Tuesday, July 20, 2010

മലയാളിയാകണമെങ്കില്‍ [മനുഷ്യനാകണമെങ്കിലും] ഗള്‍ഫുകാരനാകണ്ടേ?


 ഗള്‍ഫില്‍ വന്ന് കുറേക്കാലം ജീവിച്ചപ്പോളാണ് യഥാര്‍ത്ഥ മലയാളിയാകാന്‍ തുടങ്ങുന്നു എന്നൊരു വികാരം [വിചാരവും] എനിയ്ക്കുണ്ടായിത്തുടങ്ങിയത്. അല്ല, ഇവിടുത്തെ സാധാസീദാ ഓണാഘോഷങ്ങള്‍ കണ്ടിട്ടോ സാഹിത്യപ്രസംഗങ്ങള്‍ കേട്ടിട്ടോ അല്ല എന്റെയുള്ളില്‍ മലയാളിത്തം മുളച്ചത്. പിന്നെയോ, ഞാനെന്ന എറണാകുളത്തുകാരന്‍ കാസര്‍കോട്ടുകാരെയും കണ്ണൂര്‍ക്കാരെയും വടകരക്കാരെയും കോഴിക്കോട്ടുകാരെയും മലപ്പുറത്തുകാരെയും ചാവക്കാട്ടുകാരെയും മണപ്പുറത്തുകാരെയും കരുനാഗപ്പള്ളിക്കാരെയും കോതമംഗലത്തുകാരെയും കോട്ടയത്തുകാരെയും തിരുവല്ലക്കാരെയും ചെങ്ങന്നൂര്‍ മാവേലിക്കരക്കാരെയും വര്‍ക്കലക്കാരെയുമെല്ലാം അടുത്തു പരിചയപ്പെടുന്നതും അവരില്‍ പലരോടുമൊപ്പം ഒരേ മുറിയില്‍ ഉണ്ടുറങ്ങിയതും ഗള്‍ഫില്‍ വന്നതിനു ശേഷമാണ്. അതെ, അതിനു ശേഷമാണ്, അതിനു ശേഷം മാത്രമാണ്, മലയാളിയായി എന്നൊരു തോന്നല്‍ എനിയ്ക്കുണ്ടായത്. അതുവരെ നീണ്ടകരയിലെ മത്സ്യവ്യവസായം, കുട്ടനാട്ടെയും പാലക്കാട്ടെയും നെല്ലറകള്‍, കല്ലായിയിലെ തടിമില്ലുകള്‍, ഇടനാട് മലനാട് തീരപ്രദേശം എന്നെല്ലാം സാമൂഹ്യപാഠം ക്ലാസില്‍ പഠിച്ചതു മാത്രമേ ഉണ്ടായിരുന്നുള്ളു. നീണ്ടുമെലിഞ്ഞു കിടക്കുന്ന കേരളത്തില്‍, പലയിടങ്ങളിലായി, പല സംസ്കാരവിശേഷങ്ങളുമായി തലയും കയ്യും കാലും വാലും പോലെ വേറെ വേറെ കിടക്കുന്ന മലയാളിയെ ഒരുമിച്ചു ചേര്‍ക്കുന്ന ഭൂമിയിലെ ഒരേയൊരു ലാബാണ് ഗള്‍ഫ്.

ഇതുവായിച്ചാല്‍ ബോംബെ മലയാളികള്‍ എന്നോട് ചൂടാവാന്‍ വരുമെന്നെനിയ്ക്കറിയാം. ബോംബെയല്ലേ ആദ്യത്തെ  കേരളം എന്നവര്‍ ചോദിയ്ക്കും. സത്യത്തില്‍ ബോംബെ മലയാളികള്‍ തന്നെ പല തരമുണ്ട്. അവരില്‍ എല്ലാവരെയും കാണണമെങ്കിലും ഗള്‍ഫില്‍ വരണമെന്നതാണ് സത്യം. പല തലമുറകളില്‍പ്പെട്ട ബോംബെ മലയാളികള്‍ - കുറച്ചു കാലം ബോംബെയില്‍ ജീവിച്ചവര്‍, കൌമാരം കഴിഞ്ഞയുടന്‍ ബോംബെയില്‍ എത്തിപ്പെട്ടവര്‍, ബോംബെയില്‍ ജനിച്ചു വളര്‍ന്നവര്‍... അങ്ങനെ പല തരം. ഫോര്‍ട്ടിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അവര്‍ കാസര്‍കോട്ടുകാരെ കണ്ടിട്ടുണ്ടാവും. ഇലക്ട്രോണിക്സ് സാധനങ്ങളോ നാരിയലോ വില്‍ക്കുന്ന മലബാറികള്‍. അവരോട് മലയാളം പറഞ്ഞിട്ടുണ്ടോ? പറഞ്ഞാല്‍ അവര്‍  തിരിച്ചും മലയാളം പറയുമോ? ലോകത്ത് എവിടെപ്പോയാലും ചെങ്ങന്നൂര്‍ തിരുവല്ല മാവേലിക്കരക്കാരായ നഴ്സുമാരെ കാണാം. പക്ഷേ അടുത്ത ഫ്ലാറ്റില്‍ അവര്‍ കുടുംബമായി താമസിക്കുന്നതു കണ്ടിട്ടുണ്ടോ?

ഒരേ സാധനത്തിന് പല നാട്ടുകാരായ മലയാളികള്‍ പറയുന്ന പല പല രസികന്‍ വാക്കുകള്‍ കേട്ടിട്ടുണ്ടോ? ഉദാഹരണത്തിന് വവ്വാല്‍ എന്ന് ഇപ്പോള്‍ പൊതുവായി പറയുന്ന നരിച്ചീര്‍, ആവലുംജാതി, കടവാതില്‍ എന്ന കാരാടന്‍ ചാത്തനെ അറിയാമോ?  കാസര്‍കോട്ടു മാത്രം നിന്നുള്ള വാച്ച്മാന്മാരെ പരിചയമുണ്ടോ? കണ്ണൂര്‍ക്കാര്‍ക്കു പോലും മനസ്സിലാകാത്ത അവരുടെ മലയാളം പരിചയമുണ്ടോ? നാദാപുരകാര്‍ മാത്രം നടത്തുന്ന എണ്ണിയാലൊടുങ്ങാത്ത കഫ്റ്റീരിയകളിലൊന്നില്‍ കയറിയിട്ടുണ്ടോ? ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീണ്ടുകിടക്കുന്ന മണപ്പുറം എന്നറിയപ്പെടുന്ന പ്രദേശത്തെ ബിസിനസ് വിദഗ്ധരെ അറിയാമോ? വര്‍ക്കലയിലെ മിടുക്കന്മാരെ? നോണ്‍സ്റ്റോപ്പ് മലയാളം പറയുന്ന അങ്കമാലിക്കാരെ? ചില്ലക്ഷരം വേസ്റ്റാക്കാത്ത കൊച്ചിക്കാരെ? ഇല്ല, ഗള്‍ഫിലുള്ള മലയാളി ജീവിതത്തിന്റെ വൈവിധ്യവും കൂട്ടപ്പൊരിച്ചിലുമൊന്നും ബോംബെയിലും ഡെല്‍ഹിയിലുമില്ല. ഇവിടെ ഓരോ ബില്‍ഡിംഗും ഓഫീസും വില്ലമുറിയും കേരള നിയമസഭയാണ്. അല്ല, രാഷ്ട്രീയം പറഞ്ഞ് അടികൂടുന്ന കാര്യമല്ല പറയുന്നത്, പല നിയോജകമണ്ഡലങ്ങളില്‍ നിന്നും ആളുണ്ടാവുന്ന അവസ്ഥയാണ്.

അതിലും രസമാണ് ‘നിങ്ങള്‍‘ എന്ന വാക്കിന്റെ പ്രയോഗം. മലബാറുകാര്‍ക്ക് അത് ബഹുമാനം തുളുമ്പുന്ന വിളിയാണ്. ഭര്‍ത്താവിനെ മലബാറിസ്ത്രീകള്‍ അങ്ങനെയെ വിളിയ്ക്കൂ. [എന്റെ വില്യാപ്പള്ളിക്കാരന്‍ സഹപ്രവര്‍ത്തകന്‍ അസ് ലം ഞങ്ങളുടെ ഇടച്ചേരിക്കാരനായ അര്‍ബാബിനെ ‘നിങ്ങള്‍ നിങ്ങള്‍’ എന്നു വിളിയ്ക്കുമ്പോള്‍ എന്നിലെ കൊച്ചിക്കാരന് ആദ്യമാദ്യം അസ്വസ്ഥത തോന്നിയിരുന്നു.] ‘എന്നെ നിങ്ങള്‍ എന്നു വിളിയ്ക്കല്ലേ’ എന്ന് പട്ടാമ്പിക്കാരനായ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ എനിയ്ക്ക് ചിരി വന്നത് ആ അനുഭവം ഓര്‍ത്തിട്ടായിരുന്നു. ഭാരതപ്പുഴ കടന്ന് അധികമായിട്ടില്ല, അപ്പോളേയ്ക്കും ‘നിങ്ങള്‍’ ഹറാമാ‍യി! തെക്കോട്ട് പോയാല്‍ പരാജയപ്പെട്ട ദാമ്പത്യത്തിലെ ഭാര്യമാര്‍ മാത്രമേ ഭര്‍ത്താവിനെ മുഖത്തുനോക്കി ‘നിങ്ങള്‍’ എന്നു വിളിയ്ക്കുകയുള്ളു [അല്ലെങ്കില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ :-)]. 

കേരളത്തനിമപോലെത്തന്നെ കാസര്‍കോട്തനിമയും പട്ടാമ്പിത്തനിമയുമെല്ലാം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. അല്ലാതെ പട്ടാമ്പിക്കാരനും ചാലക്കുടിക്കാരനും സിനിമ എഴുതിയാലും കഥാപാത്രങ്ങള്‍ വള്ളുവനാടന്‍ മലയാളം മാത്രം പറയുന്ന ഏര്‍പ്പാട് ആളെ ഊശിയാക്കുന്നതാണ്. സിംഗ് ള്‍ ഇന്‍ വെര്‍ട്ടഡ് കോമകളും ഫുട്നോട്ടുകളും ഇല്ലാതെ പല നാടന്‍ വാക്കുകളും പ്രയോഗിക്കാന്‍ കഴിയുന്ന ഒരു കാലം വേഗം ഇങ്ങു വരുമെന്നാണ് പതിനൊന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതം തരുന്ന കോണ്‍ഫിഡന്‍സുകളില്‍ ഒന്ന്. [കേരളം എന്നു പറഞ്ഞയുടന്‍ ഒരു കഥകളിത്തല കാട്ടുന്ന കോപ്രായത്തെ നോക്കി പരിഹാസച്ചിരി ചിരിയ്ക്കാന്‍ കഴിയുന്നതാണ് മറ്റൊരു കോണ്‍ഫിഡന്‍സ്.]

നാട്ടിലും ബോംബെയിലും ഡല്‍ഹിയിലും ജീവിച്ചിട്ടുള്ള ആളാണ് ഇതെഴുതുന്നത്. യാത്രകളിലൂടെ ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം നമ്മില്‍ പലരും കണ്ടുകാണും. അന്നാട്ടുകാരെ പരിചയവും കാണും. അവരില്‍ പലരോടുമൊപ്പം ജോലി ചെയ്യുകയോ കൂടെ താമസിക്കുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്തുകാണും. എന്നാല്‍ ഇത്രമാത്രം വൈവിധ്യ, ബാഹുല്യങ്ങളോടെ, ഇത്രമാത്രം നിത്യജീവിത സമ്പര്‍ക്കങ്ങളിലൂടെ, ദൈനംദിന ഇടപാടുകളിലൂടെ ‘കേരളം’ സംഭവിക്കുന്നത് കേരളത്തില്‍പ്പോലുമല്ല എന്നതല്ലേ സത്യം?

ഗള്‍ഫില്‍ വരികയും പ്രിയപ്പെട്ടവരെ പിരിഞ്ഞ് - In the Absence of their Men - ജീവിക്കുകയും ചെയ്യുക എന്നത് കഴിഞ്ഞ അമ്പതോളം വര്‍ഷമായി ലക്ഷക്കണക്കിന് മലയാളികളുടെ വിധിയാണ്. അതില്‍ അടുത്ത കാലത്തൊന്നും വലിയൊരു മാറ്റമുണ്ടാകും എന്ന് പറയാന്‍ ധൈര്യമില്ല. അപ്പോള്‍ ആ വിധിയുമായി പൊരുത്തപ്പെടുന്നതായിരിക്കും ബുദ്ധി. കേരളത്തിന്റെ വൈവിധ്യം അനുഭവിച്ചറിയാന്‍ ഈ മണ്ണും ഈ കാലവും വിനിയോഗിക്കാം. മുളകിട്ടു മാത്രമല്ല മീന്‍ വെയ്ക്കുന്നത് എന്ന് മനസ്സിലാക്കാം. കുടമ്പുളി എന്നു കേള്‍ക്കുമ്പോള്‍ വായ പൊളിയ്ക്കാതിരിയ്ക്കാം. [കഴിയ്ക്കാന്‍ വേണ്ടി വായ പൊളിയ്ക്കാം]. കണ്ണൂര്‍ക്കാരുടെ തീര്‍ത്താല്‍ തീരാത്ത പാചകവിധികളിലൂടെ - Malabar Muslim Cookery - സഞ്ചരിയ്ക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ അച്ചടിച്ചു വിട്ട പാചകക്കുറിപ്പുകള്‍ മാത്രമല്ല കേരളം എന്നറിയാം. തിരുവിതാംകൂറുകാരുടെ അധ്വാനവും ബുദ്ധിയും സ്ഥിരോത്സാഹവും അറിയാനുള്ള ആഗ്രഹവും വളരാനുള്ള വൈഭവവും കണ്ടുപഠിച്ച് മാതൃകയാക്കാം. മണപ്പുറത്തുകാരുടെ ബിസിനസ് സീക്രട്ട് എന്താണെന്ന് അടുത്തറിയാം. ഇതിനെല്ലാം ഗള്‍ഫിലല്ലാതെ വേറെ എവിടെ അവസരം?

സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ക്ലാസില്‍ പഠിച്ച ഒരു സയന്‍സ്പാഠം ഓര്‍ക്കുന്നു. വെളുത്തനിറമുള്ള പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ പുറത്തുവരുന്നത് വെള്ളക്കാരനല്ല. പിന്നെയോ - മഴവില്ലിന്റെ ഏഴു നിറം. വിബ്ജിയോര്‍. മഴയും വെയിലും ഒരുമിച്ചുണ്ടാകുമ്പോള്‍ മാനത്തും മഴവില്ല് തെളിയും. സൂര്യകിരണങ്ങളാകുന്ന കൂരമ്പുകള്‍  മഴത്തുള്ളികളുടെ കുഞ്ഞുപ്രിസങ്ങളെ കീറി മുറിയ്ക്കുമ്പോള്‍ വരുന്ന ചോരയ്ക്ക് ഏഴു നിറം.  മഴയും വെയിലും ഒരുമിച്ച് വന്നാല്‍ കുറുക്കന്റെ കല്യാണം എന്ന് കുട്ടിക്കാലത്ത് പറയുമായിരുന്നു. അങ്ങനെ ജപ്പാനിലും പറയുമെന്ന് Akira Kurosawa യുടെ Dreams എന്ന ജാപ്പനീസ് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. ഗള്‍ഫില്‍ ജീവിയ്ക്കുന്നതുകൊണ്ട് കുറുക്കന്റെയല്ല മനുഷ്യന്മാര്ടെ കല്യാണത്തിനുപോലും കൂടാന്‍ പറ്റാറില്ല. എങ്കിലും മഴവില്ലിന്റെ ഭംഗി ഗള്‍ഫിലും കണ്ടിട്ടുണ്ട് പലവട്ടം. അവസാനം കണ്ടത് ദുബായ് എയര്‍പോര്‍ട്ടില്‍ ഒരാളെ നാട്ടിലേയ്ക്ക് യാത്രയാക്കി പാര്‍ക്കിംഗിലേയ്ക്ക് നടക്കുമ്പോള്‍ വന്ന വെയില്‍മഴയത്ത്. 

ഈ മഴവില്ലിന് ഒരു മറുവശമുണ്ടല്ലോ. കണ്ടിട്ടുണ്ടോ അത്? ഒരു കാര്‍ഡ്ബോര്‍ഡ് വട്ടത്തില്‍ മുറിച്ച് അതിനെ ഏഴ് തുല്യഭാഗങ്ങളായി വരച്ച് ഏഴ് നിറങ്ങള്‍ പൂശി ഒരു സ്റ്റാന്‍ഡില്‍ സ്ഥാപിച്ച് സ്പീഡില്‍ കറക്കി നോക്കുക. സ്പീഡില്‍ കറങ്ങുമ്പോള്‍ ഏഴു നിറങ്ങളല്ല കാണുക, തൂവെള്ളയായിരിക്കും. പ്രകാശത്തിന്റെ നിറം വെറും വെളുപ്പാണ് എന്ന് കാണിയ്ക്കാന്‍ സയന്‍സ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചു കണ്ടിട്ടുള്ള ഒരു സൂത്രമാണിത്. ഇതു തന്നെയാണ് ഗള്‍ഫിലും സംഭവിയ്ക്കുന്നത്. 

അതിനപ്പുറം, കാസര്‍കോട്ടുകാരനെ മലയാളിയാക്കുന്നതിനും മലയാളിയെ ഇന്ത്യക്കാരനാക്കുന്നതിനുമപ്പുറം, ഇന്ത്യക്കാരനെ മനുഷ്യനാക്കുന്ന ഒരു മായാജാലം കൂടി ഗള്‍ഫില്‍ സാധ്യമാവുന്നുണ്ട്. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ കാരനും ഒത്തൊരുമിച്ച് കഴിയുന്ന ഇടമല്ലേ ഗള്‍ഫ്? പണിയെടുത്താല്‍ ജീവിയ്ക്കാം, വിശന്നാല്‍ ഭക്ഷണമാണ് ആവശ്യം തുടങ്ങിയ വലിയ സത്യങ്ങള്‍ അനുഭവിപ്പിക്കുന്ന ഗള്‍ഫ് ജീവിതം. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ല എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. 

21 comments:

Rammohan Paliyath said...

ഇതാ എന്റെ ഗള്‍ഫ് ഫണ്ടമെന്റലിസം അഥവാ ഗള്‍ഫ് സത്വവാദം. കേരളാ മോഡല്‍ എന്നൊന്നില്ല, ഗള്‍ഫ് കേരളാ മോഡലേയുള്ളു.

മിഡ് ല്‍ ഈസ്റ്റ് ചന്ദ്രികയുടെ രണ്ടാഴ്ച മുമ്പത്തെ ഫ്രൈഡെ എഡിഷനു വേണ്ടി എഴുതിയത്.

JULY 20, 2010 8:2

മണിലാല്‍ said...

“മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ല എന്ന് പഠിപ്പിക്കുന്ന വിദ്യാലയം“
0000000000000
ബിന്യാമിന്റെ ആടുജീവിതം വായിച്ചപ്പോൾ മറിച്ചാണ് അനുഭവപ്പെട്ടത്.
എന്തു ചെയ്യും

Rammohan Paliyath said...

ചരിത്രപരമാ‍യ ശരി എപ്പോഴും ഫിക്ഷനിലായിരിക്കും കൂടുതല്‍ എന്നാണ് എന്റെ അനുഭവം. അതുകൊണ്ട് ബന്യാമിന്‍ പറഞ്ഞതായിരിക്കും കൂടുതല്‍ ശരി എന്ന് ആടുജീവിതം വായിക്കാതെ തന്നെ അംഗീകരിക്കാന്‍ കഴിയും.

ബഹ്രിനിലെ യാഥാര്‍ത്ഥ്യങ്ങള്‍ എനിക്കറിയില്ല.

യുഎഇയില്‍ പാക്കിസ്ഥാനികളും ഇന്ത്യക്കാരും ഒരു വീട്ടില്‍ കഴിയുന്നില്ലായിരിക്കും. പക്ഷേ അവരില്‍ ഭൂരിപക്ഷത്തിന്റേയും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ സെയിമാണ്. അവര്‍ തമ്മില്‍ നിത്യേന ഇന്തോ-പാക്ക് സമാധാന ചര്‍ച്ചകള്‍ നിത്യജീവിതത്തിലൂടെ, അറിയാതെ, അറിയിക്കാതെ, നടത്തുന്നുമുണ്ട്.

Unknown said...

സത്യത്തില്‍ ‘കേരളം’ സംഭവിക്കുന്നത് കേരളത്തിലേയല്ല ഗള്‍ഫില്‍ തന്നെയാണ്. ഓണത്തിന് വിലയ്ക്ക് വാങ്ങിയ രണ്ടോ മൂന്നോ തരം പൂക്കള്‍ കൊണ്ട് വലിയ പൂക്കളം തീര്‍ക്കുകയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും സ്വന്തം അണുകുടുംബം മാത്രം അത് ആസ്വദിക്കുകയും ഭുജിക്കുകയും ചെയ്യുന്ന ‘കേരളം’ ഈ നീണ്ടു മെലിഞ്ഞ കേരളത്തിലല്ലാതെ ഗള്‍ഫില്‍ ഉണ്ടോ?

ഗള്‍ഫ് കുടിയേറ്റം സാര്‍വ്വത്രികമായിട്ട് അമ്പത് കൊല്ലമായിട്ടില്ല. ഒരു മുപ്പത് മുപ്പത്തഞ്ച് പറയാം. അതിനും മുന്‍പ് സിങ്കപ്പൂര്‍ , അക്യാബ് , ബര്‍മ്മ അങ്ങനെ പല സ്ഥലങ്ങള്‍ . ഒരിക്കല്‍ പ്രവാസിയായിപ്പോയാല്‍ പിന്നെ കേരളത്തില്‍ റീ-സെറ്റിലിങ്ങ് എന്നത് ഇന്നത്തെ അവസ്ഥയില്‍ സാധ്യമല്ല. അടുത്തെങ്ങാനും മാറ്റം വരാനും പോകുന്നില്ല. ആ രീതിയില്‍ നാട്ടിലെ ജീവിതം ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. എത്രയോ വീടുകളില്‍ പുരുഷന്മാരില്ല. അതില്‍ ആര്‍ക്കും പരാതിയുമില്ല. ബാങ്ക് അക്കൌണ്ടില്‍ ക്രഡിറ്റ് വരുന്നുണ്ടല്ലോ. ചാറ്റ് ചെയ്യുമ്പോള്‍ എന്നോട് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു: ഞങ്ങള്‍ മെഴുക് തിരികളാണ്, എന്നിട്ടും വെളിച്ചം പോര എന്നാണ് പരാതി. ദീര്‍ഘമായ ചാറ്റിന് ശേഷം അവന്‍ പറഞ്ഞു, എല്ലാ പ്രവാസികളുടെയും ആത്മരോഷമാണിത്. പ്രവാസം മൂലം ലഭിക്കുന്ന അധികപണം സ്വാഭാവികമായും ധൂര്‍ത്ത് ചെയ്യപ്പെടുകയാണ്. മദ്യപിച്ച് കേരളം ആര്‍മ്മാദിക്കുന്നത് മാത്രം മിച്ചം. നാട്ടിലെ ഒരു ഓട്ടോ ഡ്രൈവര്‍ എന്നോട് പറഞ്ഞു. കഷ്ടിച്ച് ജീവിയ്ക്കാനുള്ള വരുമാനമേയുള്ളൂ. എന്നാലും രാത്രി വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണുമ്പോള്‍ ലക്ഷത്തേക്കാളും വിലയുള്ള സംതൃപ്തി ലഭിക്കുന്നു.

Unknown said...

നാട്ടിലെ ഒരു ഓട്ടോ ഡ്രൈവര്‍ എന്നോട് പറഞ്ഞു. കഷ്ടിച്ച് ജീവിയ്ക്കാനുള്ള വരുമാനമേയുള്ളൂ. എന്നാലും രാത്രി വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണുമ്പോള്‍ ലക്ഷത്തേക്കാളും വിലയുള്ള സംതൃപ്തി ലഭിക്കുന്നു. കല്യാണം കഴിഞ്ഞ് ആദ്യമാസം തന്നെ ഗല്‍ഫില്‍ പോയ ഒരു ബന്ധു കഴിഞ്ഞ മാസം നാട്ടിലെത്തി എന്നെ കാണാന്‍ വന്നു. അവന്‍ പറഞ്ഞു: ഇപ്രാവശ്യം കൂടി പോയി വേഗം തിരിച്ചു വന്ന് നാട്ടില്‍ എന്തെങ്കിലും നോക്കണം. ഇല്ല, വിവാഹപ്രായമെത്തിയ നിന്റെ രണ്ട് പെണ്‍‌മക്കളെ കല്യാണം കഴിച്ചയക്കണമെങ്കില്‍ ഇന്നത്തെ നിലയ്ക്ക് ഒരു ആ‍യുസ്സ് കൂടി കടം വാങ്ങി ഗല്‍ഫില്‍ പോകേണ്ടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞത് അവന്‍ കേട്ടുവോ എന്ന് ഞാന്‍ ഭയന്നു.

Unknown said...

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്റെ വീട്ടിനടുത്താണ്. പേര് കണ്ണൂര്‍ എന്നാണെങ്കിലും കോളജ് അഞ്ചരക്കണ്ടിയിലാണ്. പൂട്ടിയിട്ടിരുന്ന വീട് വാടകയ്ക്കായി എന്നെ ഒരു പ്രവാസി സമീപിച്ചു. അയാളുടെ മകള്‍ അവിടെ എം.ബി.ബി.എസ്സിന് രണ്ടാം വര്‍ഷം പഠിക്കുന്നു. സൌദിയില്‍ മുപ്പത്തഞ്ച് വര്‍ഷമായി എഞ്ചിനീയര്‍ ആണയാള്‍. മകളുടെയും മകന്റെയും കൂടെ ഭാര്യയ്ക്ക് കോളേജിന്റെ അടുത്ത് താമസിക്കാന്‍ വേണ്ടിയാണ് വീട്. അയാളുടെ അവധി തീരാറായി. പ്ലസ് റ്റു കഴിഞ്ഞ മകന് വേണ്ടിയും ഒരു കോഴ്സ് അയാള്‍ തിരയുന്നുണ്ടായിരുന്നു. മകന്റെ ഭാവിയെപറ്റി അയാള്‍ പറഞ്ഞു. മകന് നാട്ടില്‍ ജീവിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു വിദ്യാഭ്യാസം അവന് നല്‍കണം. ഞാന്‍ മുപ്പത്തഞ്ച് വര്‍ഷമായി പുറത്ത്. സമയം പോയി എന്നല്ലാതെ ജീവിച്ച പോലെ ഒരു പ്രതീതിയുമില്ല. ഒരു കല്യാണത്തിന് സംബന്ധിച്ചില്ല. മരണവീടുകളില്‍ കയറിയിറങ്ങിയില്ല. ഒരു ചടങ്ങിലും പങ്കെടുത്തില്ല. അഥവാ പോയാലും പരമാവധി അഞ്ച് വര്‍ഷം പണിയെടുത്ത് അവനോട് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ പറയണം. നിങ്ങള്‍ക്ക് ഇത്രയും കാലത്തിന് ശേഷം ഉദിച്ച ബുദ്ധി മകന് അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാകുമോ എന്ന എന്റെ ചോദ്യം അയാള്‍ക്ക് മനസ്സിലായില്ല. അഥവാ അതിനെക്കുറിച്ച് പറയാതെ മറ്റ് വിഷയങ്ങളിലേക്ക് അയാള്‍ കടക്കുകയായിരുന്നു വിദൂരതയിലേക്ക് നോക്കിക്കൊണ്ട്. ജീവിതം ഒരു പ്രഹേളിക എന്നല്ലാതെ എന്ത് പറയാന്‍ ...

the man to walk with said...

ishtaayi..

oro kaazhchapaadukalaanu..dhooreninnu kaanumbol thirichariyaan eluppama

Anonymous said...

പെരുത്തിസ്റ്റായി ചെങ്ങായീ.
ഒരു തെക്കൻ തിരുവിതാംകൂറുകാരി.

നജൂസ്‌ said...

അതെ അദ്രശ്യമായ ചരടുകള്‍ എവിടെയോ ഉണ്ട്‌
അറിയാതെ, അറിയിക്കാതെ..

jayanEvoor said...

നല്ല പോസ്റ്റ്.
ഹൃദയം നിറഞ്ഞ ആശംസകള്‍!!!

കാട്ടുപൂച്ച said...

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ച പ്രതീതിയും ഒരുമയുടെയും സഹനത്തിന്റെയും നേര്കാഴ്ചയും. നല്ല അവതരണം .

Melethil said...

ramji, ishtaayi

vakkeelkathakal.blogspot.com said...

ബ്ലോഗനയില്‍ വായിച്ചു..
കുരഞ്ഞിയൂരുള്ള ശിവശങ്കരനെ അറിയുമോ..

വെള്ളെഴുത്ത് said...

അകിറായുടേ ഡ്രീംസിലെ കുറുക്കന്റെ കല്യാണം മലയാളിയുടെ കൈയ്യിൽ നിന്ന് പോയതാണെന്ന് ഒരു കിംവദന്തി(എന്താണു പറയേണ്ടത്) എവിടെയോ വായിച്ചതോർക്കുന്നു. നായർസാനോ മറ്റോ കക്ഷിയ്ക്ക് ഉപദേശിച്ചുകൊടുത്തതണൊ ഇനിയത്? വക്കാരി തന്നെ വന്ന് നിജസ്ഥിതി വെളിപ്പെടുത്തട്ടെ

വഴിപോക്കന്‍ | YK said...

>>> പണിയെടുത്താല്‍ ജീവിയ്ക്കാം, വിശന്നാല്‍ ഭക്ഷണമാണ് ആവശ്യം തുടങ്ങിയ വലിയ സത്യങ്ങള്‍ അനുഭവിപ്പിക്കുന്ന ഗള്‍ഫ് ജീവിതം. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ല എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. <<<

വളരെ മാന്യവും സത്യസന്തവുമായ ഒരു വിലയിരുത്തല്‍. സാദാരണ ബുദ്ധിജീവികള്‍ക്ക് ഗള്‍ഫുകാരന്റെ കുറ്റവും കുറവും മാത്രമേ പറയാന്‍ കാണൂ.

വഴിപോക്കനും അതുവഴിയെ പോകുമ്പോള്‍ രണ്ടു ദിവസം അവിടെ നിന്നിരുന്നു, ആ സമയം കൊണ്ട് തന്നെ ദുബായ് എന്റെ ഹൃദയം കവര്‍ന്നു
ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് എനിക്ക് അത്ഭുതമായിരുന്നു, മലയാളം അല്ലാതെ ഒരു ഭാഷയും അറിയാത്ത എന്റെ ചില സുഹൃത്തുക്കള്‍ അവിടെ എങ്ങിനെ ജീവിക്കുന്നു എന്ന്. ഇപ്പോള്‍ എന്നിക്ക് മനസ്സിലാവാത്തത്, മലയാളം അറിയാതെ അവിടത്തെ അറബികള്‍ എങ്ങിനെ ഇവിടെ ജീവിക്കുന്നു എന്നാണു

ഷൈജൻ കാക്കര said...

"ഗള്‍ഫില്‍ ജീവിയ്ക്കുന്നതുകൊണ്ട് കുറുക്കന്റെയല്ല മനുഷ്യന്മാര്ടെ കല്യാണത്തിനുപോലും കൂടാന്‍ പറ്റാറില്ല."

Bonny M said...

നീണ്ടു മെലിഞ്ഞ കേരളത്തില്‍ എല്ലാവരും വലിയ തലയുള്ളവര്‍. എന്തിനും ഏതിനും വലിയ അഭിപ്രായം പറയുന്നവര്‍. വലിയ സ്വപ്‌നങ്ങള്‍ ഉള്ളവര്‍.വലിയ വീടുകള്‍ പണിയുന്നവര്‍. വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാക്കിയവര്‍. എല്ലാവരെയും ഒന്നൊന്നായി പടിയടച്ചു പിണ്ഡം വച്ചു ഒടുങ്ങാത്ത പ്രവാസ ജീവിതതിനയച്ചതല്ലേ. തലകള്‍ ഇനിയും വലുതാകട്ടെ,സമരങ്ങളും പ്രക്ഷോഭങ്ങളും ഇനിയുമുണ്ടാകട്ടെ,മദ്യപാനത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ രചിക്കട്ടെ. അങ്ങനെ അങ്ങനെ എല്ലാവരും പുറത്താവുന്ന നാള്‍ വരും. അന്ന് "പ്രവാസി" ഉണ്ടാവില്ല. ഒരിക്കല്‍ രാജ്യം നഷ്ടപ്പെട്ട ജൂതന്മാരെപ്പോലെ, ചിതറിക്കപ്പെട്ട്, കേരളത്തിന്‌ പുറത്തു കേരളം സൃഷ്ടിച്ച്, അങ്ങനെ അങ്ങനെ......

Bonny M said...

പ്രവാസ ജീവിതം മലയാളിയുടെ മായാത്ത തലവര തന്നെ.

Sandhu Nizhal (സന്തു നിഴൽ) said...

‘നിങ്ങള്‍‘ എന്ന വാക്കിന്റെ പ്രയോഗം. മലബാറുകാര്‍ക്ക് അത് ബഹുമാനം തുളുമ്പുന്ന വിളിയാണ്. ഭര്‍ത്താവിനെ മലബാറിസ്ത്രീകള്‍ അങ്ങനെയെ വിളിയ്ക്കൂ.

ഭാരതപ്പുഴ കടന്ന് അധികമായിട്ടില്ല, അപ്പോളേയ്ക്കും ‘നിങ്ങള്‍’ ഹറാമാ‍യി!

നല്ല പോസ്റ്റ്.
ഹൃദയം നിറഞ്ഞ ആശംസകള്‍!!!

Unknown said...

വായിക്കാന്‍ നല്ല രസം, ആസ്വാദ്യകരം.
പലനാട്ടുകാരുമായ് അടുത്ത ബന്ധം പുലര്‍ത്താന്‍ പറ്റിയതിനാല്‍ കേരളത്തിന്റെ വൈവിധ്യം തൊട്ടറിയാനും വായനയെ പിന്തുടരാനും സാധിക്കുന്നു.

ഡിഫിയില്‍ ഗാന്ധിയന്മാര്‍ ഉണ്ടോ ആവോ!
കേരളം മദ്യാലയംന്ന് പറഞ്ഞേനെ ഇന്നിപ്പോള്‍ വിവേകാനന്ദ്ജി.

African Mallu said...

ഈ പോസ്റ്റ്‌ ഇപ്പോളാണ് വായിച്ചതു .റാം മോഹന്‍ പറഞ്ഞില്ലേ പാക്കിസ്ഥാനികളും ഇന്ത്യക്കാരും ഒരു വീട്ടില്‍ കഴിയുന്നില്ലായിരിക്കും എന്ന് എന്നാല്‍ ഇവിടെ അങ്ങിനെ ഒരുമിച്ചു താമസിക്കുന്ന രണ്ടു സുഹൃത്തുക്കളെ അറിയാം.അവര്‍ ആ സൗഹൃദം ആഘോഷിക്കുക തന്നെയാണ് .പ്രത്യേകിച്ചും അവരുടെ പാചക രീതികളും ഭക്ഷണവും .പറഞ്ഞതുപോലെ അവര്‍ തമ്മില്‍ ഇന്തോ-പാക്ക് സമാധാന ചര്‍ച്ചകള്‍ നിത്യജീവിതത്തിലൂടെ, അറിയാതെ, അറിയിക്കാതെ, നടത്തുന്നുമുണ്ട്. പലപ്പോഴും ഇവിടെ നമ്മള്‍ പരിചയപ്പെടുന്നത് ഇന്ത്യക്കാരന്‍ എന്ന് തെറ്റിദ്ധരിച്ചാണ് അവസാനം അവര്‍ തെല്ലൊരു അങ്കലാപ്പോടെ പറയും പാകിസ്താനിയാണെന്ന്......അതിനെന്താ കൊട് കൈ .......പിന്നെ ഓര്മ വന്നത് അമ്മയെ "നിങ്ങള്‍" എന്ന് വിളിച്ചതിന് ചന്തിക്ക് കിട്ടിയ പെടകളാണ്.......എന്റെ വീട് ഭാരതപ്പുഴ കടന്ന് അധികം അകലെയല്ല ,...... .പോസ്റ്റും കമന്റുകളും നന്നായിരിക്കുന്നു .

Related Posts with Thumbnails