കാരണവന്മാരുടെ കാര്‍ക്കശ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിനും സ്പെയര്‍ പാര്‍ട്സ് ബിസിനസിനും പിന്നാലെ മറ്റൊന്നു കൂടി സി. കെ.യുടെ ജീവിതഭാഗമായി - ഗോള്‍ഫ് കളി. “മേലനങ്ങാന്‍ വയ്യാത്ത വയസ്സന്മാരും പൊങ്ങച്ചക്കാരായ ബിസിനസുകാരും മാത്രം കളിക്കുന്ന കളി എന്നാണ് ഗോള്‍ഫി നെപ്പറ്റി പലരും കരുതുന്നത്. എന്നാല്‍ എല്ലാ പ്രായങ്ങളിലുമുള്ള ‘ചെറുപ്പക്കാരുടെ’ കളിയാണ് ഗോള്‍ഫ്. ശരീരത്തിന് നല്ല ആയാസം കിട്ടുന്ന കളി,” വര്‍ഷങ്ങളായി താന്‍ ഗോള്‍ഫ് കളിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം സി. കെ. വെളിപ്പെടുത്തുന്നു. ജിംനേഷ്യത്തി ലെ പതിവുകാരനാണ് സി. കെ. എന്നാല്‍ “ജിംനേഷ്യത്തിലെ വ്യായാമത്തിന് ഒരുപാട് പരിമിതികളുണ്ട്, മാത്രമല്ല അതില്‍ ഫണ്‍ ഇല്ല,” സി. കെ. പറയുന്നു. അങ്ങനെയാണ് വിനോദവും ബിസിനസും ശുദ്ധവായുവും ആയാസവും സൗഹൃദവും ശ്രദ്ധകേന്ദ്രീകരിക്കലും ഒത്തുചേരുന്ന ഗോള്‍ഫ് കളി കാണാന്‍, അല്ല സ്വയം കളിച്ച് അതിനെപ്പറ്റി അറിയാന്‍, സി. കെ.യോടൊപ്പം ഞങ്ങള്‍ ദുബായ് സിറ്റി സെന്ററിനരി കിലെ ദുബായ് ക്രീക്ക് ഗോള്‍ഫ് & യാട്ട് ക്ലബ്ബില്‍ പോയത്.
1993-ലായിരുന്നു ദുബായ് ഗോള്‍ഫ് & യാട്ട് ക്ലബ്ബിന്റെ തുടക്കം. അന്നു മുതല്‍ സി. കെ. അവിടെ അംഗമാണ്. ദുബായില്‍ ഏറ്റവുമാദ്യം ഗോള്‍ഫ് കളി തുടങ്ങിയവരില്‍ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഗോള്‍ഫ് കളിക്കുന്നയാള്‍ എന്നറിയപ്പെടാന്‍ സി. കെ.യ്ക്ക് താല്പര്യമില്ല. ഒരു കാര്യത്തിലും പബ്ലിസിറ്റി ഇഷ്ടപ്പെടാത്ത സി. കെ.യ്ക്ക് ഗോള്‍ഫും സ്വകാര്യമാണ്. “നന്നായി ഗോള്‍ഫ് കളിക്കുന്ന കുട്ടന് മാലത്തിരിയെപ്പോലുള്ളവര്‍ എന്റെ ഗോള്‍ഫ് പുരാണം കേട്ട് ചിരിക്കും. മറ്റു ചിലര്‍ക്ക് തോന്നും ഞാന്‍ പൊങ്ങച്ചം പറയുകയാ ണെന്ന്.” അതു കൊണ്ട് ആദ്യമൊന്നും ഈ മീറ്റിംഗിന് സി. കെ. വഴങ്ങിയില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ച ശേഷമായിരുന്നു ഞങ്ങളുടെ ഗോള്‍ഫ് ക്ലബ്ബ് യാത്ര. 1978 മുതല്‍ ബിസിനസ് രംഗത്തുള്ള സി. കെ.യുടെ ജാപ്പനീസ് ബന്ധമാണ് അദ്ദേഹത്തിന്റെ ഗോള്‍ഫ് കളിയ്ക്കു പിന്നിലെ മറ്റൊരു കാരണം എന്നൂഹിക്കാന്‍ വിഷമമില്ല. “ജപ്പാന്‍കാര്‍ക്ക് വല്ലാത്ത ഭ്രമമാണ് ഗോള്‍ഫിനോട്. ഒരു വലിയ വിഭാഗം ജപ്പാന്‍കാര്‍ക്ക് ഗോള്‍ഫ് കളിക്കാതെ ജീവിക്കാനാവില്ല,” സി. കെ. പറയുന്നു.
ഗോള്‍ഫ് ബോള്‍ അടിച്ചു തെറിപ്പിച്ച് ഹോളില്‍ ഇടാനുള്ള ബാറ്റിനെ ക്ലബ്ബ് എന്നു വിളിക്കുന്നു. ഒരിനം പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ബോളുകള്‍ക്ക് ഏതാണ്ട് 40 ഗ്രാമിനടുത്ത് ഭാരമുണ്ട്. വീതി (വ്യാസം) ഏതാണ്ട് 4.3 സെമീ. അടിയേറ്റ് തെറിച്ച് പറക്കുമ്പോള്‍ പരമാവധി വേഗതയോടെ കൂടുതല്‍ ദൂരത്തെത്താന്‍ വേണ്ടി ബോളുകളുടെ പ്രതലം നിറയെ ചെറുകുഴികളാണ്. ഗോള്‍ഫ് കളിസ്ഥലം ഗോള്‍ഫ് കോഴ്സ് എന്നറിയപ്പെടുന്നു. സാധാരണയായി 18 ഹോളാണ് ഒരു കോഴ്സിലുണ്ടാവു ക. 9 ഹോളുള്ളവയുമുണ്ട്. (കേരളത്തില്‍ ഇന്നുള്ള 4 ഗോള്‍ഫ് ക്ലബ്ബുകളിലും 9 ഹോള്‍ വീതമേ ഉള്ളൂ. 1850-ല്‍ സ്ഥാപിതമായ, ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന ട്രിവാന്‍ഡ്രം ക്ലബ്ബിലുള്‍പ്പെടെ. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനരികില്‍ പണി പൂത്തിയാവുന്ന ഗോള്‍ഫ് ക്ലബ്ബില്‍ രണ്ടാം ഘട്ടത്തോടെ 18 ഹോളുണ്ടാക്കാനാണ് പരിപാടി.)
ദുബായ് ക്രീക്ക് ക്ലബ്ബില്‍ 18 ഹോളും 9 ഹോളും വീതമുള്ള രണ്ട് കോഴ്സുണ്ട്. കൂടാതെ പ്രാക്ടീസ് ചെയ്യാനുള്ള ഒരു കോഴ്സും. 9 ഹോളുള്ള ചെറിയ കോഴ്സിലായിരുന്നു ഞങ്ങളുടെ കന്നിയങ്കം. മിനിമം ഒരാള്‍ക്കും പരമാവധി ഒരുമിച്ച് 4 പേര്‍ക്കും ഗോള്‍ഫ് കളിക്കാം. ടീമുകളായും കളിക്കാം. അതേസമയം ഒരു കോഴ്സില്‍ ധാരാളം പേര്‍ക്ക് കളിക്കുകയുമാവാം. ഞങ്ങള്‍ ചെല്ലുന്നതിഌ മുന്‍പിലായി ഒരു സായിപ്പ് ഒറ്റയ്ക്കു വന്ന് കളിച്ചു മുന്നേറിപ്പോയി. പിന്നാലെ ഞങ്ങള്‍ കളി തുടങ്ങി. മുന്നില്‍ പലയിടങ്ങളിലായി ദൂരദൂരങ്ങളിലായാണ് ഹോളുകള്‍. അവയില്‍ 9-ലും പന്തിടണം. ദുബായ് ക്ലബ്ബി ലെ 9 ഹോള്‍ കോഴ്സ് മുഴുവനും 3 പാര് ആണ്. എന്നു വെച്ചാല്‍ ഓരോ ഹോളിലും 3 തവണകൊണ്ട് പന്ത് വീഴ്ത്തണം. ഓരോ ഹോളിലേക്കുമുള്ള ആദ്യത്തെ അടി തുടങ്ങുന്ന സ്ഥലമാണ് ടീ. ആദ്യത്തെ നീട്ടിയടി ഇവിടെ നിന്നാണ്. ഇതിന് സാധാരണ സ്റ്റീല്‍ ക്ലബ്ബാണ് ഉപയോഗിക്കുക. സാധാരണയായി 3 പാര്, 4 പാര്, 5 പാര് എന്നിങ്ങനെയുള്ള ഹോളുകളാണ് ഉണ്ടാവുക. അപൂര്‍വമായി 6 പാര് ഹോളുകളും വളരെ അപൂര്‍വമായി 7 പാര് ഹോളുകളുമുള്ള വലിയ ഗോള്‍ഫ് കോഴ്സുകളും ഉണ്ടാകും. 3 പാറിലെ ഹോളുകളില്‍ 3 തവണ കൊണ്ട് പന്തിടണം. 4 പാറില്‍ 4 തവണ കൊണ്ട് - ഇതാണ് പാര് എന്ന സൂചന കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ദുബായിലും അബുദാബിയിലും റാസല്‍ ഖൈമയിലുമായി പതിനഞ്ചോളം ഗോള്‍ഫ് ക്ലബ്ബുകളാണ് യുഎഇയിലുള്ള ത്. സി. കെ. അംഗമായ ദുബായ് ക്രീക്ക് ക്ലബ്ബില്‍ സജീവമായി കളിക്കാനെത്തുന്നവരുടെ എണ്ണം 700-ഓളം. സി. കെ. ഈയിടെയായി അത്ര തുടര്‍ച്ചയായ കളിയില്ല. “യുഎഇയില്‍ മൊത്തം നോക്കിയാലും ഗോള്‍ഫ് കളിക്കുന്ന മലയാളികളുടെ എണ്ണം പരമാവധി 20-ല്‍ താഴെയാവാനാണ് സാധ്യത” ആദത്തെ അടിയടിയ്ക്കാന്‍ ബോള്‍ വെയ്ക്കുന്നതിനിടെ സി. കെ. ഒരു സിഗരറ്റിന് തീ കൊളുത്തി. (സിഗരറ്റ് വലിച്ചു കൊണ്ട് കളിക്കാവുന്ന അപൂര്‍വ്വം ഔട്ട്ഡോര്‍ ഗെയിമായിരിക്കണം ഗോള്‍ഫ്.) ടീയില്‍ നിന്നുള്ള ആദ്യത്തെ നീട്ടിയടിയില്‍ ബോള്‍ നിലത്തുവെച്ച് അടിയ്ക്കണമെന്നില്ല. മരം കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉണ്ടാക്കിയ, ആണി പോലുള്ള, എന്നാല്‍ കൂടുതല്‍ പരന്ന് കുഴിഞ്ഞ തലയുള്ള കുഞ്ഞുസ്റ്റാന്‍ഡിന്മേല്‍ വെച്ചാണ് മിക്കവാറുമുള്ള ഈ ആദ്യനീട്ടിയടി. ടീയില്‍ നിന്നുള്ള അടിയില്‍ ബോള്‍ വളരെ ദൂരം പിന്നിടേണ്ടതുള്ളതുകൊണ്ടാണ് ഈ സൗകര്യം.
“പാര് 3-ല്‍ ഒറ്റയടിക്കു തന്നെ ഗ്രീനില്‍ എത്തിക്കുന്നതാണ് നല്ലത്” ആദ്യ പാറിന് തയ്യാറെടുക്കുന്നതിനിടെ സി. കെ. പറഞ്ഞു. പട്ടിംഗ് ഗ്രീന്‍ എന്നാല്‍ ഓരോ ഹോളിന്റെയും ചുറ്റുമുള്ള മിനുത്ത പച്ചപ്പുല്‍ ഭാഗം. ഇതാണ് ലോപിച്ച് ഗ്രീന്‍ ആയത്. പ്രതീക്ഷിച്ചതുപോലെത്തന്നെ സി. കെ. ഒറ്റയടിക്ക് ബോള്‍ ആദ്യ ഹോളിന്റെ ഗ്രീനിലിട്ടു. ശക്തി മുഴുവന്‍ അരക്കെട്ടിലും തുടകളിലും കേന്ദ്രീകരിച്ച് നല്ല ആയാസമെടുത്തുള്ള ഒരടി തന്നെയാണിത്. ഇങ്ങനെ ഹോളുകളുടെ എണ്ണത്തിനനുസരിച്ച് 9-ഓ, 18-ഓ അടി, 3 മണിക്കൂറിനിടെ അടിക്കുന്നതു തന്നെ നല്ലൊരു വ്യായാമമല്ലേ? ഗ്രീനിന്റെ ഒരു ഭാഗത്താണ് ഹോള്‍. തുടര്‍ന്ന് വളരെ ശ്രദ്ധിച്ച്, ചെറിയ ഷോട്ട് അടിക്കുന്നതിനുള്ള വ്യത്യസ്ത തരം ക്ലബ് സി. കെ. ബാഗില്‍ നിന്നെടുത്തു. ഇവിടെ ആയാസത്തേക്കാള്‍ വേണ്ടത് ശ്രദ്ധകേന്ദ്രീകരിയ്ക്കലാണ്. ഒരു പക്ഷേ മിടുക്കന്മാര്ക്ക് മാത്രമറിയാവുന്ന വിദ്യ. അല്ലെങ്കില്‍ മിടുക്കുള്ളവരെ അങ്ങനെയാക്കുന്ന വിദ്യ.
അത്യധികമായ കോണ്‍സന്‍ട്രഷന്‍ ആവശ്യമുളള കളിയാണ് ഗോള്‍ഫ്. എല്ലാം മറന്ന് നമ്മള് ബോളിനെ മാത്രം ശ്രദ്ധിക്കണം. പിന്നെ കണ്ണുകള്‍കൊണ്ട് ദൂരമളക്കണം, വേഗത നിശ്ചയിക്കണം. ദുബായ് നഗരത്തിഌ നടുവില്‍ നിന്നിട്ടും ഞങ്ങള്‍ മറ്റെല്ലാം മറന്നത് അപ്പോളാണ്. അതെ, കളി തുടങ്ങി 15 മിനുട്ട് കൊണ്ട് ഞങ്ങള്‍ ഗോള്‍ഫുമായി പ്രേമത്തിലായി. ഇതിനു പുറമെയാണ് ടീയില്‍ നിന്ന് ഹോളുകളിലേക്കും ഹോളുകളില്‍ നിന്ന് അടുത്ത ടീയിലേയ്ക്കുമുള്ള നടത്തം. നടക്കാന്‍ വയ്യെങ്കില്‍ ചെറിയ വാഹന സൗകര്യമുണ്ട്. ബാഗും മറ്റു സാമഗ്രികളും കൊണ്ടുവരാന്‍ കാഡികളും. (ഇങ്ങനെ ബാഗുന്തി നടന്ന എത്ര കാഡികള്‍ ചാമ്പ്യന്മാരായി! വിശേഷിച്ചും ഇന്ത്യക്കാര്‍ - അലി ഷേര്‍, ശിവ്ശങ്കര് പ്രസാദ് ചൗരസ്യ, ചിന്നസ്വാമി മുനിയപ്പ...)
ഈ യാത്രകളാണ് ഗോള്‍ഫിന്റേതു മാത്രമായ മറ്റൊരു സവിശേഷത. ഈ സാവകാശനടത്തത്തിനിടയില്‍ സൗഹൃദങ്ങള്‍ പിറക്കുന്നു, ബിസിനസ് പങ്കാളികള്‍ ജനിക്കുന്നു, വലിയ കരാറുകള്‍ക്ക് അടിത്തറയിടുന്നു, കളിക്കിടെ സംസാരിക്കാഌം വ്യക്തിപരമായി തമ്മിലടുത്തറിയാനും അവസരമുണ്ടാകുന്നു. മറ്റേത് കളിയിലുണ്ട് ഇങ്ങനെ വ്യക്തിപരമായി സംസാരിക്കാവുന്ന സന്ദര്‍ഭങ്ങള്‍? ഇതിനിടയില്‍ മണല്‍ക്കുഴികള്‍ (സാന്‍ഡ് ബങ്കേഴ്സ്), കുറ്റിക്കാടുകള്‍, ഇടതൂര്‍ന്ന പുല്‍പ്രദേശങ്ങള്‍, വെള്ളം (തടാകങ്ങള്‍, ചെറിയ അരുവികള്‍) തുടങ്ങിയ തടസ്സങ്ങളും ഉണ്ടാവും. അടിച്ച് തെറിയ്ക്കുന്നതിനിടെ പന്ത് വെള്ളത്തില്‍പ്പോയാല്‍ പെനാല്‍റ്റിയുണ്ട്. പൂ ഴിയില്‍ വീണത് അവിടെ നിന്ന് ക്ലബ്ബുപയോഗിച്ച് പൊക്കിയെടുക്കുകയും വേണം. ഞങ്ങള്‍ കളിച്ച 9 ഹോള്‍ കോഴ്സിലെ ഗ്രീനുകളുടെ വശങ്ങളിലും സാന്‍ഡ് ബങ്കേഴ്സിലേക്ക് നയിക്കുന്ന ചെരിവുകളുണ്ട്. തീര്‍ത്തും മതിമറന്നു പോകുന്ന ആഹ്ലാദത്തിന്റെയും ആകാംക്ഷയുടെയും സന്ദര്‍ഭങ്ങളുമായി കാത്തിരിക്കുന്നവ തന്നെ ഇവയോരോന്നും. അങ്ങനെ 9 ഹോള്‍ പിന്നിട്ടപ്പോഴേയ്ക്കും രണ്ടര മണിക്കൂറിലേറെ കഴിഞ്ഞിരുന്നു.
അറിവില്ലായ്മ മൂലം ഗോള്‍ഫിനോട് ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസവും പുച്ഛവും ഒരു റൗണ്ട് കളി കഴിഞ്ഞപ്പോള്‍ത്തന്നെ തീര്‍ത്തും ഇല്ലാതായിക്കഴിഞ്ഞിരുന്നു. “ഇതിലും രസമാണ് 18 ഹോളിലെ കളി. അവിടെ 4 പാറും 5 പാറും ഉണ്ടാവും. ചിലപ്പോള്‍ 6 പാറും. പാര് കൂടു ന്തോറും ദൂരവും കൂടും. പാര് 3-ല്‍ 250 യാഡില്‍ താഴെയാണ് ദൂരമെങ്കില്‍ പാര് 4ല്‍ 250-450 യാഡും പാര് 5-ല്‍ 451-690 യാഡും പാര് 6-ല്‍ 691 യാഡിനു മുകളിലും ദൂരമുണ്ടാകും,” സി. കെ. വിശദീകരിക്കുന്നു. പാര് 3-ലുള്ള ഹോളില്‍ 2 തവണകൊണ്ട് (-1) ബോളിട്ടാല്‍ ബേഡി. 3 തവണകൊണ്ട് ഇടുന്നത് പാര്, 4 തവണ കൊണ്ട് (+1) വീഴ്ത്തിയാല്‍ ബൂഗി... ഇങ്ങനെ ചില സൂചനപ്പേരുകളുണ്ട്. ഒരൊറ്റയടിക്ക് ഹോളിലിടുക എന്ന അപൂര്‍വ്വ സുന്ദരനേട്ടമാണ് എയ്സ് അഥവാ ഹോള്‍ ഇന്‍ വണ്‍.
യുഎഇയിലെ ഏറ്റവും തിരക്കേറിയ ഗോള്‍ഫ് ക്ലബ്ബാണ് ദുബായ് ക്രീക്ക് ഗോള്‍ഫ് & യാട്ട് ക്ലബ്ബ് എന്നു പറയാം. മണിക്കൂറില്‍ 300-400 ദിര്‍ഹമാണ് ഇവിടെ കളിക്കാന്‍ ഈടാക്കാറുള്ളത് (ഗ്രീന്‍ ഫീ). അംഗങ്ങള്‍ക്ക് ഇളവുണ്ട്. അംഗത്വ ഫീസ് ഒരു വര്‍ഷം 21,000 ദിര്‍ഹം. ഇതില്‍ ട്രയിനിംഗ് ഫീസും ഉള്‍പ്പെടും. ഒരു തവണ ഈടാക്കുന്ന എന്‍ട്രന്‍സ് ഫീയുമുണ്ട് 15000 ദിര്‍ഹം. “ഇത്ര വര്‍ഷമായിട്ടും ഗോള്‍ഫില്‍ ഞാനിപ്പോഴും വിദ്യാര്‍ത്ഥിയാണ്. അതു കൊണ്ട് എല്ലാ വര്‍ഷവും അംഗത്വം പുതുക്കുമ്പോള്‍ ഒപ്പം കിട്ടുന്ന കോച്ചിംഗില്‍ പങ്കെടുക്കാറുണ്ട്,” സി. കെ. പറയുന്നു.
സ്ഥിരമായി കളിക്കുന്ന അമച്വര്‍ കളിക്കാര്‍ക്ക് ഗോള്‍ഫില്‍ റാങ്കിംഗ് ഉണ്ട്. ഇത് ഹാന്‍ഡികാപ്പ് എന്നറിയപ്പെടുന്നു. 0 മുതല്‍ 28 വരെയാണ് ഹാന്‍ഡികാപ്പ്. സി. കെ.യുടെ സുഹൃത്തും അല്‍ സയീദി ഓട്ടോമോട്ടീവ് ട്രേഡേഴ്സ് ഉടയുമായ ഇടപ്പാള്‍ സ്വദേശി കുട്ടന് മാലത്തിരി യുടെ ഹാന്ഡികാപ് 12. പ്രധാനമായും ടയര്‍ ട്രഡിംഗ് ആണ് പ്രശസ്തനായ കുട്ടന് മാലത്തിരിയുടെ ബിസിനസ്. അടുത്തിടെ ദുബായ് ക്രീക്ക് ക്ലബ്ബില്‍ അല്‍ ഷമാലി ഗ്രൂപ്പ് നടത്തിയ ഗോള്‍ഫ് ടൂര്‍ണമെന്റിലെ ഒരു വിജയിയും ഈ ബിസിനസുകാരനായിരുന്നു. ബിസിനസുകാര്‍ക്കു പുറമെ ഉയര്‍ന്ന എക്സിക്യുട്ടീവ് റാങ്കുകളിലുള്ളവരും ഗോള്‍ഫ് കളിക്കുന്നുണ്ട്. എയര്‍ അറേബ്യയുടെ ഹെഡ് ഓഫ് കമേഷ്യലായ കണ്ണൂര്‍ സ്വദേശി എ. കെ. നിസാറിന്റെ ഹാന്‍ഡികാപ്പ് 21. “ഹാന്‍ഡികാപ്പ് ഉള്ളവരെല്ലാം കൂടുതല്‍ സമയം ഗോള്‍ഫ് കളിക്കുന്നവരാണ്. ഞാന്‍ അത്രത്തോളം പോയിട്ടില്ല,” സി. കെ. വിനയം കൊള്ളുന്നു. “താരതമ്യം ചെയ്യാവുന്ന ഹാന്‍ഡികാപ്പുകള്‍ ഉള്ളവര്‍ തമ്മിലാണ് സാധാരണ കളിക്കാറുള്ളത്. അല്ലാതെ പൂജ്യം ഹാന്‍ഡികാപ്പും 15 ഹാന്‍ഡികാപ്പും തമ്മിലുള്ളവര്‍ കളിച്ചാല്‍ അതൊരു രസികന്‍ കളിയാവുകയില്ലല്ലോ. കളിയുടെ പാരമ്യതയിലെത്തിയവരാണ് പൂജ്യം ഹാന്‍ഡികാപ്പുകാര്‍,’’ സി. കെ. വിശദീകരിക്കുന്നു.
ബോള്‍ ഹോളില്‍ വീഴ്ത്താന്‍ എടുക്കുന്ന തവണകളുടെ അടിസ്ഥാനത്തിലാണ് ഹാന്‍ഡികാപ്പ് നിശ്ചയിക്കുന്നത്. ഇതിന് നിശ്ചിത അംഗീകാരവും വേണം. യുഎഇയില്‍ ഇത് നിയന്ത്രിക്കുന്നത് എമിറേറ്റ്സ് ഗോള്‍ഫ് ഫെഡറേഷന്. 18 ഹോളിലും 71 ശ്രമം കൊണ്ട് ബോള്‍ വീഴ്ത്തിയാല്‍ ‘0’ ഹാന്‍ഡികാപ്പ് എന്നു പറയാം. സാധാരണയായി നാല് പാര് 3 ഹോളു കളും (12) പത്ത് പാര് 4-ഉം (40) നാല് പാര് 5-ഉം (20) ഹോളുകള്‍ ഉള്‍പ്പെടുന്നതാണ് 18 ഹോള്‍ കോഴ്സ്. ആരെങ്കിലും ഗോള്‍ഫ് കളിക്കുന്നത് പൊങ്ങച്ചത്തിനാണെന്ന് സി. കെയ്ക്ക് അഭിപ്രായമില്ല. ദുബായില്‍ വരുന്ന ജപ്പാന്‍കാര്‍ ഇവിടുത്തെ പൊരിവെയിലത്തും ആരോരുമറിയാതെ ഗോള്‍ഫ് കളിക്കും. ഉദാഹരണത്തിന് മീഡിയാ സിറ്റിയ്ക്കടുത്ത മോണ്ട്ഗോമറി ക്ലബ്ബില്‍ 2010 ജൂലൈ 7ന്, പൊരിഞ്ഞചൂട്ടത്ത്, രാവിലെ 8 മണിക്കാണ് സി. കെയുടെ 3 ജപ്പാനീസ് അതിഥികള്‍ കളി ബുക്ക് ചെയ്തിരിക്കുന്നത്.
എഴുപതുകളില്‍ നാലണയുടെ പൊറോട്ടയും കഴിച്ച് സി. കെ. ജീവിച്ചിട്ടുണ്ട്. 1982-ല്‍ ട്രിവാന്‍ഡ്രം ഫ്ളയിംഗ് ക്ലബ്ബില്‍ ചേര്‍ന്ന് മണിക്കൂറിന് 80 രൂപ കൊടുത്ത് മണിക്കൂറുകളോളം വിമാനം പറപ്പിച്ചിട്ടുണ്ട്. ദുബായില്‍ വന്ന കാലത്ത് 6 വര്‍ഷത്തോളം താമസ സ്ഥലത്തോ ജോലിസ്ഥലത്തോ എസി ഇല്ലായിരുന്നു. ഇതിന്റെയെല്ലാം കൂടെ ‘കഴിഞ്ഞ പത്തുപതിനേഴു വര്‍ഷമായി ഗോള്‍ഫ് കളി ക്കുന്നു’ എന്നൊരു വാചകം കൂട്ടിച്ചേര്‍ക്കാന്‍ സി. കെ.യ്ക്ക് അവകാശമില്ലേ?
[Business Gulf മാഗസിനില്‍ - ജൂണ്‍ 2010 ലക്കം - പ്രസിദ്ധീകരിച്ചത്]
9 comments:
റാം പറഞ്ഞത് പോലെ പണക്കാരന്റെ അലസമായ ഒരു പൊങ്ങച്ച ഗയിമായാണ് ഞാനിതിനെ കണ്ടിരുന്നത് .ഗോള്‍ഫിനെ കുറിച്ച് ഇത്രയധികം കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി ...
പണ്ട് പൂള് ടേബിള്‍ കണ്ടപ്പോ പഴയ ജോസ് പ്രകാശ് പൈപ്പും കടിച്ചു പിടിച്ചു കളിക്കണ കളിയല്ലേ
എന്നോര്‍ത്ത് മാറിനിന്നതും പിന്നീടു കളി പഠിച്ചപ്പോള്‍ അതിന്റെ ആവേശം പൂര്‍ണമായി മനസ്സിലാക്കുകയും ചെയ്ത പോലെ..
ഓ.ടോ കുറച്ചു കാലം മുന്‍പ് പത്രങ്ങളില്‍ പുകഞ്ഞ ഒരു വിവാദവും ഓര്‍മവരുന്നു ഗോള്‍ഫ് കോര്സും പരിസ്ഥിതി പ്രശ്നങ്ങളും ലിങ്ക് http://www.antigolf.org/english.html
നല്ല ഫൺ..
മലയാള അക്ഷരങ്ങളില്‍ ഗോള്‍ഫ് (വിവാദങ്ങള്‍ അല്ലാതെ) വിശേഷങ്ങള്‍ കാണല്‍ പതിവില്ല, അതിനിടക്കു വളരെ ഇന്ഫൊര്മാറ്റിവ് ആയ ഈ ലേഖനം ശ്രദ്ധേയമായി.
**
നാട്ടിലെ ജീവിതത്തിനിടയില്‍ പണക്കാരന്റെ കളിയായി മനസ്സിലാക്കി പാവപ്പെട്ട ഞാന്‍ ഗോള്‍ഫിനെ ശ്രദ്ധിചതെയില്ല, ന്യൂസിലാന്റില്‍ എത്തിയതോടെ ഗോള്‍ഫിന്റെ ഫണ്‍ മനസ്സിലാവുകയും ഗോള്‍ഫിനെ കുറിചുള്ള അന്ധവിശ്വാസങ്ങള്‍ മൊത്തത്തില്‍ മാറിക്കിട്ടുകയും ച്യ്തു. ചെറിയ പട്ടണങ്ങളില്‍ പോലും ഇവിടെ ഗോള്‍ഫിനു വേണ്ടി മാത്രമായുള്ള ഗോള്‍ഫ് വെയര്‍ഹൗസുകള്‍ കാണാം. സാദാരനക്കാരും, പാവപ്പെട്ടവനും ഇവിടെ ഗോള്‍ഫ് കളിക്കുന്നു. ഔട്ഡോര്‍ ഗോള്‍ഫ് ഒരു വേനല്‍ക്കാല കളിയായതിനാലായിരിക്കാം ഗോള്‍ഫിനെ വേനല്‍ക്കലത്തിന്റെ പ്രതീകമായി പശ്ചാത്യര്‍ കാണുന്നത്(?). മദ്യം ഹറാമായവര്ക്കു ബിസിനസ് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഗോള്‍ഫ് അല്ലാതൊരു ഓപ്ഷനും ഇല്ലല്ലോ :)
സസ്നേഹം
വഴിപോക്കന്
ee kaliye sharikku onnu manasilakkan ennu kure kalam ayi agrahikkunnu thank you so much Rametta
കളിയിലെ കാര്യങ്ങള്‍ വളരെ വ്യക്തം ആക്കിയതിന്
നന്ദി
വളരെ നല്ല പോസ്റ്റ് .
ക്ലബ്ബും, ഗോള്‍ഫ് കോഴ്സും ലഭ്യമല്ലാത്തവര്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്താല്‍ ഗോള്‍ഫ് കളിക്കാം .
http://www.1moregame.com/
കളിയുടെ സൂക്ഷ്മാംശങ്ങളോടൊപ്പം രസകരമായ ഒരു പോര്‍ട്രൈയ്റ്റ്.
ഒരുപാടു തെറ്റിദ്ധാരണകൾ മാറ്റിയ പോസ്റ്റ്..
നന്ദി...
ആദ്യം കളി തിയററ്റിക്കൽ ആയി പഠിക്കട്ടെ...
>>>അറിവില്ലായ്മ മൂലം ഗോള്‍ഫിനോട് ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസവും പുച്ഛവും ഒരു റൗണ്ട് കളി കഴിഞ്ഞപ്പോള്‍ത്തന്നെ തീര്‍ത്തും മാറി <<<
എനിക്കും അറിവില്ലായ്മ കൊണ്ടുണ്ടായിരുന്ന പേടി അകന്നെന്നു തോന്നുന്നു. ഫീസും ചാര്‍ജും ആലോചിക്കുമ്പോള്‍ ഒരു മാസത്തെ ഫീസു മുടക്കി നാട്ടില്‍ ചെട്ടിയാന്‍ കുഴിയില്‍ ഒരു ഗോള്‍ഫ് കോഴ്സ് ആരംഭിക്കാമെന്നു തോന്നുന്നു.
Post a Comment