Wednesday, September 24, 2008

ഒണക്കമുള്ളന്റെ തടവുകാര്‍

പണ്ടൊരിക്കല്‍ പോസ്റ്റ് ചെയ്ത്, പിന്നീട് ഡിലീറ്റ് ചെയ്തുകളഞ്ഞൊരു കുറിപ്പാണിത്. പിന്നാലെ എഴുതുന്ന കങ്കാരുഎറച്ചിവിശേഷത്തിന് മുന്നോടിയായി ഇത് വീണ്ടും ഇവിടെയിടുന്നു: ഒണക്കമുള്ളന്റെ തടവുകാര്‍.

കഞ്ഞിക്കും ഒണക്കമുള്ളനും വേണ്ടി ആത്മാവ് കരഞ്ഞുവിളിക്കുമ്പോള്‍ ജാഡ കാട്ടാന്‍ വേണ്ടി പിസ കഴിക്കുന്നവരുണ്ട്. നിലനില്‍പ്പീയത്തിന്റെ പേരില്‍ അവര്‍ക്ക് മാപ്പ്. എന്നാല്‍ ഗ്ലാസില്‍ കിട്ടിയാലും നക്കിയേ കുടിക്കൂ എന്ന് വ്രതമെടുത്തവരോ? പുറംനാട്ടില്‍ വര്‍ഷങ്ങളായി ജീവിക്കുമ്പോഴും പുറത്തുപോയി ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴെല്ലാം മസാലദോശയും പൊറൊട്ടയും ചോറും മീങ്കറിയും മാത്രം കഴിക്കുന്നവരോ? മലബാറി/മദ്രാസി ഹോട്ടലുകളില്‍ മാത്രം കയറുന്നവര്‍. പുതുമയെ, മറ്റ് സംസ്ക്കാരങ്ങളെ പേടിയുള്ളവര്‍, ബോറന്മാര്‍, ഗതികേടുകൊണ്ട് മാത്രം മറുനാട്ടില്‍ കഴിയുന്നവര്‍, ഗതികെടിനെ എഞ്ചോയബ്ള്‍ ആക്കാന്‍ അറിയാത്തവര്‍.

മസാലദോശയുടെ തടവുകാരേ, നിങ്ങള്‍ക്ക് ഹാ, കഷ്ടം. നിങ്ങള്‍ വേവിച്ച ഉരുളക്കിഴങ്ങിനോടും സവാളയോടും ഒത്തിരിക്കുന്നു. ലോകമെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങള്‍ ചുറ്റിലുമുണ്ടെങ്കിലും അവയെ നിങ്ങള്‍ കൊതിക്കുന്നുപോലുമില്ല. ഭൂമിപ്പെണ്ണിന്റെ വൈവിധ്യം അവസരം കിട്ടിയിട്ടും അറിയുന്നതുമില്ല.

23 comments:

അങ്കിള്‍ said...

'ഒണക്കമുള്ളന്‍ ‘. ഇതു തിരുവനന്തപുരത്തുകാര്‍ക്ക് അറിയാത്ത വാക്കാണ്. ഒന്നു വിശദീകരിക്കണേ. പിന്നാലെ എഴുതുന്നത് വായിക്കാന്‍ കാത്തിരിക്കുന്നു.

One Swallow said...

അയ്യോ, മുള്ളന്‍ എന്ന മീനിനെപ്പറ്റി കേട്ടിട്ടില്ലേ? അത് ഉണക്കിയത് ഒണക്ക മുള്ളന്‍. ഇംഗ്ലീഷില്‍ silver belly എന്നു പറയും. വെങ്ങാനൂരും മുള്ളനെന്നാ പറയുന്നെ എന്ന് ഒരു വെങ്ങാനൂക്കാരന്‍ ചങ്ങാതി ഇപ്പോള്‍ പറഞ്ഞു. കുറിച്ചി എന്നു തെക്കോട്ട് ചിലര്‍ പറയുന്നത് ഇതിനാണോ? കുറിച്ചി ഞങ്ങള്‍ കൊച്ചിക്കാര്‍ക്ക് മുട്ടന്‍ തെറിയാ.

പായ പോലെ വലിപ്പം കൂടിയ ഒരു മുള്ളനുമുണ്ട്. പാമുള്ളന്‍ എന്നു പറയും. എന്തായാലും ചെറിയ ഒണക്കമുള്ളന്‍ തന്നെ സൂപ്പര്‍. ചൂടുള്ള കഞ്ഞിയാണ് അതിന്റെ ആത്മസഖി.

Artist B.Rajan said...

ബംഗാളി എന്നുവിളിക്കപ്പെടുന്ന ബംഗ്ലദേശിയുടെകൂടെയോ,പച്ച എന്ന് വിളിക്കപ്പെടുന്ന
പട്ടാണികളുടെ കൂടെയോ,പാണ്ടി എന്ന് വിളിക്കപ്പെടുന്ന തമിഴന്റെ കൂടെയോ,എന്തിന്‌ ലങ്കന്‍ എന്ന് വിളിക്കപ്പെടുന്ന സിംഹളന്റെ കൂടെയോ ഇരുന്ന് അവരുടെ നാടന്‍ ഭക്ഷണം കഴിക്കാന്‍ മടുപ്പുകാണിക്കുന്ന(അപൂര്‍വമായി അ ല്ലാത്തവരുമില്ലന്നല്ല-അത്‌ ജാഡയുടെഭാഗമായാല്‍ പോലും) മലയാളിയുടെ മനശ്ശാസ്ത്രം നിഗൂഢമാണ്‌.അയിത്തവും സവര്‍ണ്ണ സ്വഭാവങ്ങളും കണ്ടു വന്ന മലയാളി ദളിതനായാലും ഈ സ്വഭാവം പ്രകടിപ്പിക്കുന്നതെന്ത്‌?
നിത്യവും മലയാളിയെപ്പോലെ കുളിക്കാത്ത, കക്കുസില്‍ വെള്ളം പോലും ഉപയോഗിക്കാത്ത സായിപ്പ്‌ പാകംചെയ്ത ഭക്ഷണം ഒരറപ്പുംകൂടാതെ വിഴുങ്ങുന്ന മലയാളിയുടെ മനശ്ശാസ്ത്രമെന്ത്‌?
തികഞ്ഞ വെജിറ്റേറിയന്‍ കുടുംബത്തില്‍ നിന്ന് 23ാ‍ം വയസ്സില്‍ ഖത്തറിലെത്തി പൊന്നാനിക്കാരന്‍ കാക്കയുടെകടയില്‍നിന്നും അറച്ചറച്ച്‌ കോഴിക്കാലിന്റെ മൊരിഞ്ഞഭാഗങ്ങള്‍ മാത്രം അടര്‍ത്തിത്തിന്ന ഞാന്‍ റാം പറഞ്ഞ വഴിയിലൂടെ പലതും കഴിച്ചു ശീലിച്ചു. മുള്ളനും കഞ്ഞിയും കണ്ടിട്ടില്ല. വീട്ടില്‍ നോണ്‍ കയറ്റാന്‍ വയസ്സായ അമ്മയും വെജിറ്റേറിയന്‍ പക്ഷക്കാരായ ഭാര്യയും മക്കളും അനുവദിക്കാത്തതുകൊണ്ട്‌ ഒണക്കമുള്ളന്‍ തേടി പറവൂര്‍ക്ക്‌ വന്നാലോ?....
(എന്നാലും പിലിപ്പൈന്‍സിന്റെ പട്ടിക്കറി എത്ര രുചിയുണ്ടെങ്കിലും കഴിക്കാനാവില്ല റാം.)

സുഗ്രീവന്‍ :: SUGREEVAN said...

അങ്ങനെ അടച്ചു പറയല്ലേ മാഷേ! രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് പോയതെന്നോ, പഠിച്ചതേ പാടൂ എന്നോ, ഗൃഹാതുരത്വം എന്നോ, മലയാളിയുടെ റിസ്ക് എടുക്കാനുള്ള മടി (റിസ്ക് കൂടുമ്പോള്‍ കോസ്റ്റും കൂടും എന്ന് പണ്ട് "പവനാഴി" പറഞ്ഞിരുന്നു) എന്നോ ഒക്കെ ചേര്‍ത്ത് ഒരു ല സാ ഗു (കടപ്പാട്: നമത്- എനിക്കീ നമതും വളിപ്പുകളും എപ്പോഴും മാറിപ്പോകും; ഈ എന്‍റെയൊരു കാര്യം!) ഉണ്ടാക്കരുതോ?

പിന്നെ ഞങ്ങളുടെ മലമൂട്ടില്‍ മുള്ളനെന്നും കുറിച്ചിയെന്നും (തെറിയായിട്ടും ഇതുപയോഗിക്കാറുണ്ടെങ്കിലും) പറയാറുണ്ട്. ചുട്ടും വറുത്തും നന്നായി ചെലുത്താറുമുണ്ട്. പ്രവാസി ചേട്ടന്‍മാര്‍ നാട്ടില്‍ വന്നിറങ്ങിയ ഉടനെ തന്നെ ഉണക്കിറച്ചി (മൂരി/പോത്ത്‌ ഇറച്ചി ഉപ്പുചേര്‍ത്ത് പുകയില്‍ ഉണക്കിയത്) വറുത്തതും ഉണക്ക മീന്‍ ചുട്ടു ചതച്ചതും (ഉണക്ക തിരണ്ടി കനലില്‍ ചുട്ടു പച്ച കാന്താരിയും കുഞ്ഞുള്ളിയും ചേര്‍ത്ത് ചിരട്ടത്തവി കൊണ്ടു ചതച്ചെടുക്കുന്നത്) കഴിക്കാന്‍ പരക്കം പായുന്നത് അവിടുത്തെ ചൈനീസും പിസ്സയും തായും മെക്സിക്കനും സുഷിയും മറ്റും കഴിക്കാത്തതു കൊണ്ടായിരിക്കില്ല. എന്തിന് UK യില്‍ നിന്നും മറ്റും വരുമ്പോള്‍ ദുബായിലെ ട്രാന്‍സിറ്റ് ഹോട്ടലിലേക്ക് കൂട്ടുകാരെക്കൊണ്ട്‌ ഷവര്‍മയും "നരകത്തിലെ കോഴിയും" കൊണ്ടു വരീക്കുന്ന എക്സ് ദുബായ് കസിന്സ് എനിക്കു ധാരാളമുണ്ട് (സമയക്കുറവും പൊതുവേയുള്ള പിശുക്കും കാരണം കൂട്ടുകാരെ പിടിക്കുന്നു). അവര്‍ ഒരു പ്രത്യേകതരം രസമുകുളങ്ങളുടെ അടിമകളാണ്.

പിന്നെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കാട്ടുപന്നി ഇറച്ചി പച്ച ഇറച്ചികളില്‍ ബെസ്റ്റ്. മ്ലാവ് (സാംബര്‍ ആണ് അംഗ്രേസി എന്ന് തോന്നുന്നു) ഇറച്ചി ഉണക്കിയതില്‍ ബെസ്റ്റ്. ഇതൊക്കെ കഴിച്ചു ശീലിച്ചവര്‍ക്ക് വേറൊന്ന് പിടിക്കാന്‍ ബുദ്ധിമുട്ടാണ് (ഇന്റര്‍നാഷണല്‍ സാക്ഷിപത്രം കാട്ടണോ?) .

എന്തൊക്കെയോ പറഞ്ഞു കാട് (എന്റെ വീട്) കേറി. സോറീണ്ടുട്ടോ! അപ്പോള്‍ താങ്കള്‍ പറഞ്ഞതെല്ലാം ശരി!
-;))

ചാരുദത്തന്‍‌ said...

ഞാനിവിടെ വരുമ്പോള്‍ ആദ്യം കാണുന്നത്, ഓയില്‍ കമ്പനിക്കാരുടെ തലമുറ പൊറോട്ടയും മസാലദോശയും കഴിച്ചു്‌, ഗ്ലാസ്സിലുള്ളത് നക്കിക്കുടിച്ചു്, വയറു മുറുക്കി പിന്‍ തലമുറയുടെ മഴക്കാലത്തിനായി അന്തമില്ലാതെ കൂട്ടിവയ്ക്കുന്നതാണ്‌.

ഇപ്പോള്‍ ഞാന്‍ കാണുന്നത് അതത്രയും അടിച്ചു പൊളിച്ചു മുടിച്ചു തേച്ചുകഴുകി ബ്ലോ അപ്പ്‌ ചെയ്തു രസിക്കുന്ന പിന്‍തലമുറക്കാരെ.

കട്ടിംഗ് റ്റു ദ ലാസ്റ്റ്‌ സീന്‍.

ഉമ്മറക്കോണില്‍ ഒടിഞ്ഞു തൂങ്ങിയ ചാരുകസേരയില്‍ എണീക്കാനാവാതെ മരവിച്ചിരിക്കുന്ന മുന്‍ ഓയിലി ഫേയ്സസ് .

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

വെളിച്ചെണ്ണയില്‍ മസാല ചേര്‍ത്ത് വറുത്തെടുക്കുന്ന ഉണക്ക് മുള്ളനും ചൂട് കഞ്ഞിയും ഞങ്ങള്‍ മലബാറുകാര്‍ക്ക് ഇപ്പോഴും ഇഷ്ടവിഭവം തന്നെ . എന്നാലും എത്രയോ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ആരേയും കൊതിപ്പിക്കാത്തതെന്തേ എന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട് . ബഹുഭൂരിപക്ഷത്തിനും ഭക്ഷണം എന്നത് ഇക്കാലത്തും വിശപ്പ് മാറ്റാനുള്ള ഉപാധി മാത്രം . ഭക്ഷണപദാര്‍ത്ഥങ്ങള്‍ നുണഞ്ഞ് ആസ്വദിച്ച് ഇറക്കുന്നവര്‍ ചുരുക്കം. ജീവിതം തന്നെ ഒരു നിയോഗം പോലെ ജീവിച്ചു തീര്‍ക്കുന്നവരെ ഭൂമിപ്പെണ്ണിന് പ്രലോഭിപ്പിക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ലെന്ന് തോന്നുന്നു.

Nachiketh said...

പ്രാദേശിക ഒരു സ്വകാര്യതയാണ്, ഏറെ കൂറെ ഇത്തിരി അഹംങ്കാരവും

One Swallow said...

രാജന്‍ജി, പട്ടിയിറച്ചി പാലൊഴിച്ച് വേവിച്ച് ആട്ടിറച്ചിയുടെ സ്വാദു വരുത്തി, അത് കറിയുണ്ടാക്കി വിറ്റിരുന്നു പറവൂരെ ചില ഹോട്ടലുകാര്‍ എന്ന് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. ധൈര്യമുണ്ടെങ്കി പോര്. [ചെമ്പില്‍ സ്വര്‍ണം ചേര്‍ത്ത് വില്‍ക്കുന്ന ഒന്നു രണ്ട് ജുവല്ലറികളുമുണ്ട്, തിരിച്ചു ചെല്ലുമ്പൊ അമ്മേം ഭാര്യേം പറ്റിയ്ക്കാം].

പുരാണകഥാപാത്രങ്ങള്‍ മൂവരും പറഞ്ഞതിനോട് യോജിപ്പാണുള്ളത്. എങ്കിലും നചികേതസ്സും സുഗ്രീവരും എന്നെ കുറച്ച് തെറ്റിദ്ധരിച്ചോന്നൊരു സംശയം. ഒണക്കമുള്ളന്റെ മുള്ളുകള്‍കൊണ്ടുണ്ടാക്കിയ അഴികളുള്ള ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ കിടക്കുന്നതിനോടുള്ള വിയോജിപ്പ് മാത്രമാണ് ഈ കുറിപ്പ്. പണ്ട് ഭഗവാന്‍ മാക്രോണി എന്ന് കഥാപ്രസംഗമുണ്ടാക്കിയതിന്റെ പിന്നില്‍ രാഷ്ട്രീയവുമുണ്ട് പുതുമയോടുള്ള പേടിയുമുണ്ട്. പരീക്ഷണകൌതുകം നമുക്കു പുറത്തും ലോകമുണ്ടെന്ന് മനസ്സിലാക്കിത്തരും. ദ അദര്‍ ഈസ് ഹെല്‍ എന്ന സാര്‍ത്രിയന്‍ വചനം ശരിയായിരിക്കാം. എങ്കില്‍ അവനനവന്‍ മറ്റുള്ളവരുടെ ഹെല്‍ ആണെന്നുകൂടി ഓര്‍ത്താല്‍ രാഷ്ട്രീയജീവിതം തുടങ്ങാം.

“അപകടകരമായി ജീവിക്കുക. അഗ്നിപര്‍വതങ്ങള്‍ക്കരികെ വീടുകള്‍ പണിയുക. ആരും കാണാത്ത സാഗരങ്ങളിലേയ്ക്ക് തോണികളിറക്കിച്ചെല്ലുക” എന്നല്ലേ കവിവചനം.

Anonymous said...

ഒരു ചേഞ്ച്‌ നു വേണ്ടി അന്യനാട്ടുകാരുടെ രുചികളൊക്കെ ഒന്നു പരീക്ഷിക്കാം എന്നല്ലാതെ നല്ല വിശപ്പ്‌ വന്നു വിളിക്കുമ്പോള്‍ കഞ്ഞിയും കപ്പയും ചമ്മന്തിയും പയറു പുഴുക്കും ബീഫ് ഉലര്‍ത്തിയതും കുടംപുളിയിട്ട ചെമ്മീന്‍ കറിയും ഒക്കെ മോഹിച്ചു പൊകുന്നതിനെ അങ്ങനെ കുറ്റം പറയാമോ റാംജി? പരദേശം എത്ര വൈവിധ്യങ്ങളുമായി പീലി വിടര്‍ത്തി പ്രലോഭിപ്പിച്ചു നിന്നാലും അമ്മയുടെ കറിക്കൂട്ടിന്റെ ഒരു മണമടിച്ചാല്‍ നാട് ഒരു തേങ്ങലായി തൊണ്ടയില്‍ കെട്ടുന്നത് നമ്മള്‍ റിസ്ക് എടുക്കാത്ത ബോറന്‍ മലയാളി പ്രവാസികളായത്‌ കൊണ്ടോ ? അതോ മഴ നില്‍ക്കാത്ത ഒരു ഇറയത്തു പുളിശ്ശേരി കൂട്ടി ഊണും കഴിച്ചു ചാരിക്കിടന്ന ഒരു ജനതയെ മുഴുവന്‍ പൊള്ളുന്ന മണല്ക്കാട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ഒരു നാടിന്‍റെ ഗതികേട് കാളകൂടം പോലെ തുപ്പാനും ഇറക്കാനും വയ്യാതെ നാം തൊണ്ടയില്‍ ചുമക്കുന്നത് കൊണ്ടോ?
ആഴ്ചയില്‍ ഒരു നേരം പുറത്തു കഴിക്കുന്നത് ഒരു luxury ആയിട്ടു കാണുന്ന middle class ഗൃഹനാഥന്‍ മാരാണ് ഇവിടെ ഭൂരിഭാഗം - അത് വായ കൊതിക്കുന്ന നാടിന്റെ രുചികള്‍ ആയിപ്പോകുന്നത് സ്വാഭാവികം. പിന്നെ റാം മോഹനെപ്പോലെ 'international tastes' ഉള്ള ഒരു ശരിയന്‍ universal മലയാളി ഇവിടെ വളര്‍ന്നു വരുന്നുണ്ട് കേട്ടോ - അവരുടെ ലോകം ഗൃഹാതിരത്വത്തിന്റെ cliches ഒന്നും ഇല്ലാതെ കൂടുതല്‍ ശാന്തമാണെന്ന് തോന്നിയിട്ടുണ്ട്. ഭാഗ്യവാന്മാര്‍!

കുഞ്ഞന്‍ said...

മാഷെ..

എന്നാപ്പിന്നെ നായ നടുകടിലില്‍ ചെന്നാലും വെള്ളം നക്കിയെ കുടിക്കുകയൊള്ളൂ എന്നുള്ളത് മാറ്റേണ്ടി വരും. അതുപോലെതന്നെ അറബികള്‍ അവരുടെ വസ്ത്ര ധാരണ രീതി ഇതുവരെ മാറ്റിയിട്ടില്ല അതും പ്രാദേശികമായ കുത്തകതന്നെ. അതുപോലെ ആഹാരത്തിന് മജ്ബുസ് കൂടിയെ തീരു അപ്പോള്‍ അതും ജാഡയുടെ ഭാഗമായിരിക്കും..!

എന്നാലും എനിക്ക് പ്രിയപ്പെട്ടത് തലമുറകളായി പകര്‍ന്നുതന്നത് തന്നെ, മാറ്റം വേണം അത് ജാഡക്കായിട്ടായിരിക്കരുത്

ഉമ്പാച്ചി said...

അടുപ്പില്‍ ചുട്ടെടുത്ത മുള്ളനോ,
അതോ നെയ്ക്കല്ലില്‍ പൊരിച്ചതോ?
കഞ്ഞി പിലാപ്പില കൊണ്ട് കുത്തിയ കൈലില്‍ തന്നെ കുടിക്കണം കെട്ടോ,
നോമ്പായിട്ടും വായില്‍ ഉപ്പു കിനിയുന്നു.
ചുട്ട പപ്പടം കൂടി കൂടിയാല്‍ ബലേ ഭേഷ്.
ഉണക്ക മത്സ്യം എന്ന് പറയുന്നവരെ ഇവിടെ കണ്ടു.
ഉണക്കമീന്‍റെ രുചി ആ മത്സ്യത്തിനില്ല,
പുഴമീന്‍റെ രുചി പുഴമത്സ്യത്തിനു കിട്ടുമോ?
പിന്നേ, മുള്ളുള്ളതിനാലല്ലേ പുള്ളി മുള്ളനായത്?

അനില്‍_ANIL said...

അങ്കിളേ, യിത് കാരല് :)

One Swallow said...

അസ്സേ (പണ്ട് നസീര്‍ വിളിച്ച പോലെ), സൌത്തിന്ത്യന്‍ ഹോട്ടലില്‍ മാത്രം കയറുകയും മസാലദോശ മാത്രം തിന്നുകയും ചെയ്യുന്ന റാം ഒന്ന് മലര്‍ന്ന് കിടന്ന് തുപ്പി നോക്കിയതാണ്. ഇന്റര്‍നാഷനല്‍ ടേസ്റ്റ് - എന്നെയങ്ക് ട് കില്ല്.

ഒരു ചേഞ്ചിനു വേണ്ടിപ്പോലും മറ്റൊരു രുചി പരീക്ഷിക്കാത്ത പരിഷകള്‍.

സൌദി ഫോറിന്‍ മിനിസ്റ്റര്‍ പാന്റും കോട്ടുമിട്ട് കോണ്ടലീസാ റെയിസിന്റെ അടുത്തിരിക്കുന്ന ഫോട്ടം കണ്ടു ഇന്നത്തെ പത്രത്തില്‍.

24 മണിക്കൂറും ഗതികേടാണെങ്കില്‍ 23 മണിക്കൂറും ആ ഗതികേട് മാറ്റാന്‍ ശ്രമിച്ചു നോക്കാം. എന്നിട്ടും നടന്നില്ലെങ്കില്‍ 59 മിനിറ്റു കൂടി ശ്രമിച്ചു നോക്കാം. എന്നിട്ടും പറ്റിയില്ലെങ്കില്‍ 59 സെക്കന്റു കൂടി ശ്രമിച്ചു നോക്കാം. എന്നിട്ടും പറ്റിയില്ലെങ്കില്‍ ബാക്കിയുള്ള ഒരു സെക്കന്റ് നേരത്തേയ്ക്ക് ആ ഗതികേട് ഒന്ന് എഞ്ചോയ് ചെയ്യാന്‍ ശ്രമിച്ച് നോക്കിയാട്ടെ.

Sarija N S said...

:) പരീക്ഷിക്കാറുണ്ട്. പക്ഷെ വീണ്ടും പഴയതിലേക്കു തന്നെ തിരിച്ചു പോകും. എന്താണോ എന്തൊ

കൊള്ളികണക്കന്‍ said...

ഒണക്കമുള്ളനും കഞ്ഞിയും ഇന്നു ഗൃഹാതുരതയുടെ വിഭവമാണ്. ഒണക്കമുള്ളന്‍് പൊരിക്കുമ്പോള്‍് മു‌ക്കിലേക്ക് അടിച്ചു കയറുന്ന ഗ്രാമീണഗന്ധം ഒരു മലയാളിക്കും മറക്കാവില്ല. ഇന്ന്‍ പ്രവാസകൂടിലേക്ക് ചേക്കേറിയ ഓരോ മലയാളിയുടെയും ഭക്ഷണത്തിലേക്ക് മക്ഡൊണാള്ഡ്സും കെന്റകി ഫ്രൈഡ് ചിക്കനും കയറിവന്നതോടെ ഒണക്കമുള്ളനും കഞ്ഞിയും ആര്ക്കും വേണ്ടാത്ത വിഭവമായി ഓര്‍മയില്‍ ചില്ലിട്ട് അടച്ചൂവെക്കാനെ എല്ലാവര്‍്ക്കും തല്പര്യമുള്ളൂ..

കൊള്ളികണക്കന്‍ said...

ഒണക്കമുള്ളനും കഞ്ഞിയും ഇന്നു ഗൃഹാതുരതയുടെ വിഭവമാണ്. ഒണക്കമുള്ളന്‍് പൊരിക്കുമ്പോള്‍് മു‌ക്കിലേക്ക് അടിച്ചു കയറുന്ന ഗ്രാമീണഗന്ധം ഒരു മലയാളിക്കും മറക്കാനാവില്ല. ഇന്ന്‍ പ്രവാസകൂടിലേക്ക് ചേക്കേറിയ ഓരോ മലയാളിയുടെയും ഭക്ഷണത്തിലേക്ക് മക്ഡൊണാള്ഡ്സും കെന്റകി ഫ്രൈഡ് ചിക്കനും കയറിവന്നതോടെ ഒണക്കമുള്ളനും കഞ്ഞിയും വേണ്ടാത്ത വിഭവമായി ഓര്‍മയില്‍ ചില്ലിട്ട് അടച്ചൂവെക്കാനെ അവര്‍ക്കൊക്കെ താല്പര്യമുള്ളൂ..

ജിവി said...

പത്തും ഇരുപതും വര്‍ഷം ദുബായില്‍ ജീവിച്ചിട്ടും പിസ്സയും പാസ്തയും ഡോനട്ടും എന്തിന് ഗ്രില്‍ഡ് സാധനം എന്തെന്ന് പോലും അറിയാത്തവരോട് സഹതാപമേ തോന്നിയിട്ടുള്ളൂ. വീട്ടില്‍ നാടന്‍ ഭക്ഷണം മാത്രം വെക്കുന്ന, കഴിക്കുന്ന ഞാന്‍ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ അന്യദേശക്കാരുടെ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിലാണ് പോകാറുള്ളത്. വമ്പന്‍ ഹോട്ടലുകളിലല്ല.(അതിനുള്ള പണം ഇല്ല) അന്യദേശക്കാരന്‍ സാധാരണക്കാരന്‍ കഴിക്കുന്ന സാധാരണ റസ്റ്റോറന്റുകളില്‍.

അതില്‍ ഒരു ജാഡയുമില്ല. ഒരു ചെയ്ഞ്ചിന് കഴിക്കാന്‍ നല്ലതാണ്. അത് മറ്റൊരു സംസ്കാരത്തെ അറിയലാണ്. സ്വയം മനസ്സിനെ വലുതാക്കാനുള്ള ഒരു ശ്രമവുമാണ്.

നൊസ്റ്റാള്‍ജിയയും ഒരു ജാഡയായ മലയാളിയുടെ ‘നാലുകെട്ടു‘കളിലും ‘ഊട്ടുപുര‘കളിലും പോയും കഴിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ അന്യദേശഭക്ഷണശാലകളിലേക്കാള്‍ കൂടുതല്‍ ചെലവാകുകയും ചെയ്തു, മലയാളിയായതില്‍ ഒരു ചെറീയ ആത്മപുച്ഛം തോന്നുകയും ചെയ്തു.

സിമി said...

ഞാന്‍ വേവിക്കാത്ത (പച്ച) ബീഫ് വരെ തിന്നിട്ടുണ്ട്. പിന്നാ.

അനൂപ് തിരുവല്ല said...

:)

എതിരന്‍ കതിരവന്‍ said...

തമിഴന്റെ ഇഡ്ഡലിയും ദോശയും സാമ്പാറും സായിപ്പിന്റെ കാപ്പിയും ചായയും തിന്നും കുടിച്ചും നടക്കുന്ന എന്നോടാണോ? വടക്കന്റെ ഉരളക്കിഴങ്ങും ക്യാബേജും കോളിഫ്ലവറും കൂട്ടാന്‍ വയ്ക്കുന്ന എന്നോടാണോ? ആന്ധ്രയില്‍ നിന്നും വന്ന വത്തല്‍മുളകു കടുകുവറക്കുന്ന എന്നോട്? തട്ടുകടക്കള്‍ വരുന്നതിനുമുന്‍പ് ചൈനീസ് ഫുഡ് മാത്രം കിട്ടിയിരുന്ന പാലായില്‍ നിന്നും വരുന്ന എന്നോട്? മുണ്ടിനു മേല്‍ ജൂബയിട്ട് ഓണാഘോഷത്തിനു പോകുന്ന എന്നോട്? ഒന്നു ചുമ്മായിരി അസ്സേ.

ഒരു നമ്പൂതിരി wit:
“ഉണ്ണി നമ്പൂരി കോടി ഉടുക്കുന്നില്ല, കടയില്‍ നിന്നും വാങ്ങിയ മല്‍മല്‍ മുണ്ട് ഉടുത്തു”

“ഉവ്വോ? ഇനി അവന്‍ അവിയലും കൂട്ടിത്തുടങ്ങുമായിരിക്കും”.

കടവന്‍ said...

best കണ്ണാ...best

One Swallow said...

എതിരനേ, ആ പറഞ്ഞതെല്ലാം ഗതികേടുകൊണ്ട് ചെയ്യുന്നതാ. ചോയ്സ് എന്ന നിലയില്‍, വിദേശത്തനിമയുള്ള ഒരു വിഭവം വിദേശിയുടെ മാളത്തില്‍പ്പോയി വിദേശിസ്വാദില്‍ വിദേശി പാകം ചെയ്ത് വിദേശി വിളമ്പി തരുന്നത് കഴിക്കാന്‍ ചാന്‍സു കിട്ടിയിട്ടും അപരിചിതമായതിനോടുള്ള ഭയം നിമിത്തം ഒരിക്കല്‍പ്പോലും ഒന്ന് പരൂക്ഷിക്കാ‍തെ വിട്ട് കളയുന്ന അറുബോറനല്ല ആ ബോറന്‍.

One Swallow said...

എതിരനേ, ആ പറഞ്ഞതെല്ലാം ഗതികേടുകൊണ്ട് ചെയ്യുന്നതാ. ചോയ്സ് എന്ന നിലയില്‍, വിദേശത്തനിമയുള്ള ഒരു വിഭവം വിദേശിയുടെ മാളത്തില്‍പ്പോയി വിദേശിസ്വാദില്‍ വിദേശി പാകം ചെയ്ത് വിദേശി വിളമ്പി തരുന്നത് കഴിക്കാന്‍ ചാന്‍സു കിട്ടിയിട്ടും അപരിചിതമായതിനോടുള്ള ഭയം നിമിത്തം ഒരിക്കല്‍പ്പോലും ഒന്ന് പരൂക്ഷിക്കാ‍തെ വിട്ട് കളയുന്ന അറുബോറനല്ല ആ ബോറന്‍.

Related Posts with Thumbnails