Monday, December 1, 2008

പട്ടിണിയുടെ മണം

Our 1-year senior batch's grade 2 photo
"എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?"

"എല്ലാം"

"അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?"

"ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാൻ നമുക്കാർക്കും അവകാശമില്ല"

"എന്തുകൊണ്ടില്ല?"

"പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്".


എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമേതാണെന്നു ചോദിച്ചാൽ ഞാൻ പറയും ഗ്രീക്ക് എഴുത്തുകാരൻ നികോസ് കസാന്ദ്സാകിസിന്റെ സോർബാ ദ് ഗ്രീക്ക് എന്ന നോവലാണെന്ന്. നിങ്ങൾ പുസ്തകങ്ങൾ വായിച്ച് ആർജിച്ച വിജ്ഞാനവും നിങ്ങടെ പുസ്തകങ്ങളും കൊണ്ട് തീയിടു ഹേ എന്നാണ് സോർബ പറയുന്നത്. അതുകൊണ്ടു കൂടി, എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം സോർബയാണെന്ന് പറഞ്ഞാൽ അത് വിരോധാഭാസമാകും. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം - അങ്ങനെ പറയാമോ? പുസ്തകം വായിക്കാനറിയാത്ത, പുസ്തകം വായിക്കാൻ കിട്ടാത്ത ഒരുപാട് മനുഷ്യരുള്ളപ്പോൾ അങ്ങനെ പറയാമോ? ഖസാക്കിലെ ചേച്ചി/അനിയത്തി ഖണ്ഡികയേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ് സോർബയിലെ മുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന സംഭാഷണശകലം. അങ്ങനെ ഒരു സംഭാഷണശകലമുള്ളതുകൊണ്ട് സോർബയെപ്പറ്റി അങ്ങനെ പറയാം അല്ലേ?

അച്ഛന്റെ, ഒരു സെമി കൂട്ടുകുടുംബം എന്ന് വിളിക്കാമായിരുന്ന, വീട്ടിലായിരുന്നു കുട്ടിക്കാലം. അച്ഛനും അമ്മയും സർക്കാരുദ്യോഗസ്ഥരായിരുന്നു. ഒന്നോ രണ്ടോ നായർസ്ത്രീകൾ തന്നെ വീട്ടുവേലക്കാരികളായും ഉണ്ടായിരുന്നു. അങ്ങനെ അടിമുടി സവർണം. എങ്കിലും നാറുന്ന റേഷൻ പച്ചരിയായിരുന്നു ഊണിന്‌. അന്നുണ്ടായിരുന്ന ഏറ്റവും നല്ല ഷർട്ടിനും നിക്കറിനും ബട്ടൻസുകളില്ലായിരുന്നു. അതെല്ലാമെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ നിർമിതദാരിദ്ര്യം എന്നു വേണമെങ്കിൽ പറയാം. നിർമിതമായ സ്നേഹപ്പട്ടിണി. അരിപ്പട്ടിണി. സന്തോഷപ്പട്ടിണി. അതെന്തായാലും ആ ദാരിദ്ര്യങ്ങളെപ്പറ്റി പായാരം പറയുകയില്ല. കാരണം സ്ക്കൂളില്‍പ്പോയിത്തുടങ്ങിയപ്പോൾത്തന്നെ യഥാർത്ഥ ദാരിദ്ര്യമെന്താണെന്ന് കണ്ടിരുന്നു. കണ്ടിരുന്നു എന്നതിന് ഒരടിവര. [കണ്ടതേയുള്ളു, കൊണ്ടില്ല].

നാട്ടുമ്പുറത്തെ ഞങ്ങളുടെ സ്കൂളിലെ കുട്ടികളിൽ പലരും ദിവസക്കൂലിപ്പണിക്കാരുടേയും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരുടേയും മക്കളായിരുന്നു. അധികവും ദളിതരുടേയും ഈഴവരുടേയും ദരിദ്രരായ കൃസ്ത്യാനികളുടേയും ദരിദ്രരായ അപൂർവം നായമ്മാരുടേയും മക്കൾ. അവർക്ക് പട്ടിണിയുടെ മണമുണ്ടായിരുന്നു. എങ്ങനെയാണോ ആവോ ആ മണം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്? പക്ഷേ പിൽക്കാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ, അങ്ങനെ ഒരു മണത്തെപ്പറ്റി മറ്റൊരു സമകാലീന സവർണനായിരുന്ന പ്രദീപിനോട് പറഞ്ഞപ്പോൾ അവൻ പുച്ഛിച്ചതോർക്കുന്നു: അത് മാപ്ലാര് മീൻ കഴിച്ചട്ട് ശെരിക്കും കയ്യും വായേം കഴുകാത്തേന്റെ മണമാ. സാജന്റെ വീട്ടീപ്പോയപ്പൊ കുടിയ്ക്കാൻ വെള്ളം കൊണ്ടന്ന ഗ്ലാസിന്റെ അതേ മണം.

അപ്പോൾ മീനും ഇറച്ചിയും കൂട്ടാത്ത, അവനുണ്ടായിരുന്ന ഒരേ ഒരു മുണ്ടും ഷർട്ടും എന്നും അലക്കിയിട്ടിരുന്ന, തേച്ചുരച്ച് കഴുകിയിരുന്നതുകൊണ്ട് മിനുത്ത ‍ഉപ്പൂറ്റികളുണ്ടായിരുന്ന, പഠിത്തത്തിൽ ഏറ്റവും പിന്നിലായിരുന്നതുകൊണ്ട് തോറ്റ് തോറ്റ് അഞ്ചാറു വർഷം പിന്നിലായിരുന്നെങ്കിലും വെടിപ്പിലും വൃത്തിയിലും ഒന്നാമനായിരുന്ന, തെങ്ങുകയറ്റത്തിന്റെ തഴമ്പ് രണ്ടു കാലിലുമുണ്ടായിരുന്ന, ഏഴാം ക്ലാസിൽ പൊക്കം കൊണ്ട് എന്റെ ലാസ്റ്റ് ബെഞ്ച് മേറ്റായിരുന്ന മീശയുള്ള വിജയൻ... അവന്റെ ബാർ സോപ്പുമണം ഭേദിച്ച് എന്നെ ഭയപ്പെടുത്തിയിരുന്ന ‍ആ മറ്റേ മണമോ? പട്ടിണിയുടെ മണം?

മീൻ തിന്നുന്ന വൃത്തിയില്ലാത്തവരുടെ ഉളുമ്പുമണം എനിക്ക് തിരിച്ചറിയാം ചങ്ങാതീ. അതല്ല പട്ടിണിയുടെ മണം. ഇപ്പോൾ ഒരു നേരത്തെ ഭക്ഷണം വൈകുമ്പോൾ നമ്മളെല്ലാം തമാശ പറയാറില്ലേ കുടലു കരിഞ്ഞ മണം വരണെന്ന്. അത് തമാശയല്ല. ഒരു നേരത്തെ ഭക്ഷണം വൈകുമ്പോളുമല്ല അതുണ്ടാകുന്നത്. കുടലു കരിഞ്ഞ ഒരു മണമുണ്ട്. വിജയനും കറുത്ത കൃഷ്ണകുമാറിനും ചെവി പഴുത്ത കൃഷ്ണകുമാറിനും തടിയൻ സാജനും പ്രസാദിനും വെല്യ ജോസഫിനും കൊച്ചു ജോസഫിനും കാതുകുത്തിയ പ്രദീപിനും ലക്ഷ്മണനും അരവിന്ദനും ഉണ്ടായിരുന്ന മണം. ദുർഗയ്ക്കും സരളയ്ക്കും ഷീബയ്ക്കും വീണയ്ക്കുമൊക്കെ ആ മണമുണ്ടായിരുന്നോ ആവോ? ഉണ്ടാകുമായിരുന്നിരിയ്ക്കണമെന്ന് അവരുടെ അന്ന് അകന്ന് കണ്ട പ്രകൃതങ്ങൾ ഇപ്പോൾ ഓർമിപ്പിയ്ക്കുന്നു. പ്രൈമറി കഴിഞ്ഞപ്പോൾ പെൺകുട്ടികൾ വേറെ ക്ലാസുകളിലായി. അല്ലെങ്കിലും ഒന്നാം ക്ലാസു മുതലേ വേറെ ബെഞ്ചുകളിലായിരുന്നു അവരുടെ ഇരിപ്പ്.

1946-ൽ പുറത്തിറങ്ങിയ സോർബ 1964-ൽ സിനിമയായപ്പോൾ സോർബയായി അഭിനയിച്ചത് ആന്റണി ക്വിൻ. അറുപതുകളിൽ ജനിച്ചവരായിരുന്നു ഞങ്ങൾ - വിജയൻ, റെജി, സുരേഷ്, സജി, വിനയൻ, പത്മകുമാർ, അനുരാജ്, രവി, ശശീന്ദ്രൻ, വേണു, ആനന്ദശിവറാം, ഷഗീർ, ശ്രീനി, കുമ്മായക്കാരൻ രഞ്ജിത്, വോളിബോൾ രഞ്ജിത്, അജയൻ, അജിത് കുമാർ പൈ, കമ്മത്ത് ഭാസ്കരൻ, സോഡാക്കുപ്പി സുരേഷ്, അനിൽകുമാർ, രഘു, ബാബു, കറുത്ത കൃഷ്ണകുമാർ, ചെവി പഴുത്ത കൃഷ്ണകുമാർ, തടിയൻ സാജൻ, മെലിഞ്ഞ സാജൻ, പ്രസാദ്, ജഗദീശ് ഭട്ട്, വെല്യ ജോസഫ്, കൊച്ചു ജോസഫ്, പ്രദീപ്, കാതുകുത്തിയ പ്രദീപ്, ലക്ഷ്മണൻ, അരവിന്ദൻ... അപ്പൂപ്പൻ താടികൾ പോലെ ഞങ്ങൾ എങ്ങോട്ടൊക്കെയോ പറന്നു പോയി. എങ്കിലും അവരിൽ ചിലർ അനുഭവിപ്പിച്ച പട്ടിണിയുടെ മണം സ്ഥലകാലങ്ങൾ കടന്ന് ഇപ്പോഴും എന്നെ പൊതിയുന്നു.

അതുകൊണ്ട് പലകാലങ്ങളിലായി ഞാനോ നിങ്ങളോ ശർദ്ദിച്ചതെല്ലാം -
[ബ്രെഡ് എനിയ്ക്കിഷ്ടമല്ല, ഞാൻ കടച്ചക്ക കൂട്ടാറില്ല, ചാളയുടെ മണം എനിക്ക് പറ്റില്ല, ഞാൻ വിസ്കി കുടിയ്ക്കില്ല ബ്രാൻഡി മതി, അയ്യോ ഈ ചോറ് അധികം വെന്തു പോയല്ലൊ, ഈ അവിയലിൽ ഉപ്പധികമായി, ഈ പാലടയ്ക്ക് അടീപ്പിടിച്ച സ്വാദ്, ഇത് പാവയ്ക്കയോ കാഞ്ഞിരമോ, ഈ ബീഫിന് മൂപ്പധികമായി, ഈ പഴത്തിലപ്പിടി കല്ല്, ഈന്തപ്പഴം ഒട്ടുന്നു, ചീരയോ പുഴുവുണ്ടാകില്ലേ, ഇത് ഇന്നലത്തെ ചപ്പാത്തിയല്ലേ, സാമ്പാറോ ആർക്കു വേണം, ച്ഛീ ഉപ്പും പുളിയുമില്ലാത്ത അയിലക്കറിയോ, എനിയ്ക്കിഷ്ടം പച്ചപ്പറങ്ക്യണ്ടി വറുത്തരച്ച കറിയാണ്, ഒണക്കച്ചെമ്മീൻ ചമ്മന്തീടെ അടുത്തുവരുമോ അമൃത്, പഴപ്രഥമനാണ് രാജാവ്, പുട്ടും കോഴിക്കറിയുമാണെന്റെ ഫേവറിറ്റ്, എനിക്ക് മുരിങ്ങയിലത്തോരനും ചൂടുള്ള പൊടിയരിക്കഞ്ഞിയും മതി, ഓ, എനിക്കിത്തിരി നെല്ലിക്കാക്കറി മതി...] - ഞാനിതാ നക്കിക്കുടിയ്ക്കുന്നു.

ആ വാർത്താലാപ് ഒരിയ്ക്കൽക്കൂടി വായിക്കുന്നു:

"എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?"

"എല്ലാം"
"അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?"

"ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാൻ നമുക്കാർക്കും അവകാശമില്ല"

"എന്തുകൊണ്ടില്ല?"

"പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്".

24 comments:

Rammohan Paliyath said...

ഒരു ദിവസം വിജയൻ അലൂമിനിയത്തിന്റെ ചളുങ്ങിയ ചോറുമ്പാത്രം തുറന്നപ്പോൾ അതിൽ കുറേ ഇരുമ്പാമ്പുളികൾ മാത്രം. “ശ്ശെ, ഇരുമ്പാമ്പുളി മാത്രായിട്ട് ആരെങ്കിലും തിന്ന്വോടാ” എന്ന് ഞാൻ.

രാജ് നീട്ടിയത്ത് said...

ചേമ്പില കൂട്ടാന്റെ പച്ചനിറമുള്ള മണം ഓർമ്മ വരുന്നു.

ചാരുദത്തന്‍‌ said...

ഈ ഗന്ധങ്ങള്‍ തീരെ അപരിചിതമല്ല, റാം മോഹന്‍.

ഇപ്പോള്‍ അവധിക്കാലത്തെങ്കിലും അതിന്റെ സ്രോതസ്സുകള്‍ തേടുമ്പോള്‍, അവ എനിക്കു പിടി തരാതെ അകലുകയാണ്‌, മൃഗതൃഷ്ണകളായി.....

ഗീതാഗീതികള്‍ said...

ഈ പോസ്റ്റ് വായിച്ച് മൂഡ് ഓഫായ ഒരാള്‍ തന്ന ലിങ്ക് ഉപയോഗിച്ചാണ് ഇവിടെ എത്തിയത്. രാം മോഹന്റെ ആദ്യകമന്റ് വായിച്ചപ്പോള്‍ എനിക്കും അതേപോലെ മൂഡ് ഓഫ്...
ആ പട്ടിണിയുടെ മണം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.എല്ലാവരേയും സഹായിക്കാന്‍ പറ്റില്ലായിരിക്കും, എങ്കിലും പട്ടിണി മണക്കുന്ന ഒരാളെയെങ്കിലും നമുക്കോരോരുത്തര്‍ക്കും സഹായിക്കാം. അങ്ങനെയെങ്കിലും ഈ വ്യര്‍ത്ഥജീവിതം സാര്‍ത്ഥകമാകട്ടേ.....

Dinkan-ഡിങ്കന്‍ said...

കാലത്ത് നല്ലെണ്ണ മണമുള്ള മൈദ ദോശ തിന്നിട്ട് ഒടുമായിരുന്നു ഒരു കാലത്ത്...
(ആദ്യമമയാണ് ഒരു വാക്കുകൊണ്ട് വാചകം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും)

Nachiketh said...

പൂഴാനെ പിടിച്ച് മത്തനിലയില്‍ കെട്ടി ചുട്ടു തിന്നാന്‍ അവനു തീപ്പെട്ടിയും മത്തനിലയും കൊടുത്തതിന്റെ ഓഹരി തിന്നുമ്പോള്‍ ,അവനെ ഞാനൊന്നു നോക്കി....

അവനൊന്നു ചിരിച്ചു.

അന്നു രാത്രി അടികൊണ്ടു നീറുന്ന കല്‍വണ്ണകളക്കത്തി കിടക്കുമ്പോള്‍ ഉറക്കത്തിനിടയില്‍ അച് ഛന്റെ സ്വരം കേട്ടു.

“അവറ്റക്കള്‍ക്ക് ഇത്തിരി ചോറ് കൊടുക്കായിരുന്നില്യേ.....നിനക്ക്...”

t.k. formerly known as തൊമ്മന്‍ said...

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരച്ചന്‍ സ്കൂളില്‍ കൊണ്ടുവന്നു കാണിച്ച ഒരു സിനിമയിലെ രംഗമാണ് എനിക്ക് ഓര്‍മ വരുന്നത്: ഉള്ളില്‍ ഒന്നുമില്ലാത്ത ചോറ്റുപാത്രം ക്ലാസ്സില്‍ കൊണ്ടുവന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് അത് താഴെ വീഴുന്നതും പാത്രത്തില്‍ ഒന്നുമുണ്ടായിരുന്നില്ല എന്ന കാര്യം മറ്റുള്ളവരെല്ലാം അറിഞ്ഞ് അവള്‍ പരിഹാസ്യയാവുന്നതും.

വിശന്ന് ഇരിക്കുന്നവരെ എന്തായാലും ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ കണ്ടതായി ഓര്‍ക്കുന്നില്ല: സായിപ്പ് അയച്ചുകൊടുക്കുന്ന നുറുക്കു ഗോതമ്പും ഓയിലുമൊക്കെ സാറന്മാരും പ്യൂണും അടിച്ചുമാറ്റുമായിരുന്നെങ്കിലും അതുകൊണ്ടുണ്ടാക്കിയ ഉപ്പുമാവ് ഇഷ്ടം പോലെ കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കുമായിരുന്നു.

നിസ്സഹായരായ കുട്ടികളുടെ വിശപ്പടക്കാന്‍ കഴിയാത്തതാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ വീഴ്ചയായി ഞാന്‍ കരുതുന്നത്.

സിമി said...

എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം - കപ്പയും മീങ്കറിയും.

ഒരുപാടു പേര്‍ പട്ടിണി കിടക്കുന്നത് അതിനെ (എന്നെ) എന്തോ - അഫെക്ട് ചെയ്യുന്നില്ല. ചെയ്യുമെന്ന് തോന്നുന്നില്ല.

ഗുപ്തന്‍ said...

ശരീരമേ ശരീരമേ എന്ന കവിതയ്ക്ക് (കുഴൂര്‍)ഒരു പ്രതിവായനയ്ക്ക് ചാന്‍സുണ്ട് ;)


ഓഫ്: ചാളയുടെ മണത്തെക്കുറിച്ച് മിണ്ടിപ്പോകരുത് ... ഹും!

മാണിക്യം said...

എഴുതിയത് മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ജാഡകളില്ലാതെ എഴുതിയ പോസ്റ്റിനു
ആത്മാര്‍‌ത്ഥതയുടെ ഗന്ധം ..

ഇന്നത്തെ തലമുറയ്ക്കറിയാത്ത കുറെ സത്യങ്ങള്‍ ..
നല്ല എഴുത്ത് ..ആ പട്ടിണിയുടെ മണം പരന്നിരുന്നതിനാലാവാം അന്നത്തെ സൌഹൃതം ഈടുറ്റതായിരുന്നു....

ഭക്ഷണം കഴിക്കാന്‍ കിട്ടുന്നത് ദൈവകൃപയാണ്
നന്ദിപറഞ്ഞ് ഭക്ഷിക്കുക, വേണ്ട, ഇഷ്ടമില്ല, എന്ന് ഒരിക്കലും പറയരുത് എന്ന് പഠിപ്പിച്ചത് മുത്തശ്ശിയാണ് ...

ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയതിനു നന്ദി...
നന്മകള്‍ നേരുന്നു..

smitha adharsh said...

ഇഷ്ടപ്പെട്ടു..

ജിവി/JiVi said...

പട്ടിണിയുടെ മണം പരത്തിയ ഈ പോസ്റ്റ് ഏറെ സ്വാദിഷ്ടം.

ഏറ്റവും ഇഷ്ടവിഭവങ്ങള്‍ രണ്ടുമൂന്നെണ്ണം ഉണ്ടെങ്കിലും ഒരു ഭക്ഷണത്തോടും ഇഷ്ടക്കുറവു തോന്നരുതെന്ന്, ഏതെങ്കിലും ഭക്ഷണം ഇഷ്ടക്കുറവിനാല്‍ തിന്നാതിരിക്കരുതെന്ന് വീട്ടില്‍നിന്നുതന്നെ പഠിപ്പിച്ചുവിട്ടിരുന്നു. ചിലര്‍ ചില ഭക്ഷണങ്ങള്‍ കഴിക്കില്ല എന്ന് പറയുമ്പോള്‍(വെജ്-നോണ്‍ വെജ് ശീലങ്ങളെ മാറ്റിനിര്‍ത്തി) അവരോട് നീരസം തോന്നാറുമുണ്ട്.

നന്ദ said...

..ഇന്നും മെസ്സിലെ ഭക്ഷണം നല്ലതല്ലെന്ന്, പാത്രം ഒന്ന് നീക്കി വെച്ചു പോകും. പട്ടിണിയുടെ മണമറിയാഞ്ഞിട്ടോ?

വികടശിരോമണി said...

പഴയ മണങ്ങൾ മുഴുവനായും മറവിയിലാഴുന്നില്ല,മുഴുവനായും ഓർത്തെടുക്കാനുമാവുന്നില്ല.
ഇഷ്ടഭക്ഷണം:
ഇന്നലത്തെ പഴങ്കഞ്ഞിയിൽ കാന്താരിമുളകും ഉപ്പും കൂട്ടി അടിക്കുക.അതാണ് അമൃതേത്ത്.
കാലമാണ് എല്ലാ പട്ടിണികളെയും അശിക്കുന്നത്,ഓർമ്മകളേയും.
നാശം!ബ്ലോഗുവഴിയും സെന്റികൾ.

ഉറുമ്പ്‌ /ANT said...

ന്യുട്ട് ഹാംസന്റെ "വിശപ്പ്" വായിക്കുന്നതു നന്നായിരിക്കും.

പാവത്താൻ said...

പേരോർക്കുന്നില്ല,മരിച്ച വീട്ടിലേക്കു അയൽക്കാർ ഭക്ഷണം കൊടുക്കുന്ന ആചാരമുള്ള നാടും(ഈജിപ്റ്റ്‌ ആണോ??)അനുജന്‌ അസുഖമായപ്പോൾ അവൻ മരിച്ചാൽ നമുക്ക്‌ നല്ല നല്ല സാധനങ്ങൾ തിന്നാൻ ഇനിയും കിട്ടുമോ എന്നു ചോദിച്ച കുട്ടിയും ഉള്ള ഒരു കഥ ഓർമ്മ വരുന്നു

lakshmy said...

പോസ്റ്റ് വായിച്ചു മൂഡ് ഓഫ് ആയി. ആദ്യ കമന്റ് പിന്നെയും ഒരുപാട് വേദനിപ്പിച്ചു. പട്ടിണിയറിഞ്ഞ് പഠിച്ചു വളർന്ന അച്ഛനമ്മമാരുടെ മുന്നിൽ നമ്മൾ എത്ര നേടിയാലും അതൊന്നും ഒന്നുമല്ല എന്ന് ഞാൻ പറയാറുണ്ട്. വിശപ്പ് അറിയിക്കാതിരിക്കാൻ അച്ചനമ്മമാർ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും വിശക്കുന്നവനെ തീരിച്ചറിയാൻ സ്വവേരുകളെകുറിച്ചുള്ള അറിവു തന്നെ ധാരാളം

nardnahc hsemus said...

ആ അവസാന ഖണ്ടികയിലെ ‘അഭിരുചി’കള്‍ ശരിയ്ക്കും എന്റെ ചില വയറുനിറഞ്ഞ അഹങ്കാരങ്ങളെ ഓര്‍മ്മിപ്പിച്ചു.

എന്നാലതിലേറെ ഞാനന്തം വിട്ടത്, ഗുപ്തന്റെ കമന്റ് കണ്ടപ്പോഴാണ്... ഞാന്‍ പറയാന്‍ കരുതിയത്, അങ്ങേരു മുന്നേ പറഞ്ഞിരിയ്ക്കുന്നു!!

കുഴൂരിന്റെ ‘ശരീരമേ ശരീരമേ‘ എന്ന കവിത ശരിയ്ക്കും ഓര്‍മ്മ വരുന്നു...

ഉഷാകുമാരി.ജി. said...

മനുഷ്യപ്പറ്റുള്ള ഒരു പോസ്റ്റ്, ഇപ്പോഴാണ് വായിക്കുന്നത്.

വിനീത് നായര്‍ said...

സോര്‍ബയില്‍ തുടങ്ങിയതിനാല്‍ ഇതിന് കൂടുതല്‍ മധുരം..!!
"നമ്മുടെ ഉള്ളില്‍ ഏത് ചെകുത്താനാണിരിക്കുന്നതെന്ന് കാണാന്‍ നമ്മള്‍ ഉള്ളിലേക്ക് കുഴിച്ച് കൊണ്ടിരിക്കയല്ലേ..?" എന്ന സംഭാഷണശകലം ഓര്‍ക്കുന്നില്ലേ രാമേട്ടാ...?

പകല്‍കിനാവന്‍ | daYdreaMer said...

Luv u

ഇട്ടിമാളു said...

വേറൊരു വഴിയെ കുത്തി എത്തിയതാണിവിടെ..

ആറുമക്കളില്‍ ഇളയതായ ഞാന്‍ മാത്രമാണ് പട്ടിണിയറിയാതെ വളര്‍ന്നതെന്ന് അമ്മ പറയാറുണ്ട്.. കപ്പ (ഞങ്ങടെ നാട്ടിലെ കൊള്ളി) എനിക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍, അമ്മ സ്ങ്കടപ്പെടും. അത് മാത്രം തിന്ന് ഒരു തുള്ളി കഞ്ഞിവെള്ളം കുടിക്കാന്‍ കൊതിച്ചിരുന്ന് കാലമുണ്ടായിരുന്നെന്ന്.. ഞാന്‍ പട്ടിണികിടന്നത് അഹങ്കാരം കൊണ്ടായിരുന്നു .. നന്ദ പറഞ്ഞപോലെ മെസ്സിലെ ഭക്ഷണം പിടിച്ചില്ലെന്ന് ഞാനും പാത്രം മാറ്റിവെക്കാറുണ്ട്. പക്ഷെ കഴിയുന്നതും കളയാതിരിക്കാന്‍ നോക്കും.. പട്ടിണി കിടന്ന ആരൊക്കെയൊ ചുറ്റുമിരുന്ന് ഓര്‍മ്മപ്പെടുത്തും :(

junaith said...

എത്രയുണ്ടായാലും കഴിക്കാനില്ലാത്ത്യൊരവസ്ഥയുമില്ലെ..റാംജി..പക്ഷെ അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള എന്റെ തലമുറയ്ക്ക് പട്ടിണി മണക്കാനുള്ള സധ്യത കുറവായിരുന്നു :)

പി.എന്‍.ഗോപീകൃഷ്ണന്‍ said...

നീ, നീ, എന്നെ...നിന്റെ എഴുത്തില്‍ എവിടെയോ ഒരു സിനിസിസത്തിന്റെ നൂലുണ്ടായിരുന്നു..അതാണ് നിന്നെ വലിയ എഴുത്തുകാരനാകുന്നതില്‍ നിന്നും തടഞ്ഞത് എന്നു സത്യമായും ഞാന്‍ വിചാരിച്ചിരുന്നു..അതു പോയെടാ..ക്ഷമിക്കണം

Related Posts with Thumbnails