Wednesday, November 23, 2011

ഹോര്‍ലിക്സ് മുഴുവനും അലിഞ്ഞു ചേരാന്‍


ശങ്കുണ്യാമ

ശങ്കുണ്യാമയാണ് ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ഒരനുഭവം തന്നത്. ജന്മനാ രണ്ടു കാലും ശോഷിച്ചിരുന്ന ആ‍ളായിരുന്നു ശങ്കുണ്യാ‍മ. പോരാത്തതിന് രണ്ട് പാദങ്ങളും അകത്തേയ്ക്ക് ചുരുണ്ടിരുന്നു.  നാലുകാലിലായിരുന്നു നടപ്പ്. കൈകളിലായിരുന്നു ചെരിപ്പ്. സാധാരണ ചെരുപ്പല്ല - മുട്ടിച്ചെരിപ്പ്. ശങ്കുണ്യാമക്കു വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന ചെരിപ്പ്. ഈ വൈകല്യം കാരണം ആള് സ്കൂളിന്റെ പടി കണ്ടില്ല.കല്യാ‍ണവും കഴിച്ചില്ല.  എങ്കിലും കായ്കറി കൃഷി, അക്ഷരശ്ലോകം, ചെറിയ വൈദ്യം, ദഹണ്ണം, നീന്തല്‍ എന്നിവകളാല്‍ ജീവിതം മുഴുവന്‍ ആ‍ക്റ്റീവായിരുന്നു. 

“നമക്ക് നേന്ത്രവാഴ നടാന്‍ ഒരു സ്ഥലം ശരിയാക്കാനുണ്ട്, നീയെന്റെ കൂടെ വാ,” അമ്മവീട്ടില്‍ വെക്കേഷനു പോയി നിന്ന കുട്ടിക്കാലത്തെ ഒരു ദിവസം, ഉച്ചരിഞ്ഞ ഒരു സ്വര്‍ണവെയില്‍ സമയം, ശങ്കുണ്യാമ എന്നെ വിളിച്ചു.  ഞാന്‍ ശങ്കുണ്യാമയുടെ പിന്നാലെ മെല്ലെ നടന്നു. ചെറിയ ഭാരങ്ങളുണ്ടെങ്കില്‍ അങ്ങനെ നാലു കാലില്‍ നടക്കുമ്പോള്‍ പുള്ളിക്കാരന്‍ അത് സ്വന്തം പുറത്തു തന്നെയിടും. അന്നും കണ്ടു പുറത്ത് അങ്ങനെ ഒരു ചെറിയ പൊതി. [ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുന്നതിനു മുമ്പ് ആത്മഹത്യ ചെയ്ത ഒരാളെപ്പറ്റിയുള്ള പത്രവാര്‍ത്ത പില്‍ക്കാലത്തൊരിക്കല്‍ ഞാന്‍ ശങ്കുണ്യാമയുടെ പഴഞ്ചന്‍ രാമായണത്തിന്റെ പേജ് മാര്‍ക്കാറായി കണ്ടെടുത്തിരുന്നു]. പറമ്പിന്റെ പടിഞ്ഞാറേ അതിര്‍ ഭാഗത്തേക്കായിരുന്നു ഞങ്ങള്‍ പോയത്. പണിക്കാരാരും വന്നിട്ടില്ലല്ലൊ, പിന്നെങ്ങനെയാ നേന്ത്രവാഴക്കൃഷിക്ക് സ്ഥലം തയ്യാറാക്കുക? എനിക്കത്ഭുതമായി. “നീ വാ, ഞാന്‍ കാണിച്ചരാം” ശങ്കുണ്യാമ ചിരിച്ചു. എന്നിട്ട് പുറത്തിട്ടിരുന്ന പൊതിയെടുത്ത് തുറന്നു. അത് കല്ലുപ്പായിരുന്നു. എന്നോട് അതെടുത്ത് അവിടം മുഴുവന്‍ വാരി വിതറാന്‍ പറഞ്ഞു. ചെറിയ ചെടികള്‍ മാത്രം വളര്‍ന്നു നിന്ന ഒരു ചെരിവായിരുന്നു അത്. നല്ല കടുത്ത ചെങ്കല്‍പ്പാറ. അവിടെ നേന്ത്രവാഴ നടണമെങ്കില്‍ ഒരാഴ്ചക്കാലം അഞ്ചാറു പേര് കിളച്ചു മറിക്കുകയോ ചെങ്കല്ല് ബ്രിക്ക് ബ്രിക്കായി വെട്ടിയെടുക്കുകയോ വേണമായിരുന്നു. അതൊന്നും ചെയ്യാതെ കുറച്ച് കറിയുപ്പ് അവിടെയെല്ലാം വിതറിയിട്ടെന്തു കാര്യം? “ബാ, നമക്ക് പോവാം’’, ശങ്കുണ്യാമ തിരിച്ചു നടന്നു. അത്രേയുണ്ടായിരുന്നുള്ളു മണ്ണ് തയ്യാറാക്കല്‍. 

നാലഞ്ചുമാസം കഴിഞ്ഞ് മറ്റൊരു വെക്കേഷന് ഞാന്‍ ചെന്നപ്പോള്‍ അവിടെയെല്ലാം നേന്ത്രവാഴപ്പെണ്‍കിടാങ്ങള്‍ വാഴക്കൂമ്പിന്റെ നിറമുള്ള ഹാഫ് സാരിത്തുമ്പുകളുമാട്ടി  നാണിച്ചു നില്‍ക്കുന്നു. തടമെടുക്കാന്‍ മാത്രമേ പണിക്കാരെ വിളിച്ചുള്ളത്രെ. അപ്പോള്‍ ചെങ്കല്‍പ്പാറ? അവിടെ വിതറിയ ഉപ്പുങ്കല്ലുകള്‍ കാലക്രമത്തില്‍ അലിഞ്ഞിറങ്ങി ആ ചെങ്കല്‍പ്പാറയെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ആ ചെരിവ് നിലം പറ്റി, നല്ല പശിമയുള്ള വെറും ചെമ്മണ്ണായി മാറിയിരുന്നു. 

നമ്മളേക്കാള്‍ തണ്ടും തടിയുമുള്ള ശത്രുക്കളെ തോല്‍പ്പിക്കാന്‍, അവരറിയാതെ അവരുടെ സൈക്കിളിന്റെ സീറ്റ് ഊരി, സീറ്റുറപ്പിക്കുന്ന ഇരുമ്പുകുഴലിലേയ്ക്ക് കുറച്ച് കല്ലുപ്പ് ഇട്ടാല്‍ മതി എന്ന്‍ കുറേക്കാലം കഴിഞ്ഞ് കേട്ടപ്പോള്‍ അത് വിശ്വസിക്കാനായത് കല്ലുപ്പിന്റെ ആ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന നേരത്തേ അറിയാമായിരുന്നതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ വെച്ച് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം, അസ്ഥിപോലും ബാക്കിയാകാതെ നശിപ്പിച്ചത്, പഞ്ചസാര കൂട്ടി കത്തിച്ചിട്ടായിരുന്നു എന്നു കേട്ടപ്പോള്‍ ഞെട്ടാതിരുന്നതും കുട്ടിക്കാലത്തെ ആ പാ‍ഠത്തിന്റെ ക്രൂരമായ സ്വാദ് മനസ്സിന്റെ നാക്കില്‍ ഉണ്ടായിരുന്നതുകൊണ്ടു തന്നെ. മാവിന്‍വിറക് ഉപയോഗിക്കുന്ന രീതിക്ക് പകരമുള്ള സ്ഫുടം എന്നറിയപ്പെടുന്ന ശവസംസ്കാരരീതിയില്‍ പഞ്ചസാര വിതറുന്നത് ആത്മാവിന് മധുരിക്കാനല്ലെന്നും ആരും പറഞ്ഞു തരാതെ തന്നെ ശങ്കുണ്യാമ അന്നെന്നെ പഠിപ്പിച്ചു.

ഹോര്‍ലിക്സ് എന്നു പറഞ്ഞാല്‍ നീയെന്നെ പെറ്റി ബൂര്‍ഷ്വാ എന്നു വിളിച്ച് പുച്ഛിക്കുമോ എന്റെ ഹെര്‍ക്കുലീസ് ത്രീയെക്സ് ഡ്രിങ്കുകാരാ? ഡ്രിങ്കുണ്ടാക്കുമ്പോള്‍ ഹോര്‍ലിക്സ് മുഴുവന്‍ അലിഞ്ഞു ചേരാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ - മഗ്ഗില്‍ ഹോര്‍ലിക്സും പഞ്ചസാരയുമിട്ട് ഒരു സ്പൂണുപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക [ഒരു തുള്ളി പോലും വെള്ളമോ പാലോ തൊടീയ്ക്കാതെ!]. ആ ഖരമിശ്രിതത്തിലേയ്ക്ക് തിളപ്പിച്ച പാലോ വെള്ളമോ പകരുക. തരി പോലും കട്ടപിടിക്കാത്ത നല്ല രസികന്‍ ഹോര്‍ലിക്സ് തയ്യാര്‍. 

ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുമോ എന്ന് ഭയന്നിരുന്നെങ്കിലും ശങ്കുണ്യാമ ഭാഗ്യവാനായിരുന്നു. അധികമാരെയും ബുദ്ധിമുട്ടിക്കാതെ തൊണ്ണൂറു വയസ്സോളം ജീവിച്ച് 2006-ല്‍ ആള് സ്വാഭാവിക മരണം വരിച്ചു. വെറും സ്വാദുകള്‍ എന്ന മട്ടില്‍ നിരുപദ്രവികളായി ചമഞ്ഞുകൊണ്ട് ഉപ്പും  പഞ്ചസാരയും നമ്മെ വഞ്ചിക്കുന്ന വഞ്ചനകളെപ്പറ്റി ആലോചിക്കുമ്പോഴൊക്കെയും ഞാന്‍ ശങ്കുണ്യാമയേയും ഓര്‍ക്കുന്നു.

18 comments:

Unknown said...

memmorieis remeberable with gr8 lersons

jaikishan said...

സ്വാദ്‌ ,മാട്‌ ബാധ എന്നൊക്കെ പറഞ്ഞിരിക്കാതെ വല്ലതുമൊക്കെ എഴുത് എന്റെ ആശാനെ .വായനസുഖമോളോതൊക്കെ വായിച്ചിട്ട് കാലമേറെ ആയി

Baiju Elikkattoor said...

"[ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുന്നതിനു മുമ്പ് ആത്മഹത്യ ചെയ്ത ഒരാളെപ്പറ്റിയുള്ള പത്രവാര്‍ത്ത പില്‍ക്കാലത്തൊരിക്കല്‍ ഞാന്‍ ശങ്കുണ്യാമയുടെ പഴഞ്ചന്‍ രാമായണത്തിന്റെ പേജ് മാര്‍ക്കാറായി കണ്ടെടുത്തിരുന്നു]".

!

African Mallu said...

its not just the matter of sugar and salt somewhere read that its better to avoid most white coloured food substances or additives.

ശാരദക്കുട്ടി said...

nalla vaayana..

ശ്രീനാഥന്‍ said...

സുഖകരമായി വായന. വെറുതെയല്ലല്ലേ നീ ഭൂമിയുടെ ഉപ്പാകുന്നു എന്നൊക്കെ പറയുന്നത്!

sajang said...

Good read...congrats
sajan

Unknown said...

maamante marumon thanne. naalukaalil nadappum muthukath uppum thurannitta valippum. blogezzhuthinte kaatupullu niranja chenkal kunnil itha oru njaalippoovan kulachu nilkkunnu!

G.MANU said...

മാഷേ...സ്വാദ് നിറയുന്നു മനസിലും കണ്ണിലും.....

Unknown said...

ശങ്കുണ്ണി മാമയെ ഇഷ്ടപ്പെട്ടു. പക്ഷെ ആള്‍ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ..ഒരു...!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇത് പോലെ പ്രയോജനകരമായ എത്രയോ നാട്ടറിവുകള്‍ അതിന്റെ ഉടമകല്‍ക്കൊപ്പം മണ്ണോടു ചേരുന്നു ,ഹോര്‍ലിക്സ് അലിയാനുള്ള വിദ്യയും എന്നെ വല്ലാതെ രസിപ്പിച്ചു

Rammohan Paliyath said...

ശര്‍ക്കരയും ചുണ്ണാമ്പും മണലും ചേര്‍ത്താണ് മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയിരിക്കുന്നതെന്ന് വായിച്ചപ്പോള്‍ പിന്നെയും പേടി തോന്നുന്നു - കരിമ്പിനെ തൃണവല്‍ഗണിക്കരുത്, അല്യോ?

Philip Verghese 'Ariel' said...

ശങ്കുണ്യാമയുടെ കഥ നന്നായിരിക്കുന്നു

disablility is not a liability എന്ന് ശങ്കുണ്യാമ തെളിയിച്ചിരിക്കുന്നു
ഇത്തരം അനേക ധീരന്മാരേ ക്കൊണ്ട് നിറഞ്ഞ ഒരു ചരിത്ര
പുസ്തകം നമുക്ക് മുന്നില്‍ ഉണ്ടല്ലോ. എന്നത് എത്ര ആശ്വാസം
കൈകാലുകള്‍ സ്വാധീനം ഇല്ലെങ്കിലും ശങ്കുണ്യാമ മറ്റുള്ളവര്‍ക്കൊരു
ബാധ്യത ആകാതെ ജീവിതം ജീവിച്ചു തീര്‍ത്തു.
നല്ലൊരു മാതൃക ശങ്കുണ്യാമ കാട്ടി
അത് വളരെ ചാതുര്യത്തോടെ രാം മോഹന്‍ ഇവിടെ അവതരിപ്പിച്ചു.
തല വാചകം ഇങ്ങനെ ആക്കിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.
"ശങ്കുണ്യാമയുടെ കഥ അഥവാ 'ഹോര്‍ലിക്സ് മുഴുവനും അലിഞ്ഞു ചേരാന്‍' "
വീണ്ടും വരാം
ഫിലിപ്പ് ഏരിയല്‍

Unknown said...

നല്ല എഴുത്ത്..
ശങ്കുണ്ണ്യാമയുടെ ചിത്രണം പൂര്‍ണ്ണത കൈവരിക്കുന്നു, അഭിനന്ദനങ്ങള്‍

Anonymous said...

നര്‍മവും നന്മയും ഉള്ള എഴുത്ത് സുഹൃത്തേ.

vkn.blogspot.com

kunjila mascillamani said...

ഹമ്മേ! ഗംഭീരമായിട്ട്ണ്ട്.

അഷ്‌റഫ്‌ സല്‍വ said...

ഇഷ്ടപ്പെട്ടു

E. Harikumar said...

ഇതില്‍ ഹോര്‍ലിക്സും പഞ്ചസാരയും വിദ്യമാത്രമേ എനിക്കറിയു. എന്‍റെ അറിവ് എത്ര തുഛം !

Related Posts with Thumbnails