
'ഒരിക്കല്‍ രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. ഒരു ചേച്ചിയും അനിയത്തിയും...' അങ്ങനെ പറഞ്ഞാല്‍ അത് അതീവകാല്പനികമായിപ്പോവും. സത്യത്തില്‍ സംഭവിച്ചത് അതിലും ക്രൂരമായാണ്. 18-20 കോടി സഹോദരങ്ങള്‍. എന്നുപറഞ്ഞാല്‍ ചേച്ചിയും അനിയത്തിയുമല്ല, കൂടപ്പിറപ്പുകള്‍. ഇരട്ടകളെപ്പോലെ ഒരുമിച്ച് ഉയിരെടുത്ത കൂടപ്പിറപ്പുകള്‍. ആകെയുള്ള ഒരു വേക്കന്‍സിക്കായി മത്സരിക്കാന്‍ വിധിക്കപ്പെട്ട കൂടപ്പിറപ്പുകള്‍. നടക്കാനും അല്ല അവര്‍ ഇറങ്ങിയത്, നീന്താനാണ്. അച്ഛനില്‍നിന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കുള്ള ഫ്രീസ്‌റ്റൈല്‍ നീന്തല്‍മത്സരം.
അതില്‍ ഒരാള്‍ക്കുമാത്രം നിയമനം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തുസംഭവിച്ചെന്നോ? 'സഹോദരാ, നീയെന്നെ മറന്നല്ലോ' എന്ന പായ്യാരച്ചോദ്യം ചോദിക്കാന്‍പോലും ഒരാളും ബാക്കിയുണ്ടായില്ല. അതിനുമുമ്പുതന്നെ സ്വാര്‍ഥതയുടെയും ഹിംസയുടെയും പരമോന്നത അനീതിപീഠത്തില്‍ അവരോരുത്തരും പിടഞ്ഞുവീണ് മരിച്ചു.
ജനിക്കുന്നതിനുമുമ്പേയുള്ള ഭ്രാതൃഹത്യകള്‍. നിസ്വാര്‍ഥതയില്‍ കെട്ടിപ്പൊക്കിയ ഇസങ്ങളെ മുന്‍കൂട്ടി പരാജയപ്പെടുത്തുന്ന ബയോളജിക്കല്‍ സ്വാര്‍ഥതകള്‍.
അങ്ങനെ രവി ചാര്‍ജെടുത്തു. കുഞ്ഞാമിന, അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, തിത്തിബിയുമ്മ, കുപ്പുവച്ചന്‍, നാരായണി, ചെതലി, യാക്കരത്തോട്... എന്തിനധികം പറയുന്നു?
തസ്രാക്ക് എന്നപോലെ ഹിംസ്രാക്ക് എന്നായിരുന്നു യഥാര്‍ഥത്തില്‍ ആ സ്ഥലത്തിന്റെയും പേര്. പിന്നെ ദയാലുവും സ്‌നേഹസമ്പന്നനുമായ കവിയെപ്പോലെ നമ്മളും അതിന്റെ തീവ്രത കുറച്ച് ഹിംസാക്ക് എന്നാക്കിയതാണ്.
ജീവനോടെ ആരും ഇതുവരെ അതിന്റെ പുറത്തുകടന്നിട്ടില്ല.
3 comments:
അനർഹാഭ്യസ്ത വിദ്യൻ
ശ്ശോ.തല പെരുക്കുന്നല്ലോ.
അസ്സലായി
Post a Comment