Thursday, September 3, 2009

ചില പുഴുക്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍


പുഴുങ്ങുമ്പോള്‍ കോഴിമുട്ടയ്ക്ക് അതിന്റെ സുതാര്യമൃദുലതയും മൃദുലസുതാര്യതയുംനഷ്ടപ്പെടുന്നു. ചില പുഴുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും നമ്മുടെ സുതാര്യതയും മൃദുലതയും നഷ്ടപ്പെടുന്നുണ്ടാവും. ഇനിയൊരിക്കലും തിരിച്ചുപോകാനാവാത്തവിധം ചില അനുഭവങ്ങള്‍ നമ്മളെ മാറ്റിക്കളയുന്നു.

ദാമോദരൻ മൊതലാളീടെ സൈക്കിള്‍വാടക-കം-സ്റ്റേഷനറിക്കടയില്‍ നിന്ന് 5 പൈസയ്ക്ക് ഒരു കുഞ്ഞിക്കുപ്പി മഷി കിട്ടുമായിരുന്നു. അകം ഉള്‍ക്കുഴിഞ്ഞ റബ്ബര്‍ അടപ്പനുള്ള കുഞ്ഞിക്കുപ്പി. അലൂമിനിയത്തിന്റെ തലേക്കെട്ടും കെട്ടി ഇഞ്ചക്ഷന്‍ മരുന്നുമായി വന്നവയെ ഗ്രീന്‍പീസ് മസാലയുടെ കാലത്തിനും മുമ്പേ റീസൈക്ക് ള്‍ ചെയ്തിട്ടാണോ ദാമോദരന്‍ മൊതലാളി ആ കുപ്പികള്‍ സംഘടിപ്പിച്ചിരുന്നത് ആവൊ? അയാള്‍ ഷര്‍ട്ടിട്ടിരുന്നില്ല. ജരാനര ബാധിച്ചു തുടങ്ങിയ മഞ്ഞനിറമുള്ള ശരീരത്തില്‍ ഗാഡസരസ്വതബ്രാഹ്മണ്യത്തിന്റെ [മലയാളത്തില്‍ പറഞ്ഞാല്‍ ‘കൊങ്ങിണി] മുഷിഞ്ഞ പൂണൂല്‍ കാണാമായിരുന്നു. പിന്നീട് കട ഏറ്റെടുത്തത് മകന്‍ മുത്തു. അയാളെ ഷര്‍ട്ടൂരി കണ്ടിട്ടില്ല. പല്ല് ലേശം പൊന്തിയിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ പറവൂര് നടന്ന ഉപജില്ലാ സയന്‍സ് എക്സിബിഷന്‍ കാണാന്‍ പോയി. മാര്‍കേസിന്റെ നായകന്‍ ഐസു കാണാന്‍ പോയ പോലത്തെ ചില ഓര്‍മകള്‍. അതിലൊന്ന് ആ കുഞ്ഞിക്കുപ്പിയില്‍ പൊട്ടാതെ കയറിരുന്ന് കാണപ്പെട്ട കോഴിമുട്ടയായിരുന്നു. ചൊറുക്കയില്‍ ഇട്ടു വെച്ചാല്‍ കോഴിമുട്ടയുടെ കാത്സ്യം തോട് അലിഞ്ഞുപോകുമെന്നും തോടിനും വെള്ളയ്ക്കും ഇടയിലുള്ള റബ്ബറിമയുള്ള ഇടന്തൊലി അതിനെ കുപ്പിയ്ക്കകത്തു കയറുമ്പോഴും പൊട്ടിയിലിയ്ക്കാതെ കാക്കുമെന്നും സയന്‍സ് പഠിപ്പിച്ചിരുന്ന അബ്ദുള്‍ഖാദര്‍ സാറ് പറഞ്ഞു തന്നു. അധികം വൈകാതെ ഒരു ദിവസം അബ്ദുള്‍ഖാദര്‍ സാറിന്റെ മയ്യത്തുകാണാന്‍ അഞ്ചാമ്പരത്തിയിലേയ്ക്ക് ഞങ്ങള്‍ വരിവരിയായി നടന്നുപോയി. ആദ്യമായി കണ്ട മരണം.

അതാര്യമായ കാത്സ്യം തോടില്ലാതെ മുട്ട എങ്ങനെയിരിക്കുമെന്ന് കാണാന്‍ ദുബായ്ക്കാരനാകേണ്ടി വന്നു, അച്ഛനാകേണ്ടിയും വന്നു. പണ്ട് ബിനാക്ക വാങ്ങിയിരുന്നത് അതാണ് നല്ല പേസ്റ്റ് എന്ന് വിചാരിച്ചിട്ടല്ലല്ലൊ, അതിന്റൊപ്പം കിട്ടിയിരുന്ന പ്ലാസ്റ്റിക് പക്ഷിമൃഗങ്ങളെ കിട്ടാനായിരുന്നല്ലൊ. അതുപോലെ മോള് എപ്പോഴും കിന്റര്‍ മിട്ടായി വാങ്ങാന്‍ പറയും. മുട്ടയുടെ ഷേപ്പില്‍ വരുന്ന അതിന്റെയുള്ളില്‍ ഒരു കുഞ്ഞുകളിപ്പാട്ടം കാണും. നേര്‍ത്ത പാളിയാകയാല്‍ കവിളത്തും ഉടുപ്പിലുമെല്ലാം ഓരോ തവണയും ചോക്കലേറ്റ് തവിട്ടിമറിയും. എന്നാലും പെണ്ണിന് കിന്റര്‍ തന്നെ വേണം. അതിന്റെ പാക്കേജ് ഈയിടെ പരിഷ്കരിച്ചു. ചോക്കലേറ്റിന്റെ നേര്‍ത്തപാളി കൊണ്ട് ഉണ്ടാക്കിയിരുന്ന മുട്ടക്കൂടിനു പകരം മുട്ടയുടെ ഷേപ്പിലുള്ള സുതാര്യമായ രണ്ട് പ്ലാസ്റ്റിക് ചേര്‍പ്പുകള്‍ സ്ഥാനം പിടിച്ചു. ചോക്കലേറ്റും തീര്‍ന്ന് കളിപ്പാട്ടവും പൊട്ടിയിട്ടും രണ്ടായി തുറന്നടയ്ക്കാവുന്ന ആ പ്ലാസ്റ്റിക് മുട്ട അവശേഷിച്ചു. നിലത്തെറിഞ്ഞാല്‍ തെറിച്ചുപൊന്തുന്ന ഒരു ചെറിയ റബ്ബർപ്പന്ത് അതിനുള്ളിലിട്ടപ്പോള്‍ പണ്ടത്തെ സങ്കല്പ്പത്തിന് സാക്ഷാത്കാരമായി.

വെന്തുകഴിഞ്ഞാലും തരം കിട്ടിയാല്‍ കലത്തിന്റെയും കയിലിന്റെയും കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ചോറുംവറ്റുകള്‍ വീണ്ടും ആരും കാണാതെ കിടന്ന് അരിമണിയാകാന്‍ ശ്രമിയ്ക്കുന്നതുപോലെ എനിയ്ക്കും അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് തിരിച്ചുപോയാല്‍ക്കൊള്ളാമെന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ നെന്മണിയായല്ല കോഴിമുട്ടയായാണ് ജനിച്ചതെന്നു തോന്നുന്നു. പുഴുങ്ങിയപ്പോള്‍ മൃദുലസുതാര്യത നഷ്ടപ്പെട്ട്, വെളുത്ത് കനംവെച്ചു. ഇപ്പോളിതാ ഉപ്പിനേയും കുരുമുളകിനേയും കാത്തിരിയ്ക്കുന്നു. ഏമ്പക്കത്തിന്റെയും കീഴ്ശ്വാസത്തിന്റെയും ഇടയില്‍ക്കിടന്ന് ദഹിച്ചുപോവാന്‍.

6 comments:

Rammohan Paliyath said...

ബ്ലോത്രത്തില്‍ ആരംഭിച്ച ‘ഫ്ലവര്‍വേസിലെ പൂക്കള്‍’ എന്ന പംക്തിയുടെ ആദ്യലക്കമായി വെബ്ലിഷ് ചെയ്തത്.

Writings on Sand said...

വെന്തുകഴിഞ്ഞാലും തരം കിട്ടിയാല്‍ കലത്തിന്റെയും കയിലിന്റെയും കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ചോറുംവറ്റുകള്‍ വീണ്ടും ആരും കാണാതെ കിടന്ന് അരിമണിയാകാന്‍ ശ്രമിയ്ക്കുന്നതുപോലെ: ഇതൊക്കെ എങ്ങനെ കാണുന്നു!!! ആ കാഴ്ചയ്ക്ക് സലാം... :)

Rammohan Paliyath said...

കമന്റ് മോഡറേഷന്‍കട തുറന്നു വെച്ചിരിക്കുന്നത് ഇത്തരം കമന്റിനെ ഡിക്ലൈന്‍ ചെയ്യാനായിരിക്കണം. അയ്യോ, ഇത് പബ്ലിഷിംഗ് വെരി എമ്പരാസിംഗ്. സലാം എന്നു മാത്രം മതിയാരുന്നു. അത് മടക്കിയിരിക്കുന്നു.

ചോറുംവറ്റ് കിടന്ന് അരിമണിയാകുന്നത് കാണാത്ത ഏത് ഡാഷ്മോനാടാ എന്റെ ബ്ലോഗ് വായിക്കുന്നത്?

Writings on Sand said...

ചോറുംവറ്റ്‌ കിടന്നു അരിമണിയാകുന്നത് പല ഡാഷ്മോന്‍മാരും കണ്ടിരിക്കും. പക്ഷെ അത്രയും mundane ആയ കാഴ്ചയില്‍ നിന്നും ഒരു വല്യ ചിന്ത ഉയര്‍ന്നു വന്നതിനായിരുന്നു സലാം.. "To see a World in a Grain of Sand
And a Heaven in a Wild Flower" എന്നൊക്കെ പറയുന്ന പോലെ. ഇവിടെ ഒരു മോഡറേഷന്‍ കട ഉണ്ടെന്നും പറഞ്ഞു മനുഷ്യന് നല്ലത് പറയാനും പറ്റില്ലേ, Mr.വിനയകുനിയന്‍? ഇനി അത് ഒട്ടും പിടിച്ചില്ലെങ്കില്‍, ക്ഷമിച്ചു കള... മണലില്‍ അല്ലെ, വേഗം മാഞ്ഞു പൊയ്ക്കോളും...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“ചോറുംവറ്റ് കിടന്ന് അരിമണിയാകുന്നത് കാണാത്ത ഏത് ഡാഷ്മോനാടാ എന്റെ ബ്ലോഗ് വായിക്കുന്നത്?“

ഹ ഹ ഇത് ഗലക്കി
;)

chithrakaran:ചിത്രകാരന്‍ said...

ONaaSamsakaL...!!!
"ഏത് ഡാഷ്മോനാടാ എന്റെ ബ്ലോഗ് വായിക്കുന്നത്?"
ഈ ചിത്രകാരനും വായിച്ചിരിക്കുന്നു:)

Related Posts with Thumbnails