 |
തീര്‍ച്ചയായും... |
തീര്‍ച്ചയായും എന്ന വാക്കു കേട്ടു കേട്ട് ഞാന്‍ ബോറടിച്ച് ചാവാറായി - വിശേഷിച്ചും ‘തീര്‍ച്ചയായും’ എന്ന വാക്കില്‍ തുടങ്ങുന്ന വാചകങ്ങള്‍ കേട്ടു കേട്ട്.
നമ്മുടെ ടീവീ ചാനലുകളിലെ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരുമാണ് ഈ പകര്‍ച്ചവ്യാധിയെ മലയാളികള്‍ക്കിടയില്‍ തുറന്നുവിട്ടത്. ഇപ്പോള്‍ ഇവര്‍ വാര്‍ത്താവിശകലനത്തിനായി ഫോണില്‍ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരല്ലാത്ത അതത് വിഷയ വിദഗ്ദരിലേയ്ക്കും ലൈവ് അലക്കിനായി ഉടലോടെ ഹാജരാകുന്നവരിലേയ്ക്കുമെല്ലാം ഈ ‘തീര്‍ച്ചയായും’ പകര്‍ന്നു കഴിഞ്ഞിരിക്കുന്നു. ‘തീര്‍ച്ചയായും’ എന്നു പറഞ്ഞിട്ടാണ് അവരുടെ മിക്കവാറും വാചകങ്ങളും തുടങ്ങുന്നത്. എന്തുട്ട് തീര്‍ച്ചയായും? ഒരു തീര്‍ച്ചയുമില്ല. ഇല്ലാത്ത ഒരു കാര്യം തീര്‍ച്ച മാത്രമേയുള്ളു. ഉണ്ടോ? എന്തിനെപ്പറ്റിയെങ്കിലും തീര്‍ച്ചയുണ്ടോ?
സംഗതി നമ്മുടെ ഭാഷയുടെ പരിമിതിയുടെ കുഴപ്പമാണെന്ന് ഇവര്‍ പറഞ്ഞേക്കും. ഇംഗ്സീഷുകാര്‍ ‘വെല്‍’ എന്നൊക്കെപ്പറഞ്ഞല്ലേ സ്ഥിരമായി സംസാരിച്ചു തുടങ്ങുന്നത് എന്ന് അവര്‍ തിരിച്ചു ചോദിക്കും. തീര്‍ച്ചയായും ശരി തന്നെ, എന്നാലും അതിനുമുണ്ടല്ലോ ഒരു മിതത്വമൊക്കെ. ഈ തീര്‍ച്ച എവിടന്നു വന്നു? ഈയിടെ ഒരു ദിവസം ഒരു എഫ്.എം. റേഡിയോ ചാനലിലും കേട്ടു ഒരു മണിക്കൂറില്‍ ഒരു അഞ്ചാറ് തീര്‍ച്ചയായും, അതും തീരെ ചെറുപ്പമായ ഒരു സിനിമാനടിയുടെ വായില്‍ നിന്ന്. വാര്ത്താഅവതാരകന് റിപ്പോര്‍ട്ടറെ ലൈവായി വിളിക്കുകയാണ്. ആദ്യചോദ്യം ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ഇയര്‍ഫോണ്‍ ശരിയാക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങുന്നു: തീര്‍ച്ചയായും മണികണ്ഠന്... അയ്യോ, ഞാന്‍ ചെവി പൊത്തുന്നു.
ആധുനികവും അതേസമയം ലളിതവുമായ നിത്യോപയോഗ ആശയവിനിമയങ്ങള്‍ക്ക് ഇണങ്ങുന്നതല്ല മലയാളഭാഷ എന്ന വസ്തുത ഏത് ഭാഷാഭ്രാന്തനും അംഗീകരിക്കുമെന്നു തോന്നുന്നു. സാഹിത്യമെഴുതാനാണ്, അതിനു മാത്രമാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മലയാളഭാഷയുടെ ഭാവം. എന്നിട്ട് ലോകോത്തരമായ എത്ര കിലോ സാഹിത്യം ഉണ്ടാക്കി എന്നു ചോദിച്ചാല്‍ അധികമൊന്നുമില്ല എന്നതാണ് സത്യം. അതേസമയം നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കൊത്ത് പരിണമിക്കാനോ പുതിയ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ജന്മം കൊടുക്കാനോ നമ്മുടെ ഭാഷയ്ക്ക് ആവതില്ല. അതിനുപകരം അമ്മയുടെ ഭര്‍ത്താവായ സംസ്കൃതത്തിന്റെ ചില കുഴികൂര്‍ ചമയങ്ങളും ചുമന്ന് അവള് നാല്ക്കവലയില് നില്‍ക്കുകയാണ്.
 |
പുണ്ഡരീകം? |
താമര ഒന്ന ഒരൊറ്റ സാധനത്തിന് മാത്രമുണ്ട് പത്തു പതിനഞ്ച് പര്യായങ്ങള്‍. സംഗതി താമര തന്നെയാണെങ്കിലും ഓരോ പര്യായവും വന്നത് ഓരോ വഴിയ്ക്കാണെന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ സാധാരണ ജീവിതത്തില്‍ ഇവയുടെ പ്രസക്തി എന്ത്?
''വ്യോമമേ, ഗഗനമേ, വാനമേ, സുരസിദ്ധസ്ഥാനമേ , വിഹായസ്സേ, നഭസ്സേ, നമസ്കാരം'' എന്ന മട്ടില്‍ കവിത എഴുതാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടായാലും അതു കേള്‍ക്കാന്‍ ആരുണ്ടാവും? അതുകൊണ്ട് താമരയുടെ മറ്റൊരു പര്യായമായ്ക്കിടന്ന് തുരുമ്പിച്ചു പോയ പുണ്ഡരീകം എന്ന വാക്കിനെ ഫ്ലാഷ് ഡ്രൈവ് എന്ന ഇംഗ്ലീഷ് വാക്കിനുള്ള മലയാളപദമാക്കിയാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍. പര്യായമാല കഴുത്തിലിടാന്‍ പറ്റില്ലല്ലൊ.
എത്രാമത്തെ എന്ന മലയാളപദത്തിന് സമാനമായ ഇംഗ്ലീഷ് വാക്കില്ല പോലും! പണ്ടുകാലത്ത് സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും കുത്തകയായിരുന്ന സമുദായത്തിലെ സ്ത്രീകള്‍ക്ക് ഒന്നിലേറെ ആണുങ്ങള് ഉണ്ടായിരുന്നതുകൊണ്ടാവണം ‘ഞാന്‍ നിന്റെ എത്രാമത്തെ സംബന്ധക്കാരനാണെടീ’ ‘അയാള്‍ നിന്റെ എത്രാമത്തെ അച്ഛനാണെടാ’ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്.
പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, ദ്രോണരല്ലേ ആദ്യ ടെസ്ട്യുബ് ശിശു, പുഷ്പകവിമാനം ശെരിക്കിനും വിമാനമല്ലേ, ദശാവതാരമല്ലേ തിയറി ഓഫ് എവലൂഷന്‍, ആഗ്നേയാസ്ത്രം = അണുബോംബ്... എന്നെല്ലാം ദയനീയമായി നിരത്തി ഭാരതത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തുന്ന പവര്‍പോയന്റ് ഫയലുകള്‍ പടച്ച് ഫോര്‍വേഡുന്നവരും കാര്യസാധ്യത്തിന്റെ കാര്യം വരുമ്പോള്‍ യൂറോപ്യന്‍ ടോയ് ലറ്റുകളെത്തന്നെആശ്രയിക്കുന്നു.
ഭാഷയായാലും സംസ്കാരമായാലും ആദ്യം അവ അടിസ്ഥാനപരവും അത്യന്താപേക്ഷിതവും കാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉതകണം. കാലനുസൃതമായി പുതുക്കപ്പെടണം. തീര്‍ച്ചയായും നമ്മളെ ബോറടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഭാഷ ഉപയോഗിക്കുകയും അത് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും വെല്ലുവിളിയുമാണിത്.
 |
ദുബായിലെ ഒരു എ.ടി.എം. |
ഫ്രിഡ്ജിനും എയര്‍കണ്ടീഷനറിനും മാനേജര്‍ക്കും കാറിനും മൊബൈല്‍ ഫോണിനും വാഹന രജിസ്ട്രേഷന് കാര്‍ഡിനുമെല്ലാം അറബിഭാഷയില്‍ സമാന വാക്കുകളുണ്ടെന്നും അവ വെറും വൈദ്യുത ആഗമന... പോലത്തെ ഊച്ചാളി വാക്കുകളല്ലെന്നും ഭൂരിപക്ഷം അറബികളും ഒരണുവിടപോലും ബലം പിടിക്കാതെ തന്നെ അവ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അറിഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയ് ഞാന്‍. പിന്നീടാണ് ആ കോരിത്തരിപ്പിന്റെ കാരണമറിഞ്ഞത്. എണ്ണപ്പണത്തിന്റെ കൊഴുപ്പില്‍ ചവിട്ടി, അമേരിക്കയുടെ കക്ഷത്തില്‍ തല വെച്ച് നില്‍ക്കുമ്പോളും പല അറബിനാടുകളും അറബിഭാഷയുടെ വികാസപരിണാമങ്ങള്‍ക്കു വേണ്ടി പിടയ്ക്കുന്നു. അങ്ങനെ മഞ്ഞ് എന്ന ധാതുവില്‍ നിന്ന് ഫ്രിഡ്ജിനും എയര്‍ കണ്ടീഷനറിനുമെല്ലാം അറബിവാക്കുകളുണ്ടാവുന്നു.
എന്റെ നാല്പ്പത്തഞ്ചു വര്‍ഷത്തെ ഓര്‍മയില്‍, കഷ്ടം, രണ്ടേ രണ്ട് മലയാളം വാക്കു മാത്രമാണുണ്ടായത് - അടിപൊളി, ബോറടി എന്നിവ. ചെത്ത്, ചാവേറ് തുടങ്ങിയ ചില പഴയവാക്കുകള്‍ക്ക് പുതിയ ഉപയോഗങ്ങള്‍ കൈവന്നതും മറക്കുന്നില്ല. ഇക്കൂട്ടത്തില്‍ ബോറടി, ചാവേര്‍ എന്നീ വാക്കുകളെപ്പറ്റിയോര്‍ക്കുമ്പോള്‍, 'മത്താടിക്കൊള്‍കഭിമാനമേ‘ എന്നു പാടാന്‍ എനിക്കും ധൈര്യം തോന്നുന്നുണ്ട്. ട്രാജഡി, കോമഡി എന്നീ വാക്കുകള്‍ സായിപ്പിന്റെയാണെന്നാണല്ലോ വയ്പ്. ജീവിതം ട്രാജഡി അല്ലെങ്കില്‍ കോമഡിയാണോ? അല്ല. ജീവിതത്തിന്റെ ബഹുദൂരവും ഇതു രണ്ടുമല്ല. അത് ബോറടി തന്നെ. നീണ്ടുനിവര്‍ന്നു കിടക്കുന്ന ബോറടിക്കിടെ ഇടയ്ക്കിടെ എത്തുന്ന തോന്നല്‍ മാത്രമാണ് ട്രാജഡിയും കോമഡിയും എന്നറിയുമ്പോള്‍, നമ്മുടെ ഭാഷയില്‍ ട്രാജഡിയും കോമഡിയും ഇല്ലെങ്കിലെന്ത്, ബോറഡി എന്ന പരമദാര്‍ശനികന്‍ വാക്കുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍, ബോര് എന്ന ഇംഗ്ലീഷ് ധാതുവില്‍ നിന്ന് ബോറഡി എന്ന ജില്ലന്‍ വാക്കുണ്ടാക്കിയ ആ അജ്ഞാതനെയോര്‍ത്ത് തല കുനിയ്ക്കാന്‍ തോന്നുന്നു.
 |
ചാവേര്‍ |
ചാവേര്‍ എന്ന വാക്കുണ്ടാക്കിയതിന് ഒരു സാമൂതിരിക്കണ് സലാം. [മിക്കവാറും സാമൂതിരിമാര്‍ക്ക് കൊച്ചീടെ താടിയ്ക്കിട്ട് തട്ടല്‍ മാത്രമായിരുന്നു ഒരേയൊരു ജോലി. വികസനത്തിലൊന്നും തരിമ്പും ശ്രദ്ധിച്ചില്ല. ചുമ്മാതാണോ മലബാറിന്റെ പിന്നോക്കാവസ്ഥ ഉണ്ടായത്? വോള്‍ട്ടേജ് ക്ഷാമം എന്നെല്ലാം ഇന്നിരുന്ന് മോങ്ങിയിട്ട് ഒരു കാര്യോമില്ല. ഒന്നുകില്‍ സര്
സി.പി.യെപ്പോലെ ക്രാന്തദര്‍ശികളായ മന്ത്രിമാരെ നിയമിക്കണമായിരുന്നു, അല്ലെങ്കില്‍ പാളം പണിയാന്‍ ഏഴരപ്പൊന്നാന കൊടുത്ത മനോവലിപ്പം വേണാരുന്നു]. എന്തായാലും ഒരു സാമൂരി കൃഷ്ണനാട്ടം ഉണ്ടാക്കി. മാമാങ്കത്തിന്റെ നിലപാട് വള്ളുവക്കോനാതിരിയില്‍ നിന്ന് തട്ടിയെടുത്ത മറ്റൊരു സാമൂതിരി ചാവേറുകളേയും അതുവഴി ചാവേര്‍ എന്ന വാക്കും ഉണ്ടാക്കി. ഇന്ന് സിറിയയിലും കാബൂളിലും ചാവേറാക്രമണം വരുമ്പോള്‍, ഇംഗ്ലീഷ് മാധ്യമക്കാര്‍ക്ക് സൂയിസൈഡ് ബോംബര്‍ എന്ന ഇരട്ടപ്പദം ഉപയോഗിക്കേണ്ടി വരുമ്പോള്‍, അതാ കിടക്കുന്നു നമ്മുടെ പത്രദ്വാരങ്ങളില്‍ ചാവേര്‍ എന്ന സമസ്ത സുന്ദര പദം. ജോര്!
ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ചാവേറും ബോറടിയും നമ്മളെ പഠിപ്പിക്കുന്നത്. സിവിലൈസേഷന് ഒരു ഉത്പ്പന്നമാകുന്നു. അത് ആകാശത്തുനിന്ന് പൊട്ടിവീണതല്ല.