Wednesday, September 24, 2008

എങ്കി കങ്കാരുവിനെ തിന്നു തൊടങ്ങാം

നെല്‍പ്പാടങ്ങളില്‍ മഴക്കാലത്ത് കണ്ടുവരുന്ന ശംഖ്-കക്ക കുടുംബക്കാരനാണ് ഞവുഞ്ഞ്. അതിനെ മാത്രം തിന്ന് ജീവിക്കുന്ന ഒരു പക്ഷിയുണ്ടത്രെ. ത്രെ എന്നല്ല, ഉണ്ട്. ഞവുഞ്ഞോടനെന്നാണ് ടിയാന്റെ പേര്. കണ്ടിട്ടുണ്ടെന്നല്ല തിന്നിട്ടുണ്ടെന്നു പറയണം. എയര്‍ഫോഴ്സില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അമ്മാവന്റെ Twelve Bore എന്ന് വിളിച്ചിരുന്ന തോക്കിന് ഇരയായതാണൊരിക്കല്‍. അത് വംശനാശഭീഷണി നേരിടുന്ന പക്ഷിയാണോ എന്നൊന്നും അന്നും ഇന്നും അറിയില്ല. ഒരു കാര്യം അറിയാം - ശിക്ഷ ലഭിക്കാതിരിക്കാനുള്ള ലൂപ്പ് ഹോളല്ല അറിവില്ലായ്മ.

ഞങ്ങള്‍ പച്ചക്കായയും കുരുമുളകും ധാരാളം വീരസ്യവും ചേര്‍ത്ത് കൂട്ടാന്‍ വെച്ച് കഴിച്ചത് ഈ ഭൂമുഖത്തെ അവസാനത്തെ ഞവുഞ്ഞോടന്‍ ഫാമിലിയിലെ ഭാര്യയോ ഭര്‍ത്താവോ ആയിരുന്നെങ്കിലോ? അയ്യോ, പിന്നീടെപ്പോളോ ചങ്കില്‍ത്തറഞ്ഞ ആ എല്ലുങ്കഷ്ണം ഒരിക്കലും എടുക്കാന്‍ കിട്ടിയിട്ടില്ല.

കണ്ടാണശ്ശേരി മുതല്‍ കാണിപ്പയ്യൂര്‍ വരെ നീണ്ടുപരന്നു കിടക്കുന്ന പാടത്ത് കൊക്കുകളെ വെടിവെയ്ക്കാന്‍ പോയതായിരുന്നു അമ്മാവന്‍. കൂനമ്മൂച്ചിക്കുള്ള നെടുവരമ്പിന്റെ വഴിയ്ക്കുള്ള പൊര്വാര എന്ന് വിളിച്ചിരുന്ന ഭാഗത്ത് കണ്ടതോ ഒരു ഞവുഞ്ഞോടനെ. കണ്ടാല്‍ കൊക്കിനേക്കാള്‍ വലിപ്പത്തില്‍, കൊക്കിനേയും പരുന്തിനെയും എര്‍ളാടനെയും ഓര്‍മിപ്പിക്കുന്ന കടുംബ്രൌണ്‍ തൂവല്‍ക്കാരന്‍. ഞവുഞ്ഞിനെ മാത്രം തിന്ന് ജീവിക്കുന്ന എലീറ്റ് ക്ലാസല്ലെ, ഇതുവരെ തിന്നിട്ടുള്ളതിലും വെച്ച് ഏറ്റവും സ്വാദ് അതിന്റെ ഇറച്ചിയ്ക്കു തന്നെയായിരുന്നു എന്ന് പറയാതെങ്ങനെ?

അക്കാലത്തെ ക്രൂരമായ സ്വാദുകളില്‍ പിന്നെ ഓര്‍മയുള്ളത് കഴുകന്റെ അളിയന്‍ കൂറ്റന്‍ എന്ന പക്ഷിയുടേതാണ്. മേലേപ്പുരയുടെ പടിഞ്ഞാപ്രത്തുള്ള പ്ലാവിന്റെ കൊമ്പില്‍ ഉച്ചത്തെ ആ ആലസ്യത്തില്‍ വന്നിരുന്നതായിരുന്നു പാവം. ഠേ!

ഉശിരന്‍ മലയാള ഗദ്യം എന്നൊക്കെ എഴുന്നള്ളിച്ച് സക്കറിയയുടെ ലോബിയിംഗില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ട എം. പി. ശിവദാസമേനോന്റെ [1890-1962] മലബാറിലെ ശിക്കാര്‍ എന്ന പുസ്തകം ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയത്തെ കലാകൌമുദിയില്‍ ഡോ. പി. കെ. രാജശേഖരന്‍ എന്ന ഉശിരന്‍ നിരൂപകന്‍ കശക്കിയത് വായിച്ച് സക്കറിയയോട് രോഷം തോന്നി. കണ്ണില്‍ അല്ല വയറ്റില്‍ത്തന്നെ കോല്‍ അല്ല എല്ലുങ്കഷ്ണം കിടക്കെ അന്യന്റെ കണ്ണിലെ കരട് നോക്കാന്‍ എന്തെളുപ്പം.

അതല്ല wit - ശിവദാസമേനോന്റെ ഉശിരന്‍ ഗദ്യം എന്നൊക്കെപ്പറഞ്ഞ് കൊട്ടിഘോഷിച്ചത് പഴയ സിനിമാനിരൂപകന്‍ കോഴിക്കോടന്‍ എഴുതിയ ഗദ്യമായിരുന്നു. സക്കറിയയ്ക്ക് ഇക്കാര്യം ഇപ്പോളും അറിയുമോ ആവോ? മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടി 1922 മുതല്‍ 27 വര്‍ഷക്കാലം കോഴിക്കോട്ടെ സാമൂതിരി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശിവദാസമേനോന്‍ അക്കാലത്ത് ഇംഗ്ലീഷിലെഴുതിയ ശിക്കാര്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍. അത് കോഴിക്കോടന്‍ എന്ന അപ്പുക്കുട്ടന്‍ നായര്‍ പരിഭാഷപ്പെടുത്തിയതാണ് നാമിന്ന് കൊട്ടിഘോഷിക്കുന്ന മലബാറിലെ ശിക്കാര്‍.

മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്തുക്കുട്ടി ജെ. ഇട്ടന്റെ വാളയാറിലെ മോഴ, ശിക്കാരി കുട്ടിയമ്മയുടെ നായാട്ടു കഥകള്‍ തുടങ്ങിയവയാണ് മലബാറിലെ ശിക്കാറിന്റെ പിന്‍ഗാമികള്‍. കാടെല്ലാം നാടായപ്പോള്‍ ശിക്കാരി ശംഭുവിന്റെ തമാശകളില്‍ അതൊടുങ്ങി. ഒടുവിലിതാ 'വനസമ്പത്ത് സംരക്ഷിക്കൂ' എന്നാവശ്യപ്പെടുന്ന പരസ്യത്തില്‍ കേരളത്തിലെ വനം വകുപ്പ് ശിക്കാരി ശംഭുവിനെ മോഡലാക്കിയിരിക്കുന്നു. ക്രിയേറ്റിവിറ്റി ഒരു വെടിയുണ്ടയാണെന്ന് ഈ പരസ്യം തെളിയിക്കുന്നു. ശംഭുവിനെ വാച്ച്മാനാക്കി, വാക്കുകളുടെ ഒച്ചയും പുകയുമില്ലാതെ നിറയൊഴിയുന്നു. [ക്ലിക്ക് ചെയ്ത് വലുതാക്കി ‘കൊണ്ടാലും’].

പറയാന്‍ വന്നത് അതല്ല. ഞവുഞ്ഞോടന്‍, കഴുകന്റളിയന്‍ കൂറ്റന്‍... പുത്തന്‍ രുചികളെ പേടിയില്ലെന്ന് വരുത്താന്‍ ശ്രമിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ദുബായില്‍ പൊറുത്തു തുടങ്ങിയ കാലത്തൊരിക്കല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട ക്യാമല്‍ മില്‍ക്ക് വാങ്ങിച്ച് രുചിച്ചു നോക്കിയത്. സത്യം പറഞ്ഞാല്‍ ഒട്ടകപ്പാലിന് പശൂമ്പാലുമായി സ്വാദില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. ഗുണദോഷങ്ങളിലെ വ്യത്യാസം അറിയാന്‍ ശ്രമിച്ചുമില്ല.

മുഖച്ഛായയില്‍ മനുഷ്യനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന മൃഗം ഒട്ടകമാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണാടിയിലടക്കം പലപ്പോഴായി ഒരുപാട് ഇരുകാലി ഒട്ടകങ്ങളുടെ മുഖങ്ങളില്‍ കണ്ടിട്ടുള്ള ദൈന്യത അതേപടി സ്ഥിരമായി കണ്ടിട്ടുള്ളത് ഒട്ടകമുഖങ്ങളില്‍. അതുകൊണ്ട് ഒട്ടകത്തിന്റെ മാംസം രുചിച്ചു നോക്കാന്‍ ധൈര്യം കിട്ടിയില്ല.

അങ്ങനെ പോകുമ്പോള്‍ അതാ കിടക്കുന്നു പത്രദ്വാരത്തില്‍ ഒരു വാര്‍ത്ത: ഭൂമിയെ രക്ഷിക്കൂ, കങ്കാരുഎറച്ചി തിന്നൂ!

സംഗതി സീരിയസ്സാണ്. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തമാണ്. അല്ലെങ്കിലും അവര്‍ക്കെല്ലാം സീരിയസ്സാണല്ലൊ. പാല് നല്ലതാണെന്ന് അവര് ഗവേഷിച്ച് കണ്ടുപിടിച്ചത് കേട്ട് നമ്മുടെ കുര്യന്‍ ഗുജറാത്തിലെ ദരിദ്രനാരായണന്മാരെ ഉദ്ബോധിപ്പിച്ച് ഇന്ത്യയില്‍ ധവളവിപ്ലവം ഉണ്ടാക്കി, അമുല്‍ കുര്യനായി. അപ്പോള്‍ ദേ സായിപ്പു പറയുന്നു പാല് തടിയ്ക്ക് കേടാണെന്ന്. ഇവര്‍ക്കിദെന്തിന്റെ കേടാണ്? കാര്യം നമ്മുടെ ഡോഡാഡേയുടെ ഒരു സ്റ്റാറ്റസ് മെസേജില്‍ കണ്ടപോലാ - തിയറിയുടെ ശക്തമായ പിന്തുണയില്ലെങ്കില്‍ അനുഭവത്തെ വിശ്വസിക്കരുത്.

ബീഫ് ബര്‍ഗറ് തിന്നണത് അവസാനിപ്പിച്ച് കങ്കാരു ബര്‍ഗറ് തിന്നാനാണ് പുതിയ ഗവേഷണഫലങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. കാരണം ഭൂമിയുടെ ഓസോണ്‍പാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശു, പോത്ത്, എരുമ വര്‍ഗങ്ങളില്‍ നിന്നാണത്രെ. അവറ്റ കീഴ്ശ്വാസമായും ഏമ്പക്കമായും പുറത്തുവിടുന്ന മീതേയ്ന്‍ ആണ് ഓസോണ്‍ പാളിയെ പൊളിച്ചുകളയുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ കൂട്ടത്തിലെ മുഖ്യവില്ലന്‍. അതേസമയം കങ്കാരുക്കളുടെ ദഹനേന്ദ്രിയം പശുവര്‍ഗത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അവറ്റിങ്ങള്‍ക്ക് ഗ്യാസ് ട്രബ്ള്‍ ഇല്ല.

അന്തരീക്ഷത്തിന് കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 20 മടങ്ങ് ഭീഷണിയാണ് മീതേയ്ന്‍ എന്നാണ് കണ്ടുപിടുത്തം. അതായത് ബീഫ് തീറ്റ കൂടിയാല്‍ കാള, പോത്ത് വര്‍ഗങ്ങളുടെ ഡിമാന്‍ഡ് കൂടുന്നതോടൊപ്പം ഭൂമിയില്‍ വളരുന്ന അവയുടെ എണ്ണവും അതുവഴി അവ മൂലമുള്ള ഗ്യാസ് ട്രബ് ള്‍ ഭീഷണിയും കൂടും.

കങ്കാരു മാംസത്തിനെ ആകര്‍ഷകമാക്കുന്ന ഒരു സംഗതി കൂടിയുണ്ട് - അതില്‍ ഫാറ്റിന്റെ അളവ് താരതമ്യേന കുറവാണ്, പ്രൊട്ടീന്‍ കണ്ടെന്റോ കൂടുതലും.

ഓസ്ട്രേലിയയാണല്ലൊ കങ്കാരുവിന്റെ തറവാട്. ഓസ്ട്രേലിയയിലെ സ്ഥിതിയെങ്ങനെ? അവിടെ ജീവിക്കുന്ന മലയാളികളും കങ്കാരു എറച്ചി വാങ്ങി വറുത്തരച്ച് കറി വെയ്ക്കുന്നുണ്ടോ? തേങ്ങാക്കൊത്തുകളിട്ട് ഗാര്‍നിഷ് ചെയ്യുന്നുണ്ടോ? കങ്കാരു ബര്‍ഗര്‍ സുലഭമാണോ?

സഞ്ചിയില്‍ എപ്പോളും കുഞ്ഞിനേയും കൊണ്ടുനടക്കുന്നതുകൊണ്ട് മറ്റ് ജന്തുക്കളുടേതിനേക്കാള്‍ കങ്കാരുവിന്റെ മാതൃഭാവമാണ് ഏറ്റവും ഹൃദയസ്പര്‍ശിയായിട്ടുള്ളത്. ഇറച്ചിക്കുവേണ്ടി കങ്കാരുക്കളെ കൂട്ടമായി വളര്‍ത്തുമെന്നോ? അറവിന് നേരമാകുമ്പോള്‍ കുഞ്ഞിനെ നിലത്തിറക്കി നിര്‍ത്തിയിട്ട് അമ്മയെ അറക്കാന്‍ കൊണ്ടുപോകുമെന്നോ? ലാമ്പ് റോസ്റ്റ് എന്നെല്ലാം പറയുമ്പോലെ ജോയ് റോസ്റ്റും ഡെലിഷ്യസ് ആണെന്നോ?

മൂന്നു വട്ടം ഭാഗവതം വായിച്ചപ്പോളും കണ്ണില്‍ത്തടഞ്ഞ ഒരു ശ്ലോകം ഉദ്ധരിച്ച് നിര്‍ത്തിയേക്കാം:

അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം

കയ്യുള്ളത് കയ്യില്ലാത്തതിനെ ഭക്ഷിക്കുന്നു, നാലു കാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു, ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു.

[ജീവിതമേ, നീയെത്രെ ക്രൂരന്‍]

20 comments:

കാര്‍വര്‍ണം said...

നത്തക്ക ഓർ ഞൌണിക്ക എന്ന കലക്കൻ പേരിനെ ഞവുഞ്ഞ് എന്നാക്കി വിലകുറച്ചതിൽ ഒന്നു പ്രതിക്ഷേധിക്കുന്നു.
ഞാൻ,എന്റെ വിശപ്പ് തന്നെ പ്രധാനം നീ ആരായാലും.

സുഗ്രീവന്‍ :: SUGREEVAN said...

ഞങ്ങള്‍ "ഞവുണിക്ക/ങ്ങ" എന്ന് വിളിക്കുന്ന സാധനം തന്നെയാണിതെന്ന് കരുതുന്നു. പണ്ട് അമ്മവീട്ടില്‍ പോകുമ്പോള്‍, കുട്ടികളായിരുന്ന ഞങ്ങള്‍, പാടത്തുനിന്നു മത്സരിച്ചു പെറുക്കി കൂട്ടുമായിരുന്നു. കക്കായിറച്ചി (കല്ലുമ്മേക്കായ) പോലെ വറുത്തു കഴിച്ചതുമോര്‍ക്കുന്നു. സൊയമ്പന്‍ സാധനം!(കുട്ട്യേടത്തിയാണെന്നുതോന്നുന്നു പണ്ടിതിനെപ്പറ്റിയെഴുതിയത്). പക്ഷെ ഞവുഞ്ഞനെ കണ്ടിട്ടും തിന്നിട്ടുമില്ല. പുതിയ അറിവാണ്‌. ഒന്നന്വേഷിക്കട്ടെ! (അടുത്ത തവണ നാട്ടില്‍ പോകുമ്പൊള്‍ കിഴക്കന്‍ മലകളിലൂടെ ഒന്നു കറങ്ങി കാട്ടു പന്നിയുടെ ഇറച്ചിയും ഒന്നു ട്രൈ ചെയ്യുക. അഭിപ്രായം ചിലപ്പോള്‍ മാറിയേക്കാം). പിന്നെ പുതിയ രുചികള്‍ക്കായി കുറുക്കന്‍, മുള്ളന്‍പന്നി, പന്നിയെലി, പെരുമ്പാമ്പ് എന്നിവയും കൂടെ കിട്ടുമോ എന്ന് നോക്കുക. ഒന്നും മോശമല്ല!
ഇട്ടന്റെ നായാട്ടു കഥകള്‍ പണ്ട് വായിച്ചു ത്രില്ലടിച്ചതും ഓര്‍ക്കുന്നു.
മൂക്കാത്ത ഒട്ടക ഇറച്ചി ആട്ടിറച്ചി പോലെയെന്ന് കഴിച്ച സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും ഓസ്ട്രേലിയന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ആ ചോദ്യങ്ങളുടെ ഉത്തരത്തിനായി ഒന്നന്വേഷിച്ചു നോക്കാം.

The Beast said...

അപ്പം നമ്മള് നെലവിലൊള്ള പശൂനേം കാളേം പോത്തിനേം ഒടനെ തിന്നു തീര്‍ത്തില്ലേല്‍ ലവന്മാരെല്ലാം കൂടി വളിവിട്ട് തൂറി ഓസോണ്‍ പാളി കിചുകിചുകിചാന്ന് ഓട്ടവീണ് പോവൂല്ലേ അണ്ണാ..

ഈപക്ഷികിളിവിഗഹാദികളുടെ പേര്‍ പറയുമ്പോള്‍ ലവന്മാര്ടെ കുലഗോത്രനാമങ്ങള്‍ പരന്ത്രീസിലോ ലത്തീനിലോ ഒക്കെ ഒള്ളതില്ലേ.. അതൂടെ ചേര്‍ത്താല്‍ വിക്കിയില്‍ ഫോട്ടോ കണ്ട് ഉപചാരം അര്‍പ്പിക്കാമായിരുന്നു..

അപഥ വാക്യം (ഞാന്‍ തന്നാട്ടാ ലോ ലവന്‍. ): അതല്ല wit - << ഇതെന്തോന്ന്.. രഞ്ജിനിപ്രവാളത്തിനു ഔദ്യോഗിക ലിഖിതരൂപം കൊടുക്കാനുള്ള ശ്രമമോ.. അതല്ല തമാശ എന്നെഴുതിയാല്‍ കയ്യേല ബള ഊരിപ്പോവുമോ

The Beast said...

യെവനാണോ ശ്രീ ഞവുഞ്ഞോടന്‍ ?

എന്തായാലും എടാ ഒച്ചുതീനീ എന്നുവിളിക്കുന്നതിനുപകരം ഒരു പൊളിറ്റിക്കലി കറക്റ്റ് തെറി കൂടി കിട്ടി

Nishedhi said...

ഇത്രയും സംശയം ഭാക്കി:
1) കങ്കാരുവിനെ തിന്നുവാന്‍ ഉപദേശിക്കുന്ന ശാസ്ത്രജ്ഞരില്‍ വി.എച്‌.പി. സ്വാധീനം ഉണ്ടോ?
2) മീതേയ്‌ന്‍ അളവ്‌ കുറയ്ക്കുവാനുള്ള എളുപ്പവഴി ഈ കന്നുകാലികളെ കൊന്നുതിന്നുന്നതല്ലേ?
3) ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു - ഭാഗവതം എഴുതിയ കാലത്തും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം സുലഭമായിരുന്നോ?

simy nazareth said...

നല്ല ലേഖനം. ചിന്ത’യ്ക്കു പിടിക്കാത്തതുകൊണ്ട് ആരും കാണാതെ പോവുന്നു.

പണ്ട് കോട്ടയത്ത് ബസ്സില്‍ പോവുന്ന വഴിക്ക് മ്ലാവിറച്ചി എന്നൊക്കെ കള്ളുഷാപ്പിന്റെ മുന്‍പില്‍ ബോര്‍ഡ് കാണുമായിരുന്നു - ഇപ്പൊഴും കാ‍ണുമോ ആവോ.

ഗഫൂര്‍ക്കയുടെ റെസ്റ്റാറന്റ് അടുത്തല്ലേ? അവിടെ ഒട്ടകം റോസ്റ്റ് ഒക്കെ കിട്ടും - ഞാഞും തിന്നു നോക്കിയിട്ടില്ല.

Fayas said...

സത്യം പറയട്ടെ. ഈ കങ്കാരു ഇറച്ചി കഴിക്കാന്‍ കൊള്ളാമെന്നുള്ളത് പുതിയ അറിവാണ്. ഏതായാലും ആഗോളവല്ക്കരണത്തിന്റെ ഭാഗമായി ഓസ്ത്രേലിയക്ക് കങ്കാരുഇറച്ചി കയറ്റുമതി ചെയ്ത് ധാരാളം വിദേശനാണ്യം നേടാം എന്നോര്‍ക്കുമ്പോള്‍ അസൂയ തോന്നുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

vadavosky said...

വളരെ നല്ല പോസ്റ്റ്‌.
ഞവണിക്ക എന്നാണ്‌ ഞങ്ങളുടെ നാട്ടില്‍ പറയുന്നത്‌. അതൊക്കെ ധാരാളം ഉള്ള നാട്ടിന്‍പുറത്ത്‌ വളര്‍ന്നിട്ടും ഇങ്ങനെയൊരു പക്ഷിയെക്കുറിച്ച്‌ കേട്ടിട്ടേ ഇല്ല. കണ്ടിട്ടുണ്ടാവും. പലതരം കൊക്കുകളുണ്ടായിരുന്നു അന്നൊക്കെ. ഇപ്പോള്‍ കൃഷി ഇല്ലാതായതോടുകൂടി ഞവണിക്ക അന്യം നിന്നുപോയിട്ടുണ്ടാവണം. (ഇടയ്ക്കിടയ്ക്ക്‌ നാട്ടില്‍ പോകാറുണ്ടെങ്കിലും എന്നാണ്‌ ഞാന്‍ ഒരു പാട വരമ്പത്തുകൂടി അവസാനം നടന്നത്‌ ?). അങ്ങനെ ആ പക്ഷിയും ഡോഡോ പക്ഷിയെപ്പോലെ വംശനാശം വന്നിട്ടുണ്ടാവണം.

കാളിയമ്പി said...

ശാസ്ത്രജ്ഞന്മാര്‍ക്ക് മുഴുപ്രാന്താണ്. ഗ്രാന്റ് കിട്ടുന്നതുകൊണ്ട് എന്തേലും ജോലി ചെയ്യണോല്ലോ എന്നുള്ള ചിന്ത ആവനെ കള്ളു കുടിച്ചതുപോലെയാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് എന്ന പാതിവെന്ത ശാസ്ത്രത്തിലുള്ള അതിവിധേയത്തമെന്ന തേളും കടിച്ചു. പറയണോ വിക്രിയകള്‍...

ടോമാന്‍ഡ് ജെറീലെപ്പോലെ ഞാന്‍ സ്വയം കുഴികുഴിച്ച് മണ്ണും വലിച്ചിട്ട് കുരിശും നാട്ടി. :)

എതിരന്‍ കതിരവന്‍ said...

കങ്കാരു (“കാങ് ഗരൂ“ എന്നാണ് ഉച്ചാരണം) ഇറച്ചി അമേരിക്കയില്‍ കുറെ നാള്‍ (80 കളില്‍) അറിയാതെ തിന്നിട്ടുണ്ട്, ഫാസ്റ്റ് ഫുഡ് കടകളിലെ ബര്‍ഗര്‍ തിന്നവര്‍. ഓസ്ട്രേലിയയില്‍ നിന്നാണ് ബീഫ് ഇറക്കുമതി ചെയ്യാറ്. എന്തോകാരണത്താല്‍ പശുക്കളെ കിട്ടാതെ വന്നപ്പോള്‍ ഓസ്ട്രേലിയക്കാര്‍ കാങ് ഗരൂ ഇറച്ചിയാണ് ആരും അറിയാതെ അമേരിക്കയ്ക്കു കയറ്റി അയച്ചത്. ആറു മാസക്കാലത്തോളം ഇതു നീണ്ടു. ബര്‍ഗറിനു ഒരു generic (wit!) സ്വാദ് ആയതിനാല്‍ ആരറിയാന്‍.

നിഷേധീ, 15 ആം നൂറ്റാണ്ടു വരെ ഇന്‍ഡ്യയില്‍ പശുമാംസം സുലഭമായി ഭക്ഷിക്കപ്പെട്ടിരുന്നു. ജെലാറ്റിന്‍/കൊളാജെന്‍ ഉള്ള ഐസ് ക്രീം ഉപേക്ഷിക്കുന്ന ശുദ്ധ വെജിറ്റേറിയന്‍സ് നെയ്യ് ലോഭമില്ലാതെ ഉപയോഗിക്കുന്നത് അതിന്റെ ബാക്കി.

കടകളില്‍ അല്ലെങ്കിലും ശനിയാഴ്ചകളില്‍ തുറക്കുന്ന Farmers' Market കളില്‍ ഒപ്പോസം എന്ന കാങ് ഗരൂ വര്‍ഗ്ഗ (Marsupials)ത്തില്‍പ്പെട്ട ജന്തുവിന്റെ മാംസം വില്‍ക്കാറുണ്ട്, അമേരിക്കയില്‍ പലയിടത്തും. സഞ്ചിയിലെ കുഞ്ഞിനെ മാറ്റിയിട്ടാണൊ എന്നറിയില്ല.

കോഴിയിറച്ചി തിന്നിട്ട് അതിനെ “കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ” എന്നു കവിതയെഴുതുന്ന വള്ളത്തോള്‍മാരല്ലെ നമ്മള്‍?

umbachy said...

ശരിയാ സക്കറിയക്ക് അങ്ങനെ ഒരേര്‍പ്പാടുണ്ട്,
മലബാറിലെ ശിക്കാറ്, കേരളത്തിലെ പക്ഷികള്‍, ചില പ്രവാസി ശിങ്കങ്ങളുടെ ഒക്കെ ബുക്കുകള്‍ സക്കറിയയെ വിശ്വസിച്ച് വാങ്ങി അബദ്ധം പിണഞ്ഞിട്ടുണ്ട് എനിക്കും. കോഴിക്കോടന്‍ ആണല്ലെ ആ ഭാഷയുടെ ഉടമ. സംഗതി ചിലതൊക്കെ ഉണ്ട് കേട്ടൊ അതിലും.തീറ്റയിലാണല്ലൊ ഇപ്പൊ കളി. പട്ടിണിയാണോ ലക്ഷ്മി ദേവി വാഴുന്ന അടുക്കളയില്‍. വിശക്കുന്ന കോഴി ചപ്പാത്തി കിനാക്കാണും എന്നല്ലേ പറമാണം.

കുറുമാന്‍ said...

കങ്കാരുമാത്രമല്ല റാം മോഹന്‍, ആനയിറച്ചിയും കഴിക്കുന്നവരുണ്ട്. സൌത്ത് ആഫ്രിക്കയില്‍ നിന്നുമുള്ള ഒരു സുഹൃത്ത് പറഞ്ഞതാണ്. വാസ്തവം എത്രയുണ്ടെന്നറിയില്ല. ഒരു സുഹൃത്ത് ആഫ്രിക്കയില്‍ പോയി വന്നപ്പോള്‍ ഒട്ടകപക്ഷിയുടെ ഇറച്ചി കൊണ്ട് വന്നിരുന്നു. ഉണക്കിയത്. ഒരു കഷ്ണം കടിച്ചു......തുപ്പി.....അത്ര തന്നെ.

Rammohan Paliyath said...

ടൊയോട്ടാകാര്‍വര്‍ണനേ, ഞൌണിക്ക എന്ന് എന്റച്ഛന്റെ നാട്ടില്‍ പറയും. പക്ഷേ അവിടെ ഞൌണിക്കോടനെ കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ വരട്ടെ. ‘കൊള്ളിയെ കൊന്നു, കപ്പ ഒന്നാം പ്രതി’ എന്നൊരു കുറിപ്പിട്ടിരുന്നു പണ്ട്. [പിന്നീടത് ഡിലീറ്റ്]. അന്ന് ഈ ബ്ലോഗില്‍ കുറേ അടി നടന്നതാ. അത് വീണ്ടും ഒരിക്കല്‍ക്കൂടി പോസ്റ്റാം. നിങ്ങടെ പ്രതിഷേധത്തിനുള്ള മറുപടിയാണത്.

ബീസ്റ്റേ, ലാറ്റിന്‍ നാമങ്ങളൊന്നും അറിയില്ല. സുവോളജി പഠനം പത്തില്‍ നിര്‍ത്തിയതാ. പിന്നീടത് സെക്സ് പഠനത്തില്‍ ഒതുങ്ങി. രഞ്ജിനിപ്രവാളം എന്നു പറഞ്ഞാല്‍ ഇടയ്ക്കിടെ ഇംഗ്ലീഷ് പറയുന്നതല്ല, വികൃതമായ രീതിയില്‍ മലയാളം പറയുന്നതാണ്. ഫിലിം മാഗസിന്‍ എന്ന പേരില്‍ മാഗസിനും റാംജി റാവ് സ്പീക്കിംഗ് എന്ന പേരില്‍ സിനിമയുള്ളമുള്ള നാടല്ലേ, ഇംഗ്ലീഷ് വാക്കുകളോട് ഐത്തം വേണ്ട. [മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വാക്ക് ഇംഗ്ലീഷാ - ചീയേഴ്സ്!].

ഏതായാലും ലിങ്കിലെ ഏഷ്യന്‍ ഓപ്പണ്‍ ബില്‍ സ്റ്റ്രോക്കല്ല ഞവുഞ്ഞോടന്‍. ചത്തുവീണതിനെയേ ഞാന്‍ കണ്ടുള്ളു - ഡാര്‍ക്ക് ബ്രൌണ്‍, നല്ല ക്രൌര്യമുള്ള ച്ഛായ. ഏതാണ്ട് കഴുകന്റേതുപോലെ.

Rammohan Paliyath said...

നിഷേധീ, 1) വി.എ.എച്ച്.പിയ്ക്ക് ഇപ്പോഴുള്ള ലോബിയിംഗ് പവര്‍ വെച്ചു നോക്കുമ്പോള്‍ സംശയിക്കുന്നതില്‍ തെറ്റില്ല. പശു, കാള, പാമ്പ്, എലി, വെള്ളാന, മയില്‍, എലി തുടങ്ങിയ ഏഷ്യന്‍ അനിമത്സിനെ വാഹനങ്ങളാക്കിയ നമ്മുടെ ഗോഡന്മാര്‍ കങ്കാരുവിനെയും ജിറാഫിനെയും വെറുതെ വിട്ടത് ലോംഗ് ടേമില്‍ അവറ്റിങ്ങളുടെ കഷ്ടകാലമാകുമെന്ന് ആരുകണ്ടു.

2) കന്നുകാലികളെ കൊന്നുതിന്നാല്‍ മീതേയ്ന്‍ അളവ് കുറയും. പക്ഷേ കന്നുകാലികളെ കൊന്നു തിന്നാന്‍ വേണ്ടി കൂട്ടം കൂട്ടമായി അവയെ ഫാമുകളില്‍ വളര്‍ത്തുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ കാര്യമില്ലെന്നാണ് ഗ്രീന്‍പീസുകാര് പറയുന്നെ. 3) ലളിതാസഹസ്രനാമത്തില്‍ കണ്ട ഒരു വരി: രക്തവര്‍ണാ മാംസനിഷ്ടാ ഗുഡാന്നപ്രിയ മാനസാ... എന്താ അതിനര്‍ത്ഥം? വനവാസകാലത്ത് രാമലക്ഷ്മണന്മാര്‍ മാംസം ഭക്ഷിച്ചിരുന്നു എന്നു പറയപ്പെടുന്നു.

ശാസ്ത്രജ്ഞനമാരെപ്പറ്റി അംബി പറഞ്ഞതിനോട് 100% യോജിക്കുന്നു.

എതിരോനേ, കൃഷ്ണന്നായരെ ഓര്‍ത്തു. ഒന്നാം ക്ലാസില്‍ ദുബായില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന ഒരു മോള് എനിക്കുമുള്ളതുകൊണ്ട് നിങ്ങള്‍ പറഞ്ഞ ഉച്ചാരണം അറിയാഞ്ഞിട്ടല്ല. പക്ഷേ കങ്കാരു എന്ന പേരില്‍ നമ്മുടെ ഭാഷയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്ന സ്ഥിതിക്ക് ഭാശയോട് ഞാനെന്തിന് ഫണ്ടമെന്റലിസം കാട്ടണം? കമ്മൂണിക്കേഷനാണല്ലൊ പ്രധാനം.

ഉമ്പാച്ചീ, ആരുപറഞ്ഞു മഹാലക്ഷ്മിയുടെ അടുക്കള എന്ന്. സരസ്വതീം മഹാലക്ഷ്മീം ഒരിടത്തുവാഴില്ലെന്നാ പ്രമാണം. സരസ്വതിയാണെന്നു കരുതി ജ്യേഷ്ഠാഭഗവതിയെയാണ് വാഴിച്ചിരിക്കുന്നതെന്ന് നൈഫില്‍ കുടി പാര്‍ത്തിരിക്കുന്ന ലക്ഷ്മിത്താത്തയോട് ഒന്ന് പറഞ്ഞോളീ.

t.k. formerly known as thomman said...

ഞവിണിക്കയുടെ പടമല്ലേ ഇത്? വലിപ്പമുള്ള ഞവിണിക്കയെ പണ്ട് നാട്ടില്‍ വച്ച് തിന്നിട്ടുണ്ട്. അവസാനം ഭക്ഷണമായി ഇതിനെ കണ്ടത് ന്യൂ യോര്‍ക്കിലെ ഒരു ചൈനീസ് റെസ്റ്റോറണ്ടില്‍ വച്ചാണ്. ഓര്‍ഡര്‍ ചെയ്തത് ചൈനക്കാരന്‍; കഴിച്ചത് മൊത്തം സാധാരണ ചിക്കന്‍ മാത്രം കഴിക്കാറുള്ള സിന്ധി. ഞാന്‍ വിവരിക്കാന്‍ പോയില്ല അത് ഒരുതരം ഒച്ചാണെന്നും മറ്റും :-) ഫ്രഞ്ചുകാരുടെ വിശിഷ്ട്യഭോജ്യമാണ് ഞവിണി എന്ന് കേട്ടിട്ടുണ്ട്. (off: 7-ആം ക്ലാസില്‍ വച്ച് ഞാന്‍ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തില്‍ “ഒച്ചിനെ തിന്നുന്ന രാജ്യമേത്” എന്ന ചോദ്യത്തിന് എല്ലാവരും പല രാജ്യങ്ങളുടെയും പേരു പറഞ്ഞ് ഭാഗ്യം പരീക്ഷിച്ചപ്പോള്‍‍, ക്വിസ് മാസ്റ്ററിന്റെ കൈയിലിരുന്ന, എനിക്ക് മാത്രം കാണാമായിരുന്ന answer-key-യുടെ സഹായത്താല്‍ “ഫ്രാന്‍സെ”ന്ന ശരിയുത്തരം പറഞ്ഞ് എല്ലാവരെയും വിസ്മയിപ്പിച്ചത് ഒരിക്കലും മറക്കില്ല. എന്റെ ആ ഉത്തരം കേട്ടതോടെ ക്വിസ് മാസ്റ്ററിന് ഉത്തരം ചോരുന്നുണ്ടെന്ന് മനസ്സിലാവുകയും answer-key നല്ലവണ്ണം മറച്ചുപിടിക്കുകയും ചെയ്തു.)

ഉണക്ക ഒട്ടക്കപ്പക്ഷി ഇറച്ചി (ജര്‍ക്കി) കഴിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇവിടെ കാലിഫോര്‍ണിയയില്‍ ഒട്ടകപ്പക്ഷി ഫാമുകള്‍ ഉണ്ട്. പക്ഷിയാണെങ്കിലും അതിന്റെ ഇറച്ച് red meat ആണത്രേ. റാ‍റ്റില്‍ സ്നേക്ക് (ഒരു തരം‍ അണലി)ഇറച്ചി ഇവിടെ പലയിടങ്ങളിലും കിട്ടുമെങ്കിലും ഇതുവരെ കഴിക്കാന്‍ ധൈര്യം വന്നിട്ടില്ല. കങ്കാരു (ഇംഗ്ലീഷ് ഉച്ചാരണം ഏകദേശം കാന്‍-ഗരൂ) ഇറച്ചി കിട്ടിയാല്‍ തിന്നുനോക്കാമെന്നുണ്ട്.

സുഗ്രീവന്‍ :: SUGREEVAN said...

മിസ്റ്റര്‍ എതിരവന്‍, കാങ്ഗരൂനെ കാട്ടിത്തന്ന താങ്കള്‍ ഒപ്പോസം
((US) English Phonemic representation : ə-päsʹəm ) കൂടി ശരിക്കും മലയാളത്തിലെഴുതാമോ?
ക്ലൂസ്:
ə - as in About
ä - as in fAther
s - as in liSt
Curio എന്നോ മറ്റോ ഒരു City ഇല്ലേ? അത്ര മാത്രം. Take it easy.
:)

അനില്‍ശ്രീ... said...

ഈ പറഞ്ഞ ഞവുണിക്ക/അട്ടകക്ക/നത്തങ്ങ-യുടെ ഒരു പടം ഞാന്‍ ഒരാഴ്ച മുമ്പ് പോസ്റ്റിയത് (തുമ്പി, അട്ടക്കക്ക , വിട്ടില്‍ ) ഇവിടെ കാണാം. ഇത് പണ്ട് നമ്മുടെ പാടങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു. ഇന്ന് പക്ഷേ കുറഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു.

പിന്നെ ഇവനെ തിന്നുന്ന പക്ഷിയെ അറിയില്ല, ഇവനെ തിന്നുന്ന നാട്ടുകാരെ ഒത്തിരിപേരെ അറിയാം...

Rammohan Paliyath said...

ഒരു ഒട്ടകപ്പാൽ അപ് ഡേറ്റ്: ദുബായിലെ ഒരു കമ്പനി ക്യാമൽ മിൽക്ക് ചോക്കലേറ്റ് മാർക്കറ്റിലിറക്കുന്നു. വാർത്ത ഇവിടെ: http://www.food-business-review.com/article_news.asp?guid=6ADD92DE-0694-4013-A89F-8D8E46C92A54

ശ്രീനാഥന്‍ said...

കലക്കി. എന്നാലും കിമപി നിഹനിച്ചീടിനേൻ നീഡജത്തെ- ദുഷ്ടൻ! (പക്ഷെ, കങ്കാരൂനെ കൊല്ലുന്ന പാപം തിന്നാൽ തീരും)

Related Posts with Thumbnails