Monday, June 20, 2011

ആലുവ 6 പാട്ട് അകലെ


മിഴിമുന കൊണ്ട് മയക്കി നാഭിയാകും
കുഴിയതിലിട്ടു മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍ തന്‍
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ

ഈ കിടിലന്‍ കാവ്യശകലം എഴുതിയ ആളുടെ പേരു പറഞ്ഞാല്‍ പലരും വിശ്വസിയ്ക്കുകയില്ല - ശ്രീനാരായണഗുരു. ഗുരു സാമൂഹ്യപരിഷ്കരണത്തിനിറങ്ങിയതുകൊണ്ട് ഒരുപാട് നല്ല കവിതകള്‍ എഴുതപ്പെടാതെ പോയി എന്ന് ഈ നാലുവരി ഉറപ്പുതരും. [ഇതിലെ ആശയത്തോട് ഫെമിനിസ്റ്റുകള്‍ക്ക് വിയോജിക്കാം. അത് വേറെ ഇഷ്യു. ഗുരുവിന്റെ കവിത്വത്തെ തൊട്ടുള്ള കളി വേണ്ട]. അതുപോലെ നെഹ്രുവും ചര്‍ച്ചിലും രാഷ്ട്രീയത്തിലിറങ്ങിയതുകൊണ്ട് രണ്ട് വലിയ എഴുത്തുകാരെ മാനവരാശിയ്ക്ക് നഷ്ടമായി എന്ന് കരുതുന്നവരുണ്ട്. അതും ശരി തന്നെ.

എങ്കിലും ഒരു കാര്യം പറയാതെ വയ്യ. കവിത്വവും എഴുത്വവുമെല്ലാം ഉള്ളിലുണ്ടെങ്കില്‍ അത് ഇത്തിരിയെങ്കിലും പുറത്തുവരിക തന്നെ ചെയ്യും. പൂവിന് വിരിയാതിരിയ്ക്കാന്‍ ആകാത്തതുപോലെ അത് പൊട്ടിവിരിയും. അതല്ലേ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ഭല്ലേ ഭല്ലേ പാടിയ്ക്കല്ലേ എന്ന് ഗുരു പ്രാര്‍ത്ഥിച്ചത്. പന്ത്രണ്ട് വാല്യമായി History of Second World War എന്ന മഹാഗ്രന്ഥം ചര്‍ച്ചില്‍ എഴുതിയത്. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ നെഹ്രുവിനോടൊപ്പം ഗ്ലിമ്പ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയും ഡിസ്കവറി ഓഫ് ഇന്ത്യയും പ്രകാശം കണ്ടത്.

ഇതെല്ലാം ഓര്‍ത്തത് കുറേനാള്‍ മുമ്പ് രണ്ടു വട്ടം എറണാകുളത്തെ കലൂര്‍ സ്റ്റാന്‍ഡിനരികിലൂടെ ബസ്സില്‍പ്പോയപ്പോഴാണ് - സ്റ്റാന്‍ഡിനു പുറത്തെ മെയിന്‍ റോഡിലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന റേഡിയോ മാംഗോയുടെ പരസ്യബോര്‍ഡ് കണ്ടപ്പോള്‍. മാമ്പഴത്തിന്റെ കൊതിപ്പിയ്ക്കുന്ന നിറം പശ്ചാത്തലമാക്കി ‘ആലുവ 6 പാട്ട് അകലെ’ എന്ന് ആ ഒറ്റവരിക്കവിത, പാകം വന്ന ഒരു പ്രിയോരിന്റെ പലകപ്പൂളുപ്പോലെ എന്നെ ലഹരി പിടിപ്പിച്ചു. റേഡിയോ മാംഗോയ്ക്കു വേണ്ടി അങ്ങനെ ഒരാശയം ഉണ്ടായത് ആരുടെ തലയിലായിരിക്കും? അറിയില്ല. ആരായാലും അയാള്‍ ഒരു കവി തന്നെ. [ഏറിയ പക്ഷം ഒരു കവയിത്രി].

പരസ്യവാചകങ്ങള്‍ എഴുതുന്ന പണി/പരസ്യങ്ങള്‍ക്കുള്ള ആശയങ്ങള്‍ സൃഷ്ടിയ്ക്കുന്ന പണി അഥവാ കോപ്പി റൈറ്റിംഗ് ഒരിയ്ക്കലും കവിതയെഴുത്തല്ല. ക്ലയന്‍സ് ഇടപെടും. സമയ, സ്ഥല പരിമിതികളുണ്ടാവും. ഒക്കെയൊക്കുകില്‍, കുമാരനാശാന്‍ പാടിയപോലെ, കുറയും ഹാ! സഖി ഭാഗ്യശാലികള്‍. എങ്കിലും മഴ പെയ്യുമ്പോള്‍ ചില ഉണക്കക്കൊള്ളികള്‍ പെട്ടെന്ന് തളിര്‍ത്ത് തലയുയര്‍ത്തുമ്പോലെ, സാമൂഹ്യപരിഷ്കര്‍ത്താവും രാഷ്ട്രീയനേതാവും ചിലപ്പോള്‍ കലാസൃഷ്ടി നടത്തുമ്പോലെ, ഇതാ ഒരു കോപ്പിറൈറ്ററും മറ്റു നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ കവിത എഴുതിപ്പോയിരിക്കുന്നു.

ഇക്കാലത്തെ ഏറ്റവും നല്ല ടീവി പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ പലരും പറയും ചില പരസ്യങ്ങളാണെന്ന്. ആവര്‍ത്തിച്ച് കണ്ടാലും മതി വരാത്ത ചില രസികന്‍ പരസ്യങ്ങളുണ്ട്. എന്നാല്‍ പരസ്യങ്ങളുടെ ഉദ്ദേശം നിങ്ങളെ രസിപ്പിക്കലല്ല, നിങ്ങളെക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ വാങ്ങിപ്പിക്കുകയാണ്. അതുകൊണ്ട്, പരസ്യം നല്ലതാണെന്ന് പറയിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. കച്ചവടം നടന്നോ? അതാണ് ചോദ്യം. ഭാഗ്യവശാല്‍ ചില പരസ്യങ്ങള്‍ നല്ലതായിരിക്കും, അവ കണ്ടാല്‍ ആ സാധനം വാങ്ങാനും തോന്നും, സാധനം നല്ലതായിരിക്കുകയും ചെയ്യും. അപ്പോള്‍ ഒടുവില്‍ പറഞ്ഞ കാര്യവും പ്രധാനം തന്നെ - സാധനമോ സേവനമോ നല്ലതായിരിക്കണം. പരസ്യം കാര്യക്ഷമമായാല്‍ ഒരു പ്രാവശ്യം കച്ചവടം നടത്താം. ഒരേ കസ്റ്റമര്‍ തന്നെ വീണ്ടും വീണ്ടും വരണമെങ്കില്‍ സാധനം/സേവനം നന്നായിരിക്കണം. അതുകൊണ്ട് ‘നല്ല പരസ്യം’ പറയുമ്പോള്‍ നല്ല സാധനം/സേവനം വാങ്ങാന്‍ തോന്നിപ്പിക്കുന്ന നല്ല പരസ്യം എന്ന അര്‍ത്ഥത്തിലായിരിക്കലാണ് എപ്പോഴും നല്ലത്.

ശബ്ദവും ചലനവും കൂട്ടിനുള്ളതുകൊണ്ട് നല്ല പരസ്യങ്ങളേറെയും ഇപ്പോള്‍ ടെലിവിഷനിലും ഓണ്‍ലൈനിലുമാണ് കേള്‍ക്കാണാകുന്നത്. പത്രമാസികകള്‍ക്കും റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന വമ്പന്‍ ബോര്‍ഡുകള്‍ക്കും മറ്റും പരിമിതികളുണ്ട്. എങ്കിലും പെട്ടെന്ന് മിന്നിമറയാതെ കയ്യില്‍/കണ്മുന്നില്‍ തന്നെയിരിക്കുന്നു എന്ന ആനുകൂല്യമുണ്ട് പത്രമാസികകള്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും അച്ചടിപ്പരസ്യങ്ങള്‍ക്കാണ് സാവകാശമുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ചലഞ്ചിംഗ് ആയ മാധ്യമമാണ് സൈന്‍ബോര്‍ഡുകളും മറ്റുമുള്‍പ്പെടുന്ന നിശബ്ദമായ നിശ്ചലമായ ഔട്ട്ഡോര്‍ മാധ്യമങ്ങള്‍. കാറിലും ബസ്സിലും ആളുകള്‍ കടന്നുപോകും. ഒരു മിന്നായം. ആ നേരം കൊണ്ട് സന്ദേശം ഡെലിവറി ചെയ്യണം. ബ്രാന്‍ഡിന്റെ പേരും പറയണം. ചുരുക്കിപ്പറഞ്ഞാല്‍ വാക്കിനും കുത്തിനും വിലയീടാക്കിയിരുന്ന ടെലിഗ്രാം എഴുതുന്ന പോലെ എഴുതണം. കാണാന്‍ നല്ലൊരു വിഷ്വലുണ്ടെങ്കില്‍ നന്നായി. ഔട്ട്ഡോര്‍ പരസ്യങ്ങള്‍ നോക്കി ആരും ഒന്നും നേരെ പോയി വാങ്ങുകില്ല. അവയെ നമുക്ക് ഓര്‍മിപ്പിക്കല്‍ പരസ്യങ്ങള്‍ എന്നു വിളിക്കാം. ബ്രാന്‍ഡ് പേരും പറ്റുമെങ്കില്‍ ബ്രാന്‍ഡ് വാല്യുവും ആവര്‍ത്തിച്ചുറപ്പിയ്ക്കുന്ന ഒരു റീകാള്‍ മീഡിയം. നല്ല ഔട്ട്ഡോര്‍ പരസ്യം നല്ല ടീവി പരസ്യത്തേക്കാള്‍ നന്നാകുന്നത് അങ്ങനെയാണ്.

റേഡിയോ മാംഗോയുടെ മധുര ഗാന സമൃദ്ധി ആ ഒറ്റവരിയിലൂടെ കൃത്യമായി വാഗ്ദാനം ചെയ്യപ്പെടുന്നു. അതിലുപരിയാണ് ആലുവായ്ക്കുള്ള ദൂരത്തെ ആറു പാട്ട് എന്നു വിളിയ്ക്കുന്നതിലെ പ്രസാദം. ഒപ്പം സാധാരണയായി പ്രധാന ബസ് സ്റ്റോപ്പുകളിലും മറ്റും നാം കാണുന്ന നാഴികക്കല്ലുകളിലെ പരമ്പരാഗത ദൂരസൂചനയെ അത് ഒരു ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ടു തന്നെ പൊളിച്ചെഴുതുന്നു.

അതു കാണുമ്പോള്‍ ഞാനൊരു ആലുവ ബസ്സിലായിരുന്നു. എല്ലാ കിളികളേയും പോലെ അതിലെ കിളിയ്ക്കും പറക്കാന്‍ തിടുക്കമായിരുന്നു. ഭാഗ്യം, അതിനു മുമ്പു തന്നെ എന്റെ നോകിയ എന്‍ 73-യിലെ ക്യാമറയില്‍ ആ ഖണ്ഡകാവ്യത്തെ ഞാന്‍ ചിത്രമാക്കി.

കഴിഞ്ഞവര്‍ഷത്തെ മേടമാസത്തിലായിരുന്നു ഈ സംഭവം. നല്ല പൊരിഞ്ഞ ചൂട്ടത്ത്. എങ്കിലും ആലുവ എത്തിയത് ഞാനറിഞ്ഞില്ല. ആലുവ വരെ വഴിയ്ക്കിരുപുറവും പല ജാതി മാവുകള്‍ കായ്ച്ച് തണല്‍ വിരിച്ചു നിന്നിരുന്നതുപോലെ ആ യാത്ര ആ ഒറ്റവരിയില്‍ മധുരിച്ചുപോയിരുന്നു. എന്നത്തേയും പോലെ കുഴിയതിലിട്ടു മറിപ്പതിന്നൊരുങ്ങി വഴി നീണ്ടു കിടന്നു. എങ്കിലും കലൂര്‍ക്കാരനായ മഹാകവി തന്ന മാമ്പഴം കാലമേറെക്കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു മാവായ് മുളച്ചു വളര്‍ന്ന് കായ്ച്ച് കലൂരില്‍ത്തന്നെ നില്‍ക്കുന്നത് കണ്ടിട്ടെന്നപോലെ മനം നിറഞ്ഞുപോയിരുന്നു.

13 comments:

നസീര്‍ കടിക്കാട്‌ said...

ആലുവ 6000 പാട്ടകലെയെങ്കിലും
ന്റിഷ്ടാ രാമമോഹനാ

ശ്രീനാഥന്‍ said...

തീർന്നില്ലല്ലേ, മാമ്പഴക്കാലം?

ചെലക്കാണ്ട് പോടാ said...

എറണാകുളത്തും ഇതുപോലെ ഒരു ബോര്‍ഡ് വയ്ക്കണം

എറണാകുളത്തെത്താം അടുത്ത മാമ്പഴക്കാലത്ത്.....

വഴിപോക്കന്‍ | YK said...

ജ്യോതി ശാസ്ത്രജ്ഞന്മാര്‍ ദൂരം പ്രകാശവര്‍ഷത്തില്‍ അളക്കുമ്പോലെ കവികള്‍ക്ക് - കവിതയെ സ്നേഹിക്കുന്നവര്‍ക്കും - ഇനി ദൂരം പാട്ടുദൂരത്തില്‍ അളക്കാം...

ente lokam said...

ശ്രദ്ധിക്കപ്പെടാതെ

പോകുന്ന ചിലതും പല

പരസ്യങ്ങളിലും ‍ ഉണ്ട് ..!!!

ശ്രദ്ധിച്ചു പോകുന്ന പലതും

ചില പരസ്യങ്ങളിലും..!!!!

yousufpa said...

കലൂർ ബസ്റ്റോപ്പിലെ കാഴ്ച എന്നേയും ചിന്തിപ്പിച്ചിരുന്നു. ഒരു വരിയാ‍ണെങ്കിലും അതിലെ കാവ്യ ഭംഗി അപാരം തന്നെ.

ഞാൻ ആസ്വദിച്ചു വായിച്ചു..

Palluruthy Today said...

അടുത്ത കാലത്തെ ഏറ്റവും നല്ല പരസ്യ വാചകങ്ങളില്‍ ഒന്നാണ് റേഡിയോ മാന്ഗോ ഹോര്‍ഡിങ്ങില്‍ കണ്ടത്. ആ കവിയുടെ കഴിവ് റേഡിയോ പരിപാടികളില്‍ കൂടി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ ബോറന്‍ ജോക്കികളെ സഹിക്കുന്നത് ഒഴിവാക്കാമായിരുന്നു

JIGISH said...

ഹഹഹ..എറണാകുളത്തുനിന്നു വരുമ്പോൾ വൈറ്റിലയ്ക്കു തൊട്ടു മുൻപായി ഈ പരസ്യബോർഡ് ഉണ്ട്. ‘ഹിൽപാലസ് 2 പാട്ട് അകലെ’ ഇതിലെ കാവ്യഭംഗി ഞാനും ആസ്വദിച്ചിട്ടുണ്ട്.!എന്തായാലും ഒരു കൂട്ടായി.

African Mallu said...

ഈ പരസ്യം പലവട്ടം കണ്ടിരുന്നെങ്കിലും, ഇത് പോലെ മനോഹരമായ പോസ്റ്റ്‌ ആക്കാം എന്ന് ഇപ്പോളാണ് മനസ്സിലായത് .പിന്നെ ഞങ്ങളുടെ നാട്ടിലൊക്കെ ഒരു പറച്ചിലുണ്ട് " ഒരു ബീഡി ദൂരം "...ഒരു ബീഡി വലിച്ചു തീരുമ്പോഴേക്കും നടന്നെത്താവുന്ന ദൂരം. ചിലപ്പോള്‍ അതും ഒരു ഇന്‍സ്പിരേഷന്‍ ആവാം .

ഇട്ടിമാളു അഗ്നിമിത്ര said...

പരസ്യങ്ങളുടെ മായികതയിൽ മുങ്ങി - പ്രത്യേകിച്ച് ഈ വാചകമടിയിൽ - മാർക്കറ്റിങ് പഠിക്കാൻ പോയി കാശും സമയവും കളഞ്ഞ ഒരു പരസ്യഭ്രാന്തി .. എന്നാലും എനിക്ക് ഇപ്പൊഴും പരസ്യങ്ങൾ ഒരു വട്ട് തന്നെ

sancharam said...

ജോണ്‍ എബ്രഹാമിന്റെ 'നേര്‍ച്ചക്കോഴി' വായിക്കൂ. രണ്ടു വീടുകള്‍ തമ്മിലുള്ള ദൂരത്തെ 'ഒരു സ്ടീരിയോപ്പാടകലെ' എന്ന് നിര്‍വചിക്കുന്നു.

Rammohan Paliyath said...

ചിലപ്പോൾ നേർച്ചക്കോഴിയുടെ ഇൻസ്പിരേഷനായിരിക്കാം, ആർക്കറിയാം. നേർച്ചക്കോഴി, കുറുക്കൻ കറങ്ങിയ പാറ, കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ട്...പണ്ടു വായിച്ചതണ്, ഇതോർക്കുന്നില്ല.

എം.ആര്‍.വിബിന്‍ said...

the team behind this campaign

Team - Stark Trivandrum
Creative Director - Shelton Pinheiro
Copy - Shelton Pinheiro
Art - Jaison Antony

Check this link
http://starkdifference.blogspot.com/

Related Posts with Thumbnails