Saturday, September 6, 2008

നാവിനിഷ്ടം, പല്ലിന് കഷ്ടം


കഴിഞ്ഞ ഒക്ടോബറില്‍ ഈ ബ്ലോഗിലിട്ട 'ശുക്ലസഞ്ചിയും ഒരു മാര്‍ക്കറ്റ് ഇക്കണോമി' എന്നൊരു പോസ്റ്റില്‍ മൊണോപ്സണിയെ പരിചയപ്പെടുത്തിയിരുന്നു. ഒരു വില്‍പ്പനക്കാരന്‍ മാത്രമുള്ള മാര്‍ക്കറ്റിനെ എന്തുവിളിക്കുമെന്ന് നമുക്കറിയാം - മൊണോപ്പളി [monopoly]. കേരളത്തിലെ ഒരു ഉദാഹരണന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡ്. അതുപോലെ ഒരു വാങ്ങല്‍കാരന്‍ മാത്രമുള്ള മാര്‍ക്കറ്റുമുണ്ട്. അതാണ് മൊണോപ്സണി [monopsony]. ഒക്ടോബറില്‍ അതിനു ഞാന്‍ ഉദാഹരണം പറഞ്ഞത് കേരളത്തിലെ ഏക കൊക്കോ ബയറായി വിലസിയിരുന്ന കാഡ്ബറീസിനെ. എന്നാല്‍ സ്വിസ് ചോക്കലേറ്റ് കമ്പനിയായ ചോക്ലേറ്റ് സ്റ്റെല്ല എന്ന കമ്പനി കാഡ്ബറീസിന്റെ 'കുത്തക' തകര്‍ക്കുന്നുവെന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ ആ ചോക്ലേറ്റിന്റെ കഷ്ണം പങ്കുവെയ്ക്കാതെങ്ങനെ?

തൊടുപുഴ ആസ്ഥാനമായുള്ള കേരള അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയാണ് [കാഡ്സ്]സ്റ്റെല്ല്ലയ്ക്കു വേണ്ടി കൊക്കോ സംഭരണം നടത്തുക. കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 26-33 രൂപയ്ക്ക് പച്ചകൊക്കോ വാങ്ങി ഉണക്കി കിലോയ്ക്ക് 105 രൂപയ്ക്കാണ് സ്റ്റെലയ്ക്ക് വില്‍ക്കുക. ഉണങ്ങിയാല്‍ 33% സത്ത് ബാക്കി കിട്ടുന്ന ഇനത്തിനാണ് 105. കൂടുതല്‍ 'റിക്കവറി' ഉള്ളതിന് കൂടുതല്‍ വില കൊടുക്കും. അന്താരാഷ്ട്ര വിപണിയില്‍ കാഡ്ബറീസിന്റെ പ്രധാന എതിരാളിയാണ് പോലും സ്റ്റെല്ല. [പച്ചബീന്‍സിന്, എര്‍ണാളം ഭാഷേപ്പറഞ്ഞാ, കിലോത്തിന് 20-26 രൂപേണ് ഈ കാഡ്ബറീസുകാര് ഇതുവരെ കൊട്ത്തിര്ന്നേച്ചത്. അതുവെച്ച് നോക്കുമ്പ സ്റ്റെല്ലച്ചേടത്തി ചെയ്തത് ജോറ്]

ഓഫ് സീസണായ സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലൊഴികെ മാസന്തോറും 23.5 ടണ്‍ കൊക്കോ കൊടുക്കാമെന്നാണ് കരാര്‍. കേരളത്തിലെ കോക്കോ ഉത്പ്പാദനത്തിന്റെ 60%-വും ഇടുക്കിയിലാണെന്നും പത്രദ്വാരത്തിലൂടെ അറിയാന്‍ കഴിഞ്ഞു. [ആ ക്രെഡിറ്റ് വയനാടിനാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്]

എന്റെ പ്രിയനോവലിസ്റ്റ്, ബ്രസീലുകാരനായ ജോര്‍ജ് അമാദോയുടെ [ഷോര്‍ഷ് അമാദോ?] ഉശിരന്‍ നോവലുകളിലാണ് കൊക്കോ യുദ്ധങ്ങളുടെ ചോരപ്പുഴകള്‍ കണ്ടിട്ടുള്ളത്, വിശേഷിച്ചും വയലന്റ് ലാന്‍ഡ് എന്ന ചെറുനോവലില്‍. അത് പക്ഷേ വന്‍കിട കര്‍ഷകര്‍ തമ്മിലുള്ള യുദ്ധങ്ങളായിരുന്നെങ്കില്‍ ഇത് മള്‍ട്ടിനാഷനല്‍ കൊക്കോ യുദ്ധം. പട്ടി തന്നെ പട്ടിയെ തിന്നുന്ന മാര്‍ക്കറ്റിംഗ് വാര്‍. മള്‍ട്ടിനാഷനല്‍ എന്നാല്‍ കുത്തക എന്ന് മലയാളത്തിലാക്കുന്നവര്‍ കൌടില്യന്‍ പറഞ്ഞ ഈ മുള്ളു കൊണ്ട് മുള്ളെടുക്കല്‍ ഓര്‍ക്കുക. മള്‍ട്ടി നാഷനലെങ്കില്‍ മള്‍ട്ടിനാഷനല്‍, കുത്തക പൊളിയട്ടെ. [എല്ലാ കുത്തകയും മൊണൊപ്പൊളിയല്ല, എല്ലാ മൊണൊപ്സണിയും കുത്തകയല്ല എന്നും ഓര്‍ക്കുക].

ച് ച് ച് ചിക്കന്‍, ച് ച് ച് ചീസ്, ച് ച് ച് ചോക്കലേറ്റ് എന്നെല്ലാം കേട്ടാല്‍ വായില്‍ കപ്പലോടിയ്ക്കുന്ന കുട്ടികളോട് കടങ്കഥയായി ചോദിക്കാനുള്ളതാണ് തലക്കെട്ട്. ശരിയുത്തരം പറയുന്നവര്‍ക്ക് സമ്മാനമായി ചോക്കലേറ്റ് ഒഴിച്ച് എന്തും.

8 comments:

Umesh::ഉമേഷ് said...

ഈ നാക്കിനെക്കൊണ്ടു പല്ലു പണ്ടേ പൊറുതി കെട്ടിരിക്കുകയാ. ഇതു കണ്ടിട്ടുണ്ടോ?

Rammohan Paliyath said...

ഹ ഹ ഹ, തൊപ്പി ഞാനിട്ടു.

ജിവി/JiVi said...

ഉമേഷ് നീട്ടിയ നാക്ക് പല്ലിനെ മുഴുവന്‍ പുറത്തുകൊണ്ടുവന്നു.

ഈ പോസ്റ്റിനു നന്ദി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്ന വാര്‍ത്തകള്‍ സന്തോഷം തരുന്നു.

Artist B.Rajan said...

അയ്യോ പടം കീ ബോര്‍ഡാണല്ലോ...

Rammohan Paliyath said...

അയ്യയ്യോ, ചോക്കലേറ്റു കൊണ്ടുണ്ടാക്കിയ കീബോഡാണെന്ന് മനസ്സിലാവുന്നില്ലേ?

Artist B.Rajan said...

ഒാ..പിടികിട്ടി
കീ ബോര്‍ഡ്‌ = സൂചന കോഡാക്കാന്‍ സഹായിക്കുന്ന യന്ത്രം..
ചോക്കലേറ്റ്‌ കീബോര്‍ഡ്‌= പിള്ളേരുടെ വായില്‍ വെള്ളം കൊള്ളാനുള്ള തന്ത്രം...
മലയിടിച്ചും എക്കലിളക്കിയും നെല്ലുണ്ടാക്കി അറനിറച്ച മുതുമുത്തച്ഛന്‍-അന്നമായിരുന്നു ലക്ഷ്യം...
നെല്ലുനിര്‍ത്തി തെങ്ങും ഇടക്ക്‌ വാഴയും നട്ട്‌ മുത്തച്ഛന്‍-ചക്രത്തിലേക്കായി കാര്യം..
അറ പൊളിച്ച്‌ അന്തോണി മാപ്ലക്ക്‌ വിറ്റ്‌, തെങ്ങുവെട്ടി റബറുവെച്ചു അച്ഛന്‍..പുത്തന്‍ തന്നെയയിരുന്നു ലക്ഷ്യം. എല്ലാരും റബര്‍...വില താഴോട്ടുപോയപ്പോള്‍ കൊക്കോയുടെ പിറകേ പോയി-ഗാന്ധിമാത്രം ചിന്ത.
ഫലം ഗോപി...ദേണ്ടെ..പിന്നേം റബര്‍..ഇപ്പോ ദുട്ടൊണ്ട്‌..കുഴപ്പമില്ലാണ്ടു പോണു..
ദേ പിന്നേം വരുന്നു കൊക്ക..രക്കോ!!!
തേങ്ങാചിരണ്ടിയിട്ട്‌ ശര്‍ക്കരയും ചേര്‍ത്തിളക്കിയ നാടന്‍ ബോണ്ടിയാണ്‌ എനിക്കിഷ്ടം..

Rammohan Paliyath said...

sukhiyananalle?

Artist B.Rajan said...

സുഖിയനല്ല..."BOUNTY" ചോക്കലേറ്റിന്റെ സമാനമായ രുചിയുള്ള തേങ്ങാശര്‍ക്കരക്കൂട്ട്‌.(ഇലയടയുടെ അകത്തുവെയ്ക്കാറുള്ളത്‌..എന്താ..)

Related Posts with Thumbnails