
വീക്കെൻഡ് കഴിഞ്ഞുള്ള ആദ്യ വർക്കിംഗ് ഡേ രാവിലെ പാടാനുള്ള പാട്ടാണ് ‘എന്തിനു വേറൊരു സൂര്യോദയം’. ഉറയൊഴിയ്ക്കാത്ത പാൽ ഉറയൊഴിച്ച പാലിനോട് പാടാനുള്ളത്: ‘പിരിഞ്ഞു പോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ’. മന്ത്രിയുടെ വിവാഹനാൾ പാടാനുള്ളത്: മന്ത്രിയ്ക്കും മധുവിധു രാത്രീ...
ഈ വളിപ്പുകളത്രയും ഒറ്റയടിയ്ക്കോർത്തത് ഒരു തകർപ്പൻ വെബ് സൈറ്റിൽ പോയപ്പോളാണ്. നിങ്ങൾക്ക് പ്രിയമുള്ളതാകാൻ സാധ്യതയുള്ള എല്ലാ സൈറ്റുകളിലേയ്ക്കുമുള്ള ഹൈപ്പർലിങ്കുകൾ നിരക്കുന്ന ഒരു സൈറ്റാണിത്. ആ സൈറ്റിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക. വിത്സന്റെ കവിതയിൽ പറയുന്ന ജാതി ‘എല്ലാ പെണ്ണുങ്ങളും’ നിരന്നുനിൽക്കുന്ന ഒരു സൈറ്റ്.
സൈറ്റിന്റെ മുദ്രാവാക്യമാണ് അതിലും സൂപ്പർ - 'Why Search?' എന്നതാണ് ആ മുദ്രാവാക്യം. എന്തൊരു ആത്മവിശ്വാസം! എങ്കിലും അത് അതിരുവിടുന്നില്ല. തൊട്ടടുത്തു തന്നെയുണ്ട് ഗൂഗ്ൾ സെർച്ച് ബോക്സ്. വിനയവും അഹങ്കാരവും സമാസമം ചേർത്ത കിടിലൻ യാഥാർത്ഥ്യബോധം എന്നല്ലാതെ എന്തുപറയാൻ. ‘എന്തിനു സെർച്ച്’ എന്ന ആ ചോദ്യമാണ് ‘എന്തിനു വേറൊരു സൂര്യോദയം?’ എന്ന ചോദ്യം ഓർമിപ്പിച്ചത്.
ഞങ്ങൾ അഡ്വർടൈസിംഗുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഗൂഗിളിന്റെ അതീവലളിതസുന്ദരമായ ഹോം പേജാണ് ഇന്ന് ലോകത്തെ ഏറ്റവും പോപ്പുലറായ, പവർഫുളായ മീഡിയം. എത്ര കോടി സന്ദർശകരായിരിക്കും ഒരു ദിവസം, അല്ല ഒരു നിമിഷം, അവിടെ വന്നുപോകുന്നത്? എങ്കിലും മറ്റൊരു കമേഴ്സ്യൽ മെസേജും പരസ്യവും തൊടീയ്ക്കാതെ ആ പേജിന്റെ ബില്യൺ ഡോളർ കന്യകാത്വം ഗൂഗ്ൾ കിടാവ് കാത്തുപോരുന്നു. ഗൂഗ്ലിനെ കമേഴ്സ്യൽ പരവേശക്കാരി എന്നു വിളിയ്ക്കുന്നവർ ഇതോർക്കുന്നത് നന്ന്.
പെരുന്നാളിനും പൂരത്തിനുമെല്ലാം ലോഗോ കൊണ്ടുള്ള കളികൾ ഗൂഗ്ല് കളിയ്ക്കുന്നു എന്നത് വേറെ കാര്യം. അങ്ങനെ ലോഗോയുടെ സോ കാൾഡ് വിശുദ്ധിയും ഗൂഗ് ൾ തിരുത്തിയെഴുതി. ഒരിയ്ക്കൽ മാത്രം ഇവിടെ ഗൂഗ് ൾ മറ്റൊരു ബ്രാൻഡിനെ കൊണ്ടുവന്നു. എന്നു കരുതി പണം വാങ്ങി എന്നർത്ഥമില്ലാതാനും. കഴിഞ്ഞ ജനുവരി 28-ന് ഗൂഗ് ൾ ഹോം പേജിൽ പോയവർക്കറിയാം [ഗൂ ഗ് ളിന്റെ ഹോം പേജിൽ പോകാത്ത ഒരു ദിവസമോ, ഒരു മനുഷ്യനോ, നിങ്ങളെന്ത് മനുഷ്യദിവസമാണ് ഹേ!] അന്ന് അമ്പതാം വാർഷികാമാഘോഷിച്ച ലോകപ്രശസ്ത കളിപ്പാട്ടക്കമ്പനിയായ ലെഗോയുടെ ബിൽഡിംഗ് ബ്ലോക്കുകൾ കൊണ്ടാണ് അന്നത്തെ ഗൂഗ് ൾ ലോഗോ പ്രദർശിപ്പിക്കപ്പെട്ടത് എന്ന്. ലെഗോയുമായുള്ള ഗൂഗ് ളിന്റെ പ്രണയവിവരങ്ങൾ ഇവിടെ.
എന്നു കരുതി ഗൂഗ് ളാണ് ലോകത്തിന്റെ അറ്റം എന്നർത്ഥം വരുമോ? ക്രിയേറ്റിവിറ്റിയുടെ കുഞ്ഞുതീപ്പെട്ടിക്കൊള്ളികൾക്ക് ഭീമൻ വയ്ക്കോലുണ്ടകളെ തീവെയ്ക്കാൻ കഴിയില്ലേ?