Saturday, January 2, 2010

ഇടതുവശം തളര്‍ന്നയാള്‍ ഫുട്ബോള്‍ കളിക്കുന്നതെങ്ങനെ?

ഫുട്ബോള്‍ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.

ശരീരത്തിലും മനസ്സിലും സോ കാള്‍ഡ് ആണത്തത്തിന്റെ കുറവ് കൂടുതലായതുകൊണ്ട് എനിക്കൊരിക്കലും ഫുട്ബോളിനോട് കമ്പം തോന്നിയിട്ടില്ല. [ഉള്ള ഇത്തിരി ആണത്തമാകട്ടെ ചീത്ത Cholesterolന്റെ കാര്യം പറഞ്ഞ പോലാ - "സ്ത്രീകളുമായി ബന്ധം സാധ്യമല്ല, ബന്ധപ്പെടലേ സാധ്യമുള്ളൂ" എന്നൊക്കെ എഴുതിപ്പോവുന്ന തരം ചീപ്പ് ആണത്തം. മുഖമടച്ച് ഒന്ന് കിട്ടിയാല്‍ പുഴുക്കുത്തി അടച്ച രണ്ട് അണപ്പല്ലുകോളോടൊപ്പം കൊഴിഞ്ഞുപോകാവുന്നതേയുള്ളു അതും].

ഇനി ഒരു ക്രിക്കറ്റ്ഭ്രാന്തനാണ് എന്ന സത്യം തുറന്ന് പറഞ്ഞാലോ, ആളുകള്‍ തെറ്റിദ്ധരിക്കയും ചെയ്യും. 1980—കളുടെ അവസാനത്തില്‍ കളിഭ്രാന്തു പിടിപെട്ട പുത്തങ്കൂറ്റ് ക്രിക്കറ്റ് പ്രേമികളുടെ കൂടെക്കൂട്ടിയാല്‍ 'ആണും പെണ്ണും കെട്ടവനേ' എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ അപമാനം തോന്നും. അയ്യോ, പുത്തങ്കൂറ്റ് ക്രിക്കറ്റ്പ്രേമികള്‍ ആണും പെണ്ണും കെട്ടവരാണ് എന്നല്ല കെട്ടൊ ഇതിനര്‍ത്ഥം. അവര് നല്ല ക്രിക്കറ്റ് പ്രേമികള്‍ തന്നെ. പക്ഷേ എഴുപതുകളില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദിനപത്രങ്ങളുടേയും ട്രാന്‍സിസ്റ്റര്‍ റേഡിയോയുടേയും കാലത്ത്, തെങ്ങിന്റെ കവളമ്മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റുകൊണ്ട്, ടെന്നീസ് ബോളുകൊണ്ടല്ല, അഞ്ചര ഔണ്‍സ് തൂക്കമുള്ള കോര്‍ക്കിന്റെയും ലെതറിന്റെയും സാക്ഷാല്‍ ക്രിക്കറ്റ് ബോളുകള്‍ കൊണ്ട് കളിച്ചു തുടങ്ങിയതായതുകൊണ്ട്, ക്രിക്കറ്റ് ഐക്യുവും ഈക്യുവും ലേശം കൂടുതാലായിപ്പോയതിന്റെ ഈഗോപാലകൃഷ്ണമേനോന്‍. ഷെമിച്ചു ബേഗലു.

മാറ്റപ്പാടം എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ സ്ക്കൂള്‍ ഗ്രൌണ്ടില്‍ ഞങ്ങളുടെ സ്ക്കൂള്‍ വേന‍ക്കാലത്ത് മിനര്‍വ ക്ലബ്ബുകാരുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് പതിവുണ്ടായിരുന്നു. ചേന്ദമംഗലം മിനര്‍വ, ചേന്ദമംഗലത്തു തന്നെയുള്ള കിഴക്കുമ്പുറത്തുകാരുടെ ബ്ലൂ സ്റ്റാര്‍ [മിനര്‍വയില്‍ ഏതാണ്ട് മുഴുവനും നായമ്മാരായിരുന്നുവെന്നും ചേന്ദമംഗലത്തിന്റെ വിമതജഴ്സിയണിഞ്ഞ ബ്ലൂ സ്റ്റാറില്‍ നിറയെ അവര്‍ണരായിരുന്നെന്നും സ്ഥലകാലങ്ങളുടെ അകല്‍ച്ച സാധ്യമാക്കുന്ന സുരക്ഷിതത്വത്തിലും യാഥാര്‍ത്ഥ്യബോധത്തിലുമിരുന്ന് ഇന്ന് പറയാന്‍ പറ്റും], പറവൂര്‍ പാന്തേഴ്സ് [എല്ലാ കഥയിലും ഉണ്ടാകുമല്ലൊ ഒരു കര്‍ണന്‍. ചേന്ദമംഗലം എല്‍.പി. സ്കൂളിനോട് ചേര്‍ന്ന വീട്ടുകാരനാണെങ്കിലും അടുത്ത ടൌണായ പറവൂരെ ഏതോ ഡെയറിയിലായിരുന്നു ജോലി എന്നതുകൊണ്ട് പാന്തേഴ്സിനു വേണ്ടിയായിരുന്നു ശിവങ്കുട്ടി കളിച്ചത്], ആലുവ ലക്കി സ്റ്റാര്‍, ആലുവ ജി.ടി.എന്‍ ടെക്സ്റ്റയിത്സ്, കറുകുറ്റി പ്രീമിയര്‍ കേബിള്‍സ്, ശ്രീമൂലനഗരത്തെയും ഓച്ചന്തുരുത്തിലെയുമെല്ലാം ഏതോ ക്ലബ്ബുകള്‍... അഞ്ചാം ക്ലാസിലെത്തും മുമ്പേ ഫിക്സ്ചര്‍ എന്ന വാക്കു പഠിച്ചതിന് എന്റെ പേരില്‍ കുറ്റമില്ല വണ്‍ ടൂ ത്രീ. പ്രീമിയര്‍ കേബിള്‍സായിരുന്നു സ്ഥിരം വിന്നര്‍. ലക്കിസ്റ്റാറായിരുന്നു പലപ്പോഴും റണ്ണറപ്പ്.

പട്യാല എന്നും വിളിപ്പേരുണ്ടായിരുന്ന കേബിള്‍സിന്റെ പട്ടി മത്തായിയായിരുന്നു എല്ലാവരാലും വെറുക്കപ്പെട്ട നമ്പര്‍ വണ്‍ ഹീറോ [നമ്പര്‍ ടൂവിനെ ദൂരദര്‍ശിനി വെച്ച് നോക്കണം. ആരായിരുന്നൊ ആവോ!]. മാറ്റപ്പാടത്തിന്റെ ഒരറ്റത്തു നിന്ന് അയാള്‍ അടിയ്ക്കുന്ന അടികള്‍ ചിലപ്പോള്‍ ഇപ്പുറത്ത് ഔട്ടും കടന്ന് പോയി! അയാളുടെ ചില ഗോളുകള്‍ വല തകര്‍ക്കുമെന്ന് തോന്നി. അയാള്‍ ബോളും കൊണ്ട് കേറി വരുമ്പോള്‍ ഇപ്പുറത്ത് ഗോളി നിന്നിരുന്ന ഏത് ഹിഗ്വിറ്റയ്ക്കും മൂത്രം ഉറഞ്ഞുപൊയ്ക്കാണുമെന്നുറപ്പ്. ഒരിയ്ക്കല്‍ അയാളടിച്ച ബോള്‍ ചെന്നു കൊണ്ട് മിനര്‍വയുടെ ഒരേയൊരു സ്റ്റാര്‍ പ്ലെയറായിരുന്ന ഫോര്‍വേഡ് ബാബുട്ടന്റെ കയ്യൊടിഞ്ഞു. ആതിഥേയരായ മിനര്‍വ ക്വാര്‍ട്ടര്‍ കടന്ന ചരിത്രമില്ലാത്തതുകൊണ്ട് ബാബുട്ടനില്ലാതെ സെമി കളിയ്ക്കേണ്ടി വന്നു തുടങ്ങിയ ഗുലുമാലുകളൊന്നും ഉണ്ടായില്ല. എങ്കിലും അക്കൊല്ലത്തെ മിനര്‍വയുടെ തുടര്‍ന്നുള്ള കളികളില്‍ കളിയ്ക്കാന്‍ വയ്യാതെ കയ്യില്‍ പ്ലാസ്റ്ററിട്ട് റഫറി നിന്ന ബാബുട്ടന്‍ ഞങ്ങളുടെ നാട്ടുനോവ് കൂട്ടി.

ആലുവ ലക്കി സ്റ്റാറിന്റെ ഗോളിയും ക്യാപ്റ്റനുമായിരുന്ന മത്തങ്ങാ വര്‍ഗീസായിരുന്നു നാട്ടുകാരായിരുന്ന ബാബുട്ടനോളവും ടീനേജ് സ്റ്റാര്‍ പീതാംബരനോളവും തന്നെ മിക്കവാറും എല്ലാവരും സ്നേഹിച്ചിരുന്ന ഹീറോ. ആലുവാ മാര്‍ക്കറ്റില്‍ പോര്‍ട്ടറാണ് അയാളെന്നും ലോറിയില്‍ നിന്ന് എറിഞ്ഞ് അണ്‍ലോഡ് ചെയ്യുന്ന മത്തങ്ങ വീഴാതെ പിടിച്ചു പിടിച്ചാണ് അയാള്‍ ഗോളിയും 'മത്തങ്ങാ' വര്‍ഗീസുമായതെന്നായിരുന്നു ഒരു കഥ. ഒരു ഫൈനലിന് അയാള്‍ എല്ലാരെയും ഞെട്ടിച്ചു. പട്ടി മത്തായിയുടെ ഗോളാകുമായിരുന്ന പൊന്നീച്ച പറന്ന അഞ്ചാറ് അടികളാണ് അയാള്‍ തടുത്തു തെറിപ്പിച്ചത്. ഓരോ തവണയും അന്ന് ഉയര്‍ന്ന ആരവങ്ങള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ഒടുക്കം റഫറി അംബ്രോസ് ലോംഗ് വിസിലടിയ്ക്കുമ്പോള്‍ ലക്കി സ്റ്റാറും കേബിള്‍സും രണ്ടേ രണ്ട് സമാസമം. [കരുത്തനും കറുത്ത സുന്ദരനുമായിരുന്ന അംബ്രോസ് അകാലത്തില്‍ പിടിപെട്ട മാരകമായ ഒരു വാതരോഗം കാരണം റഫറിയായതാണ്. പിന്നീട് നക്സല്‍, സാക്ഷരതാ, വായനശാല പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന അംബ്രോസ് അകാലത്തില്‍ത്തന്നെ മണ്ണോടു ചേര്‍ന്നു].


പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത - The Goalie's Anxiety at the Penalty Kick - എന്ന് ചെറുകഥയിലെ പെലെയായ എന്‍. എസ്. മാധവന്‍ എഴുതിയത് മുന്‍കാല പ്രാബല്യത്തോടെ മൂന്നാല് ഗ്രാമങ്ങള്‍ ഒരുമിച്ച്, ഒരേ ശ്വാസത്തില്‍ [ഒരു തവണപോലും ശ്വാസം വിടാതെ] തിരുത്തിയ ഒരു 'ബെനാള്‍ട്ടി'യായിരുന്നു പിന്നീട്. ചതിയനായ ദൈവം മാത്രം എന്നത്തേയും പോലെ അന്നും ബലവാന്മാരോടും ധനികരോടും ഒപ്പം നിന്നു. [മിനര്‍വ ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന രണ്ടേ രണ്ട് കോര്‍പ്പറേറ്റ് ടീംസായിരുന്നു കേബിള്‍സും ജീടീഎന്നും].

ജീടീഎന്നിലെ ജോലിക്കാരനും ടീം മെമ്പറുമായിരുന്നു ചേന്ദമംഗലത്തുകാരന്‍ തന്നെയായിരുന്ന ഉണ്ണിച്ചേട്ടന്‍ എന്നും ജീടീയെന്‍ എന്നും അറിയപ്പെട്ടിരുന്ന മാവേലിലെ കൃഷ്ണകുമാര്‍ [ബാബുട്ടന്റെ കസിന്‍]. ഷട്ടില്‍ കോക്ക് കോര്‍ട്ടില്‍ തീപാറുന്ന എയ്സുകള്‍ ഉതിര്‍ത്തും ലൈബ്രറിയുടെ മുമ്പിലെ പിച്ചില്‍ തല കൊയ്യാന്‍ പോന്ന തകര്‍പ്പന്‍ ബൌണ്‍സറുകളെറിഞ്ഞും ഒരേപോലെ തിളങ്ങിയ ഉണ്ണിച്ചേട്ടനെ പിന്നെ എറണാകുളത്തുവെച്ച് ചിത്രകാരന്‍ ടി. കലാധര‍ന്റെ അളിയനായി കണ്ടു.

അതിന്റെയെല്ലാം ഉയരത്തില്‍ സമാന്തരമായിട്ടായിരുന്നു നജിമുദ്ദീനും സേവ്യര്‍ പയസ്സും സേതുമാധവനും വിക്ടര്‍ മഞ്ഞിലയുമെല്ലാമെഴുതിയ സന്തോഷ് ട്രോഫിയുടെയും ചാക്കോളാ ഗോള്‍ഡ് ട്രോഫിയുടെയും നാഗ്ജി കപ്പിന്റേയും പ്രീമിയര്‍ ടയേഴ്സിന്റേയും ടൈറ്റാനിയത്തിന്റേയുമെല്ലാം വീരഗാഥകള്‍; ആ ഗാഥകളെ ടെലിവിഷനും എത്രയോ മുമ്പ്, വാക്കുകളിലൂടെ എങ്ങനെ ലൈവായി ടെലികാസ്റ്റ് ചെയ്യാമെന്ന് തെളിയിച്ച ആകാശവാണിയുടെ റണ്ണിംഗ് കമന്ററികള്‍.

പിന്നീട് ഒരിടവേളയ്ക്കു ശേഷം വന്ന സത്യന്‍, ഐ. എം. വിജയന്‍, പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, ഷറഫലി തുടങ്ങിയവരുടെ തലമുറയും ഫുട്ബോളിന് ഇന്ത്യയില്‍ മറ്റെവിടെയുമില്ലെങ്കിലും കേരളത്തില്‍ എന്നും ബാല്യമായിരിക്കുമെന്ന് കൊതിപ്പിച്ചു. എഫ്. സി. കൊച്ചിനിലൂടെ പ്രൊഫഷനല്‍ ഫുട്ബോളിനും കേരളത്തില്‍ ഭാവിയുണ്ടെന്ന് തോന്നിപ്പിച്ചു. ഒരു കളിയില്‍ എഫ്. സി. കൊച്ചിന്‍, ശ്വാസം പിടിച്ച് ഓര്‍മിച്ചോളൂ, മൊഹന്‍ ബഗാനെ തോല്‍പ്പിച്ചു. എന്നാല്‍ ഒരു ശ്രീശാന്തിന് ശേഷം, ഒരേയൊരു ശ്രീശാന്തിനു ശേഷം, 2008 മെയ് മാസത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ ഫുട്ബോള്‍ കളിക്കാര്‍ക്ക് കഴിയ്ക്കാന്‍ കിട്ടിയത് ബ്രെഡും ജാമും. 15 വര്‍ഷത്തിനിടെ ആദ്യമായി സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ കാണാതെ കേരളം പുറത്തായതും 2008-ല്‍.

പ്രതിരോധം പാളിയെന്നും ഗോളി പിഴവുകള്‍ വരുത്തിയെന്നുമെല്ലാം പറഞ്ഞ് [പഴയ സ്റ്റാര്‍ ഗോളി കൂടിയായ] കോച്ച്‌ വിക്ടര്‍ മഞ്ഞില കയ്യൊഴിഞ്ഞു. കുറ്റം മുഴുവന്‍ കളിക്കാര്‍ക്ക്‌! അതേസമയം കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കേരളാടീമിന്റെ യാത്രയുടെ സുഖവിവരങ്ങളറിഞ്ഞാലോ? ആന്ധ്രയിലെ പൊള്ളുന്ന ചൂട്‌ സഹിച്ച്‌ കേരള എക്സ്പ്രസ്സിലെ സ്ലീപ്പര്‍ ക്ലാസ്‌ കമ്പാര്‍ട്ട്‌മെന്റിലാണ്‌ ടീം യാത്ര ചെയ്തത്‌. രണ്ടര മണിക്കൂര്‍ വൈകി ഡല്‍ഹിയില്‍ എത്തിയ ട്രെയിനില്‍ വൈകീട്ടത്തെ ഭക്ഷണം പോലും ടീമിന്‌ കിട്ടിയിരുന്നില്ല. സന്തോഷ്‌ ട്രോഫി നേടാന്‍ പറഞ്ഞയച്ച ടീമിനെ ട്രാവന്‍കൂര്‍ ഹൌസിലെ ഡോര്‍മിറ്ററിയില്‍ താമസിപ്പിക്കാനായിരുന്നു ആദ്യ പരിപാടി. പിന്നീട്‌ താമസം കേരളാ ഹൌസിലേയ്ക്ക്‌ മാറ്റി. കേരളാ ഹൌസിലെത്തിയ ടീമിന്‌ ഉഗ്രന്‍ ഭക്ഷണമായിരുന്നു ഏര്‍പ്പാടാക്കിയിരുന്നത്‌ - ബ്രഡും ജാമും പഴവും!

2006-ല്‍ ഹരിയാനയില്‍ വച്ച്‌ നടന്ന സന്തോഷ്‌ ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്ത കേരളാ ടീമും ഇതേപോലെ രണ്ടാം ക്ലാസ്‌ സ്ലീപ്പറിലാണത്രെ യാത്ര ചെയ്തത്‌. നിയമസഭയില്‍ അന്നതിനെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍, കേരളാ ടീമിന്‌ എന്തുകൊണ്ടാണ്‌ രണ്ടാം ക്ലാസ്‌ സ്ലീപ്പറില്‍ യാത്ര ചെയ്യേണ്ടി വന്നതെന്ന കാര്യം വ്യക്തിപരമായി അന്വേഷിയ്ക്കുമെന്നാണ്‌ അന്നത്തെ സ്പോര്‍ട്സ്‌ മന്ത്രി പറഞ്ഞത്‌. അദ്ദേഹം അന്വേഷിച്ചിട്ട്‌ എന്ത്‌ കണ്ടുപിടിച്ചു എന്നറിഞ്ഞില്ല.

കേരളാ ഫുട്ബോള്‍ ഒരൊറ്റ ചെകിട്ടത്തടി കിട്ടി വീണുപോയതല്ലെന്ന് ചുരുക്കം. സത്യത്തില്‍ ഫുട്ബോളിനേക്കാള്‍ വേഗത്തില്‍ ഇക്കാലത്തിനിടെ കേരളത്തില്‍ നിലം പറ്റിയ ഉശിരന്‍ ഗെയിമാണ് വോളിബോള്‍. ജിമ്മി ജോര്‍ജ് സഹോരന്മാര്‍, ജോളി ക്ലബ്ബ് മൂലമറ്റം, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാഡ്... ക്ലബ്ബുകളുടെയും കോര്‍പ്പറേറ്റ്സിന്റെയും പ്രോത്സാഹനം ഫുട്ബോളിനേപ്പോലെ വോളിബോളും വേണ്ടപോലെ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ടീമംഗങ്ങള്‍ മുഴുവന്‍ ഒരേസമയം കായികക്ഷമത സജ്ജമാക്കി ഇളകിയാര്‍ത്ത് കളിയ്ക്കുന്നതുകൊണ്ടായിരിക്കുമോ ചേന്ദമംഗലത്തെ മാറ്റപ്പാടത്ത് ഫുട്ബോള്‍ കാണാന്‍ പോയവര്‍ തന്നെ വടക്കുമ്പുറത്തെ ആശാന്‍ മൈതാനിയില്‍ വര്‍ഷാവര്‍ഷം അരങ്ങേറിയിരുന്ന ഫ്ലഡ് ലിറ്റ് വോളിബോളും കാണാന്‍ പോയത്?

[വനിതാടീമുകളുടെ കളികള്‍ക്ക് താല്‍ക്കാലിക ഗാലറി തകരാന്‍ പോന്നവിധം തിരക്കേറിയിരുന്നുവെന്നത് നേര്. മിനിസ്കര്‍ട്ടുകള്‍ ഉലയുമ്പോള്‍ ലൈംഗികദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ട സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും ഒരുപോലെ ആര്‍ത്തുവിളിച്ചു. എങ്കിലും ഒരു പുരുഷവിഭാഗം ഫൈനലില്‍ കരുമാലൂര്‍ സിക്സസും ഷിപ്പ്യാഡും ഏറ്റുമുട്ടിയപ്പോളായിരുന്നു റെക്കോഡ് തിരക്ക്. മാറ്റപ്പാടത്തിന് ചുറ്റും നിന്നും ലൈബ്രറിയുടേയും സ്ക്കൂളിന്റേയും മതിലുകളിലിരുന്നും മിനര്‍വ ഫുട്ബോള്‍ സൌജന്യമായി കാണാന്‍ കിട്ടിയിരുന്നെങ്കില്‍ വടക്കുമ്പുറത്തെ വോളിബോള്‍ ടൂര്‍ണമെന്റ് കാണാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കണമായിരുന്നു. സീസണ്‍ ടിക്കറ്റെടുത്ത് ലാഭിക്കാന്‍ തുനിഞ്ഞവര്‍ സംഘാടകരുടെ അനിശ്ചിതത്വം കുറച്ചു. നല്ല കളി മാത്രം നോക്കി ബോക്സോഫീസില്‍ നിന്ന് അന്നന്ന് ടിക്കറ്റെടുക്കുന്നവരെ സെമി മുതലുള്ള പ്രീമിയം നിരക്കുകള്‍ പിന്തിരിപ്പിച്ചില്ല. ചേട്ടന്മാരെടുക്കുന്ന സീസണ്‍ ടിക്കറ്റുകളുമായി മോശം കളിയുള്ള ദിവസം കളി കാണാന്‍ വന്നിരുന്നത് അനിയന്മാരാണെന്ന വിശേഷം കൂടി പറയാതെങ്ങനെ? ഏറെക്കുറെ ഒരേ കാണികള്‍. അതിനപ്പുറം മാറ്റപ്പാടത്തെ ഫുട്ബോളിനും ആശാന്‍ മൈതാനിയിലെ വോളിബോളിനും പൊതുവായി ഒരു വാസ്തവം കൂടിയുണ്ടായിരുന്നു - ഫൈനല്‍ കഴിഞ്ഞ് രണ്ടിന്റേയും സമ്മാനദാനം നിര്‍വഹിച്ചിരുന്നത് അതതുകാലത്തെ അണ്ടിപ്പിള്ളിക്കാവ് എസ്സൈമാര്‍. [ഒരു കൊല്ലത്തെ മിനര്‍വയുടെ സെക്രട്ടറി പള്ളത്തെ പ്രകാശന്‍ അക്കൊല്ലം ട്രോഫി കൊടുക്കാന്‍ വന്ന എസ്സൈയ്ക്ക് സോഡ കൊടുക്കുമ്പോള്‍ ചിരിക്കുന്ന കണ്ടു. അപ്പൊ പ്രകാശന് ആരെയും പേടിയ്ക്കേണ്ട അല്ലെ?]

അങ്ങനെയൊക്കെ തലമുറകള്‍ ആര്‍ത്തുല്ലസിച്ച ഫുട്ബോളിനേയും വോളിബോളിനേയുമെല്ലാം ക്രിക്കറ്റ് എന്ന ഒറ്റ ഉരുള്‍പൊട്ടല്‍ കടപുഴക്കി കളഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം. ക്രിക്കറ്റ് മൂലം ദേശീയതലത്തില്‍ ഹോക്കിയ്ക്ക് സംഭവിച്ച അപചയം കേരളത്തിന്റെ കാര്യത്തില്‍ ഫുട്ബോളിനും വോളിബോളിനും അനുഭവിക്കേണ്ടി വന്നു എന്ന് ലളിതവല്‍ക്കരിച്ച ഷോട്ട് യാഥാര്‍ത്ഥ്യത്തിന്റെ ഗോള്‍ പോസ്റ്റില്‍ നിന്ന് എത്ര അകലെയായാണ് തെറിച്ചുവീഴുന്നത്.

[കേരളത്തിലെ ക്രിക്കറ്റിന്റെ തല തലശ്ശേരിയും ഹൃദയം തൃപ്പൂണിത്തുറയുമാണെന്നാണ് വെപ്പ്. എന്നാല്‍ കേരളത്തിലെ ആദ്യത്തെയും എക്കാലത്തെയും ഏറ്റവും വലിയ രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ഞങ്ങടെ ചുറ്റുവട്ടത്തുനിന്നാണ് - ചേന്ദമംഗലത്തു നിന്നു തന്നെയുള്ള രവി അച്ചനും വള്ളുവള്ളിക്കാരന്‍ ബാലന്‍ പണ്ഡിറ്റും.

ബാലന്‍ പണ്ഡിറ്റിനെ മാധ്യമങ്ങള്‍ക്ക് ഈയിടെ വീണ്ടും ഓര്‍ക്കേണ്ടി വന്നു - ആറേഴ് മാസം മുമ്പൊരു ദിവസം കേരളത്തിന്റെ ശ്രീകുമാരന്‍ നായര്‍ പാലക്കാട് കോട്ട മൈതാനിയില്‍ വെച്ച് കേരളത്തിന്റെ ആദ്യ ട്രിപ്പ്ള്‍ സെഞ്ച്വറി നേടിയപ്പോള്‍. 2007 നവംബര്‍ 17-ന് ആ രഞ്ജി ഇന്നിംഗ്സില്‍ സര്‍വീസസിനെതിരെ നായര്‍ നേടിയ 306 നോട്ടൌട്ട് എന്ന കൂറ്റന്‍ സ്കോര്‍ ഒരു കേരളീയ ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായി അന്ന് റെക്കോഡ് തകര്‍ത്തു. എന്നാല്‍ അന്നു തകര്‍ന്ന റെക്കോഡിന് കഷ്ടി അരനൂറ്റാണ്ട് പഴക്കമുണ്ടെന്നറിയുമ്പോളോ? 1959-ലെ ക്രിസ്തുമസിന്റെയന്ന് ആന്ധ്രയ്ക്കെതിരെ പാലക്കാട്ടെ തന്നെ വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ ബാലന്‍ പണ്ഡിറ്റ് നേടിയ 262 നോട്ടൌട്ടിനാണ് തകരാന്‍ വേണ്ടി അരനൂറ്റാണ്ടോളം കാത്തുകിടക്കേണ്ടി വന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ ബാലന്‍ പണ്ഡിറ്റ് 1946 മുതല്‍ 1970 വരെ നീണ്ട കരിയറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയത് 2317 റണ്‍സ്. 1952 മുതല്‍ 1970 വരെ നീണ്ട കരിയറില്‍ ഇന്ത്യയിലെ തന്നെ ആ‍ദ്യകാല ഫസ്റ്റ് ക്ലാസ് ഡബിളുകളിലൊന്ന് സ്വന്തമാക്കിയ പ്രതിഭയായിരുന്നു രവി അച്ചന്റേത്. ഓള്‍ റൌണ്ടര്‍മാര്‍ക്ക് മാത്രം സാധ്യമായ 1000 റണ്‍സും 100 വിക്കറ്റും എന്ന അപൂര്‍വ നേട്ടമാണ് ക്രിക്കറ്റിലെ ഡബിള്‍.]

പണ്ഡിറ്റിന്റേയും അച്ചന്റേയും തലമുറയെ കേരളത്തിലെ ക്രിക്കറ്റിന്റെ രണ്ടാം തലമുറ എന്ന് വിളിക്കാമെങ്കില്‍ അറുപതുകളുടെ മധ്യത്തില്‍ ജനിച്ച ഞങ്ങളുടെ തലമുറയെ നാലാം തലമുറ എന്ന് വിളിക്കണം. ആ ഞങ്ങള്‍ കാശുകൊടുത്ത് പാഡും ഗ്ലൌസുമെല്ലാമുള്ള ഫുള്‍ കിറ്റ് വാങ്ങി അതേ മാറ്റപ്പാടത്ത് കളി തുടങ്ങിയ എഴുപതുകളുടെ മധ്യത്തില്‍ 'വെയിലത്തു കിടന്നോടുന്ന കിറുക്കുകളി' എന്ന് നാട്ടുകാര്‍ പരിഹസിച്ചതോര്‍ക്കുന്നു. തലമുറകള്‍ പിന്നിട്ടിട്ടും, അന്നും, ക്രിക്കറ്റ് അത്രത്തോളം അണ്‍പോപ്പുലറായിരുന്നുവെന്നതാണ് സത്യം. സ്കൂളുള്ള ദിവസങ്ങളില്‍ വൈകീട്ട് നാലേ കാലിനു മുമ്പ് സ്റ്റമ്പ് കുത്തണം, അഞ്ചിന് മുമ്പ് ഒരു ടീമിന്റെ ഇന്നിംഗ്സെങ്കിലും കഴിയണം. കാരണം അഞ്ചരയ്ക്കു മുമ്പേ ഫുട്ബോള്‍ കളിക്കാരിറങ്ങും. ഒരു ടീം അഞ്ചാറ് റണ്‍സടിച്ചാലോ മറ്റേ ടീമിന്റെ ഒന്നോ രണ്ടോ വാലറ്റ വിക്കറ്റോ വീണാലോ തീരുമാനമാകുന്ന സന്ദര്‍ഭങ്ങളിലായിരുന്നു മിക്കവാറും അവരുടെ വരവ്. ഇല്ല, ആ കശ്മലന്മാര്‍ ഒരു ദിവസം പോലും വെയ്റ്റ് ചെയ്തതായി ഓര്‍ക്കുന്നില്ല. മാറ്റപ്പാടത്തിന്റെ ഒരു മൂലയില്‍ ചെയ്യാമായിരുന്ന വാമിംഗ് അപ് പോലും വിശാലമായേ അവര് ചെയ്തിരുന്നുള്ളു. തടിമിടുക്കിനേക്കാളും അംഗബലത്തേക്കാളുപരി ഫുട്ബോളിന്റെ ജനകീയതയായിരുന്നു അവരുടെ ശക്തി. ഫുട്ബോളിനോടുള്ള പ്രണയത്തേക്കാളുപരി ക്രിക്കറ്റിനോടുള്ള പേടിയും അവരെ ഒഫെന്‍സീവാക്കിയിരുന്നോ? തങ്ങളുടെ മസിലന്‍ ഗെയിമിനെ പില്‍ക്കാലത്ത് തുടച്ചുനീക്കാന്‍ അവതരിച്ചിരിക്കുന്ന ക്രിക്കറ്റ് എന്ന പ്രിഡേറ്ററിനെ ശൈശവത്തിലേ നിഗ്രഹിച്ചു കളയാമെന്ന ദൂരക്കാഴ്ചാധിഷ്ടിധിതമായ വ്യാമോഹം?

ആ കുട്ടിക്കു കൈവിടാന്‍ കാട്ടുമുരുക്കിന്റെ മാല പോലും ഉണ്ടായിരുന്നില്ല. കൃഷ്ണപ്പരുന്തിനെ കല്ലെറിഞ്ഞിട്ടു ഭക്ഷിച്ചും കാട്ടുപുഴയിലെ വെള്ളം കുടിച്ചുമാണ് ലങ്കാലക്ഷ്മിയിലെ രാവണനെപ്പോലെ അവന്‍ വളര്‍ന്നത്. അതുകണ്ട് കൈകൊട്ടി ചിരിച്ചവരോ? പില്‍ക്കാല പരാജയങ്ങളേക്കാള്‍ അതിജീവിക്കാന്‍ വിഷമം ആദ്യകാലവിജയങ്ങളായിരിക്കുമെന്ന് അവരും അവരുടെ കളികളും തെളിയിക്കുകയായിരുന്നില്ലേ?

മര്യാദയ്ക്ക് രണ്ട് ഇന്നിംഗ്സുകള്‍ തീര്‍ന്ന സുഖമറിയാന്‍, സ്പിന്‍ ബൌളേഴ്സിനും മുട്ടിസ്റ്റ് ബാറ്റ്സ്മാന്മാര്‍ക്കും ആത്മാവിഷ്കാരം നടത്താന്‍, മറ്റൊരു ടീമുമായി മാച്ച് കളിയ്ക്കാന്‍... എല്ലാത്തിനും ഞങ്ങള്‍ക്ക് ഒഴിവുദിവസങ്ങളായിരുന്നു ആശ്രയം. അങ്ങനെ ഞങ്ങളുടെ കൌമാരചര്‍മകാന്തിയെ എത്ര കന്നിവെറികള്‍ മൊരിച്ചു തിന്നു ['വെയിലൊന്നും കളയണ്ടാട്ടോ രഘൂ' എന്ന് സജിയുടെ അമ്മ], എത്ര മാച്ചുകള്‍ മഴയിലും കണ്ണീരിലും കുതിര്‍ന്നു? [മഴ പെയ്യാതിരിക്കാന്‍ കൂടല്‍മാണിക്യത്തില്‍ നേര്‍ന്ന താമരമാലകള്‍ക്ക് തടുത്തുനിര്‍ത്താനാകാഞ്ഞ കാര്‍മേഘങ്ങളേ, നിങ്ങള്‍ തുലഞ്ഞുപോകട്ടെ!].

ആര്‍ക്കും കളിക്കാവുന്ന, ആര്‍ക്കും കളിച്ചു തുടങ്ങാവുന്ന കളിയെന്നായിരുന്നു ഫുട്ബോളിനോട് അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസം. അതേസമയം ക്രിക്കറ്റില്‍ കയ്യുകളും കാലുകളും അവയിലെ എല്ലാ ജോയിന്റുകളും വഴക്കത്തോടെയും വിശദാംശങ്ങളിലും ചലിക്കുമെന്നത് ഞങ്ങളെ അഭിമാനികളാക്കി, സ്ക്കോറെഴുതിയിരുന്ന പുസ്തകം ഞങ്ങളെ ബുദ്ധിജീവികളും ചരിത്രകാരന്മാരുമാക്കി, ഹൈസ്ക്കൂളില്‍ കണക്ക് പഠിപ്പിച്ചിരുന്ന ഗോതുരുത്തുകാരന്‍ വില്യം മാഷിന്റെ വചനം – 'കണക്കും കഥകളീം ക്രിക്കറ്റും കവിതേം എല്ലാര്‍ക്കും പറഞ്ഞിട്ടില്ലെടാ" – ഞങ്ങളെ ബ്രാഹ്മണരുമാക്കി.

1982-ലെ ഏഷ്യാഡ് ഇന്ത്യയില്‍ ടെലിവിഷന് നാന്ദി കുറിച്ചു; 1983-ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം പുത്തങ്കൂറ്റ് ക്രിക്കറ്റ്ഭ്രമത്തിനും. [ഇന്ദിരാഗാന്ധിയുടെ നേട്ടങ്ങള്‍ എന്ന് പറയാവുന്ന ഏഷ്യാഡിനും ദൂരദര്‍ശനും തൊട്ടുപിന്നാലെ 1984-ല്‍ അവര്‍ വധിക്കപ്പെട്ടതും അവരുടെ ശവസംസ്ക്കാരച്ചടങ്ങുകള്‍ രാഷ്ട്രം മുഴുവന്‍ ലൈവായി ദൂരദര്‍ശനിലൂടെ കണ്ടതും വിധിവൈപരീത്യം]. ലോകകപ്പ് വിജയവും ടെലിവിഷനും ചേര്‍ന്ന് മെല്ലെ മെല്ലെ ക്രിക്കറ്റിനെ നമ്മുടെ ദേശീയവികാരമാ‍ക്കി, ഒരു മതം പോലെ മൌലികമൂല്യവുമാക്കി.

ക്രിക്കറ്റിനു ലഭിച്ച അസൂയാവഹമായ പ്രചാരം ഒറ്റതിരിഞ്ഞുള്ള ചില ആക്ഷേപങ്ങളും ക്ഷണിച്ചുവരുത്തി - വിശേഷിച്ചും കേരളത്തില്‍. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ സിദ്ധാര്‍ത്ഥന്‍ എന്ന പേരില്‍ വന്ന 'ക്രിക്കറ്റ് കളിയോ അതോ കളിയാക്കലോ?' എന്ന മിഡില്‍ പീസാണ് പെട്ടെന്ന് ഓര്‍മയില്‍ വരുന്ന ഒന്ന്. തണുപ്പുകാലാവസ്ഥക്കാരായ പാശ്ചാത്യ രാജ്യക്കാര്‍ അവിടങ്ങളില്‍ വല്ലപ്പോഴും കിട്ടുന്ന സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്താന്‍ കണ്ടുപിടിച്ച സൂത്രമാണ് ക്രിക്കറ്റെന്നും അത് ഇന്ത്യയേപ്പോലുള്ള ചൂടന്‍, ഏഷ്യന്‍, മൂന്നാംലൌകികര്‍ക്ക് യോജ്യമല്ലെന്നും വിമര്‍ശകര്‍ വാദിച്ചു. കൊളോണിയല്‍ അടിമത്തം മനസ്സില്‍ നിന്ന് പോകാത്ത സാസ്കാരികദരിദ്രരുടെ പൊങ്ങച്ചമാണ് ക്രിക്കറ്റെന്ന് അവര്‍ ആക്ഷേപിച്ചു. ക്രിക്കറ്റ് കാണാന്‍ ലീവെടുത്തിരിക്കുന്നവര്‍ രാജ്യത്തിന് വരുത്തിവെയ്ക്കുന്ന ഉത്പ്പാദനനഷ്ടത്തെക്കുറിച്ച് അവര്‍ വിലപിച്ചു. ക്രിക്കറ്റിന്റെ പെറ്റമ്മയോ പോറ്റമ്മയോ ആയ ബ്രിട്ടനില്‍ ക്രിക്കറ്റില്‍ ഇപ്പോളാര്‍ക്കും താല്‍പ്പര്യമില്ലെന്നും ടെസ്റ്റുകള്‍ക്ക് ഒഴിഞ്ഞ ഗാലറികളാണ് കാണികള്‍ എന്നും അവര്‍ പരിഹസിച്ചു. "നോക്കൂ, ലോകം മുഴുവന്‍ ഫുട്ബോളിന്റെ പിറകേയാണ്. നോക്കൂ, ഏറ്റവും ബുദ്ധിമാന്മാരായ അമേരിക്കക്കാരും റഷ്യക്കാരും ചൈനക്കാരും ജപ്പാങ്കാരും ക്രിക്കറ്റ് തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നത്" അവര്‍ ചൂണ്ടിക്കാണിച്ചു.

ഈ ലേഖകനടക്കം അന്നത്തെ പല ചെറുപ്പക്കാരും ഇതിനെല്ലാമെതിരെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എഴുതാന്‍ ചാടിവീണു. ഇന്ത്യയിലെ ആട്ടിടയന്മാരാണ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ പിതാക്കളെന്നും അവര്‍ കളിച്ചിരുന്ന കുറ്റിയും കോലും എന്ന കളിയല്ലേ സായിപ്പ് പരിഷ്കരിച്ച് ക്രിക്കറ്റാക്കിയതെന്നും ഞങ്ങള്‍ തിരിച്ചു ചോദിച്ചു. ലോകകപ്പ് കിട്ടിയില്ലെങ്കില്‍ പോകട്ടെ കപ്പിന്റെ മൂട്ടില്‍ വെയ്ക്കുന്ന ഒരു മരക്കഷണമെങ്കിലും ഫുട്ബോളുകാരോ ഹോക്കിക്കാരോ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അവരെ ആരാധിക്കാമെന്നും ഞങ്ങള്‍ തിരിച്ചു പരിഹസിച്ചു. തര്‍ക്കത്തില്‍ ജയിച്ചതാരാണാവോ? എന്തായാലും കളത്തില്‍ ക്രിക്കറ്റിനായിരുന്നു വാക്കോവര്‍.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പാശ്ചാത്യര്‍ സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുകയായിരുന്നുവെന്ന വാദത്തില്‍ കഴമ്പുണ്ടായിരുന്നെന്ന് തോന്നുന്നു. ഇംഗ്ലീഷില്‍ 'സണ്‍ലൈറ്റ്' എന്ന പോസീറ്റീവ് വാക്കു മാത്രമേ ഉള്ളുവെന്നിരിക്കെ ചെറുപ്പത്തിലേ വളര്‍ച്ച മുരടിച്ച ഭാഷയായിട്ടും നമ്മള്‍ 'വെയിലി'നേയും 'സൂര്യപ്രകാശ'ത്തെയും പക്ഷാഭേദം കൂടാതെ തീറ്റിപ്പോറ്റുന്നതിന്റെ രാഷ്ട്രീയം മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? [വിശേഷിച്ചും സൂര്യപ്രകാശം എന്ന വാക്കിന് ഒരു ദത്തുപുത്രന്റെ മണമുണ്ടായിട്ടും!].

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യയിലെ പെണ്‍കിടാങ്ങള്‍ അടിയ്ക്കടി വിശ്വസുന്ദരികളാകാന്‍ തുടങ്ങിയത് മള്‍ട്ടിനാഷനല്‍ കോസ്മെറ്റിക് നിര്‍മാണ കമ്പനികള്‍ ഇന്ത്യന്‍ വിപണിയ്ക്ക് തീണ്ടാരിയായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കളിയ്ക്കാന്‍ തുടങ്ങിയ കളികള്‍ മൂലമാണെന്ന് വായിക്കപ്പെട്ടതുപോലെ, ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം ടെലിവിഷന്‍ പിക്ചര്‍ ട്യൂബ് നിര്‍മാതാക്കളും മറ്റും നടത്തിയ മാച്ച് ഫിക്സിംഗായിരുന്നോ എന്ന് സംശയിക്കാവും വിധം അപ്രതീക്ഷിതവും ഒറ്റപ്പെട്ടതുമായതെന്ത്? [ദൈവമേ, ഇന്ത്യയുടെ ഏകലോകകപ്പ് വിജയത്തിന്റെ ശില്‍പ്പികളായ മൊഹീന്ദര്‍ അമര്‍നാഥും കപില്‍ദേവും മദന്‍ലാലും യശ്പാല്‍ ശര്‍മയും ബല്‍വീന്ദര്‍ സിംഗ് സന്ധുവും ഇത് വായിക്കാന്‍ സാധ്യതയില്ലാത്തതിന് നിനക്ക് സ്തുതി].

പൊളിറ്റിക്സ് എന്ന വാക്കിനെ രാഷ്ട്രീയം എന്ന് മലയാളത്തിലാക്കുമ്പോളുള്ള പരിമിതി ഇന്ത്യയെ സംബന്ധിച്ചിടത്തോളമെങ്കിലും അത്ര കാര്യമല്ലെന്ന് കരുതണം. കാരണം ഇന്ത്യ എന്ന രാഷ്ട്രവും ഇന്ത്യയിലെ രാഷ്ട്രീയവും ഏതാണ്ട് ഒരേ സമയത്താണ് പിറവിയെടുക്കുന്നത്. അതുവരെ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഇന്ത്യയില്‍ പൊളിറ്റിക്സ് അഥവാ സാമൂഹ്യജിവിതം - അത് ജനങ്ങളുടെ ഭരണഭാഗധേയത്തിലായാലും അവരുടെ കായികവിനോദങ്ങളിലായിരുന്നായാലും - പരിമിതമായിരുന്നു. രാജകുടുംബാഗങ്ങള്‍ ക്രിക്കറ്റും പോളോയും കളിച്ചിരുന്നു - ഇംഗ്ലണ്ട് ടീമിലംഗമായിരുന്ന നാവാനഗര്‍ രാജകുമാരന്‍ കെ. എസ്. രഞ്ജിത് സിംഗ്ജിയുടെ (1780-1839) ഓര്‍മയ്ക്കാണല്ലൊ രഞ്ജി ട്രോഫി എന്ന പേരു തന്നെ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ളതുകൊണ്ട് രാഷ്ട്രീയജീവിതം വ്യാപകവും സജീവവുമായ കേരളത്തിലും ബംഗാളിലുമാണ് ഫുട്ബോള്‍ ജനപ്രീതിയാര്‍ജിച്ചതെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുക. മറ്റ് മതങ്ങളെ അപേക്ഷിച്ച് താരമ്യേന സജീവമായി ഇടകലര്‍ന്ന സാ‍മൂഹ്യക്രമങ്ങളുള്ളതുകൊണ്ട് സിഖ് മതത്തിന് [സിഖ് മത രാഷ്ട്രീയത്തിനും] പ്രാമുഖ്യമുള്ള പഞ്ചാബും ഫുട്ബോളിനെ വാരിപ്പുണര്‍ന്നു. സംഗതി ലളിതമാണ് - ഫുട്ബോള്‍ സാമൂഹ്യജീവികളുടെ കളിയാണ്, ക്രിക്കറ്റിന്റെ രാഷ്ട്രീയം ശരിയല്ലെന്നല്ല, ഫുട്ബോളിനേയുള്ളു രാഷ്ട്രീയം.

അല്ലെങ്കില്‍ ക്രിക്കറ്റിനുവേണ്ടി എണ്‍പതുകളുടെ അവസാനം ഞങ്ങള്‍ ഉയര്‍ത്തിയ മറ്റൊരു വാദഗതി ഓര്‍ക്കുക - ഓരോ കളിക്കാരനും അവനവന്റെ വ്യക്തിപരമായ കഴിവ് ആവിഷ്കരിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന കളിയാണ് ക്രിക്കറ്റെന്നും അതുതന്നെയാണ് അതിന്റെ വര്‍ധിച്ചുവരുന്ന പോപ്പുലാരിറ്റിക്ക് കാരണമെന്നും അത് ഇനിയും വര്‍ധിച്ചുവരികയേ ഉള്ളെന്നുമാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ഒപ്പം ക്രിക്കറ്റിനെ ചുവപ്പുടുപ്പിയ്ക്കാനും ശ്രമമുണ്ടായി - കായികബലമില്ലാത്ത ദുര്‍ബലര്‍ക്കും, എന്തിന് നന്നായി സ്പിന്നെറിയുന്ന വികലാംഗര്‍ക്ക് പോലും ഒരു സംവരണവും ഇല്ലാതെ മെറിറ്റ് ക്വാട്ടയില്‍ ആവിഷ്കാരമൊരുക്കുന്ന ഒരേയൊരു ഗെയിം ക്രിക്കറ്റല്ലേ എന്നായിരുന്നു ചോദ്യം.

ഇടത് കോട്ടകളായ കേരളത്തിലും ബംഗാളിലും പോലും Neoliberalism പിടിമുറുക്കുന്നതാ‍ണ് ഫുട്ബോളിന് അടിയായത്. [പഴയ എസ്സൈഫൈക്കാരും മറ്റും എത്ര ആത്മവിശ്വാസത്തോടെയാണ്, ഒരു പോസിറ്റീവ് രാഷ്ട്രീയ ഭാവമെന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കയാല്‍ ചമ്മല്‍ പോലുമില്ലാതെ, തങ്ങളുടെ രാഷ്ട്രീയം 'Liberal Left' എന്ന് ഒര്‍ക്കുട്ടിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത്.]

ഇക്കാലത്തെ ജീവിതശൈലി ചീത്ത Cholesterolനെ കൂട്ടുകയും നല്ല Cholesterolനെ കുറയ്ക്കുകയും ചെയ്യുന്നതുപോലെ ഇക്കാലത്തെ രാഷ്ട്രീയശൈലി ചീത്ത ആണത്തത്തെ കൂട്ടുകയും നല്ല ആണത്തത്തെ കുറയ്ക്കുകയും ചെയ്യുന്നതിനാല്‍, ആ വടിവിലും ഫുട്ബോളിന് ലോംഗ് വിസില്‍ കേട്ടേ പറ്റൂ. അല്ലെങ്കില്‍ കേസരി ബാലകൃഷ്ണപിള്ള എഴുതിയതുപോലെ അറബികളേയും ഇന്ത്യക്കാരെയും ഇണചേര്‍ത്ത് ആരോഗ്യവും ബുദ്ധിയുമുള്ള ഒരു സങ്കരവര്‍ഗത്തെ ഉണ്ടാക്കണം. അപ്പോളും ഓരോ തവണ പന്തെറിഞ്ഞു കഴിയുമ്പോഴും ആഴത്തിലും പരപ്പിലും തിരുത്തപ്പെടുകയും പുതുതായുണ്ടാവുകയും ചെയ്യുന്ന, ക്രിക്കറ്റിന് മാത്രം സ്വന്തമായ സ്ഥിതിവിവരക്കണക്കുകളുടെ സമൃദ്ധി മറ്റൊരു കളിക്ക് എങ്ങനെ കയ്യെത്തിപ്പിടിയ്ക്കാന്‍ കഴിയും? വിശേഷിച്ചും തലച്ചോറുകൊണ്ട് മാത്രം കളിക്കാന്‍ വിരുതുള്ള മിഡില്‍ ക്ലാസ് ജീക്കേ ബുദ്ധിജീവികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍?

അതുകൊണ്ട് രഞ്ജി പണിക്കരും ഷാജി കൈലാസും ചേര്‍ന്ന് മമ്മൂട്ടിയേയും ഐ. എം. വിജയനേയുമെല്ലാം നായകരാക്കി നിര്‍മിക്കാന്‍ പോകുന്ന ചക്ക് ദേ കേരളാ എന്ന സിനിമ, ഫുട്ബോളിനെപ്പറ്റിയാകാതെ, രാഷ്ട്രീയത്തെയും നല്ല ആണത്തത്തെയും പറ്റിയാവുകയായിരിക്കും അഭികാമ്യം. വികാരപാരവശ്യത്തോടെ വിഫലമാവുന്നതിനേക്കാള്‍ നല്ലത് വിചാരപാരമ്യത്തില്‍ വെച്ച് വെടി തീരുന്നതല്ലേ?

അഞ്ച്‌ മിനിറ്റ് പോലും തികച്ച് ഓടുവാന്‍ ശേഷിയില്ലാത്ത നിയമസഭാ സാമാജികര്‍ക്ക്‌ വേണ്ടി ഓട്ടവും ചാട്ടവും സംഘടിപ്പിയ്ക്കാന്‍ ഫണ്ടും സമയവും കണ്ടെത്തിയ സര്‍ക്കാര്‍, നമ്മുടെ ഫുട്ബോള്‍ കളിക്കാര്‍ക്ക് ബ്രഡും ജാമും സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ കോച്ചും കൊടുക്കുന്നത് പരിസ്ഥിതിക്കിണങ്ങുന്ന സ്വാഭാവിക പരിണാമങ്ങള്‍ മാത്രം.

മിനര്‍വയുടെ ഫുട്ബോള് ടൂര്ണമെന്റ് എണ്പതുകളില്ത്തന്നെ നിലച്ചിരുന്നു. ബോംബെയ്ക്കും ബാംഗ്ലൂര്ക്കും ഗള്ഫിലേയ്ക്കും പോയതില് നിന്ന് ബാക്കി വന്ന നാട്ടുകാരില് ചിലര് കുറേ വൈകുന്നേരങ്ങള് കൂടി മാറ്റപ്പാടത്ത് ഫുള്ബോള് കളിയ്ക്കാന് ശ്രമിച്ചു. പിന്നെ വൈകുന്നേരങ്ങളും ഞങ്ങള് ക്രിക്കറ്റുകളിക്കാരുടേതായി. ജീടീയെന് ഉണ്ണിച്ചേട്ടന് ഒന്നാന്തരം ഫാസ്റ്റ് ബൌളറായി. ഫുട്ബോളിന്റെ കാറ്റ് എന്നെന്നേയ്ക്കുമായി പോയി.


കറന്‍സി നോട്ടുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലത്ത് 'മാറ്റം' എന്ന പേരില്‍ Barter അടിസ്ഥാനത്തില്‍ വിഷുവാണിഭം നടന്നിരുന്നതുകൊണ്ടാണ് മാറ്റപ്പാടത്തിന് ആ പേരുവന്നത്. കറന്‍സി വന്നെങ്കിലും എല്ലാ വിഷുത്തലേന്നും മാറ്റം ഇപ്പോഴുമുണ്ട്. ഇഞ്ച, മുറം, വിശറി, ചുരയ്ക്ക (കള്ളിന്‍ കുടത്തിനു പകരം, ചെത്തുകാര്‍ക്ക്), ചട്ടീം കലോം, എല്ല് (ചെത്തുകാര്‍ക്ക്), കുമ്മട്ടിങ്ങ (aka തണ്ണിമത്തന്‍/ബത്തക്ക), പന്നി, താറാ‍വ്, ഒരു ഗ്ലാസിന് രണ്ടര രൂപയ്ക്ക് ശശി വില്‍ക്കുന്ന ഗോതമ്പു പായസം, ചെരട്ട കൊണ്ടുണ്ടാ‍ക്കിയ കിടുമണ്ടി എന്ന കളിപ്പാട്ടം (exclusive!), കൊന്നപ്പൂങ്കുലകള്‍... ഇതൊക്കെയായിരുന്നു മാറ്റത്തിന്റെ ഹൈലൈറ്റ്സ്. ബിലീവ് ഇറ്റ് ഓര്‍ നോട്ട്, പായസം ഒഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു 2007-ലെ മാറ്റത്തിനും.

ഫുട്ബോള് രാജാക്കളായിരുന്ന പട്ടോഡിയയുടെ പ്രീമിയര് ടയേഴ്സിനെ റൌണക് സിംഗിന്റെ അപ്പോളോ ടയേഴ്സ് ഏറ്റെടുത്തു. കറുകുറ്റിയില് പ്രീമിയര് കേബിള്സ് നിന്ന വളപ്പ്, കേരളത്തിന്റെ വ്യവസായവത്കരണത്തിന്റെ ചുടലപ്പറമ്പുകളിലൊന്നായി എറണാകുളത്തു നിന്ന് തൃശൂര്ക്ക് ട്രെയിനില് പോകുമ്പോള് തീവണ്ടിപ്പാതയോട് ചേര്ന്ന് ഏറെക്കാലം മിണ്ടാതെ കിടന്നു. ബാബുട്ടന്‍ ബോംബെയ്ക്കും പീതാംബരന്‍ അഹമ്മദാബാദിലേയ്ക്കും പോയി. [വയസ്സായി മസിലുകള് ക്ഷയിക്കുമ്പോള് എല്ലാ മറുനാടന് മലയാളികളും തിരിച്ചു വന്നപോലെ അവരും വരുമായിരിക്കും. ഇപ്പോളത്തെ കാരണവന്മാരെപ്പോലെ മുണ്ടും രണ്ടാമ്മുണ്ടുമിട്ട്, ഷര്ട്ടിടാതെ, വൈകുന്നേരങ്ങളില്, മാറ്റപ്പാടത്തിനടുത്തേയ്ക്ക് കാറ്റുകൊള്ളാന് നടന്ന് വരുമായിരിക്കും.]

'ആണുങ്ങള്ക്ക്', മിനിമം രാഷ്ട്രീയബോധത്തിനാവശ്യമായ ആരോഗ്യവും ധീരതയും നന്മയും ഉള്ളവര്ക്ക് പറഞ്ഞിട്ടുള്ളതാണ് ഫുട്ബോള്. മലയാളികള്ക്ക് ഇനി എന്നാണ്, എങ്ങനെയാണ് അതുണ്ടാവുക?




10 comments:

Rammohan Paliyath said...

ഒന്നര വര്‍ഷം മുമ്പ് ‘മാറ്റപ്പാടത്ത് മുഴങ്ങിയ ലോംഗ് വിസില്‍’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

പരിഗണിക്കാവുന്ന മറ്റ് തലക്കെട്ടുകള്‍: 1) ഫുട്ബോളിന്റെ കാറ്റു പോയോ? 2) ചക്ക് ദേ കേരള

Unknown said...

"കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ളതുകൊണ്ട് രാഷ്ട്രീയജീവിതം വ്യാപകവും സജീവവുമായ കേരളത്തിലും ബംഗാളിലുമാണ് ഫുട്ബോള്‍ ജനപ്രീതിയാര്‍ജിച്ചതെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുക."

അല്ല പാലിയത്തെ, വയിച്ചപ്പോള്‍ ലോകത്ത് കേരളത്തിലും ബംഗാളിലുമേ ഫുട്ബോള്‍ ഉള്ളൂ എന്നു തോന്നിയത് എന്റെ ഇടതുവശം തളര്‍ന്നതുകൊണ്ടാണോ? അതോ കേരളത്തിലും ബംഗാളിലുമുള്ള പക്ഷം മാത്രമേ ഇടത്തോട്ടു കോടിയിട്ടുള്ളൂ (പക്ഷാഘാതം...പക്ഷാഘാതം) എന്നതിതിനാലാണോ?.. താങ്കാളുടെ നിരീക്ഷണപടവത്തിനു എന്റെ വക ഒരു ‘ഉടുക്ക്’...ഇവിടം കൊണ്ടൊന്നും ദയവായി നിര്‍ത്തരുത്, ഇനിയും വരട്ടെ ‘മുസലിപവര്‍’ ഉശിരു കൂട്ടിയ നിരീക്ഷണങ്ങള്‍...സ്കോപ്പ് ധാരാളമല്ലെ നീണ്ടുനിവര്‍ന്നു കെടക്കണതു..മേയാന്‍ അങ്ങടു തൊടങ്ങ് പാലിയത്തെ, കുറവു കൂട്ടാന്‍ ‘മുസലിപവര്‍’ അകത്തുള്ളപ്പോ ആരെ പ്യാടിക്കണം...

ഷൈജൻ കാക്കര said...

വന്നു വായിച്ചു

PV said...

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ഇന്നത്തെ പ്രചാരത്തിനു പിന്നില്‍ ബഹുരാഷ്ട്ര കുത്തകകളുടെ കറുത്ത കൈകള്‍ തന്നെ എന്നാണു എന്‍റെ അഭിപ്രായം. ഞാന്‍ നോക്കിയിട്ട് ഇതിന്റെ ഏറ്റവും വല്യ ഗുണം ഓരോ ഓവറിനു ശേഷവും പരസ്യത്തിനു സമയം ഉണ്ടെന്നതാണ്. ഫുട്ബോളിനിടയില്‍ പരസ്യം കാണിക്കാന്‍ ഹാഫ്ടൈം വരെയെങ്കിലും കാത്തിരിക്കണമല്ലോ. '90-കളുടെ ആദ്യം എന്‍റെ നാട്ടില്‍ TV വിരളമായിരുന്നു. TV-യില്‍ എപ്പോഴൊക്കെയോ കണ്ടിട്ടുള്ള "ബാറ്റു കളി" കുട്ടികള്‍ പലരും കളിക്കാറുണ്ടായിരുന്നു. ഏകദേശം 2 വര്‍ഷം കൊണ്ട് അവരൊക്കെ ക്രിക്കറ്റിന്റെ എല്ലാ നിയമങ്ങളും പച്ചയ്ക്ക് വിഴുങ്ങിയ വിദ്വാന്മാരായി. കാരണം ഈ കാലം കൊണ്ട് TV പ്രചാരം നേടിയിരുന്നു. കെറി പാക്കറും മസ്കരെനാസും ഒന്നും ഇല്ലായിരുന്നെങ്കില്‍ ഈ കളി നിങ്ങളെ പോലുള്ള ആദര്‍ശക്കാരുടെ ഇടയില്‍ ഒതുങ്ങി നില്‍ക്കുമായിരുന്നു എന്ന് തോന്നുന്നു. അണ്ട-അടകോട പ്രഭൃതികളിലേക്ക് അതിനെ എത്തിച്ചത് അതിന്‍റെ glamour ആണ്. ഈയിടെ അരുണാചല്‍കാരനും ഫുട്ബോള്‍ ഭ്രാന്തനുമായ ഒരു സുഹൃത്ത്‌ പറഞ്ഞു, ഇന്ന് ഞങ്ങളുടെ തലമുറയിലെ ഫുട്ബോള്‍ കമ്പക്കാര്‍ economically ഉയര്‍ന്നവരോ താഴ്ന്നവരോ ആണ്, ഇടത്തരക്കാര്‍ക്ക് ക്രിക്കറ്റാണ് പ്രിയം. ആലോചിച്ചപ്പോള്‍, TV- യുടെ സ്വാധീനം (peer pressure-ഉം ) ഏറ്റവും കൂടുതല്‍ വരുന്നത് അവരില്‍ ആയതു കൊണ്ടല്ലേ ഇത് എന്ന് തോന്നി.

PS: രണ്ടു കളികളും കളിക്കാറില്ല. മുകളില്‍ ഉള്ളത് ഒരു തിണ്ണമിടുക്കായി കൂട്ടിയാല്‍ മതി. നിരീക്ഷണങ്ങള്‍ valid ആണോ എന്ന് അത്ര അങ്ങട് നിശ്ചയില്ല്യന്നെ...

ജിവി/JiVi said...

പോസ്റ്റിന്റെ ദൈര്‍ഘ്യം നോക്കിയാണ് പലപ്പോഴും വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. രാംജിയെ അതില്‍നിന്നും എക്സ്ക്ലൂഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ ദൈര്‍ഘ്യം ആദ്യം എന്നെ പേടിപ്പിച്ചു. പക്ഷെ വായന പുരോഗമിക്കുന്തോറും താല്പര്യം കൂടിക്കൂടി വന്നു. അവസാനവരിയും വായിച്ചുകഴിഞ്ഞപ്പോള്‍ ഇനിയും ഒരുപാട് എഴുതാനൂണ്ടാവുമായിരുന്നല്ലോ എന്ന് തോന്നല്‍. ഫുട്ബോളും ക്രിക്കറ്റും അതിന്റെ രാഷ്ട്രീയവും എല്ലാം എന്റെ ഏറ്റവും ഇഷ്ട വിഷയങ്ങള്‍. അതില്‍ പുതിയ ചില അറിവുകള്‍. നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ അനുഭവവിവരണങ്ങള്‍. നന്ദി.

പ്രസീദ് (കണ്ണൂസ്) said...

**********
ഇംഗ്ലീഷില്‍ 'സണ്‍ലൈറ്റ്' എന്ന പോസീറ്റീവ് വാക്കു മാത്രമേ ഉള്ളുവെന്നിരിക്കെ ചെറുപ്പത്തിലേ വളര്‍ച്ച മുരടിച്ച ഭാഷയായിട്ടും നമ്മള്‍ 'വെയിലി'നേയും 'സൂര്യപ്രകാശ'ത്തെയും പക്ഷാഭേദം കൂടാതെ തീറ്റിപ്പോറ്റുന്നതിന്റെ രാഷ്ട്രീയം മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? [വിശേഷിച്ചും സൂര്യപ്രകാശം എന്ന വാക്കിന് ഒരു ദത്തുപുത്രന്റെ മണമുണ്ടായിട്ടും!].
***********

ഇതിനേ ഉത്തരമുള്ളൂ.

വെയിലോട് വിളയാടി, വെയിലോട് ഉറവാടി
വെയിലോട് മല്ല്‌ക്കെട്ടി ആട്ടം പോട്ടോമേ


അങ്ങനെ വളര്‍ന്നവരല്ലേ നമ്മളും?

ശ്രീവല്ലഭന്‍. said...

വായിച്ചപ്പോള്‍ interest കൂടി വന്നു.
ഈയിടെ നടന്ന ഏതോ മാച്ചില്‍ അണ്ടര്‍ 23 (?)ഇന്ത്യ ഫുട്ബോള്‍ ടീമില്‍ ഒരു മലയാളി പേരും കണ്ടില്ല എന്നത് അത്ഭുതപ്പെടുത്തി.

ബിനോയ്//HariNav said...

നല്ല പോസ്റ്റ്. നന്ദി :)

ഷാഫി said...

ഇടതുപക്ഷം നീണാള്‍ വാഴുന്ന സംസ്ഥാനത്ത്‌ അവരെ എല്ലായ്‌പോഴും അകറ്റിനിര്‍ത്തിയിട്ടുള്ള ഞങ്ങളുടെ ജില്ലയില്‍ ഫുട്‌ബോളിന്‌ ഇനിയും ഭാവിയുണ്ട്‌. സെവന്‍സ്‌ എന്ന മതനിന്ദ ഇപ്പോഴും തുടരുന്നു. ജീന്‍ കാര്‍ലോസ്‌ ചേര എന്ന ഭാവി പെലെ ബ്രസീലില്‍ ജനിച്ചു എന്ന്‌ മാധവന്‍ പറയുന്നതു പോലെ എനിക്കു പറയാനാവും, ഞങ്ങളുട ഹന്നാന്‍ ജാവേദ്‌ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദൗര്‍ഭാഗ്യ ജാതകം തിരുത്തും.
ഇപ്പോഴത്തെ തലമുറയില്‍ ക്രിക്കറ്റ്‌ കളി മാത്രമല്ല, ക്രിക്കറ്റ്‌ കളിക്കാരുടെ പടമുള്ള ട്രംപ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള കളിയും നടക്കുന്നു. മക്കളെ ഇങ്ങനെ ദുഷിപ്പിക്കുന്നതില്‍ ആദ്യം തല്ലേണ്ടത്‌ മലയാള മനോരമയെയാണ്‌.

മുക്കുവന്‍ said...

ഞാന്‍ സോക്കറെ കളിക്കൂ.. ഇനി അത് ഇന്‍ഡ്യ നൂറ് വട്ടം ക്രിക്കറ്റ് ലോകകപ്പ് നേടിയാലും.....

Related Posts with Thumbnails