Thursday, November 29, 2012

റീസൈക്ക്ള്‍

മരിച്ചു ചെല്ലുന്ന
മനുഷ്യമ്മാരുടെ
മനസ്സെടുത്തത്രെ
അടുത്ത ബാച്ചിലെ
ശുനകന്മാര്‍ക്കവന്‍
ചമപ്പൂ വാലുകള്‍.
അതുകൊണ്ടാണത്രെ
അവ നിവര്‍ത്തുവാന്‍
പണിപ്പെട്ടോരെല്ലാം
പരാജയിക്കുന്നു

Saturday, November 24, 2012

ഒരു ചീപ്പ് റിവഞ്ച്

ഇക്കുറി ദീവാളിക്ക് കൊച്ചിയിൽ പുലർച്ചയ്ക്ക്
മെക്കാട്ടു പണിക്കായി പോകുന്ന ഹിന്ദിക്കാരാ
ഏതാനും വർഷം മുമ്പ് ദില്ലിയിലോണത്തിന്
ജോലിക്കു പോയപ്പോൾ ഞാൻ ഖേദിച്ച ഖേദം തീർന്നു

Thursday, November 22, 2012

പൈനാപ്പ്ള്‍ പെണ്ണേ... കടച്ചക്ക ചിപ്‌സേ...!

ബിനാക്കാ ടൂത്ത്‌പേസ്റ്റ് ഓര്‍മയില്ലേ? ഓരോ പാക്കിനുമൊപ്പം പ്ലാസ്റ്റിക്കുകൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പക്ഷിയേയോ മൃഗത്തേയോ സൗജന്യമായി തന്നിരുന്ന ബ്രാന്‍ഡ്.ഇന്നത്തെ ചില കറിപ്പൊടി, സോപ്പുപൊടി ബ്രാന്‍ഡുകള്‍ പയറ്റുന്ന തന്ത്രം ബിനാക്കയാണ് ആദ്യം പയറ്റിയത്. ബിനാക്ക പകുതി മതി എന്നായിരുന്നു പരസ്യം. സംഗതി ക്ലിക്കായി. ബിനാക്കയുടെ വില്‍പ്പന പല മടങ്ങ് കുതിച്ചുയര്‍ന്നു. പക്ഷേ ഒരു കുഴപ്പമുണ്ടായി - തുടക്കത്തില്‍ മാത്രമേ വില്‍പ്പന വര്‍ധിച്ചുള്ളു. മാര്‍ക്കറ്റ് സന്തുലനമായതിനു പിന്നാലെ വില്‍പ്പന പകുതിയായി. കാരണം, ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റിന്റെ അളവ് പകുതിയാക്കി കുറച്ചിരുന്നല്ലോ. കമ്പനി ഉദ്യോഗസ്ഥര്‍ തല പുകഞ്ഞു. ഒടുവില്‍ ഒരാള്‍ ഒരു തകര്‍പ്പന്‍ പ്രതിവിധിയുമായെത്തി: 

ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ വാവട്ടം ഒരല്‍പ്പം വര്‍ധിപ്പിക്കുക. ബ്രഷിന്റെ പകുതി മാത്രം പേസ്റ്റെടുത്താലും പഴയ അളവില്‍ത്തന്നെ പേസ്റ്റു പുറത്തേക്കു വരും. അങ്ങനെ വില്‍പ്പന വീണ്ടും തകൃതിയായി. 

മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്കുക.

Friday, November 16, 2012



ഝാര്‍ഖണ്ഡുകാരാ നന്ദി 
ഝായെ നീ രക്ഷിച്ചല്ലൊ!

Wednesday, November 14, 2012

ചില്ലി
















അറിഞ്ഞു കടിക്കുമ്പോൾ
മുളകും രസമാണെടോ!

Sunday, November 4, 2012

ശമ്പളംബകരുടെ മക്കള്‍ എങ്ങനെ സംരംഭകരാവും?

Nissar Syed, Dr. Jothidev Keshavadev & E M Najeeb -
Learn how they started young
ബിസിനസ്സുകാരുടെ മക്കള്‍ സര്‍ക്കാര്‍ വക പ്രോത്സാഹനമൊന്നുമില്ലാതെ തന്നെ ബിസിനസ്സുകാരാകും, എന്നാല്‍ ശമ്പളംഭകരുടെ മക്കള്‍ എങ്ങനെ സംരംഭകരാവും? മക്കളെ നല്ലവണ്ണം പഠിപ്പിച്ച് തങ്ങളെപ്പോലെ തന്നെ ശമ്പളംഭകരാക്കാനാണ് മിക്കവാറും എല്ലാ മിഡ്ല്‍ ക്ലാസ് മാതാപിതാക്കളുടെയും ലക്ഷ്യം. ശമ്പളം വാങ്ങുന്നവരായി തുടരുന്ന ഗതികേട്, 'തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും, ആരുണ്ടിവിടെ ചോദിക്കാന്‍? എന്നാണ് അവര്‍ ചോദിക്കാന്‍ പോകുന്നത്. ലാഭം പാപമാണ്, ബിസിനസ് തട്ടിപ്പറിയാണ്, പണക്കാര്‍ക്ക് രാത്രി കിടന്നാല്‍ ഉറക്കം വരുകേല തുടങ്ങിയ അവിഞ്ഞ ഇടത്തരം ആശ്വാസങ്ങളുമായി ജീവിതകാലം മുഴുവന്‍ ഇവറ്റ വല്ലവന്മാര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജോലി ചെയ്യും. മൂന്നു നാല് ലോണ്‍ തീരുമ്പോഴേക്കും പ്രഷറും കൊളസ്‌ട്രോളും വന്ന് വെടി തീരുകയും ചെയ്യും. 

ഉള്ളതെല്ലാം കാണാപ്പാഠം പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം എന്ന മാതാപിതാക്കളുടെ തലയിണമന്ത്രത്തില്‍ നിന്ന് ഈ കിടാങ്ങളെ രക്ഷിക്കാന്‍ അറ്റന്‍ഡന്‍സും ഗ്രേസ് മാര്‍ക്കും മാത്രം മതിയാവുകയില്ല. ഇവിടെയാണ് സാമ്പത്തികസാക്ഷരതയുടെ പ്രാധാന്യം. അതിന് ചെറുശ്ശേരിയുടെ എരിശ്ശേരിയും രണ്ടാം പാനിപ്പത്ത് യുദ്ധവും ചീഞ്ഞമുട്ടയുടെ മണമുള്ള വാതകവും മാത്രമുള്ള സിലബസ് ആദ്യം അഴിച്ചു പണിയണം. 

മുഴുവന്‍ വായിക്കാന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക. [മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമായ ധനം ദ്വൈവാരികയില്‍ ആരംഭിച്ച കാണാപ്പുറം എന്ന കോളത്തില്‍ നിന്ന്]

Saturday, October 13, 2012

നോക്കുകൂലി

തൊഴിലാളികൾ നോക്കുകൂലി വാങ്ങാമ്പാടില്ല.
നോക്കുകൂലി വാങ്ങാനുള്ള അവകാശം മുതലാളിമാർക്കു മാത്രം.

Monday, October 1, 2012

ഓണം - ഒരു വിമോചനസമരത്തിന്റെ ഓർമ


ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചതിന്റെ ഓര്‍മയല്ലേ യഥാര്‍ത്ഥത്തില്‍ ഓണം?
ഓര്‍മകളുണ്ടായിരിക്കണം എന്ന വാക്കിന്റെ ചുരുക്കം?

ഒരു വിമോചനസമര ദൃശ്യം
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിന്റെ ഓര്‍മയെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓണമെന്നു വിളിക്കുന്നത്? സഖാവ് ഈഎംഎസിന്റെ സ്ഥാനത്ത് സഖാവ് മഹാബലിയായിരുന്നെന്നു മാത്രം. മാനുഷരെല്ലാരുമൊന്നുപോലെ എന്നു പറയുന്നതല്ലേ അസ്സേ ഈ സോഷ്യലിസം? സോഷ്യലിസം മാത്രമല്ല വിമോചനസമരവും ദേവാസുരന്മാരുടെ കാലം മുതല്‍തന്നെ നമുക്ക് പരിചിതമായിരുന്നുവെന്ന് സാരം. മഹാബലിയുടെ സല്‍ഭരണത്തില്‍ സഹികെട്ട ഛോട്ടാമോട്ടാ ദേവന്മാര്‍ ദേവ(കേ)ന്ദ്രനെ കണ്ട് പരാതി ബോധിപ്പിക്കുകയും വാമനവേഷത്തില്‍ (ഭരണഘടനയുടെ 356-ആം വകുപ്പ്) ഇടപെടാന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെടുകയും ചെയ്താണല്ലോ മഹാബലി മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ചത്.

ആ അര്‍ത്ഥത്തില്‍ ഓണത്തെ ഒരു ഹൈന്ദവ ആഘോഷമായി ചുരുക്കിക്കാണേണ്ട കാര്യമില്ല. അഥവാ ഓണം ഒരു ഹൈന്ദവ വിരുദ്ധ ആഘോഷമാണ്. എന്നല്ല, ഒരു ആസുര ആഘോഷവുമാണ്. അല്ലെങ്കില്‍, ലളിതമായിപ്പറഞ്ഞാല്‍ ആര്യന്മാര്‍ക്കെതിരെയുള്ള ദ്രാവിഡത്തനിമയുടെ ഓര്‍മ പ്രതിരോധം. അധികാരത്തിനെതിരെയുള്ള മാനവികതയുടെ സമരം മറവിയ്ക്കെതിരെയുള്ള ഓര്‍മയുടെ സമരമാണെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ മിലാന്‍ കുണ്ടറ പറഞ്ഞിട്ടുള്ളതും ഓര്‍ത്തേക്കുമല്ലൊ.

ഒരു പക്ഷേ ഇത് ഓര്‍ക്കാതെയാകണം ഓണത്തിനെതിരെ കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഒരിക്കല്‍ ഹാലിളകിയത്. ഓണത്തിനെ സവര്‍ണര്‍ കൊള്ളയടിച്ചു കൊണ്ടുപോയി. ആചാരങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ബോണസ് സീസണായി. കള്ളുകച്ചവടത്തിന്റെ പൂക്കാലമായി. തുണി, സ്വര്‍ണം, മിക്സി, ടീവി, വാഷിംഗ് മെഷീന്‍ കച്ചവടങ്ങളുടെ വിളവെടുപ്പുല്‍സവമായി. അതൊന്നും പക്ഷേ ഓണത്തിന്റെ കുറ്റമല്ലല്ലോ, നാട്ടുകാരുടേയും അവരുടെ രാഷ്ട്രീയത്തിന്റേയും കാലഘട്ടത്തിന്റേയും പ്രശ്നമല്ലേ?

കെ ഇ എൻ
കാളനെപ്പോലെ കാളയിറച്ചിക്കും സാംസ്കാരിക പ്രാതിനിധ്യം വേണമെന്ന് കെ ഇ എന്‍ വാദിക്കുകയുണ്ടായി. 56% ഹിന്ദുക്കളും ബീഫു തിന്നുന്ന കേരളത്തില്‍ത്തന്നെ വേണമായിരുന്നോ ഈ ബീഫ് വരട്ടുവാദം? കേരളത്തില്‍ത്തന്നെ എറണാകുളത്തും വടക്കോട്ടുമുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും - വിശേഷിച്ചും ഈഴവര്‍ക്ക് - ഓണം, വിഷുവിന് നോണ്‍-വെജ് നിര്‍ബന്ധമാണ്. കാവ്യാ മാധവന്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറഞ്ഞിരുന്നു - കാസര്‍കോട്ടുകാരിയായ കാവ്യ തന്റെയൊരു ആദ്യകാല സിനിമാ ഓണത്തിന് ചിക്കനും മീനുമില്ലേ എന്ന ആശ്ചര്യപ്പെട്ടതു കേട്ട് തെക്കന്‍ മൂരാച്ചികള്‍ പരിഹസിച്ചു ചിരിച്ച കാര്യം. ഇക്കാര്യത്തില്‍ ഞാന്‍ കാവ്യാ മാധവനു വേണ്ടി വക്കാലത്തെടുക്കാം - കാരണം ഒരു ഈഴവ യുവതിയെ വിവാഹം കഴിച്ച ശേഷമുള്ള എന്റെ ആദ്യ ഓണത്തിന് തൂശനിലയില്‍ കാളനും അവിയലിനുമൊപ്പം ചെമ്മീനും ചിക്കനും തിരുതയുമുണ്ടായിരുന്നു. എന്റെ നായര്‍, പെറ്റിബൂര്‍ഷ്വാ, സവര്‍ണ, മൃദുഹൈന്ദവ കൈത്തണ്ടയില്‍ നിന്ന് ഒരു വളയും ഊരിപ്പോയില്ല. (ഏമ്പക്കങ്ങളുടെ രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ടായിരുന്നു. നോ ഹെല്‍പ്!)

ബീഫ്, പോർക്ക് കട്ടുകൾ
മറ്റൊന്നു കൂടി: ഓര്‍ത്തഡോക്സ് കൃസ്ത്യാനികളില്‍ ഭൂരിപക്ഷം പേരും ഇടതന്മാരായിരുന്ന കൂത്താട്ടുകുളം എന്നൊരു പ്രദേശമുണ്ട് - എറണാകുളത്തിന് കിഴക്ക്. അവിടത്തെ ഈഴവര്‍ക്ക് പന്നിയിറച്ചി ഇല്ലാതെ ഒരു വിഷുവില്ല എന്ന് എന്നോട് സാക്ഷ്യം പറഞ്ഞത് ഇപ്പോഴും ദുബായില്‍ കെമിസ്ട്രി എന്ന പരസ്യ ഏജന്‍സി നടത്തുന്ന ഷാജി നാരായണന്‍. കേരളത്തിന്റെ സാംസ്കാരിക ഉല്‍പ്പാദനങ്ങളെപ്പറ്റി അറിയാന്‍ ഗ്രാംഷിയേക്കാള്‍ വായിക്കേണ്ടത് കാവ്യാ മാധവനേയും ഷാജി നാരായണനേയുമാണ് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അഥവാ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന പിണറായിയുടെ വീമ്പു പറച്ചിലിനു മുമ്പില്‍ മലയാളീസ് എന്നൊരു വാക്കു കൂടി കൂട്ടിച്ചേര്‍ത്തേക്കാം - സഖാവേ, ഈ മലയാളീസ് എന്ന പാര്‍ട്ടീസിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

ഇതെഴുതാനിരിക്കുന്നത് ഒരു ജൂലൈ 31-ന്. എത്ര യാദൃശ്ചികം, കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ സംസ്ഥാന മന്ത്രിസഭയെ 1959 ജൂലൈ 31-നാണ് കേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടത്. വിമോചനസമരം എന്നു പേരു വീണ ഒരു നെറികെട്ട സമരത്തിന്റെ (അത് നെറികെട്ടതായിരുന്നുവെന്ന് അതില്‍ പങ്കെടുത്തവര്‍ പോലും - ജസ്റ്റിസ് കെ. ടി. തോമസ് മുതല്‍ ഫാദര്‍ വടക്കന്‍ വരെയുള്ളവര്‍ - പില്‍ക്കാലത്ത് ഏറ്റുപറഞ്ഞു) തുടര്‍ച്ചയായിരുന്നു ആ ഡിസ്മിസല്‍. തിരുക്കൊച്ചിമലബാറില്‍ നായന്മാരുടെ രണ്ടാം അധ:പതനം സംഭവിച്ചതും തിരുക്കൊച്ചിമലബാര്‍ രാഷ്ട്രീയത്തെ വര്‍ഗീയശക്തികള്‍ എന്നെന്നേയ്ക്കുമായി വിഴുങ്ങിയതും വിമോചനസമരം കാരണം തന്നെ.

പാലക്കാട്ട് തങ്ങളാവശ്യപ്പെട്ട എന്‍ജിനീയറിംഗ് കോളേജ് ലഭിച്ചില്ല എന്നതായിരുന്നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വിമോചനസമരത്തിനിറങ്ങാനുണ്ടായ ഇമ്മീഡിയറ്റ് കോസ്. എന്നാല്‍ സിഐഎയും ഗാന്ധിജിയെ ആദ്യകാലത്ത് അന്തിക്രിസ്തു എന്നു വിളിച്ചവരും ചില വിഷപ(ാ)ത്രങ്ങളും ചേര്‍ന്ന് മന്നനെ ചുടുചോറു വാരിപ്പിച്ചതാണ് വിമോചനസമരത്തിന്റെ മാക്രോ ചിത്രം. മാക്രോണി വെറും മൈക്രോണി. മാക്രോ ചിത്രങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എക്കാലത്തും ഉണ്ടാകുമല്ലോ ഇത്തരം ചില മൈക്രോണികള്‍. പോരാത്തതിന് മാക്രോണിയും പാസ്തയും തിന്നുന്നവരാണല്ലോ ജ്ഞാനസ്നാനം ചെയ്യപ്പെട്ട പാര്‍ട്ടിയുടെ ഇപ്പോഴത്തെ മേലാളന്മാര്‍!

അതുകൊണ്ട് ഓണം എല്ലാ വിമോചനസമരങ്ങളുടേയും കയ്ക്കുന്ന ഓര്‍മയായിരിക്കണം. ഓര്‍മകളുണ്ടായിരിക്കണം.

സ്റ്റോപ്പ് പ്രസ്: കേരളം ഭരിച്ചിരുന്ന മഹാബലിയെയാണ് വിഷ്ണുവിന്റെ വാമനാവതാരം ചവിട്ടിത്താഴ്ത്തിയത് എന്നാണല്ലോ കഥ. വാമനന്‍ കഴിഞ്ഞിട്ടാണ് പരശുരാമാവതാരം. അപ്പോള്‍ പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നു പറയുന്നതോ? സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല എന്ന് ഇടമറുക് പറയുമ്പോലെ കേരളം മഹാബലി ഭരിച്ചിട്ടില്ല എന്നോ പരശുമാരനല്ല കേരള സൃഷ്ടാവ് എന്നോ പറയേണ്ടി വരും.

Sunday, September 23, 2012

ഈ മൃഗശാലയില്‍

മറ്റാരോ നോക്കി നടത്തും
മൃഗശാലയല്ലേ ഭൂമി?
നക്ഷത്രക്കണ്ണുകള്‍ ചിമ്മി
ചിരിക്കുന്നതല്ലേ രാത്രി?

Friday, August 31, 2012

തിലകന്‍/നെടുമുടി, 1001 ക്ലീഷേകള്‍, കള്ളസീഡിക്കാരെ തെറി പറയാന്‍ ഇവര്‍ക്കെന്തവകാശം, എക്‌സ്ട്രാ എക്‌സ്ട്രാ


Mammootty and Mohanlal as Father and Son - Padayottam (1982)
നടീനടന്മാരുടെ അമ്മ, ടെക്‌നീഷ്യന്‍സിന്റെ മാക്ട, നിര്‍മാതാക്കളുടെ ചേംബര്‍, തീയറ്ററുടമകളുടെ സിനി എക്‌സിബിറ്റേഴ്‌സ്... മലയാള സിനിമാലോകത്തിന് മറ്റെങ്ങുമില്ലാത്ത വര്‍ണത്തിളക്കമുണ്ട്. എന്നിട്ടും എന്തിനാണ് ബോളിവുഡിന്റെ മാതൃകയില്‍ മോളിവുഡ് എന്നെല്ലാം പറഞ്ഞു നടക്കുന്നത്? ഹോളിവുഡിനു പകരം കോടമ്പാക്കം എന്ന നാടന്‍പേരുണ്ട്. ബോളി ഒരു പലഹാരം, മോളിയോ, ബോബനും മോളിയിലെ മോളി അല്ലെങ്കില്‍ ഫിഷ് മോളി.  ടോളിവുഡ് തെലുങ്കാണോ തമിഴാണോ? കോളിവുഡോ? മഹാരാഷ്ട്രയിലെ മീന്‍പിടുത്തക്കാരാണ് കോളികള്‍. അവരുടെ പാട്ടുകള്‍ അഥവാ കോളിഗീത് ഒന്നാന്തരം. സീഡികള്‍ വാങ്ങാന്‍ കിട്ടും.

സീഡിയെപ്പറ്റി പറഞ്ഞപ്പോഴാണ് കള്ളസീഡിക്കാരെ ഓര്‍ത്തത്. പാവങ്ങള്‍. വയറ്റുപിഴപ്പിനു വേണ്ടിയല്ലേ ഇവരില്‍ ഭൂരിപക്ഷവും ഇരുണ്ട ഇടവഴിത്തുമ്പുകളില്‍ നിരത്തിയും സഞ്ചിയിലാക്കി ചുമന്നും സീഡി വില്‍ക്കുന്നത്? ഇവരെ പോലീസ് പിടിച്ചാലും കള്ളസീഡി നിര്‍മാതാക്കള്‍ക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ല. ഇവര്‍ കള്ളസീഡി നിര്‍മാതാക്കളില്‍ നിന്ന് കാശുകൊടുത്തു വാങ്ങിയ സീഡികള്‍ - അത് പോലീസേമാന്മാര്‍ കത്തിച്ചോ ചവിട്ടിയരച്ചോ യന്ത്രവായിലിട്ടോ ഞെരിച്ച് നശിപ്പിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാ - പാവപ്പെട്ട വില്‍പ്പനക്കാര്‍ക്ക് മാത്രം. കാരണം അവരതിനുള്ള പണം മുടക്കിക്കഴിഞ്ഞതാണല്ലോ.

Pirated CD's
ഇവരുടെ നേരെ ധാര്‍മികറോഷനെ അഴിച്ചുവിടുന്ന താരന്മാരും താരികളും നിര്‍മാതാക്കളും സംവിധായകരും ഒരു കാര്യം മറന്നുപോകുന്നു - മലയാളത്തിലെ മിക്കവാറും സിനിമകള്‍ മോഷണമാണ്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. സിനിമയുടെ തുടക്കത്തില്‍ ടൈറ്റ്ല്‍സ് കാണിക്കുമ്പോള്‍, നന്ദി സൂചകമായി സത്യം പറയാനുള്ള മര്യാദ കാണിക്കാറില്ല. ഒറിജിനലിന്റെ സ്രഷ്ടാക്കളോട് അനുമതി വാങ്ങിക്കുകയോ അവര്‍ക്കതിന്റെ റോയല്‍റ്റി നല്‍കുകയോ പോകട്ടെ, അവരെ ഒന്ന് വിവരമറിയിക്കുക പോലും ചെയ്യില്ല. പുതിയ വിദേശ സിനിമകളുടെ വ്യാജസിഡികള്‍ പാളയം പള്ളിക്കടുത്തുള്ള വില്‍പ്പനക്കാര്‍ ഓരോ സംവിധായകനേയും ഫോണില്‍ വിളിച്ച് 'ഇത് സാറിനു മാത്രം തരുന്നതാണ് കെട്ടോ' എന്ന് പച്ചക്കള്ളം പറഞ്ഞ് വില്‍ക്കുന്നു. ഉടനെ തന്നെ അതുകൊണ്ടുപോയി കണ്ട് അതില്‍ സലിംകുമാറിനേയും വെഞ്ഞാറന്‍മൂടിനേയും ചേര്‍ത്ത് പുതിയ കുപ്പിയിലാക്കുന്നു. എത്രയോ വര്‍ഷങ്ങളായി നമ്മുടെ ക്രിയേറ്റീവ് ജീനിയസ്സുകള്‍ ഈ നാണംകെട്ട പണി ചെയ്തുകൊണ്ടിരിക്കുന്നു. ഈ പകല്‍ക്കൊള്ളക്കാര്‍ക്ക് കള്ളസീഡിക്കാരെ കുറ്റം പറയാന്‍ എന്തവകാശം? ബൌദ്ധിക സ്വത്തവകാശം (intellectual property rights) സീഡി വില്‍പ്പനയില്‍ മാത്രം ബാധകമാക്കുക എന്ന ഇരട്ടത്താപ്പാണ് ഇവരുടേത്.

ഇന്റര്‍നെറ്റിന്റെ ഈ കാലത്ത് എളുപ്പം പൂച്ച് പുറത്താവും. പണ്ടൊക്കെ പാട്ടു മോഷണം ആരും പിടിച്ചിരുന്നില്ല. ഇന്നാകട്ടെ പുതിയ പാട്ട് ഇറങ്ങുമ്പോള്‍ത്തന്നെ ഒറിജിനലിന്റെ ലിങ്കും ആളുകള്‍ ഷെയര്‍ ചെയ്ത് ചിരിക്കും. എന്നിട്ടും ഈണം മാത്രമല്ല പശ്ചാത്തല വാദ്യങ്ങള്‍ പോലും അതേപടി അനുകരിക്കുന്ന തൊലിക്കട്ടിയെ എന്തിനോടുപമിക്കും?

One Flew...
മലയാളത്തിലെ പല പോപ്പുലര്‍ സിനിമകളുടേയും ഒറിജിനലുകള്‍ ഏതെന്ന്് ചൂണ്ടിക്കാണിച്ചു തരുന്ന ഒരുപാട് വെബ്‌സൈറ്റുകള്‍ ഇന്ന് സുലഭം. copycat movies in malayalam എന്ന് ഗൂഗ്ള്ല്‍ സെര്‍ച്ചിയാല്‍ അവ ഒന്നൊന്നായി അണിനിരക്കും.

അത്തരം ഒരു സൈറ്റില്‍ കണ്ട ചേരുംപടി ചേര്‍ത്ത ലിസ്റ്റിലെ ഏതാനും മിന്നും താരങ്ങള്‍ ഇതാ:

ഓഗസ്റ്റ് 1 -  Day of the Jackal
നിര്‍ണയം - The Fugitive
ഉദയനാണ് താരം - Bowfinger
മഞ്ഞുപോലൊരു പെണ്‍കുട്ടി - Crime and punishment in Suburbia
ബിഗ് ബി  Four Brothers
അന്‍വര്‍  Traitor
മാളൂട്ടി  Everybody's Baby
തൂവല്‍സ്പര്‍ശം  Three men and a baby
പച്ചക്കുതിര  Rain man
താളവട്ടം  One flew over the cuckoo's nest
കാക്കക്കുയില്‍  A Fish called Wanda
കോക്ക്‌ടെയില്‍  Butterfly on a Wheel

ഈ ലിസ്റ്റ് അപൂര്‍ണമാണെന്ന് പറയേണ്ടതില്ലല്ലോ.

ഇതുപോലെ 101 ആവര്‍ത്തിച്ച് രസം കെട്ട ക്ലീഷേകളുമുണ്ട്. www.m3db.com/node/27875 എന്ന വെബ്‌സൈറ്റില്‍ ഇത്തരം 101 ആവര്‍ത്തിച്ച 1001 ആയിരത്തൊന്ന് ആവര്‍ത്തന വീരസ്യങ്ങളാണ്, അല്ല വിരസങ്ങളാണ് സമാഹരിച്ചിരിക്കുന്നത്.

ഇതാ ഏതാനും ചില സാമ്പഌകള്‍:

1) നായകന്‍ ധീരനായ പോലീസുകാരനാണെങ്കില്‍ മുഖ്യമന്ത്രി ഇയാളുടെ കോളേജിലെ സഹപാഠി ആയിരിക്കും. പോലീസുകാരന്‍ ഐജിയെ തെറിവിളിക്കുന്നതിനും മറ്റും ഈ മന്ത്രിയുടെ സ്‌നേഹാര്‍ദ്രമായ പിന്തുണ റെഡി.

2) നായകന്‍ എത്ര നന്മയുള്ളവനാണെങ്കിലും ആരെങ്കിലും പറയുന്ന ഒരു നുണ കേട്ടാലുടന്‍ അമ്മയുള്‍പ്പെടെയുള്ളവര്‍ നായകനെ തള്ളിപ്പറയും. എല്ലാമറിയുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്‌സ് അടുക്കുന്നതു വരെ ഒന്നും മിണ്ടിപ്പോവരുതെന്നുള്ള അര്‍ത്ഥത്തില്‍ നായകന്‍ കണ്ണുരുട്ടിക്കാണിക്കും.

3) പലപ്പോഴും കെട്ടാതെ നില്‍ക്കുന്ന അനിയത്തിമാരാണ് നായകന്റെ സപ്പോര്‍ട്ട്. കെട്ടിച്ചു വിട്ട പെങ്ങമ്മാരും അവരുടെ ഭര്‍ത്താക്കന്മാരും പൈസ പിടുങ്ങാന്‍ എത്തുന്നവര്‍.

4) അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടില്‍ കര്‍ക്കശക്കാരനായ ചേട്ടന്റെ അദൃശ്യസ്‌നേഹം തിരിച്ചറിയാതെ ചതിക്കാന്‍ ശ്രമിക്കും, വില്ലനോട് കൂട്ടുകൂടും. എന്തായാലും ക്ലൈമാക്‌സില്‍ എല്ലാം കോമ്പഌമെന്റ്‌സാകും.

5) ക്ലൈമാക്‌സില്‍ നായകന്‍ വില്ലനെ കൊന്നാലും നായകന്‍ അറസ്റ്റ് ചെയ്യപ്പെടാത്ത ഒരു നിയമ സാഹചര്യമുണ്ടാകും.

6) എല്ലാ സംഘട്ടനങ്ങളും നടക്കുന്നത് പൊട്ടിച്ചിതറുന്ന സാധനങ്ങള്‍ ധാരാളമുള്ളിടത്തു മാത്രം. മണ്‍കലങ്ങള്‍, തക്കാളിവണ്ടി, ചില്ലുജനാലകള്‍, ഫ്യൂസായ ട്യൂബ്ലൈറ്റുകള്‍, വീപ്പകള്‍...

7) തന്റേടിയായ എല്ലാ നായികമാര്‍ക്കും അഭിശപ്തമായ ഒരു ഫഌഷ്ബാക്ക് ഉണ്ടാകും. അതു കേട്ടപാതി നായകന്‍ പ്രേമത്തില്‍ വീഴും.

8)  വില്ലന്‍ ബ്ലാക്ക്‌മെയില്‍ ചെയ്താലും രാജേട്ടനോട് പറയാതെ നീറിനീറിക്കഴിയുന്ന നായിക

9) പാല്‍ക്കാരനില്ലാത്ത പട്ടണത്തിലായാലും ഉന്നം തെറ്റി വരുന്ന കല്ല് പാല്‍ക്കുടത്തില്‍ തന്നെ കൊള്ളും

10) കുര്‍ത്തയും കണ്ണടയും ധരിച്ച ജേര്‍ണലിസ്റ്റ് നായിക കൊണ്ടുവരുന്ന നന്മയുള്ള ഒരു ന്യൂസും പ്രസിദ്ധീകരിക്കപ്പെടില്ല

Hari
ഭാഗ്യവശാല്‍ ട്രാഫികില്‍ തുടങ്ങിയ നമ്മുടെ സിനിമയിലെ നവതരംഗം ഇത്തരം ക്ലീഷേകളെ കുടഞ്ഞുകളയാന്‍ ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ മൂകചിത്രം ഏതാണ്? പണ്ടു മുതല്‍ക്കേ ക്വിസ് മത്സരങ്ങളില്‍ ചോദിച്ചു കേള്‍ക്കുന്ന ചോദ്യം. മൂകചിത്രത്തിനു ഭാഷയുണ്ടോ സാറേ എന്നതാണ് മറുചോദ്യം.

പ്രധാനപ്പെട്ട ഡയലോഗ് പറഞ്ഞാലുടന്‍ അത് ഇംഗ്ലീഷിലും ആവര്‍ത്തിക്കുന്ന നായകന്മാരുടെ നാടാണല്ലോ കേരളം. ആറാം തമ്പുരാനില്‍പ്പോലുമുണ്ട് ഈ ടെക്‌നിക്. എന്താ പ്രശ്‌നം, വാട്ടീസ് ദ പ്രോബ്ലം എന്നാണ് നായകന്‍ ചോദിക്കുന്നത്. സബ്‌ടൈറ്റ്‌ലുകള്‍ ഇല്ലാതെ തന്നെ ഹോളിവുഡിലും റിലീസ് ചെയ്യാവുന്ന സീനുകള്‍. സ്ഥിരം ഡബ്ബിംഗ് കലാകാരന്മാരുടെ സാന്നിധ്യമാണ് മറ്റൊരു ബോറടി. പണ്ടിതൊരു ഹരിയായിരുന്നു. മണിമുഴക്കത്തിലെ നായകന്‍, നല്ല നടന്‍ ഹരി. ഇടക്കാലത്ത് ഒരു സിനിമയിലെ നാലഞ്ച് കഥാപാത്രങ്ങളുടെയെങ്കിലും ശബ്ദം ഹരിയുടേതായിരുന്നു. ഇന്ന് ആ ബഹുമതി തിലകന്റെ രണ്ടു മക്കള്‍ പങ്കിട്ടെടുത്തിരിക്കുന്നു.

Caste war or business war?
തിലകന്റെ കാര്യം പറഞ്ഞപ്പോള്‍ നെടുമുടി തിലകന്‍ യുദ്ധമോര്‍ത്തു. സംഗതി ജാതിക്കുശുമ്പാണെന്നാണ് തിലകന്റെ വാദം. മലയാളത്തോളം പഴക്കമുള്ള നായരീഴവ യുദ്ധത്തിന്റെ പുതുപ്പതിപ്പ്. എന്നാല്‍ ഇതിന്റെ പിന്നില്‍ ബിസിനസ് മാത്രമേയുള്ളു എന്നതല്ലേ സത്യം? മോഹന്‍ലാലിന്റെയോ ജയറാമിന്റേയോ അച്ഛന്‍ റോളിനു വേണ്ടിയുള്ള മത്സരം. ഇടയ്‌ക്കൊന്നു ചോദിക്കട്ടെ, മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ റോളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇന്നാണെങ്കില്‍ അഭിനയിക്കില്ല. പണ്ട് അഭിനയിച്ചത് സൂപ്പര്‍ഹിറ്റ് സിനിമയിലാണ് - പടയോട്ടത്തില്‍. പടയോട്ടം ഓര്‍മിക്കുമ്പോഴാണ് മമ്മൂട്ടിയുടെ പടയോട്ടത്തിന്റെ ഗ്രാഫ് എത്ര കുത്തനെയാെണന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. കണ്ണടച്ചിരുന്ന് നോക്കുമ്പോഴും നമ്മുടെ സിനിമാ വിശേഷങ്ങള്‍ എന്റര്‍ടെയ്‌നിംഗ് തന്നെ.

[വര്‍ത്തമാനത്തിന്റെ നേരറിവ് എന്ന മാസികയുടെ ഒന്നാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്]
Related Posts with Thumbnails