Monday, May 12, 2008

ബ്ലോഗ് വിരോധി സമ്പൂര്‍ണ ഓണ്‍ലൈന്‍


മനോരമയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ഏതു ഭാഷയിലുമുള്ള ഓണ്‍ലൈന്‍ പത്രങ്ങളില്‍ [അതോ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലോ?] മനോരമ ഓണ്‍ലൈന് മൂന്നാം സ്ഥാനമാണുള്ളതെന്നു കേട്ടപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വിഷമം [പണ്ണിയത് ഉദ്ദേശിച്ചു തന്നെ].

ഇത് സാധ്യമായതിന് പിന്നില്‍ മനോരമയുടെ പ്രൊഫഷണലിസത്തോടൊപ്പം പ്രൊഫഷണല്‍ ഗതികേടു മൂലമുള്ള മറുനാടന്‍ മലയാളികളുടെ ബാഹുല്യവുമുണ്ട്. ഒപ്പം മലയാള്‍-ഇ എന്ന് പിരിച്ചെഴുതേണ്ടും വിധം പുരോഗമിച്ചിരിക്കുന്ന നമ്മുടെ ഇ-സാക്ഷരതയും. ക്രെഡിറ്റ് കാര്‍ഡ് വഴി പണം വാങ്ങി ഇ-വായന ഓസിയല്ലാതാക്കിയാലും ടോപ് ടെന്നിന്റെ ഉന്നതങ്ങളില്‍ത്തന്നെ മനോരമ വിലസുമെന്നുറപ്പ്. വാര്‍ത്തയോടുള്ള ആക്രാന്തം മലയാളിയെ സംബന്ധിച്ചിടത്തോളം രോഗാതുരം.

അതേസമയം നമ്മുടെ പ്രസിദ്ധമായ വാരികകളും മാസികകളുമൊന്നും ഓണ്‍ലൈനില്‍ ലഭ്യമല്ലായിരുന്നു. തലക്കെട്ടുകളും ആദ്യപാരഗ്രാഫുകളും ഓണ്‍ലൈനില്‍ കാണിച്ചു കൊതിപ്പിച്ച്, അച്ചടിച്ച കുത്തിക്കെട്ട് സാധനം വാങ്ങിപ്പിക്കാനുള്ള ശ്രമമാണ് മനോരമ ഗ്രൂപ്പടക്കം ഇപ്പോളും നടത്തിക്കൊണ്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി വിദേശമലയാളികള്‍ക്കും വരിക്കാരാവാം. എന്നാല്‍ പോസ്റ്റോ കൊറിയറോ വഴി സാധനം വരും വരെ കാത്തിരിക്കണം.ഇ-ക്കാലത്ത് അതിനാരെക്കിട്ടും?

ഇ-താദ്യമായിപ്പോള്‍ മാറ്റിമറിച്ചിരിക്കുന്നത് കലാകൌമുദിയാണെന്നു തോന്നുന്നു. കലാകൌമുദി എന്നു കേട്ടാല്‍ ബ്ലോഗിംഗ് ചെയ്യുന്ന പലരും വാളെടുക്കുമെന്നറിയാം. എന്നാലും കലാകൌമുദി കാത്തുനിന്ന പ്രീഡിഗ്രിക്കാല ബുധനാഴ്ചകളെ, വന്ന വഴികളെ, ഇളവെയിലേറ്റിരുന്ന മാമ്പൂഞ്ചില്ലകളെ, എങ്ങനെ നീ മറക്കും കുയിലേ?

സാഹിത്യവാരഫലം, എം. പി. നാരായണപിള്ളയുടെ തട്ടുപൊളിപ്പന്‍ ലേഖനങ്ങള്‍ ["വിപ്ലവമിപ്പോള്‍ വരുന്നത് തോക്കിന്‍ കുഴലിലൂടെയല്ല, എം. പി. നാരായണപിള്ളയുടെ വാണക്കുറ്റികളിലൂടെയാണ്" എന്ന് ലാബെല്ലാ രാജന്‍ അക്കാലത്തെ ഒരു കവിതയില്‍], ജയചന്ദ്രന്‍ നായരുടെ തറഞ്ഞുകേറുന്ന എഡിറ്റോറിയലുകള്‍, നമ്പൂതിരിയുടെ പെണ്ണുങ്ങള്‍, രണ്ടാമൂഴം [അതിന് വിശേഷമായി ഉപയോഗിച്ചിരുന്ന ടൈപ്പ്ഫെയ്സ്], ബാലചന്ദ്രന്റെ ഗസല്‍ [അതിന് 200 രൂപയാണ് പ്രതിഫലം കൊടുത്തതെന്നു കേട്ടപ്പോള്‍ ജയചന്ദ്രന്‍ നായരോട് തോന്നിയ ദേഷ്യം], [തിളങ്ങുന്ന ഗദ്യം മാത്രമെഴുതിയ മലയാറ്റൂരിന്റെ] ബ്രിഗേഡിയര്‍ കഥകള്‍, യു. എ. ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകള്‍, ഇ. എം. അഷ്രഫിന്റേയും സുന്ദറിന്റെയും സദാശിവന്റെയും ഫീച്ചറുകള്‍ [അതിലൊന്നിനെപ്പറ്റി ഈയിടെ വെള്ളെഴുത്ത് എഴുതി. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞുകേട്ടിട്ടാവണം ഈ ബ്ലോഗ് കണ്ട് സുന്ദര്‍ കമന്റിട്ടിരുന്നു. അങ്ങനെ ഒബ്രിയുടെ ആത്മകഥാപരിഭാഷ വായിച്ച കാലത്തെ പരിചയം പുതുങ്ങി], ഒരു ഓണപ്പതിപ്പില്‍ വായിച്ച, ഒറ്റവായനയില്‍ മനപ്പാഠമായ, സുഗതകുമാരിയുടെ അനുരാഗികള്‍ക്കായ്, അയ്മനം ജോണിന്റെ ഓറിയോണ്‍, കള്ളിക്കാട് രാമചന്ദ്രന്‍, ഈ. വി. ശ്രീധരന്‍... കലാകൌമുദി ഒരു കാലത്ത് വിഷ്ഫുള്‍ തിങ്കിംഗിന്റെ ആവിഷ്കാരമായിരുന്നു.

പേജ് ഹെഡ്ഡറുകളായി വാക്കുകള്‍ക്ക് പകരം ഉപയോഗിച്ചിരുന്ന ഗ്രാഫിക് ഐക്കണുകളാണ് [കവിതയ്ക്ക് പീലി, നോവലിന് പിറ...] കണ്ണുകളുടെ ഓര്‍മയില്‍.

മനുഷ്യനെപ്പോലെ തന്നെയാണ് മനുഷ്യസൃഷ്ടികളും. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. ജയചന്ദ്രന്‍ നായരും നമ്പൂതിരിയും വാരഫലവും ഒറ്റയടിക്ക് പോയപ്പോള്‍ കലാകൌമുദി ക്ഷീണിച്ചെന്നതു നേര്. എന്നാല്‍ ലന്തന്‍ ബത്തേരി വന്നത് ജയചന്ദ്രന്‍ നായര്‍ എഡിറ്ററല്ലാത്ത സമീപകാല കലാകൌമുദിയിലല്ലേ? ഇപ്പോളുമുണ്ട് മിസ്സാക്കാന്‍ പാടില്ലാത്ത പലതും. ഉദാഹരണത്തിന് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ടോംസിന്റെ ആത്മകഥ.

ടോംസിന്റെ വരയും യേശുദാസിന്റെ സിനിമാപ്പാട്ടുമെല്ലാമാണ് ഒരുപാട് തലമുറകളില്‍പ്പെട്ട മലയാളികളുടെ അസ്ഥിയിലെ കാത്സിയം [‘അസ്തിയിലെ’ എന്നും വായിക്കാം]. അതുകൊണ്ട് ഹരികുമാറും മറ്റും കാരണമായ കൊസ്രാക്കൊള്ളികളോട് ഞാനങ്ങ് ക്ഷമിച്ചു.

കലാകൌമുദി വാരിക ഇപ്പോള്‍ മുഴുവനായും നെറ്റില്‍ വായിക്കാം. ഒരു വര്‍ഷത്തെ ഇ-വരിസംഖ്യ 1050 രൂപ മാത്രം. സംഗതി ഏത് ക്രെഡിറ്റ് കാര്‍ഡ് വഴിയും കൊടുക്കാം. [ദുബായില്‍ ഒരു കലാകൌമുദിയുടെ വില നാലര ദീര്‍ഹനിശ്വാസമാണെന്നിരിക്കെ ഒരു കൊല്ലത്തെ 52 ഇഷ്യൂസിന് 234 ദിര്‍ഹം. ഇതേതാണ്ട് 2340 രൂപാ വരുമെന്നോര്‍ക്കണം. കടലാസിലുണ്ടാക്കിയ കറന്‍സി മാത്രമല്ല കാടു വെട്ടി ഉണ്ടാക്കുന്ന കടലാസും വേസ്റ്റാക്കുന്നില്ലെന്ന പച്ച നിറമുള്ള ന്യായവും കണക്കിലെടുക്കുമ്പോള്‍ എല്ലാം കൊണ്ടും സന്തോഷം [പഴയ വീക്കിലികള്‍ ഇങ്ങനെ കൂട്ടിവെച്ചാല്‍ ഞാനതെല്ലാമിടുത്ത് തീയിടും എന്നാക്രോശിക്കുന്ന ഭാര്യമാരുള്ളവര്‍ക്ക് E-രട്ടിമധുരം]. കലാകൌമുദി മാത്രമല്ല സഹോദരങ്ങളായ വെള്ളിനക്ഷത്രം [മനോരമ വീക്കിലിയുടെ പൈങ്കിളി ഫോര്‍മുല തിരുത്തിക്കുറിച്ച് മനോരമയെക്കൊണ്ട്പോലും അനുകരിപ്പിച്ച മംഗളവും ബാലരമയുടെ ഫോര്‍മുല തിരുത്തിക്കുറിച്ച് ബാലരമയെക്കൊണ്ട് പോലും അനുകരിപ്പിച്ച പൂമ്പാറ്റയുമ്പോലെ നാനയില്‍ നിന്ന് ബാര്‍ബര്‍ഷാപ്പ്-ഡെന്റല്‍ ക്ലിനിക്ക് സിനിമാജേര്‍ണലിസത്തെ അവിടെത്തന്നെക്കിടത്തി തിരുത്തിയെഴുതിയ നക്ഷത്രം], ക്രൈമിന്റെ അനുകരണമായ ഫയര്‍, വനിതകള്‍ക്കുള്ള സ്നേഹിത, ജ്യോതിഷബാധിതര്‍ക്കുള്ള മുഹൂര്‍ത്തം [ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നു പറഞ്ഞ സി. കേശവന്റെ പാരമ്പര്യം മറന്നേക്കുക], ആയുരാരോഗ്യം [മാത്തുക്കുട്ടിച്ചായന്റെയും വീരേന്ദ്രച്ചായന്റെയും സമാന ടൈറ്റിലുകള്‍ ഓര്‍ക്കുമ്പോള്‍ ഈ ആ ടൈറ്റിലിന് ഒരുമ്മ.]... എല്ലാം ഒറ്റയ്ക്കോ കൂട്ടായോ ഇങ്ങനെ സ്ക്രീനില്‍ ലഭ്യമാക്കാം.

സമകാലിക മലയാളം വാരികയുടെ ചില പേജുകള്‍ ഇ-ങ്ങനെ പണം കൊടുക്കാതെ തന്നെ വായിക്കാന്‍ കിട്ടുന്നുണ്ട്. എന്നാല്‍ ഒരു മലയാളം മാഗസിന്‍ മുഴുവന്‍ ഇങ്ങനെ കിട്ടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. ഇത് യൂണികോഡ് ആണോ സാങ്കേതികമികവുണ്ടോ എന്നെല്ലാം വിവരമുള്ളവര്‍ പറയട്ടെ.

മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം വീക്കിലികള്‍, പച്ചക്കുതിര, വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം, കന്യക, കേരളശബ്ദം, നാന, സിനിമാ ദീപിക, ഭാഷാപോഷിണി, ബാലരമ, ബാലഭൂമി... കൂട്ടരേ, ഇ-തിലേ ഇതിലേ...

19 comments:

Eccentric said...

കൊള്ളാം കൊള്ളാം...ആ ലിങ്ക് കൂടി അയച്ച താ ചേട്ടാ.

സിമി said...

ഈ പരസ്യം ഇടാന്‍ കലാകൌമുദിക്കാര് എത്ര കാശ് തന്നു?

Anonymous said...

ആരാ ഈ മൂന്നാം സ്ഥനം മനോരമയ്ക്കു നല്‍കിയിരിക്കുന്നത്‌ ?

One Swallow said...

ecc സെന്ട്രിക്കേ, ലിങ്ക് ഇട്ടിരുന്നല്ലൊ. www.kalakaumudi.com

ഇതറിയാതെ പോകുന്നവര്‍ അറിയട്ടെ എന്നു കരുതിയാണ് സിമിച്ചായാ. ചോരയുള്ളൊരകിടിന്‍ ചുവട്ടിലും പാലു തന്നെ മനുജന്നു cowതുകം.

മനോരമയ്ക്ക് മൂന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് www.alexa.com ആണെന്നു കേട്ടു. കോയിന്‍സിഡന്‍സ് - ഇന്നലെ ഇത് കീയിന്‍ ചെയ്തതിനുശേഷം മനോരമഓണ്‍ലൈനില്‍ പരസ്യം വില്‍ക്കുന്ന ഒരാള്‍ ഞങ്ങടെ ഓഫീസില്‍ വന്നു.

Anonymous said...

മനോരമയുടെ ഈ അവകാശവാദം മുമ്പേ ചോദ്യം ചെയ്യപ്പെട്ടതാണ്.Alexa യെകുറിച്ച് ഒന്നു അന്വേഷിച്ചു നോക്കു.

One Swallow said...

എവിടെ ചോദ്യം ചെയ്യപ്പെട്ടു? വല്ല ലിങ്കുമുണ്ടോ? അലക്സയും ഫ്രാഡാണെന്നാണോ? എനിക്കറിയില്ലായിരുന്നു കെട്ടൊ. ഏതായാലും മനോരമ അങ്ങനെ അവകാശപ്പെടുന്നുണ്ട്. എതിര്‍ക്കാന്‍ മരുന്നുണ്ടെങ്കില്‍ തായോ.

Anonymous said...

മാധ്യമത്തില്‍ അവസാന പേജ്‌ പംക്തിയില്‍. പിന്നെ ഇന്ത്യാവിഷനില്‍ രാജേശ്വരി പറഞ്ഞത്‌ അച്ചായന്‍ പൈസകൊടുത്തു വാങ്ങിതെന്നാ :)
http://www.alexacheaters.com/

Anonymous said...

ഇതു കൂടി
http://www.calacanis.com/2006/11/24/alexa-is-100-wrong-and-you-can-game-it-with-as-few-as-three-mac/

വല്യമ്മായി said...

കലാകൗമുദി ഗ്രൂപ്പിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും ഒരു രണ്ടര വര്‍ഷം മുമ്പ് വരെ ഫ്രീ ആയിരുന്നു :(

അനില്‍ശ്രീ... said...

http://www.firemag.net/ അത് യു എ ഇ-യില്‍ ബ്ലോക്ക് ആയിട്ട് രണ്ട് വര്‍ഷത്തോളം ആയല്ലോ. അതിനും മുമ്പേ അതിന് കാശ് കൊടുക്കണമായിരുന്നു. ഒരുപകാരം ഉള്ളത് ഒരു യൂസര്‍ നെയിമില്‍ കാശ് അടച്ചാല്‍ അത് പത്ത് പേര്‍ക്ക് വേണമെങ്കിലും ഷെയര്‍ ചെയ്യാമല്ലോ. ഞങ്ങള്‍ ഷെയര്‍ ചെയ്ത് വെള്ളിനക്ഷത്രം, ഫയര്‍ എന്നിവ വായിച്ചിരുന്നു. കലാകൗമുദി ട്രൈ ചെയ്തില്ല. അതിനു മുമ്പേ ഫയര്‍ ബ്ലോക്ക് ആയതിനാല്‍ ഉപേക്ഷിച്ചു.

ഓ.ടോ.
റാം മോഹന്‍ ആ യൂസര്‍ നെയിമും പാസ്‌വേര്‍ഡും മെയിലിലേക്ക് അയച്ചേക്കൂ.. ഹ ,,ഷെയര്‍ തരാമെന്നേ..

One Swallow said...

ഞാന്‍ വരിക്കാരനായി ചേര്‍ന്നില്ല.ചേരാമെന്ന അറിവ് പങ്കുവെച്ചുവെന്ന് മാത്രം. ഹാര്‍ഡ് കോപ്പി മറിച്ചു നോക്കി, താല്‍പ്പര്യമുള്ള വല്ലോമുണ്ടെങ്കി ഇടയ്ക്ക് വാങ്ങുന്ന ശീലമാണിപ്പോള്‍. പണ്ട് അച്ഛന്റേം അമ്മേടേം കാശുകൊണ്ടായിരുന്നപ്പൊ മുടങ്ങാതെ വാങ്ങിച്ചിരുന്നു. :-)

അനില്‍ശ്രീ... said...

ഇങ്ങനെ ഷെയര്‍ ചെയ്ത് പറ്റിക്കാം എന്ന അറിവല്ലേ ഞാന്‍ പങ്ക് വച്ചത്. ഇവിടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുക എന്നത് വലിയ ചിലവ് തന്നെ എന്ന് തോന്നുന്നു.

അഭയാര്‍ത്ഥി said...

ബൂലോഗപ്പെരുമകള്‍ നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം നാം പറയുമ്പോഴും,
പേപ്പറില്ലാത്ത ലോകം യാഥാര്‍ത്യമാകുമ്പോഴും, ഒരു വസ്തുത ബാക്കിയാകുന്നു.

കുത്തകകളുടെ കയ്യടക്കത്തിലായിരിക്കും മലയാളിയുടേയും,അമലയാളിയുടേയും വായന.
അത്‌ സൗജന്യമായാലും സബ്സ്ക്രൈബെഡ്‌ ആയാലും.

ഇന്നത്തെ ബ്ലോഗിങ്‌ എന്ന സൗജന്യ സേവനം- ഗൂഗിളിന്റേതായാലും ഇന്ത്യ ടുമാറോയുടേതായാലും-
എന്നും ലഭിച്ചുവെന്ന്‌ വരില്ല.
ഇന്നത്തെ ബ്ലോഗിംഗ്‌ അന്ധേരി നഗരി ചൗപ്പട്ട്‌ രാജ ടക്കെസേര്‍ ബാജി ടക്കെ സേറ്‌ കാജ എന്ന അവസ്ഥയിലാണ്‌.
അപകടമില്ലാത്ത അരാജകത്വം. ഏത്‌ പൈപ്പില്‍ പിടിച്ചാലും അഗ്രഗേറ്ററില്‍ പിടിച്ചാലും കൊള്ളാവുന്നത്‌
വായിക്കണമെങ്കില്‍ ഏറെ കഷ്ട്ടപ്പെടണം. ഏറെ സമയം ഇതിന്ന്‌ ചിലവാക്കണം. നല്ല ബ്ലോഗെഴുതുന്നവര്‍ പലരും
വിമുഖരായി എഴുത്ത്‌ നിര്‍ത്തുന്നു. മോബ്‌ അഥവ കട്ടക്കൂട്ടം എന്തൊക്കേയെ കൂട്ടായ്മകളാകുന്നു ഇല്ലാതാകുന്നു.
വേറൊരു ആക്റ്റിവിറ്റിയും ഇന്ന്‌ നടപ്പിലില്ല ബ്ലോഗിങ്ങിനെ രക്ഷിക്കാന്‍.
സൗജന്യ സേവനം എന്ന ജലധാര നിന്നാല്‍ ഉടന്‍ മുരടിക്കുന്ന പോണ്‍സായ്‌ ചെടികളാണ്‌ ഒട്ടേറെ ബ്ലോഗരും.
ഇതൊരു പാസിംഗ്‌ ഷോ മാത്രം.

ഒര്‌ ഹോട്ടലില്‍ അത്യാവശ്യം നല്ല ഊണ്‌ കിട്ടുമെങ്കില്‍, സാമ്പത്തികം അനുവധിക്കുമെങ്കില്‍ നമ്മള്‍ കയറി ഉണ്ണുന്നത്‌ പോലെ
നല്ല മേറ്റേര്‍സ്‌ പ്രൊവൈഡ്‌ ചെയ്യുന്ന എത്‌ ഓണ്‍ലൈനിനും വരിക്കാര്‍ ഉണ്ടാകും. തുടക്കത്തില്‍ ഇതെല്ലാം സൗജന്യമായി ലഭിക്കാനും മതി.

ഇന്ന്‌ ഇതിന്റെ മാര്‍ക്കറ്റിംഗ്‌ സാധ്യത അത്രക്കാവാത്തത്‌ കൊണ്ട്‌ ഇപ്പോഴത്തെ അച്ചടി മാധ്യമക്കാര്‍ ഇതിന്റെ പുറകെ പോകുന്നില്ല.
അവര്‍ ഇതിന്ന്‌ പ്രചാരമേറുമൊ എന്ന്‌ വീക്ഷിക്കുന്നുണ്ട്‌. അത്യാവശ്യം പരസ്യവും നല്‍കുന്നു.

പറഞ്ഞ്‌ വന്നത്‌ ഇത്രമാത്രം- ഇന്നത്തെ മാതിരിയുള്ള ബ്ലോഗിങ്ങിന്റെ മരണം ആസന്നമായിരിക്കുന്നു.

ഇന്നാകാം നാളെയാകാം അല്‍പ്പ വര്‍ഷങ്ങളിലാകാം-
പക്ഷെ അതാണ്‌ യാഥാര്‍ത്യം.

വെള്ളെഴുത്ത് said...

ലോകത്തില്‍ എറ്റവുമധികം വരിക്കാരുള്ള മൂന്നാമത്തെ പത്രത്തിന്റെ വെബ്‌സൈറ്റ് സംസാരിക്കുന്നത് നമ്മുടെഭാഷയാണെന്നത് തെറ്റായ ഒരു പരസ്യമാണെന്ന് വി കെ ആദര്‍ശ് (ബ്ലോഗ്‌ഭൂമിയുടെ ഉടമ) പറയുന്നതു കേട്ടതേയുള്ളൂ. തുളസി കക്കാട്ടിനു നന്ദി ലിങ്കുകള്‍ക്ക്. അതൊരു വലിയ വിഷയമല്ലാത്തതു കൊണ്ട്, പ്ലാസ്റ്റിക് മണി ഇതുവരെ കൈകാര്യം ചെയ്യാന്‍ പഠിച്ചിട്ടില്ലാത്തതു കൊണ്ട്, ക്രെഡിറ്റും ഡെബിറ്റുമായ കാര്‍ഡുകളെടുത്തവര്‍ അഗ്രസീവ് ബാങ്കിംഗിന്റെ ഇരകളായി ചൂളി നില്‍ക്കുന്നതു നേരിട്ടു കണ്ടും പരദൂഷണം വഴിയും നിത്യേന അറിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് ഗള്‍ഫീന്നു മടങ്ങിയ ശേഷം മലയാളവാരികകള്‍ ഒരു നൊസ്റ്റാളിന്റെയും ഭാഗമാകുന്നില്ലാത്തതു കൊണ്ട് കലാകൌമുദി കുളിച്ചു കുളിച്ച് ഇല്ലാതായതുപോലൊരു ഫീലിംഗ് എപ്പോഴും നല്‍കുന്നതു കൊണ്ട്... ഞാനിതു ഗൌരവത്തിലെടുക്കുന്നില്ല. ഓസിനു കിട്ടിയാല്‍ ഒന്നു മറിച്ചു നോക്കാം. സ്റ്റാച്യുവിലെ രമേശന്‍ ഇപ്പോഴും നമ്മള്‍ ഒരു പുസ്തകമെടുത്ത് മറിച്ചു നോക്കിക്കൊണ്ട് ആറുമണിക്കൂര്‍ അവിടെ നിന്നാലും കണ്ണുരുട്ടാറില്ല. പഴയ കലാകൌമുദിക്കാലത്തെപ്പോലെതന്നെ!

One Swallow said...

പ്രിയപ്പെട്ട നാട്ടുകാരേ,

ഈ കത്ത് പോസ്റ്റ് ചെയ്യും മുമ്പ് വെള്ളെഴുത്ത് എന്ന മാന്യദേഹത്തെ കാണിക്കുകയും അപ്പോളൊന്നും ടിയാന്‍ പറയാത്ത കമന്റുകള്‍ ഇപ്പോള്‍ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ഇതപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത് പോസ്റ്റ് ചെയ്യുകില്ലായിരുന്നെന്നും ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

ഒപ്പ്

വെള്ളെഴുത്ത് said...

ആദര്‍ശ് മ്യൂസിയത്തു വച്ച് സംഭാഷണത്തിനിടയ്ക്ക് ആകസ്മികമായി മനോരമപരസ്യത്തെപ്പറ്റി (അലെക്സയെ അങ്ങനെ വിശ്വസിക്കണ്ട എന്നു) പറഞ്ഞ കാര്യം താങ്കള്‍ക്ക് മറുപടി എഴുതിയ ശേഷം സംഭവിച്ച അദ്ഭുതമാണ്. അക്കാര്യം തീരെ ശ്രദ്ധിച്ചില്ല. അങ്ങനെ പറ്റിയതാണ്.. ഷോറി!

One Swallow said...

അപ്പോള്‍ ഈ ആദര്‍ശൊക്കെ വിര്‍ച്വലല്ല റിയലാണ് അല്ലേ? മ്യൂസിയത്തുവെച്ച് എന്നൊക്കെ പറഞ്ഞ് കൊതിപ്പിക്കാതെ. കപ്പപ്പഴക്കുലകള്‍ തൂങ്ങിക്കിടക്കുന്ന സി ക്ലാസ് കടകള്‍. ഗൌരവം ഭാവിച്ച് ഒരു ബ്വാഞ്ചി എന്ന് പറഞ്ഞതിന് നോക്കിപ്പേടിപ്പിച്ച ഒരു വെമ്പായം തമ്പി... കൌമുദി, പേട്ട, ബാലകൃഷ്ണന്‍... എന്റമ്മൊ, നിങ്ങളൊക്കെ തിരുവനന്തപുരത്തുകാരണല്ലേ?

prem prabhakar said...

നല്ലതു

O.M.Ganesh Omanoor said...

ഇതുഷാറായി ഏട്ടാ..!! നല്ല ലേഖനം

Related Posts with Thumbnails