Friday, August 28, 2009

മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍...


കഥ ഇതുവരെ

സ്നേഹനികേതനം എന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു അലീനയും രേവതിക്കുട്ടിയും ചിന്നുമോളും. സ്ഥാപനം നടത്തിയിരുന്ന ബ്രിജീത്താമ്മ മരിച്ചതോടെ മൂവരും വിവിധ ഓര്‍ഫാനേജുകളില്‍ എത്തപ്പെട്ടു. ചിന്നുമോള്‍ എന്ന 6 വയസ്സുകാരി കൊല്ലം ത്യാഗഭവനത്തിലായി. രേവതിക്കുട്ടി, മാമച്ചന്‍-ഗ്രേസമ്മ ദമ്പതികളുടെ വീട്ടുവേലക്കാരിയായി. പാലാ കടപ്പാട്ടൂര്‍ വീട്ടിലെത്തിയ അലീന പെറ്റമ്മയായ വൈജയന്തിയുടെ വീട്ടിലെ ജോലിക്കാരിയായി. വൈജയന്തി പെറ്റമ്മയാണെന്ന സത്യം പരമരഹസ്യമായി സൂക്ഷിക്കണമെന്ന് ബ്രിജീത്താമ്മ അലീനയോട് പറഞ്ഞിരുന്നു. എന്നാല്‍ അലീന വൈജയന്തിയുടെ മകളാണെന്ന സത്യം വൈജയന്തിയുടെ ഭര്‍ത്താവ് ബാലചന്ദ്രമേനോന്‍ മനസ്സിലാക്കുന്നു. കുളത്തൂപ്പുഴയില്‍ ഒറ്റയ്ക്ക് കഴിയുന്ന റിട്ട. കേണല്‍ സ്റ്റാന്‍ലി ജോസഫാണ് അലീനയുടെ അച്ഛനെന്ന് ബാലചന്ദ്രമേനോന്‍ അലീനയെ അറിയിക്കുന്നു. അലീനയെ മകളായി സ്വീകരിക്കാന്‍ സ്റ്റാന്‍ലി തയ്യാറായി. മാമച്ചന്റേയും ഗ്രേസമ്മയുടെയും മകനായിരുന്ന, 6 വര്‍ഷം മുമ്പ് മരിച്ചുപോയ ജിജോമോന്റെ കാമുകി ഷെറിന്‍, സ്റ്റാന്‍ലിയുടെ ഇളയസഹോദരിയാണെന്ന് അലീനയും മാമച്ചനും മനസ്സിലാക്കുന്നു. ജിജോയില്‍ നിന്ന് ഗര്‍ഭിണിയായ ഷെറിന്‍ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുട്ടിയാണ് അനാഥാലയത്തില്‍ വളരുന്ന ചിന്നുമോളെന്ന് വെളിപ്പെടുന്നു. ഷെറിന് സ്വന്തം മകളെ തിരിച്ചുകിട്ടി. പപ്പയുമായി പിണങ്ങിക്കഴിയുന്ന ഭാര്യയേയും മക്കളേയും ഒന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അലീന. ആ ദൌത്യത്തിന് സ്റ്റാന്‍ലി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. പപ്പയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേയ്ക്ക് അലീന കടന്നു ചെല്ലുകയാണ്.

തുടര്‍ന്നു വായിക്കുക

ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍ സി. വി. നിര്‍മല എന്ന പേരില്‍ ഇപ്പോള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്ന മഴ തോരും മുമ്പേ നോവലിന്റെ 155ആം അധ്യായത്തിനൊപ്പം [വാരികയുടെ ഓഗസ്റ്റ് 29 ലക്കം] നല്‍കിയിരിക്കുന്ന കഥാസാരമാണിത്.

ടെലിവിഷന്‍ തേര്‍വാഴ്ച നടത്തുന്ന ഇക്കാലത്തും ആഴ്ച തോറും 6.2 ലക്ഷത്തിലേറെ കോപ്പി പ്രചാരമുണ്ട് പൈങ്കിളിമുത്തശ്ശി എന്ന് ബുദ്ധിജീവികള്‍ പരിഹസിക്കുന്ന മനോരമ വാരികയ്ക്ക്. വാര്‍ത്ത അതല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വാരിക അതേ പുസ്തകമാതൃകയില്‍‍ത്തന്നെ സമ്പൂര്‍ണമായും ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാണ്. തീര്‍ച്ചയായും സി. വി. നിര്‍മലയുടേതുപോലുള്ള നോവലുകളാണ് ഇപ്പോഴും വാരികയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ 7 നോവലുകളുണ്ട്. നെറ്റ് എഡിഷനിലാകട്ടെ ഓരോ നോവലിന്റെയും അതത് അധ്യായത്തില്‍ത്തന്നെ മുന്‍ലക്കത്തിലെ അധ്യായത്തിലേയ്ക്ക് പോകാനുള്ള ഹൈപ്പര്‍ലിങ്കുകളുണ്ട്. കോമിക് സ്ട്രിപ്പുകള്‍ അനിമേറ്റഡാണ്. പോരാത്തതിന് മാക്കിലും വായിക്കാം. [യൂണീകോടോത്ത് ഗോവിന്ദന്‍ നായരെ ആപ്പ് ള്‍ മാക്കിണ്ടോഷില്‍ വായിക്കാന്‍ പറ്റില്ല].

ഉള്ളടക്കത്തിലെ ഒരു പ്രധാന അഡിഷന്‍ ഗൌരവവിഷയത്തിലുള്ള ഒരു ഫീച്ചറാണ്. കഴിഞ്ഞ ലക്കം നവാബ് രാജേന്ദ്രന്റെ ഓര്‍മകളാണ് ഫീച്ചറില്‍. നമ്മുടെ ഗൌരവമാധ്യമങ്ങള്‍ നവാബിനെയടക്കം പലതും മറക്കുന്ന ഇക്കാലത്ത് ഒരു ജനപ്രിയ പ്രസിദ്ധീകരണം എന്ത് ഉദ്ദേശത്തോടെയായാലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതകരമാം വിധം ആശ്വാസകരം. ഒരു മുന്‍ലക്കത്തില്‍ കരിക്കന്‍ വില്ല കൊലക്കേസ് പ്രതിയായിരുന്ന മദ്രാസിലെ മോന്‍ റെനിയും മദ്രാസിലെ മോനായി സിനിമയില്‍ അഭിനയിച്ച രവീന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു ഫീച്ചറിന് വിഷയമായത്.

നെറ്റിലൂടെ ഇങ്ങനെ സൌജന്യമായി ലഭ്യമാക്കിയാല്‍ സര്‍ക്കുലേഷന്‍ ഇടിയുമോ എന്ന പേടി മനോരമയെ ബാധിച്ചിട്ടില്ല. അതല്ല ഇതൊരു പരീക്ഷണമാണോ? നാളുകള്‍ക്കകം വെബ് വായനയ്ക്കും പണം ഈടാക്കാന്‍ തുടങ്ങുമോ?

മനോരമയുടെ രാഷ്ട്രീയനിലപാടുകളോടും ഇരട്ടത്താപ്പുകളോടും എന്നും എതിര്‍പ്പേ തോന്നിയിട്ടുള്ളു. എങ്കിലും ജനപ്രിയതയെ സാങ്കേതികവിദ്യയുമായി ലളിതമായി കൂട്ടിയിണക്കുന്ന ഈ ലേറ്റസ്റ്റ് ചുവടുവെപ്പിന് ഒരു സലാം.

മനോരമ വാരികയിലെ നോവലുകൾ പണ്ടു മുതലേ വായിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ അർത്ഥശങ്ക വന്നേക്കാം. വായിക്കാൻ രസം തോന്നിയിട്ടില്ല എന്നതാണ് സത്യം.

മുട്ടത്തുവര്‍ക്കി, കാനം, ചെമ്പില്‍ ജോണ്‍, രാജന്‍ ചിന്നങ്ങത്ത്, മൊയ്തു പടിയത്ത്, പ്രഭാകരന്‍ പുത്തൂര്‍, വല്ലച്ചിറ മാധവന്‍ എന്നിവരല്ല കോട്ടയം പുഷ്പനാഥ്, പ്രണാബ്, നീലകണ്ഠന്‍ പരമാര, മോഹന്‍ ഡി. കങ്ങഴ, കണ്ണാടി വിശ്വനാഥന്‍ എന്നിവരാണ് എന്നെ വായനയിലേയ്ക്ക് ഗ്രാജ്വേറ്റ് ചെയ്തവര്‍. ഇങ്ങനെ ഡിറ്റക്ടീവ് നോവലുകളില്‍ വായന തുടങ്ങിയതിനു പകരം പൈങ്കിളി നോവലുകള്‍ വായിച്ചു തുടങ്ങിയിരുന്നെങ്കില്‍ ജീവിതം, ചുരുങ്ങിയ പക്ഷം വായാനാജീവിതമെങ്കിലും, വേറൊരു വഴിയ്ക്ക് പോകുമായിരുന്നോ? അറിയില്ല.

മുട്ടത്തു വര്‍ക്കിയുടെ ഒരു നോവലും ഒരു കാലത്തും ഒന്നിലധികം പേജ് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ വായിച്ചിട്ടുള്ളത് നീണ്ടകഥ എന്നു വിളിക്കാവുന്ന ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. കാനത്തിന്റെ മൂന്നാലെണ്ണം വായിച്ചു. അവള്‍ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, ഏദന്‍ തോട്ടം…ഒന്നും ഇഷ്ടമായില്ല. എങ്കിലും അവയെല്ലാം സിനിമകളാക്കിയപ്പോള്‍ ചുമ്മാ ഒരു രസത്തിന് താരങ്ങളെ നിര്‍ദ്ദേശിച്ച് കത്തുകളയച്ചു. കാനം എഴുതിയ തിരയും തീരവും എന്ന പാട്ട് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. അതിന്റെ സംഗീതത്തോടും ആലാപനസുഖത്തോടും ഒപ്പം നില്‍ക്കുന്നു രചനാഗുണം. തീര്‍ന്നു എന്റെ പൈങ്കിളി വായാനാ ബന്ധം.


മനോരമ വാരികയില്‍ വിടാതെ വായിച്ചിരുന്നത് ബോബനും മോളിയുമാണ്. ടോംസിനേയും യേശുദാസിനേയും ഇന്നും ദൈവതുല്യരായി കരുതുന്നു. [അമൃതാനന്ദമയി സ്റ്റയിലിൽ ആഴമില്ലാത്ത ഉപമകളോടെ തത്വജ്ഞാനം പറയാൻ യേശുദാസ് വായ പൊളിയ്ക്കുമ്പോൾ ദേഷ്യം വരാറുണ്ട്. അത് വേറെ കാര്യം]. എം. ടി.യുടേയും മാധവിക്കുട്ടിയുടേയും രചനകളില്‍ രാഷ്ട്രീയമില്ല എന്ന് നരേന്ദ്രപ്രസാദ് പ്രസംഗിച്ചതു കേട്ടപ്പോള്‍ അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് [നിര്‍മാല്യമായ പള്ളിവാളും കാല്‍ച്ചിലമ്പും ഒഴിച്ചാല്‍]. വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന് കേള്‍ക്കുമ്പോള്‍ കൊള്ളാം. എന്നാല്‍ സമൂഹത്തെ പുറത്തുനിര്‍ത്തുന്ന പുസ്തകച്ചട്ടകള്‍, സമൂഹത്തെയും അതുവഴി രാഷ്ട്രീയത്തെയും ആ പുസ്തകങ്ങള്‍ക്ക് പുറത്തു നിര്‍ത്തുന്നു. ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തെ ബോബനും മോളിയും ആ അര്‍ത്ഥത്തില്‍ സമൂഹത്തെ ഉള്‍ക്കൊണ്ടു എന്നും പറയണം. ബോബനും മോളിയിലെ പൊതുവഴികളിലൂടെ മുഖം തിരിച്ച് നടന്നുപോയ അജ്ഞാതരും അവര്‍ക്ക് പറയാനുള്ളത് പറഞ്ഞിട്ടു തന്നെയാണ് പോയത്. ടോംസ് എന്റെ ദൈവമായത് അതുകൊണ്ടാണ്.

മനോരമ പത്രത്തിന്റെ ഓൺലൈൻ എഡിഷൻ ഇതുവരെയും യൂണികോഡിലായിട്ടില്ലെന്നുള്ള പരാതികൾ കേട്ടിട്ടുണ്ട്. യൂണികോഡിൽ ചില്ലക്ഷരങ്ങൾക്ക് ചിലപ്പോൾ ക്ലച്ചു പിടിയ്ക്കാറില്ലെന്നും പബ്ലിഷിംഗുമായി ബന്ധപ്പെട്ട ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്, ഇൻഡിസൈൻ, ക്വാർക്ക് എക്സ്പ്രസ്സ് എന്നീ സോഫ്റ്റ് വെയറുകളിൽ മലയാളം യൂണികോഡ് ഉപയോഗിക്കാൻ കഴിയില്ലെന്നും തിരിച്ചൊരു പരാതി എനിയ്ക്കുമുണ്ട്.

അതെല്ലാം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള വാരിക നമ്മുടെ ഭാഷയിലാണെന്നതും യാതൊരു കൊനഷ്ടുകളുമില്ലാതെ അതിപ്പോള്‍ നെറ്റില്‍ ലഭ്യമാണെന്നതും എന്നെ ആഹ്ലാദിപ്പിക്കുന്നു [ഞാനിപ്പോളതിന്റെ വായനക്കാരനല്ലാതിരുന്നിട്ടും അതിന്റെ കണ്ടെന്റിനോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും].

നമ്മുടെ മുഖ്യധാരാനോവല്‍ ഊര്‍ധ്വശ്വാസം വലിയ്ക്കുമ്പോള്‍ 7 നോവലുകളുമായി വായന മരിച്ചില്ലെന്ന് പറയുകയാണ് മനോരമ. രചനാശൈലിയില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ രചനാശൈലിയുടെ ലാളിത്യത്തിന്റെ അജയ്യത എത്രകാലം കണ്ടില്ലെന്ന് നടിയ്ക്കും?

കുട്ടിക്കാലത്ത് ഞങ്ങളുടെ കുളത്തില്‍ ഏറ്റവുമധികം കണ്ടിരുന്ന മീനായിരുന്നു പൂച്ചുട്ടി. തെക്കരായ സിനിമാപ്പാട്ടുകാര്‍ അതിനെ മാനത്തുകണ്ണി എന്നു വിളിച്ചപ്പോള്‍ ഞങ്ങളതും പാടി നടന്നു. മാനത്തുകണ്ണിയും മക്കളും കേവാലാഹ്ലാദത്തില്‍ നീന്തുന്നു നീറ്റിലെ നിശബ്ദഗീതമായ് എന്ന് ഓ.എന്‍.വി. കവിത എഴുതും മുമ്പ് ‘മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍’ എന്ന സിനിമാപ്പാട്ട് ഞങ്ങള്‍ പഠിച്ചിരുന്നു. മലയാളിമനസ്സുകള്‍ മയങ്ങുന്ന മനോരമയുടെ കയങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും ലഭ്യമാകുമ്പോള്‍ അതിന്റെ പിന്നിലെ പ്രൊഫഷണല്‍ മനസ്സിനെ അഭിനന്ദിയ്ക്കാതെ വയ്യ.

പപ്പയുടെ ഭാര്യയും മക്കളും അലീനയോട് എങ്ങനെ പെരുമാറും? കൂടുതലറിയാന്‍ ഇവിടെ ഞെക്കുക.

30 comments:

വിഷ്ണു പ്രസാദ് said...

മംഗളത്തേയും പൌരധ്വനിയേയും മറന്നതെന്ത്?
മനോരമ എത്ര രൂപ തന്നു ഈ ലേഖനമെഴുതാന്‍... :)

വെള്ളെഴുത്ത് said...

മലയാള മനോരമ എന്നു പേരിട്ട ആള്‍ കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രാം മോഹൻ,

ഇതത്ര വലിയ കാര്യമായി തോന്നുന്നില്ല.ഒന്നാമതായി ഇപ്പോൾ ഫ്രീ ആണെങ്കിലും പിന്നിട് അതിനു ചാർജ്ജ് ഈടാക്കാനാണു സാധ്യത.രണ്ടാമത്,മനോരമ വാരികയും മറ്റും ഇ-വായന നടത്തുന്ന എത്ര പേരുണ്ടാകും?സ്ഥിരം ഫോർമുലയിൽ രൂപം കൊള്ളുന്ന ഇത്തരം നോവലുകൾ വായിക്കാൻ ആരും കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞു കൂടുമെന്ന് തോന്നുന്നില്ല.മനോരമ വാരികയുടെ സ്ഥിരം വായനക്കാരായ ഒരു സമൂഹം ഉണ്ട്.അവരിൽ എത്രപേർ നെറ്റ് വഴി ഇതു വായിക്കാൻ സാഹചര്യമുള്ളവരാണു? അതു കൊണ്ട് തന്നെ ഇൻ അഥവാ സൌജന്യമാണെങ്കിൽ പോലും മനോരമക്ക് ഉടനെ അതൊരു നഷ്ടക്കച്ചവടം ആകാൻ ഇടയില്ല..ലാഭമില്ലെങ്കിലും നഷ്ടമുള്ള ഒരു ബിസിനസ് തുടങ്ങാതിരിക്കാനുള്ള ‘പ്രൊഫഷണൽ വിവേകം’ അവർക്കുണ്ട്.

എന്തു വന്നാലും മനോരമ പത്രമോ വാരികയോ വാങ്ങാനായി കാശുമുടക്കില്ല എന്ന ‘ഭ്രാന്തൻ‘ തീരുമാനങ്ങൾ ഉള്ള എന്നെപ്പോലെ ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഇതൊരു ‘സമാശ്വാസ സമ്മാന’മാണ്.

ഓണാശംസകൾ !

ജിവി/JiVi said...

അതെ, കുറച്ചുമാസമായി ഇതിങ്ങിനെ വരാന്‍ തുടങ്ങിയിട്ട്.

മനോരമയുടെ കയങ്ങളില്‍ മയങ്ങുന്നത് മലയാളിയുടെ പൈങ്കിളി മനസ്സ് മാത്രം. എല്ലാ മലയാളിമനസ്സിനെയും പൂര്‍ണ്ണമായും പൈങ്കിളിയാക്കാനുള്ള ആ പ്രൊഫഷണലിസം പരാജയപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണു ഞാന്‍.

ഓഫ്:
ഈ മാനത്തുകണ്ണി ഞങ്ങടെ നാട്ടില്‍ കണ്ണിക്കുറിയന്‍ ആണെന്ന് തോനുന്നു.

ദീപു said...

രചനാശൈലിയില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ രചനാശൈലിയുടെ ലാളിത്യത്തിന്റെ അജയ്യത എത്രകാലം കണ്ടില്ലെന്ന് നടിയ്ക്കും?
:)

രഞ്ജിത് ആന്റണി said...

രാം മോഹന്,

Mac യില് മലയാളം യൂണികോഡ് നല്ല അസ്സലായി വായിക്കാന് പറ്റും,

http://www.xenotypetech.com/malayalam_fonts.html

ഞാന് ഇത് ടൈപ്പ് ചെയ്യുന്നതും അവറ് നല്കുന്ന QWERTY keyboard ഉപോഗിച്ചാണ്.

ഈ സാധനം പക്ഷെ ഫ്രീ അല്ല.

rptony At Gmail ബന്ധപ്പെടൂ ..

രഞ്ജിത്

Anonymous said...

ശ്രീ റാം മോഹന്‍


പഴയ ബോബനും മോളിയും കളക്ഷന്‍ ബ്ലോഗിലിട്ടാല്‍ പ്രശ്നമാകുമോ..

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

പാ​‍ാ​‍ാ​‍ാവം..!

പൈങ്കിളി ഓണ്‍ ലൈന്‍ എഡിഷന് ആളെ ഒപ്പിക്കാന്‍ ഇറങ്ങിയതാ​‍ാ...!!

ജീവിച്ചു പൊക്കോട്ടെ..!!

umbachy said...

ഹായ്
അതിരസം കുഞ്ഞന്നാമ്മ...അല്ല രാമച്ചം.

വെള്ളെഴുത്തേ, വലിയ കോയികള്‍ക്ക് പകരമാകുമോ
തലശ്ശേരി ഭാഗത്തെ ചേറിയ കേയികള്‍

Cartoonist said...

അനോനിമസ്സേ,
പ്രശ്നാവും, ഉറപ്പ്.
ടോംസ് സട കുടഞ്ഞെഴുന്നേല്‍ക്കുന്നതു കണ്ടിട്ടുണ്ടോ ?
ഉണ്ടോന്ന് ???

ജാഗ്രതൈ !

Nishedhi said...

സഖാവ്‌ കെ.സി.ജോര്‍ജ്ജിന്റെ ആത്മകഥ മനോരമയിലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എന്നുതോന്നുന്നു . ഇത്തരം അത്ഭുതങ്ങള്‍ മനോരമയില്‍ നിന്ന്‍ പ്രതിക്ഷിയ്ക്കാം.

സാല്‍ജോҐsaljo said...

അക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ച സമയത്ത്റ്റ് പുഷ്പനാഥിന്റെ നോവല്‍ വായിച്ച് എത്രദിവസം പേടിച്ചിട്ടുണ്ടെന്നോ. വാരിക ഓണ്‍ലെഇന്‍ ആയിട്ട് കുറെ കാലമായി. ഓണ്‍ലെഇന്‍ യൂസേര്‍സിന്റെ ഹിറ്റ് നോക്കാന്‍ മാത്രമാണെന്നു തോന്നുന്നു അവര്‍ ഫ്രീ ആക്കിയത്. നല്ല വായനക്കാരുണ്ടെങ്കില്‍ പെഇസ ഉറപ്പ്.

ഭരതന്റെയും പദ്മരാജന്റെയും സിനിമകള്‍ ഇഷ്ടപ്പെടുന്ന നമുക്കെന്തിനാ പെഇങ്കിളിയോടു പുച്ഛം? സിഡ്നി ഷെല്‍ഡന്‍ ഇഷ്ട എഴുത്തുകാരനാന്ന് ബ്ലോഗര്‍ പ്രൊഫെഇലില്‍ കാണാം പലരുടെയും, പക്ഷേ മനോരമ വാരിക പെഇങ്കിളിയാന്ന്!

വരയുടെ ലോകത്ത് പിടിച്ചു നിര്‍ത്തിയത്, മനോരമയിലെ മോഹന്റെ വരകളാണെന്നത് വേറെ കാര്യം.


പെരിങ്ങോടന്റെ ഓണ്‍ലെഇന്‍ മൊഴി ഉപയോഗിച്ചാണ്‍ മാകില്‍ ടെഇപ്പ് ചെയ്യുന്നത്. (ഇതും) വായിക്കുമ്പോ ചില്ല് വടക്കും, ദീര്‍ഘം കിഴക്കുമായാണെന്നു മാത്രം. അക്ഷരതെറ്റ് ഇഷ്ടം പോലെ വരാം.

Rammohan Paliyath said...

സുനിൽ കൃഷ്ണൻ, “സ്ഥിരം ഫോർമുലയിൽ രൂപം കൊള്ളുന്ന ഇത്തരം നോവലുകൾ വായിക്കാൻ ആരും കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞു കൂടുമെന്ന് തോന്നുന്നില്ല.മനോരമ വാരികയുടെ സ്ഥിരം വായനക്കാരായ ഒരു സമൂഹം ഉണ്ട്.അവരിൽ എത്രപേർ നെറ്റ് വഴി ഇതു വായിക്കാൻ സാഹചര്യമുള്ളവരാണു?” താങ്കളുടെ ചോദ്യത്തോട് ഭാഗികമായി യോജിക്കുന്നു. പക്ഷേ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരുപാട് പേർ മനോരയുടെ കാച്ച്മെന്റ് ഏരിയയിൽ പെടും. വിദേശവാസ/ലോജിസ്റ്റിക്സ് പ്രശ്നങ്ങളാൽ കോപ്പി കിട്ടാത്തവർ. പിന്നെ നവാബ് പോലുള്ള സ്റ്റോറികളിലൂടെ അവർ നിലവിലുള്ള പ്രോസ്പെക്റ്റീവ് കസ്റ്റമേഴ്സിനെ കണ്വെർട്ട് ചെയ്യുകയോ പുതുതായി പ്രോസ്പെക്റ്റീവ് കസ്റ്റമേഴ്സിനെ ഉണ്ടാക്കുകയോ ചെയ്യും. അവരുടെ ചുവടുകളെ അണ്ടർ എസ്റ്റിമേസ്റ്റ് ചെയ്യല്ലെ.

ദീപു, ആ അഭിപ്രായം കണ്ടെന്നു നടിച്ചതിൽ വളരെ വളരെ സന്തോഷം.

രഞ്ജിത്, ഞങ്ങളുടെ ഓഫീസിലെ മാക്കുകളിലൊന്നും യൂണികോടാലി കിട്ടുന്നില്ല. എങ്ങനെ സെറ്റിംഗ്സ് മാറ്റണം?

അനോനി, ടോംസിന് സ്വന്തം സെറ്റുണ്ടെന്നാണറിവ്; പി.ഡി.എഫായും മറ്റും അവിടെ ബോബനും മോളികൾ ചുമടിറക്കാൻ പറ്റുമെന്നും. എങ്കിൽ തീർച്ചയായും കോപ്പിറൈറ്റും കാണുമല്ലൊ. മനോരമ v/s ടോംസ് കേസു തന്നെ ഈയൊരു കോപ്പിറൈറ്റിന്റെ കാര്യത്തിലായിരുന്നല്ലൊ. യേശുദാസിന്റെ പാടാത്ത മകനും ഗാനമേളകളിലും മറ്റും ദാസ് പാടിയ പാട്ടുകൾ പാടണമെങ്കിൽ റോയൽറ്റി കൊടുക്കണമെന്നും പറഞ്ഞ് വിവാദമായത് ഓർക്കുന്നു.

നിഷേധീ, മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിലൊന്ന് കെ. സി. ജോർജിന്റേതാണെന്ന് കേട്ടിരിക്കുന്നു. വായിച്ചിട്ടുണ്ടോ? ഞാനതിന്റെ കോപ്പി തപ്പി നടക്കാത്ത ഇടമില്ല. കെ. സി. ജോർജിന്റെ മകൻ ഇവിടെ അബുദാബിയിലുണ്ട്. ഒരിയ്ക്കൽ പരിചയപ്പെട്ടിരുന്നു.

പി.യുടെ ആത്മകഥകളിൽ മൂന്നിലൊന്ന് - നിത്യകന്യകയെത്തേടി - മനോരമയിലാ വന്നത്. പിയുടെ വള്ളുവനാടൻ സെക്സപേഡ്സ് തുറന്നെഴുതിയാൽ ആ പേരിൽ വായനക്കാരെ കിട്ടൂമെന്നും പോരാ, കുറേക്കൂടി മസാലയാക്കി എഴുതൂ എന്നും മനോരമയുടെ സർക്കുലേഷ്സൻ മാനേജരോ മറ്റോ സമ്മർദ്ദം ചെലുത്തിയതും ഒരു ആത്മകഥയിൽ തന്നെ പി. എഴുതിയിട്ടുണ്ട്. പാവം മനോരമക്കാർ, കവി കാവ്യഭഷയിലല്ലേ എല്ലാം എഴുതിയിട്ടുള്ളു - അവരുടെ സാധാവായനക്കാർക്ക് അതു വായിച്ച് എങ്ങനെ ഇക്കിളാൻ?

സാൽജോ, മാക്കിൽ കീയിൻ ചെയ്യാൻ പോയിട്ട്, വാ‍യിക്കാൻ പറ്റുമെന്നറിഞ്ഞതുപോലും വാർത്തയാ.

കുറച്ചുകാലം മുമ്പൊരു കടിപിടിയിൽ ലതീഷ് മോഹനും സിഡ്നിഷെൽഡൻ പ്രിയം പങ്കുവെച്ചത് ഓർക്കുന്നു. ഷെൽഡനേയും ലുഡ്ലത്തേയും പൈങ്കിളികളോടല്ല ഗൗരവന്മാരോട് പോലും താരതമ്യം ചെയ്യരുത്. ലുഡ്ലത്തിന്റെ ക്രാഫ്റ്റും റിസർച്ചും നമ്മുടെ ഒരു നോവലിസ്റ്റും കാഴ്ച വെച്ചിട്ടില്ല.

മനോരമയുടെ വരകളെ പരാമർശിക്കാൻ വിട്ടതാണ്. ഞാൻ വായിച്ചു തുടങ്ങുമ്പോൾ പി. കെ. രാജനായിരുന്നു. ഇടക്കാലത്ത് നോവലിനൊപ്പം ഫോട്ടോകളും ഇട്ടിരുന്നു.

Rammohan Paliyath said...

ഗണേഷേ, മുൻപ് വേറെ ചിലർക്കും ആളെ പിടിച്ചു കൊടുക്കാൻ ശ്രമിച്ചിരുന്നു. നമുക്ക് അവിടെയും എഴുതാനുള്ളതല്ലേ? പരസ്പര പുറംചൊറിയൽ സഹായസംഘം.

ഇത് മുറിച്ച് ചമ്മന്തിയാക്കി നോക്കിയാട്ടെ: http://valippukal.blogspot.com/2008/05/blog-post_12.html

രഞ്ജിത് വിശ്വം I ranji said...

മനോരമയോട് ഒട്ടും താല്പര്യമില്ലെങ്കിലും അവരുടെ പ്രൊഫഷണലിസം കണ്ട് അന്തം വിട്ട് നില്ക്കാറുണ്ട്.
വെറും പൈങ്കിളി എന്നതില്‍ നിന്നും മാറി കുറച്ചു കൂടി നിലവാരമുള്ള പംക്തികളും ഓണ്‍ ലൈന്‍ മനോരമയിലുണ്ട് എന്നതു സത്യം..

കച്ചവടം.. മനോരമ തന്നെ..:)

Rammohan Paliyath said...

പുതിയ ലക്കം വാരികയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സമ്പൂർണ നോവൽ. മുമ്പും കുഞ്ഞബ്ദുള്ള സ്വന്തം പേരിൽത്തന്നെ മനോരമയിൽ നോവലെഴുതിയിട്ടുണ്ട്. എന്നാൽ കെ. ആർ. മീര മറ്റു ചില പേരുകളിൽ മനോരമയിൽ നോവലെഴുതുന്നതായാണറിവ്.

മനോരമയുടെ മാർക്കറ്റിനനുസരിച്ച് സക്കറിയയ്ക്ക് എഴുതാൻ കഴിഞ്ഞേക്കും.അത് സക്കറിയയുടെ ഗൗരവാൽറ്റി വായനക്കാർക്കു കൂടി രസിക്കുന്നതാകുമോ എന്നതായിരിക്കും സ്കറിയാച്ചൻ നേരിടുന്ന വെല്ലുവിളി.

ഈ. വി. കൃഷ്ണപിള്ളയായിരുന്നു വാരികയുടെ ഒരു കാ‍ലത്തെ എഡിറ്റർ എന്നും ഓർക്കാവുന്നതാണ്.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

നോവലിനൊപ്പം ചിത്രങ്ങള്‍ കൊടുത്തിരുന്ന ഒരു കാലം. അതിലെ അഭിനേതാക്കളെ ഊഹിച്ചു കണ്ടുപിടിക്കല്‍ എന്റെ അന്നത്തെ ഒരു പണിയായിരുന്നു. വായന രൂ
പപ്പെടുത്തിയെടുത്തത്തില്‍ ഞാന്‍ മനോരമയെ തള്ളിപ്പറയുന്നില്ല. പക്ഷെ, എല്ലാക്കാലത്തും വായനയില്‍ കുറെ ബോന്സായ്‌ കളെ നിലനിറുത്തുകയും, അവരെ വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത തെറ്റ് അവരിപ്പോഴും തിരിച്ചറിയുന്നില്ലല്ലോ!

കരീം മാഷ്‌ said...

ബോബനും മോളിയും കേസു റ്റോംസിനു വേണ്ടി വാദിച്ചതിന്റെ ഹാങോവര്‍ ഇനിയും തീരാത്തതു കൊണ്ടാണാവോ അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ കൈരളിയിലെ “മാധ്യമവിചാര”ത്തില്‍ മനോരമക്കായിരുന്നു കൂടുതല്‍ വിമര്‍ശനം കിട്ടിയിരുന്നത്.
ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യവേ ഞങ്ങള്‍ പറയുമായിരുന്നു.
“മനോരമ ഇതില്‍ നിന്നും ലാഭമുണ്ടാക്കും. അവര്‍ ഡസ്കിലെ രണ്ടു പേരെ കട്ടു ചെയ്തു പകരം ഒരു ടി.വി. വെച്ചു മാധ്യമ വിചാരത്തിന്റെ സമയത്തു മാത്രം കേള്‍ക്കും.
ശമ്പളം കൊടുക്കാതെ ഒരു ഫ്രീ എഡിറ്ററെ/ക്രിട്ടിക്കിനെ കിട്ടുന്നതല്ലേ!” എന്ന്.
അതാണു മനോരമ.

PV said...

"ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍"

അപ്പോള്‍ ഇദ്ദേഹം ആണല്ലേ "സുപ്രസിദ്ധ നോവലിസ്റ്റ് സാഗര്‍ കോട്ടപ്പുറം"!!! ശരിക്കും പുതിയ അറിവ് തന്നെ...

താങ്ക്സ് :)

Rammohan Paliyath said...

കുങ്കുമം നോവൽ അവാർഡിലൂടെയായിരുന്നു ജോയ്സിയുടെ അരങ്ങേറ്റം. താഴ് വരകളിൽ വിലാപം.

കുങ്കുമം അവാർഡ് ഒരു കാലത്ത് വളരെ പ്രസ്റ്റീജിയസ് ആയിരുന്നു. നെല്ലിന് ഒരു കൊല്ലം ഒന്നാം സമ്മാനം കിട്ടിയപ്പോൾ അക്കൊല്ലം രണ്ടാം സമ്മാ‍നം കിട്ടിയത് പത്മരാജന്റെ നക്ഷത്രങ്ങളേ കാവലിനായിരുന്നു എന്നാണോർമ.

ജോയ്സി പിന്നീട് സീരിയലിലും സൂപ്പർഹിറ്റായി. ക്ലാസിക്കുകളുടെ വഴിയിൽ നിന്ന് വിട്ടും പോയി.

PV said...

കെ കെ സുധാകരനും ഇപ്പോള്‍ ഇതേ വഴിയാണ് നടക്കുന്നത്. വനിതയില്‍ പുള്ളി എഴുതുന്ന തുടരന്റെ "കഥ ഇതു വരെ" വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പകുതിയില്‍ കൂടുതല്‍ വായിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. അത്രയ്ക്കും മെഗാ സീരിയല്‍ സീരിയല്‍ നിലവാരമാണ് സംഭവം! അരി പ്രശ്നം തന്നെയാവും ഇതിനെല്ലാം കാരണം :( പാവം എഴുത്തുകാരന്‍...

Rammohan Paliyath said...

കെ. കെ. സുധാകരനും ലോഹിതദാസുമെല്ലാം അവരുടെ ആദ്യരചനകൾ എഴുതി പ്രസിദ്ധരാവും മുമ്പേ ഒരുമിച്ചൊരു സാഹിത്യക്യാമ്പിൽ ഉണ്ടായിരുന്നു. ശിഹാബുദ്ദീൻ പൊയ്ത്തും കടവും ഉണ്ടായിരുന്നു ആ കഥാ ക്യാമ്പിൽ.

ജീവിതത്തിന്റെ വാണിഭസ്ഥലങ്ങളിൽ സ്വപ്നങ്ങൾ നാണയങ്ങൾക്കു പകരം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് കാമു.

നാണയങ്ങളെങ്കിലും കിട്ടിയാൽ മതിയായിരുന്നു.

PV said...
This comment has been removed by a blog administrator.
ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

അപ്പോള്‍ എവിടേലും എഴുതി തെളിയണേല്‍ എവിടെങ്കിലുമൊക്കെ ചൊറിഞ്ഞു കൊടുത്തേ പറ്റൂല്ലേ...എഴുത്തുകാര്‍ക്കുലകിലീ ഗതികേടോ ഒടേമ്പ്രാനേ...!!

Umesh::ഉമേഷ് said...

യൂണീകോടോത്ത് ഗോവിന്ദന്‍ നായരെ ആപ്പ് ള്‍ മാക്കിണ്ടോഷില്‍ വായിക്കാന്‍ പറ്റില്ല...

അതൊക്കെ പണ്ടു്. മാക്കില്‍ യൂണിക്കോഡ് ഫോണ്ട് മനോജും വിനോദും കൂടി ഉണ്ടാക്കിയതറിഞ്ഞില്ലേ? ദാ, ഇവിടെ വിശദവിവരങ്ങളുണ്ടു്. രഞ്ജിത്തേ, കാശു കൊടുക്കാതെ ഒന്നാന്തരം രചന ഫോണ്ടില്‍ മലയാളം വായിക്കാം.

സാല്‍ജോ, ഞാന്‍ ഇതു വായിക്കുന്നതും ഇതെഴുതുന്നതും മാക്കില്‍. പുള്ളി അസ്ഥാനത്തല്ല. കൂട്ടക്ഷരം ഉണ്ടു താനും.

സാല്‍ജോҐsaljo said...

ഉമേഷ്ജി, ഇന്‍പുട്ടിന്റെ പ്രശ്നം എങ്ങനെ പരിഹരിച്ചു? മൊഴിയും, കീമാനും ഉപയോഗിക്കും വിധം മംഗ്ലീഷ് ടെഇപ്പിംഗ് സാധ്യമാണോ? മനോജിന്റെ ലാംഗ്വേജ് ഇന്‍പുട്ട് രീതി വേറെയല്ലേ?

Anonymous said...

i hope u don't mind this manglish ;-)

moonnam classil padikkumbo uralinte moolayilirunnu appurathe veetile chechiyude kayyil ninnum medicha manoramayile novelkal nalla sundaramayi pachavellam cherkathe vayicha oru kuttyil ninnum irupathinalam vayassil ee oru vaka budhijeevi book-kal ellam nalla euros ennikkoduthu vayikkunna oru "kutty" yenna nilakku ee chettan ee post-nu ithrem kelkkendiyirunnillannu njan vicharikkunnu ;)

PV said...

കളി മനോരമയോടോ? ആ ഈ- വീക്കിലി ഇപ്പോള്‍ ഇങ്ങനെ.

Unknown said...

"പപ്പയുടെ ഭാര്യയും മക്കളും അലീനയോട് എങ്ങനെ പെരുമാറും? കൂടുതലറിയാന്‍ ഇവിടെ ഞെക്കുക." :)

ente lokam said...

എല്ലാവര്ക്കും എല്ലാം രസിക്കണം എന്നില്ല. സഖരിയക്ക്‌ സഖറിയായുടെ ആരാധകര്‍.അതിലും ഒരു പക്ഷെ തീവ്രമായി ഈ എഴുത്തുകാരെ ആരാധിക്കുന്ന ഒരു നിരക്കാര്‍ ഉണ്ട്.കല്ലെറിയാന്‍ മാത്രമല്ല ഇവര്‍ക്ക് വേണ്ടി കല്ലേറ് കൊള്ളാന്‍ വരെ
ചങ്കൂറ്റം ഉള്ള ഒരു ആരാധക വൃന്ദത്തെ അവര്‍ സൃഷ്ടിക്കും. ഐഡിയ സ്റ്റാര്‍ സിങ്ങേരിലെ sms കണക്കുകള്‍ നിങ്ങള്‍ എന്തെ വിസ്മരിക്കുന്നു !!!.
ഒന്ന് ഞാന്‍ പറയാം നിരവധി ജനകീയ ഫീച്ചറുകള്‍ ഇറക്കി BPL കാരെ
വരെ വായന ലോകത്തേക്ക് കൊണ്ടു വരുന്നതില്‍ ഈ മ പ്രസിധീകരനഗല്‍
നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്‌.തഴപ്പായ നെയ്യുന്ന ഗ്രാമീണ വനിതകള്‍ പഴയ ബീഡി തെറുപ്പ് സംഘത്തിലെ പത്രം വായന പോലെ മംഗളം വായന നടത്തിയുരുന്ന ഒരു കാലം ഉണ്ടായിരുന്നു..അത് ജനകീയ വിപ്ലവം അല്ലെ?
വായന സാക്ഷ്ഷരതാ വിപ്ലവം..!!!!

Related Posts with Thumbnails