
മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും തിന്നാനും ആ തീറ്റി ആസ്വാദ്യമാകാനുമല്ലെങ്കില്‍ എന്തിനാണ് പഴങ്ങള്‍ക്കിത്ര മധുരം? പച്ചക്കറികള്‍ക്കിത്ര സ്വാദ്? പോഷണം?
ഉത്തരം ഒന്നേയുള്ളു. മനുഷ്യനേയോ പക്ഷിമൃഗാദികളേയോ പോലെ ഭാഗ്യം ചെയ്തവരല്ല സസ്യലതാദികള്‍. സ്വന്തം കിടാങ്ങളെ കുറേ നാളത്തേയ്ക്കെങ്കിലും ഓമനിയ്ക്കാനും പാലൂട്ടാനും ഡയപ്പര്‍ കെട്ടിയ്ക്കാനും ഡേ കെയറില്‍ വിടാനുമെല്ലാം മനുഷ്യന് ഭാഗ്യമുണ്ട്. ഇതൊക്കെത്തന്നെയാണ് വളര്‍ത്തുമൃഗങ്ങളുടേയും വന്യമൃഗങ്ങളുടേയുമെല്ലാം കാര്യം. സ്വന്തം കുഞ്ഞ് എന്ന പൊസസ്സീവ് സന്തോഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ് മനുഷ്യനടക്കമുള്ള മൃഗങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ രംഗങ്ങള്‍.
വൃക്ഷലതാദികള്‍ക്ക് ഈ സന്തോഷം പറഞ്ഞിട്ടില്ല. തനിയ്ക്കുണ്ടാകുന്ന വിത്തുകളെ നഴ്സറിയില്‍ കൊണ്ടുപോയാക്കാന്‍ ഒരു മൂവാണ്ടനും ഭാഗ്യമുണ്ടായിട്ടില്ല. [ഒട്ടുമാവുകളെയും റോസാച്ചെടികളേയും പ്ലാസ്റ്റിക് കൂടുകളിലാക്കി നിരത്തിയിരുത്തുന്ന പരിപാടിയ്ക്ക് ‘നഴ്സറി’ എന്നു പേരിട്ടത് പരിഹാസമോ പരിഹാരമോ?]
തനിയ്ക്കുണ്ടാകുന്ന കുഞ്ഞിച്ചെടിയെ കുനിഞ്ഞുമ്മ വെയ്ക്കാന്‍ ഒരു മുരിങ്ങയ്ക്കും സാധിച്ചിട്ടില്ല. എവിടെയാണ് കൊമ്പ് വീണ് മുളയ്ക്കുന്നത്, എവിടെയാണ് കാറ്റിലും കൈകളിലുമെല്ലാം പെട്ട് വിത്തുകള്‍ ചെന്നെത്തുന്നത്, മുളയ്ക്കുന്നത്, അല്ലെങ്കില്‍ ചോറും ചിപ്സും ചമ്മന്തിയുമാകുന്നത്... ആര്‍ക്കറിയാം? കായ്ച്ചുനില്ക്കുന്ന ഗര്‍ഭകാലത്തുമാത്രമേ ചെടികള്‍ക്ക് അവയുടെ മക്കളെ, വിത്തുകളെ, പൊതിഞ്ഞുനില്‍ക്കാനും ഉമ്മ വെയ്ക്കാനും പാലൂട്ടാനും സാധിക്കുകയുള്ളു. തങ്ങളുടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക്, അവരെ കാണാനും തൊടാനും കിട്ടുന്ന ചെറിയ കാലയളവില്‍, അന്തമില്ലാത്ത സ്നേഹവായ്പോടെ മരങ്ങള്‍ നല്കുന്ന മൃദുമെത്തയും മധുരപുതപ്പും പോഷണങ്ങളുമാണ്, അതു മാത്രമാണ്, വൈലോപ്പിള്ളി പറഞ്ഞ 'പഴങ്ങള്‍ തന് മാംസം'.
ബീഫ് ഫ്രൈ എന്നു കേള്‍ക്കുമ്പോള്‍ ഓക്കാനിക്കുന്നവര്‍, പൈക്കിടാങ്ങളുടെ രോദനം മഹാപാപമായി ഏറ്റുവാങ്ങുന്നവര്‍... വിസ്കിയും കശുവണ്ടിയും ചവച്ചരയ്ക്കുമ്പോള്‍ അവരറിയുന്നുണ്ടോ ഒരു പറങ്കിമാവിന്റെ വിലാപം? ഒരു മുന്തിരിവള്ളിയുടെ വന്ധ്യംകരണം?
കീടനാശിനികളുടെ കാളകൂടം വിഴുങ്ങി സ്വയം നീലകണ്ഠന്മാരാകുവിന്‍ എന്ന് മനുഷ്യകുലത്തെ ശപിച്ചത് അവരെല്ലാമാണ്.
മനുഷ്യന് പിന്നെ എന്തു ചെയ്യണമെന്നാണ്? നെല്ല് അരിയാക്കിയാല്‍ നെല്‍ച്ചെടികളുടെ ശാപം. പാലു കുടിച്ചാല്‍ പൈക്കിടാവിന്റെ ശാപം [മനുഷ്യനേക്കാള്‍ മുന്നേറിയ ഒരു ജീവി വന്ന് നമ്മളെയെല്ലാം കെട്ടിയിട്ട്, നമ്മുടെയെല്ലാം അമ്മമാരെ കറന്നെടുക്കുന്നതും അമിതമായി ചോറു തീറ്റി അവരുടെ ക്ഷീരഗ്രന്ഥികളെ ഉത്തേജിപ്പിയ്ക്കുന്നതും സങ്കല്പ്പിച്ചു നോക്കൂ].
മനുഷ്യന് ഒന്നും ചെയ്യേണ്ടതില്ല. ജീവിതം എന്ന മിക്സര്‍ ഗ്രൈന്ഡറില് കിടന്ന് ഇങ്ങനെ അരഞ്ഞു തീരാം. അതിനിടയില്‍ പാപപുണ്യങ്ങളുടെ പവര്‍കട്ടുകളുമായി വന്ന് വെറുതേ ഈ കറക്കം നിശ്ചലമാക്കുന്നതെന്തിന്?പഴഞ്ചന്‍ കടകോലുകളുമായി വന്ന് ഇടങ്കോലിടുന്നതെന്തിന്?