
മാർക്കറ്റിൽ പോയ ഭൃത്യൻ സാധനങ്ങളൊന്നും വാങ്ങാതെ ഓടിക്കിതച്ച് തിരിച്ചെത്തിയതു കണ്ട് യജമാനന് അത്ഭുതമായി. ഇവനിതെന്തു പറ്റി? എന്തോ കണ്ട് പേടിച്ച പോലുണ്ടല്ലൊ. ശരിയായിരുന്നു. മാർക്കറ്റിന്റെ ആളൊഴിഞ്ഞ കോണിൽ പുറംതിരിഞ്ഞ് ഒരു സ്ത്രീരൂപം ഇരിപ്പുണ്ടായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പു കൊണ്ടാവണം, അവളുടെ മുഖമൊന്ന് കണ്ടിട്ടു തന്നെ ബാക്കികാര്യം എന്നു വിചാരിച്ച് അവൻ അവളുടെ മുന്നിലേയ്ക്കു ചെന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവൻ ഞെട്ടിത്തരിച്ചുപോയി. അത് മരണമായിരുന്നു. അവന്റെ അടിവസ്ത്രം നനഞ്ഞു. അവിടന്ന് ഓടിത്തുടങ്ങിയതാണവൻ.
യജമാനന് ഭൃത്യന്റെ വിശദീകരണം കേട്ട് ചിരിവന്നു. മരണം സ്ത്രീരൂപത്തിലോ? എന്നാൽ ഭൃത്യനാകട്ടെ ഇനി ഒരു നിമിഷം പോലും ആ നാട്ടിൽ നിൽക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. അത്രമാത്രം അവൻ ഭയപ്പെട്ടിരിക്കുന്നു.
വളരെക്കാലമായി മിടുക്കനായ ഒരു വേലക്കാരനായി വിശ്വസ്തതയോടെ അവൻ യജമാനനെ സേവിക്കുന്നു. അതിന് പ്രതിഫലമായി യജമാനൻ അവന് ഒരു കുതിരയെ കൊടുത്താൽ മതി. അന്ന് ഇരുട്ടും മുമ്പ് അവനാ കുതിരയേയും പറപ്പിച്ച് സമാറയിലെത്തിക്കോളും.
യജമാനന് അതംഗീകരിയ്ക്കാൻ കഴിഞ്ഞില്ല. കുതിരയെ കൊടുക്കാനുള്ള മടിയോ നല്ലൊരു വേലക്കാരൻ നഷ്ടമാകുന്നതിലെ കുണ്ഠിതമോ ആയിരുന്നില്ല്ല അയാളുടെ പ്രശ്നം. മാർക്കറ്റിൽ വെച്ച് ഒരു സ്ത്രീയെ കണ്ടതിന് ഒളിച്ചോടുകയോ? ഭൃത്യനെ പിന്തിരിപ്പിയ്ക്കാൻ അയാൾ പഠിച്ച പണി പതിനെട്ടും നോക്കി. ഇല്ല, ദൈവത്തിനു പോലും അവനെ പിന്തിരിപ്പിയ്ക്കാനാവില്ലെന്ന് യജമാനന് മനസ്സിലായി. പാവം, അവൻ അത്രമേൽ ഭയപ്പെട്ടു പോയിരുന്നു.
തന്നെ ഇത്രകാലവും വിശ്വസ്തതയോടെ സേവിച്ച ആ ചെറുപ്പക്കാരന് തന്റെ ഏറ്റവും നല്ല കുതിരയെത്തന്നെ യജമാനൻ സമ്മാനിച്ചു. കുതിരയേ കിട്ടേണ്ട താമസം, അവനതിന്റെ പുറത്തു കയറി സമാറയിലേയ്ക്കുള്ള വഴിയിലൂടെ പറപറന്നു.
തന്റെ ഭൃത്യനെ ഭയപ്പെടുത്തി ഓടിച്ച ആ സ്ത്രീയെ ഒന്നു കാണാൻ അയാൾക്ക് കൗതുകമുണ്ടായി. ഭൃത്യൻ സമാറയ്ക്ക് പോയതിനു പിന്നാലെ യജമാനൻ മാർക്കറ്റിലേയ്ക്കു ചെന്നു. ആളൊഴിഞ്ഞ കോണിൽ അതാ പുറംതിരിഞ്ഞ് അവളിരിക്കുന്നു. അയാൾ അവളുടെ അടുത്തേയ്ക്കു ചെന്നു. അവൾ മുഖമുയർത്തി. ഒരു സാധാരണസ്ത്രീ. ഇവളാണോ തന്റെ ധീരനായ ഭൃത്യനെ ഭയപ്പെടുത്തിയത്? അയാൾക്ക് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.
"നീയെന്റെ ഭൃത്യനെ ഭയപ്പെടുത്തിയതെന്തിന്?" അയാളുടെ ചോദ്യത്തിന് ഒട്ടും മയമില്ലായിരുന്നു.
എന്നാൽ വളരെ മൃദുവായിട്ടായിരുന്നു അവളുടെ മറുപടി: "അയ്യോ, ഞാനവനെ പേടിപ്പിച്ചൊന്നുമില്ല. ഇന്നു രാത്രി സമാറയിൽ വെച്ച് എനിയ്ക്ക് കാണാനുള്ള ആ ചെറുപ്പക്കാരൻ ഈ ഉച്ചനേരത്ത് ഇവിടെ എങ്ങനെ വന്നു എന്ന് അത്ഭുതത്തോടെ നോക്കിയതേയുള്ളു ഞാൻ".
15 comments:
ഡോ. എം. വി. നാരായണൻ അഞ്ചെട്ടു വർഷം മുമ്പ് മനോഹരമായ ഇംഗ്ലീഷിൽ പറഞ്ഞുകേട്ട Appointment in Samara എന്ന പ്രശസ്ത കഥയുടെ ഓർമയുടെ പരിഭാഷ.
സോമർസെറ്റ് മോം ഈ കഥ എഴുതിയത് 1933-ൽ. ഇറാക്കിലെ ഒരു സ്ഥലമാണ് സമാറ എന്ന് 2008-ലിരുന്ന് ഓർക്കുമ്പോൾ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞുപോകുന്നു.
സമാനമായ ഒരു കഥ ഹിന്ദുപുരാണത്തിലുമുണ്ടല്ലോ..ഒരിക്കല്‍ ഞാനതു പോസ്റ്റ് ചെയ്തിരുന്നു..ഇവിടെ എടുത്തെഴുതുന്നു.
വൈകുണ്ഠത്തില്‍ വിഷ്ണുഭഗവാനെ കാണാന്‍ ദേവന്മാരുടെ തിരക്ക്. കൂട്ടത്തില്‍ യമരാജാവും വന്നു ഭഗവാനെ കാണാന്‍. ഈ സമയം ഗോപുരവാതിലിലെ ഒരു തൂണില്‍ ഒരു ചെറിയ മാടപ്രാവ് ഇരിക്കുന്നുണ്ടായിരുന്നു. മാടപ്രാവിനെ കണ്ടതും യമരാജാവ് പ്രാവിനെ സൂക്ഷിച്ചൊന്നു നോക്കി. ഒപ്പം അത്ഭുതത്താല് അദ്ദേഹത്തിന്റെ മുഖം വിടരുകയും ചെയ്തു.
എന്നിട്ട് പ്രാവിനെ നോക്കി ' ഇനി ഒരു മൂന്നു നാഴിക കൂടി' എന്നു മനസ്സില്‍ പറയുകയും ചെയ്തു.
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവിന്റെ വാഹനമായ ഗരുഡന്. പക്ഷികളുടെ രാജാവാണല്ലോ ഗരുഡന്. ആ മാടപ്രാവിന്റെ ആയുസ്സിനെക്കുറിച്ചാണ് യമരാജാവ് ഉത്കണ്ഠപ്പെട്ടതെന്നു ഗരുഡനു തീര്‍ച്ചയായിരുന്നു.
യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന് തീരുമാനിച്ചു. യമരാജാവ് വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന് ആ മാടപ്രാവിനെ റാഞ്ചിയെടുത്ത് മിന്നല്‍ വേഗത്തില്‍ പറന്ന് അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന് പഴയ സ്ഥാനത്തിരുന്നു.
അല്പസമയം കഴിഞ്ഞ് യമരാജാവ് വിഷ്ണുവിനെ കണ്ട ശേഷം തിരിച്ചിറങ്ങി വന്നു.
ഉള്ളില്‍ അടക്കിപ്പിടിച്ച കള്ളച്ചിരിയോടെ ഗരുഡന് യമനോടു ചോദിച്ചു.
'അല്ലയോ യമരാജാവേ, അങ്ങു അകത്തേക്കു പോകും മുന്‍പേ ഇവിടിരുന്ന മാടപ്രാവിനെ കണ്ട് എന്തിനാണ് അത്ഭുതപ്പെട്ടത്?
യമരാജന് മറുപടി പറഞ്ഞു.
'അല്ലയോ പക്ഷിശ്രേഷ്ഠാ, മൂന്നു നാഴികക്കുള്ളില്‍ ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍വെച്ച് ഒരു മലമ്പാമ്പ് വിഴുങ്ങി മരണപ്പെടണമെന്നതായിരുന്നു ആ മാടപ്രാവിന്റെ വിധി. ഇത്രയും പെട്ടെന്ന് ഇത്ര ദൂരെയുള്ള ദണ്ഡകാരണ്യത്തില്‍ ഇത്തിരിപ്പോന്ന ഈ പക്ഷി എങ്ങിനെയെത്തും എന്നു കരുതിയാണ് ഞാന്‍ അത്ഭുതപ്പെട്ടത്. ഇപ്പോള്‍ എല്ലാം ശുഭമായി."
എനിക്ക് വളരെ വളരെ ഇഷ്ടമുള്ള കഥയാണിത്. നന്ദി.
കാലന് ഒരു പ്രാവിനെ നോക്കുന്നത് കണ്ട് അതിനെ രക്ഷിക്കാന്‍ നോക്കുന്ന ഗരുഡന്റെ കഥയും ഉണ്ട്. ആ പ്രാവിനെ ഗരുഡന് അത് അപ്പോള്‍ ഇരുന്നിരുന്ന പൊത്തില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായ ഒരു പൊത്തിലേക്ക് അതിനെ മാറ്റും. അത് കണ്ടുകൊണ്ടിരുന്ന കാലന് മനസ്സില്‍ പറയും
“നന്ദി ഗരുഡാ...ഇപ്പോഴാണ് ശരിയായ സ്ഥലം ആയത്.”
റാം മോഹന്റെ സമാറയിലെ മീറ്റിങ്ങ് നന്നായി എംവി നാരായണന്റെ കഥ വായിക്കാന്‍ സാധിച്ചില്ല.....
Guruji-രഘുവംശി യുടെ കമന്റ് ശരിയാണ് വളരെ നല്ല കഥ ,ജനിക്കുമ്പോള്‍ തന്നെ മരിക്കുന്നത് എപ്പോഴെന്ന് തീരുമാനിക്കപെടുന്നു.
ആ വിധിയെ മറികടക്കാനാവില്ല..
ആശംസകള്‍ ...
രഘുവംശി/മൂർത്തി, നിങ്ങൾ എടുത്തെഴുതിയ കഥ ശ്രൂയതേ ന ച ദൃശ്യതേ. മോം ചിലപ്പോൾ വായിച്ചുകാണും.
മാണിക്യമേ, നാരായാണൻ പറഞ്ഞ കഥ ഇതു തന്നെ. മോമിന്റെ ഇതേ കഥ. കടലാസൊന്നും നോക്കാതെ, ഓഫ് ഹാൻഡായി, ഇംഗ്ലീഷിൽത്തന്നെ മനോഹരമായി പുനരാഖ്യാനം ചെയ്തു നാരായണൻ. എന്റെ വക ഒരു കോണ്ട്രിബ്യൂഷനുമില്ല. ഓർമയിൽ നിന്നായതുകൊണ്ട് സ്വതന്ത്രപരിഭാഷ എന്നു പറയാം. ദാറ്റ്സാൾ.
സമാനമായ ഒന്ന് ഖലീല്‍ ജിബ്രാന്റെ കഥകളിലുംവായിച്ചതുപോലെ ഒരോര്‍മ്മ. ശരിയാണോ?
റാമോഹ്ന്റെ കഥയും ഗുരുജിയുടെ പുരാണത്തിലെ ഉദ്ദരണിയും നന്നായി.റഷ്യയീലും ഒരു സമാറയുണ്ടെന്നു കേട്ടിട്ടുണ്ട്.അവരുടെ ഒരു കാറിന് ലാഡ സമാറ എന്ന് പേരുമുണ്ടല്ലോ.
ശെരിയായിരിക്കും കർത്താവേ. ജിബ്രാൻ മാത്രമല്ല നമ്മടെ പൗലോസ് കൗലോസ്, ജിദ്ദു, ഓഷോ ഇവരെല്ലാം മിടുക്കന്മാരായ റീടെല്ലേഴ്സാ.
വരാനുള്ളത് അപ്പൊ ഓട്ടോറിക്ഷ പിടിച്ച് മാത്രമല്ല, കുതിരപ്പുറത്തു കയറിയും വരും അല്ലെ? റാംമോഹൻ പറഞ്ഞ കഥ വളരേ ഇഷ്ടമായി. ഗുരുജി പറഞ്ഞ കഥയും ആദ്യമായി കേൾക്കുകയാണു കെട്ടോ. രണ്ടു പേർക്കും നന്ദി
രണ്ടും നന്നായി.
ഓ! അപ്പ്രൂവല്‍ പരിപാടി ഇവിടേം ഉണ്ടോ?
ഓ!ഫ്: തറവാടീ, ഇവിടെ മാത്രമേ മോഡറേഷനുള്ളു. സോറി, വിത്ത് വാലിഡ് റീസൺസ്. വേറെ എവിടെം ഉള്ളതായി അറിവില്ല. ഉണ്ടോ?
ജീവിതം വൈചിത്രം നിറഞ്ഞതും മരണം ശ്വാശ്വതസത്യമാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍.കൊള്ളാം.
രണ്ട് കിടിലന്‍ കഥകള്‍ കിട്ടിയതിലുള്ള സന്തോഷം
കലാഭവനില്‍ പണ്ട് ജയറാമും സൈനുദ്ദീനും പ്രസാദും കൂടി ഒരു സ്കിറ്റായി ഇതു അവതരിപ്പിച്ചിരുന്നു. ജയറാം - ഭടന്, സൈനുദ്ദീന്‍ - കാലന്, പ്രസാദ് - രാജാവ്
Post a Comment