Friday, December 31, 2010

വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കാതിരിക്കുമ്പോള്‍

ഇതായിരുന്നില്ല ആ പാലം എങ്കിലും
തോടിന്റെ അപ്പുറത്താണ് രഘുവിന്റെ വീട് - പട്ടത്ത്. തോടിനു കുറുകെ തെങ്ങുമ്പാലം.സാധാരണ ഒറ്റത്തടിയായിരിക്കും. പാലത്തിന് സമാന്തരമായി ആളുയരത്തില്‍ ഒരു കമ്പിയും വലിച്ചു കെട്ടും. അതില്‍ പിടിച്ചാണ് ബാലന്‍സ് തെറ്റാതെ പാലം കടക്കുന്നത്.എപ്പളോ ഒരിയ്ക്കല്‍ ഇരട്ടത്തടിയുണ്ടായിരുന്നു. ഇടിവെട്ട് അധികമുണ്ടായ ഏതോ തുലാവര്‍ഷക്കാലത്തിന് പിന്നാലെയായിരുന്നെന്നു തോന്നുന്നു അങ്ങനെ ഒരാഢംബരം. അല്ലങ്കില്‍ ആരാ രണ്ടു തടി ഇടുക? തെങ്ങുന്തടിയ്ക്ക് എന്താ വെല എന്നു വിചാരിച്ചിട്ടാ?



ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയുടെ മിടുക്കന്‍ കാലത്ത് വെട്ടിയുണ്ടാക്കിയതാണ് കൊച്ചിയിലെ ഉള്‍നാടന്‍ തോടുകള്‍ എന്ന് കേട്ടിട്ടുണ്ട്. ഒരു തെങ്ങിന്റെ ഉയരത്തേക്കാള്‍ വീതി പല തോടുകള്‍ക്കും ഇല്ല. സുലഭമായ തെങ്ങുകള്‍ കൊണ്ട് പാലമിടാനുള്ള സൌകര്യം കണക്കിലെടുത്തായിരിക്കണം അത്.



സ്കൂളുള്ള ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഒരിയ്ക്കലും ഒഴിവുദിവസങ്ങളില്‍ പല തവണയും പാലം കടന്ന് ഞങ്ങളിലാരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ കളിയ്ക്കാനോടും. അങ്ങനെയുള്ള ആ കുട്ടിക്കാലത്തു തന്ന പട്ടത്തെ പറമ്പിലെ രണ്ട് വലിയ സര്‍പ്പക്കാവുകള്‍ പരിചയമായി. അതിലൊരെണ്ണം തോടിനോട് ചേര്‍ന്ന്, ഞങ്ങളുടെ വീടിനോട് വളരെ അടുത്തായിരുന്നു. എന്നും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി കാട്ടുമ്പോള്‍, അസ്ഥിത്തറയിലും തുളസിത്തറയിലും വിളക്കുവെച്ചു കഴിഞ്ഞാല്‍ തോടിനപ്പുറത്തെ സര്‍പ്പക്കാവ് നോക്കി വിളക്കുയര്‍ത്തിക്കാട്ടി അച്ഛമ്മ വിളിക്കും - സര്‍പ്പത്താമ്മാരേ... ഞങ്ങളുടെ പറമ്പില്‍ സര്‍പ്പക്കാട് ഇല്ലായിരുന്നു.



പട്ടത്തെ പറമ്പില്‍ എവിടെ വേണമെങ്കിലും കളിയ്ക്കാമായിരുന്നു. പക്ഷേ സര്‍പ്പത്തിന്റെയടുത്തേയ്ക്ക് മാത്രം പൊയ്ക്കൂടാ. എന്നാലും ലോകം മുഴുവന്‍ നിശബ്ദമായി മയങ്ങുന്ന ഉച്ചത്തെ ചില രണ്ടേമുക്കാല്‍ നേരങ്ങളില്‍ അതിനടുത്തേയ്ക്ക് ഞങ്ങള്‍ നടന്നുചെന്നു. ഇല്ല, ഒരിയ്ക്കലും ഒരു പാമ്പിനെ കണ്ടിട്ടില്ല. എങ്കിലും രണ്ടാള്‍ ഉയരത്തിലുള്ള വലിയ ചിതല്‍പ്പുറ്റുകളും അപരിചിതമായ മരങ്ങള്‍ കൂട്ടം കൂടി നിന്നുണ്ടാക്കുന്ന കടും പച്ച  ഇരുട്ടും തണുപ്പും മൂലം ബഹുമാനം കലര്‍ന്ന ഒരു ഭയം എപ്പോളും തോന്നിയിരുന്നു. 


സര്‍പ്പത്താമ്മാരെപ്പറ്റി രഘു പല കഥകളും പറഞ്ഞിരുന്നു. അതിലൊരെണ്ണം ഇപ്പോളും 
ഓര്‍മയുണ്ട്‌. സര്‍പ്പത്തിന്‍റെ  നടുവില്‍  വലിയൊരു കറുവമരമുണ്ട്. കറുക എന്നാണ് അന്ന് പറഞ്ഞിരുന്നത്. അതിന്റെ അച്ചടിപ്പേര് ഇലവര്‍ങ്ഗം - cinnamon
- എന്നാണെന്നും കറുവപ്പട്ട എന്നാണ് അതിന്റെ സ്പൈസി തോല്‍ അറിയപ്പെടുന്നതെന്നും പിന്നീട് അറിഞ്ഞത് നാടന്‍വാക്കുകളില്‍ നിന്നും പൊതുമലയാളത്തിലേയ്ക്കുള്ള അധഃപതനമായാണ് കാണുന്നത്. ഇപ്പോള്‍ കറുക എന്നെഴുതാന്‍ ധൈര്യം പോര. അങ്ങനെ എഴുതിയാല്‍ അതേ പേരുള്ള പുല്ലുമായി വായിക്കുന്നവര്‍ കണ്‍ഫ്യൂസ്ഡ് ആകുമോ എന്നു ഭയം. കൊള്ളി, കിഴങ്ങ്, ചീനി, പൂളയെ കപ്പ കപ്പ എന്നു മാത്രം വിളിക്കുന്ന മലയാളിവത്കരണത്തിന്‍റെ ഭാഗമായുണ്ടായ പതനം.]



സര്‍പ്പക്കാടിന്റെയുള്ളിലെ കറുവയായതുകൊണ്ട് അതിന്റെ തൊലി ഉപയോഗിക്കാനെടുത്തിരുന്നില്ല. അതിന്‍റെ താഴ്ന്ന കൊമ്പുകളില്‍  നിന്നും ഇലകള്‍ പറിച്ചു തിന്നാന്‍ കൊതിയ്ക്കുമ്പോളൊക്കെയും രഘു വിലക്കിയിരുന്നത് ആ കഥ പറഞ്ഞിട്ടായിരുന്നു. ഒരു രാത്രി കള്ളന്‍ വന്ന്  ആ വലിയ കറുകയുടെ തൊലി മുഴുവന്‍ ഉരിഞ്ഞുകൊണ്ടു പോയെന്ന്. പക്ഷേ പിറ്റേന്ന് ഉച്ചയാകും മുമ്പ് തോളത്ത് ആ കറുവപ്പട്ട ചാക്കും ചുമന്നു കരഞ്ഞുവിളിച്ച് അയാള്‍ വന്നുപോലും. അയാള്‍ക്ക് സഹിക്ക വയ്യാത്ത മേലുവേദനയായിരുന്നുവത്രെ. കട്ട മുതലിനെപ്പറ്റി ആരോടോ പറഞ്ഞപ്പോള്‍ ഓടിച്ചെന്നു സര്‍പ്പത്താന്‍മാരോട്  മാപ്പു പറയാന്‍ അഡ്വൈസ് കിട്ടിയതു കേട്ടാണ് അയാള്‍ വന്നിരിക്കുന്നത്. അയാള്‍ ആ ചാക്ക് സര്‍പ്പത്താന്‍മാര്‍ക്ക്  വിളക്കു കത്തിയ്ക്കാന്‍ നാട്ടിയിരിക്കുന്ന വെട്ടുകല്ലിനടുത്തു വെച്ച് അവിടെ മണ്ണില്‍ കമിഴ്ന്നടിച്ചു വീണ്  പ്രാര്‍ത്ഥിച്ചു. വിളക്കു വെയ്ക്കാന്‍ എണ്ണ വാങ്ങാന്‍ പൈസയും കൊടുത്ത് രഘുവിന്റെ വീട്ടുകാരോടും മാപ്പു പറഞ്ഞ് കരഞ്ഞപ്പോള്‍ മാത്രമാണ് മേലുവേദന പോയത് എന്നാണ് രഘു പറഞ്ഞിരുന്ന കഥ. അത് ശരിയായിരുന്നോ എന്തൊ, എന്തായാലും ഞാനും ജയപാലനും അതു വിശ്വസിച്ചു. ആ കറുകയിലകളുടെ എരിയുന്ന മധുരം മുഴുവന്‍ ഒരു രുചിമുകുളങ്ങളെയും ത്രസിപ്പിക്കാതെ ഉണങ്ങി വീണു പൊയ്ക്കൊണ്ടിരുന്നു. 

വൈലോപ്പിള്ളി
അല്ലങ്കിലും കറുകയിലകളുടെ മധുരം മനുഷ്യനെ മധുരിപ്പിക്കാനുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? അതുപോലെ പാമ്പുകളുടെ വിഷം മനുഷ്യരെ ദ്രോഹിക്കാനാണുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? മാങ്ങാണ്ടി മുളയ്ക്കാന്‍ പാകമാവുമ്പോള്‍ അതിന്റെ  ചുറ്റുമുള്ള ‘മാംസ’ത്തിന് മധുരം വെയ്ക്കുന്നത്, ഒരമ്മ പറക്ക മുറ്റും വരെ കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നതുപോലെ, ആ മാവ് തന്റെ വിത്തിനെ തീറ്റിപ്പോറ്റുന്നതിന്റെ സ്വീറ്റ് ക്ലൈമാക്സാണ്, മധുരം കൊടുത്ത് യാത്രയയക്കലാണ്. അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം... എന്നെഴുതിയത് വൈലോപ്പിള്ളിയാണ്.

പ്രീഡിഗ്രിയ്ക്കു പഠിച്ച മലയാളം ടെക്സ്റ്റിലായിരുന്നു വൈലോപ്പിള്ളിയുടെ സര്‍പ്പക്കാട് എന്ന മറ്റൊരു പ്രസിദ്ധ കവിത വായിച്ചത്. രാമായണം കത്തിയ്ക്കണമെന്ന് കേശവദേവ്  പറഞ്ഞപോലൊരു കത്തിയ്ക്കല്‍ . അന്ധവിശ്വാസത്തിന്റെ  സര്‍പ്പക്കാടിന് കവി തീയിടുന്നു. രഘുവിന്‍റെ പറമ്പില്‍  പാമ്പുകളെയൊന്നും കണ്ടിരുന്നില്ല  എന്നു പറഞ്ഞില്ലേ, അതുപോലെ തന്നെയായിരുന്നു ഏറെ അകലെയല്ലാത്ത വൈലോപ്പിള്ളിയുടെ കലൂരിലെയും അനുഭവം. ഒരു പാമ്പിനെയും കണ്ടില്ല.  ഒരു മഞ്ഞച്ചേര മാത്രം ഇഴഞ്ഞു മറഞ്ഞു. ചേര എലിയെ പിടിയ്ക്കുമെന്ന കഥ അവിടെ നില്‍ക്കട്ടെ. എലിയ്ക്കും വേണം ജീവിയ്ക്കല്‍.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച മയിസ്രേട്ടേമ്മാന്‍ വീട്ടിപ്പോയി കുളിച്ച് ടീവി കണ്ടു രാത്രി ഡിന്നറിന് ചപ്പാത്തീടൊപ്പം മട്ടന്‍ ചാപ്സ് കഴിയ്ക്കുമ്പോള്‍, ജീവന്‍റെ  പ്രൈസ് ടാഗ് പലതിനും പലതാണോ സര്‍ എന്നു
ചോദിയ്ക്കാതെങ്ങനെ?

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിനും ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍ക്കും മുമ്പ്, ഗ്രീന്‍പീസ് മസാലയ്ക്കും മുമ്പ്, എന്‍വയോണ്‍മെന്റലായി  ചില ആളുകള്‍ മെന്റലാവുന്നതിനും മുമ്പ്, അതിനെല്ലാം മുമ്പ് തുടങ്ങിയതല്ല്ലേ സര്‍ ഈ
ബഷീര്‍
സര്‍പ്പക്കാട് ബിസിനസ് എന്നു  മസ്ക്കറ്റ് മലയാളി സമാജത്തില്‍ പ്രസംഗിച്ചു. പീന്നീട് പ്രസംഗിച്ച ചിലമ്പ് നോവലിസ്റ്റും ഒമാനില്‍ ബിസിനസ്സുകാരനും കൊടുങ്ങല്ലൂര്‍ക്കാരനുമായ എന്‍. ടി. ബാലചന്ദ്രന്‍ പറഞ്ഞത്  കാടു വെട്ടി തെളിച്ച് കുടിയേറ്റം മുന്നറിയപ്പോള്‍ സര്‍പ്പശല്യം ഭീകരമാവുകയും അത് ഒഴിവാക്കാന്‍ വേണ്ടി  ഗതികേടു  കൊണ്ടു തുടങ്ങിയതാണ് സര്‍പ്പാരാധനയുടെ മറവിലുള്ള ഈ കാട് ബിസിനസ് എന്നുമാണ്. ഗതികേടെങ്കില്‍  ഗതികേട്, വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കുന്നതിനോളം വരുമോ മറ്റേതെങ്കിലും പരിസ്ഥിതിപ്രേമം? 

ഇതിനെ അനന്തം വാസുകീ ശേഷം പത്മനാഭശ്ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം നമഃ എന്ന ഒരു പ്രാര്‍ത്ഥനയുമായും കൂട്ടിക്കെണമെന്നില്ല.  ചൂടില്ലേ പന്നഗത്തെ, ശരി തവ കണവന്‍ പാമ്പിലല്ല കിടപ്പൂ എന്നു മുന്നേറുന്ന  ഉമാരമാസംവാദവും പഠിയ്ക്കണമെന്നില്ല. പശുവിന്‍ പാലിനോളം ക്രൂരമായ നോണ്‍-വെജ് സാധനമുണ്ടോ?  അതുകൊണ്ടല്ലേ  ഇപ്പോള്‍ വെജിറ്റേറിയന്‍സിനെ കടത്തിവെട്ടുന്ന വേഗന്‍സ് എന്നാരു വര്‍ഗം രൂപപ്പെട്ടിരിയ്ക്കുന്നത്? [ഡെയറി ഉത്പ്പന്നങ്ങള്‍ കൂടി ഉപേക്ഷിക്കുന്ന കടുംവെജ് ഫാന്‍സാണ് വേഗന്‍സ്].

ഭാര്യവീട്ടിലെ ഒരു തിരുവോണത്തിന് തൂശനിലയില്‍ ചിക്കന്‍ കറി, ചെമ്മീന്‍ കറി, ചാള വറുത്തത് എന്നിവയും ഉണ്ടായിരുന്നു . ഒന്നും ദഹിയ്ക്കാതിരുന്നില്ല.

ചിങ്ങമാസത്തില്‍  തന്നെയാണ്  നാഗപഞ്ചമി  എന്നു കേട്ടിരിക്കുന്നു. ഫാര്‍ ഈസ്റ്റില്‍  പാമ്പ് ഒരു സ്വാദിഷ്ട വിഭവമാണെന്നും കേട്ടിരിക്കുന്നു. നൂറും പാലും എന്ന വാര്‍ഷിക ചടങ്ങിന് അലങ്കരിക്കുന്ന കവുങ്ങിന്‍പൂക്കിലകളും വഴിപാടായി നിവേദിക്കുന്ന കരിക്കും പഴവും ഒരു സര്‍പ്പവും ഭക്ഷിക്കാറില്ലന്നും അറിവു വെച്ചിരിക്കുന്നു.

പുള്ളുവന്‍ പാട്ടുകാര്‍
രഘുവിന്റെ  രണ്ടു ചേച്ചിമാര്‍ ബാംഗ്ളൂരിലും ഒരാള്‍ ഈറോഡിലുമാണ്. ചേട്ടനും വേറൊരു ചേച്ചിയും ബോംബെയില്‍.  രഘു ഹൈദ്രാബാദില്‍ . അമ്മ അഞ്ചെട്ടു  കൊല്ലം മുമ്പ് മരിച്ചു പോയി. അച്ഛന്‍ ചേട്ടന്‍റെയൊപ്പം കല്യാണിലുണ്ട്.  പട്ടത്തെ വീട് അടച്ചിട്ടിരിക്കുന്നു. പോക്കുവരവിന് ആരുമില്ലാത്തതിനാല്‍  തോടിനു കുറുകെ തെങ്ങുമ്പാലമിടല്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പുരയ്ക്ക് കുറേശ്ശെ ചിതലുണ്ട്.  വല്ലപ്പോഴും ആരെങ്കിലും വരുമ്പോള്‍ മാത്രം അടിച്ചു തൊടയ്ക്കും. സര്‍പ്പത്തിന് വിളക്കില്ല. നൂറും പാലുമില്ല. കറുവപ്പട്ട മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ വരാറുണ്ടോ എന്നു ചോദിച്ചാല്‍  അതും അറിയില്ല. കാരണം ഞാന്‍ പന്ത്രണ്ട് വര്‍ഷമായി ദുബായിലാണല്ലാ. എങ്കിലും വെട്ടിത്തെളിയ്ക്കപ്പെട്ട ചില പറമ്പുകളെങ്കിലും കിളയും കാല്‍പ്പെരുമാറ്റവും തെങ്ങുകയറ്റവുമില്ലാതെ വീണ്ടും കാടുകയറുന്നു എന്ന് ഊഹിയ്ക്കാന്‍ പറ്റുന്നുണ്ട് . ഭൂമിയുടെ അവകാശികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിയ്ക്കാതിരിക്കുമോ?



15 comments:

vasanthalathika said...

. ഒന്നും ദഹിയ്ക്കാതിരുന്നില്ല....
എല്ലാം ദ ഹിപ്പിക്കുന്ന ദഹനരസം ...പക്ഷെ ചില നേരങ്ങളില്‍ ഭക്ഷണം വര്‍ഗബോധവും സംസ്കാരവും ജാതിചിന്തയും ആദര്‍ശവും ഒക്കെ ഉണര്ത്തിവിടുന്നു.പാവം മനുഷ്യന്‍...

Rammohan Paliyath said...

:-)

umbachy said...

വേം ദഹിച്ചു, പിന്നേം പൈപ്പ് തൊടങ്ങി...

വെള്ളെഴുത്ത് said...

വിഷസർപ്പത്തിനു വിളക്കു വയ്ക്കരുതെന്ന് തോപ്പിൽ ഭാസിയാണൊ കണിയാപുരം രാമചന്ദ്രനാണോ പറഞ്ഞതെന്നായി ഇപ്പോഴത്തെ സംശയം. സർപ്പക്കാടും മലതുരക്കലും ജലസേചനവും...വച്ച് വൈലോപ്പിള്ളിയെ ‘പരിസ്ഥിതി’ വിചാരണയ്ക്കെടുക്കേണ്ടതുണ്ടെന്നത് സംശയമില്ലാത്ത സംഗതിയാണ്.. ശരിയാണ്. പക്ഷേ മല്ലിക അഭിനയിച്ച ‘ഹിസ്സ്സ്’ എന്നൊരു സിനിമ കണ്ടതിനു ശേഷം പാമ്പെന്നു കേൾക്കുമ്പോഴേ എന്തരോ ഒരു ഫീലിങാണ്..ആയമ്മ ഉത്തരേന്ത്യയിൽ നിന്ന് ബുദ്ധിമുട്ടി പ്രയാസപ്പെട്ട് കഷ്ടപ്പെട്ട് മണ്ണാറശ്ശാലയിലൊക്കെ വന്നു തൊഴുതുവിളിച്ചിട്ടും നാഗദൈവങ്ങൾ കൈവിട്ടു. പടം നിലം തൊട്ടില്ല.
നാഗത്താൻമാർ കണ്ണീരു കണ്ടില്ല. അവർക്ക് വിളക്കു വയ്ക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ?

Rammohan Paliyath said...

എന്റെ പ്രിയകവിയെ പരിസ്ഥിതി വായനയ്ക്ക് വിധേയനാക്കാന്‍ കുറേ നാളായി കൈ തരിക്കുന്നു. വെള്ളെഴുത്തും വെച്ച് അതു വായിച്ചെടുത്തല്ലൊ. പട്ടണങ്ങളിലാണ് ആ കവി ജനിച്ചു ജീവിച്ചു മരിച്ചത്. അതാകുമോ കാരണം?

മല്ലികാസര്‍പ്പം ചീറ്റിപ്പോയതിന് കദ്രുവിന്റെ മക്കള്‍ എന്തു പിഴച്ചു? ഇച്ഛാധാരി നാഗിന്‍ ശ്രീദേവിയ്ക്കും മുന്‍പേ പിടി കൂടണം.

ശ്രീജിത്ത് അരിയല്ലൂര്‍ said...

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച മയിസ്രേട്ടേമ്മാന്‍ വീട്ടിപ്പോയി കുളിച്ച് ടീവി കണ്ടു രാത്രി ഡിന്നറിന് ചപ്പാത്തീടൊപ്പം മട്ടന്‍ ചാപ്സ് കഴിയ്ക്കുമ്പോള്‍, ജീവന്‍റെ പ്രൈസ് ടാഗ് പലതിനും പലതാണോ സര്‍ എന്നു
ചോദിയ്ക്കാതെങ്ങനെ?
"njaanaaru"...?ennokke chodichu natakkunnathinekkaal kuzhaykkunna chodhyamaayippoyallo raamettaaa.?kozhiyunna pazhavum vellavumallaathe nammal manushyarkku bhakshikkaan verenthaanullathu...?athum manushyarkku maatramullathallallo...???

Bonny M said...

പ്രവാസികള്‍ എല്ലാവരും തിരിച്ചു പോകുന്ന കാലം(അങ്ങനെയൊരു കാലം ചുമ്മാ for the sake of argument)ഈ മരുഭൂമിയിലും കാടു കയറുമോ?

African Mallu said...

Do you remember that story about the Indian national football team? According to an extract from Apoova's EWB in Ghana' the Indians “played Ghana in a match, and used juju! The Ghanaian keeper was seeing 8 footballs instead of one – they had lions on the field and snakes! Your people, they have powerful juju! So FIFA barred them from ever playing internationally!!
http://www.modernghana.com/news/119545/1/juju-success-and-the-ghanaian-experience.html
ജുജു എന്ന് വച്ചാല്‍ ഇവിടുത്തെ ലോക്കല്‍ മന്ത്രവാദം. നമ്മള്‍ വേള്‍ഡ് കപ്പ്‌ കളിക്കാതതിനു ഇവിടുത്തെ വിശ്വാസം. നമ്മള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയാ ഗ്രൌണ്ട് മുഴുവന്‍ സര്‍പ്പങ്ങള്‍ .എന്തായാലും കളിയ്ക്കാന്‍ അറിയാഞ്ഞിട്ടല്ല എന്ന് പറയണ്ടല്ലോ . കാര്‍ന്നോന്മാരുടെ അന്ധ വിശ്വാസത്തിന്റെ പുണ്യം .

ente lokam said...

നാം പറയുന്നത് എന്തെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത കാലം ആണ്.വിശ്വാസവും അങ്ങനേ തന്നെ.വാസ്തവങ്ങള്‍
സത്യങ്ങള്‍ ആയി അന്ഗീകരിക്കുക എന്നത് പണ്ട്.ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്ര പേര്‍ കൂട്ട് നില്‍ക്കുന്നു എന്ന ബലത്തിന് അനുസരിച്ച് ആണ് സത്യവും അസത്യവും നിര്‍വചിക്കപ്പെടുക.
"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ"..
രക്ഷിക്കും എന്ന് ക്രിസ്തുവും അങ്ങ് തീര്‍ത്തു പറഞ്ഞില്ല.എന്താ ദീര്‍ഘ
വീക്ഷണം...ഹ..ഹ..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....

K S Sreekumar said...

കാവുകളും കുളങ്ങളും നമ്മുടെ പ്രക്യതിയിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പാമ്പുകൾക്ക് കാലവസ്ഥയെവരെ സ്വാധീനിക്കാനുള്ള കഴിവുണ്ടേന്ന് എവിടെയോ വായിച്ചതോർക്കുന്നു.

Anonymous said...

ഭൂമിയുടെ അവകാശികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിയ്ക്കാതിരിക്കുമോ?

വേണം. തീര്‍ച്ചയായും.

സര്‍പ്പക്കാവിനു ചുറ്റും ഓടിക്കളിച്ച എന്റെ ബാല്യത്തെ കൂടി തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍............

shyam said...

vallare nannayirikkunnu e kavitha.

pradeepramanattukara said...

സര്‍പ്പക്കാവുണ്ടായിരുന്ന പഴയ വീടും കാലവും ഓര്‍ത്തുപോയി

SHANAVAS said...

Dear,Seen this post in Mathrubhoomi and felt very much heart touching.
Wish you all the best and continue such writing.
regards.
shanavasthazhakath.blogspot.com

Related Posts with Thumbnails