Sunday, June 24, 2012

വര്‍ണങ്ങളോടും

മഞ്ഞപ്പത്രം നീലച്ചിത്രം
പച്ചക്കള്ളം ചെങ്കണ്ണ്
വിളറി വെളുത്ത കരിങ്കൊടി...കഷ്ടം!
വിടുപണി ചെയ്യും വര്‍ണങ്ങള്‍

Tuesday, June 12, 2012

തീര്‍ച്ചയായും ബോറടിക്കുന്നു, എന്നെ ചാവേറാക്കല്ലേ


തീര്‍ച്ചയായും...
തീര്‍ച്ചയായും എന്ന വാക്കു കേട്ടു കേട്ട് ഞാന്‍ ബോറടിച്ച് ചാവാറായി - വിശേഷിച്ചും ‘തീര്‍ച്ചയായും’ എന്ന വാക്കില്‍ തുടങ്ങുന്ന വാചകങ്ങള്‍ കേട്ടു കേട്ട്. 

നമ്മുടെ ടീവീ ചാനലുകളിലെ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരുമാണ് ഈ പകര്‍ച്ചവ്യാധിയെ മലയാളികള്‍ക്കിടയില്‍ തുറന്നുവിട്ടത്. ഇപ്പോള്‍ ഇവര്‍ വാര്‍ത്താവിശകലനത്തിനായി ഫോണില്‍ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരല്ലാത്ത അതത് വിഷയ വിദഗ്ദരിലേയ്ക്കും ലൈവ് അലക്കിനായി ഉടലോടെ ഹാജരാകുന്നവരിലേയ്ക്കുമെല്ലാം ഈ ‘തീര്‍ച്ചയായും’ പകര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ‘തീര്‍ച്ചയായും’ എന്നു പറഞ്ഞിട്ടാണ് അവരുടെ മിക്കവാറും വാചകങ്ങളും തുടങ്ങുന്നത്. എന്തുട്ട് തീര്‍ച്ചയായും? ഒരു തീര്‍ച്ചയുമില്ല. ഇല്ലാത്ത ഒരു കാര്യം തീര്‍ച്ച മാത്രമേയുള്ളു. ഉണ്ടോ? എന്തിനെപ്പറ്റിയെങ്കിലും തീര്‍ച്ചയുണ്ടോ? 

സംഗതി നമ്മുടെ ഭാഷയുടെ പരിമിതിയുടെ കുഴപ്പമാണെന്ന് ഇവര്‍ പറഞ്ഞേക്കും. ഇംഗ്സീഷുകാര്‍ ‘വെല്‍’ എന്നൊക്കെപ്പറഞ്ഞല്ലേ സ്ഥിരമായി സംസാരിച്ചു തുടങ്ങുന്നത് എന്ന് അവര്‍ തിരിച്ചു ചോദിക്കും. തീര്‍ച്ചയായും ശരി തന്നെ, എന്നാലും അതിനുമുണ്ടല്ലോ ഒരു മിതത്വമൊക്കെ. ഈ തീര്‍ച്ച എവിടന്നു വന്നു? ഈയിടെ  ഒരു ദിവസം ഒരു എഫ്.എം. റേഡിയോ ചാനലിലും കേട്ടു ഒരു മണിക്കൂറില്‍ ഒരു അഞ്ചാറ് തീര്‍ച്ചയായും, അതും തീരെ ചെറുപ്പമായ ഒരു സിനിമാനടിയുടെ വായില്‍ നിന്ന്. വാര്‍ത്താ‍അവതാരകന്‍ റിപ്പോര്‍ട്ടറെ ലൈവായി വിളിക്കുകയാണ്. ആദ്യചോദ്യം ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ഇയര്‍ഫോണ്‍ ശരിയാക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങുന്നു: തീര്‍ച്ചയായും മണികണ്ഠന്‍... അയ്യോ, ഞാന്‍ ചെവി പൊത്തുന്നു. 

ആധുനികവും അതേസമയം ലളിതവുമായ നിത്യോപയോഗ ആശയവിനിമയങ്ങള്‍ക്ക് ഇണങ്ങുന്നതല്ല മലയാളഭാഷ എന്ന വസ്തുത ഏത് ഭാഷാഭ്രാന്തനും അംഗീകരിക്കുമെന്നു തോന്നുന്നു. സാഹിത്യമെഴുതാനാണ്, അതിനു മാത്രമാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മലയാളഭാഷയുടെ ഭാവം. എന്നിട്ട് ലോകോത്തരമായ എത്ര കിലോ സാഹിത്യം ഉണ്ടാക്കി എന്നു ചോദിച്ചാല്‍ അധികമൊന്നുമില്ല എന്നതാണ് സത്യം. അതേസമയം നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കൊത്ത് പരിണമിക്കാനോ പുതിയ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ജന്മം കൊടുക്കാനോ നമ്മുടെ ഭാഷയ്ക്ക് ആവതില്ല. അതിനുപകരം അമ്മയുടെ ഭര്‍ത്താവായ സംസ്കൃതത്തിന്റെ ചില കുഴികൂര്‍ ചമയങ്ങളും ചുമന്ന് അവള്‍ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്.

പുണ്ഡരീകം?
താമര ഒന്ന ഒരൊറ്റ സാധനത്തിന് മാത്രമുണ്ട് പത്തു പതിനഞ്ച് പര്യായങ്ങള്‍. സംഗതി താമര തന്നെയാണെങ്കിലും ഓരോ പര്യായവും വന്നത് ഓരോ വഴിയ്ക്കാണെന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ സാധാരണ ജീവിതത്തില്‍ ഇവയുടെ പ്രസക്തി എന്ത്?  ''വ്യോമമേ, ഗഗനമേ, വാനമേ, സുരസിദ്ധസ്ഥാനമേ , വിഹായസ്സേ, നഭസ്സേ, നമസ്കാരം'' എന്ന മട്ടില്‍ കവിത എഴുതാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടായാലും അതു കേള്‍ക്കാന്‍ ആരുണ്ടാവും? അതുകൊണ്ട്  താമരയുടെ മറ്റൊരു പര്യായമായ്ക്കിടന്ന് തുരുമ്പിച്ചു പോയ പുണ്ഡരീകം എന്ന വാക്കിനെ ഫ്ലാഷ് ഡ്രൈവ് എന്ന ഇംഗ്ലീഷ് വാക്കിനുള്ള മലയാളപദമാക്കിയാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍. പര്യായമാല കഴുത്തിലിടാന്‍ പറ്റില്ലല്ലൊ. 

എത്രാമത്തെ എന്ന മലയാളപദത്തിന് സമാനമായ ഇംഗ്ലീഷ് വാക്കില്ല പോലും! പണ്ടുകാലത്ത് സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും കുത്തകയായിരുന്ന സമുദായത്തിലെ സ്ത്രീകള്‍ക്ക് ഒന്നിലേറെ ആണുങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാവണം ‘ഞാന്‍ നിന്റെ എത്രാമത്തെ സംബന്ധക്കാരനാണെടീ’ ‘അയാള്‍ നിന്റെ എത്രാമത്തെ അച്ഛനാണെടാ’ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്. 

പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, ദ്രോണരല്ലേ ആദ്യ ടെസ്ട്യുബ് ശിശു, പുഷ്പകവിമാനം ശെരിക്കിനും വിമാനമല്ലേ, ദശാവതാരമല്ലേ തിയറി ഓഫ് എവലൂഷന്‍, ആഗ്നേയാസ്ത്രം = അണുബോംബ്... എന്നെല്ലാം ദയനീയമായി നിരത്തി ഭാരതത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തുന്ന പവര്‍പോയന്റ് ഫയലുകള്‍ പടച്ച് ഫോര്‍വേഡുന്നവരും കാര്യസാധ്യത്തിന്റെ കാര്യം വരുമ്പോള്‍ യൂറോപ്യന്‍ ടോയ് ലറ്റുകളെത്തന്നെആശ്രയിക്കുന്നു.

ഭാഷയായാലും സംസ്കാരമായാലും ആദ്യം അവ അടിസ്ഥാനപരവും അത്യന്താപേക്ഷിതവും കാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉതകണം. കാലനുസൃതമായി പുതുക്കപ്പെടണം. തീര്‍ച്ചയായും നമ്മളെ ബോറടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഭാഷ ഉപയോഗിക്കുകയും അത് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും വെല്ലുവിളിയുമാണിത്. 

ദുബായിലെ ഒരു എ.ടി.എം.
ഫ്രിഡ്ജിനും എയര്‍കണ്ടീഷനറിനും മാനേജര്‍ക്കും കാറിനും മൊബൈല്‍ ഫോണിനും വാഹന രജിസ്ട്രേഷന്‍ കാര്‍ഡിനുമെല്ലാം അറബിഭാഷയില്‍ സമാന വാക്കുകളുണ്ടെന്നും അവ വെറും വൈദ്യുത ആഗമന... പോലത്തെ ഊച്ചാളി വാക്കുകളല്ലെന്നും ഭൂരിപക്ഷം അറബികളും ഒരണുവിടപോലും ബലം പിടിക്കാതെ തന്നെ അവ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അറിഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയ് ഞാന്‍. പിന്നീടാണ് ആ കോരിത്തരിപ്പിന്റെ കാരണമറിഞ്ഞത്. എണ്ണപ്പണത്തിന്റെ കൊഴുപ്പില്‍ ചവിട്ടി, അമേരിക്കയുടെ കക്ഷത്തില്‍ തല വെച്ച് നില്‍ക്കുമ്പോളും പല അറബിനാടുകളും അറബിഭാഷയുടെ വികാസപരിണാമങ്ങള്‍ക്കു വേണ്ടി പിടയ്ക്കുന്നു. അങ്ങനെ മഞ്ഞ് എന്ന ധാതുവില്‍ നിന്ന് ഫ്രിഡ്ജിനും എയര്‍ കണ്ടീഷനറിനുമെല്ലാം അറബിവാക്കുകളുണ്ടാവുന്നു.

എന്റെ നാല്‍പ്പത്തഞ്ചു വര്‍ഷത്തെ ഓര്‍മയില്‍, കഷ്ടം, രണ്ടേ രണ്ട് മലയാളം വാക്കു മാത്രമാണുണ്ടായത് - അടിപൊളി, ബോറടി എന്നിവ. ചെത്ത്, ചാവേറ് തുടങ്ങിയ ചില പഴയവാക്കുകള്‍ക്ക് പുതിയ ഉപയോഗങ്ങള്‍ കൈവന്നതും മറക്കുന്നില്ല. ഇക്കൂട്ടത്തില്‍ ബോറടി, ചാവേര്‍ എന്നീ വാക്കുകളെപ്പറ്റിയോര്‍ക്കുമ്പോള്‍, 'മത്താടിക്കൊള്‍കഭിമാനമേ‘ എന്നു പാടാന്‍ എനിക്കും ധൈര്യം തോന്നുന്നുണ്ട്. ട്രാജഡി, കോമഡി എന്നീ വാക്കുകള്‍ സായിപ്പിന്റെയാണെന്നാണല്ലോ വയ്പ്. ജീവിതം ട്രാജഡി അല്ലെങ്കില്‍ കോമഡിയാണോ? അല്ല. ജീവിതത്തിന്റെ ബഹുദൂരവും ഇതു രണ്ടുമല്ല. അത് ബോറടി തന്നെ. നീണ്ടുനിവര്‍ന്നു കിടക്കുന്ന ബോറടിക്കിടെ ഇടയ്ക്കിടെ എത്തുന്ന തോന്നല്‍ മാത്രമാണ് ട്രാജഡിയും കോമഡിയും എന്നറിയുമ്പോള്‍, നമ്മുടെ ഭാഷയില്‍ ട്രാജഡിയും കോമഡിയും ഇല്ലെങ്കിലെന്ത്, ബോറഡി എന്ന പരമദാര്‍ശനികന്‍ വാക്കുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍, ബോര്‍ എന്ന ഇംഗ്ലീഷ് ധാതുവില്‍ നിന്ന് ബോറഡി എന്ന ജില്ലന്‍ വാക്കുണ്ടാക്കിയ ആ അജ്ഞാതനെയോര്‍ത്ത് തല കുനിയ്ക്കാന്‍ തോന്നുന്നു. 

ചാവേര്‍
ചാവേര്‍ എന്ന വാക്കുണ്ടാ‍ക്കിയതിന് ഒരു സാമൂതിരിക്കണ് സലാം. [മിക്കവാറും സാമൂതിരിമാര്‍ക്ക് കൊച്ചീടെ താടിയ്ക്കിട്ട് തട്ടല്‍ മാത്രമായിരുന്നു ഒരേയൊരു ജോലി. വികസനത്തിലൊന്നും തരിമ്പും ശ്രദ്ധിച്ചില്ല. ചുമ്മാതാണോ മലബാറിന്റെ പിന്നോക്കാവസ്ഥ ഉണ്ടായത്? വോള്‍ട്ടേജ് ക്ഷാമം എന്നെല്ലാം ഇന്നിരുന്ന് മോങ്ങിയിട്ട് ഒരു കാര്യോമില്ല. ഒന്നുകില്‍ സര്‍ സി.പി.യെപ്പോലെ ക്രാന്തദര്‍ശികളായ മന്ത്രിമാരെ നിയമിക്കണമായിരുന്നു, അല്ലെങ്കില്‍ പാളം പണിയാന്‍ ഏഴരപ്പൊന്നാന കൊടുത്ത മനോവലിപ്പം വേണാരുന്നു]. എന്തായാലും ഒരു സാമൂരി കൃഷ്ണനാട്ടം ഉണ്ടാ‍ക്കി. മാമാങ്കത്തിന്റെ നിലപാട് വള്ളുവക്കോനാതിരിയില്‍ നിന്ന് തട്ടിയെടുത്ത മറ്റൊരു സാമൂതിരി ചാവേറുകളേയും അതുവഴി ചാവേര്‍ എന്ന വാക്കും ഉണ്ടാ‍ക്കി. ഇന്ന് സിറിയയിലും കാബൂളിലും ചാവേറാക്രമണം വരുമ്പോള്‍, ഇംഗ്ലീഷ് മാധ്യമക്കാര്‍ക്ക് സൂയിസൈഡ് ബോംബര്‍ എന്ന ഇരട്ടപ്പദം ഉപയോഗിക്കേണ്ടി വരുമ്പോള്‍, അതാ കിടക്കുന്നു നമ്മുടെ പത്രദ്വാരങ്ങളില്‍ ചാവേര്‍ എന്ന സമസ്ത സുന്ദര പദം. ജോര്‍!

ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ചാവേറും ബോറടിയും നമ്മളെ പഠിപ്പിക്കുന്നത്. സിവിലൈസേഷന്‍ ഒരു ഉത്പ്പന്നമാകുന്നു. അത് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. 

Saturday, June 9, 2012

കൃ

നിങ്ങളുടെ
കർത്താവ്
ഒരപ്പം കൊണ്ട്
അയ്യായിരം പേരെ
ഊട്ടി.
ഞങ്ങളുടെ
കർത്താവ്
ഒരോടക്കുഴലിന്മേൽ
പതിനാറായിരത്തിനെ കെട്ടി.



Thursday, May 31, 2012

ദാക്ഷായണി ബിസ്ക്കറ്റ് - ഐഡിയ കൊള്ളാം, പക്ഷേ...

മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയാല്‍...
image courtesy: Srijil Vazhayil
തൊഴിലില്ലാത്ത നായകന്മാരുടെ കഥകള്‍ മലയാളസിനിമയില്‍ ഇപ്പോള്‍ കാണാനില്ല. പണ്ട് മോഹന്‍ലാലും ശ്രീനിവാസനും സിദ്ദിഖും മുകേഷും ജഗദീഷും സായികുമാറുമെല്ലാം ജീവന്‍ നല്‍കിയിരുന്ന, വീട്ടുവാടക കൊടുക്കാനില്ലാത്ത, മുറപ്പെണ്ണിനെപ്പോലും സ്വന്തമാക്കാനാവാഞ്ഞ ചെറുപ്പക്കാരെ ഓര്‍മയില്ലേ? സന്മനസ്സുള്ള കോമഡി സ്പീക്കിംഗ് ആയാലും കണ്ണീര്‍പ്പൂവിന്റെ കിരീടമായാലും തൊഴിലായിരുന്നു പ്രധാന പ്രശ്നം. കാലം മാറിയപ്പോള്‍ കഥയും മാറി. സിനിമയുടെ നിലവാരം എന്തായിരുന്നാലും നാട്ടുനടപ്പനുസരിച്ചേ അതിന്റെ കഥയുണ്ടാക്കാന്‍ പറ്റൂ എന്ന് സാരം. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയിയാല്‍ മലയാളി യുവത്വത്തിന്റെ ഗ്രാഫ് വായിക്കാം. നാടോടിക്കാറ്റിലെ തൊഴിലന്വേഷകന്‍ മുതല്‍ ഗ്രാന്‍ഡ്മാസ്റ്ററിലെ കുറ്റാന്വേഷകന്‍ വരെ. അഥവാ നിങ്ങളൊരു മമ്മൂട്ടി ഫാനാണെങ്കില്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ നിന്ന് പ്രാഞ്ചിയേട്ടനിലേയ്ക്കുള്ള ദൂരം. ബിസിനസില്‍ വിജയം വരിച്ചവരും ഉന്നതോദ്യോഗസ്ഥരുമൊക്കെയാണ് ഇന്ന് നായകന്മാര്‍.

മുയുമനും ബായിക്കാന്‍ ഇബടെ ക്ലിക്ക് ചെയ്താട്ടെ.

Friday, May 25, 2012

ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ

മലയാളത്തിലെ ചില പ്രയോഗങ്ങളുടെ ഒറിജിൻ അറിഞ്ഞാൽ ആരും ചിരിച്ചു പോകും; എന്നു മാത്രമല്ല വേണ്ടാത്തിടത്തെല്ലാം അത്തരം പ്രയോഗങ്ങൾ തട്ടിവിടുന്നത് ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന് താറു മാറായി എന്ന പ്രയോഗം. താറ് എന്നാൽ പണ്ടു കാലത്ത് [കാലം അത്ര അധികമായിട്ടില്ല] കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. വടക്കൻ പാട്ടു സിനിമകളിലും മറ്റും പ്രേംനസീറന്മാർ ഉടുത്തു കണ്ടിരുന്ന തറ്റുടുക്കുന്ന സമ്പ്രദായം തന്നെ.  താറു  മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം - ബ്രാ ഇടേണ്ട സ്ഥലത്ത്  പാന്റീസ് ഇട്ടാൽ എങ്ങനെയിരിക്കും? അതായത് കാര്യങ്ങൾ പരസ്പരം കുഴമറിഞ്ഞ അവസ്ഥ. റോഡുകളുടെ ശോചനീയാവസ്ഥയുടെ കാര്യത്തിൽപ്പോലും ഈ പ്രയോഗം വെച്ചു കാച്ചുന്നവരുണ്ട്. അർത്ഥം എന്തോ ആകട്ടെ, വായിക്കുന്നവർക്ക് കാര്യം പിടി കിട്ടിയാൽ മതിയല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും. പ്രയോഗിച്ച് പ്രയോഗിച്ച് ചില വാക്കുകളുടേയും ശൈലികളുടേയും അർത്ഥങ്ങൾ മാറിപ്പോകുന്നു എന്നത് സത്യമാണ്. ഇക്കാര്യത്തിൽ ഒരു ഉണക്കവ്യാകരണക്കാരന്റെ പിടിവാശി കാണിക്കുന്നത് മണ്ടത്തരം തന്നെയാണ്. എങ്കിലും ഇവയൊക്കെ വന്ന വഴികളിലേയ്ക്ക് ഇടയ്ക്കെങ്കിലും തിരിഞ്ഞു നോക്കുന്നത് രസകരമായിരിക്കും.

സ്ഥാനത്തും അസ്ഥാനത്തും നമ്മളെല്ലാവരും ഇക്കാലത്ത് നടത്തുന്ന ഒരു പ്രയോഗമാണ് 'കട്ടപ്പൊകയായി' എന്നത്. എന്താണ് കട്ടപ്പൊക? അതെന്താണെന്ന് ഒരിക്കൽ ആരും പറഞ്ഞു തരാതെ തന്നെ നേരിൽക്കണ്ട് ബോധ്യപ്പെടുകയുണ്ടായി. ഒരടുത്ത ബന്ധുവിന്റെ ചിതയിൽ നിന്നുയർന്ന പുക കണ്ടപ്പോഴാണ് കട്ടപ്പൊക എന്താണെന്ന്  മനസ്സിലായത്. ശരീരം കത്തിപ്പിടിച്ചു കഴിഞ്ഞാൽപ്പിന്നെ അതിൽ നിന്നുയരുന്ന പുകയ്ക്ക് വല്ലാത്തൊരു കനമുണ്ടാകും. മനുഷ്യന്റെ ജീവിതമല്ലേ, എന്തെല്ലാം മോഹങ്ങളും പാപങ്ങളും ഉള്ളിൽ ഒതുക്കിക്കൊണ്ടായിരിക്കും ഓരോ ജീവനും പിടി വിടുന്നത്. അത് കത്തുമ്പോൾ ഫാക്ടറിപ്പുകയേക്കാളും കടുകട്ടിയാകുന്നത് സ്വഭാവികം. ആ കട്ടപ്പ് പക്ഷേ കണ്ടു തന്നെ അറിയണം.

ആരുടെയെങ്കിലും കാര്യം കട്ടപ്പൊകയായി എന്ന് ഇനിയൊരിക്കൽ പറയാൻ തുടങ്ങുമ്പോൾ ഓർക്കുക - കട്ടപ്പൊക അവസാനമാണ്; തിരിച്ചിറങ്ങാനാവാത്ത പുകക്കയറ്റം. കട്ടപ്പൊക ഒരു സെക്കുലർ പ്രയോഗല്ല്ലെന്നും പറയണം. ശവശരീരം ദഹിപ്പിക്കപ്പെടുമ്പോൾ മാത്രമേ കട്ടപ്പൊകയ്ക്ക് സ്കോപ്പുള്ളൂ; കുഴിച്ചിടപ്പെടുന്നവർക്ക് ഹാ! കഷ്ടം, അവരുടെ ശവക്കല്ലറകൾ വെള്ള തേച്ച ശവക്കല്ലറകളോടു ഒത്തിരിക്കുന്നു.

Malabar Civet - image from Meloor Blog
ഔദ്യോഗികമായി വൈദ്യം പഠിച്ചിട്ടില്ലെങ്കിലും ഒരമ്മാവൻ വീട്ടിൽ ധന്വന്തരം ഗുളിക ഉണ്ടാക്കിയിരുന്നു. പ്ലാവില ഞെട്ടിയുടെ കഷായം, ഇറാനിൽ നിന്നു വരുന്ന കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്കൊപ്പം പച്ചപ്പുഴു അഥവാ വെരുകിൻ പുഴു എന്നൊരു ചേരുവയും അതിന്റെ നിർമാണത്തിൽ ഉപയോഗിക്കപ്പെടുന്നു. ഒരിനം വെരുക്/മരപ്പട്ടി അതിന്റെ അടിവയറ്റിലെ സഞ്ചിയിലേയ്ക്ക് അണയ്ക്കുന്ന കസ്തൂരി (musk) പോലൊരു സാധനമാണ് വെരുകിൻ പുഴു. പണ്ടേ അതു കിട്ടാൻ ക്ഷാമമായിരുന്നു; പൊള്ളുന്ന വിലയും. അതുകൊണ്ടായിരിക്കണം ആരോ ഒരു വെരുകിനെ കൊണ്ടുവന്നപ്പോൾ വളർത്തിനോക്കാമെന്നു വിചാരിച്ചത്.

അതിനെ കൂട്ടിലിട്ടു. ഹൊ, ആ കാഴ്ച കാണാൻ വയ്യ. കൂട്ടിലിട്ട വെരുകിനെപ്പോലെ എന്ന പ്രയോഗത്തിന്റെ അർത്ഥം ചങ്കു തകർന്നാണ് അന്നെല്ല്ലാവരും പഠിച്ചത്. ആ ജന്തുവിന് ഒരു നിമിഷം നിൽക്കാൻ വയ്യ. ഒരു നിമിഷം പോലും നിൽക്കാനാവാതെ ആ ചെറിയ കൂടിന്റെ നീളത്തിൽ അത് വേഗം വേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ആശ കൈവിടരുത്, എപ്പോഴാണ് രക്ഷപ്പെടുക എന്നറിയില്ലല്ലോ എന്ന് ഏതോ പൊള്ളയായ അമേരിക്കൻ സെൽഫ്-ഹെൽപ് ബുക്കിൽ വായിച്ചിട്ടെന്നോണമായിരുന്നു വേഗത്തിലുള്ള അതിന്റെ നടത്തം.

രാഘാമ, കേശാമ, ശങ്കുണ്യാമ, കുട്ടപ്പമ്മാന്‍, ഞാന്‍
ഭൂതപ്രേതപിശാചുക്കളും യക്ഷികളും ഗന്ധർവന്മാരും മാത്രമല്ല ഉന്മാദികളായ മനുഷ്യർ പോലും ഉറങ്ങിപ്പോകുന്ന രാത്രി രണ്ടേ മുക്കാലിന് കേശാമ  എണീറ്റു നോക്കിയപ്പോളും 'എവിടെയോ ഒരു വാതിലുണ്ട്, അതിപ്പോൾ തുറക്കും' എന്നു മോഹിച്ച്, ഒരേസമയം ആത്മവിശ്വാസത്തിന്റെ ആകാശഗോപുരമായും കാലു വെന്ത ചില മനുഷ്യരെ ഓർമിപ്പിച്ചും അതങ്ങനെ നടക്കുക തന്നെയായിരുന്നു. കേശാമ അപ്പൊത്തന്നെ അതിനെ തുറന്നിട്ടു. കുറുക്കന്മാരും കീരികളും ചേനത്തണ്ടന്മാരും വെള്ളിക്കട്ടന്മാരും വാണിരുന്ന രാത്രിനാട്ടിലേയ്ക്ക് അതോടിപ്പോയി. പക്ഷേ അതു പഠിപ്പിച്ച പാഠം ഇന്നും ബാക്കി നിൽക്കുന്നു, ആ പാഠം പഠിച്ച് ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും.

അമേരിക്കന്‍ ആത്മവിശ്വാസം
ഇതൊക്കെ മലയാളനാട്ടില്‍ത്തന്നെ ജനിച്ച മലയാള പ്രയോഗങ്ങളാണെങ്കില്‍ കപ്പലു കയറി വന്ന ചില വാക്കുകളുമുണ്ട് - അറബിയിലും പോര്‍ട്ടുഗീസില്‍ നിന്നുമെല്ലാം വന്ന വാക്കുകള്‍. എന്നാല്‍ കപ്പല്‍ തന്നെ വാക്കായതുമുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത്, 1914 സെപ്തംബര്‍ 22-ന് മദ്രാസ് തുറമുഖം ആക്രമിച്ച ജര്‍മനിയുടെ എസ്.എം.എസ്. എംഡന്‍ എന്ന യുദ്ധക്കപ്പലിന്റെ പേരില്‍ നിന്നാണ് എമണ്ടന്‍ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി പ്രകാരം ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ പല ഇന്ത്യക്കാരും ജര്‍മനിയും ജപ്പാനും ജയിക്കാന്‍ പ്രവര്‍ത്തിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തു. ആ ആരാധനയുടെ ഭാഗമായിട്ടായിരിക്കണം എമണ്ടനെ വലിയ വലുതിന്റെ പ്രതീകമാക്കാന്‍ മലയാളീസ് തുനിഞ്ഞത്.  ഹിറ്റ്ലറേപ്പോലുള്ളവരൊക്കെ യുദ്ധം ജയിച്ചിരുന്നെങ്കില്‍ നമ്മുടെ ആ അപ്പുപ്പന്മാരൊക്കെ എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീഴുമായിരുന്നു എന്നു തീര്‍ച്ച. ബ്രിട്ടീഷുകാരെ തുരത്തി ജപ്പാന്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച ചില വിദ്വാന്മാര്‍, ജപ്പാങ്കാരുടെ സ്റ്റെനോഗ്രാഫര്‍മാരാകാന്‍ വേണ്ടി കാലേക്കൂട്ടി ജപ്പാനീസ് ഭാഷ പഠിച്ച് കാത്തിരുന്നു എന്നും കേട്ടിട്ടുണ്ട്. 
എമണ്ടനായ Emden


കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും ഇ-മെയിലിന്റേയും ഫോട്ടോസ്റ്റാറ്റിന്റേയും  സ്മാര്‍ട്ട് ഫോണിന്റേയുമെല്ലാം വരവോടെ സ്റ്റെനോഗ്രാഫര്‍, കാര്‍ബണ്‍ പേപ്പര്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു. പക്ഷേ കാര്‍ബണ്‍ കോപ്പി എന്നതിന്റെ സ്റ്റെനോഗ്രാഫിയുഗത്തിലെ ചുരുക്കെഴുത്തായ സിസി തന്നെയാണ് ഇന്നും മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിലും ജീമെയിലിലുമെല്ലാം വിലസുന്നത്. ഇന്നലത്തെപ്പോരതിന്നലെയ്ക്കുള്ളതാണിന്നിനിന്നത്തെ പരാക്രമം വേണ്ടയോ എന്ന് കവി ചോദിച്ചത് എത്ര ശരി!

Tuesday, January 31, 2012

പെട്ടിക്കട

കാത്തിരിക്കുന്ന സര്‍ബത്തിലേയ്ക്കു നീ
നിന്റെ യോനിയാം സ്ക്വീസറാലെന്റെയീ
ലിംഗമാം ചെറുനാരങ്ങ ഞെക്കുമ്പോള്‍
മറ്റൊരു ചെറുജീവന്റെ തൊണ്ടയില്‍
ദാഹനീരായ് പതിക്കുന്നതിന്‍ സുഖം!

Friday, December 30, 2011

തുകൽ




എന്റെ ടിംബർലാന്റുകളും
നിന്റെ കോലാപ്പുരികളും
എപ്പോഴാണ്
നമ്മൾ വരല്ലേ വരല്ലേ എന്നു പ്രാർത്ഥിച്ച്
ഒരുമിച്ച് കിടക്കുക?

Friday, December 23, 2011

ഗാന്ധിയും ഗോഡ്സെയും 2011-ൽ

അരി വാങ്ങാനുള്ള ക്യു
അരി വാങ്ങുവാൻ ക്യൂവിൽ തിക്കിനിൽക്കുന്നൂ ഗോഡ്സെ
അരികെ കൂറ്റൻകാറിൽ കേറി നീങ്ങൂന്നൂ ഗോഡ്സെ
കടലിൽ മീൻ വാരുവാൻ പോയിരിക്കുന്നൂ ഗോഡ്സെ
കള്ളു ചെത്തുവാൻ തെങ്ങിൽ കയറുന്നതും ഗോഡ്സെ
തെരുവിൽ പിച്ചച്ചട്ടി നീട്ടിയെത്തുന്നൂ ഗോഡ്സെ
ഇരുളിൽ തുണിമാറ്റി കാലകത്തുന്നൂ ഗോഡ്സെ
പൂജാരി ഗോഡ്സെ തൂപ്പുകാരിയും ഗോഡ്സെ പിന്നെ
സർക്കിളേമ്മാനും ഗോഡ്സെ യൂജീസിസ്സാറും ഗോഡ്സെ.
ഗാന്ധിയോ? കവലയിൽ കാക്കകൾ ടോയ് ലറ്റാക്കും
കേവലമൊരു സ്റ്റാച്യു; നീയുമീഞാനും ഗോഡ്സെ.

Wednesday, November 23, 2011

ഹോര്‍ലിക്സ് മുഴുവനും അലിഞ്ഞു ചേരാന്‍


ശങ്കുണ്യാമ

ശങ്കുണ്യാമയാണ് ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ഒരനുഭവം തന്നത്. ജന്മനാ രണ്ടു കാലും ശോഷിച്ചിരുന്ന ആ‍ളായിരുന്നു ശങ്കുണ്യാ‍മ. പോരാത്തതിന് രണ്ട് പാദങ്ങളും അകത്തേയ്ക്ക് ചുരുണ്ടിരുന്നു.  നാലുകാലിലായിരുന്നു നടപ്പ്. കൈകളിലായിരുന്നു ചെരിപ്പ്. സാധാരണ ചെരുപ്പല്ല - മുട്ടിച്ചെരിപ്പ്. ശങ്കുണ്യാമക്കു വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന ചെരിപ്പ്. ഈ വൈകല്യം കാരണം ആള് സ്കൂളിന്റെ പടി കണ്ടില്ല.കല്യാ‍ണവും കഴിച്ചില്ല.  എങ്കിലും കായ്കറി കൃഷി, അക്ഷരശ്ലോകം, ചെറിയ വൈദ്യം, ദഹണ്ണം, നീന്തല്‍ എന്നിവകളാല്‍ ജീവിതം മുഴുവന്‍ ആ‍ക്റ്റീവായിരുന്നു. 

“നമക്ക് നേന്ത്രവാഴ നടാന്‍ ഒരു സ്ഥലം ശരിയാക്കാനുണ്ട്, നീയെന്റെ കൂടെ വാ,” അമ്മവീട്ടില്‍ വെക്കേഷനു പോയി നിന്ന കുട്ടിക്കാലത്തെ ഒരു ദിവസം, ഉച്ചരിഞ്ഞ ഒരു സ്വര്‍ണവെയില്‍ സമയം, ശങ്കുണ്യാമ എന്നെ വിളിച്ചു.  ഞാന്‍ ശങ്കുണ്യാമയുടെ പിന്നാലെ മെല്ലെ നടന്നു. ചെറിയ ഭാരങ്ങളുണ്ടെങ്കില്‍ അങ്ങനെ നാലു കാലില്‍ നടക്കുമ്പോള്‍ പുള്ളിക്കാരന്‍ അത് സ്വന്തം പുറത്തു തന്നെയിടും. അന്നും കണ്ടു പുറത്ത് അങ്ങനെ ഒരു ചെറിയ പൊതി. [ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുന്നതിനു മുമ്പ് ആത്മഹത്യ ചെയ്ത ഒരാളെപ്പറ്റിയുള്ള പത്രവാര്‍ത്ത പില്‍ക്കാലത്തൊരിക്കല്‍ ഞാന്‍ ശങ്കുണ്യാമയുടെ പഴഞ്ചന്‍ രാമായണത്തിന്റെ പേജ് മാര്‍ക്കാറായി കണ്ടെടുത്തിരുന്നു]. പറമ്പിന്റെ പടിഞ്ഞാറേ അതിര്‍ ഭാഗത്തേക്കായിരുന്നു ഞങ്ങള്‍ പോയത്. പണിക്കാരാരും വന്നിട്ടില്ലല്ലൊ, പിന്നെങ്ങനെയാ നേന്ത്രവാഴക്കൃഷിക്ക് സ്ഥലം തയ്യാറാക്കുക? എനിക്കത്ഭുതമായി. “നീ വാ, ഞാന്‍ കാണിച്ചരാം” ശങ്കുണ്യാമ ചിരിച്ചു. എന്നിട്ട് പുറത്തിട്ടിരുന്ന പൊതിയെടുത്ത് തുറന്നു. അത് കല്ലുപ്പായിരുന്നു. എന്നോട് അതെടുത്ത് അവിടം മുഴുവന്‍ വാരി വിതറാന്‍ പറഞ്ഞു. ചെറിയ ചെടികള്‍ മാത്രം വളര്‍ന്നു നിന്ന ഒരു ചെരിവായിരുന്നു അത്. നല്ല കടുത്ത ചെങ്കല്‍പ്പാറ. അവിടെ നേന്ത്രവാഴ നടണമെങ്കില്‍ ഒരാഴ്ചക്കാലം അഞ്ചാറു പേര് കിളച്ചു മറിക്കുകയോ ചെങ്കല്ല് ബ്രിക്ക് ബ്രിക്കായി വെട്ടിയെടുക്കുകയോ വേണമായിരുന്നു. അതൊന്നും ചെയ്യാതെ കുറച്ച് കറിയുപ്പ് അവിടെയെല്ലാം വിതറിയിട്ടെന്തു കാര്യം? “ബാ, നമക്ക് പോവാം’’, ശങ്കുണ്യാമ തിരിച്ചു നടന്നു. അത്രേയുണ്ടായിരുന്നുള്ളു മണ്ണ് തയ്യാറാക്കല്‍. 

നാലഞ്ചുമാസം കഴിഞ്ഞ് മറ്റൊരു വെക്കേഷന് ഞാന്‍ ചെന്നപ്പോള്‍ അവിടെയെല്ലാം നേന്ത്രവാഴപ്പെണ്‍കിടാങ്ങള്‍ വാഴക്കൂമ്പിന്റെ നിറമുള്ള ഹാഫ് സാരിത്തുമ്പുകളുമാട്ടി  നാണിച്ചു നില്‍ക്കുന്നു. തടമെടുക്കാന്‍ മാത്രമേ പണിക്കാരെ വിളിച്ചുള്ളത്രെ. അപ്പോള്‍ ചെങ്കല്‍പ്പാറ? അവിടെ വിതറിയ ഉപ്പുങ്കല്ലുകള്‍ കാലക്രമത്തില്‍ അലിഞ്ഞിറങ്ങി ആ ചെങ്കല്‍പ്പാറയെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ആ ചെരിവ് നിലം പറ്റി, നല്ല പശിമയുള്ള വെറും ചെമ്മണ്ണായി മാറിയിരുന്നു. 

നമ്മളേക്കാള്‍ തണ്ടും തടിയുമുള്ള ശത്രുക്കളെ തോല്‍പ്പിക്കാന്‍, അവരറിയാതെ അവരുടെ സൈക്കിളിന്റെ സീറ്റ് ഊരി, സീറ്റുറപ്പിക്കുന്ന ഇരുമ്പുകുഴലിലേയ്ക്ക് കുറച്ച് കല്ലുപ്പ് ഇട്ടാല്‍ മതി എന്ന്‍ കുറേക്കാലം കഴിഞ്ഞ് കേട്ടപ്പോള്‍ അത് വിശ്വസിക്കാനായത് കല്ലുപ്പിന്റെ ആ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന നേരത്തേ അറിയാമായിരുന്നതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ വെച്ച് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം, അസ്ഥിപോലും ബാക്കിയാകാതെ നശിപ്പിച്ചത്, പഞ്ചസാര കൂട്ടി കത്തിച്ചിട്ടായിരുന്നു എന്നു കേട്ടപ്പോള്‍ ഞെട്ടാതിരുന്നതും കുട്ടിക്കാലത്തെ ആ പാ‍ഠത്തിന്റെ ക്രൂരമായ സ്വാദ് മനസ്സിന്റെ നാക്കില്‍ ഉണ്ടായിരുന്നതുകൊണ്ടു തന്നെ. മാവിന്‍വിറക് ഉപയോഗിക്കുന്ന രീതിക്ക് പകരമുള്ള സ്ഫുടം എന്നറിയപ്പെടുന്ന ശവസംസ്കാരരീതിയില്‍ പഞ്ചസാര വിതറുന്നത് ആത്മാവിന് മധുരിക്കാനല്ലെന്നും ആരും പറഞ്ഞു തരാതെ തന്നെ ശങ്കുണ്യാമ അന്നെന്നെ പഠിപ്പിച്ചു.

ഹോര്‍ലിക്സ് എന്നു പറഞ്ഞാല്‍ നീയെന്നെ പെറ്റി ബൂര്‍ഷ്വാ എന്നു വിളിച്ച് പുച്ഛിക്കുമോ എന്റെ ഹെര്‍ക്കുലീസ് ത്രീയെക്സ് ഡ്രിങ്കുകാരാ? ഡ്രിങ്കുണ്ടാക്കുമ്പോള്‍ ഹോര്‍ലിക്സ് മുഴുവന്‍ അലിഞ്ഞു ചേരാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ - മഗ്ഗില്‍ ഹോര്‍ലിക്സും പഞ്ചസാരയുമിട്ട് ഒരു സ്പൂണുപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക [ഒരു തുള്ളി പോലും വെള്ളമോ പാലോ തൊടീയ്ക്കാതെ!]. ആ ഖരമിശ്രിതത്തിലേയ്ക്ക് തിളപ്പിച്ച പാലോ വെള്ളമോ പകരുക. തരി പോലും കട്ടപിടിക്കാത്ത നല്ല രസികന്‍ ഹോര്‍ലിക്സ് തയ്യാര്‍. 

ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുമോ എന്ന് ഭയന്നിരുന്നെങ്കിലും ശങ്കുണ്യാമ ഭാഗ്യവാനായിരുന്നു. അധികമാരെയും ബുദ്ധിമുട്ടിക്കാതെ തൊണ്ണൂറു വയസ്സോളം ജീവിച്ച് 2006-ല്‍ ആള് സ്വാഭാവിക മരണം വരിച്ചു. വെറും സ്വാദുകള്‍ എന്ന മട്ടില്‍ നിരുപദ്രവികളായി ചമഞ്ഞുകൊണ്ട് ഉപ്പും  പഞ്ചസാരയും നമ്മെ വഞ്ചിക്കുന്ന വഞ്ചനകളെപ്പറ്റി ആലോചിക്കുമ്പോഴൊക്കെയും ഞാന്‍ ശങ്കുണ്യാമയേയും ഓര്‍ക്കുന്നു.

Monday, November 14, 2011

അല്ലേ? ഇല്ലേ?


നീയൊരു ലഹരി സാധനമല്ലേ, 
നിന്നെ എയര്‍പോര്‍ട്ടില്‍ പിടിക്കില്ലേ?
Related Posts with Thumbnails