Tuesday, August 26, 2008

രാമന്‍ സീതയുടെ ആരാ?


ത്രേതായുഗം. അയോധ്യാരാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വലിയ കാടാണ് രംഗം. ആ കാട്ടിലെവിടെയോ കിടക്കുന്ന ഒരു കല്ലും മുള്ളും.

മുള്ള്: കല്ലേ, എത്ര നാളായി പറയുന്നു എനിക്ക് രാമായണംകഥ പറഞ്ഞു തരാമെന്ന്...

കല്ല്: കഥ തീര്‍ന്നില്ലായിരുന്നല്ലൊ, അതല്ലേ ഇതുവരെ പറഞ്ഞു തുടങ്ങാഞ്ഞത്. ഭാഗ്യം, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുത്തു, വനവാസകാലവും കഴിഞ്ഞു. അവരെല്ലാം തിരിച്ച് രാജധാനിയിലെത്തി, പട്ടാഭിഷേകവും കഴിഞ്ഞു. പോരാഞ്ഞ് സീതാദേവി ഗര്‍ഭിണിയുമായിരിക്കുന്നു. ഒരു കഥയുടെ ശുഭപര്യവസാനത്തിന് മറ്റെന്തുവേണം? കേട്ടോളൂ, ഇതാ പറഞ്ഞേക്കാം.

[രാമായണംകഥ മുഴുവന്‍ കല്ല് മുള്ളിനെ വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിക്കുന്നു. കഥ തീരൂന്ന മുറയ്ക്ക് ഒരു രഥം അടുത്തടുത്തുവരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. കഥ തീരുന്നതിനു പിന്നാലെ പൊടി പറത്തിക്കൊണ്ട് രഥം രംഗപ്രവേശം ചെയ്യുന്നു. സീതാദേവിയും ലക്ഷ്മണകുമാരനുമാണ് യാത്രക്കാര്‍. സീതയെ തേരില്‍ നിന്നിറക്കി ആ കാട്ടിലുപേക്ഷിച്ച് ലക്ഷ്മണന്‍ തിരികെ പോകുന്നു. ആ കാട്ടുപാതയിലിപ്പോള്‍ സീതാദേവിയും കുറേ കല്ലും മുള്ളും മാത്രം].

മുള്ള്: രാമായണം മുഴുവന്‍ കേട്ടിട്ടും എനിക്കാ ചോദ്യം ചോദിക്കാന്‍ തോന്നുന്നു - യഥാര്‍ത്ഥത്തില്‍ രാമന്‍ സീതയുടെ ആരാ?

17 comments:

umbachy said...

പതിതന്‍

Rammohan Paliyath said...

ഒരു ‘രാമായണമാസം’ കൂടി കഴിഞ്ഞു. അതിലേറെയും നാട്ടിലായിരുന്നു. മൈക്കുകളില്‍ തുഞ്ചന്റെ കിളി പാടുന്നു. നാലമ്പല തീര്‍ത്ഥാടകര്‍ നടകളടയ്ക്കും മുമ്പേ എത്താന്‍ ഓവര്‍സ്പീഡില്‍ പോകുന്നു. കുന്നംകുളം മുതല്‍ കോട്ടയം വരെയുള്ള നസ്രാണി പ്രസാധകര്‍ സക്കറിയ ആക്ഷേപിച്ചതുപോലെ തുഞ്ചന് റോയല്‍റ്റി കൊടുക്കേണ്ടാത്തതുകൊണ്ട് രാമായണങ്ങള്‍ വിറ്റ് കാശാക്കുന്നു. ഉഡായിപ്പ് വൈദ്യശാലക്കാര്‍ കര്‍ക്കിടകക്കഞ്ഞിക്കിറ്റുകള്‍ വിറ്റ് ജനത്തെ കഞ്ഞിയാക്കുന്നു. തിരിച്ചുവന്നിട്ടും, ചിങ്ങം പിറന്നിട്ടും ഞാനെന്റെ രാമായണം വാ‍യന തുടരുന്നു. പഴയ ചോദ്യങ്ങള്‍ പിന്നെയും ഉയരുന്നു. ‘എങ്ങനെ നിന്നെ ഞാന്‍ കൊണ്ടുപോകുന്നതു തിങ്ങിമരങ്ങള്‍ നിറഞ്ഞ വനങ്ങളില്‍’ എന്ന് പതിന്നാല് കൊല്ലം മുമ്പ് ചോദിച്ചയാള്‍ തന്നെ സീതയെ കാട്ടില്‍ വെടിയുന്നു. സീതയുടെ ആ ചോദ്യം പിന്നെയും കേള്‍ക്കുന്നതുപോലെ തോന്നുന്നു: രാമായണങ്ങള്‍ പലതും കവിവരരാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍. ജാനകിയോടു കൂടാതെ രഘുവരന്‍ കാനനവാസത്തിനെന്നു പോയിട്ടുള്ളു?

യാരിദ്‌|~|Yarid said...

എന്താ ഉദ്ദേശിച്ചതു..?

ഗുപ്തന്‍ said...

ആക്രമിക്കുന്ന സ്രാവുകളില്‍ നിന്ന് സ്വന്തം മാര്‍ലിനെ രക്ഷിക്കാന്‍ ശ്രമിക്കാത്ത ഒരൂ സാന്തിയാഗോ ബുദ്ധിമാ‍നോ വിഡ്ഡിയോ?

(കസ്റ്റമറി പ്രൊട്ടെസ്റ്റ്. ഐ ഹേറ്റ് മോഡെറേഷന്‍. മറുപടിപറയണ്ട.)

Rammohan Paliyath said...

രാമന്‍ സീതയുടെ ആരാ എന്നൊരു സന്ദേഹം മാത്രമേയുള്ളു യാരിദ്, കൂടുതലൊന്നുമില്ല. പരാജിതന്‍ ഞാന്‍ തന്നെ. മാമ്പഴം തിന്നൂ, അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്ന് അരിസ്റ്റോട്ടിലിനു പോലും മനസ്സിലായിട്ടില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. കോണ്‍ഫിഡന്‍സ് ഇല്ലാത്തതുകൊണ്ട് വയ്യ.

ഗുപ്തരേ, അറിയാവുന്നവരുടെ കമന്റുകള്‍ ഓട്ടോമാറ്റിക്കായി മോഡറേറ്റ് ചെയ്യാവുന്ന സംവിധാനം ബ്ലോഗരദ്യം ഉടന്‍ നടപ്പാക്കുമായിരിക്കും. അല്ലാത്തിടത്തോളം മാന്യത തീരെയില്ലാത്ത ഒരാളുടെ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ ഉള്ളതു തന്നെ നല്ലത്.

അമേരിക്കന്‍ ഫിക്ഷന്‍ ഒരിക്കലും എന്നെ ഇമ്പ്രസ് ചെയ്തിട്ടില്ല. ഇങ്ക്ലൂഡിംഗ് ദെയര്‍ ഷോര്‍ട്ട് ഫിക്ഷന്‍. എല്ലാം ചേമ്പിലയിലെ വെള്ളത്തുള്ളികള്‍ പോലെ പോയി. കുഴപ്പം വെള്ളത്തിന്റേതാണെന്ന് കരുതാനാണ് ചേമ്പിലയ്ക്കിഷ്ടം.

യാരിദ്‌|~|Yarid said...

ഹഹ അതെനിക്കിഷ്ടപെട്ടു..;)

smitha adharsh said...

:)

Babu Kalyanam said...

:-)
കൈതപ്രത്തിന്റെ വാക്കുകളില്‍:
"എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്ത്തിയോരഗ്നിയെ പോലും അവിശ്വസിച്ചെങ്കിലും
കോസല രാജകുമാരാ ...രാജകുമാരാ
എന്നും ആ സങ്കല്‍പ പാദപദ്മങ്ങളില്‍ തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ...
സീത ഉറങ്ങിയുള്ളൂ..."

എതിരന്‍ കതിരവന്‍ said...

കാട്ടില്‍ വിടാന്‍ ഒരു കാരണവും ശ്രീരാമന്‍ കണ്ടു.
വാല്‍മീകി രാമായണത്തില്‍:

“സീതയെക്കൊണ്ടുപോകിങ്ങുനിന്നിപ്പോള്‍, ചെയ്യുകെന്മൊഴി
ഇവള്‍മുന്‍ ചൊല്‍കയുണ്ടായി, “ഗംഗാതീരാശ്രമങ്ങള്‍ മേ കാണേണമെന്നവള്‍ക്കുള്ളീ നിനവും നിറവേറ്റിടാം”

പുണ്യാശ്രമങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നു സീത പറഞ്ഞിരുന്നു. ഇതു തന്നെ തക്കം ശ്രീരാമന്. ആള്‍ക്കാരെ വിളിച്ചുകൂട്ടി. അപവാദം കേള്‍ക്കുന്ന്,തന്റെ കീര്‍ത്തിയ്ക്കു ക്ഷതമേല്‍ക്കുന്നു!

“അകീര്‍ത്തി പാരിലെവനെപ്പറ്റിച്ചൊല്ലിവരുന്നൊവോ
അവനശ്ശബ്ദമുള്ളോളമധോഗതിയിലാണ്ടിടും
അകീര്‍ത്തി വാനോറ് നിന്ദിപ്പൂ, പാരില്‍ മാനിപ്പു കീര്‍ത്തിയെ”


സീതയെ കാട്ടില്‍ വിട്ടില്ലെങ്കില്‍! ലക്ഷ്മണനെ പേടിപ്പിച്ചു:

“തുലോമപ്രീതിയാം നിങ്കലെനിക്കിതു വിലക്കിയാല്‍”
മറ്റുള്ളവര്‍ക്കും താക്കീത്:
ഇടയ്ക്കെന്നോടനുനയം വല്ലവണ്ണവുമോതിയാല്‍
അവരെന്നെന്നുമഹിതരെനിക്ക്, ഇഷ്ടം തടുക്കയാല്‍“

PIN said...

മാനം കാക്കാൻ ബന്ധുത പോലും തള്ളികളയുന്ന അവതാര പുരുക്ഷനോ,
അതോ ബന്ധുജനത്തിനായി മരണം പോലും വരിക്കുന്ന മർത്യനോ,

ആരെയാണ്‌ നാം മാനിക്കേണ്ടത്‌ ???

ഭൂമിപുത്രി said...

ആദികവിയ്ക്ക് വേണമെങ്കിൽ രാമനെ വെള്ളപൂശാമായിരുന്നു.
അപ്പോളതല്ല ഉദ്ദേശ്യം.
അമിതമായ ആസക്തി,അതു ധർമ്മാചരണത്തിനോടായാലും,പാടില്ല എന്ന് വായിയ്ക്കാം.
കുറേക്കൂടി മുൻപോട്ട് സഞ്ചരിച്ചാൽ,
മഹാത്മാഗാന്ധിയ്ക്കും ഏതാണ്ടിതുപോലത്തെയൊക്കെ
തെറ്റുകളുണ്ടായിട്ടുണ്ടല്ലൊ.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net%3c.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Rammohan Paliyath said...

രാമനോടുള്ള പരാതി കാഞ്ചനസീതയും സാകേതവും [സി. എന്‍. ശ്രീകണ്ഠന്നായരുടെ നാടകങ്ങള്‍] വായിച്ചപ്പോള്‍ ഇല്ലാതായിരുന്നു. ദാറ്റ്സ് ഓള്‍ റൈറ്റ്. ‘രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന്‍ സീതയുടെ ആരാ എന്ന് ചോദിക്കുന്നോ’ എന്ന പഴഞ്ചൊല്ല് എന്തിന് വെച്ചുകൊണ്ടിരിക്കുന്നു എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.

chithrakaran ചിത്രകാരന്‍ said...

ഐതിഹ്യങ്ങളിലെ ക്ഷത്രിയരായ കഥാപത്രങ്ങള്‍ക്കൊക്കെ ഷണ്ഡത്വത്തിന്റെ മണ്ഡരി ബാധയുണ്ടായിരുന്നു.

ഷണ്ഡത്വമില്ലാത്തവര്‍ക്കാകട്ടെ
മക്കളെ ജനിപ്പിക്കാന്‍ അനുമതി നല്‍കിയത്
യുദ്ധത്തില്‍ കൊല്ലാനുള്ള കഥാപാത്രങ്ങളെ
ജനിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.

സ്ത്രീകള്‍ക്ക് മാന്ത്രിക വിദ്യകളിലൂടെ മക്കളുണ്ടാക്കിക്കൊടുക്കുന്ന ബി.ടി.വിത്ത് ടെക്നോളജിയുമായി ഇതിഹാസ കര്‍ത്താക്കള്‍ തന്നെ മുന്നിലുണ്ടായിരുന്നതിനാല്‍
ഭര്‍ത്താക്കന്മാര്‍ക്കാര്‍ക്കും കഷ്ടപ്പെടേണ്ടി വന്നില്ല.
സത്യത്തില്‍ രാമന്‍ സീതയുടെ ആരായിരുന്നെന്ന് വാത്മീകിക്കു മാത്രമേ അറിയു !!!

അഭയാര്‍ത്ഥി said...

ഇതിഹാസത്തെ പൊളിച്ചെഴുതു മണ്ഠരി ബാധയില്ലാത്ത ചിത്രകാര.
അങ്ങയുടെ ഔന്നത്യം അത്യപാരം
MACHO- BRAVO

സജീവ് കടവനാട് said...

‘എങ്ങനെ നിന്നെ ഞാന്‍ കൊണ്ടുപോകുന്നതു തിങ്ങിമരങ്ങള്‍ നിറഞ്ഞ വനങ്ങളില്‍’ എന്ന് പതിന്നാല് കൊല്ലം മുമ്പ് ചോദിച്ചയാള്‍ തന്നെ സീതയെ കാട്ടില്‍ വെടിയുന്നു.

ലക്ഷ്മണന്‍ വാളില്‍ ഏതോ ജന്തുവിന്റെ രക്തം പുരട്ടി സീതയുടെ രക്തമെന്നു പറഞ്ഞ് രാമനെ കാണിച്ചു എന്നാണ് അച്ഛമ്മ പറഞ്ഞു തന്നത്. :)

Artist B.Rajan said...

വളരെ ലളിതം ....
“Wonderful Instrument For Entertainment”
അല്ലേ..

Related Posts with Thumbnails