Monday, May 5, 2008

ചിരട്ടപ്പാത്രങ്ങളുടെ ചീയേഴ്സ്


എട്ടടി ഗോപാലന്‍ എന്ന് വിളിച്ചിരുന്ന, ഏതാണ്ട് ആറടി പൊക്കമുണ്ടായിരുന്ന, ഗോപാലനായിരുന്നു കുറേക്കാലം അച്ഛന്റെ വീട്ടിലെ നാളികേരക്കാരന്‍. പത്തുനാപ്പത് ദിവസത്തിന്റെ ഇടവേളയില്‍ നടത്തിയിരുന്ന തെങ്ങ് കേറ്റത്തിന്റെ ചുമതല കുട്ടപ്പന്. [ഒരു തെങ്ങിന്‍പൂവ് വെള്ളയ്ക്കയായി, കരിക്കായി, നാളികേരമായി വിളയാന്‍ നാല്‍പ്പത് ദിവസം വേണോ? അയ്യേ, അതിപ്പഴും കൃത്യമായി അറിയില്ല. തെങ്ങിനേക്കൊണ്ട് കഴിഞ്ഞിരുന്ന തെണ്ടി! നെല്ല് പൂവിട്ട് പാലുവെച്ച് അരിയായി വിളയാന്‍ എത്ര നാള്‍ വേണം? വയറുനിറയെ ഊണ് തുടര്‍ന്നിട്ടും അതും അറിയില്ല, മഹാമോശം].

കുട്ടപ്പന്റെ കൂടെ വേറെ രണ്ട് കണക്കന്മാരും ഉണ്ടാവും [അമ്മയുടെ നാട്ടുകാര്‍ അവരെ വേട്ട്വോമ്മാര് എന്നു വിളിക്കുന്നു. തെക്കോട്ട് പരവന്മാരെന്നും തണ്ടാന്മാരെന്നും വിളിച്ചു കേട്ടിരിക്കുന്നു]. മിക്കവാറും അതിലൊരാള്‍ കുട്ടപ്പന്റെ അനിയന്‍ സുബ്രഹ്മണ്യനായിരിക്കും. പിന്നെ സ്ഥിരമായി മാറിക്കൊണ്ടിരുന്ന മൂന്നാമതൊരാളും.[ലോഹ്യത്തിലായിരിക്കുന്ന ഏതെങ്കിലും വാവിനും ഏകാദശിയ്ക്കും ആ സ്ഥാനം കുട്ടപ്പന്റെ അളിയാനായിരിക്കും. പേര് മറന്നു]. ആന്റപ്പനായിരുന്നു പെറുക്കി കൂട്ടുന്നതിന്റെ അവകാശം. നാളികേരം കിഴക്കോറത്തെ മിറ്റത്ത് കുന്നു കൂട്ടും. ഓലാമടല്‍ തെക്കോറത്ത് ഒന്നിനു മുകളില്‍ ഒന്നായി അടുക്കിയിടും. കൊതുമ്പ് പടിഞ്ഞാപ്പറത്തെ വിറകുപുരയിലും.

തെങ്ങുകയറ്റം കഴിഞ്ഞാല്‍ നാളികേരം മുഴുവന്‍ ഒരു വട്ടം എണ്ണും. രണ്ട് കണക്കന്മാര്‍ രണ്ടു കൈകള്‍ കൊണ്ടും നല്ല വേഗത്തില്‍ ഈരണ്ട് നാളികേരം വീതം പിന്നാക്കം എറിഞ്ഞാണ് എണ്ണല്‍. എന്താണെന്നറിയില്ല, നൂറിനെ അവര്‍ അലഗ് എന്നാണ് പറഞ്ഞിരുന്നത്. അത് കേള്‍ക്കാന്‍ ചെവി വട്ടം പിടിച്ചിരിയ്ക്കും. [ആദ്യമായി അത് കണ്ടുപിടിച്ച വിവരം വലിയൊരു രഹസ്യം പങ്കുവെയ്ക്കുന്ന ഭാവത്തോടെ ഞാനോ പട്ടത്തെ രഘുവോ തെക്കേലെ ജയനോ മറ്റ് രണ്ടാളോടും പറഞ്ഞത് ഇന്നലെ കഴിഞ്ഞപോലെ.] ഒടുക്കം ഓരോ കണക്കനും കിട്ടുന്ന ഫിഗറിനെ വെള്ളെഴുത്ത് കണ്ണടയും വെച്ച് എണ്ണത്തിന് കാവലിരിയ്ക്കുന്ന റിട്ടയേഡ് ഹെഡ്മിസ്ട്രസ് അച്ഛമ്മ രണ്ടു കൊണ്ട് ഗുണിക്കും. അന്നു വൈകീട്ടോ പിറ്റേന്നോ ഗോപാലന്‍ കട്ടവണ്ടിയും [aka കൈവണ്ടി]പണിക്കാരുമായി വന്ന് വീണ്ടും എണ്ണി നാളികേരം കൊണ്ടു പോകും. [അന്ന് തന്നെ വന്നില്ലെങ്കില്‍ രാത്രി അച്ഛമ്മയ്ക്ക് ഉറക്കം കഷ്ടിയായിരിക്കും. ഇലട്രിസിറ്റി വന്നതിനു ശേഷം രാത്രി കിഴക്കോറത്തെ ലൈറ്റിടും. കള്ളമ്മാരെ വിശ്വസിച്ചൂടാ]. അഞ്ചാറ് തേങ്ങ വീട്ടാവശ്യത്തിനെടുക്കും. തിരിഞ്ഞിടുന്ന വാട്ടയും പേട്ടയുമായിരിക്കും വീട്ടിലേയ്ക്കെടുക്കുന്നതിലെ ഭൂരിപക്ഷം.

ഗോപാലന്റെ എണ്ണലിനിടയ്ക്ക് നല്ലതും പേട്ടയും തിരിഞ്ഞിടുന്നതിന്റെ പേരില്‍ അച്ഛമ്മയുമായി ഒറപ്പായിട്ടും ഒന്നു രണ്ട് തര്‍ക്കം നടക്കും. മൂന്നാല് ദിവസം കഴിഞ്ഞാല്‍ അയാള്‍ നാളികേരത്തിന്റെ കാശ് എത്തിയ്ക്കും. തെങ്ങ് കേറിയ ദിവസത്തെ മാതൃഭൂമിയിലെ വെളിച്ചെണ്ണ ക്വിന്റലിന് എന്ന വില നോക്കിയാണ് കണക്ക്. കടലാസില്‍ കുറിപ്പടിയുണ്ടാവും. വാട്ട-പേട്ടക്കണക്കില്‍ പിന്നെയും ഒരു ചെറിയ തര്‍ക്കം നടക്കും.

മറ്റുവരുമാനമൊന്നുമില്ലാത്ത ചില വീട്ടുകാര്‍ ഇടദിവസങ്ങളില്‍ നാളികേരക്കാരന്റെ കയ്യീന്ന് അഡ്വാന്‍സ് പറ്റുന്ന പരിപാടിയുമുണ്ടായിരുന്നു. അങ്ങനെ പറ്റി പറ്റി മൂന്നാല് തെങ്ങുകേറ്റത്തിന്റെ കണക്കിനെ അത് പിന്നിലാക്കും. അതീന്ന് കരകേറലുണ്ടൊ? നൂറ് എണ്ണയും കഷ്ണം മുറിച്ച് ബാര്‍സോപ്പും വാങ്ങി ജീവിച്ച ജീവിതങ്ങള്‍.

മധ്യകേരളത്തിലെ, പ്രധാനമായും തേങ്ങ വിറ്റ് ജീവിച്ചിരുന്ന ഒരു നാട്ടിന്‍പുറത്തായിരുന്നു 17 വയസ്സുവരെ ജീവിതം [17 വയസ്സുവരെ എവിടെ ജീവിച്ചോ അവിടത്തുകാരല്ലെ നമ്മള്‍ ചാകുംവരെ?]. അതുകൊണ്ടായിരിയ്ക്കണം തേങ്ങയെ നാളികേരം എന്ന് മനോഹരമായേ അന്നാട്ടുകാര്‍ വിളിച്ചുകേട്ടിട്ടുള്ളു. പറിച്ചുനടലുകളും നഗരജീവിതങ്ങളും എന്റെ നാവില്‍ നിന്ന് നാളികേരത്തെ കളഞ്ഞ് തേങ്ങയെ കൊണ്ടുവന്നു [കിഴങ്ങിനേയും കൊള്ളിയേയും കപ്പ കൊന്ന പോലെ]. ഡ്രാഫ്റ്റില്‍ മുഴുവന്‍ തേങ്ങ തേങ്ങ എന്നു തന്നെ കീയിന്‍ ചെയ്ത്, ഇടയ്ക്ക് ഓര്‍മഞെട്ടി, എല്ലാം നാളികേരമാക്കുകയായിരുന്നു.

നമ്മുടെ വീട്ടില്‍ തേങ്ങവെട്ടുണ്ടായിരുന്നെങ്കില്‍ എന്ത് സുഖായിരുന്നു, ദിവസോം നാളികേരംവെള്ളം കുടിയ്ക്കാം, ഇടയ്ക്കിടയ്ക്ക് കൊപ്ര തിന്നാം എന്നൊക്കെ വിചാരിച്ച ഒരു കാലം. അക്കാലത്തൊരിയ്ക്കല്‍ അച്ഛന്റെ ഒരു കസിന്‍ അയാളുടെ വീട്ടില്‍ തേങ്ങവെട്ട് തൊടങ്ങി. തൊടങ്ങിയതേ ഓര്‍മയുള്ളു. എന്തായാലും എന്റര്‍പ്രൈസിന്റെ സ്മാരകമായി തേങ്ങാക്കൂട് അവടെത്തന്നെയുണ്ടെന്നു തോന്നുന്നു, കൊപ്രക്കളം പോയെങ്കിലും.

ആദ്യം ക്രിക്കറ്റ് കളിച്ച ബാറ്റ് കവളന്‍മടല്‍ വെട്ടിയുണ്ടാക്കിയതായിരുന്നു. [അല്ല, ക്രിക്കറ്റ് പോപ്പുലറായ കാലത്ത് അതിനടിമപ്പെട്ടതല്ല, ബിഷന്‍ സിംഗ് ബേദി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത്, ടെലിവിഷനും മുമ്പ്, ഏകദിനങ്ങള്‍ക്കും മുമ്പ്, പത്രത്തില്‍ വരുന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ പഴയ നോട്ടുബുക്കുകളുടെ പിന്നാമ്പുറബാക്കിയിലൊട്ടിച്ച് ആല്‍ബമുണ്ടാക്കിയ കാലത്ത് കളിച്ചു തുടങ്ങിയ കാര്യമാണ്].

ഈ നിമിഷം വരെയുള്ള ഓര്‍മയിലെ ഏറ്റവും സൂപ്പര്‍ മണം 'തേങ്ങവെന്ത വെളിച്ചെണ്ണ' ഉണ്ടാക്കുന്ന മണമായിരുന്നു. [നാളികേരപ്പാല് തിളപ്പിച്ച് കുറുക്കി കുറുക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന പരിപാടി].

പായസത്തിന് അന്ന് മൂന്നു വട്ടം പാലൊഴിയ്ക്കുമായിരുന്നു - മൂന്നാം പാലില്‍ വേവിച്ച്, രണ്ടാം പാലൊഴിച്ച് കുറുകുമ്പോള്‍, തമ്പാലൊഴിച്ച് വാങ്ങും.

ഇന്ന്, രണ്ട് ദിര്‍ഹത്തിന് ഒരു തേങ്ങ ചിരവിയതോ അടിമാലി ഈസ്റ്റേണിന്റെ സ്റ്റിക്കറൊട്ടിച്ച മേഡിന്‍ മലേഷ്യ കോക്കനട്ട് മില്‍ക്ക് പൌഡറോ നീല പ്ലാസ്റ്റിക് കുപ്പികളിലെ വെളിച്ചെണ്ണയോ വാങ്ങുമ്പോള്‍, ഇല്ല, പൊക്കിള്‍ക്കൊടി കൊളുത്തിയിരുന്ന സ്ഥലത്ത് വേദനിയ്ക്കാറില്ല. എങ്കിലും അരഞ്ഞ തേങ്ങയും പച്ചമാങ്ങയും ചൊമന്നുള്ളിയും മുളകും വേളൂരിയും എവിടത്തെ വെള്ളത്തിലും തീയിലും പാത്രത്തിലും വേവിച്ചാലും അത് നാവില്‍ തൊടുമ്പോള്‍ ആത്മാവ് ഒരു നിമിഷം ശുദ്ധമാവാറുണ്ട്.

കര്‍ക്കടകത്തിലോ തുലാത്തിലോ കാറ്റത്ത് ഒരു തെങ്ങെങ്കിലും വീണാല്‍ വീട്ടിലെ ഒരാള്‍ മരിച്ച വേദനയായിരുന്നു. [വീട്ടിലുള്ളവരുടെ മരണത്തിന്റെ വേദനകള്‍ കുട്ടികളായിരിക്കുമ്പോള്‍ അറിയാത്തതുപോലെ തെങ്ങുകളുടെ മരണവും അന്ന് അറിഞ്ഞില്ല. തെങ്ങിന്റെ 'മണ്ട' എന്ന, അയ്യോ, ഒരപാരസ്വാദുള്ള സാധനം, അത് തിന്നിട്ടായിരിക്കണം മുതിര്‍ന്നവരും ആ വേദന മറന്നത്. അതിനോട് കിടപിടിയ്ക്കാന്‍ പൊങ്ങ് എന്ന സാധനത്തിന് മാത്രമേ പറ്റിയിട്ടുള്ളു - ഉള്ളില്‍ മുളപൊട്ടിയതറിയാത്ത നാളികേരം ഉടയ്ക്കുമ്പോള്‍ കിട്ടുന്നതാണ് പൊങ്ങ്. കൊട്ടത്തേങ്ങാക്കൊത്ത് ചോദിയ്ക്കുന്നു 'എന്നെ മറന്നോ' എന്ന്!]

ഓലാമടലുകള്‍ പാത്രം 'തേയ്ക്കുന്ന' കുളത്തിലോ മുമ്പിലെ തോട്ടിലോ ചീയ്ക്കാനിടും. കര്‍മലിയോ കൊച്ചന്നമോ മെടയും. മെടഞ്ഞത് വെറകുപുരയുടെ ചാച്ചെട്ടിയില്‍ [ചായ്ച്ചുകെട്ടി] ഉറുമ്പുപൊടിയോ അണ്ടിനെയ്യോ ചുറ്റും പൂശി സൂക്ഷിയ്ക്കും. ആവശ്യക്കാര്‍ക്ക് വില്‍ക്കും. വേലികെട്ടിനെടുക്കും.

ഒന്നരാടം തെങ്ങുകേറ്റത്തിന് ഒന്നു രണ്ട് പച്ചമടല്‍ ചൂലുണ്ടാക്കാനെടുക്കും. ശോഷിച്ച ഓലയുള്ള മടലുകള്‍ മെടയാനെടുക്കില്ല. ആ ഓലയെല്ലാം ഊര്‍ന്ന് കെട്ടുകളാക്കി കത്തിയ്ക്കാനെടുക്കും [പാലു കാച്ചാന്‍ വിശേഷം. വേഗം കത്തുപിടിയ്ക്കും. പക്ഷേ ചാരം പറക്കും.] അതേപോലെ വഴുതയും [ഈള് മടല്‍പ്പൊളി] പൊതിമടലും ചെറിയ മടല്‍ക്കഷണങ്ങളും കത്തിയ്ക്കാനെടുക്കും. ചെരട്ടയും കൊതുമ്പും പ്രീമിയമായി പറത്തിന്റെ മോളിലെത്തും [അടുക്കളയുടേതു മാത്രമായ തട്ടിന്‍പുറമാണ് പറം].

ഇങ്ങനെ നാളികേരസ്മരണകള്‍ പറഞ്ഞു പറഞ്ഞ് മൊട്ടുസൂചിയുടെ മുറിവൊരു മുറിവാണോ, ഒരേ സമയം വെര്‍ട്ടിക്കലായും ഹൊറിസോണ്ടലായും കേറുന്ന തെങ്ങിന്റെ ആരിനോളം വരുമോ ഉപ്പിലിട്ടത് എന്നു വരെ ചോദിയ്ക്കാന്‍ തോന്നുന്നത് ഒന്നുരണ്ട് മാസം മുമ്പ് ലോകമാധ്യമങ്ങളുടെ ഫ്രണ്ട് പേജുകളും തലക്കെട്ടുകളും കവര്‍ന്ന വാര്‍ത്തയുടെ ഓര്‍മ ഇപ്പോളും അഡ്രിനാലിന്‍ ഉയര്‍ത്തുന്നതുകൊണ്ടാണ്. വെര്‍ജിന്‍ അറ്റ്ലാന്റികിന്റെ ഒരു ഫ്ലൈറ്റ്, ഹീത്രൊ മുതല്‍ ആംസ്റ്റര്‍ഡാം വരെ അതിന്റെ ഒരു എഞ്ചിനില്‍ 20% ബയോഫ്യൂവല്‍ കത്തിച്ച് പറന്നുവെന്ന വാര്‍ത്ത.

ബ്രസീലില്‍ നിന്നുള്ള ബബ്ബാസുക്കായയുടെ എണ്ണയും വെളിച്ചെണ്ണയും ചേര്‍ന്നതായിരുന്നു ആ ബയോഫ്യൂവല്‍. 30,000 അടിയ്ക്ക് മുകളില്‍ പറന്നപ്പോളും എതനോള്‍ പോലെ അത് ഉറഞ്ഞ് കട്ടിയായില്ലത്രെ.[അതെന്ത് മറിമായം, ചെറിയൊരു തണുപ്പ് വന്നാല്‍ ഞങ്ങടെ വെളിച്ചെണ്ണ കല്ലുപോലെയാകുമല്ലോ സായിപ്പേ? ഓ, ബ്രസീലുകാരനെക്കൊണ്ട് കെട്ടിച്ചപ്പൊ പെണ്ണുമ്പിള്ളയുടെ മടിയെല്ലാം തേംസ് കടന്നതായിരിക്കും!]

ഈ മിശ്രിതം തന്നെ തെരഞ്ഞെടുക്കാന്‍ രണ്ട് കാരണം കൂടി പറഞ്ഞു വെര്‍ജിന്‍ തലവനായ Sir Richard Branson. 1) ഭക്ഷ്യ എണ്ണ കത്തിച്ച് ഫ്ലൈറ്റ് പറപ്പിച്ച് ക്ഷാമം വരുത്തും എന്ന പേരുദോഷം ഇല്ലപോലും! [ഓര്‍ക്കുക - വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി പാശ്ചാത്യര്‍ക്ക് മാത്രമല്ല ഉത്തരേന്ത്യക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലുമാവില്ല]. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നുള്ള എണ്ണക്കുരുക്കളേ ഉപയോഗിച്ചുള്ളു - കാടുവെട്ടലും കുടിയേറ്റക്കൃഷിയൊന്നും ആരോപിയ്ക്കേണ്ടെന്ന്. 2) വിമാന എഞ്ചിന് മാറ്റമൊന്നും വരുത്താതെ തന്നെ ഈ മിശ്രിതം ഉപയോഗ്യമായിരുന്നു.

ഇതെല്ലാം വായിച്ച് ആവേശം വന്ന്, വല്ലാര്‍പ്പാ‍ടത്തൂന്ന് വെളിച്ചെണ്ണക്കപ്പലുകള്‍ കടല്‍ കടക്കുമെന്നോ തേങ്ങാവില കുതിച്ചുയരുമെന്നോ എല്ലാ വിമാനങ്ങളും കേരളത്തെ വലം വെയ്ക്കുമെന്നോ ഉള്ള ഒരു സങ്കല്‍പ്പവിമാനത്തിലും കേറിയില്ല. [ഇല്ല, റവറിന് വിലകൂടിയപ്പോള്‍, ഹൈറേഞ്ചിലെ അച്ചായമ്മാര് ജീപ്പുകള്‍ വാങ്ങിച്ചു കൂട്ടിയപ്പോള്‍, മഹീന്ദ്രയുടെ സെയിത്സ് എക്സിക്യൂട്ടീവ്സിന്റെ പെര്‍ഫോമന്‍സ് കണ്ട് കമ്പനിക്കാര്‍ അന്തംവിട്ടപോലെയും ക്രൂഡിന് വില കൂടിയപ്പോള്‍, ഗള്‍ഫിലെ ഷേയ്ക്കുമാര് വിമാനങ്ങള്‍ വാങ്ങിച്ചു കൂട്ടിയപ്പോള്‍ ബോയിംഗിന്റേയും എയര്‍ബസ്സിന്റെയും മുതലാ‍ളിമാര്‍ ചീയേഴ്സ് പറഞ്ഞ പോലെയുമല്ല തോന്നുന്നത്].

Image courtesy: www.facebook.com/anxpage

പത്രങ്ങളുടെയെല്ലാം ഫ്രണ്ട് പേജില്‍ ചെരട്ടപ്പാത്രങ്ങളാല്‍ [അതില്‍ കരിക്കുംവെള്ളമായിരുന്നോ?] ആ ഫ്ലൈറ്റിന്റെ ക്യാപ്റ്റനോട് പാനോപചാരം പറയുന്ന ബ്രാന്‍സണെ കണ്ടപ്പോള്‍, ചെരട്ടകള്‍ കൊണ്ട് ചുട്ട എല്ലാ മണ്ണപ്പങ്ങളും ഓര്‍ത്തു. അന്യം നിന്നുപോയ ചെരട്ടക്കയിലുകളെ ഓര്‍ത്തു. കൊള്ളിപ്പിട്ട് എന്ന സ്വര്‍ണമുലകളെ ഓര്‍ത്തു, രാമോഹാ, നാള്യേരക്കാരനോട് ഒരു ഇര്ന്നൂറ് രൂപ വാങ്ങീട്ട് വരാമോ എന്ന് ചോദിക്കുന്ന അച്ഛമ്മയെ ഓര്‍ത്തു, മുറിവുണക്കിയ തെങ്ങിന്‍ മൊരിപ്പുകളെ ഓര്‍ത്തു, ഒരു മഹാപാപിയുടെ നീലരക്തത്തെ പലവട്ടം നന്മയിലേയ്ക്ക് മതം മാറ്റാന്‍ വൃഥാ ശ്രമിച്ച കള്ളു ഷാപ്പുകളെ ഓര്‍ത്തു, തെങ്ങ് പറിച്ചു നടല്‍ എന്ന ശ്രദ്ധയും പരിശ്രമവും ഓര്‍ത്തു [ഇപ്പോള്‍ പഞ്ചനക്ഷത്രങ്ങളുടെ മുന്നിലേയ്ക്ക് മോഡേന്‍ ടെക്നോളജിയുടെ സഹായത്തോടെ ഈന്തപ്പനകള്‍ പറിച്ചു നടുന്നത് കാണുന്നു. എറണാകുളത്തെ ടാജിന്റെ മുന്നിലേയ്ക്കും ഷോപീസുകളായി തെങ്ങുകള്‍ പറിച്ചു നട്ടിരിയ്ക്കുന്നു. നഗരവത്കരണം കാരണം ആരുമിപ്പോള്‍ തൈ വയ്ക്കാത്തതുകൊണ്ട് [ഞങ്ങള്‍ക്ക് തൈ വെയ്ക്കുക എന്നാല്‍ തെങ്ങു വെയ്ക്കുക എന്നു മാത്രമായിരുന്നു] നാട്ടിന്‍പുറത്തിപ്പോള്‍ തെങ്ങുവെട്ടല്‍ മാത്രമേ കാണൂ - പറിച്ചുനടാന്‍ അറിയുന്ന ആള്‍ക്കാരേം കിട്ട്വോ ആവൊ!

പിന്നെ, മുന്നിലെ തോടിനു കുറുകെ പട്ടത്തേയ്ക്കുണ്ടായിരുന്ന ഒറ്റത്തടി തെങ്ങുമ്പാലത്തെയോര്‍ത്തു, തോര്‍ത്തു മാത്രമുടുത്ത് കുണുങ്ങി കുണുങ്ങി നടന്നിരുന്ന ചെത്തുകാരെ ഓര്‍ത്തു [യാക്കരത്തോട്ടില്‍ കുളിച്ചിരുന്ന നാരായണിയെ കുപ്പുവച്ചന് കിട്ടിയപോലെ ഞങ്ങടെ നായര് പെണ്ണുങ്ങള്‍ടെ കുളിസീന്‍ അവമ്മാരാരെങ്കിലും കാണുമോ എന്ന് ടെന്‍ഷനടിച്ചതോര്‍ത്തു], ചവിട്ടിക്കയറാന്‍ അവര്‍ കെട്ടിവെച്ച കൊതകളുമായി അവരേയും കാത്തുനില്‍ക്കുന്ന തെങ്ങുകളെ ഓര്‍ത്തു, ഏറ്പന്തിന് സ്പെഷലായി ഉള്ളില്‍ കല്ലുവെച്ചുണ്ടാക്കുന്ന പച്ചോലപ്പന്തുകളെ, ഓലപ്പാമ്പുകളെ, പീപ്പികളെ, കാറ്റാടികളെ ഓര്‍ത്തു [ചൂലുകളുടെ ബൈ-പ്രൊഡക്റ്റ്സ്], ചെരട്ട നീറ്റിയുണ്ടാക്കുന്ന ചെരട്ടത്തൈലം എന്ന തീവ്രവികാരിയെ ഓര്‍ത്തു, തെങ്ങും നെല്ലും കൊണ്ട് ജീവിച്ചിരുന്ന മലയാളികള്‍ തെങ്ങും നെല്ലും കൊണ്ട് ജീവിച്ചിരുന്ന മലയാളികള്‍ എന്ന് ആവര്‍ത്തിച്ച് പ്രസംഗിച്ച വിനയചന്ദ്രന്‍ സാറിനെ ഓര്‍ത്തു.

ഹൈസ്ക്കൂള്‍ കാലമായപ്പോഴേയ്ക്കും സെബാസ്ത്യന്‍ എന്നൊരാളായിക്കഴിഞ്ഞിരുന്നു നാളികേരക്കാരന്‍. എറണാകുളത്തുകാരനായപ്പോള്‍ മാര്‍ക്കറ്റിനു നടുവിലെ വെളിച്ചെണ്ണമില്ലിനെ മാസത്തിലൊരിയ്ക്കലെങ്കിലും മണക്കാന്‍ കിട്ടിയിരുന്നു.

ഓര്‍മകളേ, നിങ്ങള്‍ക്കെന്റെ ചീയേഴ്സ്.

41 comments:

One Swallow said...

മംഗല്‍ജിക്കും http://nishedhi-diary.blogspot.com/ രാമേട്ടനും [അഭയാര്‍ത്ഥി]

രാജ് നീട്ടിയത്ത് said...

‘രാമോഹ‘ന്റെ ഫൈനസ്റ്റ് പോസ്റ്റ്.

അസ്തിത്വദുഃഖം (തെങ്ങില്ലാതാകുന്നത് പോലെ...)
17 വയസ്സുവരെ എവിടെ ജീവിച്ചോ അവിടത്തുകാരല്ലെ നമ്മള്‍ ചാകുംവരെ?

:-(

പി.എന്‍.ഗോപീകൃഷ്ണന്‍ said...

വരട് എന്നു പറയും കൊട്ടത്തേങ്ങയ്ക്ക് കോട്ടപ്പുറം കായലിനിപ്പുറം.വഴുതയല്ല ഞങ്ങള്‍ക്ക്;വഴുക.കൊലഞ്ചില്‍,കോഞ്ഞാട്ട,പോര്‍ക്കുടി,കൊതുമ്പ്..ഇത്രയും സൂക്ഷ്മമായി ഭാഷ മറ്റൊരു വൃക്ഷത്തേയും കണ്ടതില്ല..(തെങ്ങിനെ വൃക്ഷം എന്നു വിളിച്ചപ്പോള്‍ തുപ്രന്‍ ചിരിച്ച ചിരി മറക്കാറായിട്ടില്ല)
ആദ്യമായി പാമ്പിനെക്കണ്ടത് ഫ്രോയ്ഡിന്റെ പുസ്തകത്തിലല്ല..ബൈബിളില്‍ അല്ലേ,അല്ല..അധികവിലകിട്ടാന്‍ തേങ്ങയെ ‘വരടാ‘ക്കാന്‍ കൂട്ടിയിട്ടതിന്റെ ഇടയില്‍.

വെള്ളെഴുത്ത് said...

മ് ഹാ എന്നൊരു നെടുവീര്‍പ്പ് ! ഓര്‍മ്മകളെ പിടിച്ചുകെട്ടാന്‍ ഒരു തെങ്ങിന്‍ തോപ്പും ഒത്തുവരാത്തതിനാല്‍. ഇനി വന്നാല്‍ തന്നെ ഇങ്ങനെ വിശദാംശങ്ങളും വിവരാംശങ്ങളുമായി ഓര്‍മ്മകള്‍ ഒരിക്കലും മുനകൂര്‍ത്തു നില്‍ക്കുകയില്ല എന്നതിനാല്‍. മ് മ് ഹാ... എന്ന നെടുവീര്‍പ്പ് പിന്നെയും !

Dinkan-ഡിങ്കന്‍ said...

ഠേ...
ഇവിടെ തേങ്ങയുടച്ചില്ലെങ്കില്‍ പിന്നെ എവിടെയാണ് ഉടയ്ക്കുക? കേരം തിങ്ങിയിരുന്ന ഒരു നാടിന്റെ ഓര്‍മ്മയ്ക്കായി ഒരു തേങ്ങാക്കൊത്തെങ്കിലും ബാക്കിയാകട്ടെ :(

വേണു venu said...

തെങ്ങിന്‍ പുരാണം.!
ചിയേര്‍സു് .:)

ഡാലി said...

തെങ്ങിനെ കല്പവൃക്ഷം എന്ന് വിളിക്കാന്‍ കാരണമെന്ത്!!

നാളികേരകൊത്തുകള്‍ വാങ്ങിയിരുന്ന കാലം ഓര്‍ത്തു. ഒരാള്‍ക്ക് തികച്ചിരിക്കാന്‍ കഴിയാ‍തിരുന്ന ചെരവ മാതൃസ്വത്തായി അമ്മ കരുതിയിരൂന്നതോര്‍ത്തു. നാളികേരം ചെരണ്ടുമ്പോള്‍ ആദ്യത്തെ പിടി (വെള്ളം ചേര്‍ന്നത്) ഒരു അനുഷ്ഠാനം പോ‍ലെ വായിലിട്ടീരുന്നത് ഓര്‍ത്തു. കല്യാണത്തിനു മഴപ്പെയും എന്ന ഭീഷിണി നിലനിന്നീട്ടും അമ്മിയില്‍ നിന്ന് നാളികേരം തിന്നാനെടുത്തിരുന്നതോര്‍ത്തു. (കല്യാണത്തിനു മഴ പെയ്തിരുന്നില്ല). പാത്രം കഴുക്കാന്‍ മിനുസമാക്കി എടുത്തിരുന്ന ചകിരിയെ ഓര്‍ത്തു. നിരവധി സ്ഥലങ്ങളില്‍ പൊട്ടിയിരിക്കുന്ന വെള്ളം കോരുന്ന കയരിനെ ഓര്‍ത്തു. രി പെട്ടിയിലെ ചിരട്ട കനലുകളെ ഓര്‍ത്തു. അടിച്ചു വാരുമ്പോള്‍ ചൂലും കെട്ട് ലൂസായി പൊഴിഞ്ഞ് വീഴുന്ന ഈര്‍ക്കിലികളെ ഓര്‍ത്തു. കഞ്ഞുണ്ണി ചേര്‍ത്ത് കാച്ചിയ വെളിച്ചണ്ണ മാറ്റിയ തലവേദനയെ ഓര്‍ത്തു. ഇപ്പോള്‍ കുപ്പിയില്‍ ബാക്കിയുള്ള 200 ഗ്രാം വെള്ളിച്ചെണ്ണയേയും 200 ഗ്രാം കാച്ചെണ്ണയെയും നോക്കിയിരിക്കുന്നു.

സ്ത്രീയുടെ പരമ്പരാഗതമായ മനോഹര ആയുധങ്ങള്‍ ചെരവ, ചൂലു്.. മറക്കുവതെങ്ങനെ?

റോബി said...

ഒരു കമന്റിടാതെ പോകാന്‍ തോന്നുന്നില്ല. നല്ല പോസ്റ്റ്.

ചകിരി തേച്ച് കുളിക്കുന്നതും ഈര്‍ക്കിലിയുടെ ചൂലും, ചെരട്ടയെണ്ണ പുഴുക്കടിയ്ക്ക് മരുന്നായി ഉപയോഗിച്ചതും ഓര്‍മ്മിക്കുന്നു. പണ്ടൊക്കെ പുരകെട്ട് ഒരു ഉത്സവം പോലെയായിരുന്നു.

അല്പം കൂടി പ്രായമായപ്പോള്‍ പരിചയിച്ച തെങ്ങിന്‍ കള്ള് മറക്കുന്നതെങ്ങനെ?

അഭയാര്‍ത്ഥി said...

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു...
നാര്യണക്കിളിക്കൂടുപോലുള്ള നാലുകാലോലപ്പുര,
നോമ്പും നോറ്റെന്നെ കാത്തിരിക്കുന്ന വാഴക്കൂമ്പ്‌ പോലുള്ള പെണ്ണ്‌..
കല്ലുവെട്ടാം കുഴിക്കക്കരെ വച്ചന്നെന്നോടുള്ളു തുറന്നത്‌
ഓരോരൊ തീവണ്ടി ഓടിയെത്തുമ്പോഴും ഓടുന്ന വേലി.

ഒരു പാവം കേരളീയ പ്രവാസിയെ നൊസ്താള്‍ജിയയിലേക്ക്‌ കൂപ്പുകുത്തിക്കാന്‍
ഈ സിനിമാപാട്ടിനുള്ള മാന്ത്രിക വിദ്യ എന്താണ്‌????
നാളികേരം (പ്രകൃതി),കുടുംബം, പ്രണയം, വിരഹം, പ്രവാസം, പ്രതീക്ഷ ഇതൊക്കെത്തന്നെയല്ലെ.

എനിക്കും നാളികേരത്തിന്റെ പര്യായമായെ തേങ്ങ വരുകയുള്ളു. അടക്കാമരം എന്നത്‌ മാറ്റി കവുങ്ങെന്ന്‌ പറയുമ്പോള്‍
ഞാന്‍ അഭിനയത്തിന്റെ ആദ്യപടിയിലാണ്‌.
ശിലിച്ച ഭാഷകള്‍ മാറ്റിപ്പറയുമ്പോള്‍ നാം അഭിനയത്തിന്റെ കളരിയിലാണ്‌.
വിശാലന്റെ കഥകള്‍ എളുപ്പത്തില്‍ പോപ്പുലറാകുന്നത്‌ ഈ വിചാരങ്ങളും ഈ പ്രയോഗങ്ങളും സുലഭമായിട്ടുള്ളത്‌ കോണ്ടാണ്‌.
ഇവ നേരെ ഹൃദയ്ത്തിലേക്കിറങ്ങുന്നു.

കതിരണിപ്പാടങ്ങള്‍ വേനല്‍ക്കാറ്റില്‍പതാകയെപ്പോലെ ആടിക്കളിക്കുന്ന, തെങ്ങുകള്‍ തോരണം ചാര്‍ത്തിയ, തെയ്യങ്ങളുടേയും,
തിറയുടേയും, മറ്റനവധി ഗ്രാമീണകലാരൂപങ്ങളുടേയും നാടെ...
ജയ്‌ വിളിക്കുവാന്‍ ഒര്‌ രാജ്യത്തിന്റെ കൊടിപോലുമേന്താനാവാത്തവന്‍ പ്രവാസി.
പ്രവാസി മൂത്താല്‍ അഭായാര്‍ത്ഥി.............(നെരൂദക്ക്‌- ഇക്കടം എന്റെ പറ്റുവരവില്‍ ചേര്‍ക്കുക)

ഗതകാലങ്ങളുടെ എല്ലാ നോവുകളും ഉണര്‍ന്ന പ്രാണന്റെ പിടച്ചിലോടെ ഞാനിത്‌ സ്വീകരിക്കട്ടെ

G.manu said...

great , finest post by ramji

One Swallow said...

പുല്ലൂറ്റ് പാടത്തെ ഭാസ്ക്കരന്റെ അമ്മ അച്ഛമ്മേടെ ഫ്രണടായിരുന്നു [മക്കള്‍ സഖാക്കളും]. അമ്മയും അച്ഛമ്മയും വഞ്ചിക്ക് പുല്ലൂറ്റ് പോയ കഥ കുഞ്ഞിലേ കേട്ടിട്ടുണ്ട്. അതുകൊണ്ട് ശ്രീരാമജയം കോട്ടപ്പുറം കായലില്‍ വീഴും മുമ്പേ കൊടുങ്ങല്ലൂര്‍ ചുറ്റുവട്ടത്തെ തൊണ്ടുതല്ലലിന്റെ കഥകളും പരിചിതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗോപീകൃഷ്ണന്‍ പറയുമ്പോള്‍ വിശ്വസിക്കാനാവുന്നില്ല വരട്, വഴുക എന്നെല്ലാം പറയുന്ന പാഠഭേദങ്ങള്‍.

ഒരു പുഴയ്ക്ക് ഇത്ര വീതിയോ?

വിമാനത്തിലിരുന്നാ‍ണ് ആദ്യം കണ്ടത്. അത് കാണേണ്ട കാഴ്ച തന്നെ. അതുകൊണ്ടു തന്നെ വിക്കിമാപ്പിയയില്‍ അതെപ്പോഴും കാണാന്‍ ചെന്നു. കെട്ടിയവനെ കണ്ടപ്പോള്‍ പ്രണയാര്‍ദ്രമായി കാലകത്തുന്ന പെരിയാര്‍. ആ തമിഴ് പേര് മാത്രം ചെറുപ്പത്തിലേ ഇഷ്ടമല്ല. വഴുത, കൊലഞ്ഞില്‍, കട്ടാമ്പാറ, പാര പോലൊരു വാക്ക് നമ്മുടെ പുഴയ്ക്ക് ഇല്ലേ ഗോപീകൃഷ്ണാ?

pachalam said...

തെങ്ങിന്‍റെ ചോട്ടില്‍ ആശ്വാസമൊഴിക്കുന്നതെങ്ങിനെ മറന്നു?

തറവാടി said...

വല്ലാത്തൊരു സുഖം ഇതു വായിച്ചപ്പോള്‍ നന്ദി വളരെ വളരെ.

സ്കൂളില്‍ നിന്നും വരുമ്പൊള്‍ മില്ലില്‍ നിന്നും തേങ്ങാപ്പിണ്ണാക്ക് വാങ്ങികഴിക്കുമായിരുന്നു. പോത്തുകള്‍ക്കൊണ്ടായിരുന്നു മില്ല് ഓട്ടിയിരുന്നത്. ഒരിക്കല്‍ ബാലനുമായി രസിച്ച തിന്ന് വരുമ്പൊളാണ് ഉപ്പ എതിര്‍ വശം വന്നത്. വലിച്ചെറിയാന്‍ മനസ്സനുവദിച്ചില്ല കയ്യിലുള്ളത് മുഴുവന്‍ വായില്‍ തിരുകി ചങ്കില്‍ കുടുങ്ങിയ പിണ്ണാക്ക് താഴോട്ടും പോയില്ല മുകളിലോട്ടും ഓര്‍മ്മ വന്നപ്പൊള്‍ പാല്‍ക്കാരി പുറത്തുഴിയുന്നു , ഉപ്പ കാണാതിരിക്കാന്‍ ഇട വഴിയിലേക്കോടിയെന്ന് പിന്നീട് ബാലന്‍ പറഞ്ഞപ്പൊളാണ് മനസ്സിലായത് :)

കണ്ണൂസ്‌ said...

ഈ ഒരു ഒടുക്കത്തെ തെങ്ങ്‌പ്രേമം കാരണം ഒണക്കത്തെങ്ങ് നിറഞ്ഞ തോപ്പും കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതാ ഇന്നത്തെ ഭക്‌ഷ്യക്ഷാമത്തിന്റെ ഒരു കാരണം. ഇത്ര പ്രേമം നെല്ലിനോടില്ലാത്തതു കൊണ്ട് പാടം നികത്താന്‍ കൊടുത്തു, വീടു വെക്കാന്‍. എന്നിട്ട് കെ.എല്‍.യു പുറം‌വഴിയെ എടുക്കാന്‍ കുറേപ്പേരെ അഴിമതിക്കാരാക്കി. എന്തു കാര്യം? തേങ്ങ വില താഴോട്ടു തന്നെ, വെളിച്ചെണ്ണയേക്കാല് വില കുറഞ്ഞ ഭക്‌ഷ്യ എണ്ണകള്‍ കിട്ടാനുണ്ട്. ചകിരി, കൊതുമ്പ് എന്നിവയൊന്നും ഇപ്പോള്‍ ആരും കത്തിക്കാറില്ല, ഓല കൊണ്ട് മെയാനുള്ള പുരകളില്ല. തെങ്ങിന്റെ തടി ഉപയോഗിക്കുന്ന വ്യവസായങ്ങളില്ല. ഇളനീര്‍ അത്ര വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല.

പിന്നെ എന്തിനാ നമുക്കീ തെങ്ങ്? പൊഞ്ഞാറ് പറയാനോ?

തെങ്ങിന്‍‌തോപ്പുകള്‍ ആള്‍ക്കാര്‍ ഗൃഹനിര്‍മ്മാണത്തിനായി വിട്ടു കൊടുക്കാന്‍ തുടങ്ങിയാല്‍ നെല്‍‌കൃഷിയുടെ മേലുള്ള സമ്മര്‍ദ്ദം ഒട്ടൊന്ന് കുറയും. കെ.എല്‍.യു ആവശ്യമില്ലാത്ത, മിക്കവാറും, വീടിനും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും പറ്റിയ ലൊക്കേഷനിലുമായിരിക്കും ഈ തോപ്പുകള്‍. കേരകര്‍ഷകര്‍ക്ക് എന്ന് നല്ല ബുദ്ധി വരുമോ ആവോ?

One Swallow said...

കണ്ണൂസ് കണ്ണ് പിടിച്ച് തൊറപ്പിയ്ക്കുമ്പൊ തൊറക്കാതെങ്ങനെ.
രാവണനെ കൊന്നെന്നും യുദ്ധം നമ്മള്‍ ജയിച്ചെന്നും തമസ്സെല്ലാം അകന്നെന്നും ഹനുമാന്‍ ഓടിച്ചെന്ന് സീതയോട് പറയുമ്പോള്‍ സീത [ശ്രീകണ്ഠന്‍ നായരുടെ സീത] പറയുന്നുണ്ട്: അത് തമസ്സയിരുന്നെങ്കിലും എന്നെ മൂടിയ തമസ്സായിരുന്നു എന്ന്.

പില്‍ക്കാലത്ത് സീതയേക്കൊണ്ട് രാവണന്റെ പോര്‍ട്രെയ്റ്റ് വരപ്പിച്ചെന്നും ഒരു കാക്കപ്പുള്ളിപോലും മിസ്സായില്ലെന്നും അതായിരുന്നു സീതാപരിത്യാഗത്തിന്റെ ഇമ്മീഡിയറ്റ് റീസണ്‍ എന്നും വിശ്വസിക്കുന്നവര്‍ക്കുള്ള ഒരു മുങ്കൂര്‍ ജാമ്യമാണ് ശ്രീകണ്ഠന്‍ നായരുടെ ക്രിയേറ്റിവിറ്റി.

അതുപോലെ കണ്ണൂസേ, കേരളത്തിന്റെ നട്ടെല്ലൊടിച്ചത് കേരമാ‍യിരുന്നിരിക്കണം. എന്നാലും അതെന്നെ[യും] മൂടിയ തമസ്സായിരുന്നു.

One Swallow said...

ഡാലീ, കളയാനൊന്നുമില്ലാത്തതുകൊണ്ടാണ് പോലും തെങ്ങിനെ ഞങ്ങടെ ദാവീദായ ദേവേന്ദ്രന്റെ വൃക്ഷത്തിനോടുപമിച്ചത്. ഇസ്രായേലില്‍ തെങ്ങുണ്ടോ? ഞങ്ങടെ ചേന്ദമംഗലത്ത് ജനിച്ചു വളര്‍ന്ന ജൂതനാണ് പിന്നീടങ്ങോട് കുടിയേറി, ആട്ടിടയനായി തുടങ്ങി, വലിയ കൃഷിക്കാരനായി, ഒടുക്കം ഇസ്രായേല്‍ ഗവണ്മെന്റിന്റെ കര്‍ഷക അവാര്‍ഡും നമ്മുടെ പ്രവാസി സമ്മാനവും വാങ്ങിയ Eliyahu Bezalel.

ഡാലി said...

കണ്ണൂസേട്ടാ, കേരളത്തില്‍ ഇപ്പോ എവിട്യാണു തെങ്ങ് പുരയിടങ്ങള്‍? (തഞ്ചാവൂരു വഴിയിയൊന്ന് പോയി നോക്ക് കേരളമാണോ എന്ന് അതിശയിക്കും! കല ചേച്ചി പോസ്റ്റ് ചെയ്തിരുന്നു അത്) കേരളത്തിലേയ്ക്കുള്ള നാളികേരം പോലും അവിടന്നാണു വരുന്നത്. കേരളത്തിന്റെ തെക്കോട്ട് മുഴുവന്‍ റബറായി കഴിഞ്ഞു. ആദ്യം നെല്‍പ്പടം കോരികുത്തി കൊള്ളിയോ, പയറോ ഇഞ്ചിയോ നടും, പിന്നെ റബര്‍ തയ്യും.റബര്‍ കൃഷി ഇത്രെം ലാഭം തരുന്നിടത്തോളം കാലം കേരളം കൃഷികാര്യത്തില്‍ ഇങ്ങനെ തന്നെ കിടക്കും. കേരളത്തിന്റെ ആവശ്യത്തിനുള്ള നാളുകേരം പോലും നാം ഉത്പാദിപ്പിക്കുന്നില്ല.
എനിക്ക് നാളികേരം ഒരു പോഞ്ഞാറല്ല. നാളികേരം ധാരാളമായി കിട്ടുന്ന സ്ഥലക്കാര്‍ക്ക് കാണാത്ത തെങ്ങ് ഒരു നൊസ്റ്റാള്‍ജിയ ആയി തോന്നുനുണ്ടാവും.തണുപ്പു കാലത്ത് മാത്രം നാളികേരം കിട്ടുന്ന (അതും ഒരു 10 ദിവസം) നാളികേരം സൂപ്പര്‍ മാര്‍ക്കെറ്റില്‍ വരുന്ന ദിവസം കൊങ്കണ്‍ പ്രദേശ ഇന്ത്യക്കാര്‍ കാണിക്കുന്ന ആക്രാന്തം കണ്ടാല്‍ മനസ്സിലാവും അരിയുടെ ഒപ്പം തന്നെ ചിക്കനേക്കാള്‍ അത്യവശ്യമായി കൊങ്കണ്‍ക്കാര്‍ക്ക് വേണ്ടതാണ് നാളികേരം എന്ന് .നാളികേരം ഇല്ലാത്തൊരു കൂട്ടാന്‍ കൊങ്കണ്‍ പ്രദേശക്കാര്‍ക്കുണ്ടോ? കേരളത്തിനു ഭക്ഷ്യ എണ്ണ പോലും മറ്റു സംസ്ഥാനങ്ങള്‍ നല്‍കട്ടെ എന്നാണൊ?
പറഞ്ഞു വന്നത്. വലിയൊരു പോസ്റ്റിനുള്ള സ്കോപ്പുള്ള വിഷയമാണു്. റബര്‍ കര്‍ഷകരുടെ അടി പേടിച്ചാണു് എഴുതാത്തെ.

സ്വാളോ, ഇവിടെ തെങ്ങുടെന്ന് കേട്ടീട്ടുണ്ട്. ഞാന്‍ കണ്ടീട്ടില്ല. കൊച്ചി ജൂതന്മാരെ കണ്ടീട്ടുണ്ടെങ്കില്‍ അങ്ങോട്ട് പോകാന്‍ കഴിഞ്ഞീട്ടില്ല. അവിടെ അവര്‍ എല്ല കേരള പച്ചക്കറികളും നട്ട് വളര്‍ത്തുന്നു എന്നാണ് അറിഞ്ഞത്. ഒരൂസം പോണം. ഹൈഫയ്ക്കടുത്താണു. കറിവേപ്പിലയൊക്കെ അവിടെ കിട്ടും എന്ന് കേട്ടിരുന്നു. തണ്ണുപ്പ് കാലത്ത് വരുന്ന നാളികേരം തായ്ലന്റില്‍ നിന്നാണു പ്രധാനമായും. അവരാണെങ്കില്‍ മുകളിലെ ചകിരി പോലും കളയും. നന്നായി മൂത്തും കാണില്ല. 10 എണ്ണം വാങ്ങിയാല്‍ 3 എണ്ണം നല്ലത് കാണും. ഞാനങ്ങനെ വാങ്ങുന്നത് ഫ്രീസറില്‍ സൂക്ഷിച്ചാണു് അപൂര്‍വമായി ചമ്മതി എങ്കിലും ഉണ്ടാക്കുന്നത്. തേങ്ങാ പൊടിയും ടിനില്‍ തേങ്ങാപാലും ( തായ് പ്രോഡക്റ്റ്) അപൂര്‍വ്വം ചില കടകളില്‍ കിട്ടും.

നിസ് said...

മാഷേ,
പോസ്റ്റുകളിലൂടെ കടന്നു പോകുന്നതല്ലാതെ കമന്റാറില്ല ഇപ്പോള്‍, പക്ഷേ ഇവിടെ ഒരു നല്ല വാക്ക് പറയാതെ പോകാന്‍ പറ്റാത്തോണ്ടാണ്...

എങ്ങിനെ ഇപ്പോഴും ഇതെല്ലാം ഇത്ര വിശദമായി എഴുതാന്‍ പറ്റണൂ? പറയുന്ന ഓരോന്നും മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞൂ വര്വാ..
നഷ്ടപെട്ടുപ്പോയ നല്ലകാലം.. അതെത്രത്തോളം വിലപ്പെട്ടതാണെന്ന് ഇങ്ങിനെയുള്ള പോസ്റ്റുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു...

നന്ദിയുണ്ട്.. ദേ എവിടുന്നോ നല്ല ആട്ടിയ വെളിച്ചെണ്ണയ്യുടെ മണം വരുന്നൂ, ഞാനൊന്ന് നീട്ടി ശ്വസിച്ചോട്ടെ....

അപര്‍ണ്ണ said...

സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ വായിച്ച്‌ തീര്‍ത്തു. ഓര്‍മ്മകള്‍ക്ക്‌ ചിയേഴ്‌സ്‌ പറഞ്ഞങ്ങിനെ ഇരിക്കുമ്പോ എന്താ ആവോ ഒരു സങ്കടം?

പി.എന്‍.ഗോപീകൃഷ്ണന്‍ said...

പൊഴയ്ക്ക് പേരുണ്ട്..അതു പിന്നെ പറയാം..ആദ്യം നീയെന്റെ മണം കട്ടെടുത്തതിന് സമാധാനം പറ

പപ്പൂസ് said...

ചീയേഴ്‍സ്.... :-)

നാളികേരം അരച്ച കറികളെക്കുറിച്ചുള്ള വിവരണം കൂടെ ആഗ്രഹിച്ചു പോയി. വെളിച്ചെണ്ണ പാചകത്തിനുപയോഗിക്കുമെന്ന് പറഞ്ഞതിന് എന്നെ റീഫൈന്‍ഡ് ഓയിലിലെന്ന പോലെ പൊരിച്ചെടുത്ത കന്നഡ സുഹൃത്തുക്കളുണ്ട്, പിന്നല്ലേ നോര്‍ത്ത്!

ചിരവി പ്രിസര്‍വേറ്റീവ്സ് ഇട്ടു പാക്കു ചെയ്ത നാളികേരം ഇപ്പോ കോഴിക്കോട്ടു വരെ കിട്ടാനുണ്ട്. കറിയുണ്ടാക്കാന്‍ ചിരവി, അരച്ച് സമയം കളയണ്ടാ, പാക്കറ്റ് പൊട്ടിക്കൂ, ചട്ടിയിലിടൂ എന്നവര്‍!

||അരഞ്ഞ തേങ്ങയും പച്ചമാങ്ങയും ചൊമന്നുള്ളിയും മുളകും വേളൂരിയും എവിടത്തെ വെള്ളത്തിലും തീയിലും പാത്രത്തിലും വേവിച്ചാലും അത് നാവില്‍ തൊടുമ്പോള്‍ ആത്മാവ് ഒരു നിമിഷം ശുദ്ധമാവാറുണ്ട്.||

അതു തന്നെ.

പാമരന്‍ said...

കലക്കന്‍ പോസ്റ്റ്‌ മാഷെ.

"തെങ്ങിന്‍റെ മണ്ട" എന്നെ ഒരു അര മണിക്കൂറു നേരം ചിന്തയില്‍ ലയിപ്പിച്ചു കളഞ്ഞു. ഹെന്തൊരു സ്വാദാ അതിന്‌? ഓര്‍ക്കുംതോറും സ്വാദു കൂടി വരുന്നു.

പണ്ട്‌ ഗാന്ധിജി നാരയണഗുരുവിനെ കാണാന്‍ വന്നപ്പോള്‍ ഗുരു ഇതാണു കൊടുത്തതെന്നും ഗാന്ധിജി അതെന്തോ സ്വര്‍ഗ്ഗീയ സാധനമാണെന്നു വിചാരിച്ചു പോയെന്നും കേട്ടിട്ടുണ്ട്‌.

പ്രവാസമാണോ ഈ ഓര്‍മ്മകള്‍ക്കൊക്കെ മധുരം കൂട്ടുന്നത്‌?

അത്ക്കന്‍ said...

ചിരട്ടക്കരി ഉപയോഗിക്കാന്‍ തുട്ങ്ങീര്‍ക്ക്ണു ജനം..ഏത്..?

വല്യമ്മായി said...

നല്ല പോസ്റ്റ്,ഇതേ വിഷയത്തില്‍ ഒരു പോസ്റ്റെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാനും.

"17 വയസ്സുവരെ എവിടെ ജീവിച്ചോ അവിടത്തുകാരല്ലെ നമ്മള്‍ ചാകുംവരെ?]. "

അങ്ങനെ എന്റെ ഈ ചോദ്യത്തിന് ഉത്തരം കിട്ടി.നന്ദി :)

ഗുരുജി said...

ഒരു സൂപ്പര്‍ പോസ്റ്റ്. ഒരു നിമിഷം കൊണ്ട്‌ ഒരായിരം ഓര്‍മ്മകളിലേക്കു മനസ്സിനെ വലിച്ചുകൊണ്ടുപോയ പോസ്റ്റ്. ഈ അനുഭവങ്ങളുടെ മധുരമില്ലാതെ കഴിയേണ്ടിവരുന്ന ഇന്നത്തെ കുഞ്ഞുങ്ങളുടെ കാര്യമോര്‍ക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ട്. സൂപ്പര്‍ പോസ്റ്റ് മാഷേ,,

കുറുമാന്‍ said...

കശുവണ്ടിപശയും, ചാഴിപൊടിയും, പുരകെട്ടും, ചൂലുഴിയലും, ഓല മെടയലും,തെങ്ങിന്‍ പൊങ്ങും, ഹാ ഹാ എത്രയെത്ര ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു ഈ പോസ്റ്റ്.

മനസ്സ് നിറഞ്ഞു ഈ പോസ്റ്റ് വായിച്ചപ്പോള്‍.

നന്ദി മാഷെ.

റീനി said...

സ്വാളോ, പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ ഒഴുകിയൊഴുകി എന്നെ പഴയ നാട്ടിന്‍ പുറത്ത് എത്തിച്ചല്ലോ!
നല്ല പോസ്റ്റ്!

ഇന്ത്യന്‍ കടയില്‍നിന്ന് കിട്ടുന്ന ഫ്രോസണ്‍ തേങ്ങാപ്പീരപോലെ ആ സീനുകള്‍ മനസ്സില്‍ ഉറഞുകിടക്കുന്നു.

One Swallow said...

ഗോപീകൃഷ്ണാ, ഇക്കരെ, ഒരു സമാധാനവുമില്ല.
മടിയന്മാരുടെ മാനിഫെസ്റ്റോ മടക്കിവെച്ച് ചൊമന്നുള്ളി മൂപ്പിച്ച വെളിച്ചെണ്ണയെപ്പറ്റി നീ നാലുവരി എഴുത്, ഞാനിത് ഡിലീറ്റിയേക്കാം.

പച്ചാളംസേ, എഴുതീട്ട് തീരുന്നില്ല, എന്ന് തൊടങ്ങിയതാ, ആ ന്യൂസ് കണ്ടയന്ന്. ഒടുക്കം വട്ടായി പബ്ലിഷിയതാ.

പപ്പൂസേ, നാളികേരം അരച്ച കൂട്ടാനുകളില്‍ അത്ര സാധാരണമല്ലാത്ത ‘തക്കാളി കൂട്ടുചേര്‍ത്ത അവിയലിനെ’ വരെ ഓര്‍ത്തിരുന്നു എഴുതുമ്പോള്‍.

വല്യമ്മായി said...

ആ അവിയലിലെ കഷ്ണങ്ങള്‍ ചെറുതായുടയ്ക്കുന്ന ചിരട്ട കയിലിനെ മാത്രം മറന്നു എല്ലാരും :)

എതിരന്‍ കതിരവന്‍ said...

കണ്ണൂസ് പറഞ്ഞത് എത്രയോ ശരി. ഇതൊരു നൊസ്റ്റാള്‍ജിയ പോസ്റ്റാണെന്നു കരുതി കമന്റുക്കളെല്ലാം ആവഴിയ്ക്ക് തിരിഞ്ഞതു കണ്ടോ.
മലയാളിയുടെ കാല്‍പ്പനികത്വത്തില്‍ തെങ്ങ് ധാരാളമായി കടന്നു വരുന്നു. രണ്ടും inflorescence ആണെങ്കിലും ഉണങ്ങിയ കറ്റയ്ക്കുള്ള സ്ഥാനമല്ല തെങ്ങിന്‍ പൂക്കുലയ്ക്. അലങ്കാരത്തിനും അനുഷ്ടാനങ്ങല്‍ക്കും പൂക്കുലയ്ക്കുള്ള സ്ഥാനം അപാരം.

തിളങ്ങുന്ന മഞ്ഞ കുരുത്തോല കോസ്റ്റ്യൂം ഡിസൈനിന്റെ ഭാഗമായി. (പടയണി, പറയന്‍-ശീതങ്കന്‍ തുള്ളലുകള്‍...തെയ്യം.....) ഈര്‍ക്കിലി യും ചകിരിനാരും ചിത്രകാരന്മാര്‍ക്കും ദൃശ്യകലകളിലെ മുഖത്തെഴുത്തുകാര്‍ക്കും ബ്രഷ് ആയി. കാറ്റിലാടുന്ന തെങോല വിദേശികളെ മാടിവിളിച്ചെന്നും (കേരളചരിത്രം മാറിമറിയാന്‍ തെങ്ങുകള്‍‍ക്കുള്ള സ്ഥാനം) ‘അന്തിയ്ക്കു പടിഞ്ഞാറെ ചെന്തെങ്ങിന്‍ കുല വെട്ടി” എന്നൊക്കെ കവികള്‍ക്കു പാടാനും ആയി. “കേരം തിങ്ങും കേരളനാട്ടില്‍ കേയാര്‍ ഗൌരി ഭരിയ്ക്കട്ടെ” എന്നു വരെ എത്തി. ബ്രസീലിലും ഫിലിപ്പൈന്‍സിലും തായ്ലാന്‍ഡിലും തെങ്ങ് ചുറ്റിപ്പറ്റി സമൂഹം വളര്‍ന്നിട്ടുണ്ടെന്ന് തോന്നാനേ പാടില്ലാതായി.

ഗണപതിയ്ക്ക് “പന‍സ നാളികേരാദി ജംബു ഫല“ങ്ങള്‍ ഇഷ്ടമെന്ന് “ശ്രീ ഗണപതിനീ സേവിമ്പരാരെ“യില്‍. അതില്‍ ആദ്യത്തെ പനസം-ചക്കയും ഇപ്പോള്‍ മലയാളിയ്ക്കു വേണ്ട.

ഹൊ. എന്നെ പൂക്കുല പോലെ വിറയ്ക്കുന്നു.

One Swallow said...

അയ്യോ വല്യമ്മായീ, അതാ കെടക്കുന്നു പോസ്റ്റില്‍ത്തന്നെ ചെരട്ടക്കയില്‍. കാണാന്‍ മിസ്സായതാ.

ശരിയാണ് എതിരന്‍. വിദേശവാസം നൊസ്റ്റാള്‍ജിയയുടെ ഭാഗത്തേയ്ക്ക് കനം തൂങ്ങിച്ചതാവും. പാസ്പോര്‍ട്ടില്‍ ബ്ലോഗിന്റെ യൂവാറെല്‍ എഴുതേണ്ടുന്ന കാലം ദാ ഇങ്ങെത്തി.

പൂക്കുലയല്ലാട്ടാ, പൂക്കില. പൂക്കിലയെ ഉള്ളില്‍ ഒളിപ്പിച്ച ആ പച്ചക്കൊതുമ്പന്‍ മൊട്ടിനെ ഞങ്ങള്‍ ചൊട്ട എന്നു വിളിച്ചു. തൈത്തെങ്ങ് ആദ്യമായി ചൊട്ടയിടുമ്പോള്‍ വീട്ടില്‍ അതൊരു സംസാരമായിരുന്നു. ഇളമ്പച്ച നിറമുള്ള കുഞ്ഞുമുന കണ്ടുപിടിക്കുക കുഞ്ഞിക്കണ്ണുകള്‍ക്ക് എളുപ്പമല്ലായിരു‍ന്നു. എന്നാലും കുഞ്ഞി ഈഗോ ഹര്‍ട്ടാവാതിരിക്കാന്‍ കണ്ടില്ലെങ്കിലും വലിയോരുടെ ഒപ്പം തലകുലുക്കും - ദേ ദേ എന്ന്.

ശര്‍ക്കര ചേര്‍ത്ത് പൂക്കില കുറുക്കും. തിരുവാതിരയ്ക്കാ? കോഴിക്കോട് നാരായണന്‍ നായര്‍ മോഡലായ തെങ്ങിന്‍ പൂക്കില ലേഹ്യത്തിന്റെ പരസ്യം കണ്ട് ഈ പോസ്റ്റ് അടിച്ചുണ്ടായ എന്റെ നടുവേദന പോയി.

നന്ദകുമാര്‍ said...

എന്റ്മ്മോ....എന്താപ്പോ പറയ്യാ..മാഷെ നിങ്ങടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് ഞാനെന്റെ നെറുകയില്‍ വെച്ചോട്ടെ?? നിങ്ങടെ തോളില്‍ ഞാന്‍ കെട്ടിപ്പിടിച്ചോട്ടെ??
ബ്ലോഗിലെ ചക്കളാത്തി പോരാട്ടങ്ങള്‍ക്കിടയില്‍ ഒരുപാടാളുകള്‍ ഈയൊരു പോസ്റ്റ് കണ്ടിരുന്നെങ്കില്‍...

Visala Manaskan said...

വായിച്ച് എന്റെ ചങ്ക് പൊളിഞ്ഞു രാംജി. :(

വളരെ വളരെ ഇഷ്ടായി.

ധ്വനി said...

ഇവിടെ വരാനിത്തിരി താമസിച്ചു... കമ്പ്യൂട്ടറില്‍ ടെട്ട്രിസ് കളിച്ചു കഴിഞ്ഞ് പിന്നെ അരമണികൂര്‍ കട്ടകള്‍ പറന്നിറങ്ങുന്നതു പോലെ ഒരു തോന്നല്‍ ഉണ്ടാവാറുണ്ട്... തെങ്ങോല മെടയുന്നതും എനിയ്ക്കങ്ങനെയെന്തോ ഒരു തരം തോന്നല്‍ ആണു... മിനുപ്പില്‍ കയ്യോടി മടക്കി ഒതുക്കി മനോഹരമാക്കി ജീവിതത്തിലെ ആദ്യ നാളുകളില്‍ പരിശീലിച്ച ആസ്വദിച്ച ഒരു കല. തെങ്ങും തണലും മടലും എല്ലാം എന്റെ ജീവിതത്തിന്റെ ഒരേടാണു. ഒരു പക്ഷേ എല്ലാവരുടേയും പോലെ

വിഷ്ണു പ്രസാദ് said...

രാം,ഈ പോസ്റ്റ് ഇപ്പോഴാ കണ്ടത്.ഈ തേങ്ങാ മാഹാത്മ്യം ഗംഭീരമായി.വയനാട്ടുകാരനായതുകൊണ്ടാവണം തെങ്ങ്/തേങ്ങ ഇതിനെക്കുറിച്ചൊന്നും ഓര്മകള് പങ്കിടാനില്ല.ഞങ്ങള്‍ തേങ്ങ വാങ്ങുന്നവരായിരുന്നു.
ഇപ്പോള്‍ തൂക്കിയാണ് തേങ്ങ വാങ്ങുന്നത്(കിലോയ്ക്ക് ഇത്ര രൂപ).മൈസൂരില്‍ നിന്നാണ് ഞങ്ങള്‍ക്ക് തേങ്ങ.
പില്ക്കാലത്ത് ആന്ധ്രയില്‍ പോയപ്പോള്‍ വെളിച്ചെണ്ണയില്‍ വറവിട്ടെടുത്ത കപ്പപ്പുഴുക്ക് തിന്ന തെലുങ്കത്തി വെളിച്ചെണ്ണച്ചുവ പിടിക്കാതെ ഛര്‍ദ്ദിച്ചത് കൌതുകത്തോടെ ഓര്‍ക്കുന്നു.അവര്‍ക്ക് വെളിച്ചെണ്ണ മുടിയില്‍ പുരട്ടാന്‍ മാത്രമുള്ളതാണ്

K. R. Satheesan said...

naallikeara smarannakalkku Amma theakkarulla venthavellichannayude mannamirunnu.
ramMohaa...ee blog enikku valare ishttai.
25 kollayi gulfel, innum ente soapu pattikkarikilea aah killikkkoodu kandu enne kaliyakkunnvarkkai njaan ninte ee blog dadicatu chayyunnu.
satheesheattan.

Artist B. Rajan said...

കേമം കെങ്കേമം ..

One Swallow said...

ഡാലിയേ, ഇത് കണ്ടാട്ടെ: http://chensyn.com/

Rajalakshmy bangalore said...

mathrubhumiyil blog vayichu. nannayitundu.kazhinja 20 varshamayi oru TVM kaarante sahadarmini ayyitum, ippolum "nalikeram " kai vidaatha oru nagara vaasiyaya naatin purathu kariyude abinandangal.

shine said...

Cheers!!!

Rama Chandran said...

Fine.I bought 2 acres in Alapuzha when I was 50.Sakhakkal thengu keran sammathikkunnilla!

Related Posts with Thumbnails