
ഇന്നലെ ഫൈസല്‍ പറഞ്ഞു തന്ന ഒരു മിനിക്കഥ. ഫൈസലിനോട് പണ്ടാരോ പറഞ്ഞതാണ്.
ഒരാള്‍ ചെരിപ്പു വാങ്ങാന്‍ ഒരു കടയില്‍ച്ചെന്നു. കടക്കാരന് അയാളുടെ കാല് നോക്കിയിട്ട് സൈസ് ഏഴിലുള്ള ചെരിപ്പുമായി വന്നു. “എനിക്ക് ഇതിലും ചെറിയ സൈസിലുള്ളതാണ് വേണ്ടത്,” അതൊന്ന് ഇട്ടു നോക്കുന്നതിനു മുന്‍പു തന്നെ ചെരിപ്പു വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു.
കടക്കാരന് അതു വിശ്വസിച്ചിട്ടല്ലെങ്കിലും സൈസ് ആറിലുള്ള ചെരിപ്പെടുത്തു കൊണ്ടു വന്നു. വാങ്ങാന്‍ വന്നയാള്‍ അതും അളവു നോക്കാന്‍ കൂട്ടാക്കിയില്ല. “എനിക്ക് ഇതിനേക്കാള്‍ ചെറിയ സൈസാണ് വേണ്ടത്,” അയാള്‍ പറഞ്ഞു.
ചിരി വന്നെങ്കിലും അതൊതുക്കി കടക്കാരന് സൈസ് അഞ്ചിലുള്ള ചെരിപ്പും കൊണ്ടു വന്നു. “ഇതല്ല, അടുത്ത ചെറിയ സൈസ് കൊണ്ടു വരൂ”, വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു. “ഈ ചെരിപ്പ് ഇയാള്‍ക്കു തന്നെയായിരിക്കുമോ? അതോ മകനോ” എന്ന് ആശ്വസിയ്ക്കാന്‍ ശ്രമിച്ച് കടക്കാരന് നാല് സൈസിലുള്ള ചെരിപ്പുമായി വന്നു.
വാങ്ങാന്‍ വന്നയാളോ - അയാള്‍ വളരെ ബുദ്ധിമുട്ടി അയാളുടെ ഏഴ് സൈസിലുള്ള പാദങ്ങള്‍ രണ്ടും നാല് സൈസിലുള്ള ആ ചെരിപ്പുകളിലേയ്ക്ക് തിരുകിക്കയറ്റി, പണമെടുത്ത് നീട്ടി. അയാളുടെ പാദങ്ങളില്‍ നിന്ന് ഇപ്പോള്‍ ചോര വരും എന്ന് തോന്നിച്ചു, കണ്ണുകളും നിറയാന്‍ തുടങ്ങിയിരുന്നു.
“ഇതെന്തിനാ ഈ സൈസ് വാങ്ങുന്നത്, ഞാന്‍ വിചാരിച്ചു മറ്റാര്‍ക്കോ വേണ്ടിയായിരിക്കുമെന്ന്...” കടക്കാരന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“എന്തിനാ ഈ സൈസ് വാങ്ങുന്നതെന്നോ? വീട്ടില്‍ അച്ഛന് ഭ്രാന്താണ്. അമ്മ തളര്‍വാതം പിടിച്ച് കിടക്കുന്നു. കുറ്റവാളിയായ സഹോദരന് ജയിലിലാണ്. എന്റെ ജോലി പോയിട്ട് മാസം ആറായി. മക്കളുടെ ഫീസ് മുടങ്ങി പഠനം പ്രശ്നമായതുപോട്ടെ, അവര്‍ക്ക് മര്യാദയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള അവസ്ഥപോലുമില്ല. ഇതിന്റെയെല്ലാം നടുവില്‍ പാവം ഭാര്യയാകട്ടെ അടുത്തവീട്ടുകാരനുമായി സ്നേഹബന്ധത്തിലുമായി. അങ്ങനത്തെ ഒരു വീട്ടിലേയ്ക്ക് ഈ ചെരിപ്പുമിട്ട് തന്നെ ചെല്ലണം. എന്നിട്ട് ഇതൊന്ന് ഊരിവെയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട് സര്”.