോള്‍ഫ് കളിക്കുന്ന കുട്ടന്‍ മാലത്തിരിയെപ്പോലുള്ളവര്‍ എന്റെ ഗോള്‍ഫ് പുരാണം കേട്ട് ചിരിക്കും. മറ്റു ചിലര്‍ക്ക് തോന്നും ഞാന്‍ പൊങ്ങച്ചം പറയുകയാ ണെന്ന്.” അതു കൊണ്ട് ആദ്യമൊന്നും ഈ മീറ്റിംഗിന് സി. കെ. വഴങ്ങിയില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ച ശേഷമായിരുന്നു ഞങ്ങളുടെ ഗോള്‍ഫ് ക്ലബ്ബ് യാത്ര. 1978 മുതല്‍ ബിസിനസ് രംഗത്തുള്ള സി. കെ.യുടെ ജാപ്പനീസ് ബന്ധമാണ് അദ്ദേഹത്തിന്റെ ഗോള്‍ഫ് കളിയ്‌ക്കു പിന്നിലെ മറ്റൊരു കാരണം എന്നൂഹിക്കാന്‍ വിഷമമില്ല. “ജപ്പാന്‍കാര്‍ക്ക് വല്ലാത്ത ഭ്രമമാണ് ഗോള്‍ഫിനോട്. ഒരു വലിയ വിഭാഗം ജപ്പാന്‍കാര്‍ക്ക് ഗോള്‍ഫ് കളിക്കാതെ ജീവിക്കാനാവില്ല,” സി. കെ. പറയുന്നു.
ഗോള്‍ഫ് ബോള്‍ അടിച്ചു തെറിപ്പിച്ച് ഹോളില്‍ ഇടാനുള്ള ബാറ്റിനെ ക്ലബ്ബ് എന്നു വിളിക്കുന്നു. ഒരിനം പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ബോളുകള്‍ക്ക് ഏതാണ്ട് 40 ഗ്രാമിനടുത്ത് ഭാരമുണ്ട്. വീതി (വ്യാസം) ഏതാണ്ട് 4.3 സെമീ. അടിയേറ്റ് തെറിച്ച് പറക്കുമ്പോള്‍ പരമാവധി വേഗതയോടെ കൂടുതല്‍ ദൂരത്തെത്താന്‍ വേണ്ടി ബോളുകളുടെ പ്രതലം നിറയെ ചെറുകുഴികളാണ്. ഗോള്‍ഫ് കളിസ്ഥലം ഗോള്‍ഫ് കോഴ്‌സ് എന്നറിയപ്പെടുന്നു. സാധാരണയായി 18 ഹോളാണ് ഒരു കോഴ്‌സിലുണ്ടാവു ക. 9 ഹോളുള്ളവയുമുണ്ട്. (കേരളത്തില്‍ ഇന്നുള്ള 4 ഗോള്‍ഫ് ക്ലബ്ബുകളിലും 9 ഹോള്‍ വീതമേ ഉള്ളൂ. 1850-ല്‍ സ്ഥാപിതമായ, ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന ട്രിവാന്‍ഡ്രം ക്ലബ്ബിലുള്‍പ്പെടെ. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനരികില്‍ പണി പൂത്തിയാവുന്ന ഗോള്‍ഫ് ക്ലബ്ബില്‍ രണ്ടാം ഘട്ടത്തോടെ 18 ഹോളുണ്ടാക്കാനാണ് പരിപാടി.)
ദുബായ് ക്രീക്ക് ക്ലബ്ബില്‍ 18 ഹോളും 9 ഹോളും വീതമുള്ള രണ്ട് കോഴ്‌സുണ്ട്. കൂടാതെ പ്രാക്‌ടീസ് ചെയ്യാനുള്ള ഒരു കോഴ്‌സും. 9 ഹോളുള്ള ചെറിയ കോഴ്‌സിലായിരുന്നു ഞങ്ങളുടെ കന്നിയങ്കം. മിനിമം ഒരാള്‍ക്കും പരമാവധി ഒരുമിച്ച് 4 പേര്‍ക്കും ഗോള്‍ഫ് കളിക്കാം. ടീമുകളായും കളിക്കാം. അതേസമയം ഒരു കോഴ്‌സില്‍ ധാരാളം പേര്‍ക്ക് കളിക്കുകയുമാവാം. ഞങ്ങള്‍ ചെല്ലുന്നതിഌ മുന്‍പിലായി ഒരു സായിപ്പ് ഒറ്റയ്‌ക്കു വന്ന് കളിച്ചു മുന്നേറിപ്പോയി. പിന്നാലെ ഞങ്ങള്‍ കളി തുടങ്ങി. മുന്നില്‍ പലയിടങ്ങളിലായി ദൂരദൂരങ്ങളിലായാണ് ഹോളുകള്‍. അവയില്‍ 9-ലും പന്തിടണം. ദുബായ് ക്ലബ്ബി ലെ 9 ഹോള്‍ കോഴ്‌സ് മുഴുവനും 3 പാര്‍ ആണ്. എന്നു വെച്ചാല്‍ ഓരോ ഹോളിലും 3 തവണകൊണ്ട് പന്ത് വീഴ്‌ത്തണം. ഓരോ ഹോളിലേക്കുമുള്ള ആദ്യത്തെ അടി തുടങ്ങുന്ന സ്ഥലമാണ് ടീ. ആദ്യത്തെ നീട്ടിയടി ഇവിടെ നിന്നാണ്. ഇതിന് സാധാരണ സ്റ്റീല്‍ ക്ലബ്ബാണ് ഉപയോഗിക്കുക. സാധാരണയായി 3 പാര്‍, 4 പാര്‍, 5 പാര്‍ എന്നിങ്ങനെയുള്ള ഹോളുകളാണ് ഉണ്ടാവുക. അപൂര്‍വമായി 6 പാര്‍ ഹോളുകളും വളരെ അപൂര്‍വമായി 7 പാര്‍ ഹോളുകളുമുള്ള വലിയ ഗോള്‍ഫ് കോഴ്‌സുകളും ഉണ്ടാകും. 3 പാറിലെ ഹോളുകളില്‍ 3 തവണ കൊണ്ട് പന്തിടണം. 4 പാറില്‍ 4 തവണ കൊണ്ട് - ഇതാണ് പാര്‍ എന്ന സൂചന കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ദുബായിലും അബുദാബിയിലും റാസല്‍ ഖൈമയിലുമായി പതിനഞ്ചോളം ഗോള്‍ഫ് ക്ലബ്ബുകളാണ് യുഎഇയിലുള്ള ത്. സി. കെ. അംഗമായ ദുബായ് ക്രീക്ക് ക്ലബ്ബില്‍ സജീവമായി കളിക്കാനെത്തുന്നവരുടെ എണ്ണം 700-ഓളം. സി. കെ. ഈയിടെയായി അത്ര തുടര്‍ച്ചയായ കളിയില്ല. “യുഎഇയില്‍ മൊത്തം നോക്കിയാലും ഗോള്‍ഫ് കളിക്കുന്ന മലയാളികളുടെ എണ്ണം പരമാവധി 20-ല്‍ താഴെയാവാനാണ് സാധ്യത” ആദത്തെ അടിയടിയ്‌ക്കാന്‍ ബോള്‍ വെയ്‌ക്കുന്നതിനിടെ സി. കെ. ഒരു സിഗരറ്റിന് തീ കൊളുത്തി. (സിഗരറ്റ് വലിച്ചു കൊണ്ട് കളിക്കാവുന്ന അപൂര്‍വ്വം ഔട്ട്‌ഡോര്‍ ഗെയിമായിരിക്കണം ഗോള്‍ഫ്.) ടീയില്‍ നിന്നുള്ള ആദ്യത്തെ നീട്ടിയടിയില്‍ ബോള്‍ നിലത്തുവെച്ച് അടിയ്‌ക്കണമെന്നില്ല. മരം കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉണ്ടാക്കിയ, ആണി പോലുള്ള, എന്നാല്‍ കൂടുതല്‍ പരന്ന് കുഴിഞ്ഞ തലയുള്ള കുഞ്ഞുസ്റ്റാന്‍ഡിന്മേല്‍ വെച്ചാണ് മിക്കവാറുമുള്ള ഈ ആദ്യനീട്ടിയടി. ടീയില്‍ നിന്നുള്ള അടിയില്‍ ബോള്‍ വളരെ ദൂരം പിന്നിടേണ്ടതുള്ളതുകൊണ്ടാണ് ഈ സൗകര്യം.
“പാര്‍ 3-ല്‍ ഒറ്റയടിക്കു തന്നെ ഗ്രീനില്‍ എത്തിക്കുന്നതാണ് നല്ലത്” ആദ്യ പാറിന് തയ്യാറെടുക്കുന്നതിനിടെ സി. കെ. പറഞ്ഞു. പട്ടിംഗ് ഗ്രീന്‍ എന്നാല്‍ ഓരോ ഹോളിന്റെയും ചുറ്റുമുള്ള മിനുത്ത പച്ചപ്പുല്‍ ഭാഗം. ഇതാണ് ലോപിച്ച് ഗ്രീന്‍ ആയത്. പ്രതീക്ഷിച്ചതുപോലെത്തന്നെ സി. കെ. ഒറ്റയടിക്ക് ബോള്‍ ആദ്യ ഹോളിന്റെ ഗ്രീനിലിട്ടു. ശക്തി മുഴുവന്‍ അരക്കെട്ടിലും തുടകളിലും കേന്ദ്രീകരിച്ച് നല്ല ആയാസമെടുത്തുള്ള ഒരടി തന്നെയാണിത്. ഇങ്ങനെ ഹോളുകളുടെ എണ്ണത്തിനനുസരിച്ച് 9-ഓ, 18-ഓ അടി, 3 മണിക്കൂറിനിടെ അടിക്കുന്നതു തന്നെ നല്ലൊരു വ്യായാമമല്ലേ? ഗ്രീനിന്റെ ഒരു ഭാഗത്താണ് ഹോള്‍. തുടര്‍ന്ന് വളരെ ശ്രദ്ധിച്ച്, ചെറിയ ഷോട്ട് അടിക്കുന്നതിനുള്ള വ്യത്യസ്‌ത തരം ക്ലബ് സി. കെ. ബാഗില്‍ നിന്നെടുത്തു. ഇവിടെ ആയാസത്തേക്കാള്‍ വേണ്ടത് ശ്രദ്ധകേന്ദ്രീകരിയ്‌ക്കലാണ്. ഒരു പക്ഷേ മിടുക്കന്മാര്‍ക്ക് മാത്രമറിയാവുന്ന വിദ്യ. അല്ലെങ്കില്‍ മിടുക്കുള്ളവരെ അങ്ങനെയാക്കുന്ന വിദ്യ.
അത്യധികമായ കോണ്‍സന്‍ട്രഷന്‍ ആവശ്യമുളള കളിയാണ് ഗോള്‍ഫ്. എല്ലാം മറന്ന് നമ്മള്‍ ബോളിനെ മാത്രം ശ്രദ്ധിക്കണം. പിന്നെ കണ്ണുകള്‍കൊണ്ട് ദൂരമളക്കണം, വേഗത നിശ്ചയിക്കണം. ദുബായ് നഗരത്തിഌ നടുവില്‍ നിന്നിട്ടും ഞങ്ങള്‍ മറ്റെല്ലാം മറന്നത് അപ്പോളാണ്. അതെ, കളി തുടങ്ങി 15 മിനുട്ട് കൊണ്ട് ഞങ്ങള്‍ ഗോള്‍ഫുമായി പ്രേമത്തിലായി. ഇതിനു പുറമെയാണ് ടീയില്‍ നിന്ന് ഹോളുകളിലേക്കും ഹോളുകളില്‍ നിന്ന് അടുത്ത ടീയിലേയ്‌ക്കുമുള്ള നടത്തം. നടക്കാന്‍ വയ്യെങ്കില്‍ ചെറിയ വാഹന സൗകര്യമുണ്ട്. ബാഗും മറ്റു സാമഗ്രികളും കൊണ്ടുവരാന്‍ കാഡികളും. (ഇങ്ങനെ ബാഗുന്തി നടന്ന എത്ര കാഡികള്‍ ചാമ്പ്യന്‍മാരായി! വിശേഷിച്ചും ഇന്ത്യക്കാര്‍ - അലി ഷേര്‍, ശിവ്‌ശങ്കര്‍ പ്രസാദ് ചൗരസ്യ, ചിന്നസ്വാമി മുനിയപ്പ...)
ഈ യാത്രകളാണ് ഗോള്‍ഫിന്റേതു മാത്രമായ മറ്റൊരു സവിശേഷത. ഈ സാവകാശനടത്തത്തിനിടയില്‍ സൗഹൃദങ്ങള്‍ പിറക്കുന്നു, ബിസിനസ് പങ്കാളികള്‍ ജനിക്കുന്നു, വലിയ കരാറുകള്‍ക്ക് അടിത്തറയിടുന്നു, കളിക്കിടെ സംസാരിക്കാഌം വ്യക്തിപരമായി തമ്മിലടുത്തറിയാനും അവസരമുണ്ടാകുന്നു. മറ്റേത് കളിയിലുണ്ട് ഇങ്ങനെ വ്യക്തിപരമായി സംസാരിക്കാവുന്ന സന്ദര്‍ഭങ്ങള്‍? ഇതിനിടയില്‍ മണല്‍ക്കുഴികള്‍ (സാന്‍ഡ് ബങ്കേഴ്സ്), കുറ്റിക്കാടുകള്‍, ഇടതൂര്‍ന്ന പുല്‍പ്രദേശങ്ങള്‍, വെള്ളം (തടാകങ്ങള്‍, ചെറിയ അരുവികള്‍) തുടങ്ങിയ തടസ്സങ്ങളും ഉണ്ടാവും. അടിച്ച് തെറിയ്‌ക്കുന്നതിനിടെ പന്ത് വെള്ളത്തില്‍പ്പോയാല്‍ പെനാല്‍റ്റിയുണ്ട്. പൂ ഴിയില്‍ വീണത് അവിടെ നിന്ന് ക്ലബ്ബുപയോഗിച്ച് പൊക്കിയെടുക്കുകയും വേണം. ഞങ്ങള്‍ കളിച്ച 9 ഹോള്‍ കോഴ്‌സിലെ ഗ്രീനുകളുടെ വശങ്ങളിലും സാന്‍ഡ് ബങ്കേഴ്‌സിലേക്ക് നയിക്കുന്ന ചെരിവുകളുണ്ട്. തീര്‍ത്തും മതിമറന്നു പോകുന്ന ആഹ്ലാദത്തിന്റെയും ആകാംക്ഷയുടെയും സന്ദര്‍ഭങ്ങളുമായി കാത്തിരിക്കുന്നവ തന്നെ ഇവയോരോന്നും. അങ്ങനെ 9 ഹോള്‍ പിന്നിട്ടപ്പോഴേയ്‌ക്കും രണ്ടര മണിക്കൂറിലേറെ കഴിഞ്ഞിരുന്നു.
അറിവില്ലായ്‌മ മൂലം ഗോള്‍ഫിനോട് ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസവും പുച്ഛവും ഒരു റൗണ്ട് കളി കഴിഞ്ഞപ്പോള്‍ത്തന്നെ തീര്‍ത്തും ഇല്ലാതായിക്കഴിഞ്ഞിരുന്നു. “ഇതിലും രസമാണ് 18 ഹോളിലെ കളി. അവിടെ 4 പാറും 5 പാറും ഉണ്ടാവും. ചിലപ്പോള്‍ 6 പാറും. പാര്‍ കൂടു ന്തോറും ദൂരവും കൂടും. പാര്‍ 3-ല്‍ 250 യാഡില്‍ താഴെയാണ് ദൂരമെങ്കില്‍ പാര്‍ 4ല്‍ 250-450 യാഡും പാര്‍ 5-ല്‍ 451-690 യാഡും പാര്‍ 6-ല്‍ 691 യാഡിനു മുകളിലും ദൂരമുണ്ടാകും,” സി. കെ. വിശദീകരിക്കുന്നു. പാര്‍ 3-ലുള്ള ഹോളില്‍ 2 തവണകൊണ്ട് (-1) ബോളിട്ടാല്‍ ബേഡി. 3 തവണകൊണ്ട് ഇടുന്നത് പാര്‍, 4 തവണ കൊണ്ട് (+1) വീഴ്‌ത്തിയാല്‍ ബൂഗി... ഇങ്ങനെ ചില സൂചനപ്പേരുകളുണ്ട്. ഒരൊറ്റയടിക്ക് ഹോളിലിടുക എന്ന അപൂര്‍വ്വ സുന്ദരനേട്ടമാണ് എയ്‌സ് അഥവാ ഹോള്‍ ഇന്‍ വണ്‍.
യുഎഇയിലെ ഏറ്റവും തിരക്കേറിയ ഗോള്‍ഫ് ക്ലബ്ബാണ് ദുബായ് ക്രീക്ക് ഗോള്‍ഫ് & യാട്ട് ക്ലബ്ബ് എന്നു പറയാം. മണിക്കൂറില്‍ 300-400 ദിര്‍ഹമാണ് ഇവിടെ കളിക്കാന്‍ ഈടാക്കാറുള്ളത് (ഗ്രീന്‍ ഫീ). അംഗങ്ങള്‍ക്ക് ഇളവുണ്ട്. അംഗത്വ ഫീസ് ഒരു വര്‍ഷം 21,000 ദിര്‍ഹം. ഇതില്‍ ട്രയിനിംഗ് ഫീസും ഉള്‍പ്പെടും. ഒരു തവണ ഈടാക്കുന്ന എന്‍ട്രന്‍സ് ഫീയുമുണ്ട് 15000 ദിര്‍ഹം. “ഇത്ര വര്‍ഷമായിട്ടും ഗോള്‍ഫില്‍ ഞാനിപ്പോഴും വിദ്യാര്‍ത്ഥിയാണ്. അതു കൊണ്ട് എല്ലാ വര്‍ഷവും അംഗത്വം പുതുക്കുമ്പോള്‍ ഒപ്പം കിട്ടുന്ന കോച്ചിംഗില്‍ പങ്കെടുക്കാറുണ്ട്,” സി. കെ. പറയുന്നു.
സ്ഥിരമായി കളിക്കുന്ന അമച്വര്‍ കളിക്കാര്‍ക്ക് ഗോള്‍ഫില്‍ റാങ്കിംഗ് ഉണ്ട്. ഇത് ഹാന്‍ഡികാപ്പ് എന്നറിയപ്പെടുന്നു. 0 മുതല്‍ 28 വരെയാണ് ഹാന്‍ഡികാപ്പ്. സി. കെ.യുടെ സുഹൃത്തും അല്‍ സയീദി ഓട്ടോമോട്ടീവ് ട്രേഡേഴ്‌സ് ഉടയുമായ ഇടപ്പാള്‍ സ്വദേശി കുട്ടന്‍ മാലത്തിരി യുടെ ഹാന്‍ഡികാപ് 12. പ്രധാനമായും ടയര്‍ ട്രഡിംഗ് ആണ് പ്രശസ്‌തനായ കുട്ടന്‍ മാലത്തിരിയുടെ ബിസിനസ്. അടുത്തിടെ ദുബായ് ക്രീക്ക് ക്ലബ്ബില്‍ അല്‍ ഷമാലി ഗ്രൂപ്പ് നടത്തിയ ഗോള്‍ഫ് ടൂര്‍ണമെന്റിലെ ഒരു വിജയിയും ഈ ബിസിനസുകാരനായിരുന്നു. ബിസിനസുകാര്‍ക്കു പുറമെ ഉയര്‍ന്ന എക്‌സിക്യുട്ടീവ് റാങ്കുകളിലുള്ളവരും ഗോള്‍ഫ് കളിക്കുന്നുണ്ട്. എയര്‍ അറേബ്യയുടെ ഹെഡ് ഓഫ് കമേഷ്യലായ കണ്ണൂര്‍ സ്വദേശി എ. കെ. നിസാറിന്റെ ഹാന്‍ഡികാപ്പ് 21. “ഹാന്‍ഡികാപ്പ് ഉള്ളവരെല്ലാം കൂടുതല്‍ സമയം ഗോള്‍ഫ് കളിക്കുന്നവരാണ്. ഞാന്‍ അത്രത്തോളം പോയിട്ടില്ല,” സി. കെ. വിനയം കൊള്ളുന്നു. “താരതമ്യം ചെയ്യാവുന്ന ഹാന്‍ഡികാപ്പുകള്‍ ഉള്ളവര്‍ തമ്മിലാണ് സാധാരണ കളിക്കാറുള്ളത്. അല്ലാതെ പൂജ്യം ഹാന്‍ഡികാപ്പും 15 ഹാന്‍ഡികാപ്പും തമ്മിലുള്ളവര്‍ കളിച്ചാല്‍ അതൊരു രസികന്‍ കളിയാവുകയില്ലല്ലോ. കളിയുടെ പാരമ്യതയിലെത്തിയവരാണ് പൂജ്യം ഹാന്‍ഡികാപ്പുകാര്‍,’’ സി. കെ. വിശദീകരിക്കുന്നു.
ബോള്‍ ഹോളില്‍ വീഴ്‌ത്താന്‍ എടുക്കുന്ന തവണകളുടെ അടിസ്ഥാനത്തിലാണ് ഹാന്‍ഡികാപ്പ് നിശ്ചയിക്കുന്നത്. ഇതിന് നിശ്ചിത അംഗീകാരവും വേണം. യുഎഇയില്‍ ഇത് നിയന്ത്രിക്കുന്നത് എമിറേറ്റ്‌സ് ഗോള്‍ഫ് ഫെഡറേഷന്‍. 18 ഹോളിലും 71 ശ്രമം കൊണ്ട് ബോള്‍ വീഴ്‌ത്തിയാല്‍ ‘0’ ഹാന്‍ഡികാപ്പ് എന്നു പറയാം. സാധാരണയായി നാല് പാര്‍ 3 ഹോളു കളും (12) പത്ത് പാര്‍ 4-ഉം (40) നാല് പാര്‍ 5-ഉം (20) ഹോളുകള്‍ ഉള്‍പ്പെടുന്നതാണ് 18 ഹോള്‍ കോഴ്‌സ്. ആരെങ്കിലും ഗോള്‍ഫ് കളിക്കുന്നത് പൊങ്ങച്ചത്തിനാണെന്ന് സി. കെയ്‌ക്ക് അഭിപ്രായമില്ല. ദുബായില്‍ വരുന്ന ജപ്പാന്‍കാര്‍ ഇവിടുത്തെ പൊരിവെയിലത്തും ആരോരുമറിയാതെ ഗോള്‍ഫ് കളിക്കും. ഉദാഹരണത്തിന് മീഡിയാ സിറ്റിയ്‌ക്കടുത്ത മോണ്‍ട്‌ഗോമറി ക്ലബ്ബില്‍ 2010 ജൂലൈ 7ന്, പൊരിഞ്ഞചൂട്ടത്ത്, രാവിലെ 8 മണിക്കാണ് സി. കെയുടെ 3 ജപ്പാനീസ് അതിഥികള്‍ കളി ബുക്ക് ചെയ്‌തിരിക്കുന്നത്.
എഴുപതുകളില്‍ നാലണയുടെ പൊറോട്ടയും കഴിച്ച് സി. കെ. ജീവിച്ചിട്ടുണ്ട്. 1982-ല്‍ ട്രിവാന്‍ഡ്രം ഫ്‌ളയിംഗ് ക്ലബ്ബില്‍ ചേര്‍ന്ന് മണിക്കൂറിന് 80 രൂപ കൊടുത്ത് മണിക്കൂറുകളോളം വിമാനം പറപ്പിച്ചിട്ടുണ്ട്. ദുബായില്‍ വന്ന കാലത്ത് 6 വര്‍ഷത്തോളം താമസ സ്ഥലത്തോ ജോലിസ്ഥലത്തോ എസി ഇല്ലായിരുന്നു. ഇതിന്റെയെല്ലാം കൂടെ ‘കഴിഞ്ഞ പത്തുപതിനേഴു വര്‍ഷമായി ഗോള്‍ഫ് കളി ക്കുന്നു’ എന്നൊരു വാചകം കൂട്ടിച്ചേര്‍ക്കാന്‍ സി. കെ.യ്‌ക്ക് അവകാശമില്ലേ?
തോടിന്റെ അപ്പുറത്താണ് രഘുവിന്റെ വീട് - പട്ടത്ത്. തോടിനു കുറുകെ തെങ്ങുമ്പാലം.സാധാരണ ഒറ്റത്തടിയായിരിക്കും. പാലത്തിന് സമാന്തരമായി ആളുയരത്തില്‍ ഒരു കമ്പിയും വലിച്ചു കെട്ടും. അതില്‍ പിടിച്ചാണ് ബാലന്‍സ് തെറ്റാതെ പാലം കടക്കുന്നത്.എപ്പളോ ഒരിയ്ക്കല്‍ ഇരട്ടത്തടിയുണ്ടായിരുന്നു. ഇടിവെട്ട് അധികമുണ്ടായ ഏതോ തുലാവര്‍ഷക്കാലത്തിന് പിന്നാലെയായിരുന്നെന്നു തോന്നുന്നു അങ്ങനെ ഒരാഢംബരം. അല്ലങ്കില്‍ ആരാ രണ്ടു തടി ഇടുക? തെങ്ങുന്തടിയ്ക്ക് എന്താ വെല എന്നു വിചാരിച്ചിട്ടാ?
ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയുടെ മിടുക്കന്‍ കാലത്ത് വെട്ടിയുണ്ടാക്കിയതാണ് കൊച്ചിയിലെ ഉള്‍നാടന്‍ തോടുകള്‍ എന്ന് കേട്ടിട്ടുണ്ട്. ഒരു തെങ്ങിന്റെ ഉയരത്തേക്കാള്‍ വീതി പല തോടുകള്‍ക്കും ഇല്ല. സുലഭമായ തെങ്ങുകള്‍ കൊണ്ട് പാലമിടാനുള്ള സൌകര്യം കണക്കിലെടുത്തായിരിക്കണം അത്.
സ്കൂളുള്ള ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഒരിയ്ക്കലും ഒഴിവുദിവസങ്ങളില്‍ പല തവണയും പാലം കടന്ന് ഞങ്ങളിലാരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ കളിയ്ക്കാനോടും. അങ്ങനെയുള്ള ആ കുട്ടിക്കാലത്തു തന്ന പട്ടത്തെ പറമ്പിലെ രണ്ട് വലിയ സര്‍പ്പക്കാവുകള്‍ പരിചയമായി. അതിലൊരെണ്ണം തോടിനോട് ചേര്‍ന്ന്, ഞങ്ങളുടെ വീടിനോട് വളരെ അടുത്തായിരുന്നു. എന്നും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി കാട്ടുമ്പോള്‍, അസ്ഥിത്തറയിലും തുളസിത്തറയിലും വിളക്കുവെച്ചു കഴിഞ്ഞാല്‍ തോടിനപ്പുറത്തെ സര്‍പ്പക്കാവ് നോക്കി വിളക്കുയര്‍ത്തിക്കാട്ടി അച്ഛമ്മ വിളിക്കും - സര്‍പ്പത്താമ്മാരേ... ഞങ്ങളുടെ പറമ്പില്‍ സര്‍പ്പക്കാട് ഇല്ലായിരുന്നു.
പട്ടത്തെ പറമ്പില്‍ എവിടെ വേണമെങ്കിലും കളിയ്ക്കാമായിരുന്നു. പക്ഷേ സര്‍പ്പത്തിന്റെയടുത്തേയ്ക്ക് മാത്രം പൊയ്ക്കൂടാ. എന്നാലും ലോകം മുഴുവന്‍ നിശബ്ദമായി മയങ്ങുന്ന ഉച്ചത്തെ ചില രണ്ടേമുക്കാല്‍ നേരങ്ങളില്‍ അതിനടുത്തേയ്ക്ക് ഞങ്ങള്‍ നടന്നുചെന്നു. ഇല്ല, ഒരിയ്ക്കലും ഒരു പാമ്പിനെ കണ്ടിട്ടില്ല. എങ്കിലും രണ്ടാള്‍ ഉയരത്തിലുള്ള വലിയ ചിതല്‍പ്പുറ്റുകളും അപരിചിതമായ മരങ്ങള്‍ കൂട്ടം കൂടി നിന്നുണ്ടാക്കുന്ന കടും പച്ച ഇരുട്ടും തണുപ്പും മൂലം ബഹുമാനം കലര്‍ന്ന ഒരു ഭയം എപ്പോളും തോന്നിയിരുന്നു.
സര്‍പ്പത്താമ്മാരെപ്പറ്റി രഘു പല കഥകളും പറഞ്ഞിരുന്നു. അതിലൊരെണ്ണം ഇപ്പോളും ഓര്‍മയുണ്ട്. സര്‍പ്പത്തിന്‍റെ നടുവില്‍ വലിയൊരു കറുവമരമുണ്ട്. കറുക എന്നാണ് അന്ന് പറഞ്ഞിരുന്നത്. അതിന്റെ അച്ചടിപ്പേര് ഇലവര്‍ങ്ഗം - cinnamon
- എന്നാണെന്നും കറുവപ്പട്ട എന്നാണ് അതിന്റെ സ്പൈസി തോല്‍ അറിയപ്പെടുന്നതെന്നും പിന്നീട് അറിഞ്ഞത് നാടന്‍വാക്കുകളില്‍ നിന്നും പൊതുമലയാളത്തിലേയ്ക്കുള്ള അധഃപതനമായാണ് കാണുന്നത്. ഇപ്പോള്‍ കറുക എന്നെഴുതാന്‍ ധൈര്യം പോര. അങ്ങനെ എഴുതിയാല്‍ അതേ പേരുള്ള പുല്ലുമായി വായിക്കുന്നവര്‍ കണ്‍ഫ്യൂസ്ഡ് ആകുമോ എന്നു ഭയം. കൊള്ളി, കിഴങ്ങ്, ചീനി, പൂളയെ കപ്പ കപ്പ എന്നു മാത്രം വിളിക്കുന്ന മലയാളിവത്കരണത്തിന്‍റെ ഭാഗമായുണ്ടായ പതനം.]
സര്‍പ്പക്കാടിന്റെയുള്ളിലെ കറുവയായതുകൊണ്ട് അതിന്റെ തൊലി ഉപയോഗിക്കാനെടുത്തിരുന്നില്ല. അതിന്‍റെ താഴ്ന്ന കൊമ്പുകളില്‍ നിന്നും ഇലകള്‍ പറിച്ചു തിന്നാന്‍ കൊതിയ്ക്കുമ്പോളൊക്കെയും രഘു വിലക്കിയിരുന്നത് ആ കഥ പറഞ്ഞിട്ടായിരുന്നു. ഒരു രാത്രി കള്ളന്‍ വന്ന് ആ വലിയ കറുകയുടെ തൊലി മുഴുവന്‍ ഉരിഞ്ഞുകൊണ്ടു പോയെന്ന്. പക്ഷേ പിറ്റേന്ന് ഉച്ചയാകും മുമ്പ് തോളത്ത് ആ കറുവപ്പട്ട ചാക്കും ചുമന്നു കരഞ്ഞുവിളിച്ച് അയാള്‍ വന്നുപോലും. അയാള്‍ക്ക് സഹിക്ക വയ്യാത്ത മേലുവേദനയായിരുന്നുവത്രെ. കട്ട മുതലിനെപ്പറ്റി ആരോടോ പറഞ്ഞപ്പോള്‍ ഓടിച്ചെന്നു സര്‍പ്പത്താന്‍മാരോട് മാപ്പു പറയാന്‍ അഡ്വൈസ് കിട്ടിയതു കേട്ടാണ് അയാള്‍ വന്നിരിക്കുന്നത്. അയാള്‍ ആ ചാക്ക് സര്‍പ്പത്താന്‍മാര്‍ക്ക് വിളക്കു കത്തിയ്ക്കാന്‍ നാട്ടിയിരിക്കുന്ന വെട്ടുകല്ലിനടുത്തു വെച്ച് അവിടെ മണ്ണില്‍ കമിഴ്ന്നടിച്ചു വീണ് പ്രാര്‍ത്ഥിച്ചു. വിളക്കു വെയ്ക്കാന്‍ എണ്ണ വാങ്ങാന്‍ പൈസയും കൊടുത്ത് രഘുവിന്റെ വീട്ടുകാരോടും മാപ്പു പറഞ്ഞ് കരഞ്ഞപ്പോള്‍ മാത്രമാണ് മേലുവേദന പോയത് എന്നാണ് രഘു പറഞ്ഞിരുന്ന കഥ. അത് ശരിയായിരുന്നോ എന്തൊ, എന്തായാലും ഞാനും ജയപാലനും അതു വിശ്വസിച്ചു. ആ കറുകയിലകളുടെ എരിയുന്ന മധുരം മുഴുവന്‍ ഒരു രുചിമുകുളങ്ങളെയും ത്രസിപ്പിക്കാതെ ഉണങ്ങി വീണു പൊയ്ക്കൊണ്ടിരുന്നു.
വൈലോപ്പിള്ളി
അല്ലങ്കിലും കറുകയിലകളുടെ മധുരം മനുഷ്യനെ മധുരിപ്പിക്കാനുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? അതുപോലെ പാമ്പുകളുടെ വിഷം മനുഷ്യരെ ദ്രോഹിക്കാനാണുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? മാങ്ങാണ്ടി മുളയ്ക്കാന്‍ പാകമാവുമ്പോള്‍ അതിന്റെ ചുറ്റുമുള്ള ‘മാംസ’ത്തിന് മധുരം വെയ്ക്കുന്നത്, ഒരമ്മ പറക്ക മുറ്റും വരെ കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നതുപോലെ, ആ മാവ് തന്റെ വിത്തിനെ തീറ്റിപ്പോറ്റുന്നതിന്റെ സ്വീറ്റ് ക്ലൈമാക്സാണ്, മധുരം കൊടുത്ത് യാത്രയയക്കലാണ്. അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം... എന്നെഴുതിയത് വൈലോപ്പിള്ളിയാണ്.
പ്രീഡിഗ്രിയ്ക്കു പഠിച്ച മലയാളം ടെക്സ്റ്റിലായിരുന്നു വൈലോപ്പിള്ളിയുടെ സര്‍പ്പക്കാട് എന്ന മറ്റൊരു പ്രസിദ്ധ കവിത വായിച്ചത്. രാമായണം കത്തിയ്ക്കണമെന്ന് കേശവദേവ് പറഞ്ഞപോലൊരു കത്തിയ്ക്കല്‍ . അന്ധവിശ്വാസത്തിന്റെ സര്‍പ്പക്കാടിന് കവി തീയിടുന്നു. രഘുവിന്‍റെ പറമ്പില്‍ പാമ്പുകളെയൊന്നും കണ്ടിരുന്നില്ല എന്നു പറഞ്ഞില്ലേ, അതുപോലെ തന്നെയായിരുന്നു ഏറെ അകലെയല്ലാത്ത വൈലോപ്പിള്ളിയുടെ കലൂരിലെയും അനുഭവം. ഒരു പാമ്പിനെയും കണ്ടില്ല. ഒരു മഞ്ഞച്ചേര മാത്രം ഇഴഞ്ഞു മറഞ്ഞു. ചേര എലിയെ പിടിയ്ക്കുമെന്ന കഥ അവിടെ നില്‍ക്കട്ടെ. എലിയ്ക്കും വേണം ജീവിയ്ക്കല്‍.
കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച മയിസ്രേട്ടേമ്മാന്‍ വീട്ടിപ്പോയി കുളിച്ച് ടീവി കണ്ടു രാത്രി ഡിന്നറിന് ചപ്പാത്തീടൊപ്പം മട്ടന്‍ ചാപ്സ് കഴിയ്ക്കുമ്പോള്‍, ജീവന്‍റെ പ്രൈസ് ടാഗ് പലതിനും പലതാണോ സര്‍ എന്നു
ചോദിയ്ക്കാതെങ്ങനെ?
ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിനും ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍ക്കും മുമ്പ്, ഗ്രീന്‍പീസ് മസാലയ്ക്കും മുമ്പ്, എന്‍വയോണ്‍മെന്റലായി ചില ആളുകള്‍ മെന്റലാവുന്നതിനും മുമ്പ്, അതിനെല്ലാം മുമ്പ് തുടങ്ങിയതല്ല്ലേ സര്‍ ഈ
ബഷീര്‍
സര്‍പ്പക്കാട് ബിസിനസ് എന്നു മസ്ക്കറ്റ് മലയാളി സമാജത്തില്‍ പ്രസംഗിച്ചു. പീന്നീട് പ്രസംഗിച്ച ചിലമ്പ് നോവലിസ്റ്റും ഒമാനില്‍ ബിസിനസ്സുകാരനും കൊടുങ്ങല്ലൂര്‍ക്കാരനുമായ എന്‍. ടി. ബാലചന്ദ്രന്‍ പറഞ്ഞത് കാടു വെട്ടി തെളിച്ച് കുടിയേറ്റം മുന്നറിയപ്പോള്‍ സര്‍പ്പശല്യം ഭീകരമാവുകയും അത് ഒഴിവാക്കാന്‍ വേണ്ടി ഗതികേടു കൊണ്ടു തുടങ്ങിയതാണ് സര്‍പ്പാരാധനയുടെ മറവിലുള്ള ഈ കാട് ബിസിനസ് എന്നുമാണ്. ഗതികേടെങ്കില്‍ ഗതികേട്, വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കുന്നതിനോളം വരുമോ മറ്റേതെങ്കിലും പരിസ്ഥിതിപ്രേമം?
ഇതിനെ അനന്തം വാസുകീ ശേഷം പത്മനാഭശ്ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം നമഃ എന്ന ഒരു പ്രാര്‍ത്ഥനയുമായും കൂട്ടിക്കെണമെന്നില്ല. ചൂടില്ലേ പന്നഗത്തെ, ശരി തവ കണവന്‍ പാമ്പിലല്ല കിടപ്പൂ എന്നു മുന്നേറുന്ന ഉമാരമാസംവാദവും പഠിയ്ക്കണമെന്നില്ല.പശുവിന്‍ പാലിനോളം ക്രൂരമായ നോണ്‍-വെജ് സാധനമുണ്ടോ? അതുകൊണ്ടല്ലേ ഇപ്പോള്‍ വെജിറ്റേറിയന്‍സിനെ കടത്തിവെട്ടുന്ന വേഗന്‍സ് എന്നാരു വര്‍ഗം രൂപപ്പെട്ടിരിയ്ക്കുന്നത്? [ഡെയറി ഉത്പ്പന്നങ്ങള്‍ കൂടി ഉപേക്ഷിക്കുന്ന കടുംവെജ് ഫാന്‍സാണ് വേഗന്‍സ്].
ഭാര്യവീട്ടിലെ ഒരു തിരുവോണത്തിന് തൂശനിലയില്‍ ചിക്കന്‍ കറി, ചെമ്മീന്‍ കറി, ചാള വറുത്തത് എന്നിവയും ഉണ്ടായിരുന്നു . ഒന്നും ദഹിയ്ക്കാതിരുന്നില്ല.
ചിങ്ങമാസത്തില്‍ തന്നെയാണ് നാഗപഞ്ചമി എന്നു കേട്ടിരിക്കുന്നു. ഫാര്‍ ഈസ്റ്റില്‍ പാമ്പ് ഒരു സ്വാദിഷ്ട വിഭവമാണെന്നും കേട്ടിരിക്കുന്നു. നൂറും പാലും എന്ന വാര്‍ഷിക ചടങ്ങിന് അലങ്കരിക്കുന്ന കവുങ്ങിന്‍പൂക്കിലകളും വഴിപാടായി നിവേദിക്കുന്ന കരിക്കും പഴവും ഒരു സര്‍പ്പവും ഭക്ഷിക്കാറില്ലന്നും അറിവു വെച്ചിരിക്കുന്നു.
പുള്ളുവന്‍ പാട്ടുകാര്‍
രഘുവിന്റെ രണ്ടു ചേച്ചിമാര്‍ ബാംഗ്ളൂരിലും ഒരാള്‍ ഈറോഡിലുമാണ്. ചേട്ടനും വേറൊരു ചേച്ചിയും ബോംബെയില്‍. രഘു ഹൈദ്രാബാദില്‍ . അമ്മ അഞ്ചെട്ടു കൊല്ലം മുമ്പ് മരിച്ചു പോയി. അച്ഛന്‍ ചേട്ടന്‍റെയൊപ്പം കല്യാണിലുണ്ട്. പട്ടത്തെ വീട് അടച്ചിട്ടിരിക്കുന്നു. പോക്കുവരവിന് ആരുമില്ലാത്തതിനാല്‍ തോടിനു കുറുകെ തെങ്ങുമ്പാലമിടല്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പുരയ്ക്ക് കുറേശ്ശെ ചിതലുണ്ട്. വല്ലപ്പോഴും ആരെങ്കിലും വരുമ്പോള്‍ മാത്രം അടിച്ചു തൊടയ്ക്കും. സര്‍പ്പത്തിന് വിളക്കില്ല. നൂറും പാലുമില്ല. കറുവപ്പട്ട മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ വരാറുണ്ടോ എന്നു ചോദിച്ചാല്‍ അതും അറിയില്ല. കാരണം ഞാന്‍ പന്ത്രണ്ട് വര്‍ഷമായി ദുബായിലാണല്ലാ. എങ്കിലും വെട്ടിത്തെളിയ്ക്കപ്പെട്ട ചില പറമ്പുകളെങ്കിലും കിളയും കാല്‍പ്പെരുമാറ്റവും തെങ്ങുകയറ്റവുമില്ലാതെ വീണ്ടും കാടുകയറുന്നു എന്ന് ഊഹിയ്ക്കാന്‍ പറ്റുന്നുണ്ട് . ഭൂമിയുടെ അവകാശികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിയ്ക്കാതിരിക്കുമോ?