Sunday, March 29, 2009

എന്തിനു വേറൊരു സൂര്യോദയം?


വീക്കെൻഡ് കഴിഞ്ഞുള്ള ആദ്യ വർക്കിംഗ് ഡേ രാവിലെ പാടാനുള്ള പാട്ടാണ് ‘എന്തിനു വേറൊരു സൂര്യോദയം’. ഉറയൊഴിയ്ക്കാത്ത പാൽ ഉറയൊഴിച്ച പാലിനോട് പാടാനുള്ളത്: ‘പിരിഞ്ഞു പോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ’. മന്ത്രിയുടെ വിവാഹനാൾ പാടാനുള്ളത്: മന്ത്രിയ്ക്കും മധുവിധു രാത്രീ...

ഈ വളിപ്പുകളത്രയും ഒറ്റയടിയ്ക്കോർത്തത് ഒരു തകർപ്പൻ വെബ് സൈറ്റിൽ പോയപ്പോളാണ്. നിങ്ങൾക്ക് പ്രിയമുള്ളതാകാൻ സാധ്യതയുള്ള എല്ലാ സൈറ്റുകളിലേയ്ക്കുമുള്ള ഹൈപ്പർലിങ്കുകൾ നിരക്കുന്ന ഒരു സൈറ്റാണിത്. ആ സൈറ്റിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക. വിത്സന്റെ കവിതയിൽ പറയുന്ന ജാതി ‘എല്ലാ പെണ്ണുങ്ങളും’ നിരന്നുനിൽക്കുന്ന ഒരു സൈറ്റ്.

സൈറ്റിന്റെ മുദ്രാവാക്യമാണ് അതിലും സൂപ്പർ - 'Why Search?' എന്നതാണ് ആ മുദ്രാവാക്യം. എന്തൊരു ആത്മവിശ്വാസം! എങ്കിലും അത് അതിരുവിടുന്നില്ല. തൊട്ടടുത്തു തന്നെയുണ്ട് ഗൂഗ്ൾ സെർച്ച് ബോക്സ്. വിനയവും അഹങ്കാരവും സമാസമം ചേർത്ത കിടിലൻ യാഥാർത്ഥ്യബോധം എന്നല്ലാതെ എന്തുപറയാൻ. ‘എന്തിനു സെർച്ച്’ എന്ന ആ ചോദ്യമാണ് ‘എന്തിനു വേറൊരു സൂര്യോദയം?’ എന്ന ചോദ്യം ഓർമിപ്പിച്ചത്.

ഞങ്ങൾ അഡ്വർടൈസിംഗുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഗൂഗിളിന്റെ അതീവലളിതസുന്ദരമായ ഹോം പേജാണ് ഇന്ന് ലോകത്തെ ഏറ്റവും പോപ്പുലറായ, പവർഫുളായ മീഡിയം. എത്ര കോടി സന്ദർശകരായിരിക്കും ഒരു ദിവസം, അല്ല ഒരു നിമിഷം, അവിടെ വന്നുപോകുന്നത്? എങ്കിലും മറ്റൊരു കമേഴ്സ്യൽ മെസേജും പരസ്യവും തൊടീയ്ക്കാതെ ആ പേജിന്റെ ബില്യൺ ഡോളർ കന്യകാത്വം ഗൂഗ്ൾ കിടാവ് കാത്തുപോരുന്നു. ഗൂഗ്ലിനെ കമേഴ്സ്യൽ പരവേശക്കാരി എന്നു വിളിയ്ക്കുന്നവർ ഇതോർക്കുന്നത് നന്ന്.

പെരുന്നാളിനും പൂരത്തിനുമെല്ലാം ലോഗോ കൊണ്ടുള്ള കളികൾ ഗൂഗ്ല് കളിയ്ക്കുന്നു എന്നത് വേറെ കാര്യം. അങ്ങനെ ലോഗോയുടെ സോ കാൾഡ് വിശുദ്ധിയും ഗൂഗ് ൾ തിരുത്തിയെഴുതി. ഒരിയ്ക്കൽ മാത്രം ഇവിടെ ഗൂഗ് ൾ മറ്റൊരു ബ്രാൻഡിനെ കൊണ്ടുവന്നു. എന്നു കരുതി പണം വാങ്ങി എന്നർത്ഥമില്ലാതാനും. കഴിഞ്ഞ ജനുവരി 28-ന് ഗൂഗ് ൾ ഹോം പേജിൽ പോയവർക്കറിയാം [ഗൂ ഗ് ളിന്റെ ഹോം പേജിൽ പോകാത്ത ഒരു ദിവസമോ, ഒരു മനുഷ്യനോ, നിങ്ങളെന്ത് മനുഷ്യദിവസമാണ് ഹേ!] അന്ന് അമ്പതാം വാർഷികാമാഘോഷിച്ച ലോകപ്രശസ്ത കളിപ്പാട്ടക്കമ്പനിയായ ലെഗോയുടെ ബിൽഡിംഗ് ബ്ലോക്കുകൾ കൊണ്ടാണ് അന്നത്തെ ഗൂഗ് ൾ ലോഗോ പ്രദർശിപ്പിക്കപ്പെട്ടത് എന്ന്. ലെഗോയുമായുള്ള ഗൂഗ് ളിന്റെ പ്രണയവിവരങ്ങൾ ഇവിടെ.

എന്നു കരുതി ഗൂഗ് ളാണ് ലോകത്തിന്റെ അറ്റം എന്നർത്ഥം വരുമോ? ക്രിയേറ്റിവിറ്റിയുടെ കുഞ്ഞുതീപ്പെട്ടിക്കൊള്ളികൾക്ക് ഭീമൻ വയ്ക്കോലുണ്ടകളെ തീവെയ്ക്കാൻ കഴിയില്ലേ?

Tuesday, March 24, 2009

ഇതാ ഒരു പിയാനോ


ബ്ലോഗ് എന്ന വാക്ക് വെബ്, ലോഗ് എന്നീ വാക്കുകൾ ചേർന്നുണ്ടായതാണെന്നറിയാമല്ലൊ. അതായത് നമ്മുടെ വെബഥ സഞ്ചാരങ്ങളുടെ യാത്രാക്കുറിപ്പു പുസ്തകം. എങ്കിലും ഒറിജിന്റെ പരിമിതികൾ ഭേദിച്ച് സിറ്റിസൺ ജേർണലിസത്തിന്റേയും സർഗഭാവനയുടേയും സ്വയംബ്ലോഗ ഗീർവാണങ്ങളുടേയും ഒരുപാട് ആവിഷ്കാരങ്ങൾക്ക് അത് വേദിയാകുന്നു.

മറന്നുപോയ അതിന്റെ ഒറിജിനൽ പർപ്പസ് വീണ്ടും ഇന്ന് ഓർത്തത് കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഫോർവേഡിയ ഒരു ഇ-മെയിൽ കിട്ടിയപ്പോഴാണ്. വെറും 620 കെബി മാത്രം വലിപ്പമുള്ള ഒരു എക്സെൽ ഫയലായി സുഭാഷ് അയച്ചത് ഒരു പിയാനോ. യെസ്, എ വർക്കിംഗ് പിയാനോ. കമ്പ്യൂട്ടറിൽ സ്പീക്കറുള്ളവർ മാത്രം ഇവിടെച്ചെന്ന് ഡൗൺലോഡ് ചെയ്യുക.


എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും സംഗീതപ്രേമികൾക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും.

Monday, March 9, 2009

ഒരു ആത്മഹത്യാക്കുറിപ്പ്


Thursday, March 5, 2009

നാട്ടുകോഴിയുടെ സംക്രാന്തി


കൃഷ്ണമൃഗത്തെ
വേട്ടയാടിയതിന്
സൽമാൻ ഖാന്
ശിക്ഷ വിധിച്ച്
ജഡ്ജിയേമ്മാൻ
വീട്ടീപ്പോയി
കൈ കഴുകി
ലഞ്ചിനിരുന്നു.
ശ്രീമതി
ചപ്പാത്തിയും
മട്ടൻ കറിയും
വിളമ്പി.

ദൈവത്തിന്റെ
പുസ്തകത്തിൽ
കൃഷ്ണമൃഗത്തിന്റെയും
മുട്ടനാടിന്റെയും
ജീവന്റെ
പ്രൈസ് ടാഗുകൾ
സെയിമല്ലെങ്കിൽ
നിങ്ങളുടെ

പഴഞ്ചൊല്ല്
‘നാട്ടുകോഴിയ്ക്ക്
എന്ത്
സംക്രാന്തി?’
എന്ന്
തിരുത്തിയേക്കണേ.

Tuesday, March 3, 2009

അമ്മയെ ഭോഗിച്ചോനേ...



അമ്മയെ ഭോഗിച്ചോനേ,
അച്ഛനാകാനുള്ള ദൂരം നീ മറന്നു പോയ്.
അമ്മ തൻ തണ്ണീർക്കുടം പൊട്ടിച്ച് കെടുത്തും ഞാൻ
സങ്കടം തീണ്ടാത്ത നിൻ ചെങ്കനൽ കാരാഗൃഹം.

‘ഇ’ത്രേയുള്ളു ജീവിതം


യാഹൂ കിട്ടിയപ്പോൾ ഹോട്ട്മെയിലിനെ മറന്നു.

ജീമെയിൽ വന്നപ്പോൾ യാഹൂളിഗനെ ഉപേക്ഷിച്ചു.

‘ഇ’-ത്രേയുള്ളു മാഷേ ജീവിതം.

Monday, February 23, 2009

ഗീതാഭാഷ്യം അറബിയിൽ


പറ്റി, ഹറം പറ്റി. മുൻപൊരു പോസ്റ്റിൽ - ഇവിടെ - ചോദിച്ച ചോദ്യത്തിന് ഇതാ ഒരു രസികൻ ഉത്തരം - അബുദാബി സാംസ്കാരിക വകുപ്പിന്റെ വമ്പൻ പരിഭാഷാ സംരംഭമായ Kalima, ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

വിത്സനോട് ഈന്തപ്പനകൾ ചോദിച്ചത് ഓർമയുണ്ടല്ലോ - തുറിച്ചു നോക്കുന്നതെന്തിന്, വിവര്‍ത്തന ശേഷമുള്ള തെങ്ങുകളാണ് ഞങ്ങള്‍.

യാഹൂ മെസെഞ്ചറിലെ സ്മൈലികൾ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, പഴയ മാതൃഭൂമി കലണ്ടറിലെ വെളുത്ത വാവുകളാണ് ഞങ്ങൾ. എയർ ഹോസ്റ്റസ് ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, അതിരമ്പുഴ ഷാപ്പിൽ മീങ്കറി വിളമ്പിയ മല്ലികച്ചേച്ചി തന്നെ ഞാൻ, പിസക്കഷണങ്ങൾ തമിഴിൽ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, ഉഡുപ്പി ഹോട്ടലീന്നു കഴിച്ച ഊത്തപ്പത്തിന്റെ ഇറ്റാലിയൻ പരിഭാഷ തന്നെ ഞങ്ങൾ.

Thursday, February 19, 2009

മൈരുമക്കത്തായം വീണ്ടും


ഫ്രഞ്ച് നീതിന്യായമന്ത്രി ശ്രീമതി Rachida Dati (43) ഇക്കഴിഞ്ഞ ജനുവരി 2 വെള്ളിയാഴ്ച രാത്രി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ശ്രീമതി Dati വിവാഹിതയല്ല എന്നു മാത്രമല്ല കുഞ്ഞിന്റെ പിതാവാരാണെന്ന് പറയാന്‍ അവർക്ക് തല്‍ക്കാലം സൌകര്യവുമില്ല.

ഇതിനെ പാശ്ചാത്യ അധ:പതനം എന്ന് വിളിക്കുന്ന ആര്‍ഷഭാരതീയര്‍ അവരുടെ ചൂണ്ടുവിരലുകള്‍ തല്‍ക്കാലം വേറെ വല്ലതിനും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാരണം അര്‍ജുനമാതാ ശ്രീമതി കുന്തീദേവിയുടെ സിമിലര്‍ സിറ്റ്വേഷന്‍ മറക്കാറായിട്ടില്ല. ശ്രീമതി കുന്തീദേവി അവിഹിത സന്തതിയെ പ്രസവിച്ചയുടന്‍ തന്നെ ആരോരുമറിയാതെ ആറ്റിലൊഴുക്കി കളയുകയായിരുന്നു. ഫ്രഞ്ച് മന്ത്രിയുടെ ധീരതയെ ശ്രീമതി കുന്തീദേവിയുടെ ഭീരുത്വവുമായി താരതമ്യം ചെയ്യാന്‍ പോലും പാടില്ലാത്തതാണ്.

ആണുങ്ങള്‍ക്ക് അവിഹിത സന്തതിയുണ്ടാകുമ്പോള്‍ അതവരുടെ മിടുക്കായും പെണ്ണുങ്ങള്‍ക്കുണ്ടാകുമ്പോള്‍ 'അയ്യോ അവള്‍ പെഴച്ചു പെറ്റു' എന്ന് വിലപിയ്ക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടിന്റെ പുല്ലിംഗത്തിന്മേല്‍ കിട്ടിയ ഒരു ചുറ്റികയ്ക്കടിയായി ഇതിനെ കാണാമോ? അതോ പണവും അധികാരവുമാണ് സാമൂഹ്യനിതിയേയും സാംസ്ക്കാരിക നിലപാടുകളെയും നിര്‍ണയിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണോ ഇവിടെ തെളിഞ്ഞുവരുന്നത്?


അവിഹിത സന്തതികളെ നമ്മള്‍ ജാരസന്തതികള്‍ എന്നും തന്തയില്ലാത്തവര്‍ എന്നും വിളിക്കുന്നു. അതേസമയം ഇംഗ്ലീഷില്‍ ഇത്തരക്കാരെ വിളിക്കുന്നത് ലൌ ചില്‍ഡ്രന്‍ എന്നാണ്.

സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായത്തെ മരുമക്കത്തായം എന്നു വിളിച്ചതും നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ. പുരുഷാധികാര വ്യവസ്ഥയെ മക്കത്തായം എന്നു വിളിച്ച് മക്കള്‍ എന്ന സെന്റി സാധനത്തെ മുന്നില്‍ നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ പെണ്മേല്‍ക്കോയ്മയും ആണ്മേല്‍ക്കോയ്മയുമാണ് ഇവ രണ്ടും.

ഫ്രാന്‍സില്‍, നമുക്കറിയാം, ആണ്മേല്‍ക്കോയ്മയാണ് നടപ്പിലുള്ളത്. എന്നിട്ടും അധികാരവും സമ്പത്തും തീര്‍ത്ത വിള്ളലിലൂടെ പെണ്മേല്‍ക്കോയ്മ അകത്തുകടന്നു. രണ്ടിന്റേയും സന്തുലനമായിരിക്കും മാതൃകാലോകം. അത് സാധ്യാമാകാത്തിടത്തോളം കാലം ഇത്തരം 'അപ്സെറ്റുകള്‍' സംഭവിക്കും. ലോംഗ് റണ്ണില്‍ ഇന്നുള്ള കുടുംബവ്യവസ്ഥിതിയ്ക്കു തന്നെ ഇളക്കം തട്ടിയെന്നും വരും. ലൈംഗികതയേക്കാള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവുക സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥത തന്നെയായിരിക്കും. അഥവാ ലൈംഗികത തന്നെയും സ്വകാര്യഉടമസ്ഥതയുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

തലക്കെട്ടില്‍ തെറി വായിച്ചവരോട് ഒന്നേ പറയാനുള്ളു: അത് കോള്‍മയിരിലെ മയിരാണ്. മയിര്‍ എന്നാല്‍ [ഗുഹ്യപ്രദേശത്തെ] രോമമോ നിസാരവസ്തുവോ ആണെന്ന് ശബ്ദതാരാവലി. ഇവിടെ രോമം പോലെ നിസാരമാക്കി കാണാന്‍ ആഗ്രഹിക്കുന്നത് മക്കത്തായത്തെ. നിസാരമായിപ്പോയത് മക്കത്തായം. രണ്ടിനുമിടയില്‍ ഒരു സ്റ്റാന്‍ഡുണ്ടോ? ആണിനും പെണ്ണിനുമിടയില്‍, ചിങ്ങത്തിനും കന്നിയ്ക്കുമിടയില്‍, ഒരു തുലാം?


പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കുന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കുന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്? സ്ലീവ് ലെസ്സും ലിപ്സ്റ്റിക്കുമിടാനുള്ള തൊലിപ്പുറ സ്വാതന്ത്ര്യമോ? ലൈംഗിക സ്വാതന്ത്ര്യമുണ്ടോ? സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ? യഥാര്‍ത്ഥ സ്വാതന്ത്ര്യം?

Wednesday, December 31, 2008

ഒരു വെൻ ചിത്രം

ഗണം എ: {ആത്മഹത്യാഭ്രമം അഭിനയിച്ച് ആത്മഹത്യ ചെയ്തവരെ അപമാനിക്കുന്ന ചിലർ}

ഗണം ബി: {ഉന്മാ‍ദം നടിച്ച് ഭ്രാന്തന്മാരെ തീട്ടം വാരിയെറിയുന്ന ചിലർ}

ഗണം സി: {ദരിദ്രവാസം മറച്ചുവെയ്ക്കാൻ അരാജകത്വം എടുത്തണിയുന്ന ചിലർ}

ഗണം ഡി: {ഹെർക്കുലീസ് വയറ്റിൽക്കിടക്കെ ഹോർലിക്സ് കുടിയ്ക്കുന്നവനെ പുച്ഛിക്കുന്ന ചിലർ}

ഗണം ഇ: {ആത്മാവിന്റെ വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ നട്ടെല്ലിൽ കൊത്തുന്ന ശില്‍പ്പം നൂറ്റാണ്ടുകളെ അതിജീവിക്കുമെന്ന് വിചാരിക്കുന്ന ചിലർ}


ഗണം എഫ്: {ഞരമ്പുരോഗം തിരിച്ചറിയാതിരിക്കാൻ ആത്മനിന്ദയുടെ രംഗപടം പശ്ചാത്തലമാക്കുന്ന ചിലർ}

എ സംഗമം ബി സംഗമം സി സംഗമം ഡി സംഗമം ഇ സംഗമം എഫ് എന്ന ഗണത്തിന്റെ വെൻ ചിത്രം വരയ്ക്കുമ്പോൾ, നടുവിൽ, പണ്ട് സ്കൂൾ ആനിവേഴ്സറിയ്ക്ക് ഗോപുമേനോന്റെ മകളുടെ ‘മൈലാഞ്ചിക്കാ‍ട്ടില് പാറിപ്പറന്നുവരും’ ഡാൻസ് മുറുകുമ്പോൾ അതിനൊപ്പം വേഗം കൂടുന്ന വർണങ്ങളുടെ കറക്കം പോലെ ഞാനെന്ന കമിലിയോൺ.

Monday, December 29, 2008

ഗ്യാസ് ട്രബ്ൾ


വയറു നിറഞ്ഞവന്റെ വളി വിടലാണ് വേദാന്തം.
Related Posts with Thumbnails