Monday, November 10, 2008

മാന്ദ്യം വന്ന വഴി, പോയ വഴി


മാന്ദ്യം [recession] പിടിമുറുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഈ സന്ദർഭത്തിൽ ചെയ്യാവുന്നത് പഴങ്കഥകൾ പറഞ്ഞ് സമയം തള്ളിനീക്കുകയാണല്ലൊ. എങ്കിൽ മാന്ദ്യത്തെപ്പറ്റി കേട്ടിട്ടുള്ള രണ്ട് കഥകൾ തന്നെയാകട്ടെ.

1. മാന്ദ്യം വന്ന വഴി

ഒരു ചെറിയ പട്ടണത്തിൽ മധ്യവയസ്കനായ ഒരാൾ ഒരു ചെറിയ ചായപ്പീടിക നടത്തിയിരുന്നു. വീട്ടിൽ പാചകം ചെയ്ത വിഭവങ്ങളെ തോല്‍പ്പിക്കുന്നത്ര ഹോംലിയായിരുന്നു ആ ഹോട്ടലിലെ വിഭവങ്ങളുടെ സ്വാദ്. സ്വാഭാവികമായും ഒരിക്കൽ വന്നവർ വീണ്ടും വന്നും പുതിയ ആളുകളോട് പറഞ്ഞും അവിടത്തെ തിരക്ക് കൂടിക്കൂടി വന്നു. പരസ്യങ്ങളൊന്നുമില്ലാതെ തന്നെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ വന്നു. എന്തിനു പറയുന്നു ഹോട്ടൽ വലുതായി, മകനെ എം.ബി.എ പഠിപ്പിച്ച് പാസാക്കുംവരെയെത്തി അയാളുടെ വളർച്ച. പഠനം കഴിഞ്ഞ് മകനും വന്ന് ഹോട്ടലിൽ ചാർജെടുത്തു. മകൻ എന്നും രാവിലെ എക്കണോമിക് ടൈംസ് മുടങ്ങാതെ വായിക്കും, ഉച്ചത്തെ ബ്രെയ്ക്കിന് ഇന്റർനെറ്റിൽ പതയ്ക്കും, രാത്രി എൻ.ഡി.ടി.വിയിലെ ബിസിനസ് പ്രോഗ്രാമുകൾ കാണും. അങ്ങനെ ഒരു ദിവസം മകൻ ഒരു വാർത്തയറിഞ്ഞു. വലിയൊരു മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞെന്ന്. ഉടൻ മകൻ ഹോട്ടലിയ്ക്കോടി. "അച്ഛാ, മാന്ദ്യം വരുന്നു, മാന്ദ്യം വരുന്നു. നമ്മുടെ സെയിലെല്ലാം കുത്തനെ കുറയും." പഠിച്ച മകനല്ലെ, അയാൾ മകൻ പറഞ്ഞത് വിശ്വസിച്ചു. അന്നു വൈകുന്നേരം ചന്തയിൽ പോയപ്പോൾ അരിയും ഇറച്ചിയും മീനുമെല്ലാം സാധരണ വാങ്ങുന്നതിലും കുറവാണയാൾ വാങ്ങിച്ചത്. പിറ്റേന്ന് കച്ചവടം കഴിഞ്ഞ് പണപ്പെട്ടി എണ്ണിനോക്കുമ്പോഴോ - മകൻ പറഞ്ഞത് കിറുകൃത്യം. മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞു.

2. മാന്ദ്യം പോയ വഴി

അമേരിക്കയിലെ ഒരിടത്തരം പട്ടണം. മാന്ദ്യം പൊടിപൊടിയ്ക്കുന്നു. ഈച്ചയെപ്പോലും ആട്ടാനില്ലാതെ കച്ചവടക്കാർ ചൊറിയും കുത്തിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലക്ഷ്വറി കാറുകൾ വിൽക്കുന്ന ഒരു കടയിലേയ്ക്ക് ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. കച്ചവടം നടക്കുന്നത് പോട്ടെ ഒരു കാക്ക പോലും അതുവഴിയേ പോയിട്ട് മാസങ്ങളായിക്കാണും. എന്തിനുപറയുന്നു, ആ ചെറുപ്പക്കാരൻ ഏറ്റവും വിലകൂടിയ ലക്ഷ്വറി കാറിന് ഓർഡർ കൊടുത്തു. കടയുടമ ഞെട്ടിപ്പോയി. ഇനി എന്ന് കച്ചവടമുണ്ടാവുന്നോ അന്നു തന്നെ ഭാര്യയ്ക്കൊരു ഡയമണ്ട് നെക്ക് ലേസ് വാങ്ങിക്കൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തിരുന്നു. അയാളുടനെ അടുത്തുള്ള ജ്വല്ലറിയിലേയ്ക്കു ചെന്നു. ജ്വല്ലറി ഉടമയോ - ഇനി ഒരു നെക്ക് ലേസ് വിൽക്കുന്ന ദിവസം വീട്ടുകാർക്കും സ്റ്റാഫിനും ഒരു ഫൈവ് സ്റ്റാർ ഡിന്നർ - അതായിരുന്നു അയാളുടെ വാഗ്ദാനം. അപ്പോൾത്തന്നെ അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിളിച്ച് അന്നു രാത്രിത്തെ ഡിന്നറിന് പന്ത്രണ്ടുപേർക്ക് അയാൾ സീറ്റു ബുക്കു ചെയ്തു. അതൊരു ചെയിൻ റിയാക്ഷനായിരുന്നു. അങ്ങനെ മെല്ലെ മെല്ലെ ആ പട്ടണവും പിന്നാലെ ആ സ്റ്റേറ്റും അതിനു പിന്നാലെ അമേരിക്കയും മാന്ദ്യത്തിൽ നിന്ന് പുറത്തുകടന്നു. എല്ലാം പഴയ പടി നോർമൽ. അപ്പോളതാ പത്രത്തിൽ ഒരു പരസ്യം. പണക്കാരായ ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരാശുപത്രിയിൽ നിന്ന് ഒരാൾ ചാടിപ്പോയെന്ന്. പരസ്യത്തോടൊപ്പം അയാളുടെ ഫോട്ടോയുമുണ്ട്. ലക്ഷ്വറി കാറു കച്ചവടക്കാരൻ ഞെട്ടിപ്പോയി - അത് അന്ന് മാന്ദ്യം കൊടി മൂത്തു നിൽക്കുമ്പൊ കാറ് വാങ്ങാൻ വന്ന ആ ചെറുപ്പക്കാരനായിരുന്നു.

13 comments:

സിദ്ധാര്‍ത്ഥന്‍ said...

പടം പൊളിഞ്ഞു് പാളീസായി പാപ്പരായപ്പോള്‍ ഒരു നിര്‍മ്മാതാവു് ഉള്ളതത്രയുമെടുത്തു് ഊക്കനൊരു ബെന്‍സ്കാര്‍ വാങ്ങി കൊല്ലം പട്ടണത്തില്‍ ഊരുചുറ്റി ഫീനിക്സ് പക്ഷിയായ ഒരു കഥ ദേവന്‍ പറഞ്ഞു കേട്ടിട്ടുണ്ടു്.

കേട്ടുകേള്‍വികളില്‍ ജീവിക്കുന്ന ഒരു തരം ജീവിയത്രേ മനുഷ്യന്‍. അതുകൊണ്ടായിരിക്കും മനുഷ്യന്‍ എന്നതും കേട്ടുകേള്‍വി മാത്രമായി തീര്‍ന്നതു്.

Radheyan said...

റാംജി,

നല്ല കഥ.

അല്ലെങ്കില്‍ തന്നെ തലക്ക് വെളിവുള്ളവര്‍ വല്ലതും ഈ ലോകത്ത് ജീവിച്ചിരിക്കുമോ.വെളിവ് വരുന്ന നിമിഷം പോയി വിഷം കഴിച്ചിട്ട് തൂങ്ങി ചാകില്ലേ

Anonymous said...

കൊള്ളാം!!

Inji Pennu said...

ആദ്യത്തെ പട്ടണം തീർച്ചയായും ഏതെങ്കിലും ഏഷ്യൻ രാജ്യമാവും. ഈ ഡെഡ് ക്യാപിറ്റൽ കാരണ്മാണ്‌, രണ്ടാമത്തെ എക്കോണമി ആയ ജപ്പാനിൽ പന്ത്രണ്ട് വർഷമായി റിസഷൻ. അവരുടെ ‘സേവിങ്ങ്’ ശതമാ‍നം 30% ആണത്രെ.

Artist B.Rajan said...

"സര്‍വ്വവും മായയാണ്‌.
ഒന്നും ഒരിയ്ക്കലും ഒരുപോലെയാവില്ല."


**** സ്വല്‍പം ധൃതിയില്‍ എഴുതിയെന്ന്‌ മനസ്സിലാകുമെങ്കിലും കാമ്പുള്ള കഥകള്‍ കാലോചിതമാണ്‌. സൂക്ഷിയ്ക്കുമ്പോള്‍ ഒന്നുകൂടി മാറ്റിയെഴുതിയാല്‍ മിഴിവുകൂടാനിടയുണ്ടല്ലോ റാം അല്ലേ?.****

വികടശിരോമണി said...

ഇന്നത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വഴിയാണ് ഇവിടെയെത്തിയത്.ആദ്യം ആ ബ്ലോഗനക്ക് അഭിനന്ദനങ്ങൾ.
ഭ്രാന്താർക്ക് സമൂഹത്തിനോ തനിക്കോ എന്ന് സംശയിച്ച കിണറ്റിൽ ചാടിയ മുല്ലാനസ്രുദ്ദീൻ കഥ ഓർമ്മ വന്നു,ഇതു വായിച്ചപ്പോൾ.
ഉറക്കം വരണോണ്ടാവും,ആകെപ്പാടെ ഒരു മാന്ദ്യം.പോയി കിടക്കട്ടെ.

nandakumar said...

ആഹാ സുന്ദരമായ കഥ സുന്ദരമായ ആഖ്യാനം. ! കൊള്ളാം. :)

വര്‍ക്കേഴ്സ് ഫോറം said...

കഥ ഇഷ്‌ടപ്പെട്ടു.
കാര്യമാണേൽ ഇത്തരം തൊലിപ്പുറം ചികത്‌സ മതിയോ?
:)

Nachiketh said...

ബാലകൃഷ്ണന്‍ സഖാവ് അമേരിയ്കയില്‍ പോയപോലെ അല്ലേ...

ജിവി/JiVi said...

ബൂം വന്ന വഴി, പോയ വഴി എന്നൊരു കഥയെഴുതാന്‍ ശ്രമിച്ചൂടെ വണ്‍ സ്വാലോ?

കൂറെക്കൂടി കാമ്പുള്ള ഒരു കഥ കിട്ടുമായിരുന്നില്ലേ?

najeeb said...

ആഗോള സാമ്പത്തിക വ്യവസ്തക്കല്ല അത് നിയന്ത്രിക്കുന്നവരുടെ തലയ്ക്കാണ് മാന്ദ്യം എന്ന് തോന്നാറുണ്ട് പലതും കാണുമ്പൊള്‍.
നല്ല രണ്ടു കഥകള്‍. ഞാന്‍ ഇതു ഉപയോഗിക്കും. ( പേടിക്കേണ്ട പ്രസിദ്ധീകരിക്കനല്ല!)

Rammohan Paliyath said...

ആയ്യോ, ഇതു രണ്ടും ഒറിജിനലി ഞാനെഴുതിയതല്ല, പണ്ടെങ്ങോ ഇംഗ്ലീഷിൽ വായിച്ചതാണ്! അത് തുടക്കത്തിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നല്ലൊ.

ജിവി, കൺസ്ട്രക്ഷൻ ബൂമറാങ്ങിhttp://valippukal.blogspot.com/2008/06/blog-post_20.htmlനെപ്പറ്റി രണ്ടു വരി ഇവിടെ കാണാം:

ജിവി/JiVi said...

അത് കണ്ടിരുന്നു. ഐ മീന്‍ ഇവിടെയുള്ള പോലൊരു കഥ

Related Posts with Thumbnails