Monday, September 29, 2008

വി. കെ. കൃഷ്ണമേനോന്റെ മാരത്തോണ്‍ യു. എന്‍. പ്രസംഗം


വെബ്ബന്നൂര്‍ യാത്രകള്‍ക്കിടയില്‍ കിട്ടിയ ഒരു പിഡീയെഫ് ഫയല്‍ ഇവിടെ പങ്കിടുന്നു - 1957 ജനുവരി 23-ന് യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ മീറ്റിംഗില്‍ കാശ്മീര്‍ പ്രശ്നത്തെ സംബന്ധിച്ച് വി. കെ. കൃഷ്ണമേനോന്‍ നടത്തിയ പ്രസിദ്ധമായ മാരത്തോണ്‍ പ്രസംഗം.

ചിത്രത്തില്‍ ടൈം മാഗസിന്റെ പ്രസിദ്ധമായ മേനോന്‍ കവര്‍. ഒരു പക്ഷേ ഏതെങ്കിലും മലയാളി അങ്ങനെ ഒരൊറ്റത്തവണ മാത്രമേ ടൈമിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കാനിടയുള്ളു എന്നൊരു വിധേയ പൊങ്ങച്ചം കൂടി ഇവിടെ വിളമ്പാം. എന്തായാലും ആ പൊങ്ങച്ചം വിഴുങ്ങും മുമ്പ് ഡികൊളോണൈസിംഗ് ദ് മൈന്‍ഡ് പോലുള്ള പുസ്തകങ്ങള്‍ വായിക്കാനപേക്ഷ.

ഇന്ത്യയെന്നാല്‍ അടുത്തകാലം വരെ പാമ്പാട്ടികളും താജ്മഹലുമായിരുന്നു പാശ്ചാത്യര്‍ക്ക്. അതുകൊണ്ടുതന്നെ ടൈമിന്റെ ആ മേനോന്‍ കവറിലും ഉണ്ട് ഒരു പാമ്പും പാമ്പാട്ടിയും. എന്താണാവോ അതിനര്‍ത്ഥം? ഇന്നാണ് കൃഷ്ണമേനോന്‍ ജീവിച്ചിരുന്നതെങ്കില്‍, ഈ ആണവക്കരാര്‍ ദിനങ്ങളില്‍ അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് വെറുതേ ഊഹിക്കാന്‍ തോന്നുന്നു. ഹൈന്ദവ രാഷ്ട്രീയക്കാര്‍ വിഷം ചീറ്റുന്ന ഈ ആഗോളവത്കരണദിനങ്ങളില്‍ കാശ്മീരിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ മാറ്റമുണ്ടാകുമായിരുന്നോ എന്നുമറിയാന്‍ കൌതുകം.

ടൈം അക്കാലത്തൊരിക്കല്‍ ഒരാര്‍ട്ടിക്കിളിനിട്ട തലക്കെട്ട് Mandate for Menonism എന്ന്. അമര്‍സിംഗുമാരും അംബാനിമാരും അമേരിക്കന്‍ കമ്പനികളും വിലയ്ക്കു വാങ്ങുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ മേനോനിസം ഓര്‍മയായി. അല്ലെങ്കില്‍ History repeats itself, first as tragedy, second as farce എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞതുപോലെ, ദുര്‍ബലമായ Karatism-മായി അത് ആവര്‍ത്തിക്കപ്പെട്ടു. മേനോന്റെ സ്ഥാനത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് ശോഭിക്കുന്ന കോണ്‍ഗ്രസ് മലയാളികളെക്കാത്ത് time-ന്റെ, Time-ന്റെയല്ല, പിന്നാമ്പുറപ്പേജുകള്‍ കാത്തിരിക്കുന്നു.

8 comments:

prasanth kalathil said...

ലിങ്കന്‍ ദാങ്ക്സ്...

ആ സെയിഡിലുള്ള ടെയിം മാസികപ്പടം ഒള്ളതാ ? ക്ലിക്കിയിട്ട് വലുതാവുന്നില്ല. ശെരിക്കും അവരു മേനോന്റെ ‘മുഖ‘ചിത്രം കൊടുത്തൊ ? അതിന്റെ ആര്‍ക്കൈവ് ഉണ്ടൊ ?

Rammohan Paliyath said...

പ്രശാന്ത്, ആ ടെയിമ്മാസിക ഒള്ളതുതന്നെ. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റിയിരിക്കുന്നു. നന്ദി.

Anonymous said...

നമ്മടെ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ആണെന്ന് തോന്നുന്നു ആ കവര്‍ ഡിസൈന്‍ ചെയ്തത്. (പണ്ടത്തെ കാലാണെന്നൊക്കെ ഓര്‍മയുണ്ടേ.. ന്നാലും :))

ടൈമിന്റെ അല്ല റ്റൈമിന്റെ എന്നതിലെ ‘അഹന്ത’ക്ക് ദേ ഇന്ത പഷ്ട്! :)

ലിംകാ യ്ക്ക് ഡാങ്ക്സേ.

Rammohan Paliyath said...

ഓഫ്: ഗുപ്തരേ, കണ്ടതില്‍ സന്തോഷം. ഇന്നലെ പഴയ ഒരു പോസ്റ്റില്‍ കണ്ട നിങ്ങടെ കമന്റ് വായിച്ച് സെന്റിയായതാ. പെണക്കം മാറ്റാന്‍ മോഡറേഷന്‍ മാറ്റുന്നതൊഴിച്ച് മറ്റെന്തുവഴി എന്ന് ആലോചിച്ചതും...

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ഇടതും വലതുമാകാതെ നട്ടെല്ലു നിവര്‍ത്തി അഭിപ്രായം പറഞ്ഞ കൃഷ്ണമേനോന്‍ ചാനല്‍ പീഡനങ്ങളേല്‍‍ക്കാതെ, മാധ്യമമര്‍ദ്ദനങ്ങളേല്‍ക്കാതെ, ആരാലും ഉയര്‍ത്തപ്പെടാതെ അനായാസേന മരണം പൂകി.(അവസാനം ഇടതുപക്ഷം ബലിയെങ്കിലും ഇട്ടതു മറക്കുന്നില്ല)

ഇന്നാണെങ്കില്‍, ജീവിച്ചിരിക്കെത്തന്നെ വിസ്മൃതവും അനാഥവുമാകുന്ന മറ്റൊരു 'അനൗദ്യോഗിക' മരണത്തിനു കൂടി നാം സാക്ഷിയാകേണ്ടി വരുമായിരുന്നു.....‍

വെള്ളെഴുത്ത് said...

അല്ലാ ഇങ്ങള് തന്നെ പറഞ്ഞു വാങ്ങിപ്പിച്ച പൊസ്തകത്തിന്റെ ഓദറ്‌ ടി ജെ എസ് ജോര്‍ജ്ജ് അല്ലേ മേനോന്‍ സാഹിബിന്റെ നല്ല ഒരു ജീവചരിത്രകാരന്‍? ഇതും ‘മലബാറിലെ ശിക്കാറും‘(കങ്കാരു പോസ്റ്റ്) കൂടി വായിച്ചിട്ട് എനിക്കെന്തോ പോലെയങ്ങ് ആയി.. അതുപോട്ടെ.. ചേറ്റൂര്‍ ശങ്കരന്‍ നായര് പഴയൊരു സോണിയാ ഗാന്ധിയായിരുന്നു. ഓര്‍ത്താല്‍ തന്നെ ഞെട്ടും. കാലം മാറി. “ഹിന്ദി ഹേ ഹം” എന്നു പാടി കാലം കഴിക്കുക.. അല്ലാതെന്ത്?

Fayas said...

ആര്‍ജവമുള്ള രാഷ്ട്രീയ നേതൃത്വമില്ലാത്തതാണ് ഇന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബലഹീനത. കഴിവുള്ള രാഷ്ട്രീയനേതാക്കന്മാര്‍് നമുക്കുണ്ട്. പക്ഷെ അത് കോര്പ്പറേറ്റ് മാനേജ്മെന്റിലാണെന്ന് മാത്രം. അത് നാം കഴിഞ്ഞ വിശ്വാസ വോട്ടെടുപ്പില്‍് കണ്ടതല്ലേ.വി. കെ കൃഷ്ണമെനോനെപോലെയുള്ള ഒരു നേതാവ് ഇന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാത്തതാണ് കാശ്മീര്‍ പോലത്തെ അല്ലെങ്കില്‍ മറ്റു കാര്യങ്ങളില്‍ നാം കാട്ടുന്ന

P.C.MADHURAJ said...

കമ്മ്യൂണിസ്റ്റുകാർ മേനോനു ബലീയിട്ടിട്ടുണ്ടെങ്കിൽ അതു അദ്ദേഹത്തിനു പറ്റിയ ഒരു പിഴ ചൈനക്കു നമ്മുടെ രാജ്യത്തെ ആക്ക്രമിക്കാൻ സഹായകമായി എന്നതുകൊണ്ടാണു.അദ്ദേഹം രാജ്യസ്നേഹിയല്ലെങ്കിൽ തങ്ങളുടെ പക്ഷത്താവാനുള്ള സാധ്യതയായിരിക്കാം അവറ് കണക്കു കൂട്ടിയത്.

Related Posts with Thumbnails