Sunday, November 2, 2008
മ്യാവൂ!
പ്ലാസ്റ്റിക്കിനേയും ഹോമോസെക്ഷ്വാലിറ്റിയേയും പ്രകൃതിവിരുദ്ധം എന്നാണ് നിങ്ങൾ വിളിക്കുന്നത്. എനിക്കത് മനസ്സിലാവുന്നില്ല. അത് ഉണ്ടാകുന്ന/ഉണ്ടാക്കപ്പെടുന്ന വഴികൾ എങ്ങനെയുമായിക്കോട്ടെ, പ്രകൃതിയിലുള്ള ഒരു സാധനം പ്രകൃതിവിരുദ്ധമാകുന്നതെങ്ങനെ? അല്ലെങ്കിലും പ്രകൃതി എന്നു പറയുമ്പോൾ സർവം തികഞ്ഞ ഒരു സാധു, എല്ലാവന്റേയും അമ്മൂമ്മ എന്നൊരു ധ്വനി നിങ്ങടെ എല്ലാ പ്രയോഗങ്ങളിലും ഉണ്ട്. പ്രകൃതിചികിത്സയുടെ ആരാധകരെ മുട്ടി നടക്കാൻ വയ്യ. ഗ്രീൻ പീസ് മസാലയുടെ കാര്യം പറയാനുമില്ല. മൂന്നാം ലോകങ്ങളിലെ ഹൈഡൽ പവർ പ്രൊജക്റ്റുകളെ അട്ടിമറിച്ച് അവിടെയെല്ലാം വലിയ ജനറേറ്ററുകൾ ഇറക്കുമതി ചെയ്യിപ്പിക്കാൻ ലക്ഷ്യമിടുന്നതടക്കമുള്ള സ്പോൺസേഡ് പ്രതിരോധങ്ങളുടെ ഒരു തുമ്പ് മാത്രമല്ലെ ഗ്രീൻപീസ്? ആദിവാസികൾക്കും നക്സലൈറ്റുകൾക്കും സഹായം നൽകുന്ന അതിഭീകരമായ അമേരിക്കൻ കോർപ്പറേറ്റ് ട്രോജൻ കുതിരയിസം?
ഗ്രീൻപീസിന്റെ കാര്യം അതാണെങ്കിൽ പൊറോട്ട ഒരു നോൺ-ഫുഡാണെന്നാണ് മറ്റൊരു വാദം. പ്ലാസ്റ്റിക്കിനെ പറഞ്ഞ തെറികൾ സമാഹരിച്ചാൽ ഞാൻ ഒരു കൊടുങ്ങല്ലൂർ ഭരണിക്ക് ഒരു തൃശ്രൂർ-കൊടുങ്ങല്ലൂർ കെ. കെ. മേനോനിൽ ഭരണിക്കുപോകുന്ന ഒരു കൂട്ടം ദളിതരുടെ നടുക്കിരുന്ന് വന്ന വരവ് തോറ്റുപോകും.
അങ്ങനെ പറയാനാണെങ്കിൽ കുടുംബമാണ് ഏറ്റവും പ്രകൃതിവിരുദ്ധവും ജനാധിപത്യവിരുദ്ധവും സോഷ്യലിസ്റ്റ് വിരുദ്ധവുമായ സാധനം. അതുകൊണ്ട് അതു വിട്ടുപിടി.
ഒരഞ്ചാറ് മാസം മുമ്പാണ് പൂച്ചകളുടെ പ്രസവരക്ഷ എന്നൊരു പോസ്റ്റ് എഴുതാൻ ആഞ്ഞത്. എൻസൈക്ലോപീഡിയ നോക്കുമ്പോലെ ദേവനെ വിളിച്ചിരുന്നു. പിന്നെ അത് ഡ്രാഫ്റ്റിൽ കുടുങ്ങി. ഇതിനു തൊട്ടുമുമ്പുള്ള പോസ്റ്റിന് ഒരു അനോനിയിട്ട തട്ടുപൊളിപ്പൻ കമന്റിലെ മാതൃഭാവസ്തുതി വായിച്ചപ്പോൾ ഇത് വീണ്ടും തേട്ടി വന്നു. അതിവിടെ കക്കുന്നു. [കുഞ്ഞുപിള്ളേരുടെ അജീർണശർദ്ദിലിനാണ് ഞങ്ങൾ കക്കൽ എന്നു പറയുന്നത്].
ഏറ്റവും അഗണൈസിംഗ് ആയ വിലാപം കുഞ്ഞിനെ കാണാതായ പൂച്ചയുടേതാണ്. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? കുഞ്ഞിനെ പട്ടിയോ കാടൻപൂച്ചയോ പിടിച്ചതാകാം. അല്ലെങ്കിൽ മൂത്രം, കാഷ്ടം, കരച്ചിൽ തുടങ്ങിയ ശല്യങ്ങൾ കാരണം വീട്ടിലെ ചെക്കൻ എല്ലാ കുഞ്ഞുങ്ങളേം സഞ്ചിയിലാക്കി വായ കെട്ടി സൈക്കിളിൽ കേറ്റി ദൂരെക്കൊണ്ട് കളഞ്ഞതാകും. എന്തായാലും പോയത് പെറ്റ തള്ളയ്ക്ക് പോയി. അയ്യോ, അതറിഞ്ഞാലുള്ള ആ തള്ളയുടെ കരച്ചിൽ കേൾക്കാൻ വയ്യ. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? ഞാൻ ഒരിയ്ക്കലല്ല പല തവണ കേട്ടിട്ടുണ്ട്. പല തവണയും ആ കഥയിലെ ചെക്കൻ ഞാനായിരുന്നു.
ചെറുപ്പത്തിൽ കമ്മൂണിസ്റ്റാവത്തവന് ഹൃദയവും വലുതായിട്ടും കമ്മൂണിസ്റ്റായിത്തുടരുന്നവന് തലച്ചോറും ഇല്ലെന്നല്ലേ മഹദ്വചനം? ഞാൻ ചെറുപ്പത്തിൽ കമ്മൂണിസ്റ്റ് വിരുദ്ധനായിരുന്നു. ഇപ്പോൾ അതിനോടൊരു ആഭിമുഖ്യം തോന്നുന്നു. അതെ, ഹൃദയവുമില്ല, തലച്ചോറുമില്ല. അതെ, ഹൃദയമില്ലാതിരുന്നതുകൊണ്ടാണ് പല തവണ പല ബാച്ച് പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെയ്നർ ലോറികൾ വരുന്ന വഴിവക്കിലടക്കം പലയിടങ്ങളിലായി ഉപേക്ഷിച്ചിട്ടുള്ളത്. സഞ്ചിയുടെ പ്ലാസ്റ്റിക് ഭിത്തി തുളച്ചുവരുന്ന കുഞ്ഞുങ്ങളുടെ വിലാപം മറക്കാം. തിരിച്ചുവന്ന് കുറച്ചു കഴിയുമ്പോൾ കേൾക്കുന്ന തള്ളയുടെ കരച്ചിൽ, വയ്യ.
ശരിയാണ് അനോനീ, പ്രിയസഖി ഗംഗേ പറയൂ, പ്രിയമാനസനെവിടേ എന്ന കാമഭ്രാന്ത് ഒരു വിരലുകൊണ്ട് ചിലപ്പോൾ ശമിപ്പിക്കാൻ കഴിഞ്ഞു എന്നു വരും. അതുകൊണ്ട് എന്റെയാചോദ്യം - "പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?" അതിനേക്കാൾ പ്രധാനം നിങ്ങളുടെ ചോദ്യം തന്നെ - "പതിനാലാം വയസ്സിൽ ബലാൽത്സഗത്തിലൂടെ അമ്മയാകണോ അതോ എൺപത്തിനാലാം വയസ്സിലും അമ്മയാകാതെ തന്നെ മരിയ്ക്കണോ" എന്ന ചോദ്യം.
കരച്ചിലിനേക്കാൾ ആഴത്തിലാണ് പാല് വന്ന് വീർക്കുന്ന മുലകൾ ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്നത്. മുലപ്പാൽ പിഴിഞ്ഞു കളഞ്ഞ് ജോലിക്കു പോകുന്ന സൗദിയിലെ നഴ്സുമാരെപ്പറ്റി സാദിക് എഴുതിയിരുന്നല്ലൊ. അതിന്റെ മറ്റൊരു വെർഷൻ ഞാനെന്റെ കുടുംബത്തിൽ അനുഭവിച്ചിട്ടുണ്ട്. ഞാൻ ബീയേക്കു ചേർന്ന ആഴ്ചയായിരുന്നു ചേച്ചിയുടെ ആദ്യപ്രസവം. മാസം തികഞ്ഞിരുന്നു. പക്ഷേ നിശ്ചിത തീയതിയുടെ തലേന്ന് പൊക്കിൾക്കൊടി ചുറ്റി ഗർഭപാത്രത്തിൽക്കിടന്ന് കുഞ്ഞ് മരിച്ചു. പിറ്റേന്ന്, ഭാഗ്യം, സിസേറിയൻ വേണ്ടി വന്നില്ല, താനേ പ്രസവിച്ചു. തള്ളയുടെ പുള്ളിനൊപ്പം പുഷ് ചെയ്യാൻ ചാപിള്ളയ്ക്ക് കഴിയാത്തതുകൊണ്ട്, ചാപിള്ളയെ പുറത്തെടുക്കാൻ സിസേറിയൻ സാധാരണമാണെന്ന് ഡോ. റോസലിൻ പേടിപ്പിച്ചിരുന്നു. മഞ്ഞച്ച കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മറക്കാം. പക്ഷേ മാറത്ത് പാലു വിങ്ങി ചേച്ചി കാണിച്ച പരാക്രമം! ഹൊ. നമുക്ക് മനുഷ്യർക്ക് പക്ഷേ മുല്ലപ്പൂക്കൾ വെച്ചുകെട്ടി വിങ്ങൽ കുറയ്ക്കാം, പാല് വറ്റിയ്ക്കാം. പോരാത്തതിന് അതിനിപ്പോൾ നല്ല ഇംഗ്ലീഷ് മരുന്നുകളും സുലഭമാണ്.
പൂച്ചകൾക്ക് എങ്ങനെ മുല്ലപ്പൂ വെച്ചുകെട്ടികൊടുക്കും? മക്കളെ കാണാതാകുമ്പോഴുടൻ അവ പുറപ്പെടുവിക്കുന്ന വന്യവിലാപങ്ങളേക്കാൾ ആഴത്തിൽ മുറിപ്പെടുത്തും പിന്നീടുള്ള ദിവസങ്ങളിൽ പാല് തിങ്ങിയ മാറിടങ്ങളോടെയുള്ള അവയുടെ അസ്വാസ്ഥ്യങ്ങൾ. ചുവന്നും വെളുത്തും വീർത്ത് ഇപ്പോൾ പൊട്ടുമെന്ന് തോന്നിപ്പിച്ച് അവയിൽ ചിലതിന്റെ മുലക്കണ്ണുകൾ നോക്കിയ നോട്ടങ്ങളുടെ ഓർമകൾ ഇപ്പോളും എന്നെ പൊള്ളിക്കുന്നു.
എന്നാൽ - അതൊരു വലിയ എന്നാലും തന്നെ - ഇതിനേക്കാളെല്ലാം മുകളിലേയ്ക്ക് മറ്റൊരോർമയുടെ പല്ലുകളാഴുന്നു. പൂച്ച സാധാരണയായി മൂന്നോ നാലോ കുഞ്ഞുങ്ങളെയാണല്ലൊ ഒരു തവണ പ്രസവിയ്ക്കുന്നത്. അങ്ങനെ തീരെ കുഞ്ഞുങ്ങളായിരിക്കെത്തന്നെ കുഞ്ഞുങ്ങളുടെ കുഞ്ചിയ്ക്ക് മുറിയാതെ കടിച്ചു പിടിച്ച് തള്ള അവറ്റെ പല സ്ഥലങ്ങളിൽ കൊണ്ടുപോകുന്ന ഒരു പരിപാടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂച്ചപ്രണയിയായ ഞങ്ങളുടെ പാച്ചിയുടെ [അച്ഛന്റെ പെങ്ങൾ പാർവതി, പാർവതിച്ചേച്ചി ലോപിച്ച് പായിച്ചേച്ചിയും പിന്നെയും ലോപിച്ച് പാച്ചിയുമായി] പാച്ചിയുടെ ഭാഷയില്‍പ്പറഞ്ഞാൽ 'ഏഴില്ലം കടത്തൽ'. അതായത് ഏഴ് വീടുകളിലെങ്കിലും, അല്ലെങ്കിൽ ഒരേ വീടിന്റെ ഏഴ് വിദൂര ഇടങ്ങളിലെങ്കിലും, ഇങ്ങനെ മക്കളെയും കൊണ്ട് പൂച്ച പോകുമെന്നാണ് പാച്ചിയുടെ ഭാഷ്യം.
പൂച്ചയുടെ മറ്റൊരു സ്വഭാവവിശേഷവും പാച്ചി കുട്ടിക്കാലത്തു തന്നെ പറഞ്ഞുതന്നു. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെറ്റ് ഒന്നോരണ്ടോ ദിവസത്തിനുള്ളിൽത്തന്നെ തള്ളപ്പൂച്ച തന്റെ തന്നെ ഒന്നോ ചിലപ്പോൾ രണ്ടോ കുഞ്ഞുങ്ങളെ ശാപ്പിടുമെന്ന്. അത് പൂച്ചയുടെ പ്രസവരക്ഷയാണെന്നും പാച്ചി പറഞ്ഞു. പൂച്ച പെറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽത്തന്നെ ഒന്നു രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കാണാതാകുന്ന സ്ഥിരം പരിപാടിയിലെ വില്ലൻ വല്ല പട്ടിയോ കാടൻപൂച്ചയോ ആണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തായാലും പാച്ചി പറഞ്ഞത് മുഴുവനായി വിഴുങ്ങാൻ എന്നെ കിട്ടുമായിരുന്നില്ല. കുഞ്ഞിന് വേദനിക്കാത്ത വിധം അതിനെ ഠപ് എന്ന് ഒരൊറ്റവിഴുങ്ങലാണ് തള്ളപ്പൂച്ച നടത്തുന്നത് എന്നുവരെ പറഞ്ഞുകളഞ്ഞു പാച്ചി.
അനുഭവം ഗുരു എന്നാണല്ലൊ. വർഷങ്ങൾ കഴിഞ്ഞാണ് ഇക്കാര്യത്തിലെ ഗുരുവിനെ എറണാകുളം ഘരാനയിൽ വെച്ച് കണ്ടുമുട്ടിയത്. വില്ലിംഗ്ഡൺ ഐലണ്ടിൽ ഞങ്ങളന്ന് താമസിച്ചിരുന്ന പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലെ അമ്മയും അച്ഛനും ജോലിക്കു പോയിരിക്കുന്ന ഒരു പകൽ. മഹാരാജാസ് ഈവനിംഗിൽ ബീയേക്കു പഠിക്കുകയാണ് അക്കാലം ഞാൻ. അന്നു രാവിലെ പെറ്റ ഒരു പൂച്ച കട്ടിൻ ചോട്ടിൽ കുട്ടികളോടൊപ്പം കിടക്കുന്നു. സെറ്റിയിലിരിന്ന് വായിക്കുന്ന എനിക്ക് തള്ളേം മക്കളേം കാണാം. പെട്ടെന്നതാ ആ തള്ളപ്പൂച്ച ഒരു കുഞ്ഞിനെ തിന്നാൻ തുടങ്ങുന്നു. ജീവനോടെ, മെല്ലെ മെല്ലെ, കടിച്ചു മുറിച്ച്. തിന്നപ്പെടുമ്പോൾ ആ കുഞ്ഞ് ചെറുതായൊന്ന് ഞരങ്ങിയോ? ഓർമയില്ല. പാച്ചി പറഞ്ഞ ആദ്യപാതി ശരിയായിരിക്കാം. ഇത് പൂച്ചയുടെ പ്രസവരക്ഷയായിരിക്കാം. രണ്ടാം പാതി ശരിയല്ല. വേദനിപ്പിക്കാതെയല്ല, ജീവനോടെ കടിച്ചു മുറിച്ചാണ് തീറ്റ.
ബാക്കിയുള്ള കുഞ്ഞുങ്ങളിൽ ഒന്നിനെ കാടൻപൂച്ചയോ പട്ടിയോ പിടിച്ചാലോ വീട്ടിലെ ചെക്കൻ നാടുകടത്തിയാലോ കരഞ്ഞുവിളിക്കുന്ന അമ്മയുടെ വർഗം തന്നെ അതും. എന്റെ ഞെട്ടൽ, പ്രകൃതിയുടെ ക്രൂരതയോർത്തുള്ള അന്നത്തെയാ സംത്രാസം, അതിന്നും വിട്ടിട്ടില്ല.
ഇതാദ്യമായി എഴുതാനാഞ്ഞ് ദേവനെ വിളിച്ചപ്പോൾ ദേവൻ പറഞ്ഞത് അത് പ്രസവരക്ഷയല്ലെന്നാണ്. ഒരേ സമയം മൂന്നിലധികം കുഞ്ഞുങ്ങളെ പാലൂട്ടി വളർത്താനുള്ള ആരോഗ്യം പൂച്ചകൾക്കില്ലത്രെ. മറ്റ് സഹോദരങ്ങൾക്കു വേണ്ടി ആ ഒരെണ്ണം ജീവൻ ബലിയർപ്പിക്കുന്നതാണെന്ന് ചുരുക്കം. ഹൊ, എന്നാലും അതൊരു വല്ലാത്ത രീതിയിലുള്ള ബലിയായിപ്പോയി. പെറ്റ തള്ള തന്നെ കൊച്ചിനെ പച്ചയ്ക്ക് തിന്നുന്ന ഏർപ്പാട്.
അതിനും ശേഷമാണ് പൂച്ചകളുടെ സെക്സ് ലൈവായി കണ്ടത്. അതും മഹാഭീകരം തന്നെ. ഒരു കാടൻ റേപ്പ്. എല്ലാ ഫെലൈൻ കക്ഷികളും അങ്ങനെ തന്നെ ആണോ ആവോ? ഒരു സിംഹസെക്സിന്റെ സ്റ്റിൽ ഫോട്ടോ കണ്ടപ്പോൾ എല്ലാ മാർജാരന്മാരും അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പേടിച്ചു പോയി. ആൺപൂച്ച പെണ്ണിന്റെ പുറത്തുകയറിയിരുന്ന് അതിക്രൂരമാം വിധം അതിന്റെ കഴുത്തിൽ മുറുകെ കടിച്ചുപിടിച്ചാണ് സം യോഗം സാധ്യമാക്കുന്നത്. ആ റേപ്പ് പെണ്ണ് എൻ ജോയ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ, ഒരു സാക്ഷിക്ക് പറയാനുണ്ടാവുക അല്ലെന്നായിരിക്കും. വേദനിച്ച് കരഞ്ഞ് രക്ഷപ്പെടാൻ തന്നെയാണ് അതിന്റെ വെപ്രാളം. അത് വിട്ടുപോകാതിരിക്കാൻ തന്നെയാണ് കണ്ടൻപൂച്ച കടിച്ചു പിടിച്ചിരിക്കുന്നതും. അതിനെപ്പറ്റി അക്കാലത്തു കേട്ട ഒരു എക്സ്പ്ലനേഷൻ വിശ്വസിക്കാൻ പറ്റിയിട്ടില്ലിതുവരെ. ആൺപൂച്ചയുടെ ഉദ്ധൃതമായ ലിംഗത്തിന് അസഹനീയമായ ചൂടാണത്രെ. അതുകൊണ്ടാണുപോലും പെണ്ണിനത് സന്തോഷത്തോടെ സ്വീകരിയ്ക്കാൻ കഴിയാത്തത്.
പൂച്ചയുടെ സെക്സിന്റെ കാര്യം ഇതാണെങ്കിൽ പൂച്ചയുടെ മേൽത്തട്ട് ശത്രുവായ പട്ടിയുടെ കാര്യമോ? ഇടവഴികളിലും മറ്റും മുന്നിൽ വന്ന് പെട്ടിട്ടുള്ള ശ്വാനരതി ആരിലാണ് സഹതാപമുണർത്താതിരിക്കുക. [പൂച്ചയുടെ കീഴ്ത്തട്ട് ശത്രുവായ എലിയുടെ കാര്യം എന്താണോ എന്തൊ!].
കുട്ടിക്കാലം ചെലവഴിച്ച അച്ഛന്റെ വീട്ടിൽ, അതായിരുന്നു ആ വീടിന്റെ സുവർണകാലം, അക്കാലത്ത് ഒരു ടൈമിൽ അവിടെ എട്ടു പൂച്ചകളുണ്ടായിരുന്നു. എന്നിട്ടും ഒരു കാലത്തും അവയെ സ്നേഹിക്കാൻ പറ്റിയിട്ടില്ല. അനിയത്തിയിൽ നിന്ന് പാരമ്പര്യമായി കിട്ടിയ പൂച്ചസ്നേഹവും കൊണ്ടായിരിക്കണം അച്ഛൻ ക്വാർട്ടേഴ്സിൽ പാർക്കാൻ പോയത്. എന്തായാലും പിന്നാലെ പോയ ഞങ്ങൾക്കെല്ലാം - അമ്മയ്ക്കും ചേച്ചിയ്ക്കും എനിക്കും - ദേഷ്യമായിരുന്നു പൂച്ചകളെ. പട്ടിക്കാട്ടത്തിന്റെ ദുർഗന്ധത്തെ തോല്‍പ്പിക്കുന്ന ഒരു ദുർഗന്ധമേയുള്ളു - പൂച്ചമൂത്രത്തിന്റെ.
എങ്കിലും പാച്ചിയുടെ പൂച്ചകുലത്തിലെ ഒരുത്തിയെ മറക്കാൻ വയ്യ. റാണി എന്നായിരുന്നു അവളുടെ പേര്. പൂച്ചയെ ഇഷ്ടമല്ലാതിരുന്ന ഞങ്ങളുടെ മൃഗീയഭൂരിപക്ഷം മാനിച്ച്, പാച്ചിയുടെ സങ്കടം വക വെയ്ക്കാതെ, അതിനെ നാല് പുഴയിലെ കടത്തുകൾ കടത്തി, പത്ത് പതിനഞ്ച് ഏരിയൽ കിമീ ദൂരത്തുള്ള പുത്തൻ വേലിക്കരയിൽ കൊണ്ടാക്കി ആരോ ഒരിക്കൽ. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് എല്ലാരും ഇരുന്നും കിടന്നുമെല്ലാം ഉച്ചമയക്കത്തിന്റെ ആലസ്യം നുകർന്നിരിക്കെ അതാ വരുന്നു റാണിപ്പൂച്ച "മ്യാവൂ".
തീർന്നില്ല. സ്കൂൾ ടീച്ചറായിരുന്ന അമ്മ അക്കാലത്ത് വിളിച്ചെടുത്ത ഒരു വലിയ കുറിയുടെ കാശുകൊണ്ട് ഒരു കാറ് വാങ്ങി ടാക്സിയിട്ടു. കെ. എൽ. ഇ. 551. ഗോതുരുത്തുകാരൻ മാത്തപ്പനു മുമ്പ് അങ്കമാലിക്കാരൻ വർഗീസായിരുന്നു ഡ്രൈവർ. ഒരു ദിവസം വൈകീട്ട് പോകുമ്പോൾ പിറ്റേന്നത്തെ മലയാറ്റൂ പെരുന്നാളോട്ടത്തിനു വേണ്ടി അയാൾ കാറ് അങ്കമാലിയ്ക്ക് കൊണ്ടുപോകുമ്പോൾ ഡിക്കിയിലെ ചാക്കിൽ റാണിയുമുണ്ടായിരുന്നു. അങ്കമാലി-ചേന്ദമംഗലം പത്തുമുപ്പത് കിലോമീറ്റർ ദൂരം, മരണ വേഗത്തിൽ വണ്ടികളോടുന്ന റോഡുകൾ, ഇഷ്ടികക്കളങ്ങൾ ഭൂമിയെ ചുട്ടുതിന്ന് പുകയും വിട്ട് മയങ്ങിക്കിടക്കുന്ന ചെങ്ങമനാട്ടെയും കുന്നുകരയിലേയും പാടങ്ങൾ, രൗദ്രയായ പെരിയാറിന്റെ ഹെഡ്ഡോഫീസ്, ചാലക്കുടിപ്പുഴയുടെ ശാഖകൾ... അതെല്ല്ലാം പിന്നിട്ട് വൃദ്ധയായ ആ മാർജാരസ്ത്രീ ഒന്നൊന്നരമാസം കഴിഞ്ഞപ്പോൾ ചേന്ദമംഗലത്തെ വീട്ടിൽ വന്നു കയറിയതെങ്ങനെ? ബ്രൗണിഷ് ഗ്രേ നിറമുള്ള റാണി നടന്നു വരുമ്പോൾ പല പേറ് പെറ്റ് തൂങ്ങിയ അതിന്റെ അമ്മിഞ്ഞകൾ ഇടത്തേയ്ക്കും വലത്തേയ്ക്കും ആടിയിരുന്നു. ഒരിക്കലും അരയ്ക്ക് മുകളിൽ ഡ്രെസ്സിട്ടു കണ്ടിട്ടില്ലാത്ത അമ്മൂമ്മയെ ഓർപ്പിച്ചിരുന്നു അപ്പോൾ റാണി.
എട്ടു പൂച്ചകളുള്ള ആ വീടിന്റെ കിഴക്കോറത്തുണ്ടായിരുന്ന ഒരു പരുത്തിയിന്മേൽ അക്കാലത്ത് ഒരു പകൽ ഒരു കാക്ക പെറ്റിട്ട് രണ്ടു ദിവസത്തിലേറെ പ്രായമാകാത്ത ഒരു പൂച്ചക്കുഞ്ഞിനേയും കൊണ്ട് എവിടെ നിന്നോ പറന്നു വന്ന് ലാൻഡു ചെയ്തു. അതിന്റെ കണ്ണ് ശെരിക്കും തുറന്നിട്ടുപോലുമില്ലായിരുന്നു - അത്രയും കുഞ്ഞ്. അതിനപ്പോളും പാതിജീവനുണ്ടായിരുന്നു. അതിന്റെ അവസാനത്തെ കരച്ചിൽ താഴത്തേയ്ക്ക് എത്തിയിരുന്നു. ഞാൻ കാക്കയെ ഒരു കല്ലെടുത്തെറിയാൻ കുനിഞ്ഞു. രക്ഷയുടെ പകുതിവഴിയും പിന്നിട്ട് അപ്പുറത്തേയ്ക്ക് പോയിരുന്ന ആ പൂച്ചക്കുഞ്ഞിനെ ഇനി രക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ആരോ ആവണം എന്നെ തടഞ്ഞു. ആ കാക്ക ജീവനോടെ അതിനെ തിന്നാൻ തുടങ്ങി. തിന്നു തുടങ്ങിയ ഉടൻ ആ സ്ഥലം അത്ര പന്തിയല്ലെന്നു കണ്ട് പിന്നെയും അതിനെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി.
ഇക്കഴിഞ്ഞ കർക്കടകത്തിൽ നാട്ടിലുണ്ടായിരുന്നപ്പോൾ, ഒരു രാത്രി, പറവൂരുന്ന് രണ്ട് ബിയറും കഴിച്ച് വീട്ടിൽ വന്ന് അത്താഴത്തിന് കൈ കഴുകുമ്പോൾ വടക്കേപ്പറമ്പിൽ ഒരു പൂച്ചയുടെ മരണവെപ്രാളം. പഴയ കുറ്റബോധങ്ങൾകൊണ്ടായിരിക്കാം, മഴ വക വെയ്ക്കാതെ ഒരു ടോർച്ചുമെടുത്ത് നോക്കാനിറങ്ങിയപ്പോൾ, അപ്പോളും ആരോ വിലക്കി - "അത് സാരല്ല്യ ചേട്ടാ, ഒരു പട്ടി ഒരു പൂച്ചേപ്പിടിച്ചതാ". ഭാഗവതത്തിൽ ജീവോ ജീവസ്യ ജീവനം എന്നു വായിച്ചത് അതിനും മുമ്പായിരുന്നതുകൊണ്ട് അത്താഴം മുടങ്ങിയില്ല.
വസന്തവായുവിൽ വസൂരിരോഗാണുവുണ്ടെന്നും പറന്നു നടക്കുന്ന ആ സുന്ദരിശലഭത്തിനു പിന്നാലെ ഒരു ഓന്ത് നാക്കു നീട്ടുന്നുണ്ടെന്നും വൈലോപ്പിള്ളി പറഞ്ഞപോലെ, റാണിയും ഓരോ പ്രസവശേഷവും ഒരു കുഞ്ഞിനെയെങ്കിലും കടിച്ചു തിന്നിരുന്നോ?
പ്രകൃതിയെപ്പറ്റി അധികം പറയണ്ട.
Subscribe to:
Post Comments (Atom)
21 comments:
മ്യാവൂ!
പൂച്ച കക്കിയതില്‍
മറന്നവ മണത്തിട്ട് വയ്യ.
മാറത്ത് പാലു വിങ്ങി ചേച്ചി കാണിച്ച പരാക്രമം!
അങ്ങനെ പരാക്രമം തുടങ്ങിയ പത്മിനിച്ചേച്ചി,
അവരാ മുല പിഴിഞ്ഞ് ചോപ്പ് വന്ന എന്‍റെ കണ്ണില്‍ ഉറ്റിച്ചു തന്നത്,
എനിക്കിപ്പോ നാട്ടില്‍ പോണം.
പൂച്ചയെ അരുമയോടെ പോറ്റുന്നുണ്ട്
ഇപ്പോള്‍ ഉമ്മവീട്ടില്‍ ഒരു പത്താം തരക്കാരി,
അവള്‍ സ്കൂളില്‍ പോയാല്‍ അത് ഒരേ ഇരിപ്പാണ്. അവള്‍ പറയുന്നത് കേട്ടിട്ടെന്ന പോലെ കൂടെപ്പോകും,
ഭക്ഷണം കഴിക്കും. കമന്‍റായിടാന്‍ വയ്യ ബാക്കി. പോസ്റ്റാം പിന്നെ...
entammo njan thaLarnnu poyi.
ഗ്രീന്‍പീസിനെകുറിച്ച് പറഞ്ഞതൊഴികെ എല്ലാം പരിചിതമായ ഒട്ടും പുതുമയില്ലാത്ത കാര്യങ്ങള്‍...രാമ്മോഹനശൈലി കൊണ്ട് വായനാര്‍ഹം.
ജോണ്‍സി മരിച്ചിട്ട് അധിക ദിവസമാവാത്തതിനാല്‍ ആദ്യഭാഗങ്ങളോട് കലഹിക്കാതെ വയ്യ. അരവിന്ദന്റെ കാഞ്ചനസീതയില്‍ കാറ്റത്തിളകുന്ന അരയാലിലകളാണ് പ്രകൃതിയും പിന്നെ സീതയും ആ ലൊജിക്കിനെ എതിര്‍ക്കാനുപയോഗിച്ച യുക്തി വച്ച് പറഞ്ഞാല്‍ ഒരു പൂച്ചയല്ലല്ലോ പ്രകൃതി. എങ്കിലും ഈ പോസ്റ്റിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ ‘ഭീകരം’ എന്നാണു പറയേണ്ടത്. തല നിലത്തടിക്കാന്‍ തോന്നുന്ന മട്ടില്‍ ഭീകരം. മകള്‍ക്ക് എന്ന സിനിമയുടെ ചര്‍ച്ച നടക്കുന്ന ദിവസം ഇപ്പോഴത്തെ ഹാസ്യനടന്‍ അനൂപ് എഴുന്നേറ്റ് നിന്ന് സ്വതവേയുള്ള അടഞ്ഞ ശബ്ദത്തില്‍ ഒരു ചോദ്യം ചോദിച്ചതോര്‍മ്മയുണ്ട്.. ‘അമ്മ’ എന്നും പറഞ്ഞും ഇങ്ങനെ കാല്‍പ്പനികരാഗം എന്നും പാടിക്കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ എന്ന്..താഴേന്ന് മുകളിലോട്ടുള്ള മാതൃരതിവച്ചായിരുന്നു നമ്മുടെ വൃത്തഭംഞ്ജനം ഇതുവരെ. ഇതു മുകളില്‍ നിന്ന് താഴോട്ട് -അമ്മയില്‍ നിന്ന് മക്കളിലേയ്ക്ക്- വഴിവിട്ട സഞ്ചാരം.. ഉം...ഞാന്‍ ചിന്തിക്കാനായി തലചായ്ക്കട്ടെ..
( ‘:) എന്റമ്മോ ഞാന്‍ തളര്‍ന്നു പോയി‘)
വായിച്ചുകഴിഞ്ഞിട്ടും തലയോട്ടിക്കകത്തെന്തൊക്കെയോ ശീല്‍ക്കാരം..
പൂച്ചയെ പറ്റി പറഞ്ഞ് എന്തെല്ലാം ഏതെല്ലാം കാര്യങ്ങള്‍ പറഞ്ഞുവെന്ന് നോക്ക്യേ...ഭയങ്കര മൊതല് തന്നെ ഇഷ്ടാ.
അമ്മക്കാര്യം അവിടെ നില്‍ക്കട്ടെ. അത് നിങ്ങള്‍ വല്യ ചേട്ടന്മാര്‍ പറഞ്ഞേച്ചാ മതി.
കുറച്ച് പൂച്ചക്കാര്യം പറയാം.
പൂച്ചയെ വീട്ടുകാരെപ്പോലെ കരുതി കെയര്‍ ചെയ്യുന്ന വീട്ടില്‍ നിന്നാണ് എന്റെ കെട്ട്.
വകയിലെ ഏതോ ഒരമ്മായിയുടെ ഏതോ ഒരു മോള്‍ക്ക് പൂച്ചരോമം വയറ്റില്‍ പോയിട്ട്, മാറാ വയറുവേദന കാരണം കല്യാണം ലേയ്റ്റായി എന്നതിന്റെ ഇമ്പാക്റ്റില്‍ എന്റെ അടുത്തു പരിസരത്തുള്ള പൂച്ചകളെല്ലാം ഞങ്ങള്‍ക്ക് ഉന്നം പിടിക്കാനുള്ള പ്രാക്കുകളായി.
കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ‘ശങ്കരന്‍ കുട്ടിയേം, ലില്ലിക്കുട്ടിയേം‘ പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് അവരുടെ വീട്ടില്‍ പണിക്ക് വരുന്ന വല്ലവരുമാവും ന്ന് . രണ്ടും പൂച്ചകളാ!
പൂച്ചയെ ശ്ലീലത്തിലും അശ്ലീലത്തിലും ബിംബങ്ങള്‍ ആക്കുന്നത് എന്തുകൊണ്ട് എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്......
സ്ത്രീകള്‍ മാത്രം അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ(?) ആദ്യ എഫ്.എം സ്റ്റേഷന്റെ (ദില്ലി) പേരുവരെ ‘മ്യാവൂ...’
റാംജീ,
പോസ്റ്റിനു കാരണമായ അനോണിക്കമന്റ് കണ്ടു. സംയോഗമാണോ മാതൃത്വമാണോ ആത്യന്തികമായി പെണ്ണിന്റെ ലക്ഷ്യം എന്നതിലേക്ക് പുള്ളി(ക്കാരി) ആ പോസ്റ്റിനെ എത്തിച്ചത് എന്തിനെന്നു മനസ്സിലായില്ല.
പ്രകൃതിയില്‍ ഒരുപാട് കാര്യങ്ങള്‍ പിടിയുമില്ല. ഒരാള്‍ അല്ലെങ്കില്‍ ഒരു ജന്തു മുങ്ങിച്ചാകാന്‍ തുടങ്ങിയാല്‍ സമീപത്തൊരു ഡോള്‍ഫിനുണ്ടെങ്കില്‍ അത് നീന്തിച്ചെന്ന് രക്ഷപ്പെടുത്താറുണ്ട്, അത് മറ്റൊരു ഡോള്‍ഫിനാണെങ്കിലും. അതേ ജന്തു തന്നെ പക്ഷേ ചുമ്മാ നീന്തിപ്പോകുന്ന മറ്റൊരു ഡോള്‍ഫിനെപ്പിടിച്ച് മുക്കിക്കൊല്ലാറുമുണ്ട്.
ഇണചേര്‍ന്ന ശേഷം ചില ഷഡ്പദങ്ങള്‍ ആണിനെ കൊന്നു തിന്നാറുണ്ട്, ചെന്നായച്ചിലന്തികള്‍ പൂച്ചയെപ്പോലെ സ്വന്തം കുഞ്ഞുങ്ങളെ തിന്നാറുണ്ട്, മറ്റു ചിലപ്പോള്‍ അതു തന്നെ സ്വന്തം കുഞ്ഞുങ്ങളെ മുതുകില്‍ കൊണ്ട് നടക്കുന്നതും കാണാം. ഒരു കാക്ക മരിച്ചാല്‍ ചിലപ്പോള്‍ ആ ഏരിയയിലെ കാക്കകള്‍ കൂടി "ക്രോ ഫ്യൂണറല്‍" നടത്തുന്നത് കാണാം. യോഗം കൂടി അവര്‍ "മഹാനും മാന്യനുമായിരുന്ന ഈ കാകശ്രേഷ്ഠന്‍ കാകസ്വര്‍ഗ്ഗത്ത് നിത്യശാന്തിയായിരിക്കട്ടെ" എന്നു പ്രാര്‍ത്ഥിക്കുകയാണോ അതോ "ഒരു പണ്ടാറക്കാലന്‍ കൂടി പോയിക്കിട്ടി, തീറ്റയ്ക്ക് ക്വാമ്പറ്റീഷന്‍ കുറഞ്ഞ്" എന്ന് ആഹ്ലാദിക്കുകയാണോ.. ആവോ.
ഒരു കാരണവശാലും മനുഷ്യനോട് ഒരടുപ്പവും കാണിക്കാത്ത പക്ഷിയാണ് പൊന്മാന്‍, അതിനു മനുഷ്യരെ പേടിയോ വെറുപ്പോ ആയിരിക്കാം. ഒരിക്കല്‍ പൊന്മാന്റെ രണ്ട് കുഞ്ഞുങ്ങളെ എനിക്കു കല്ലുവെട്ടാങ്കുഴിയില്‍ നിന്നു വീണു കിട്ടി. ഇതിനെ എന്തു ചെയ്യണമെന്ന് പിടിയില്ലാത്തതുകൊണ്ട് വീട്ടില്‍ എടുത്തുകൊണ്ടു വന്നു ഒരു ബള്‍ബിനു താഴെ കിടത്തി, ഒരു ചാളയെ വെട്ടി പീസ് ആക്കി വാച്ച് റിപ്പയര്‍ ചെയ്യുന്ന റ്റ്വീസര്‍ തള്ളപ്പക്ഷിയുടെ ചുണ്ടുപോലെ പിടിച്ച് കുറച്ചു ഭക്ഷണം കൊടുത്തു. അപ്പോള്‍ ദേ വരുന്നു ക്രുദ്ധയായൊരു തള്ളപ്പൊന്മാര്‍. ഭയമൊക്കെ മറന്ന് അവള്‍ എന്റെ മുറിയില്‍ പറന്നു കയറി എന്റെ കയ്യുടെ മുന്നില്‍ നിന്ന് അവള്‍ ഒരു കുഞ്ഞിനെ കൊത്തി ഒറ്റപ്പറക്കല്‍. എവിടെയോ കൊണ്ടുവച്ച് തിരിച്ചു വന്ന് രണ്ടാമത്തേതിനെയും കൊണ്ടു പോയി. തീര്‍ന്നെന്നു കരുതി. ദേ വരുന്നു തിരിച്ച്. എന്റെ അടുത്തു വന്ന് തടി മേശപ്പുറത്ത് രണ്ടടി ചിറകിട്ട്. നമ്മള്‍ ഉടക്കി ഇറങ്ങി പോകുമ്പോള്‍ "ഹും" എന്നു വച്ച് മേശപ്പുറത്ത് ഇടിച്ചിട്ടു പോകുമ്പോലെ. മഹത്തായ മാതൃഭാവമെന്ന് വേണമെങ്കില്‍ പറയാം.
ഷാപ്പുകാരന്‍ ചാണ്ടിക്കുഞ്ഞിനു കണ്ണു തെറ്റിയാല്‍ ഒന്നിച്ച് ഹണിമൂണിനിറങ്ങുന്ന താറാവ് ജോഡികള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ചാണ്ടി പൂവനെ കറിയാക്കി. പുണ്യത്തിനു വളര്‍ത്തുന്നതൊന്നുമല്ലല്ലോ.
പിട അന്നു നിരാഹാരം തുടങ്ങി. പിടയെ നോക്കുമ്പോള്‍ ചാണ്ടിച്ചേട്ടനു കുറ്റബോധം, അതുകൊണ്ട് കൊന്നതുമില്ല. രണ്ടാഴ്ച പട്ടിണി കിടന്ന് ഒടുക്കം പിട ചത്തു. ലൈംഗികതയുടെ (പ്രേമം, മാങ്ങാത്തൊലി) മഹത്തായ ഭാവമെന്ന് വേണമെങ്കില്‍ പറയാം.
സാധാരണ ഗതിയില്‍ പൊന്മാന്‍ മനുഷ്യന്‍ തൊട്ട കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ലെന്നും താറാവ് അതിഭയങ്ക പോളിഗമിസ്റ്റ് ആണെന്നും കൂടി അറിഞ്ഞപ്പോള്‍ ഈ സംഗതിയിലെയൊക്കെ വീക്ഷണം ഒരു അംഗത്തില്‍ നിന്നും മറ്റൊരംഗത്തിലേക്ക് ഓരോ രീതിയില്‍ മാറുന്ന കാര്യമാണെന്ന് തോന്നിപ്പോയി. പിന്നെ മനുഷ്യനിലും അങ്ങനെ തന്നെ എന്നു തോന്നി.
മാതൃഭാവത്തെ മഹത്വവല്‍ക്കരിച്ചു കാണിക്കുന്നത് സ്ത്രീകളെ അടച്ചു പൂട്ടാനാണെന്നായിരുന്നു ആദ്യകാല ഫെമിനിസ്റ്റ് വാദം. പെണ്ണുങ്ങള്‍ തന്നെ അത് മഹത്വവല്‍ക്കരിച്ചു കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞപ്പോല്‍ ഫെമ്മികള്‍ ചുവട് മാറ്റിയെന്നോര്‍മ്മ.
ആമകളെപ്പോലെ മനുഷ്യസ്ത്രീയും മണലില്‍ മുട്ടയിട്ടിട്ട് അത് സൂര്യതാപം കൊണ്ട് വിരിയുകയായിരുന്നെങ്കില്‍ ഒരു പക്ഷേ മാതൃഭാവം ഇത്രയ്ക്ക് റൊമാന്റിസൈസ് ചെയ്യപ്പെടില്ലായിരുന്നു, ചില മീനുനളെപ്പോലെ അണ്ഡബീജ സങ്കലനത്തിനു ലിംഗയോനീസംയോഗം വേണ്ടിയിരുന്നില്ലെങ്കില്‍ പുരുഷന്റെ വിത്തുകാള ഭാവവും. എന്തോ മനുഷ്യന്‍ ഇങ്ങനെ ആയിപ്പോയി. ഇതിലിപ്പോ ഏതാണ് അത്യാവശ്യമെന്നു ചോദിച്ചാല്‍ തെക്കേലെ അയല്‍ക്കാരനോ വടക്കേലെ അയല്‍ക്കാരനോ നല്ലത് എന്നു ചോദിക്കുമ്പോലെ ഒരു അര്‍ത്ഥമില്ലാത്ത ചോദ്യമാണ്.
സഹിക്കാത്തത് വിവാഹം എന്ന പേരില്‍ എക്കണോമിക്കലി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്ത കുടുംബത്തെ മഹത്വവല്‍ക്കരിച്ചരിക്കുന്നതാണ് എന്ന് റാംജീ പറഞ്ഞത് നേര്. ഞാന്‍ വിവാഹിതനാ്, എന്റെ സ്വത്ത്, എന്റെ സംരക്ഷണം, എന്റെ കെയര്‍ എന്നിവ മറ്റ് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോകാതെ സ്വകാര്യവല്‍ക്കരിച്ച് എടുത്ത എന്റെ ഒരു സ്വാര്‍ത്ഥമായ നിലപാടിനു സ്വാര്‍ത്ഥരുടെ ബോഡിയായ രാജ്യം തന്ന നിയമപരിരക്ഷ. അതിനെന്തിനാണു നാടടക്കി സദ്യയും മന്ത്രോച്ചാരണവും മന്ത്രകോടിയും കൊടിവച്ച കാറില്‍ മന്ത്രിയുടെ വരവും? ഛേയ്.
മാതൃഭാവം മൃഗങ്ങളില്‍ അതി വിശിഷ്ടമാണ്. മനുഷ്യര്‍ മറ്റു ചുറ്റുപാടുകളൊക്കെ ഒത്തു വന്നാല്‍ മാത്രം കാണിയ്ക്കുന്നത്. അമ്മത്തൊട്ടിലും ട്രാഷ് ക്യാനും പൊതു കക്കൂസുകളുമൊന്നും അവ്ര്ക്കില്ല, വേണ്ടാത്ത കുഞ്ഞിനെ ഉപേക്ഷിയ്ക്കാന്‍.
മിക്കവാറും ആദ്യപ്രസവത്തിലാണു എലികളും പൂച്ചകളുമൊക്കെ ഒരു കുഞ്ഞിനെ സാപ്പിടാനുള്ള പ്രവണത കാണിയ്ക്കാറ്. എലികളില്‍ ഇതു കൂട്ടിനകത്തു വളര്‍ത്തുമ്പോഴാണു കാണാറ്. പ്രകൃതിയില്‍ ഇത് സാധാരണമല്ലത്രെ. വീടുകളില്‍ വളരുന്ന പൂച്ചകളായിരിക്കും ഈ ‘പ്രകൃതിവിരുദ്ധം’ ചെയ്യുന്നത്. കുഞ്ഞിനു എന്തെങ്കിലും അംഗവൈകല്യമുണ്ടെങ്കിലും അമ്മ ഇതു ചെയ്യും. ഇര കിട്ടാന്‍ അതിബുദ്ധിമുട്ടു വന്നാല്‍ ദൂരെപ്പോകുന്നത് അപകടം ആയതിനാല്‍ ഒന്നിനെ ആഹാരമാക്കി ബാക്കിയുള്ളവയെ രക്ഷിയ്ക്കും. ഒരു പ്രസവത്തില്‍ ഒന്നില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിന്റെ പ്രായോഗികത. (“അല്ലെങ്കിലും അമ്മയ്ക്കെന്നോട് പണ്ടേ ഇഷ്ടമില്ല“ എന്നൊന്നും പറയിക്കേണ്ടല്ലൊ)
അതിഘോരമായി പശുവിനെ ഒക്കെ കടിച്ചു കീറുന്ന മുറതലയുടെ കൂര്‍ത്ത പല്ലുകള്‍ക്കും ബലമേറിയ താടിയെല്ലിനും ഇടയ്ക്കാണ് അതിമൃദുലമായി കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നത്.
പിറക്കുന്ന കുഞ്ഞ് സുരക്ഷിതമല്ലെന്നറിഞ്ഞാല്‍ അതിനെ പ്രസവവേളയില്‍ ത്തന്നെ കൊല്ലാന്‍ ചില മൃഗങ്ങള്‍ക്കു കഴിവുണ്ടത്രെ. ആനയുടെ പ്രസവം നോക്കി നില്‍ക്കരുതെന്നാണു പ്രമാണം. പശുവിന്റേയും എന്നു പഴമക്കാര്‍ പരയാറുണ്ട്. കാട്ടിലെ ഒരു ആനപ്രസവം ക്യാമെറായിലാക്കിയ സായിപ്പ് ‘ഇതാ ആ കുഞ്ഞ് മരിച്ചാണ് ഉണ്ടായിരിക്കുന്നത്’ എന്നു വിളിച്ചു പറയുന്ന് ഒരു ഡോക്യുമെന്ററിയില്‍ കണ്ടിട്ടുണ്ട്.
മൈഥുനം മൃഗങ്ങള്‍ക്ക് വേദനാജനകമാകാന്‍ സാാധ്യതയില്ല. സിംഹിണിയെ സിംഹന്‍ നഖങ്ങള്‍ കൊണ്ട് അമര്‍ത്തിയെങ്കില്‍ ത്യാഗസുരഭിലമായ ഒരു ജീവിതം തുടങ്ങാന്‍ അവള്‍ നടത്തുന്ന തയാറെടുപ്പൊന്നുമല്ല.
ഒരു പൂച്ചപ്പെണ്ണ് റേപ്പ് ചെയ്യപ്പെട്ട് കൊല്ലപ്പെടുകയില്ല. പ്രായമായിട്ടും ഞാന്‍ കന്യകയാണല്ലൊ എന്നു പരിതപിക്കേണ്ടിയും വരികില്ല. മാതൃഭാവം എന്നതൊക്കെ കവികള്‍ പാടിക്കോട്ടെ എന്ന് പൂച്ചകളും എലികളും ആനകളും മുതലകളുമൊക്കെ നിനയ്ക്കുന്നു.
‘വന്ദിപ്പിന്‍ മാതാവിനെ’ എന്നു വള്ളത്തോള്‍ എഴുതിയാല്‍ ‘വന്ദിപ്പിന്‍ താറാവിനെ” എന്നു അയ്യപ്പപ്പണിക്കര്‍ക്കു എഴുതേണ്ടി വന്നത് അതുകൊണ്ടായിരിക്കും.
എതിരൻസേ, നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ ഒളിഞ്ഞുനോക്കിയ ഒരു പശുപ്രസവം ഓർത്തുപോയി. പശു പ്രസവിയ്ക്കുന്നത് നോക്കരുതെന്ന് വിലക്കുണ്ടായിരുന്നു. ആ കിടാവാകട്ടെ കുറച്ചു നേരം തളർന്നു കിടന്നിട്ട് മരിച്ചും പോയി. ഞാനത് നോക്കി നിന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് കുറ്റബോധപ്പെടുകയാണിപ്പൊഴും.
വിഷ്ണുമാഷ് തോപ്പിച്ചു കളഞ്ഞു. ഗ്രീൻ പീസിന്റെ കാര്യം എല്ലാ മലയാളീസും ഊഹിച്ചുകാണുമെന്നായിരുന്നു എന്റെ ധാരണ. മറ്റുള്ളതെല്ലാം എന്റെ സവിശേഷ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണെന്ന് അഹങ്കരിക്കുകയും ചെയ്യും.
വിഷ്ണുമാഷ് ആൻസർ പേപ്പർ നോക്കുന്ന കുട്ടികളിൽ എല്ലാ മിടുക്കന്മാരും പാസാവും. എല്ലാ മണ്ടന്മാരും തോക്കും. എന്തൊരു അനീതി.
ഓഫ്: ഏതെങ്കിലും പിള്ളയ്ക്ക് ഇടാവുന്ന ഒരു ബ്ലോഗ് പേര്: മറുപിള്ള
ഇത്രയും ഡീപ് ആയി കാര്യങ്ങള്‍ ഒബ്സെര്‍വ് ചെയ്യാറില്ലായിരുന്നു... അതില്‍ പ്രധാനമായും പൂച്ചയുടെ ആ മാറിടത്തിലെ വിങ്ങല്‍..
എന്നെ പണ്ടേ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യം പിറന്നുവീണ പശുകുട്ടി (ഇത് ഞാന്‍ കണ്ട പ്രസവവും മരിക്കാത്ത കുട്ടിയുമായിരുന്നു) നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ മഞ്ഞച്ച കുളമ്പുകളൂന്നി എണിട്ട് നിന്ന് അമ്മയുടേ കാലുകളുടേ ഇടയില്‍ (ആദ്യം മുങ്കാലുകള്‍ക്കിടയില്‍ പിന്നെ പിന്നിലേക്ക്) പാലിനുവേണ്ടി മുഖം മുട്ടിച്ച് ഇടിയ്ക്കുന്നതാണ്.. അതിനെങനെ അറിയാം പാലവിടേ കിട്ടുമെന്ന്??
ഒരു മനുഷ്യക്കുട്ടിയ്ക്ക് ഇത്രെം മനസ്സിലാക്കാന്‍ എത്ര നാളുവേണം!!
പ്രകൃതിയെപ്പറ്റി അധികം പറയണ്ട.!!!
രാംജിയുടെ മ്യാവൂ വിലാസങ്ങള്‍
Ramjee, Innu ente blogil bayangar hit. sangathi enthanennu nokkupozahlle ividuthe linku vazhuyanennu manassilakunnathu.
athu kondu postum kandu. nannayirikkunnu
നിരീക്ഷണങ്ങൾ കൊള്ളാം. പ്രകൃതിയിൽ നിന്നും നമ്മൾ ഇനിയും കുറെ പഠിക്കാനുണ്ട്.
പ്രകൃതിയുടെ നിലനില്പിന്ന് പ്രകൃതിയുടെ നിയമങ്ങൾക്കനുസരിച്ച് ജനിച്ച് ജീവിച്ചു മരിക്കുന്നതെല്ലാം തന്നെ ‘പ്രാകൃതം’ ആണ്. അത് ‘ഭീകരം’ അല്ല.
മനുഷ്യന്റെ ബുദ്ധികൊണ്ട് പരിശീലിപ്പിച്ചെടുത്ത (conditioning) പ്രവർത്തികളെല്ലാം പ്രകൃതി വിരുദ്ധങ്ങളാണ്.
പക്ഷിമൃഗങ്ങളുടെ പെൺവർഗ്ഗം റേപ്പ് ചെയ്യപ്പെട്ട് മരിച്ചതായി കേട്ടിട്ടില്ല. ചില ചിലന്തിവർഗ്ഗം സംയോഗത്തിനുശേഷം ആണിനെ കൊന്നു തിന്നുന്നതായി വായിച്ചിട്ടുണ്ട്. അതുപോലെ, പ്രസവശേഷം വയറ് പൊട്ടി മരിക്കുന്ന ചിലന്തികളെക്കുറിച്ചും.
ചിലപ്പോഴെങ്കിലും eel ജീവിതമാണ് നല്ലതെന്നു തോന്നിപ്പോകും :(
കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്! നടന്നില്ല.
കഴിഞ്ഞ അവധിക്കാലത്ത് ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു.
പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും.
ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്.
ദേവയാനിക്കു വേണ്ടി അമ്മ വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു"
കചന്‍ നാടു വിട്ടെന്നു കേള്‍വി.
പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു.
(ഞങ്ങളുടെ പങ്കനും പങ്കിയുമാണ് (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ചേര്‍ ത്തലയിലുള്ള രാജേശ്വരി കര്‍ത്തായും) സകല കാക്കയ്ക്കും, പൂച്ചയ്ക്കും, നാട്ടുകാര്‍ക്കുമെല്ലാം അവിസ്മരണിയങ്ങളായ പേരുകളിട്ടിരുന്നത് !)
ഇത്രയും നല്ല ഒരു ബ്ലോഗിന്ന് 'വളിപ്പുകള്‍' എന്ന് പേരിട്ടതിന്റെ സാമ്ഗതൃമരിയാനാണ്
(മാതൃഭൂമി വീക്ലിക്ക് നന്ദി) അത് തുറന്നു നോക്കിയത്.. പക്ഷെ അത് 'വലിപ്പുകള്‍' ആയിരുന്നു. മുന്‍ വിധിയുടെ കുഴപ്പമാവാം. ഭാവുകങ്ങള്‍ നേരുന്നു.
ഈ വിഷയത്തെപ്പറ്റി 2006-ൽ ത്തന്നെ സജിത് (സിദ്ധാർത്ഥൻ) എഴുതിയ ഗംഭീര ലേഖനം ഇവിടെ: http://vaayanaykkitayil.blogspot.com/2006/12/blog-post.html
Same to you & me
kaaryangal eppoolaa sherikku manassilaakkunne?
Post a Comment