
വസ്തുതകൾക്ക് നിരക്കാത്ത ഗോസിപ്പുകൾക്ക് പ്രസിദ്ധമാണ് ഇന്റർനെറ്റ്. നെറ്റിലുണ്ട് എന്നു കരുതി എന്തും കണ്ണുമ്പൂട്ടി വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും എല്ലാക്കാലത്തും ഉണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഇ-ഗോസിപ്പുകൾക്ക് അവസാനമില്ലാത്തത്. ചിലതെല്ലാം നിരുപദ്രവകരങ്ങളായ രസങ്ങളാണെങ്കിൽ ചിലതിന്റെ പിന്നിൽ തീർച്ചയായും സ്ഥാപിത താല്‍പ്പര്യങ്ങളും നിഗൂഡലക്ഷ്യങ്ങളും കാണും. ഇവയുടെ സത്യാവസ്ഥ അറിയാൻ സഹായിക്കുന്ന സൈറ്റുകളുമുണ്ട്. ആരു പറയുന്നതാണ് നേര്? എന്ന് സെൻ ആൻഡ് ദ ആർട്ട് ഓഫ് മോട്ടോർ സൈക്ക് ൾ മെയ്ന്റനൻസിന്റെ തുടക്കത്തിൽ റോബർട്ട് എം. പിർസിഗ് ചോദിക്കുന്നത് നമുക്കും ചോദിക്കാം.
അടുത്തകാലത്തായി നെറ്റിലൂടെ പ്രചരിച്ച ഒരു രസികൻ ഗോസിപ്പിന്റെ പരിഭാഷ ഇതോടൊപ്പം. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് അന്തിമവിധി വന്നിരിക്കുന്നത്. എന്തായാലും മറന്നുകളയാൻ വയ്യാത്തവിധം ‘വിശ്വസനീയ’മാണ് ഈ അവിശ്വസനീയ ഗോസിപ്പ്.
അമേരിക്കയിലെ സ്റ്റാൻഡേഡ് ഗേജ് [അതായത് റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള ദൂരം] നാലടി എട്ടര ഇഞ്ചാണ്. ഇത് അതിശയകരമാം വിചിത്രമായ ഒരളവാണ്.
ഇതെങ്ങനെ വന്നു? ഇംഗ്ലണ്ടിലും അങ്ങനെയായതുകൊണ്ട്. കാരണം ഇംഗ്ലീഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.
ഇംഗ്ലീഷുകാർക്ക് ഈ അളവെങ്ങനെ കിട്ടി? റെയിൽവേ വരും മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേ പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെ.
അതവർക്ക് എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.
വാഗണുകൾക്ക് എങ്ങനെ വിചിത്രമായ ഈ ചക്രദൂരം കിട്ടി? കൊള്ളാം, വേറെ വല്ല അളവുമായിരുന്നെങ്കിൽ ഇംഗ്ലണ്ടിലെ പഴയ ദീർഘദൂര റോഡുകളിൽ പലേടത്തും വെച്ച് വാഗണുകളുടെ ചക്രങ്ങൾ പൊളിഞ്ഞു പോയേനെ. കാരണം അക്കാലത്തെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.
ആരാണ് ആ വീതിയുള്ള ചക്രച്ചാലോടെ റോഡു പണിതത്? റോമാ സാമ്രാജ്യക്കാർ. അവരാണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ പണിതത്.
ചക്രച്ചാലിന്റെ വീതി എങ്ങനെ വന്നു? റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടിയായിരുന്നു ആ വീതിയിൽ ചക്രച്ചാലുകൾ ഉണ്ടായത്. [രണ്ടു കുതിരകൾ ഓടിയ്ക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ പ്രചാരത്തിലുണ്ടായിരുന്നത്].
വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ഒരൊറ്റ അളവിലായിരുന്നു രഥ നിര്‍മാണം. അമേരിക്കയിലെ റെയില്‍പ്പാളങ്ങളുടെ വീതിയുടെ ഉത്ഭവം റോമാസാമ്രാജ്യത്തിലെ അശ്വരഥങ്ങളിൽ നിന്നാണെന്ന് ചുരുക്കം. നേരേചൊവ്വേ പറഞ്ഞാൽ രണ്ട് കുതിരകളുടെ ചന്തികളുടെ വീതി.
ഉദ്യോഗസ്ഥമേധാവിത്വം എല്ലാടവും പാറ പോലെ അനശ്വരമാണ്.
അതുകൊണ്ട് അടുത്ത തവണ നിങ്ങളുടെ കയ്യിൽ ഒരു സ്റ്റാന്‍ഡേഡ് അളവോ പ്രവര്‍ത്തനരീതിയോ ചട്ടമോ കിട്ടുമ്പോൾ, ‘ദൈവമേ, ഏത് കുതിരയുടെ ചന്തിയാണാവോ ഇതിന്റെ പിന്നിൽ’ എന്ന് നിങ്ങൾ വിചാരിച്ചുപോയാല് നിങ്ങളെ തെറ്റു പറയാനില്ല.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്.
ഒരു സ്പെയ്സ് ഷട്ടിൽ അതിന്റെ ലോഞ്ചിംഗ് പാഡിലിരിക്കുമ്പോൾ അതിന്റെ പ്രധാന ഫ്യൂവൽ ടാങ്കിനടുത്ത് രണ്ട് വലിയ ബൂസ്റ്റർ റോക്കറ്റുകൾ ഇരിക്കുന്ന കണ്ടിട്ടില്ലേ? ഇവയാണ് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ. അമേരിക്കയിലെ യുറ്റായിലുള്ള ഫാക്ടറിയിൽ വെച്ച് ഈ എസ്.ആർ.ബികൾ നിര്‍മിക്കുന്നത് തിയോകോൾ എന്ന കമ്പനിയാണ്.
ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്ത എഞ്ചിനീയർമാര്ര് ഇവയ്ക്കൊരല്‍പ്പം കൂടി വീതി കൊടുക്കണമെന്ന് വിചാരിച്ചുകാണണം. പക്ഷേ യുറ്റായിലുള്ള ഇവരുടെ ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗിന്റെ സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിയ്ക്കുന്നത്. ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നാണ് റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ ഇത്തിരി മാത്രം വീതിയേ തുരങ്കത്തിനുള്ളു. റെയില്‍പ്പാളത്തിന്റെ വീതിയാകട്ടെ, നിങ്ങൾ പഠിച്ചുകഴിഞ്ഞു, രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയാണുതാനും.
ലോകത്തിലെ ഏറ്റവും ആധുനികമായ ട്രാന്സ്പോര്ട്ടേഷൻ സിസ്റ്റം എന്നു വിളിക്കാവുന്ന സേപ്സ് ഷട്ടിൽ ഡിസൈനിലെ ഒരു പ്രധാനഘടകം രണ്ടായിരം കൊല്ലം മുമ്പാണ് നിര്‍ണയിക്കപ്പെട്ടത്. അതും ആരു നിര്‍ണയിച്ചു? കുതിരച്ചന്തികളുടെ വീതി!