Thursday, February 19, 2009

മൈരുമക്കത്തായം വീണ്ടും


ഫ്രഞ്ച് നീതിന്യായമന്ത്രി ശ്രീമതി Rachida Dati (43) ഇക്കഴിഞ്ഞ ജനുവരി 2 വെള്ളിയാഴ്ച രാത്രി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ശ്രീമതി Dati വിവാഹിതയല്ല എന്നു മാത്രമല്ല കുഞ്ഞിന്റെ പിതാവാരാണെന്ന് പറയാന്‍ അവർക്ക് തല്‍ക്കാലം സൌകര്യവുമില്ല.

ഇതിനെ പാശ്ചാത്യ അധ:പതനം എന്ന് വിളിക്കുന്ന ആര്‍ഷഭാരതീയര്‍ അവരുടെ ചൂണ്ടുവിരലുകള്‍ തല്‍ക്കാലം വേറെ വല്ലതിനും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാരണം അര്‍ജുനമാതാ ശ്രീമതി കുന്തീദേവിയുടെ സിമിലര്‍ സിറ്റ്വേഷന്‍ മറക്കാറായിട്ടില്ല. ശ്രീമതി കുന്തീദേവി അവിഹിത സന്തതിയെ പ്രസവിച്ചയുടന്‍ തന്നെ ആരോരുമറിയാതെ ആറ്റിലൊഴുക്കി കളയുകയായിരുന്നു. ഫ്രഞ്ച് മന്ത്രിയുടെ ധീരതയെ ശ്രീമതി കുന്തീദേവിയുടെ ഭീരുത്വവുമായി താരതമ്യം ചെയ്യാന്‍ പോലും പാടില്ലാത്തതാണ്.

ആണുങ്ങള്‍ക്ക് അവിഹിത സന്തതിയുണ്ടാകുമ്പോള്‍ അതവരുടെ മിടുക്കായും പെണ്ണുങ്ങള്‍ക്കുണ്ടാകുമ്പോള്‍ 'അയ്യോ അവള്‍ പെഴച്ചു പെറ്റു' എന്ന് വിലപിയ്ക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടിന്റെ പുല്ലിംഗത്തിന്മേല്‍ കിട്ടിയ ഒരു ചുറ്റികയ്ക്കടിയായി ഇതിനെ കാണാമോ? അതോ പണവും അധികാരവുമാണ് സാമൂഹ്യനിതിയേയും സാംസ്ക്കാരിക നിലപാടുകളെയും നിര്‍ണയിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണോ ഇവിടെ തെളിഞ്ഞുവരുന്നത്?


അവിഹിത സന്തതികളെ നമ്മള്‍ ജാരസന്തതികള്‍ എന്നും തന്തയില്ലാത്തവര്‍ എന്നും വിളിക്കുന്നു. അതേസമയം ഇംഗ്ലീഷില്‍ ഇത്തരക്കാരെ വിളിക്കുന്നത് ലൌ ചില്‍ഡ്രന്‍ എന്നാണ്.

സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായത്തെ മരുമക്കത്തായം എന്നു വിളിച്ചതും നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ. പുരുഷാധികാര വ്യവസ്ഥയെ മക്കത്തായം എന്നു വിളിച്ച് മക്കള്‍ എന്ന സെന്റി സാധനത്തെ മുന്നില്‍ നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ പെണ്മേല്‍ക്കോയ്മയും ആണ്മേല്‍ക്കോയ്മയുമാണ് ഇവ രണ്ടും.

ഫ്രാന്‍സില്‍, നമുക്കറിയാം, ആണ്മേല്‍ക്കോയ്മയാണ് നടപ്പിലുള്ളത്. എന്നിട്ടും അധികാരവും സമ്പത്തും തീര്‍ത്ത വിള്ളലിലൂടെ പെണ്മേല്‍ക്കോയ്മ അകത്തുകടന്നു. രണ്ടിന്റേയും സന്തുലനമായിരിക്കും മാതൃകാലോകം. അത് സാധ്യാമാകാത്തിടത്തോളം കാലം ഇത്തരം 'അപ്സെറ്റുകള്‍' സംഭവിക്കും. ലോംഗ് റണ്ണില്‍ ഇന്നുള്ള കുടുംബവ്യവസ്ഥിതിയ്ക്കു തന്നെ ഇളക്കം തട്ടിയെന്നും വരും. ലൈംഗികതയേക്കാള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവുക സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥത തന്നെയായിരിക്കും. അഥവാ ലൈംഗികത തന്നെയും സ്വകാര്യഉടമസ്ഥതയുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

തലക്കെട്ടില്‍ തെറി വായിച്ചവരോട് ഒന്നേ പറയാനുള്ളു: അത് കോള്‍മയിരിലെ മയിരാണ്. മയിര്‍ എന്നാല്‍ [ഗുഹ്യപ്രദേശത്തെ] രോമമോ നിസാരവസ്തുവോ ആണെന്ന് ശബ്ദതാരാവലി. ഇവിടെ രോമം പോലെ നിസാരമാക്കി കാണാന്‍ ആഗ്രഹിക്കുന്നത് മക്കത്തായത്തെ. നിസാരമായിപ്പോയത് മക്കത്തായം. രണ്ടിനുമിടയില്‍ ഒരു സ്റ്റാന്‍ഡുണ്ടോ? ആണിനും പെണ്ണിനുമിടയില്‍, ചിങ്ങത്തിനും കന്നിയ്ക്കുമിടയില്‍, ഒരു തുലാം?


പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കുന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കുന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്? സ്ലീവ് ലെസ്സും ലിപ്സ്റ്റിക്കുമിടാനുള്ള തൊലിപ്പുറ സ്വാതന്ത്ര്യമോ? ലൈംഗിക സ്വാതന്ത്ര്യമുണ്ടോ? സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ? യഥാര്‍ത്ഥ സ്വാതന്ത്ര്യം?

22 comments:

Anonymous said...

"പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കുന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കുന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്? സ്ലീവ് ലെസ്സും ലിപ്സ്റ്റിക്കുമിടാനുള്ള തൊലിപ്പുറ സ്വാതന്ത്ര്യമോ? ലൈംഗിക സ്വാതന്ത്ര്യമുണ്ടോ? സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ? യഥാര്‍ത്ഥ സ്വാതന്ത്ര്യം?"

താങ്കളുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യങ്ങള്‍ ഒക്കെ ഉണ്ടായിരിക്കുമല്ലോ, താങ്കള്‍ക്കും?

വിശാഖ് ശങ്കര്‍ said...

ലോകത്തുള്ള ഭൂരിപക്ഷം സ്ത്രീകളും അസ്വതന്ത്രകളായതുകൊണ്ട് പര്‍ദ്ദയിട്ട സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തില്‍ മാത്രമായി പ്രത്യേകിച്ച് അസ്വാഭാവികതയൊന്നുമില്ലെന്ന വാദം പരോക്ഷമായി ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ ഏറ്റകുറച്ചിലുകളോടെയാണെങ്കിലും അനുഭവിക്കുന്ന അസ്വതന്ത്രതയെ സ്വാഭാവികമാക്കി ലളിതവല്‍ക്കരിക്കുന്നുവോ എന്നൊരു സംശയം..:)

സമ്പന്നനായാലും ശരി, ദരിദ്രനായാലും ശരി, പുരുഷനുണ്ടാകുന്ന അവിഹിതസന്തതികള്‍ അവന്റെ പൌരുഷത്തിന്റെ ചില സാഹസികയാത്രകളായ് ആസ്വദിക്കപ്പെടുമ്പോള്‍ , അതേ സാഹചര്യങ്ങളില്‍ (സമ്പന്നയായാലും ദരിദ്രയായാലും) സ്ത്രീയ്ക്ക് ഒരു കുട്ടിയുണ്ടായാല്‍ അതിനെ അവളുടെ സ്വഭാവദൂഷ്യത്തിന്റെ തെളിവായി കാണുന്ന സാംസ്കാരികനിലപാടിനുപിന്നില്‍ ആ പന്നി തന്നെയാണ്.

നമ്മുടെ സാഹചര്യങ്ങളില്‍ തന്തയെന്നത് നിലവിലുള്ള അധികാര വ്യവസ്ഥയുടെ ഭാഗമാണ്.തന്തയില്ലാത്തവന്‍ അതിന്റെ രാഷ്ട്രീയത്തെ തന്നെ ചോദ്യംചെയ്തേക്കാവുന്ന ഒരു റിബലും.അതുകൊണ്ടാവണം അത്തരം ഒരു സന്തതിയെ ‘ലവ് ചൈല്‍ഡ് ‘എന്ന മാന്യമായൊരു പേരുവിളിച്ച് അഭിസംബോധന ചെയ്യാന്‍‍ നമ്മുടെ സമൂഹം ഭയക്കുന്നത്.

കുടുമ്പവ്യവസ്ഥ ഭാവിയില്‍ പുനര്‍നിര്‍വചിക്കപ്പെടുകയാണെങ്കില്‍ പ്രയോഗതലത്തില്‍ അതിനെ ഏറ്റവും സഹായിക്കുന്ന ഘടകം സ്വകാര്യസ്വത്ത് ആയിരിക്കുമെന്ന് നിരീക്ഷണത്തോട് യോജിക്കുന്നു.
നന്ദി റാം മോഹന്‍

Rammohan Paliyath said...

അനോൻസ്, ‘താങ്കളും’ കൂടി ഈ ജീർണതയുടെ ഭാഗമാണെന്ന സ്വയം വിമർശനമാണ് എന്നെ ഇങ്ങനെ എഴുതിപ്പിക്കുന്നത്. പ്രായോഗികമായി സത്യസന്ധതയില്ലാത്ത, വെറും സ്വയംവിമർശനം.

വിശാൽ, ആ പന്നി ഞാൻ തന്നെ.

റഷിദയുടെ കുഞ്ഞിന്റെ പിതാവും അനോനിമസായിരിക്കുന്നതിന്റെ രാഷ്ട്രീയം എന്താണോ എന്തൊ.

ഗുപ്തന്‍ said...

ഓഫാണ്.

(കാരണം: ദാതി സംഭവം കൊണ്ട് ഫ്രാന്‍സിലോ കുണ്ടറയിലോ വ്യവസ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടാവും എന്ന് വിചാരിക്കുന്നില്ല. ആളെ പുറത്താക്കിയാല്‍ മന്ത്രിസഭയിലെ മറ്റൊരാള്‍ നാറും; അത് സര്‍ക്കോസി തന്നെ ആവാനും ഇടയുണ്ട്...അതിന്റെ പേരില്‍ പാരമ്പര്യസമ്മര്‍ദ്ധങ്ങള്‍ക്കിടയില്‍ സര്‍ക്കോസി പിടിച്ചു നിന്നതാണെന്ന് പരക്കെ സംസാരമുണ്ട്. കുന്തീപാഠം തന്നെ. വ്യഭിചരിച്ചാലും ദേവവംശവുമായാവണം)

മരുമക്കത്തായം എന്നാല്‍ ആണ്‍‌മേല്‍ക്കോയ്മ എന്ന് ഭാഷാന്തരം ചെയ്യാനാവുമോ രാംജി? അമ്മാവന്മാരുടെ അധികാരത്തിനു കീഴില്‍, വകപോലെ അമ്മാവന്മാര്‍ക്ക് പിടിച്ചുവില്‍ക്കാവുന്നന്‍ കറവപ്പശുക്കളായി ,നിന്നുകൊടുക്കുകയല്ലേ ചെയ്തുളൂ ഈ മേട്രിയാര്‍ക്കുമാര്‍? പിതൃത്വം എന്നത് ഇന്നത്തേതുപോലെ വിഷയം ആയിരുന്നില്ല എന്നതു ശരി. പക്ഷേ പാരമ്പര്യം പുരുഷനിലേക്ക് പരാമര്‍ശിക്കുന്നതായിത്തന്നെ നിലനിന്നിരുന്നു എന്നാണ് തോന്നുന്നത്. സ്തീകള്‍ക്ക് അവകാശമേ ഉണ്ടായിരുന്നുള്ളൂ അധികാരം ഉണ്ടായിരുന്നില്ല എന്നു നിരിക്ഷിക്കാവുന്നതാണ്. അവകാശമായി ലഭിക്കുന്നതിന്റെ സകല നിയന്ത്രണവും താവഴിയിലെ പൂരുഷന്മാര്‍ തന്നെ ആയിരുന്നില്ലേ നടത്തിയിരുന്നത് ?

Anonymous said...

Rammohan Paliyath said...

"അനോൻസ്, ‘താങ്കളും’ കൂടി ഈ ജീർണതയുടെ ഭാഗമാണെന്ന സ്വയം വിമർശനമാണ് എന്നെ ഇങ്ങനെ എഴുതിപ്പിക്കുന്നത്. പ്രായോഗികമായി സത്യസന്ധതയില്ലാത്ത, വെറും സ്വയംവിമർശനം."

ക്ഷമിക്കണം, ഞാന്‍ തെറ്റിദ്ധരിച്ചു, താങ്കളും മറ്റൊരു കപട ബിദ്ധിജീവി ലൈനാണെന്ന്. പ്രായോഗികമായി സത്യസന്ധതയില്ലാത്ത പ്രസ്താവങ്ങളാണല്ലോ അവരുടെ മുഖമുദ്ര.

Anonymous said...

Read ur article abt our minister. Jounalists suggest several names including our President, his brother, his friends etc... & now the dad of Zohra Dati is Ali Bin Fetais al-Marri an Advocate general of Qatar.
France is a country of liberty:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കൾ ചൂണ്ടിക്കാട്ടിയത് വളരെ പ്രസക്തമായ ഒരു വിഷയമാണു രാം മോഹൻ.ആണിനും പെണ്ണിനും ലൈംഗിക സ്വാതന്ത്ര്യം കൊടുക്കണമെന്ന് കുറച്ചു നാൾ മുമ്പ് ശ്രീ സക്കറിയ എഴുതിയിരുന്നു.ഭാരതീയ സംസ്കാരം ഒരിയ്കലും ലൈംഗികതെയെയോ അല്ലെങ്കിൽ ഇഷ്ടമുള്ള പുരുഷനേയോ സ്ത്രീയേയോ സ്വീകരിക്കുന്നതിൽ എതിരു നിന്നിട്ടില്ല എന്നാണു പുരാണങ്ങളിൽ നിന്നു മനസ്സിലാവുന്നത്.മാത്രവുമല്ല ‘സ്വയം വര“വും” “ഗാന്ധർവ വിവാഹവും”ഒക്കെ പരിധി വരെ സ്ത്രീകളുടെ സ്വയം നിർണ്ണയാവകാശങ്ങളുമായിരുന്നു.എന്നാൽ എന്നു മുതലാണു അവരെ നാം വീട്ടിനുള്ളിലും പർദ്ദയ്ക്കുള്ളിലും തളച്ചിടാനാരംഭിച്ചത്?കുറച്ചു നാൾ മുമ്പ് ഒരു സർവേ വായിച്ചപ്പോൾ ( സർവേകൾ എല്ലാം ആധികാരികം എന്നു അഭിപ്രായമില്ല , എന്നാലും) വിവാഹിതരായ സ്ത്രീകളിൽ 40% പേർ പോലും ലൈംഗിക സംതൃപ്തി എന്തെന്ന് , അല്ലെങ്കിൽ “രതി മൂർച്ഛ” എന്തെന്നു ഇതു വരെ അറിഞ്ഞിട്ടില്ലെന്ന് കണ്ടു...

ഇതൊരു യാഥാർഥ്യമാണ്.ഒരു ബസ്സിലെ ഒരു സീറ്റിൽ പോലും ഒരുമിച്ചു യാത്ര ചെയ്യാനാവാത്ത സാമൂഹിക ബന്ധങ്ങൾ നിലനിൽ‌ക്കുന്ന കേരളത്തിൽ ഇത്തരം വിഷയങ്ങൾ ഇനിയും ചർച്ച ചെയ്യപ്പെടേണ്ടിയിരിയ്ക്കുന്നു..

നല്ല പോസ്റ്റ് ശ്രീ രാം മോഹൻ !

Umesh::ഉമേഷ് said...

അവസാനത്തേതിനു മുമ്പുള്ള ഖണ്ഡികയിലെ പണ്ണിനു് (ഇംഗ്ലീഷിലെ പണ്ണു് - മറ്റേതല്ല) ഒരു സല്യൂട്ട്. “ആണിനും പെണ്ണിനുമിടയില്‍, ചിങ്ങത്തിനും കന്നിയ്ക്കുമിടയില്‍, ഒരു തുലാം?” എന്നതിനു ഡബിൾ സല്യൂട്ട്.

ബാക്കി പോസ്റ്റിനെപ്പറ്റി വലിയ അഭിപ്രായമൊന്നുമില്ല. ഒരു കാര്യം മാത്രം പറഞ്ഞോട്ടേ.

മരുമക്കത്തായം പെണ്മേൽക്കോയ്മയാണെന്നുള്ള നിരീക്ഷണം അത്ര ശരിയല്ല. അതു പെണ്വീട്ടുകാരുടെ മേൽക്കോയ്മയായിരുന്നു. വരത്തൻ ഭർത്താവിന്റേതിനെക്കാൾ മോശം സ്ഥിതിയായിരുന്നു അമ്മായിയുടേതു്. അമ്മാ‍വൻ തന്നെയായിരുന്നു അധികാരകേന്ദ്രം. ലൈംഗികസ്വാതന്ത്ര്യം ആണിനും പെണ്ണിനും ഉണ്ടായിരുന്നു താനും.

Chullanz said...

we cannot forget our neena gupta. kunthi may be an old history. but neena is a living example. she revealed her daughter masaba's father after a lot of rumours and confusions(?) only.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒരു ചെറിയ നിർദ്ദേശം...ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ എഴുതുന്നത് പരമാവധി ഒഴിവാ‍ക്കുക..വേണമെങ്കിൽ ഇംഗ്ലീഷിൽ തന്നെ എഴുതൂ...വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു..ഇതൊരു തമാശ ബ്ലോഗ്ഗ് ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

പരദൂഷണങ്ങള്‍ പടര്‍ന്നു പന്തലിക്കട്ടെ‍!

നമുക്കും ഒരു സെലബ്രിറ്റിയില്‍ നിന്നു്‌ ഒരു കറുത്ത കുട്ടിയെ കിട്ടിയപ്പോള്‍ ചുളി വീണ നെറ്റികളില്‍ അതൊക്കെ മുറിവിന്റെ ചാലുകളായി ശേഷിക്കുന്നു, ഇപ്പോഴും. എത്ര അമര്‍ത്തി തുടച്ചിട്ടും എന്റെ നെറ്റിയില്‍ അതിപ്പോഴും, ഒരു കള്ളന്റെ മുദ്രയായി കിടക്കുന്നു.
നീനാ ഗുപ്തയ്ക്കു്‌ അതു്‌ കുറച്ചു നാള്‍ കൂടി ഒളിപ്പിച്ചു വയ്ക്കാമായിരുന്നു. എന്നിട്ടു്‌ ഈ ഗ്രെയ്പ് വൈന്‍ കണ്ടു രസിക്കാമായിരുന്നില്ലേ, ഇപ്പോഴും?
(പരദൂഷണക്കാരുടെ ചെലവില്‍ അല്ലേ നമ്മള്‍ ജീവിക്കുന്നത്‌!)

ആ രംഗാവിഷ്കരണത്തില്‍ നീന തോറ്റു. Rachida വിജയിച്ചു.

Rammohan Paliyath said...

രാത്രി എട്ടു മണിയായി. ഓഫീസ് പൂട്ടാൻ പോകുന്നു. വീട്ടിൽ നെറ്റില്ല. ഇനി ശനിയാഴ്ച. ക്ഷമാപണം.

ഗുപ്തന്‍ said...

മുകളിലെ കമന്റില്‍
മരുമക്കത്തായം എന്നാല്‍ ആണ്‍‌മേല്‍ക്കോയ്മ എന്ന് ഭാഷാന്തരം ചെയ്യാനാവുമോ രാംജി?

ഇത് അശ്രദ്ധമായി എഴുതിപ്പോയതാണ്. ആണ്മേല്‍ക്കോയ്മ എന്നത് പെണ്‍‌മേല്‍ക്കോയ്മ എന്നാണുദ്ദേശിച്ചത്. ഭാഷാന്തരം എന്ന് വേണ്ടാതാനും. ക്ഷമ.

ബാബുരാജ് ഭഗവതി said...

ഒരു സ്ത്രീക്ക് വിവാഹിതയാകാതിരിക്കാനും പ്രസവിക്കാനും അതേ സമയം മന്ത്രിയായിരിക്കാനും അവകാശമുണ്ടെന്നത് സത്യത്തില്‍ സന്തോഷകരം തന്നെ.
വിലപ്പെട്ടതും....
പിന്നെ മരുമക്കത്തായത്തെ കുറിച്ചുള്ള സൂചന- ഒരാള്‍ കമന്റിട്ടതുപോലെ - തെറ്റാണ് അത് ആണാധിപത്യത്തിന്റെ മറ്റൊരു രൂപം തന്നെയാണ്.
സ്നേഹപൂര്‍വ്വം

ജയരാജന്‍ said...

"സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായത്തെ മരുമക്കത്തായം എന്നു വിളിച്ചതും നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ. പുരുഷാധികാര വ്യവസ്ഥയെ മക്കത്തായം എന്നു വിളിച്ച്"?
ഞാൻ മനസ്സിലാക്കിയിടത്തോളം മരുമക്കത്തായത്തിൽ അച്ഛന്റെ സ്വത്തിൽ മക്കൾക്ക് അവകാശമില്ല, മറിച്ച് മരുമക്കൾക്ക് (സഹോദരിയുടെ മക്കൾക്ക്) ആണ് അവകാശം. ഇതിനെ എങ്ങനെ “സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായം” എന്ന് വിളിക്കും? അതുപോലെ തന്നെ മക്കത്തായം മാത്രം “പുരുഷാധികാര വ്യവസ്ഥ” ആവുന്നതെങ്ങനെ എന്നും മനസ്സിലാവുന്നില്ല. അച്ഛന്റെയും അമ്മയുടെയും സ്വത്തിൽ എല്ലാ മക്കൾക്കും തുല്യമായി അവകാശം കിട്ടുന്നതിനെയല്ലേ മക്കത്തായം എന്ന് വിളിക്കുന്നത്?

Anuroop Sunny said...

"പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കുന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കുന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്?"
എന്നുവെച്ച്‌ പര്‍ദ്ദ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്ന് തോനുന്നില്ല. അതും നീക്കപെടെണ്ട വ്യവസ്ഥ തന്നെ. ആദ്യം വസ്ത്രം, ഭക്ഷണം, ഭാഷാപ്രയോഗങ്ങള്‍ എന്നിവയിലുള്ള നിസാരമായ വിവേചനങ്ങള്‍ മാറ്റുവാന്‍ ശ്രമിക്കാതെ വലിയ വിവേച്ചനങ്ങളെ കുറിച്ച് ചിന്തിക്കുന്നതെന്തിനു? സ്വാതന്ത്ര്യം എല്ലാ തലത്തിലും ആവശ്യം തന്നെ. പക്ഷെ നിസാരമായവ ഗൗനിക്കാതെ വിടുന്നതാണ് പ്രശ്നം.

വാല്‍ക്കഷ്ണം:= എവിടേയോ കേട്ട തമാശയാണ്. 'ഒന്നുവല്ലെലും പ്രസവിക്കാനുള്ള അവകാശം അവര്‍ കുത്തകയാക്കി വച്ചിരിക്കുകയല്ലേ?'

jijijk said...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍ വി കൃഷ്ണവാര്യര്‍ കുങ്കുമം വാരികയില്‍ (26-1-1986) ദായക്രമങ്ങളെ വിവരിച്ചതു ഇപ്രകാരമാണു:

മരുമക്കത്തായം
“കുടുംബഘടനയുടെ ആധാരം ജനനമോ വിവാഹമോ ആകാം. ജനനത്ത ആസ്പദിച്ചുള്ള കുടുംബഘടനയാണു മരുമക്കത്തായം. മരുമക്കത്തായത്തില്‍, ഒരു കുടുംബത്തില്‍ പ്രസവിക്കുന്ന്ന കുഞ്ഞുങ്ങളെല്ലാം മരണപര്യന്തം ആ കുടുംബത്തിലെ അംഗങ്ങളായി തുടരുന്നു. മരുമക്കത്തായത്തില്‍ വിവാഹബന്ധം വ്യക്തികള്‍ തമ്മിലുള്ള ഒരു സ്വകാര്യബന്ധമോ, എപ്പോല്‍ വേണമെങ്കിലും റദ്ദാക്കാവുന്ന ഒരു കരാറോ മാത്രമായിരുന്നു. എങ്കിലും കുടുംബത്തിലെ മറ്റംഗങ്ങളുടെയും സമുദായത്തിന്റെ ആകെതന്നെയും അംഗികാരം മരുമക്കത്തായസമ്പ്രദായത്തിലും വിവാഹബന്ധത്തിന്റെ ഭദ്രതയ്ക്ക് അനുപക്ഷേണീയമെന്നു കരുതിയിരുന്നു."

മക്കത്തായം
"മക്കത്തായകുടുംബവ്യവസ്ഥയിലെ ആധാരം വിവാഹം ആകുന്നു. ജനനം ആകസ്മികമെങ്കില്‍ മുതിര്‍ന്നവ്യക്തികള്‍ ഇച്ഛാപൂര്‍വംകൈക്കൊള്ളുന്ന ഒരു സ്വതന്ത്ര നടപടിയാണു വിവാഹം. വിവാഹബന്ധത്തെ ശാശ്വതീകരിക്കുവാന്‍ മക്കത്തായസമുദായങ്ങള്‍ ശ്രമിക്കുന്നു.”

പതിവുപോലെ ചിന്ത ട്രിഗര്‍ ചെയ്ത മറ്റൊരു പോസ്റ്റ്...

Anonymous said...

മരുമക്കത്തായത്തിൽ സ്വത്ത് ഡയഗണലി പാസ് ചെയ്തതുകൊണ്ട് സ്ത്രീ മേൽക്കോയ്മ സാധ്യമാകുമോ എന്നത് നല്ലൊരു സംശയം. അതുകൊണ്ടല്ല സ്ത്രീമേൽക്കോയ്മ ചറ്ച്ചയിൽ വന്നത്. മറിച്ച് കുടുംബത്തിലെ സ്ത്രീജനങ്ങളുടെ ഉപകുടുംബങ്ങൾ മാത്രം കുടുംബത്തിൽ തുടരുന്ന രണ്ടാമത്തെ ക്ലോസ് കാരണമാൺ. മരുമക്കളിൽ ആണുങ്ങൾ ഒറ്റത്തടികളും പെണ്മക്കൾ കുടുംബമായുമാണല്ലോ കൂട്ടുകുടുംബത്തിന്റെ ഘടന. അപ്പോൾ പെണ്മക്കൾക്ക് ഒരു അപ്പറ്ഹാൻഡ് ഉണ്ടാകുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാൺ.

പറഞ്ഞുവരുമ്പോൾ അവസാനതീരുമാനം കാരണവറ് എന്നുപറയുന്ന പുരുഷന്റെ കൈയ്യിലായിരുന്നു എന്നു പറയുന്നത് തീറ്ത്തും ശരിയല്ല. കുടുംബത്തിൽ ഏറ്റവും മൂത്തയാൾ സ്ത്രീയായിരുന്നെങ്കിൽ അധികാരം അവരുടെ കൈയ്യില് വരുക വളരെ സാധ്യമായിരുന്നു. ഞാൻ ജനിച്ചുവളറ്ന്ന കൂട്ടുകുടുംബത്തിൽ കുടുംബത്തലവൻ എന്റെ മുത്തശ്ശിയായിരുന്നു.

Fav said...

Peace Be on you,
ഹ്ഹോ ! ആകെ ഒരു പര്‍ദ്ദ മയം. എല്ലാരും(I mean മുകളില്‍ വാചകമേള നടത്തിയവര്‍) പറയന് പര്‍ദ്ദ സ്തീ സ്വാതന്ത്രത്തെ നിഷേധിക്കുന്നു എന്ന്. സ്ത്രീയുടെ ഏതു സ്വാതന്ത്രത്തെ കൂടിയാണ് നിഷേധിക്കുന്നതെന്ന് കൂടെ പറയു. നമുക്കൊന്ന് സംസാരിക്കാം.

Murali said...

സ്തീകൾക്ക് സ്വത്തവകാശമുണ്ടായിരുന്ന സാമൂഹ്യക്രമത്തെ മാത്രു് ദായക്രമം എന്നല്ലേ വിളിച്ചിരുന്നത്? താവഴി (തായ് + വഴി)? താവഴി ക്രമത്തിൽ നിന്നു മരുമക്കത്തായത്തിലേക്കുണ്ടായ മാ‍റ്റം ഇനിയും വേണ്ടപോലെ പഠിക്കപ്പെട്ടിട്ടില്ല.സമ്പത്ത് ഘടനയിൽ മാറ്റങ്ങൾ വരുംപോൾ വീണ്ടും ലിംഗ/ലൈംഗിക ബന്ധങ്ങളിലും ജീവിത രീതികളിലും അതു പ്രതിഫലിക്കും. എങ്കിലും അത്തരം മാറ്റങ്ങൾ സാധാരണക്കാരിലെത്തിച്ചേരാൻ കുറെയേറെ കാലമെടുക്കും

Rammohan Paliyath said...

Fav പറഞ്ഞതിനോട് 100 ശതമാനവും യോജിക്കുന്നു. പര്‍ദ്ദ ഒരു സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നില്ല. അതുകൊണ്ട് ആണുങ്ങളും പര്‍ദ്ദയിടണമെന്നാണ് എന്റെ അഭിപ്രായം. ഇവിടെ - http://valippukal.blogspot.com/2010/11/blog-post_27.html

Anonymous said...

അസ്തിത്വം എന്ന വ്യഥ അലട്ടാതിരുന്നാല്‍ മാത്രം ഒരു പക്ഷേ പുരുഷന്‍ എന്ന കേന്ദ്രസങ്കേതം സമൂഹം ഉപേക്ഷിച്ചേക്കാം.

Related Posts with Thumbnails