Sunday, May 18, 2008

പ്രകൃതിയെപ്പറ്റി അധികം പറയണ്ട


മെഡിക്കല്‍ സയന്‍സിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നില്‍ പണ്ടെങ്ങോ ഒരു ഡോക്ടര്‍ കാട്ടിത്തന്ന വാചകം മറക്കാതെ മനസില്‍ കിടക്കുന്നു. മെന്‍സ്ട്ര്വേഷന്‍ എന്ന ചാപ്റ്ററിന്റെ തുടക്കം. അതിങ്ങനെയായിരുന്നു - Menstruation is the weeping of an unpregnant soul.

അങ്ങനെയാണെങ്കില്‍ ഗര്‍ഭം ധരിക്കപ്പെടാനുള്ള ചെടികളുടെ ഓവുലേഷനാണ് പൂക്കള്‍. പൂവുലേഷന്‍! ആ ഓവുലേഷന്റെ അഡ്വര്‍ടൈസ്മെന്റുകളാണ് പൂവിതളുകള്‍. അല്ലെങ്കില്‍ പൂക്കള്‍ക്കെന്തിനാണ് ഇത്ര ഇതളുകള്‍? ഇതളുകള്‍ക്കിത്ര വര്‍ണശബളിമ? പ്രകൃതി നടത്തുന്ന ഈ സ്ക്രാച്ച് ആന്‍ഡ് വിന്‍ പ്രൊമോഷനിലെ ഫ്രീ ഗിഫ്റ്റാണ് തേന്‍. ഓരോ പൂവുലേഷനും ഓരോ യാചനയാണ്.

വണ്ടുകളും തേനീച്ചകളും കടന്നലുകളും തുമ്പികളും ശലഭങ്ങളും ചേര്‍ന്ന കണ്‍സ്യൂമര്‍ സമൂഹം. കേരളത്തെ ബാധിച്ച കണ്‍സ്യൂമറിസം എന്ന രോഗം എന്നെല്ലാം വിലപിയ്ക്കുന്നതു കേള്‍ക്കുമ്പോള്‍ സ്വന്തമായി ഒരു ഉത്പ്പാദനവുമില്ലാത്ത ആ സമൂഹത്തെ ഓര്‍ക്കും.

ആകാശത്തിലെ പറവകളെ നോക്കുവിന്‍, അവ വിതയ്ക്കുന്നില്ല, കളപ്പുരകളില്‍ കൂട്ടി വെയ്ക്കുന്നില്ല എന്നെല്ലാം പറഞ്ഞത് നേര്. കൊയ്യുന്നില്ല എന്നൊരു വാക്ക് അതിനിടയില്‍ അണ്‍ഫിറ്റാണ്. അത് നുണയാണ്.

ഷോപ്പിംഗിനിറങ്ങുമ്പോളും ഷോപ്പിംഗ് നടത്തുമ്പോളും മൂട്ടില്‍ പറ്റിപ്പിടിയ്ക്കാന്‍ പോകുന്ന പൂമ്പൊടിയല്ല തേനീച്ചയുടെ മനസ്സിലുള്ളത്. അതും വഹിച്ച് അടുത്ത പൂവിലേയ്ക്ക് പറക്കുന്ന നിഷ്കളങ്കതയുമല്ല. തേനിന്റെ രൂപത്തില്‍ തന്നെ കാത്തിരിക്കുന്ന സമ്മാനം.

ഭാഗ്യനറുക്കെടുപ്പില്‍ ടൊയോട്ട കാര്‍ കിട്ടാന്‍ വേണ്ടി 2 കിലോയുടെ അഞ്ച് ഗോതമ്പുപൊടി പാക്കറ്റുകള്‍ കൂട്ടിക്കെട്ടിയ പ്രൊമോഷന്‍ ഓഫര്‍ വാങ്ങുന്ന പാവം മനുഷ്യന്‍.

45 comments:

Dinkan-ഡിങ്കന്‍ said...

തേന്‍ നുകര്‍ന്ന് അടുത്തതിലേക്ക് പോകാതെ നിവൃത്തിയില്ലല്ലോ അല്ലേ? ഇനി ഒരു പൂവില്‍ തന്നെ ഇരുന്നാലും പ്രശ്നമല്ലേ?
ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന്‍ മനമാരുകണ്ടു
പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം

കമ്പോള ഗജേന്ദ്രന്മാരാല്‍ മോക്ഷം കിട്ടട്ടെ ഉപഭോക്താകള്‍ക്ക്

One Swallow said...

കമ്പോള ഗജേന്ദ്രനെ കാലമാകുന്ന മുതല പിടിയ്ക്കും എന്നാശ്വസിക്കാമെന്നോ?

ഒരു താമര മലരിതള്‍ കൂടി
ഇരുണ്ടു ചുവന്നോരിതളുകള്‍
പുലരിത്താമര മലരും കൂടി
വിളിച്ചു കരഞ്ഞിട്ടര്‍ച്ചിയ്ക്കുന്നേന്‍.
ഇനി വയ്യെന്നുടയോനെ
തുമ്പിക്കരമിതിലെത്തുവതോളം പൂക്കള്‍...

അനോണി ആന്റണി said...

എനിക്കങ്ങോട്ട് മുഴുവന്‍ പിടികിട്ടാഞ്ഞിട്ടാഞ്ഞിട്ടാ...
വാഴക്കൂമ്പിലെന്തിനാണ്‌ അണ്ണാനും വാവലിനും കുടിക്കാന്‍ തേന്‍? കഞ്ചാവിന്‍ പൂവെന്തിനു വണ്ടിനെ ക്ഷണിക്കുന്നു? ഹോറേവാഴപ്പൂവിനെന്തിനു രസികന്‍ നിറം?

അതെന്തോ, ഞാനിപ്പോ ആലോചിക്കുന്നത് സ്വയം‌പോളിനേറ്റ് ചെയ്യുന്ന കപ്പലണ്ടിച്ചെടിയെയാണ്‌. ഒരു പ്രകൃതിവിരുദ്ധ നടപടിയല്ലേ സെല്‍ഫെടുക്കല്‍? വൈകുന്നേരം വരെ വിരിഞ്ഞു നിന്ന് ആരും വന്നില്ലെങ്കില്‍ സ്വയം പോളിനേറ്റ് ചെയ്യുന്ന സോയാബീനെ പിന്നെയും മനസ്സിലാകും. എന്തരോന്തോ.

ഒരു തരം പൂവിന്‍ തേനുണ്ടാല്‍ പിന്നെ അതേതരം അടുത്ത പൂവിലേക്ക് തേനീച്ച പോകുന്ന പരിപാടിയും എനിക്കിനിയും മനസ്സിലായിട്ടില്ല, എന്താത് ബ്രാന്‍ഡ് ലോയല്‍റ്റിയോ അതോ അഡിക്ഷനോ?

(അരസികര്‍ക്കു മുന്നില്‍ കവിത ചൊല്ലിയാല്‍ അത് ഇങ്ങനെയായിപ്പോകും സ്വാളോ, ക്ഷമിക്കൂ)

One Swallow said...

അരസികഹൃദയത്തിലുണ്ടു കാവ്യം
ധ്രുവമിരുള്‍ മൂടലിലുണ്ടു തൂവെളിച്ചം
ദുരിതനിലയിലുണ്ടു പുണ്യമെല്ലാ-
ശിലയിലുമുണ്ടു മനുഷ്യനെന്നു വന്നു

അഹല്യാമോക്ഷത്തെപ്പറ്റി ബാലരാമായണത്തില്‍ സാക്ഷാല്‍ പി. എഴുതിയ ഈ ശ്ലോകമാണ് ഞാനോര്‍ത്തത്.

[അനോനിയേക്കൊണ്ട് വായിപ്പിക്കാവുന്ന പോസ്റ്റുകളിടാന്‍ തലയിലെഴുതണേ, തലയിലെഴുതണേ, തലയിലെഴുതണേ... എന്ന് പ്രാര്‍ത്ഥന]

വെള്ളെഴുത്ത് said...

ഇവിടെ എഴുതിയതു വായിച്ച് വച്ചു പിടിച്ചാല്‍ ‘ഗര്‍ഭപാത്രത്തിന്റെ കണ്ണീര്’ മുകുന്ദനില്‍ ‘റ്റുമാറ്റോ സോസാ’യതെങ്ങനെയെന്നു പിടികിട്ടും. ‘കാളിയുടെ നാവെഴുതിയ’ മനുഷ്യം പൂവ് ചെടിയുടെ ജനനേന്ദ്രിയമാണെന്നു പറഞ്ഞതാണ് ആദ്യ ഖണ്ഡിക വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്. അതു പിന്നീട് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞോണ്ടു നടന്നു.
മനുഷ്യരുടെ കാര്യത്തില്‍ അപ്പോള്‍ സെയിത്സ് പ്രമോഷന്‍? തേന്‍‍? വിവാഹം വേണ്ടെന്നല്ലേ ഈ സ്ത്രീ വിരുദ്ധപോസ്റ്റിന്റെ അര്‍ത്ഥം ! ഈശ്വരാ !

One Swallow said...

അനോണീ, ഓണ്‍ സെക്കന്റ് തോട്ട്സ് - നിങ്ങള്‍ പറഞ്ഞത് റെയര്‍ എക്സെപ്ഷന്‍സ് അല്ലേ?

വെള്ളെഴുത്തേ, ഞാനിത് പ്രകൃതിവിരുദ്ധം എന്നു മാത്രം വിചാരിച്ചു. നിങ്ങള്‍ പറഞ്ഞപ്പഴാണ് ഓര്‍ത്തത് - പ്രകൃതീം പുരുഷനും എന്നല്ലേ പറയാറ്. അപ്പൊ ഇത് സ്ത്രീവിരുദ്ധം തന്നെ. തന്നെ, തന്നെ.

വിവാഹം പക്ഷേ സ്ത്രീവിരുദ്ധമാണോ? ആലോചിച്ച് നോക്കട്ടെ.

സിമി said...

പൂവുലേഷന്‍ ഇഷ്ടപ്പെട്ടു.

ന്നാ, ഞാനും ഒരു കവിത കാച്ചട്ടെ

തൊട്ടുതൊട്ടില്ലെന്നമട്ടിലപ്പൂവിനെ
ചുറ്റിപ്പറക്കുന്ന വണ്ടിന്‍ പരിഭ്രമം
തേന്‍ നുകരും വരെ മാത്രം, അതില്‍പ്പിന്നെ -
മൌനം, നിറവിന്റെ നിശ്ശബ്ദ ശാന്തത

വള്ളത്തോള്‍ ആന്നു തോന്നുന്നു

സിദ്ധാര്‍ത്ഥന്‍ said...

ദേണ്ടേ ഒരു പൂവു് . കണ്ടാല്‍ ഏതാണ്ടു് ലാന്‍ഡ് ക്രൂസര്‍ പോലിരിക്കും. നോക്കുന്നോ രാമരേ?

അനോണി ആന്റണി said...

പൊട്ടനും കേള്‍ക്കാവുന്ന ശംഖനാദമുയര്‍ത്താനാവട്ടെ.

ഉവ്വ്‌. റെയര്‍ എക്സപ്ഷനല്ലെങ്കില്‍ം നാലിലൊന്നിന്റെ ന്യൂനപക്ഷമാണത്‌. ശബ്ദമില്ലാത്ത പക്ഷം.

വാഴയുടെ കാര്യത്തില്‍ അതിശയമൊന്നുമില്ലെന്ന് ഒരു സെക്കന്‍ഡ്‌ തോട്ടില്‍ എനിക്കും തോന്നി. പരിണമിച്ച്‌ കുരുവില്‍ നിന്നും മാണത്തിലേക്ക്‌ പോകുകയാണ്‌, എരുമക്കഴുത്തിലെ മുല പോലെ പഴത്തിനുള്ളിലെ മുളക്കാത്ത കുരു അത്‌ പറയുന്നു. പോവെപ്പോവെ വാഴത്തേനും വെറും വെള്ളമാകും. പിന്നെ ഇല്ലാതെയാകും.

Inji Pennu said...

Bee Movie കണ്ടിണ്ടോ?

One Swallow said...

സിദ്ധാ, ആ ലിങ്കനം ജോലി ചെയ്യുന്നില്ല.

അനോ, വാഴപ്പഴത്തിനുള്ളിലെ കടുകുപൊടിച്ച് വിതറിയ മാതിരിയുള്ള വിത്തുകളെപ്പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല. മാണത്തിന് ഞങ്ങള്‍ പറയും കന്ന് എന്ന്. പശുക്കിടാവിന്റെ അതേ പേര്. തേനില്ലാതായലെന്ത്, പേരെന്തായാലെന്ത്, വാഴയ്ക്ക് വംശനാ‍ശം വരാതിരുന്നാല്‍പ്പോരെ അല്ലേ?

വന്‍ തോതിലുള്ള വാഴക്കൃഷിയുടെ ചോരയില്‍ മുങ്ങിയ ചരിത്രമാണിപ്പോള്‍ വായന. ബനാന റിപ്പബ്ലിക്സ് എന്നിത്യാദികളുടെ ഒറിജിനെപ്പറ്റി. അത് ഒരു കാക്കി പാന്റ്സിന്റെ ബ്രാന്‍ഡാക്കി ചിരിച്ചു തള്ളാന്‍ നോക്കുവാ നമ്മുടെ മാര്‍ക്കറ്റ് എക്കണോമി. യവന്റെയൊക്കെ വഴിയില്‍ ഒരു പഴത്തൊലിയെങ്കിലും ഉലിഞ്ഞിടാതെ കെടന്നാല്‍ ഒറക്കം വരുന്നതെങ്ങനെ? മലയാളത്തുകാരായിപ്പോയില്ലെ?

സിമിയേ, സ്റ്റൈല്‍ കണ്ടിട്ട് വള്ളത്തോള്‍ ആകാന്‍ വഴിയില്ല. whylowപ്പിള്ളി ഓര്‍ gee? ആരായാലും [or നിങ്ങളുടെ ഓര്‍മപ്പിശകായിരിക്കും] അവസാനവരിയില്‍ ഭംഗമുണ്ട്. മാത്രമല്ല നിറവ് തുടങ്ങിയ ബോറന്‍ വാക്കുകള്‍ മിടുക്കരൊന്നും എടുത്ത് കാച്ചുകില്ല. വിശേഷിച്ചും വാക്യസുന്ദരന്‍ വള്ളത്തോള്‍.

ജിഞ്ചിപ്പെണ്ണെ, കണ്ട്ടില്ല. അങ്ങനെ എന്തെല്ലാം!

One Swallow said...

ഇഞ്ചീ, നിങ്ങള്‍ തന്ന ലിങ്കിലൂടെ പോയി എല്ലാ പ്രൊമോ വിഡിയോസും കണ്ടു. സൂപ്പര്‍. പടം ഈ വീക്കെന്‍ഡില്‍ തന്നെ കണ്ടിട്ട് ബാക്കി കാര്യം. വിഡിയൊ കിട്ടുമായിരിക്കും അല്യോ?

ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും കോരിത്തരിപ്പിക്കുന്ന സംഗതി സിനിമയിലായിരുന്നില്ല. അച്ഛന്റെ വീട്ടിലെ കുട്ടിക്കാലത്തൊരിക്കല്‍ ഒരു കട്ടുറുമ്പിന്റെ പിറകേ പോയി. ഒറ്റയ്ക്കായിപ്പോയ ഒരു ഉച്ചനേരം. കുറേ സമയം പോയി.

ചില കൂട്ടുകാരെ കാണുമ്പൊ അവന്‍ മുഖം മുട്ടിക്കും. (അവനോ അതോ അവളോ, ആരായാലും). അങ്ങനെ കുറേ ദൂരം. ഒടുവില്‍ മതിലിനോട് ചേര്‍ന്ന ഒരു മാളത്തിലേയ്ക്കാണവന്‍ പോയത്. മണ്ണുമാറ്റി മാളത്തിലേയ്ക്കുള്ള ചാലു കണ്ടുപിടിച്ചു. ഒടുക്കം ഒന്നു രണ്ടി താഴ്ചയില്‍ ചെന്നു കണ്ടത് വലിയൊരു മാളമായിരുന്നു - രണ്ടു മീറ്ററെങ്കിലും നീളവും അരമീറ്റര്‍ വിതിയും കുറേയേറെ ശാഖകളും ഉപശാഖകളുമുള്ള ഒരു സാമ്രാജ്യം.

എത്രായിരം കട്ടുറുമ്പുകള്‍ ഉണ്ടായിരുന്നോ ആവോ? മുട്ടകള്‍, പാതി വിരിഞ്ഞ പോലത്തെ മുട്ടകള്‍, ചത്ത ഉറുമ്പിന്‍ തോടുകള്‍, ഒരു നാഴിയെങ്കിലും നെന്മണികള്‍ (നെല്‍കൃഷിയില്ലാത്ത അച്ഛന്റെ നാട്ടിലാണെന്നൊര്‍ക്കണം. റേഷനരിയുടെ കൂടെ വന്നത് ചേറിക്കളഞ്ഞതില്‍ നിന്ന് കാലാകാലം കൊണ്ട് ശേഖരിച്ചതായിരിക്കണം)... ഒന്നു രണ്ട് നല്ല കടി കിട്ടി. അവറ്റയോട് ചെയ്തത് തെറ്റായിരുന്നെന്ന് ഇന്നറിയാം. എന്നാലും അവറ്റോള്‍ക്ക് വേറെ ഉപദ്രവമൊന്നും ചെയ്യാതെ സന്ധ്യായപ്പൊ ഞാനും മൊളഞ്ഞു. പത്തു മുപ്പതു കൊല്ലം കഴിഞ്ഞ് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതിലും അത്ഭുതകരമായി ഒന്നും അനുഭവിച്ചിട്ടില്ലെന്നു തോന്നുന്നു.

പിന്നീടൊരിക്കല്‍ ജോഗ്രഫിക് മാഗസിനില്‍ ഒരു കട്ടുറുമ്പിന്‍ കൂടിന്റെ പരിച്ഛേദം കൊടുത്തിരുന്നതു കണ്ടപ്പോള്‍ അതു തന്നെ, അതു തന്നെ എന്ന് ഒരു നിമിഷം വീണ്ടും കുട്ടിയായി.

അനോണി ആന്റണി said...

ഒപ്പം വായിക്കണമെന്നുള്ളവര്‍ക്ക്, ബനാന റിപ്ലബ്ലിക്ക് ഗുട്ടന്‍ബെര്‍ഗിലുണ്ട്, ദാണ്ട് ലിങ്ക്

http://www.gutenberg.org/files/2777/2777-h/2777-h.htm

നെരൂദയുടെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഇവിടെ

http://wuapinmon.blogspot.com/ 2008/01/translation-pablo-nerudas-united-fruit.html

ഗൗട്ടിമാലയിലെ കൂ ഇവിടെ (അതു പിന്നെ ഫൂപരിഷ്കരണം ഉണ്ടായാല്‍ കൂവാതിരിക്കാമോ??)


http://www.consortiumnews.com/
archive/story38.html


ഷെയേര്‍ഡ് റീഡിങ്ങ്!

One Swallow said...

ഗുട്ടന്‍ബര്‍ഗ് ഒ. ഹെന്രിയുടെ മൊട്ടക്കൂസിലേയ്ക്കാണല്ലൊ പോയത്.

നെരുദയുണ്ടെന്ന് പറഞ്ഞ ബ്ലോഗും വര്‍ക്ക് ചെയ്തില്ല. നെരൂദയുടെ യുണൈറ്റഡ് ഫ്രൂട്ട് ഇതാ ഇവിടെ: സ്പാനിഷും സംഗീതാവിഷ്കാരവും ഇംഗ്ലീഷും. http://www.abm-enterprises.net/unitedfruit.html

ബ്രീട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ വെല്ലുന്ന ഇവനെപ്പറ്റിയുള്ള ഏറ്റവും ലേറ്റസ്റ്റ് കിത്താബ് ഇതാ: http://www.amazon.com/Bananas-United-Fruit-Company-Shaped/dp/1841958816/ref=sr_1_1?ie=UTF8&s=books&qid=1211172564&sr=1-1

ഇതും കൊള്ളാമെന്ന് തോന്നുന്നു:

http://www.amazon.com/Bananas-Business-Company-Colombia-1899-2000/dp/0814799345/ref=pd_bbs_sr_3?ie=UTF8&s=books&qid=1211172679&sr=1-3

ബ്രസീലിയന്‍ നോവല്‍സ് വായിച്ചപ്പോള്‍ വിചാരിച്ചു കൊക്കോ വാര്‍സ് ആണ് വാര്‍സ് എന്ന്. ഏകാന്തതയുടെ നൂറ് വര്‍ഷത്തില്‍ പറയുന്ന വെടിവെപ്പ് പക്ഷേ വാഴപ്പഴയുദ്ധം തന്നെ.

തലാലില്‍ നിന്ന് ചിക്വിറ്റ വാങ്ങി തൊലിയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം അല്ലേ, ചിലപ്പോള്‍ ചോര ചാടും.

എതിരന്‍ കതിരവന്‍ said...

അടുത്തെങ്ങും ആണ്‍മരമില്ലെങ്കില്‍ പൂവ് കായാകുകില്ലാത്ത ജാതി (?!) മരമോ? നാടെങ്ങും ഒരേ ഒരു ദിവസം ഒന്നിച്ചു പൂത്ത് അന്നു തന്നെ വാടിക്കൊഴിയുന്ന കാപ്പി? എന്നിട്ടും തെറ്റാതെ എല്ലാം കായാക്കുന്ന വിദ്യ? രാവിലെ പൂ എല്ലാം പറിച്ചെടുത്ത് ദൈവത്തിനു സമര്‍പ്പിക്കുന്നത് അദ്ദേഹത്തിനു ഇഷ്ടപ്പെടുന്നുണ്ടോ?

എയ്സ്തെറ്റിക് സെന്‍സെ് മനുഷ്യനേ ഉള്ളുവെന്നു വിചാരിക്കുന്നു വിഡ്ഢികള്‍ നമ്മള്‍. പൂവിനു ഭംഗിയുണ്ടെന്നു തോന്നുന്നത് പ്രാണികള്‍ക്കാണ്. അവര്‍ക്കുവേണ്ടി എല്ലാം. താമരപ്പൂവിന്റേയോ ഓര്‍ക്കിഡിന്റേയോ ഭംഗി കണ്ട് ഭ്രമിയ്ക്കുന്നത് നമ്മളേക്കാള്‍ ഭ്രമരങ്ങള്‍.“ഒരു പൂ വിരിയുന്ന സുഖമറി”യുന്നവര്‍ അവരാണ്.

പൂവ് കൊഴിഞ്ഞു വീണപ്പോള്‍ ഞെട്ടില്‍ കായുണ്ടാകുനുള്ള വിദ്യകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് അറിയാന്‍‍ കരയുന്ന കവിയ്ക് മനസ്സില്ല.

സെല്‍ഫ് പോളിനേഷന്‍ പ്രകൃതിവിരുദ്ധം? ആരുടെ പ്രകൃതി? ആന്ത്രൊപോമോര്‍ഫിസത്തിനുമില്ലെ ഒരതിര്?

മിക്ക പൂവിന്റെ മൂട്ടിലും തേന്‍ ഇല്ല. തേനീച്ച കൊണ്ടുപോയി വീട്ടില്‍ വച്ച് സ്വന്തം വായില്‍ നിന്നുമൂറി വരുന്ന ദ്രാവകവുമായി ചേര്‍ത്താണ് തേന്‍ ആകുന്നത്. അതുകൊണ്ട് തേന്‍ നോണ്‍ വെജിറ്റേറിയന്‍ ആണെന്നു കരുതുന്നവരുണ്ട്.

One Swallow said...

മുളകുചെമ്പരത്തി എന്നു വിളിച്ചിരുന്ന ഒരു കക്ഷിയുണ്ട്. പഴയ ഫൌണ്ടന്‍ പേനയുടെ ടോപ്പു പോലത്തെ ഒരുത്തി. അതിന്റെ പച്ച മൂട് പൊട്ടിച്ചു കളഞ്ഞ് ബാക്കിയുള്ളത് ഈമ്പി നോക്കിയാല്‍ തേന്‍ തന്നെ. എങ്കില്‍ അതെന്ത് മറിമായം?

അനോണി ആന്റണി said...

എന്റെ ലിങ്കിങ്ങില്‍ എന്തരൊക്കെയോ പറ്റുന്നു. ലിങ്കിത്തെളിഞ്ഞ ശേഷം ഇനി ലിങ്കാം.

ചിക്വിറ്റ പൊളിച്ചാല്‍ ചോരയും മയക്കുമരുന്നും കാണും. കാവെന്‍ഡിഷ് ബനാനയ്ക്കെല്ലാം ചിക്വിറ്റ എന്നു മലയാളത്തില്‍ പറയുമെങ്കിലും മിക്ക കടകളിലും യുണൈറ്റഡ് ഫ്രൂട്ടു കമ്പനിയുടെ (ചിക്വിറ്റ) banana കാണാറില്ല ഇവിടെ. അല്ലെങ്കില്‍ തന്നെ എന്തരു ചിക്കിറ്റ, നല്ലസ്സല്‍ ഏത്തപ്പഴം നാടനും പാണ്ടിയും കിട്ടും (കൂട്ടത്തില്‍ ഫ്രീയായി ഫ്യൂറിഡാനും

[കട്ടുറുമ്പുകളെ (കറുത്താശാരിയെന്ന് സായിപ്പ്) ഞാനും പിന്‍‌തുടര്‍ന്നിട്ടുണ്ട്, കോളനി തകര്‍ത്തിട്ടുള്ളത് പക്ഷേ പുളിയുറുമ്പ് ഇലകൊണ്ട് തുന്നുന്നകൂടുകളാണ്‌. ]

എതിരന്‍സ്,
നെക്റ്റര്‍ എന്നതിനും ഹണി എന്നതിനും തേന്‍ എന്നു പറഞ്ഞ് (മധുവും നസീറും നമുക്ക് ശീലമില്ല) പഠിച്ചുപോയതുകൊണ്ടാണ്‌. കാപ്പി പോലെ കപ്പലണ്ടിയും സ്വയം പോളിനേറ്റ് ചെയ്യുന്നതും ആരുമില്ലെങ്കില്‍ മാത്രം സ്വയംഭോഗിക്കുന്ന സോയാബീനും പ്രകൃതിവിരുദ്ധമാണോ എന്ന് ചോദിച്ചത് അന്ത്രപ്പേരുമോര്‍ഫിസമാകാം, പക്ഷേ എന്തിനാണോ പരിണാമപ്പടിയില്‍ കുറേയെത്തിയ സസ്യജന്തുക്കള്‍ മിക്കതും പരന്റെ പാതിയുമായി ഇണചേരുന്നത്, ആ പ്രകൃതിനിയമം ചിലര്‍ തെറ്റിക്കുന്നതില്‍ ഒരു വൈരുദ്ധ്യവും തോന്നുന്നില്ലേ?

തേനീച്ച നമ്മള്‍ കാണാത്ത രശ്മികളുണ്ടാക്കുന്ന നിറങ്ങളും പൂവില്‍ കാണുന്നു, ആസ്വദിക്കുന്നു. ഞാനും പൂവ് ആസ്വദിക്കുന്നു, മയില്‍ പീലി വിടര്‍ത്തുമ്പോള്‍ എനിക്കും രസിക്കുന്നു, എനിക്കുസമാന്തരമായി അവന്‍ വളര്‍ന്നപ്പോള്‍ എനിക്കു കിളിര്‍ക്കാത്ത പീലിയാണത്, ഒരുപക്ഷേ എന്നില്‍ വളരാത്ത പെണ്ണാവണം അത് ആസ്വദിക്കുന്നതും. തെറ്റാ?

എനിക്കു കുടിക്കേണ്ട തേനായിരുന്നു അത്, അതാണെനിക്ക് പൂവിന്റെ നിറവും മണവും ഇഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ നാറ്റവും ഇരുട്ടുമായി മാറിയേനെ. അല്ലേ, തീനീച്ചയ്ക്കെന്താ കൊമ്പുണ്ടോ :)

സിദ്ധാര്‍ത്ഥന്‍ said...

ലിങ്കനെ പുതുക്കി.

സിദ്ധാര്‍ത്ഥന്‍ said...

അപ്പോള്‍ ചെടി തൂറിയിടുന്നതല്ലേ പൂക്കള്‍?

അല്ല എന്നാണെങ്കില്‍ അടുത്ത ശോത്യം. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അപ്പൂപ്പന്‍ താടിയില്‍ കയറ്റി ലോഞ്ച് ചെയ്തു വിടുമ്പോള്‍ ‘നന്നായി വാ’ എന്നോ ‘എവിടെങ്കിലും പോയി പണ്ടാരമടങ്ങു്’ എന്നോ എരുക്കു് വിചാരിച്ചിട്ടുണ്ടാവുക?

അഭയാര്‍ത്ഥി said...

പൂവിനെക്കുറിച്ചും പരാഗണത്തെക്കുറിച്ചും വിത്തുകളെക്കുറിച്ചും മുളക്കുന്നതിനെക്കുറിച്ചും
ബയോളജി പഠിക്കാത്ത ഞാന്‍ ആറാം ക്ലാസുകാരനായ പുത്രക്കല്ലിന്ന്‌ ക്ലാസെടുത്തു.

തലയില്‍ ഇതൊക്കെ അറിയാവുന്ന ഭാഷയില്‍ പറഞ്ഞ്‌ മനസ്സിലാക്കാന്‍ വേണ്ടി പയറ്‌മുളപ്പിച്ചും
പൂവുകളെ സര്‍ജറി നടത്തിയും ക്ലാസ്‌ നടത്തുന്നതിനിടെ പൂവൊരു ഗര്‍ഭപാത്രമാണെന്ന്‌ മനസ്സിലാക്കുമ്പോള്‍
ഇനിയുമറിയാത്ത എത്രയോ കാര്യ്ങ്ങള്‍ ഈ പ്രപഞ്ചത്തെക്കുറിച്ചിരിക്കുന്നു എന്നോര്‍ത്തു കൊണ്ടിരിക്കെ പുത്രക്കല്ലിന്റെ
ചോദ്യം:" എന്താ അച്ചാ ഈ ബയോളജി ടീച്ചര്‍ക്കെപ്പോഴും കുട്ടികളോടിത്ര അരിശം"??.
ഞാന്‍:-" ടീച്ചര്‍ക്ക്‌ കുട്ടികളില്ലായിരിക്കും !!!!(എന്നെ കുഴപ്പിക്കുന്ന ചോദ്യം ചോദിക്കണമെന്ന്‌ അവന്നെപ്പോഴും നിര്‍ബന്ധമാണ്‌)
അവന്‍ :-"ശരിയാ അച്ചാ ടീച്ചറുടെ കല്യാണം ഇപ്പോള്‍ കഴിഞ്ഞതേയുള്ളു. പക്ഷെ കുട്ടികളില്ലാത്തതും അരിശവും തമ്മില്‍ എന്ത്‌ ബന്ധം"????.
(അങ്ങിനെ എന്നെ ഒതുക്കേണ്ടട മോനെ )ഞാന്‍ പറഞ്ഞു:- "പരാഗണം നടക്കാത്ത പൂവ്‌ ഫലമാവുകയില്ലല്ലൊ. ഫലമായാലെ സ്വീറ്റ്‌ ആവുകയുള്ളു"??.
അപ്പോളവന്‍:-" ടീച്ചറുടെ പരാഗണം നടന്നിട്ടില്ല അല്ലേ അച്ചാ..... "

ഓരോ പുഷ്പവും ഋതുമതികളായ കന്യകമാരാണേന്നും, പൂമ്പോടി തൂകി അതിക തുംഗ പഥത്തിലേറി കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുന്നതിന്നുമുന്‍പ്‌
പ്രജനനത്തിലൂടെ വംശാവലി നിലനിര്‍ത്തുവാന്‍ തന്റെ വര്‍ണ്ണ രാജികളും സൗരഭ്യവും സര്‍വസ്വവും ചിലവഴിക്കുന്ന സുരലോക കന്യകകളാണെന്നും
അറിയുമ്പോള്‍
ഓരോ പൂവിനേയും നാം പ്രണയിച്ചുപോകും.

Dinkan-ഡിങ്കന്‍ said...

ഒരു സംശയം


പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

ഇതിലാണോ അതോ


അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.


ഇതിലാണോ അന്ത്രൊപോമോര്‍ഫിസം വരുന്നത്.

(കൊല്ലണ്ട, മയക്കുവെടി വെച്ചാല്‍ മതി പൊയ്ക്കോളാം)

മനുസ്മൃതി said...

ഗുരു "ഒരു ജാതി, ഒരു മതം, മനുഷ്യന്" എന്ന് പറഞ്ഞപ്പോള്‍ കാര്‍്ന്നോമ്മാര് വിചാരിച്ചു ജാതി മരം വയ്ക്കാനാണെന്നു. അത് കൊണ്ടു നിരത്തി ജാതി നട്ടു. കുറച്ചു ജാതി പുരാണം പറയട്ടെ?

1)പെണ്‍ ജാതിക്ക്‌ പരാഗണം നടക്കാന്‍ ആണ്‍ ജാതി തന്നെ വേണമെന്നു നിര്‍ബന്ധമില്ല. കുടമ്പുളി മരം ആയാലും കാര്യം നടക്കും. ഇതു പ്രകൃതി അനുവദിച്ച പ്രകൃതി വിരുദ്ധ നടപടിയല്ലേ?

2)ആണ്‍ ജാതിയില്‍ ചിലപ്പോള്‍ കുറച്ചു കായ ഉണ്ടാകാറുണ്ട്. ഫെമിനിസം കൊണ്ടു പൊറുതി മുട്ടുമ്പോള്‍ സ്വയം കുഞ്ഞുങ്ങളെ സൃഷ്ടിച്ചു പോകുന്നതാണോ?

ഇപ്പോഴേ സ്ത്രീവിരുദ്ധത പൂര്‍ണമായുളളൂ........

One Swallow said...

ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫ്യൂമിന് ജാതിമല്ലിപ്പൂക്കളുടെ മണമാണ്. അങ്ങനെ മറന്നുപോയ ആ പാട്ട് വീണ്ടുമോര്‍ത്തു. ജാതിമല്ലിപ്പൂമഴയില്‍.

ശശിയുടെ വീട്ടിലെ തൊഴുത്തിന് പിന്നില്‍ കൊഴിഞ്ഞ് ദിവസങ്ങളായിട്ടും ആ സ്വര്‍ണമല്ലികള്‍ക്ക് എന്തൊരു മാദകഗന്ധമായിരുന്നു.

കെട്ടിയവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന പരിപാടി അന്നേ ഉണ്ടായിരുന്നു അല്ലേ. പറമ്പിന്റെ മൂലയ്ക്ക് ഒറ്റയ്ക്ക് ‘ഞാനൊന്നും അറിഞ്ഞില്ലേ’ എന്ന കള്ളഭാവത്തോടെ നിന്നിരുന്ന കൊടമ്പുളിയുടെ കള്ളി ഇപ്പോളാണറിഞ്ഞത്.

ആ ജാതിയ്ക്ക് പുളി കൂടുമോ? കോവര്‍ കഴുതയെപ്പോലെ ബാരണ്‍ ആണോ? മഠത്തുമ്പടിയില്‍ മാത്രമാണോ കൊടമ്പുളി ജാരന്‍?

ഗുരുവിനെ തിരുത്തിയേക്കാം. ഒരു ജാതി, ഒരു മരം, ഒരു ദൈവം മനുഷ്യന്...

അനോണി ആന്റണി said...

മനുസ്മൃതീ, അതൊരൊന്നൊന്നര ഉദാഹരണമായിപ്പോയി, എക്സെമ്പ്ലറി!
ഈ മരത്തിനു ജാതിയെന്നു പേരിട്ട കാര്‍ന്നോമ്മാരെ സമ്മതിക്കണം. ജാതിമരം നായര്‍ ജാതിയും കുടമ്പുളി നമ്പൂതിരി ജാതിയുമാണ്‌, ഏത്?

കുടമ്പുളി ജാതിയെ പോളിനേഡിംഗോല്‍ഡിഫിക്കേഷന്‍ ചെയ്താല്‍ അത് സംബന്ധം. തിരിച്ച് ഇടപാടില്ല, അസംബന്ധം! ഉണ്ടാവുന്ന കായോ? അത് കുടമ്പുളിയല്ല, എന്തിനു കുടജാതി പോലുമല്ല, വെറും ജാതിക്കാ, സംബന്ധത്തില്‍ നമ്പൂതിരിക്കുട്ടിയുണ്ടാവില്ലല്ലോ.

മറ്റേക്കാര്യം പെണ്ണില്ലെങ്കില്‍ സ്വയം കായ്ക്കുന്നത് മിക്ക ആണ്മരങ്ങളും ചെയ്യുന്നതാണ്‌. അതിലും ഭയങ്കര ഇടപാടും കാണിക്കും, ആ ഏരിയയില്‍ ഒറ്റ പെണ്മരവുമില്ലെങ്കില്‍ ആണ്‍ കോളനിയില്‍ ഒരെണ്ണം പെണ്ണായി മാറും ജെറാള്‍ഡ് ഡറല്‍ ആണോ എന്ന് ഉറപ്പില്ല, ആരോ എഴുതിയ ഒരനുഭവം-

മെയിഡന്‍ ഹെയര്‍ എന്നൊരു അപൂര്വ്വ മരമുണ്ട്, മനോഹരമായ ഇലകളും പൂക്കളുമാണ്‌, കായക്ക് അതിഭയങ്കര നാറ്റമാണ്‌, ചാണകത്തിലെ കുണ്ടളപ്പുഴു മൂക്കുപൊത്തി ഓടും. ഈ സായിപ്പ് അഞ്ച് ആണ്‍ തൈ തെരഞ്ഞ് കണ്ടുപിടിച്ച് വീട്ടുമുറ്റത്ത് നട്ടു. കുറച്ചു വളര്‍ന്നപ്പോള്‍ രണ്ടെണ്ണം പെണ്ണായി കായ്ച്ചു. വെട്ടിക്കളഞ്ഞു- ഇല്ലെങ്കില്‍ നാറിച്ചാകും. ആണ്‍ പൂവു പൂത്തു നിന്ന അടുത്തത് പെണ്ണായി, വെട്ടി. ഒന്നുകൂടെ അതും വെട്ടി. അവസാനത്തെ മരം ഉഭയലിംഗമായി. ചില കൊമ്പില്‍ മാത്രം കായ, ബാക്കി ആണ്‍ മരം! എന്തു ചെയ്യും, അതും വെട്ടി.

അനോണി ആന്റണി said...

ജാതിമല്ലി എന്നതു തമിഴല്ലേ? പിച്ചി പിച്ചകം എന്നൊക്കെയല്ലേ മലയാളം?

അതോ ഇനി വടക്കോട്ട് പിച്ചി എന്നു പറയൂല്ലേ? കുടമുല്ല എന്നു പറയുമോ ഗുണ്ടുമല്ലി എന്നു പറയുമോ അവിടൊക്കെ?കാറ്റേ.. ഈ കാഞ്ചീപുരം പട്ടില്‍ നീ മുഖമണയ്ക്കൂ..

One Swallow said...

അയ്യോ, ജാതിമല്ലി എന്ന് ആകെ കേട്ടിട്ടുള്ളത് ജാതിമല്ലിപ്പൂമഴയില്‍ എന്ന പാട്ടിലായിരുന്നു. ഞാന്‍ കരുതി അത് ജാതിയുടെ ആ സ്വര്‍ണനിറമുള്ള മല്ലിയ്ക്ക് [കറിയ്ക്കരയ്ക്കുന്ന കൊറിയാണ്ടര്‍]മലയാളത്തില്‍ പറയുന്ന പേരാണെന്ന്. അത് നമ്മ പിച്ചകമാണെന്ന് ഇമേജസ് സെര്‍ച്ചിയപ്പഴാ പുരിഞ്ചത്. സോറി.

ഈ കമന്റുകളില്‍ ജാതിമല്ലി എന്ന് ആദ്യം പറഞ്ഞതൊക്കെയും ജാതിയുടെ പൂവിനെപ്പറ്റിയായിരുന്നു. ഇനി അതിനെന്തു മലയാളിപ്പേര്?

എന്തായാലെന്ത്, അതിന്റെ മണം സൂപ്പര്‍. രുചി, പുളി കലര്‍ന്ന, ചവര്‍പ്പു കലര്‍ന്ന, അക്രാവിന്റെ കുത്ത്.

അനോണി ആന്റണി said...

അള്ളോ, അത് ജാതിപത്രി ആണ്‌ Mace എന്ന് സായിപ്പ് പറയും. പൂവല്ല, ജാതിക്കായുടെ പുറത്തെ funiculus growth ( ഇതിന്റെ തിരുവനന്തപുരം മലയാളം പാട എന്നാണ്‌, ചക്കക്കുരുവിന്റെ പുറത്തെ പാട എന്നൊക്കെ പറയുമ്പോലെ ജാതിക്കായുടെ പുറത്തെ പാട ആണ്‌ ജാതിപത്രി )

ജാതിപത്രി ഒരു ക്രിംസണ്‍ നിറത്തില്‍ ഉണക്കി കിട്ടും. ജാതിക്കായെക്കാള്‍ നല്ല സാധനമാണ്‌, മണവും കേമം. ഷവര്‍മ്മ എന്ന അറബി വര്‍മ്മയുടെ രുചി ലവന്റെ കളിയില്ലെങ്കില്‍ മാറിപ്പോകും.

One Swallow said...

ക്രിംസണ്‍ നിറത്തിലുള്ള തീജ്വാലയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്. കായ്ക്കാത്ത ജാ‍തിമരത്തില്‍ (ആണോ പെണ്ണോ കായ്ക്കാത്തത്, അതും അറിയില്ല) ഉണ്ടാകുന്ന പൂക്കളെപ്പറ്റി. സ്വര്‍ണമഞ്ഞക്കളറ്. കൊറിയാണ്ടര്‍ പോലിരിക്കും. തുമ്പത്ത് ഒരു ഓപ്പണിംഗും.

അനോണി ആന്റണി said...

അത് ജാതിയുടെ പൂ തന്നെ. മണം ഓര്‍മ്മയില്‍ തിരഞ്ഞിട്ട് വരുന്നില്ല, ഇനി നാട്ടില്‍ പോകുമ്പോ ജാതി പൂക്കുന്ന കാലമെങ്കില്‍ മണത്ത് നോക്കണം. പൂവിന്റെ രുചിയില്‍ എനിക്കിഷ്ടം ഗ്രാമ്പൂവാണ്‌. കള്ളിന്റെ നാറ്റം കളഞ്ഞ് വീട്ടില്‍ കയറാന്‍ ധൈര്യം തരുന്ന രസികന്‍ പൂവ്.

കുഞ്ഞിപ്പൂമണങ്ങളില്‍ എനിക്ക് വലിയ ഇഷ്ടമുള്ള രണ്ടെണ്ണമുണ്ട്. ഒന്ന് ഇലഞ്ഞിപ്പൂ (സ്പാനിഷ് ചെറി) . ഉടുപ്പിന്റെ പോക്കറ്റില്‍ ഇട്ടാല്‍ മതി ഉണങ്ങിയാലും മണം തരും. പിന്നൊന്ന് ഏഴിലം പാലപ്പൂ.

ഭയമുള്ള മണങ്ങള്‍ ബന്ദിയുടെയും കുരുക്കുത്തിമുല്ലയുടെയും.

One Swallow said...

ഗള്‍ഫില്‍ കിട്ടുന്ന ഏറ്റവും പോപ്പുലറായ പെര്‍ഫ്യൂമുകള്‍ക്കൊന്നിന് ജാതിപ്പൂവിന്റെ മണമാണ്. ഇടനാഴികളിലും ലിഫ്റ്റുകളിലും വന്ന് കൊതിപ്പിക്കാറുണ്ട്. പക്ഷേ അതേതാണെന്ന് കണ്ടുപിടിക്കാനോ ഒരെണ്ണം വാങ്ങാനോ പറ്റിയിട്ടില്ല. മാള്‍സില്‍ പോയി തിരിച്ചു വരുമ്പോള്‍ എല്ലാ ടെസ്റ്ററുകളും അടിച്ചുനോക്കി ഒരു വല്ലാത്ത മണമായിര്‍ക്കും കൈത്തണ്ടയില്‍. വരേണ്ടയാള്‍ മാത്രം...

പൂവിന്റെ രുചിയില്‍ അച്ഛന്റെ നാട്ടിലെ കാട്ടുചെടിയായ അക്രാവിനെ മറക്കാന്‍ പറ്റില്ല. നാവ് തുളയുന്ന, ചുഴിയുന്ന ഒരു രൂക്ഷരുചി. സ്വര്‍ണസ്റ്റഡ് പോലിരിക്കും.

എല്‍.പി. സ്ക്കൂളില്‍ ഒരു ഇലഞ്ഞിച്ചോട്ടിലായിരുന്നു മൂത്രമൊഴിപ്പ്. പഴയ മൂത്രത്തിന്റെ അമോണിയ തോല്‍ക്കുന്ന മണത്തേപ്പോലും തോല്‍പ്പിച്ചിരുന്നു ചീയാറായ [അതും മൂത്രക്കുഴമ്പില്‍ക്കിടന്ന് ചീയുന്ന] ഇലഞ്ഞിപ്പൂക്കളുടെ മണം. അതിനോളം വരില്ല ഒരു സുഗന്ധവും. [സാധാരണ ഒരു ദുര്‍ഗന്ധവും സുഗന്ധവും ചേര്‍ന്നാല്‍ സഹിക്കാന്‍ വയ്യാത്ത ദുര്‍ഗന്ധമാകലാണ് പതിവ്. ഇലഞ്ഞിപ്പൂവിന് മാത്രമേ അത് തിരുത്താന്‍ പറ്റിയിട്ടുള്ളു എന്നാണ് അനുഭവം].

കുരുക്കുത്തിമുല്ല തന്നെയാണോ ഗന്ധകരാജന്‍ അക്ക ചക്കമുല്ല? എങ്കിലതെനിയ്ക്കിഷ്ടവാ. തിക്നെസ് കൂടിയ വെളുത്ത ഇതളുകള്‍. പഴയ ഫൌണ്ടന്‍ പേനയുടെ ടോപ്പു കൊണ്ട് ഒന്ന് അമര്‍ത്തിയാല്‍ ചേച്ചിയ്ക്കുള്ള ഒന്നാന്തരം വെള്ളപ്പൊട്ടായിരുന്നു [ആദ്യമായി കണ്ട സ്റ്റിക്കര്‍ ബിന്ദി].

ബന്ദി?

പൂക്കളില്‍ രാജാവ് താമരയല്ലെന്നും നാഗലിംഗമാണെന്നും തോന്നിയിട്ടുണ്ട്. പക്ഷേ നാഗലിംഗ വൃക്ഷങ്ങള്‍ കേരളത്തില്‍ അധികമില്ലെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. മഹാരാജാസില്‍ ഉണ്ട്, ഒരു വയോവൃദ്ധന്‍.

പൂമണങ്ങളില്‍ അമ്മയുടെ വീട്ടിലെ മിറ്റത്തുണ്ടായിരുന്ന ലാങ്കിയേയും മറക്കാന്‍ വയ്യ. ചൈനീസാണ് സാധനം. ലാങ്ങ് ലാങ്ങ് എന്നോ മറ്റോ പറയുമെന്ന് തോന്നുന്നു. സെര്‍ച്ചിയിട്ട് കിട്ടിയില്ല. യാഡ്ലിയുടെ ഒരു പൌഡര്‍ ടിന്നിലും കണ്ടിട്ടുണ്ട്.

അപ്പോള്‍ ചെമ്പകമോ? വെള്ള, മഞ്ഞ...

ഏഴിലമ്പാലയ്ക്ക് ആ പൂവിനെ ഓര്‍മിപ്പിക്കുന്ന ഒരു പേരിടേണ്ടതായിരുന്നു. ധനു-മകരം മാസങ്ങളില്‍ സെക്കന്റ് ഷോ കഴിഞ്ഞു വരാന്‍ തോന്നുന്നു വീണ്ടും.

അനോണി ആന്റണി said...

അക്രാവ് അധവാ അക്കിക്കറുക (അനാസൈക്ലസ് പൈറത്രം) മരുന്നു ചെടിയാണ്‌. പൂവ് പല്ലിന്‍ പോടില്‍ ഇട്ടു കടിച്ചാല്‍ പല്ലുവേദന പോകും. ആയുര്വേദക്കാരു മരുന്നിനെടുക്കും . യൂറോപ്യര്‍ ഉമിനീര്‌ ഉണ്ടാകാനും.

ഗന്ധകരാജന്‍ എന്ന് ഞങ്ങടവിടൊക്കെ കേട്ടിട്ടില്ലാത്തതുകൊണ്ട് രണ്ടും ഒന്നാണോന്ന് അറിയില്ല . പൊട്ടുണ്ടാക്കാന്‍ വേലിപ്പരുത്തി / കാളപ്പൂ ഹീറോപ്പേനയുടെ ക്യാപ്പ് വച്ച് കിഴിച്ചിരുന്നു ഞങ്ങള്‍.

നാഗലിംഗപുഷ്പത്തെ ആഷയുടെ പോസ്റ്റില്‍ അല്ലാതെ നേരിട്ട് കണ്ടിട്ടില്ല. മോണിറ്ററില്‍ നിന്നും മണം വരില്ലല്ലോ (ഫ്യൂസ് കരിയുന്ന മണം അല്ലാതെ)
ലാങി എന്ന് ഗൂഗിളിനോട് ചോദിച്ചപ്പോ കുറേ ശവക്കല്ലറ കാണിച്ചു തന്നു.

പൂച്ചെടി ഇംഗ്ലീഷ് മലയാളം


ബന്ദി എന്നാല്‍ ഫ്രഞ്ച് മാരിഗോള്‍ഡ്- ഒരുജാതി മണമാണ്‌. തമിഴുനാട്ടിലും കാണാം. കുട്ടിയായിരുന്നപ്പോള്‍ എന്റെ മോഡസ്റ്റി വയലേറ്റ് ചെയ്യപ്പെട്ട ഓര്‍മ്മയില്‍ ഞാനാമണം വെറുത്തുപോയതാണ്‌. ചിലപ്പോ നിങ്ങള്‍ക്കിഷ്ടപ്പെടും. നാട്ടില്‍ കല്യാണ ബൊക്കെകളിലും മറ്റും സ്ഥിരം അംഗമാണ്‌ ഈ മഞ്ഞപ്പൂ.

ചമ്പകം ഞാന്‍ വളര്‍ന്നശേഷമാണ്‌ കണ്ടത്. എന്റെ ഇഷ്ടങ്ങളെല്ലാം അസോസിയേറ്റ് ചെയ്ത് തീര്‍ന്നതുകൊണ്ടാവും വലിയ കമ്പമില്ല.

ഏഴിലം പാല. ഡൈനാമോയുടെ വെളിച്ചം മങ്ങാതിരിക്കാന്‍ സ്പീഡില്‍ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ ഓടിവന്നു കെട്ടിപ്പിടിച്ച് കൂടെ വീട്ടില്‍ വരും...

One Swallow said...

ലവളാണല്ലെ ഫ്രഞ്ച് മാരിഗോള്‍ഡ്. അറീം, അറീം. കര്‍പ്പൂരത്തുളസി ഓറഞ്ച്മാരിഗോള്‍ഡിനെ മാരി ചെയ്തപ്പൊ ഉണ്ടായതായിരിക്കും.

എതിരന്‍ കതിരവന്‍ said...

ഭാര്യ പറഞ്ഞിട്ടാണോ ഈ പൂവിന്റെ മണവും തേടി പോകുന്നത്? വഴിയില്‍ ചേട്ടന്‍ നില്‍പ്പു (കിടക്കു)ന്നുണ്ടാകും, മര്യാദ പഠിപ്പിക്കാന്‍ വേണ്ടി.

One Swallow said...

വഴിയിലാരാ രാമന്‍കുട്ടിനായരോ?

Anonymous said...

gandhakarajan gardenia alle?
Sasthamangalam Mahadeva kshetra compoundil nagalinga maramundallo. ini natti povumbo onnu poyi nokku.

അനോആന്റോ said...

ഗാര്‍ഡനിയ, ലത് പറ. ഞങ്ങള്‍ പാരിജാതം എന്ന് തന്നെ പറയണത്.

ശാസ്തോങ്ങലത്ത് ആകെ എച്ചെസ്ബീസീം ഗള്‍ഫെയറും ഹൈനസ്സ് ബാറുമേ അറിയൂ. ആ ഏരിയ അടുത്ത് മുടിപ്പെര അമ്പലമല്ലാതെ (ഉദിയന്നൂര്‍) ഒരിടവും അറിയൂല്ലാ. ഇതെവിടാ?

One Swallow said...

ഞങ്ങള്‍ എറണാകുളത്തുകാര്‍ക്ക് പാരിജാ‍തം വേറെ ഗന്ധകരാജന്‍ വേറെ. ഗന്ധകരാജനും [സള്‍ഫര്‍ കിംഗ്!] ചക്കമുല്ലയും സെയിം. വെളുത്ത വലിയ പുഷ്പം. ഒറ്റപ്പുഷ്പങ്ങള്‍ [പാരിജാതം പോലെ കുലയല്ല].

പാരിജാതത്തിന് മലയാളി വേറെന്ത് പേരു പറയാനാ? വയലാറ് കേക്കണ്ട.

Anonymous said...

Sasthamangalathu ninnu Peroorkkada pokunna vazhiyil paippinmmood junction .avite ninnu nereyulla road ambalthinte munniloode oru residential area yilekkanu.
Sorry for manglish.
Paliyath, Namath, Antony blogs onnozhiyathe vayikkunnatha.Comment cheyyarillenkilum.

One Swallow said...

പൈപ്പിന്മൂട് എന്ന പേര് നടന്‍ മുരളിയുടെ കടമ്മന്‍ സ്മരണയില്‍ വായിച്ച് ഇന്നലെ ചിരിച്ചതേയുള്ളു. എന്നാ ഒരു പേരാ അത്. ഹ ഹ.

പൈപ്പിന്മൂട് നാ‍ഗലിംഗം.

നാഗത്തിന്റെ ലിംഗം വിസിബിളല്ല. പിന്നെ എന്താണാവോ ആ പേരിന്റെയര്‍ത്ഥം. തലയ്ക്കുള്ളില്‍ ലിംഗമുള്ള ജന്തു എന്ന് പണ്ട് എഴുതിയത് ഓര്‍മ വരുന്നു. അത് മനുഷ്യനെപ്പറ്റിയായിരുന്നു.

ചേന്ദമംഗലത്ത് ഡോ. എം. വി. നാരായണന്റെ തറവാ‍ട്ടിലും ഉണ്ട് നാഗലിംഗം.

ബ്ലോഗിലെ ഫോട്ടോയുടെ ലിങ്ക് എവിടെ അനോനി ഒന്നാമാ?

കണ്ണൂസ്‌ said...

നാഗത്തെ പോലെ ലിംഗമുള്ളവന്‍.

മഹാലിംഗം, ചൊക്കലിംഗം ഒക്കെ മാറി നില്‍ക്കണ്ടേ?

അനോണിയാന്റണി said...

ആഷയിട്ട പോസ്റ്റ് ലോണ്ടേ.

ആഷാഢം: നാഗലിംഗപുഷ്പം

അമ്പലം ഇനി പോകുമ്പോ നോക്കാം . പൈപ്പിന്മൂട് മുതല്‍ പൈനുമ്മൂട് വരെ തിരുവന്തോരത്തുണ്ട് .


അനന്തരത്തില്‍ ശോഭന ഇരിക്കണ ഫസ്റ്റ് ബസിന്റെ ബോര്‍ഡ് ‘ഒരുവാതില്‍ക്കോട്ട‘ എന്നും ലവള്‍ ഇറങ്ങി വരുന്ന ബസ്സിന്റെ ബോര്‍ഡ് ‘പെരുങ്കോട്ട‘ എന്നും. ഏത്?

ആഷ | Asha said...

ഈ പോസ്റ്റും അതിനേക്കാളേറെ കമന്റ്സും രസിച്ചു.

പിന്നെ നാഗലിംഗം എന്ന പേര് ആ പൂവിനു വരാന്‍ കാരണം നാഗത്തിന്റെ രൂപവും പിന്നെ നിരവധി ലിംഗത്തിന്റെ രൂപവും ആ പൂവിലുള്ളതു കൊണ്ടാണെന്നാണ് എനിക്ക് തോന്നിയത്. അല്ലാണ്ട് നാഗത്തിന്റെ ലിംഗവും നാഗത്തെ പോലെ ലിംഗവുമൊന്നുമല്ല.

http://bp2.blogger.com/_XI1WCY_X1Eo/SAC1b7MJ9WI/AAAAAAAAA94/WGL3u7-gk50/s1600-h/koti+lingalu.JPG
ചിത്രം ഇവിടെ കാണാം.

One Swallow said...

അനോണിയും ആഷയും കൊടുത്തിരിക്കുന്ന നാഗലിങ്കങ്ങള്‍ കണ്ടു. എന്തായാലും വടക്കേ അമേരിക്കന്‍ ഒറിജിനാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ചേന്ദമംഗലത്തും മഹാരാജാസിലും ഉള്ളത് വളരെ പഴയ വൃക്ഷങ്ങള്‍.

Anonymous said...

കൊടമ്പുളി translation എന്നു സെർച്ചി ആരോ ഇവിടെ വന്നെന്നറിഞ്ഞു. അത് cambodge.

GOPIKRISHNAN.P.N said...

കേരള സാഹിത്യ അക്കാദമിയുടെ വളപ്പിലുണ്ട് രണ്ട് നാഗലിംഗ മരങ്ങള്‍. അതിന്റെ കായ് പീരങ്കിയുണ്ട പോലെ. സായിപ്പ് അതിന് പേരിട്ടത് കായ് നോക്കിയാണ്. നാം പൂ നോക്കിയും. വൈലോപ്പിള്ളിയെ വീണ്ടുമെഴുതാനുള്ള കൊതി നിയന്ത്രിക്കുന്നു..സസ്നേഹം,പി.എന്‍.ഗോപീകൃഷ്ണന്‍

Related Posts with Thumbnails