Sunday, April 24, 2011

മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നവര്‍


മനുഷ്യനിര്‍മിതമായ ഐലന്റ്
ദൈവത്തോളം ആരാധനയാണ് മനുഷ്യനോടും. പ്രധാന കാരണം എന്താണെന്നു വെച്ചാല്‍ മനുഷ്യനിര്‍മിതമായ ഒരു ദ്വീപില്‍ കുറേക്കാലം ജീവിച്ചു. വില്ലിംഗ്ഡണ്‍ ഐലന്റില്‍. അച്ഛന്റെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍.

കുട്ടിക്കാലത്ത് കേരളത്തിന്റെ മാപ്പു വരയ്ക്കുമ്പോ‍ഴോ കാണുമ്പോഴോ കേരളത്തിന്റെ യോനീമുഖമെന്നപോലെ,  ഏതാണ്ട് നടുക്കു തന്നെ, അറബിക്കടലില്‍ നിന്ന് അകത്തേയ്ക്കൊരു പൊളിവ് കണ്ടിട്ടില്ലേ? അതാണ് വെമ്പനാട്ടു കായല്‍. ആ കായലില്‍ നീണ്ട ഒരു പൊട്ടു പോലെ കാണുന്ന തുരുത്താണ് വില്ലിംഗ്ഡണ്‍ ഐലന്റ്. Cochin Port ട്രസ്റ്റിന്റേയും ദക്ഷിണ നാവിക കമാന്‍ഡിന്റേയും ആസ്ഥാനം. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് എന്ന തീവണ്ടിയാപ്പീസിന്റെയും ടാജ് മലബാര്‍ എന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ ഹോട്ടലിന്റേയും ഇരിപ്പിടം. സ്വകാര്യവക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഭൂമി സ്വന്തമാക്കാന്‍ സാധ്യമല്ലാത്ത കേരളത്തിലെ ഏക സ്ഥലം. പോര്‍ട്ട്, നേവി, കസ്റ്റംസ്, പോലീസ്, പി & ടി, സിഐഎസ്.എഫ്, റെയില്‍ വേ എന്നിവയുടെ ക്വാര്‍ട്ടേഴ്സുകള്‍ തിങ്ങി നിറഞ്ഞ പ്രദേശം.


റോബര്‍ട്ട് ബ്രിസ്റ്റോ
Sir Robert Bristow എന്ന സായിപ്പാണ് കായലില്‍ നിന്നും കടലില്‍ നിന്നും മണ്ണുമാന്തി മാന്തിയിട്ട് ആ ഐലണ്ടുണ്ടാക്കിയത്. 1930-കളില്‍ ആ ഐലണ്ടുണ്ടാക്കാന്‍  ലക്ഷ്യമിട്ട് ബ്രിസ്റ്റോ സായിവ് ആദ്യലോഡ് മണ്ണ് കായലിലേയ്ക്കിട്ടപ്പോള്‍ എറണാകുളം തീരത്ത് കൂട്ടം കൂടി നിന്ന് ബ്ലഡി മല്ലൂസ് സായിപ്പിനെ കൂവി എന്നാണ് കഥ. കടലിനോട് ചേര്‍ന്ന കായലില്‍ മണ്ണിട്ട് ദ്വീപുണ്ടാക്കുകയോ? അതോര്‍ത്തിട്ടാണ് കൂവിയത്. ടെസ്റ്റ് ട്യൂബ് ശിശു, പരിണാമ സിദ്ധാന്തം, ആറ്റംബോംബ്, കടല്‍പ്പാലം, വിമാനം... ഇതെല്ലാം ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ നോക്കി സായിപ്പ് കോപ്പിയടിച്ചതാണെന്നോര്‍ത്ത് രോമാഞ്ചപ്പെടുന്ന ആരും ഒരു ദ്വീപുണ്ടാക്കുന്നതിനെപ്പറ്റി ഒരു രാമായണത്തിലും വായിച്ചിരുന്നില്ലല്ലോ.

മദ്രാസ് ഗവര്‍ണറായിരുന്ന വില്ലിംഡ്ഡണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബ്രിസ്റ്റോ സായിപ്പ് കൊച്ചിയുടെ [തുറമുഖത്തിന്റെ] വികസനത്തിനു വന്നത്. വില്ലിംഗ്ഡണ്‍ എന്ന പേരു കിട്ടിയത് എങ്ങനെയാണെന്നു മനസ്സിലായല്ലൊ. [പില്‍ക്കാലത്ത് വില്ലിംഗ്ഡണ്‍ ഇന്ത്യയുടെ വൈസ്രോയിയായി].

എറണാകുളത്തു നിന്ന് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി തുടങ്ങിയ പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്കു പോകുന്ന ബസ്സുകളും തോപ്പുമ്പടി വഴി ചേര്‍ത്തല, ആലപ്പുഴകളിലേയ്ക്കു പോകുന്ന ബസ്സുകളും കുറേ നേരം ഈ ഐലണ്ടിലൂടെ പോകും. തേവര കഴിഞ്ഞ് കയറുന്ന വെണ്ടുരുത്തി പാലം ഇറങ്ങുന്നത്  ഐലണ്ടിലാണ്. ഐലണ്ടിന്റെ തെക്കുഭാഗം മാത്രം സ്പര്‍ശിച്ച്, വീണ്ടും ഒരു പാലം കയറിയാണ് തോപ്പുമ്പടി വഴിയുള്ള വാഹനങ്ങളുടെ പോക്ക്. എന്നാല്‍ ഐലണ്ടിന്റെ ഹൃദയം കാണണമെങ്കില്‍ പഴയ വിമാനത്താവളത്തിനു മുന്നില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞുള്ള വഴിയേ പോകണം. ‘ഐലണ്ട്’ എന്നു ബോര്‍ഡുവെച്ച ബസ്സുകള്‍ ധാരാളം. എങ്കിലും രാവിലെ അങ്ങോട്ടും വൈകീട്ട് തിരികെയും ഭീകര തിരക്കാണ് - തുറമുഖം, ഷിപ്പിംഗ് കമ്പനികള്‍ എന്നിങ്ങനെ തൊഴില്‍ സാന്ദ്രത ഏറിയ ഒരിടമാണ് ഐലണ്ട്.

എറണാകുളത്തു നിന്ന് വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബോട്ടുകളില്‍ പലതും ഐലണ്ടിന്റെ വടക്കന്‍ തീരത്തുള്ള എമ്പാര്‍ക്കേഷനില്‍ നിര്‍ത്തും. ഇതിനു പുറമേ, തീവണ്ടിമാര്‍ഗവും ഐലണ്ടിലെത്താം. കൊച്ചിന്‍-ഷൊര്‍ണൂര്‍ പാസഞ്ചറും കൊച്ചിന്‍ എക്സ്പ്രസ്സും  പഴയ ടീ ഗാര്‍ഡനും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ടെര്‍മിനസില്‍ പാളങ്ങള്‍ വന്ന് അവസാനിക്കുന്നതും കാണാം. മറ്റെങ്ങോട്ടുമുള്ള വഴിയല്ലാത്തതിനാലുള്ള തിരക്കില്ലായ്മ മൂലം പല ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ ഉണ്ടാകുന്നതും [ഷണ്ടിംഗ്] അറ്റകുറ്റപ്പണികളും ചെയ്യുന്നതും  കാണാം.

ഐലണ്ടിന്റെ വടക്കേയറ്റത്തു ചെന്നാല്‍ കാണുന്നത് ആഴിയില്‍ മുഖം ചേര്‍ക്കുന്ന വെമ്പനാട്ടു കായലിനേയാണ്. അഴിമുഖം. അറബിക്കടല്‍ വഴി വരികയും പോവുകയും ചെയ്യുന്ന കപ്പലുകളുടെ  വാതായനം. ഗോശ്രീപാലത്തിനും മുമ്പ് എര്‍ണാളം-വൈപ്പിന്‍ റൂട്ടായിരുന്ന, കെ.എസ്.ആര്‍.ടി.സി. വക ബോട്ടുകളായ ഓമനകുമാരിയും കോമളകുമാരിയും ജലജയുമെല്ലാം വൈപ്പിങ്കരക്കാരെയും വഹിച്ച് നീന്തിക്കിതച്ചിരുന്ന കായല്‍പ്പാത.

island is a continent of memories
പില്‍ക്കാലത്ത് വായിച്ച ഒരു രസികന്‍ കഥ ഓര്‍ക്കുമ്പോളെല്ലാം വില്ലിംഗ്ഡണ്‍ ഐലണ്ടിന്റെ ആ വടക്കേത്തീരത്തുപോയി ചെലവിട്ട സന്ധ്യകളേയും ഓര്‍ക്കുമായിരുന്നു.

ഇതാണ് ആ കഥ:

അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ. 


വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം.
കേരളത്തിലെ വിളക്കുമാടങ്ങള്‍


അമേരിക്കയുടെ ഇറാക്ക് അധിനിവേശമാണോ നിങ്ങള്‍ ഓര്‍ത്തത്? അതോ നിങ്ങളുടെ തന്നെ വ്യക്തിജീവിതത്തിലെ ഏതെങ്കിലും അനുഭവമോ? Inside every man, there is an America അല്ലേ? 

മറ്റുള്ളവര്‍  സ്ഥാനം മാറ്റാനാവാത്ത ലൈറ്റ് ഹൌസുകളായി നില കൊള്ളുന്നു. എന്നിട്ടും അതു മനസ്സിലാക്കാതെ നമ്മള്‍ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. [ഇത് നമുക്കും ബാധകമാണ്. മറ്റുള്ളവരുടെ മറ്റുള്ളവരില്‍ നമ്മളുമുണ്ടല്ലൊ].

വൈപ്പിങ്കരയിലെ മാലിപ്പുറത്താണ് കൊച്ചി തുറമുഖത്തിന്റെ ലൈറ്റ് ഹൌസ് നില്‍ക്കുന്നത്. സന്ധ്യയ്ക്ക് ഐലന്റിന്റെ നോര്‍ത്തെന്‍ഡില്‍ ചെന്നാല്‍ കുറച്ചു വടക്കുമാറി ഉച്ചിയില്‍ വിളക്കും കത്തിച്ച് അയാള്‍ കറങ്ങുന്നതു കാണാം. ദൈവമേ, ദ്വീപും കപ്പലും വിമാനവും തീവണ്ടിയും നക്ഷത്രഹോട്ടലുമെല്ലാം ഉണ്ടാക്കിയത് ലൈറ്റ് ഹൌസ് പോലെ നില കൊള്ളുന്ന ഈ മനുഷ്യന്‍ തന്നെയോ?
നോര്‍ത്തെന്‍ഡിലെ എംബാര്‍ക്കേഷന്‍ ജട്ടിയില്‍ കോമളകുമാരിയേം
കാത്തുനിക്കണ ജനം.  പിന്നില്‍ തുറമുഖം വിടുന്ന ക്യൂന്‍ മേരി 2. പിന്നില്‍
ദൂരെ എര്‍ണാളംപട്ടണം. മോളില്‍ ഗുല്‍മോഹറിന്റെ ഒരു കൊമ്പ്. 

10 comments:

KELIKOTTU said...

രസകരമായ ആഖ്യാനം....ഇൻഫർമേറ്റീവ്‌ !

Anonymous said...

പരിമിതിയുടെ പരിമാണം.

വീണ്ടും വീണ്ടും.

അതിന്റെ സങ്കടം ആരറിയുന്നു ?

ദൈവം said...

ഒരു പാലം അപകടത്തെത്തുടർന്ന് തീവണ്ടി മാർഗ്ഗം കുറച്ചു വർഷങ്ങളായി അടഞ്ഞുകിടക്കുന്നതായാണ് അറിവ്

Rammohan Paliyath said...

ആദ്യവാചകവും അവസാന വാചകവും താങ്കളെ വിളിച്ചു തുടങ്ങിയതുകൊണ്ടാണോ ദൈവമേ വീണ്ടും ഈ വഴിയെ? :-)

ente lokam said...

light house പോലെ നില്‍ക്കുന്നവരെ മാറ്റാന്‍
ശ്രമിക്കുന്ന നമ്മള്‍. അതെ പലപ്പോഴും നമ്മള്‍
ആണ് നമ്മളെ മനസ്സിലാക്കാത്തവര്‍
എന്നിട്ടും പഴി മറ്റുള്ളവര്‍ക്ക് ..എല്ലാവരുടെയും
ഉള്ളില്‍ ഓരോ അമേരിക്ക ഉണ്ട് ..(osama
era is over today അമേരിക്ക says ..!!)
ഇഷ്ടപ്പെട്ടു .ആശംസകള്‍ ..രാംജി ..അതി
രാത്രം എങ്ങനെ ഉണ്ടായിരുന്നു .
പോസ്റ്റ്‌ ഒന്നും ഇല്ലേ ?

Raman said...

പല വിഷയങ്ങളുംകൂട്ടിയിണക്കിയതിനാലാണെന്ന് തോനുന്നുന്നു എവിടെയോ ഒക്കെ break അനുഭവപ്പെടുന്നു . പക്ഷെ ആദ്യ ഭാഗം informative ആണ്.

വഴിപോക്കന്‍ | YK said...

>>>>ആദ്യലോഡ് മണ്ണ് കായലിലേയ്ക്കിട്ടപ്പോള്‍ എറണാകുളം തീരത്ത് കൂട്ടം കൂടി നിന്ന് ബ്ലഡി മല്ലൂസ് സായിപ്പിനെ കൂവി എന്നാണ് കഥ. കടലിനോട് ചേര്‍ന്ന കായലില്‍ മണ്ണിട്ട് ദ്വീപുണ്ടാക്കുകയോ? അതോര്‍ത്തിട്ടാണ് കൂവിയത്. ടെസ്റ്റ് ട്യൂബ് ശിശു, പരിണാമ സിദ്ധാന്തം, ആറ്റംബോംബ്, കടല്‍പ്പാലം, വിമാനം... ഇതെല്ലാം ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ നോക്കി സായിപ്പ് കോപ്പിയടിച്ചതാണെന്നോര്‍ത്ത് രോമാഞ്ചപ്പെടുന്ന ആരും ഒരു ദ്വീപുണ്ടാക്കുന്നതിനെപ്പറ്റി ഒരു രാമായണത്തിലും വായിച്ചിരുന്നില്ലല്ലോ.

ഏയ്....മല്ലൂസ് കൂവാന്‍ വഴിയില്ല, പ്രത്യേകിച്ചും പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിലെ മല്ലൂസ്

Mur...lee said...

xxxxx..

Unknown said...

'വെല്ലിംഗ്ടന്‍' എന്ന പേര് കൊച്ചി അഴിമുഘത്തിനു ആഴം കൂടാന്‍ വന്ന മണ്ണുമാന്തി കപ്പലില്‍ (Dredger) നിന്ന് കടം കൊണ്ടതാണെന്ന് ആണ് ഞാന്‍ അറിഞ്ഞിടുല്ലത്. നിങ്ങള്‍ പറയുമ്പോള്‍ ആണ് അത് മദ്രാസ്‌ ഗവര്‍ണരില്‍ നിന്നാന്നെനു അറിയുനത്. ഏതാണ് ശരി? ഒരു സംശയം ഇപ്പോള്‍.

Rammohan Paliyath said...

red hue, both of us were right. the dredger was named after the then madras governor who was lord wellingdon, the one who deputed sir bristow to cochin.

Related Posts with Thumbnails