Sunday, April 27, 2008

പാപത്തിന്റെ ബോണസ്


മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും തിന്നാനും ആ തീറ്റി ആസ്വാദ്യമാകാനുമല്ലെങ്കില്‍ എന്തിനാണ് പഴങ്ങള്‍ക്കിത്ര മധുരം? പച്ചക്കറികള്‍ക്കിത്ര സ്വാദ്? പോഷണം?

ഉത്തരം ഒന്നേയുള്ളു. മനുഷ്യനേയോ പക്ഷിമൃഗാദികളേയോ പോലെ ഭാഗ്യം ചെയ്തവരല്ല സസ്യലതാദികള്‍. സ്വന്തം കിടാങ്ങളെ കുറേ നാളത്തേയ്ക്കെങ്കിലും ഓമനിയ്ക്കാനും പാലൂട്ടാനും ഡയപ്പര്‍ കെട്ടിയ്ക്കാനും ഡേ കെയറില്‍ വിടാനുമെല്ലാം മനുഷ്യന് ഭാഗ്യമുണ്ട്. ഇതൊക്കെത്തന്നെയാണ് വളര്‍ത്തുമൃഗങ്ങളുടേയും വന്യമൃഗങ്ങളുടേയുമെല്ലാം കാര്യം. സ്വന്തം കുഞ്ഞ് എന്ന പൊസസ്സീവ് സന്തോഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ് മനുഷ്യനടക്കമുള്ള മൃഗങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ രംഗങ്ങള്‍.
വൃക്ഷലതാദികള്‍ക്ക് ഈ സന്തോഷം പറഞ്ഞിട്ടില്ല. തനിയ്ക്കുണ്ടാകുന്ന വിത്തുകളെ നഴ്സറിയില്‍ കൊണ്ടുപോയാക്കാന്‍ ഒരു മൂവാണ്ടനും ഭാഗ്യമുണ്ടായിട്ടില്ല. [ഒട്ടുമാവുകളെയും റോസാച്ചെടികളേയും പ്ലാസ്റ്റിക് കൂടുകളിലാക്കി നിരത്തിയിരുത്തുന്ന പരിപാടിയ്ക്ക് ‘നഴ്സറി’ എന്നു പേരിട്ടത് പരിഹാസമോ പരിഹാരമോ?]
തനിയ്ക്കുണ്ടാകുന്ന കുഞ്ഞിച്ചെടിയെ കുനിഞ്ഞുമ്മ വെയ്ക്കാന്‍ ഒരു മുരിങ്ങയ്ക്കും സാധിച്ചിട്ടില്ല. എവിടെയാണ് കൊമ്പ് വീണ് മുളയ്ക്കുന്നത്, എവിടെയാണ് കാറ്റിലും കൈകളിലുമെല്ലാം പെട്ട് വിത്തുകള്‍ ചെന്നെത്തുന്നത്, മുളയ്ക്കുന്നത്, അല്ലെങ്കില്‍ ചോറും ചിപ്സും ചമ്മന്തിയുമാകുന്നത്... ആര്‍ക്കറിയാം? കായ്ച്ചുനില്‍ക്കുന്ന ഗര്‍ഭകാലത്തുമാത്രമേ ചെടികള്‍ക്ക് അവയുടെ മക്കളെ, വിത്തുകളെ, പൊതിഞ്ഞുനില്‍ക്കാനും ഉമ്മ വെയ്ക്കാനും പാലൂട്ടാനും സാധിക്കുകയുള്ളു. തങ്ങളുടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക്, അവരെ കാണാനും തൊടാനും കിട്ടുന്ന ചെറിയ കാലയളവില്‍, അന്തമില്ലാത്ത സ്നേഹവായ്പോടെ മരങ്ങള്‍ നല്‍കുന്ന മൃദുമെത്തയും മധുരപുതപ്പും പോഷണങ്ങളുമാ‍ണ്, അതു മാത്രമാണ്, വൈലോപ്പിള്ളി പറഞ്ഞ 'പഴങ്ങള്‍ തന്‍ മാംസം'.

ബീഫ് ഫ്രൈ എന്നു കേള്‍ക്കുമ്പോള്‍ ഓക്കാനിക്കുന്നവര്‍, പൈക്കിടാങ്ങളുടെ രോദനം മഹാപാപമായി ഏറ്റുവാങ്ങുന്നവര്‍... വിസ്കിയും കശുവണ്ടിയും ചവച്ചരയ്ക്കുമ്പോള്‍ അവരറിയുന്നുണ്ടോ ഒരു പറങ്കിമാവിന്റെ വിലാപം? ഒരു മുന്തിരിവള്ളിയുടെ വന്ധ്യംകരണം?
കീടനാശിനികളുടെ കാളകൂടം വിഴുങ്ങി സ്വയം നീലകണ്ഠന്മാരാകുവിന്‍ എന്ന് മനുഷ്യകുലത്തെ ശപിച്ചത് അവരെല്ലാമാണ്.

മനുഷ്യന്‍ പിന്നെ എന്തു ചെയ്യണമെന്നാണ്? നെല്ല് അരിയാക്കിയാല്‍ നെല്‍ച്ചെടികളുടെ ശാപം. പാലു കുടിച്ചാല്‍ പൈക്കിടാവിന്റെ ശാപം [മനുഷ്യനേക്കാള്‍ മുന്നേറിയ ഒരു ജീവി വന്ന് നമ്മളെയെല്ലാം കെട്ടിയിട്ട്, നമ്മുടെയെല്ലാം അമ്മമാരെ കറന്നെടുക്കുന്നതും അമിതമായി ചോറു തീറ്റി അവരുടെ ക്ഷീരഗ്രന്ഥികളെ ഉത്തേജിപ്പിയ്ക്കുന്നതും സങ്കല്‍പ്പിച്ചു നോക്കൂ].

മനുഷ്യന്‍ ഒന്നും ചെയ്യേണ്ടതില്ല. ജീവിതം എന്ന മിക്സര്‍ ഗ്രൈന്‍ഡറില്‍ കിടന്ന് ഇങ്ങനെ അരഞ്ഞു തീരാം. അതിനിടയില്‍ പാപപുണ്യങ്ങളുടെ പവര്‍കട്ടുകളുമായി വന്ന് വെറുതേ ഈ കറക്കം നിശ്ചലമാക്കുന്നതെന്തിന്?പഴഞ്ചന്‍ കടകോലുകളുമായി വന്ന് ഇടങ്കോലിടുന്നതെന്തിന്?

15 comments:

പ്രിയ said...

ഹഹഹ. പക്ഷെ ദൈവം പറഞ്ഞിട്ടുണ്ടത്രെ ഈ ലോകത്തുള്ളതെല്ലാം ഞാന് നിനക്കായി സൃഷ്ടിച്ചതാണ് മനുഷ്യാ എന്ന്. (കുഞ്ഞുന്നാളില് ഞാന് ഓര്ത്തിരുന്നു അപ്പൊ ഈ അട്ടയും പാമ്പും പുഴുവും ഒക്കെ എന്നതിനാണോ ആവോ ഉണ്ടാക്കിയെ എന്ന് )

നമുക്കു വേണ്ടി ഉണ്ടാക്കിയതണേല് പിന്നെ എന്തിനൊരു പാപചിന്ത?ചുമ്മാ തിന്നാന്നേ.

(ബ്രഹദാരണ്യകം എന്നൊരു ബുക്ക് ഉണ്ട്.ആരുടെ എന്നെനിക്കൊര്മയില്ല.സ്കൂള് സമയതെന്നോ വായിച്ചതാ. അതില് ഇങ്ങനെ ഒന്നു പറയുന്നു. ഒരു കുട്ടി അവന്റെ തെറ്റിയ (?) മാനസികാവസ്ഥയില് ചിന്തിക്കുന്നത്. നെല്ല് പുഴുങ്ങുമ്പോള് സന്ങടപ്പെടുന്നതും പിന്നെ കുറെക്കാലം കഴിഞ്ഞു നാടോടികളുടെ കൂടെ കൂടി തവളപിടുത്തക്കാരന് ആകുന്നതും )

സാല്‍ജോҐsaljo said...

great!

അഭയാര്‍ത്ഥി said...

ഇതൊക്കെ ഒരുപാടുപേരിലെന്നപോലെ എന്നിലും ഉളവാകുന്ന സംശയങ്ങള്‍ തന്നെ.
എന്നാല്‍ അതിതുപോലെഴുതുവാനൊ താളുകളിലേക്ക്‌ അക്ഷരവടിവേകുവാനൊ സാധിക്കുന്നില്ല.
അവിടേയാണ്‌ അവിടേയാണ്‌ വണ്‍ സ്വാളോവിന്റെ വിലാപം മനുഷ്യ ദുരന്തത്തിന്റെ പാതിരാപ്പാട്ടാകുന്നത്‌.

അന്ധകാരത്തിലകലത്തിലെവിടേയൊ ഉയരുന്ന ദുരന്തഗാനം പോലെ അനുഭവപ്പെടുന്നില്ലെ ഇത്‌ വായിക്കുമ്പോള്‍.

ആഗ്രഹം അഥവാ വിശപ്പ്‌ ഇതിലൂടെ രുപാന്തരം പ്രാപിക്കുന്നു സസ്യജാലങ്ങളും,ജന്തുക്കളും.

അവ്ട്ടര്‍ ഒര്‍ബിറ്റിലെ ഇലക്ട്രോണിന്റെ ആഗ്രഹം -പെയറിങ്‌ ടെന്‍ഡന്‍സി -സൂക്ഷ്മകണികകളെടുത്താല്‍.
അതെ കൊല്ലലും തിന്നലും ഇതിന്റെ ഭാഗം തന്നെ.
കൊന്നാല്‍പാപം തിന്നു തീര്‍ക്കുക. ഒന്നുചത്താല്‍ മറ്റേതിന്‌ വളം.

വിശപ്പ്‌ അഥവാ ആഗ്രഹം ഇതുമൂലമുള്ള രൂപാന്തരീകരണം......
അതുമാത്രമൊ സത്യം.

അനിവര്‍ said...

തകര്‍ത്തു ഗെഡീ.. കിടിലന്‍ .. നാളെ ബീഫ് ഫ്രൈ തിന്നരുതെന്നു പറയുന്നവനോട് ഇതൊന്നലക്കിയിട്ടുതന്നെ കാര്യം ..

സിമി said...

ഇതുവായിച്ച് ഞാന്‍ വെജിറ്റേറിയനായി

കണ്ണൂസ്‌ said...

ബൃഹദാരണ്യകം സി.രാധാകൃഷ്ണന്റെ ആണ്‌ പ്രിയേ.

രാംജി, തിരിച്ചുവരവിന്‌ സ്വാഗതം.

യാരിദ്‌|~|Yarid said...

ആഹ...;)

വെള്ളെഴുത്ത് said...

ചിന്തകളുടെ പ്രവാഹം കുറച്ചുദിവസമായി ട്രാഫിക് ജാമില്‍പ്പെട്ട് കിടക്കുകയായിരുന്നു. ഇപ്പോള്‍ സ്മൂത്തായി വണ്ടി യൊഴുകി തുടങ്ങി. വാഹ്!
പ്രിയ, അതു മറ്റേ (ഒര്‍ജിനല്‍) ബൃഹദാരണ്യകമല്ലാത്തതുകൊണ്ട് സി. രാധാകൃഷ്ണന്‍ എഴുതിയ നോവലാണ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മോ......

എതിരന്‍ കതിരവന്‍ said...

ആയിരമായിരം വിത്തുകള്‍ കുഞ്ഞു ചിറകകുളോടെ പാറിപ്പറന്ന് വിദൂരങ്ങളില്‍ എത്തിപ്പെട്ട് താനേ വളരുന്നത് മരത്തിന്റെ സന്തോഷം. പക്ഷിയുടെ അന്നനാളത്തില്‍ക്കൂടി പ്രയാണം ചെയ്ത് വിസര്‍ജ്ജവസ്തുവില്‍ ജീവനോടെ പുറത്തായി തന്റെ തണലില്‍ അല്ലാതെ പൊട്ടിമുളയ്ക്കുന്നത് മരത്തിന്റെ ആനന്ദം. എവിടേയും വീണു മുളയ്ക്കാന്‍ പാറിപ്പറക്കുന്ന അപ്പൂപ്പന്‍ താടിയുടെ ആനന്ദം വേറെയാര്‍ക്ക്? അതു പറത്തിവിട്ട അമ്മച്ചെടിയുടെ ആത്മവിശ്വാസം വേറെയാര്‍ക്ക്? ലക്ഷോപലക്ഷം സ്പോറുകള്‍ ഊതിപ്പറപ്പിച്ച് ജൈവചാക്രികത നിരന്തരം ചലിപ്പിയ്ക്കുന്ന ഒരു കുഞ്ഞുകൂണിന്റെ മാസ്മരികയാന്ത്രികത വേറെയാര്‍ക്ക്?

നെര്‍വസ് സിസ്റ്റം വളര്‍ന്നു വികസിച്ച ജീവികളേ നിങ്ങള്‍ അറിയുന്നോ ഈ സൂക്ഷ്മാനന്ദങ്ങളുടെ ഒരു കണികാപരിച്ഛേദമെങ്കിലും?

One Swallow said...

എതിരന്‍ എഴുതിയത് വായിച്ചപ്പൊ ഖലീല്‍ ജിബ്രാന്‍ പണ്ട് പറഞ്ഞത് ഓര്‍ത്തു. “ഭ്രാന്തനാവൂ. സ്വാര്‍ത്ഥതയുടെ അപ്പുറത്ത് എന്തുണ്ടെന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തരൂ”.

പ്രിയ said...

എതിരന്‍ കതിരവന്റെ വാക്കുകള്‍ മറ്റൊരു വ്യൂവില് കൊണ്ടെത്തിക്കുന്നു. "നെര്‍വസ് സിസ്റ്റം വളര്‍ന്നു വികസിച്ച ജീവികളേ നിങ്ങള്‍ അറിയുന്നോ ഈ സൂക്ഷ്മാനന്ദങ്ങളുടെ ഒരു കണികാപരിച്ഛേദമെങ്കിലും?" ശരിയായിരിക്കാം :)

പാല്‍ ചുരത്തുന്ന പശുവും കരുതുന്നുണ്ടാവുമോ "എന്റെ കുഞ്ഞിനോപ്പം നിന്റെ കുഞ്ഞിനും വേണ്ടി ഇതു ഞാന്‍ ദാനം തരുന്നതാണ് മനുഷ്യാ. " എന്ന്. അതിന്റെ നിസ്വാര്ഥത ഹൃദയം ഇല്ലാത്ത നാം അറിയാതെ പോകുന്നതായി.

:) എതിരന്‍, ഒരു തൊപ്പി ഇതാ.

ViswaPrabha വിശ്വപ്രഭ said...

ചേര്‍ത്തുവായിക്കാന്‍ പഴയൊരു പാണന്‍പാട്ട്

G.manu said...

hats off to u

Visala Manaskan said...

വെരി നൈസ്.

Related Posts with Thumbnails