Friday, August 7, 2009

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍


ആറേഴു വര്‍ഷം മുമ്പ് കെ. പി. കെ. വേങ്ങരയുടെ ഷാര്‍ജയിലെ വീട്ടില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ട രാത്രിയില്‍ അതിനും ഒന്നൊന്നരക്കൊല്ലം മുമ്പ് വായിച്ച എന്റെ ഒരു കവിത മുരളി ഓര്‍മിച്ചു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച എറണാകുളത്തിന്റെ ഓര്‍മയ്ക്ക് എന്ന കവിത. എന്റെയൊരു കവിത ശ്രദ്ധിച്ചു എന്നറിഞ്ഞതുകൊണ്ടല്ല അപ്രശസ്തവും അപ്രധാനവുമായ രചനകളില്‍പ്പോലും കണ്ണെത്തുന്ന വിധം സൂക്ഷ്മമാണല്ലോ അദ്ദേഹത്തിന്റെ സാഹിത്യപ്രേമം എന്ന അറിവാണ് എനിക്ക് ഏറെ അത്ഭുതമായത്.

ആ കവിത വായിച്ചപ്പോള്‍ അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചതായി മുരളി പറഞ്ഞു. അത് കുറച്ചു പേരെ വായിപ്പിച്ചെന്നും അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹം അവരോടെല്ലാം പറഞ്ഞെന്നും എന്നെങ്കിലും അത് ചെയ്യുമെന്നും മുരളി പറഞ്ഞു. കടമ്മന്റെ ഒരു പശുക്കുട്ടിയുടെ മരണം എന്ന കവിത മുരളി സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നത് ഞാനപ്പോളോര്‍ത്തു.

ഒന്നു രണ്ട് ബക്കാഡി കുപ്പികള്‍ കാലിയായി. പ്രധാനമായും കവിതയായിരുന്നു ഞങ്ങളുടെ വിഷയം. കുമാരനാശാന്റെ ഒരു പാട് വരികള്‍ മത്സരിച്ച് ഞങ്ങള്‍ ചൊല്ലി. അദ്ദേഹം ഒരു ഈരടി പാടും. ഞാനടുത്തത്. ചിന്താവിഷ്ടയായ സീതയായിരുന്നു ഞങ്ങളുടെ ഫേവറിറ്റ്. ഇടയ്ക്ക് ആശാന്റെ ഒരു അനുതാപം എന്ന കവിതയിലെ മൂന്ന് ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി. അമ്മ മരിച്ചപ്പോള്‍ ആശാന്‍ എഴുതിയ കവിത. അദ്ദേഹത്തിന് അത് പരിചിതമായിരുന്നില്ല.

അമ്മയുടെ മരണമാണല്ലൊ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാനത് ചൊല്ലിയത്.

പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം ഭാവിച്ചിടും ഭാവിയെ
സ്മൃത്യാരൂഡസുഖാസുഖങ്ങളില്‍ നിറം തേയ്ക്കും തനിയ്ക്കൊത്തപോല്‍
മര്‍ത്യന്‍ നീണ്ടൊരു കാലതന്തു നടുവേ നില്‍ക്കുന്നു ചൂടൊന്നു പോല്‍
മധ്യം കത്തിയെഴും ശലാകയുടെ രണ്ടറ്റത്തുമെത്തുന്നു താന്‍.

കൈവിട്ടെന്‍ സമുദായകൃത്യഭരമെല്ലാം വേഗമമ്മയ്ക്കുഞാന്‍
കൈവല്യാവഹമായ വൃത്തിയൊടണഞ്ഞുള്‍ത്തീകെടുത്തീടുവാന്‍
ഹാ! വാഞ്ച്ഛിച്ചു ഹതാശനായി നിമിഷം നീട്ടായ്ക കൃത്യം ബുധന്‍
ദൈവത്തിന്‍ ഗതി നാഗയാന കുടിലം നീര്‍പ്പോളയിജ്ജീവിതം.

ശോകത്താലിഹശോകസംഗതി സമാധാനം തരുന്നില്ലെനിയ്ക്കേ-
കുന്നീല ചിരാനുഭുതരസമിധ്യാത്മബോധം സുഖം
ഹാ! കഷ്ടം സുഖമല്ല താന്‍ സുഖവുമില്ലൈകാന്തികം സൌഖ്യമീ-
ലോകപ്രീതിദശാനിബന്ധിനി ഉപാസിയ്ക്കുന്നു ദു:ഖത്തെ ഞാന്‍.

ഉടനെ അദ്ദേഹം ശങ്കരാചര്യരുടെ ആ പ്രശസ്തമായ ശ്ലോകം ചൊല്ലി. അമ്മയെപ്പറ്റിയുള്ള ശ്ലോകം. അതെനിക്കറിയില്ലായിരുന്നു. എന്നാല്‍ അതിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാനുണ്ടാക്കിയ പരിഭാഷ എനിക്കറിയാമായിരുന്നു:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചി കുറയും കാലമേറെച്ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ട മലമതിലൊരുകൊല്ലം കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കവൊല്ലെത്ര യോഗ്യന്‍ മകനുമതുനിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍.

ബക്കാഡിയും കവിതയും രാത്രിയും ചേര്‍ന്നുള്ള ത്രികോണ അവിഹിതത്തിന്റെ ലഹരി ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ആ ഉയരങ്ങളില്‍ എവിടെയോ വെച്ച് എന്റെ കവിതയിലെ ചില വരികള്‍ ചൊല്ലി അങ്ങേര് എന്നെ വട്ടാക്കി. “പത്രമാപ്പീസുകളുടെ കലൂരേ, ട്രാവല്‍ ഏജന്‍സികളുടെ രവിപുരമേ… അല്ലെ രാം മോഹന്‍?”

പാട്ടുകാര്‍ പിന്നെ പാട്ടുകളിലേയ്ക്കു കടന്നു. ഭരതന്റെ പാര്‍വതിയിലെ കുറുനിരയോ എന്ന ജയചന്ദ്രന്‍ പാടിയ ഗാനം ഞാന്‍ ആരോടോ റിക്വസ്റ്റ് ചെയ്തപ്പോള്‍ മുരളിയ്ക്ക് അത്ഭുതം. ‘ഭരതേട്ടന്‍’ എപ്പോഴും പാടാറുണ്ടായിരുന്ന പുള്ളിയുടെ പ്രിയപ്പെട്ട പാട്ടയിരുന്നത്രെ അത്.
എല്ലാറ്റിനുമുപരിയായി ഞങ്ങളെ രണ്ടുപേരെയും ആഭിചാരം ചെയ്തത് ഒരേ ബാധ തന്നെയാണെന്ന തിരിച്ചറിവായിരുന്നു പ്രധാനം. ആശാന്റെ കവിത.

പിന്നീട് യാഹൂ ചാറ്റില്‍ ചിലപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടി. ശങ്കരാച്യരുടേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേയും ശ്ലോകങ്ങള്‍ പരസ്പരം എഴുതിക്കൈമാറാമെന്ന വാഗ്ദാനങ്ങള്‍ പാലിയ്ക്കാതെ കിടന്നു.

ഒരിയ്ക്കല്‍ എന്നെങ്കിലും ‘എറണാകുളത്തിന്റെ ഓര്‍മയ്ക്ക്’ എന്ന പേരില്‍ ഒരു കളക്ഷന്‍ ഇറക്കുകയാണെങ്കില്‍ അത് മുരളിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനെയല്ല സി. ജെ. തോമസിന്റെ ദാവീദിനേയാണ് മുരളിച്ചേട്ടന്‍ അഭിനയിച്ചു കാണാന്‍ കൊതി എന്ന് പറയണമെന്നുണ്ടായിരുന്നു.

ചകോരം, മീനമാസത്തിലെ സൂര്യന്‍, നീയെത്ര ധന്യ, ധനം… എന്റെ പരിമിതമായ സിനിമാനുഭവങ്ങളില്‍ അതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സുക്ഷ്മാഭിനയ മാസ്റ്റര്‍പീസുകള്‍ എന്നും പറയണമെന്നുണ്ടായിരുന്നു.

മുരളിച്ചേട്ടാ, ശക്തമായ എന്റെ കവിതാ‍പ്രേമവും ദുര്‍ബലമായ എന്റെ കവിതയും താങ്കളെ മിസ് ചെയ്യും.

എവിടെയെങ്കിലും വെച്ച് വീണ്ടും കാണും വരെ, ഗുഡ് ബൈ.

37 comments:

gupthan... | ഗുപ്തന്‍... said...

touching...

സിനേമ \ cinema said...

ഈ ഗള്‍ഫ് കാരുടെ ഒരു കാര്യമേ.....ഏതെങ്കിലും മേഖലയില്‍ ലേശം പേരെടുത്ത ആരെങ്കിലും വന്നാല്‍ അവരെ ആഹാരത്തിനും മദ്യത്തിനും ക്ഷണിക്കുകയും ഒപ്പമിരുന്ന് മദ്യപിക്കുകയും......ഞാനാണ് ആളെ കയറ്റി വിട്ടത് എന്ന് വീമ്പിളക്കുകയും ചെയ്യുക എന്നത് ഈ പ്രവാസിക്കാരുടെ ഒരു ദൌര്‍ബ്ബല്യമാണ്.പിന്നെ അവരെക്കൂടി ചേര്‍ത്ത് സ്വന്തം കാര്യം വിസ്തരിച്ച് വലിയവനാകുകയും ചെയ്യുക.പ്രവാസികളെക്കോണ്ട് തോറ്റു.മരിച്ചവരെ വെടുതെ വിടുക,അവര്‍ ജീവിച്ചവരാണ്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അതുല്യ നടന്‍ മുരളിക്ക് ആദരാഞ്ജലികള്‍..

K.P.S.(കെ.പി.സുകുമാരന്‍) said...

എവിടെയെങ്കിലും വെച്ച് വീണ്ടും കാണും വരെ, ഗുഡ് ബൈ!

അതെ റാം മോഹന്‍,എവിടെയെങ്കിലും വെച്ച് കാണാതിരിക്കില്ല.. (ഈ വിട ചൊല്ലല്‍ മനസ്സില്‍ തട്ടുന്നതായി)

ചാരുദത്തന്‍‌ said...

ആഭിചാരക്രിയകളുടെ ഇഴകള്‍ പിരിയുമ്പോള്‍ കിട്ടുന്ന ബാധകളുടെ തിരിച്ചറിവുകള്‍. എനിക്കതിഷ്ടമായി! ഒരു 'അവനവന്‍ കടമ്പ' ചാടിക്കഴിഞ്ഞു കൂടിച്ചേരുമ്പോള്‍ അരവിന്ദന്‍, നെടുമുടി, ഗോപി, ജഗന്‍, കൃഷ്ണന്‍ കുട്ടി നായര്‍, കാവാലം എന്നിവരോടൊപ്പം കൂടുമ്പോള്‍ ബസ്സ് തെറ്റി താമസിച്ചു പോയ മുരളിയുമുണ്ടായിരുന്നു. കവിത കവി്ഞ്ഞോഴുകിയ നാടകാന്തങ്ങള്‍! പിന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്... ഈ അദൃശ്യമായ യാത്രാ മൊഴി....

കുഴൂര്‍ വില്‍‌സണ്‍ said...

da cinema kunje. nee natttil analloalle. ennittum swantham perilla ille . da kochi vittu nee pokilla ennu paranjtiiuttu palavattam. angane cheythittu mundu. nee vaa . namukku oru kai nokkam

Sapna Anu B.George said...

Very touching Wilson,you are very right.sometimes you meet people who leave a mark in your life and they remain in your life through out.Sorry for english,mozhi keyman ditched me and my computer.

മാണിക്യം said...

മുരളിയും പോയി ..
മലയാള സിനിമക്ക് മറ്റൊരു തീരാനഷ്ട്ടം...

2009 കാലന്‍ കലിതുള്ളി വരുന്നപോലെ
എത്രയെത്ര പ്രീയപ്പെട്ടവരെ കൊണ്ടു പോയി?
മുരളി മനസ്സില്‍ പഞ്ചാഗ്നിയിലൂടെ കത്തി പടരുകയായിരുന്നു ആ വില്ലനെ ഇന്നും ഒരു തരം പേടിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ..

മുരളിയും ഒത്തു ചിലവിട്ട നിമിഷങ്ങള്‍
മനസ്സില്‍ തട്ടും വിധം പറഞ്ഞിരുക്കുന്നു..

ഭരത് മുരളിയ്ക്ക് ആദരാഞ്ജലികള്‍......

ഉമ്പാച്ചി said...

ഒന്ന് ശരീരത്തിന്‍റെ അര്‍ത്ഥ പ്രതിപാദന ശേഷി,
പിന്നെ ഈ എഴുത്തിന്‍റെ അനുഭവ പ്രതിപാദന ശേഷി

വീണ്ടും കാണും വരെ
പോയി വരാം..

Rammohan Paliyath said...

കെ. പി. എസ്./ഉമ്പാച്ചീ,

വീണ്ടും കാണുന്നതിനെപ്പറ്റി കുമാരനാശാന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്, ലീലയിലെ അവസാനശ്ലോകത്തില്‍ എന്ന് ഞാനിപ്പോള്‍ ഓര്‍ത്തു.

Rammohan Paliyath said...

ആരും തോഴീയുലകില്‍ മറയുന്നില്ല മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയജഡിലം ദേഹി തന്‍ ദേഹബന്ധം
പോരും ഖേദം പ്രിയസഖിചിരം വാഴ്കമാഴ്കാതെ വീണ്ടും
ചേരും നാം കേള്‍ വിരതഗതിയായില്ല സംസാരചക്രം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അഭിനയകലയുടെ രാജാവിനന്ത്യാഞ്ജലി

നന്ദകുമാര്‍ said...

ഹോ! ഉള്ളില്‍ തൊടുന്ന സ്നേഹക്കുറിപ്പ്...

വികടശിരോമണി said...

ശ്ലോകത്തിലടങ്ങാത്ത ശോകങ്ങൾ.

കുട്ടനാടന്‍ said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഉണ്ടങ്കില്‍ അത് ഇന്ങ്ങനെ തന്നെയാവണം പാല്യത്തച്ചാ..
“എവിടെയെങ്കിലും വെച്ച് വീണ്ടും കാണും വരെ“ ഇനി ഒരിടമല്ലേയുള്ളൂ...
അരനാഴികനേര ( സീരിയല്‍)ത്തിലെ കുഞ്ഞാനാച്ചനെ ആരും പരാമര്‍ശിച്ചു കണീല്ല. അഭിനയം കലയുടെ പാരമ്യത്തിലെ അനുഭവമാണന്ന് കാട്ടിത്തന്ന മുരളിക്ക് ആദരാഞ്ജലികള്‍..

Joy Mathew said...

മലയാള നടന വേദിയില്‍ നിന്നും ആണൊരുത്തന്‍ കടന്നുപോയി.

Anonymous said...

പ്രശസ്തര്‍ മരിക്കുമ്പോള്‍ ഒരു സ്ഥിരം നാടകവേദിയാണ് ഈ ആത്മപ്രശംസ സമര്‍ഥമായി ഒളിപ്പിച്ച ബുജികളുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ ....... മാതൃഭുമിയില്‍ ഈ പുളിച്ചതും വളിച്ചതും വായിച്ചു മടുത്തു - ഈ വര്‍ഷം മാധവിക്കുട്ടിയും ലോഹിയും അങ്ങനെ കുറച്ചധികം ഇരകളെ കിട്ടിപ്പോയി മരണത്തിനും കപട ബുജികള്‍ക്കും. വീണ്ടും ബ്ലോഗന ലക്ഷ്യമാക്കി തൊടുത്ത പോസ്റ്റ്‌ അല്ലെ - അങ്ങോട്ട്‌ എത്തുമായിരിക്കും!!

ചാരുദത്തന്‍‌ said...

എന്തിനാണ് ഈ യുസ്ലെസ്സ് മാര്‍ അനോണിമസ്‌ കളുടെ കമന്റുകള്‍ നെറ്റിപ്പട്ടം കെട്ടി എഴുന്നെള്ളിക്കുന്നത്?

Rammohan Paliyath said...

കമന്റ് മോഡറേഷന്‍ നടപ്പിലുള്ള അപൂര്‍വം ബ്ലോഗുകളിലൊന്നാണിത്. അതായത് എന്റെ അപ്രൂവലോടെ മാത്രമേ കമന്റുകള്‍ പ്രത്യക്ഷപ്പെടൂ. എന്നിട്ടും എന്തിനാണ് ഇത്തരം അനോനി കമന്റുകള്‍ ഇടുന്നതെന്നു ചോദിച്ചാല്‍...

വ്യത്യസ്ത അഭിപ്രായങ്ങളല്ലേ, പറയട്ടെ.

ചിലര്‍ക്ക് പേരു വെളിപ്പെടുത്താന്‍ പല പരിമിതികളുമുണ്ടാവും. ചിലര്‍ നമ്മുടെയൊക്കെ പരിചയക്കാര്‍ തന്നെ ആയി എന്നും വരാം.

പ്രശംസിക്കുമ്പോള്‍ അനോനിയായി വന്ന് പ്രശംസിക്കുകയും വിമര്‍ശിക്കുമ്പോള്‍ ധൈര്യമായി വ്യക്തിത്വം വെളിപ്പെടുത്തുന്നവരേയും കണ്ടിട്ടുണ്ട്.

എല്ലാവരില്‍ നിന്നും ഒരേ ശക്തി പ്രതീക്ഷിക്കരുത്.

ബ്ലോഗിലും ബ്ലോഗനയിലുമെല്ലാം ആദ്യമായി എഴുതിത്തുടങ്ങിയവരുണ്ട്. ഇന്റര്‍നെറ്റ് വന്ന ശേഷം മാത്രം കമ്മ്യൂണിറ്റി ലൈഫ് തുടങ്ങിയവരുണ്ട്.

വല്ലായ്മപ്പെട്ട അവരവരുടെ ആത്മാവുകളെ ഹീല്‍ ചെയ്യാനുള്ള ശ്രമങ്ങളാണ് അധികവും. അതിന് ആള്‍ദൈവം, കള്ള്, വിമര്‍ശനം... ഒരുപാട് മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആരെയും കുറ്റം പറയുക വയ്യ.

പിന്നെ, ചിലര്‍ പാരമ്പര്യമായിത്തന്നെ അനോനികളായിരിക്കും. ആരും അവരോട് ഉത്തരവാദിത്തത്തോടെ സത്യസന്ധതയോടെ പെരുമാറിയിട്ടുണ്ടാവില്ല. അതു തന്നെ അവര്‍ ലോകത്തിനും തിരിച്ചുകൊടുക്കും.

നോ ഹാഡ് ഫീലിംഗ്സ്.

:-)

kaithamullu : കൈതമുള്ള് said...

രാം മോഹന്‍,
മനസ്സില്‍ തട്ടി എഴുതിയ വരികള്‍.
സ്നേഹത്തോടെ, ആദരവോടെ, നിറമിഴികളോടെ ഞാനും തല കുനിക്കുന്നു.
(അനോനികള്‍ക്കുള്ള ഫലപ്രദമായ ജൈവക്കഷായം എന്തെന്നോ: അവഗണന. അതുപയോഗിക്കാന്‍ മറക്കാതിരിക്കുക)

രാജേഷ്‌ ആര്‍. വര്‍മ്മ said...

ആശാൻ കവിതയും അഭിനേതാവും എന്ന മുരളിയുടെ പുസ്തകത്തിലാണ് ഈ ശ്ലോകം ആദ്യമായി കേട്ടത്:
കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതിലഭിച്ചതിൽ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട, ആയു-
സ്ഥിരതയുമില്ല,തിനിന്ദ്യമീ നരത്വം

അതിൽ‌പ്പിന്നെ പലതവണ ഓർത്തിട്ടുണ്ട് ഇത്. അപ്പനപ്പൂപ്പന്മാരിൽനിന്ന് കൈവന്നതെന്നും ഇഹലോകത്തിൻ പരമാവധിയെന്നും അദ്ധ്യാത്മവിദ്യാലയമെന്നും ആശാൻ ശ്മശാനത്തെ വിശേഷിപ്പിച്ചതും നിരന്തരം ഓർക്കാറുണ്ട്.

വെള്ളെഴുത്ത് said...

‘ഒരു അനുതാപ‘ത്തില്‍ ഒരു വരിയുണ്ട്.. ‘അതിനാല്‍ ദുഃഖത്തെ ഉപാസിപ്പൂ ഞാന്‍” ആശാന് ഡിപ്രഷനുണ്ടായിരുന്നു. സന്തോഷിക്കുമ്പോള്‍, അതെന്തു കാരണത്താലായാലും ,കുറ്റബോധം തോന്നുമായിരുന്നിരിക്കണം. അല്ലെങ്കില്‍ ഇങ്ങനെയൊരു വരി എഴുതാന്‍ കഴിയുമായിരുന്നില്ല. മുരളിയെ നടന്‍ എന്ന നിലയ്ക്ക് ഇഷ്ടപ്പെടാതിരുന്ന ഒരാളാണു ഞാന്‍. എന്തുകൊണ്ടോ.. എനിക്കറിയില്ല..

Rammohan Paliyath said...

വര്‍മാജീ, തൃശൂര് ഭാഗങ്ങളില്‍ പണ്ടുകാലത്ത് സവര്‍ണര്‍ അക്ഷരശ്ലോകത്തിന് ആശാനെ ചൊല്ലാറില്ല. ചോവന് എന്ത് കവിത എന്നാ വെപ്പ്. പിന്നെ ഫാരതപ്പുസയ്ക്ക് തെക്ക് സാഹിത്യമില്ലെന്ന ഫനറ്റിസിസവും. തെക്ക് എങ്ങനെയായിരുന്നു? കരുതുവതിഹ, ഐ തോട്ട്, വാസ് ട്ടൂ ഫെയ്മസ്.

ഇതു കേട്ടിട്ടുണ്ടോ?

അറിവീലനുരാഗമേറെയാള-
റിവോര്‍തെറ്റിടുമൊക്കെയൊക്കുകില്‍
നിറവേറുകയില്ല കാമിതം
കുറയും ഹാ! സഖി ഭാഗ്യശാലികള്‍.

വെള്ളത്തോളേ, സന്തോഷം ഇഷ്ടമല്ലാത്തവര്‍ എന്നൊരു തലക്കെട്ട് ഉണ്ടാക്കിവെച്ചിട്ട് കാലമേറെയായി. മോഴകളെപ്പറ്റി തപ്പിച്ചെന്നപ്പോള്‍ തോന്നിയതാണ്. ഹാപ്പിനെസ്സ് ഒരു കുറ്റമാണ് എന്നായിരിക്കണം പൊതുമലയാളി നിലപാട്. സിനിമാറ്റിക് ഡാന്‍സിനോടുള്ള സമ്പൂര്‍ണ എതിര്‍പ്പിന്റെ കെമിസ്ട്രിയും അതായിരിക്കണം.

മുരളിയെ ഇഷ്ടമല്ലാത്തത് എന്തുകൊണ്ടാണെന്നറിയില്ലെന്നോ - അത് ലളിതമല്ലേ. നമ്മുടെ നടന്മാര്‍ക്കൊന്നും റേഞ്ചില്ല. അവനവന്റെ മാനറിസങ്ങളുമായി ഒത്തുപോകുന്ന കഥാപാത്രങ്ങളെ
‘തന്മയത്വത്തോടെ’ ‘അഭിനയിച്ചു’ കാണിയ്ക്കും. മമ്മൂട്ടിയും മുരളിയും തിലകനും ഹാസ്യം ചെയ്യുമോ? ഒടുവില്‍ ഉണ്ണിക്കൃഷ്ണനും ഫിലോമിനയ്ക്കും മതത്തിന്റേയും പഞ്ചായത്തിന്റെയും ചെറിയ വട്ടത്തിനു പുറത്ത് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നോ? വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അമ്പലവാസിയായ വികാരിയെ ഓര്‍മയില്ലേ? ഇന്ത്യന്‍ സിനിമയില്‍ പരകായപ്രവേശം എന്ന് പറയുന്നതല്ലാതെ ചെയ്യുന്ന ഒരാളെയേ എനിക്കിഷ്ടമുള്ളു - കമലഹാസനെ.

Rammohan Paliyath said...

അയ്യൊ എന്റെ അനോനിമസ്സേ, ചതിച്ചോ, മാതൃഭൂമി ബ്ലോഗന നിര്‍ത്തിയെന്നു തോന്നുന്നു. ഇന്നിറങ്ങിയതില്‍ ബ്ലോഗനയില്ല.

ഇങ്ങനെയുമുണ്ടോ കരിങ്കണ്ണന്മാര്‍. ഞാനിനി എന്നാ ചെയ്യും?

Captain Haddock said...

Nice and touche...i was not knowing Murali had a face like this. Thanks a ton !!

Anonymous said...

ഹലോ ഞാനാ ആ അനോണി - വായിച്ചപ്പോള്‍ തള്ള്‌ കൊറച്ചു ഒവറായി തോന്നി. എഴുതുന്നതെല്ലാം ബ്ലോഗനയില്‍ വരുമ്പോള്‍ എന്താ അതിന്റെ സൂത്രം എന്നു ആരും ഒന്ന് ചിന്തിയ്ക്കും. അത്ര തന്നെ. അല്ലാതെ എനിക്ക് റാംജി പ്രതിപാദിച്ച പ്രശ്നങ്ങള്‍ ഒന്നുമില്ലാട്ടോ! അനോണിക്ക്‌ പകരം താങ്കള്‍ കേട്ടാല്‍ ഒട്ടും മനസ്സിലാവാത്ത ഒരു പേരു വച്ചാല്‍ എന്തു വ്യത്യാസം? പിന്നെ എനിക്ക്‌ ഒരു
hidden agenda യും ഇല്ല മാഷേ. ബ്ലോഗും ഇല്ല ബുജിയായി പേരെടുക്കാന്‍ നേര്‍ച്ചയും ഇല്ല!! ഒരു സാദാ വായനക്കാരന്റെ സ്വാതന്ത്ര്യം എടുത്തു ഒരു കമന്റ് ഇട്ടു. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസിദ്ധീകരിക്കണ്ട! മനശാസ്ത്രം വിശകലനം ചെയ്തു വിഷമിക്കണ്ടായിരുന്നു!! ഇനി റാംജി freud നെ കൂട്ട്‌ വിളിക്കും മുമ്പേ ഒരു പേരു വെച്ചേക്കാം - വര്‍ഷ - എന്താ ഇപ്പോ കുടുംബചരിത്രം വായിക്കാന്‍ കൊള്ളാമോ?
PS -അയ്യോ കഷ്ടം ബ്ലൊഗന നിറുത്തിയോ - ബ്ലോഗ് പുലികള്‍ക്ക് ഒരു ജീവിത ലക്ഷ്യം കുറഞ്ഞു കിട്ടിയല്ലോ!!

Rammohan Paliyath said...

ഹലോ ഞാനാ ആ അനോണി - അതൊരു ഒന്നൊന്നര പരിചയപ്പെടുത്തലായിപ്പോയി. ഞാനാ ആ അനോണി!

ആദ്യമേ തന്നെ ശരിക്കുള്ള പേരു പറഞ്ഞാ വല്ല കൊഴപ്പോമുണ്ടൊ? ഇപ്പൊ വര്‍ഷയായി. എല്ലാം അനോനി തന്നെ. ദാണ്ടെ മുകളില്‍ ഒരു സിനേമാനോനി. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താത്തവരെല്ലാം അനോനി തന്നെ. ബ്ലോഗുണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത്.

മറ്റുള്ളവരെ ബുജികള്‍, ബുദ്ധിജീവികള്‍ എന്നെല്ലാം പരാമര്‍ശിക്കുന്നവരാണ് ബുജിയാണെന്ന് ഏറ്റവുമധികം സ്വയം കരുതുന്നത്.

ബ്ലോഗനയ്ക്കും എത്ര മുമ്പ് മലയാളികള്‍ ബ്ലോഗിംഗ് തുടങ്ങി. മലയാളത്തിലെ ഏത് മികച്ച പബ്ലിക്കേഷനേക്കാളും നിലവാരമുള്ള ഒരുപാട് പേര്‍ ബ്ലോഗിംഗ് ചെയ്യുന്നുണ്ട്. ഏത് പുലിയ്ക്കാണോ ആവോ ബ്ലോഗനലക്ഷ്യം.

ഇതൊരു നിലവാരം കുറഞ്ഞ ചാക്കാല ബ്ലോഗാണ് സര്‍. ഇവിടെയെല്ലാം വന്ന് സമയം കളയാതെ. വെറെ എത്രയോ മില്യണ്‍ സൈറ്റ്സ് കിടക്കുന്നു.

മാതൃഭൂമിയോടുള്ള വിരോധം അങ്ങോട്ട് എഴുതി അറിയിച്ചാട്ടെ. കാശുകൊടുത്ത് വാങ്ങുമ്പോള്‍ ദണ്ഡമുള്ളവര്‍ക്ക് എഴുതാം. ഇതെന്റെ പെഴ്സണല്‍ ബ്ലോഗാ. ഫ്രീയാ. ഡോണ്ട് വെയിസ്റ്റ് യുവര്‍ ടൈം ഹിയര്‍.

കുറുമാന്‍ said...

ഒന്നും പറയാനില്ല.

കണ്ണുള്ളപ്പോള്‍ കണ്ണിനെ വിലയറില്ല എന്ന ചൊല്ല് എന്തിനെന്നറിയില്ല വെറുതെ ഒന്നോര്‍ത്ത് പോയി.

ജിവി/JiVi said...

ഈ അനുഭവക്കുറിപ്പിന് നന്ദി. മുരളിയെപ്പോലുള്ള ബഹുമുഖ പ്രതിഭയോടൊത്ത് ഒരു സായാഹ്നം. തീര്‍ച്ചയായും പങ്കുവെക്കെപ്പെടേണ്ട ഒരനുഭവം തന്നെയാണ്. പ്രത്യേകിച്ച് ഇതുപോലൊരു മാധ്യമത്തില്‍.

മുകളില്‍ കമന്റിട്ട സിനേമയേയും അനോണിയെയും പോലുള്ള ചില മനോരോഗികള്‍ കാരണം ഇത്തരം അനുഭവക്കുറിപ്പുകള്‍ കുറെയെണ്ണം എഴുതപ്പെടാതെപ്പോകുന്നല്ലോ എന്നതാണ് സങ്കടകരം.

thahseen said...

ഇതൊരു നിലവാരം കുറഞ്ഞ ചാക്കാല ബ്ലോഗാണ് സര്‍. ഇവിടെയെല്ലാം വന്ന് സമയം കളയാതെ. വെറെ എത്രയോ മില്യണ്‍ സൈറ്റ്സ് കിടക്കുന്നു.

മാതൃഭൂമിയോടുള്ള വിരോധം അങ്ങോട്ട് എഴുതി അറിയിച്ചാട്ടെ. കാശുകൊടുത്ത് വാങ്ങുമ്പോള്‍ ദണ്ഡമുള്ളവര്‍ക്ക് എഴുതാം. ഇതെന്റെ പെഴ്സണല്‍ ബ്ലോഗാ. ഫ്രീയാ. ഡോണ്ട് വെയിസ്റ്റ് യുവര്‍ ടൈം ഹിയര്‍.

--
ഗോട് ഗയ് :-)

Thahseen

അനാഗതശ്മശ്രു said...

മാതൃഭൂമിയില്‍ റാം മോഹന്‍ (എന്റെ പുസ്തകം -)
എഴുതിയതു പോലെ തലയില്ലാത്ത പാര(റ)ക്കല്ലുകള്‍
അനവധിയുള്ള ഈ മലയാളത്തില്‍
ഈ കുറിപ്പ് അവസരോചിതം ...
അഭിനന്ദനങള്‍

☮ Kaippally കൈപ്പള്ളി ☢ said...

@August 9, 2009 4:22 PM നു എഴുതിയ പേരില്ലാത്തവനു്

പേരില്ലാത്ത ഇരപ്പാളികളോടു വെറുതെ സംസാരിക്കാരുതെന്നു് അറിയാം എങ്കിലും പറയുന്നു.

തന്റെ പ്രശ്നം അപകർഷതാ ബോധമാണു്. ജീവിതത്തിൽ ഒരു മൈരും ചെയ്യാത്തതുകൊണ്ടാണല്ലോ പേരില്ലാത്തതു്. രാം മോഹൻ ബുജ്ജിയാണോ അല്ലയോ എന്നതല്ല പ്രശ്നം. അദ്ദേഹത്തിന്റെ ഈ ലേഖനത്തിലെ ശോഖം വായിക്കുന്നവർക്ക് മനസിലാകും.


@സിനേമ \ cinema
അല്ല ചേട്ട ഈ ഗൾഫ് കാരോടു് എന്ത ഇത്ര വെറുപ്പ്. ഗൾഫുകാരുടെ കാശു മാത്രം മതി അല്ലെ. പിന്നെ പേരെടുത്തവരെ അല്ലെ വീട്ടിൽ ഭക്ഷണത്തിനും മദ്യത്തിനും ക്ഷണിക്കു. അല്ലാതെ ഒരു കോപ്പും എഴുതാത്ത തന്നെപ്പോലുള്ള ഏതെങ്കിലും ഊച്ചാളിയെ വിളിക്കുമോ?

മോനെ ആദ്യം പോയി വായിക്കാൻ കൊള്ളാവുന്ന എന്തെങ്കിൽ ലവിടെ എഴുതി വെയ്യ്. പോടെ പോടെ.


cinima/സിനിമക്കും.

Deepu said...

അയ്യോ കൈപ്പള്ളി... ഇത്രയും വേണമായിരുന്നോ?

☮ Kaippally കൈപ്പള്ളി ☢ said...

Deepu
സഹിഷ്ണത വളരെ നല്ലതാണു്. എനിക്കും വളരെ ഇഷ്ടമാണു്.

പക്ഷെ അനവസരത്തിൽ കയറി ഇതുപോലുള്ള അഭിപ്രായം പ്രകടിപ്പിച്ചാൽ ഞാൻ ഇങ്ങനെ ആയിരിക്കും അഭിപ്രായിക്കുക. എന്ത അഭിപ്രായ സ്വാതന്ത്ര്യം എനിക്കില്ലെ?

പിന്നെ ഒരു കാര്യം ഓർക്കണം. ഞാൻ തെറി വിളിച്ചതു് profile പുറത്തുകാട്ടാത്ത രണ്ടു് അജ്ഞാതരെയാണു്. ഇവർ മുഖം മൂടിയിടുന്നതു് ഇതുപോലുള്ള തെറിയും തുപ്പലും ഏറ്റുവാങ്ങാനാ ണു്. അപ്പോൾ അതു കൊടുക്കേണ്ട സമയത്തു് നമ്മൾ കൊടുക്കുക തന്നെ വേണം, അതു് തക്ക സമയത്തു് കൊടുക്കാത്തതുകൊണ്ടാണു് ഈ പരമ നാറികൾ മലയാളം ബൂലോകം വെറുമൊരു പൊതു കക്കൂസാക്കി മാറ്റിയതു്.

kaithamullu : കൈതമുള്ള് said...

ദേ, കൈപ്സ് അണ്ണന് പിന്നേം കോപം വരുന്നൂ.....

Anonymous said...

മമ്മൂട്ടി ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ആള്‍ ആളെ? മറവത്തൂര്‍ കനവു, കോട്ടയം കുഞ്ഞച്ചന്‍, കുട്ടേട്ടന്‍. (മായാവിയും രാജമാനുക്യവും ഒന്നും ഞാനും ഹാസ്യം ആയി കണക്കാക്കുന്നില്ല )

E.M.Yasar Arafath said...
This comment has been removed by the author.
Related Posts with Thumbnails