എട്ടടി ഗോപാലന് എന്ന് വിളിച്ചിരുന്ന, ഏതാണ്ട് ആറടി പൊക്കമുണ്ടായിരുന്ന, ഗോപാലനായിരുന്നു കുറേക്കാലം അച്ഛന്റെ വീട്ടിലെ നാളികേരക്കാരന്‍. പത്തുനാപ്പത് ദിവസത്തിന്റെ ഇടവേളയില്‍ നടത്തിയിരുന്ന തെങ്ങ് കേറ്റത്തിന്റെ ചുമതല കുട്ടപ്പന്. [ഒരു തെങ്ങിന്‍പൂവ് വെള്ളയ്ക്കയായി, കരിക്കായി, നാളികേരമായി വിളയാന്‍ നാല്‍പ്പത് ദിവസം വേണോ? അയ്യേ, അതിപ്പഴും കൃത്യമായി അറിയില്ല. തെങ്ങിനേക്കൊണ്ട് കഴിഞ്ഞിരുന്ന തെണ്ടി! നെല്ല് പൂവിട്ട് പാലുവെച്ച് അരിയായി വിളയാന്‍ എത്ര നാള് വേണം? വയറുനിറയെ ഊണ് തുടര്‍ന്നിട്ടും അതും അറിയില്ല, മഹാമോശം].
കുട്ടപ്പന്റെ കൂടെ വേറെ രണ്ട് കണക്കന്മാരും ഉണ്ടാവും [അമ്മയുടെ നാട്ടുകാര്‍ അവരെ വേട്ട്വോമ്മാര് എന്നു വിളിക്കുന്നു. തെക്കോട്ട് പരവന്മാരെന്നും തണ്ടാന്മാരെന്നും വിളിച്ചു കേട്ടിരിക്കുന്നു]. മിക്കവാറും അതിലൊരാള്‍ കുട്ടപ്പന്റെ അനിയന് സുബ്രഹ്മണ്യനായിരിക്കും. പിന്നെ സ്ഥിരമായി മാറിക്കൊണ്ടിരുന്ന മൂന്നാമതൊരാളും.[ലോഹ്യത്തിലായിരിക്കുന്ന ഏതെങ്കിലും വാവിനും ഏകാദശിയ്ക്കും ആ സ്ഥാനം കുട്ടപ്പന്റെ അളിയാനായിരിക്കും. പേര് മറന്നു]. ആന്റപ്പനായിരുന്നു പെറുക്കി കൂട്ടുന്നതിന്റെ അവകാശം. നാളികേരം കിഴക്കോറത്തെ മിറ്റത്ത് കുന്നു കൂട്ടും. ഓലാമടല്‍ തെക്കോറത്ത് ഒന്നിനു മുകളില്‍ ഒന്നായി അടുക്കിയിടും. കൊതുമ്പ് പടിഞ്ഞാപ്പറത്തെ വിറകുപുരയിലും.
തെങ്ങുകയറ്റം കഴിഞ്ഞാല്‍ നാളികേരം മുഴുവന്‍ ഒരു വട്ടം എണ്ണും. രണ്ട് കണക്കന്മാര് രണ്ടു കൈകള്‍ കൊണ്ടും നല്ല വേഗത്തില്‍ ഈരണ്ട് നാളികേരം വീതം പിന്നാക്കം എറിഞ്ഞാണ് എണ്ണല്‍. എന്താണെന്നറിയില്ല, നൂറിനെ അവര്‍ അലഗ് എന്നാണ് പറഞ്ഞിരുന്നത്. അത് കേള്‍ക്കാന്‍ ചെവി വട്ടം പിടിച്ചിരിയ്ക്കും. [ആദ്യമായി അത് കണ്ടുപിടിച്ച വിവരം വലിയൊരു രഹസ്യം പങ്കുവെയ്ക്കുന്ന ഭാവത്തോടെ ഞാനോ പട്ടത്തെ രഘുവോ തെക്കേലെ ജയനോ മറ്റ് രണ്ടാളോടും പറഞ്ഞത് ഇന്നലെ കഴിഞ്ഞപോലെ.] ഒടുക്കം ഓരോ കണക്കനും കിട്ടുന്ന ഫിഗറിനെ വെള്ളെഴുത്ത് കണ്ണടയും വെച്ച് എണ്ണത്തിന് കാവലിരിയ്ക്കുന്ന റിട്ടയേഡ് ഹെഡ്മിസ്ട്രസ് അച്ഛമ്മ രണ്ടു കൊണ്ട് ഗുണിക്കും. അന്നു വൈകീട്ടോ പിറ്റേന്നോ ഗോപാലന് കട്ടവണ്ടിയും [aka കൈവണ്ടി]പണിക്കാരുമായി വന്ന് വീണ്ടും എണ്ണി നാളികേരം കൊണ്ടു പോകും. [അന്ന് തന്നെ വന്നില്ലെങ്കില്‍ രാത്രി അച്ഛമ്മയ്ക്ക് ഉറക്കം കഷ്ടിയായിരിക്കും. ഇലട്രിസിറ്റി വന്നതിനു ശേഷം രാത്രി കിഴക്കോറത്തെ ലൈറ്റിടും. കള്ളമ്മാരെ വിശ്വസിച്ചൂടാ]. അഞ്ചാറ് തേങ്ങ വീട്ടാവശ്യത്തിനെടുക്കും. തിരിഞ്ഞിടുന്ന വാട്ടയും പേട്ടയുമായിരിക്കും വീട്ടിലേയ്ക്കെടുക്കുന്നതിലെ ഭൂരിപക്ഷം.
ഗോപാലന്റെ എണ്ണലിനിടയ്ക്ക് നല്ലതും പേട്ടയും തിരിഞ്ഞിടുന്നതിന്റെ പേരില്‍ അച്ഛമ്മയുമായി ഒറപ്പായിട്ടും ഒന്നു രണ്ട് തര്‍ക്കം നടക്കും. മൂന്നാല് ദിവസം കഴിഞ്ഞാല്‍ അയാള്‍ നാളികേരത്തിന്റെ കാശ് എത്തിയ്ക്കും. തെങ്ങ് കേറിയ ദിവസത്തെ മാതൃഭൂമിയിലെ വെളിച്ചെണ്ണ ക്വിന്റലിന് എന്ന വില നോക്കിയാണ് കണക്ക്. കടലാസില്‍ കുറിപ്പടിയുണ്ടാവും. വാട്ട-പേട്ടക്കണക്കില്‍ പിന്നെയും ഒരു ചെറിയ തര്‍ക്കം നടക്കും.
മറ്റുവരുമാനമൊന്നുമില്ലാത്ത ചില വീട്ടുകാര്‍ ഇടദിവസങ്ങളില്‍ നാളികേരക്കാരന്റെ കയ്യീന്ന് അഡ്വാന്‍സ് പറ്റുന്ന പരിപാടിയുമുണ്ടായിരുന്നു. അങ്ങനെ പറ്റി പറ്റി മൂന്നാല് തെങ്ങുകേറ്റത്തിന്റെ കണക്കിനെ അത് പിന്നിലാക്കും. അതീന്ന് കരകേറലുണ്ടൊ? നൂറ് എണ്ണയും കഷ്ണം മുറിച്ച് ബാര്‍സോപ്പും വാങ്ങി ജീവിച്ച ജീവിതങ്ങള്‍.
മധ്യകേരളത്തിലെ, പ്രധാനമായും തേങ്ങ വിറ്റ് ജീവിച്ചിരുന്ന ഒരു നാട്ടിന്‍പുറത്തായിരുന്നു 17 വയസ്സുവരെ ജീവിതം [17 വയസ്സുവരെ എവിടെ ജീവിച്ചോ അവിടത്തുകാരല്ലെ നമ്മള് ചാകുംവരെ?]. അതുകൊണ്ടായിരിയ്ക്കണം തേങ്ങയെ നാളികേരം എന്ന് മനോഹരമായേ അന്നാട്ടുകാര്‍ വിളിച്ചുകേട്ടിട്ടുള്ളു. പറിച്ചുനടലുകളും നഗരജീവിതങ്ങളും എന്റെ നാവില്‍ നിന്ന് നാളികേരത്തെ കളഞ്ഞ് തേങ്ങയെ കൊണ്ടുവന്നു [കിഴങ്ങിനേയും കൊള്ളിയേയും കപ്പ കൊന്ന പോലെ]. ഡ്രാഫ്റ്റില്‍ മുഴുവന്‍ തേങ്ങ തേങ്ങ എന്നു തന്നെ കീയിന്‍ ചെയ്ത്, ഇടയ്ക്ക് ഓര്‍മഞെട്ടി, എല്ലാം നാളികേരമാക്കുകയായിരുന്നു.
നമ്മുടെ വീട്ടില്‍ തേങ്ങവെട്ടുണ്ടായിരുന്നെങ്കില്‍ എന്ത് സുഖായിരുന്നു, ദിവസോം നാളികേരംവെള്ളം കുടിയ്ക്കാം, ഇടയ്ക്കിടയ്ക്ക് കൊപ്ര തിന്നാം എന്നൊക്കെ വിചാരിച്ച ഒരു കാലം. അക്കാലത്തൊരിയ്ക്കല്‍ അച്ഛന്റെ ഒരു കസിന് അയാളുടെ വീട്ടില്‍ തേങ്ങവെട്ട് തൊടങ്ങി. തൊടങ്ങിയതേ ഓര്മയുള്ളു. എന്തായാലും എന്റര്‍പ്രൈസിന്റെ സ്മാരകമായി തേങ്ങാക്കൂട് അവടെത്തന്നെയുണ്ടെന്നു തോന്നുന്നു, കൊപ്രക്കളം പോയെങ്കിലും.
ആദ്യം ക്രിക്കറ്റ് കളിച്ച ബാറ്റ് കവളന്മടല് വെട്ടിയുണ്ടാക്കിയതായിരുന്നു. [അല്ല, ക്രിക്കറ്റ് പോപ്പുലറായ കാലത്ത് അതിനടിമപ്പെട്ടതല്ല, ബിഷന്‍ സിംഗ് ബേദി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത്, ടെലിവിഷനും മുമ്പ്, ഏകദിനങ്ങള്‍ക്കും മുമ്പ്, പത്രത്തില്‍ വരുന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ പഴയ നോട്ടുബുക്കുകളുടെ പിന്നാമ്പുറബാക്കിയിലൊട്ടിച്ച് ആല്‍ബമുണ്ടാക്കിയ കാലത്ത് കളിച്ചു തുടങ്ങിയ കാര്യമാണ്].
ഈ നിമിഷം വരെയുള്ള ഓര്‍മയിലെ ഏറ്റവും സൂപ്പര്‍ മണം 'തേങ്ങവെന്ത വെളിച്ചെണ്ണ' ഉണ്ടാക്കുന്ന മണമായിരുന്നു. [നാളികേരപ്പാല് തിളപ്പിച്ച് കുറുക്കി കുറുക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന പരിപാടി].
പായസത്തിന് അന്ന് മൂന്നു വട്ടം പാലൊഴിയ്ക്കുമായിരുന്നു - മൂന്നാം പാലില്‍ വേവിച്ച്, രണ്ടാം പാലൊഴിച്ച് കുറുകുമ്പോള്‍, തമ്പാലൊഴിച്ച് വാങ്ങും.
ഇന്ന്, രണ്ട് ദിര്‍ഹത്തിന് ഒരു തേങ്ങ ചിരവിയതോ അടിമാലി ഈസ്റ്റേണിന്റെ സ്റ്റിക്കറൊട്ടിച്ച മേഡിന് മലേഷ്യ കോക്കനട്ട് മില്‍ക്ക് പൌഡറോ നീല പ്ലാസ്റ്റിക് കുപ്പികളിലെ വെളിച്ചെണ്ണയോ വാങ്ങുമ്പോള്‍, ഇല്ല, പൊക്കിള്‍ക്കൊടി കൊളുത്തിയിരുന്ന സ്ഥലത്ത് വേദനിയ്ക്കാറില്ല. എങ്കിലും അരഞ്ഞ തേങ്ങയും പച്ചമാങ്ങയും ചൊമന്നുള്ളിയും മുളകും വേളൂരിയും എവിടത്തെ വെള്ളത്തിലും തീയിലും പാത്രത്തിലും വേവിച്ചാലും അത് നാവില്‍ തൊടുമ്പോള്‍ ആത്മാവ് ഒരു നിമിഷം ശുദ്ധമാവാറുണ്ട്.
കര്‍ക്കടകത്തിലോ തുലാത്തിലോ കാറ്റത്ത് ഒരു തെങ്ങെങ്കിലും വീണാല്‍ വീട്ടിലെ ഒരാള്‍ മരിച്ച വേദനയായിരുന്നു. [വീട്ടിലുള്ളവരുടെ മരണത്തിന്റെ വേദനകള്‍ കുട്ടികളായിരിക്കുമ്പോള്‍ അറിയാത്തതുപോലെ തെങ്ങുകളുടെ മരണവും അന്ന് അറിഞ്ഞില്ല. തെങ്ങിന്റെ 'മണ്ട' എന്ന, അയ്യോ, ഒരപാരസ്വാദുള്ള സാധനം, അത് തിന്നിട്ടായിരിക്കണം മുതിര്‍ന്നവരും ആ വേദന മറന്നത്. അതിനോട് കിടപിടിയ്ക്കാന്‍ പൊങ്ങ് എന്ന സാധനത്തിന് മാത്രമേ പറ്റിയിട്ടുള്ളു - ഉള്ളില്‍ മുളപൊട്ടിയതറിയാത്ത നാളികേരം ഉടയ്ക്കുമ്പോള്‍ കിട്ടുന്നതാണ് പൊങ്ങ്. കൊട്ടത്തേങ്ങാക്കൊത്ത് ചോദിയ്ക്കുന്നു 'എന്നെ മറന്നോ' എന്ന്!]
ഓലാമടലുകള്‍ പാത്രം 'തേയ്ക്കുന്ന' കുളത്തിലോ മുമ്പിലെ തോട്ടിലോ ചീയ്ക്കാനിടും. കര്‍മലിയോ കൊച്ചന്നമോ മെടയും. മെടഞ്ഞത് വെറകുപുരയുടെ ചാച്ചെട്ടിയില്‍ [ചായ്ച്ചുകെട്ടി] ഉറുമ്പുപൊടിയോ അണ്ടിനെയ്യോ ചുറ്റും പൂശി സൂക്ഷിയ്ക്കും. ആവശ്യക്കാര്‍ക്ക് വില്‍ക്കും. വേലികെട്ടിനെടുക്കും.
ഒന്നരാടം തെങ്ങുകേറ്റത്തിന് ഒന്നു രണ്ട് പച്ചമടല് ചൂലുണ്ടാക്കാനെടുക്കും. ശോഷിച്ച ഓലയുള്ള മടലുകള്‍ മെടയാനെടുക്കില്ല. ആ ഓലയെല്ലാം ഊര്‍ന്ന് കെട്ടുകളാക്കി കത്തിയ്ക്കാനെടുക്കും [പാലു കാച്ചാന്‍ വിശേഷം. വേഗം കത്തുപിടിയ്ക്കും. പക്ഷേ ചാരം പറക്കും.] അതേപോലെ വഴുതയും [ഈള് മടല്‍പ്പൊളി] പൊതിമടലും ചെറിയ മടല്‍ക്കഷണങ്ങളും കത്തിയ്ക്കാനെടുക്കും. ചെരട്ടയും കൊതുമ്പും പ്രീമിയമായി പറത്തിന്റെ മോളിലെത്തും [അടുക്കളയുടേതു മാത്രമായ തട്ടിന്‍പുറമാണ് പറം].
ഇങ്ങനെ നാളികേരസ്മരണകള്‍ പറഞ്ഞു പറഞ്ഞ് മൊട്ടുസൂചിയുടെ മുറിവൊരു മുറിവാണോ, ഒരേ സമയം വെര്‍ട്ടിക്കലായും ഹൊറിസോണ്ടലായും കേറുന്ന തെങ്ങിന്റെ ആരിനോളം വരുമോ ഉപ്പിലിട്ടത് എന്നു വരെ ചോദിയ്ക്കാന്‍ തോന്നുന്നത് ഒന്നുരണ്ട് മാസം മുമ്പ് ലോകമാധ്യമങ്ങളുടെ ഫ്രണ്ട് പേജുകളും തലക്കെട്ടുകളും കവര്‍ന്ന വാര്‍ത്തയുടെ ഓര്മ ഇപ്പോളും അഡ്രിനാലിന്‍ ഉയര്‍ത്തുന്നതുകൊണ്ടാണ്. വെര്‍ജിന്‍ അറ്റ്ലാന്റികിന്റെ ഒരു ഫ്ലൈറ്റ്, ഹീത്രൊ മുതല്‍ ആംസ്റ്റര്‍ഡാം വരെ അതിന്റെ ഒരു എഞ്ചിനില്‍ 20% ബയോഫ്യൂവല്‍ കത്തിച്ച് പറന്നുവെന്ന വാര്‍ത്ത.
ബ്രസീലില്‍ നിന്നുള്ള ബബ്ബാസുക്കായയുടെ എണ്ണയും വെളിച്ചെണ്ണയും ചേര്‍ന്നതായിരുന്നു ആ ബയോഫ്യൂവല്‍. 30,000 അടിയ്ക്ക് മുകളില്‍ പറന്നപ്പോളും എതനോള്‍ പോലെ അത് ഉറഞ്ഞ് കട്ടിയായില്ലത്രെ.[അതെന്ത് മറിമായം, ചെറിയൊരു തണുപ്പ് വന്നാല്‍ ഞങ്ങടെ വെളിച്ചെണ്ണ കല്ലുപോലെയാകുമല്ലോ സായിപ്പേ? ഓ, ബ്രസീലുകാരനെക്കൊണ്ട് കെട്ടിച്ചപ്പൊ പെണ്ണുമ്പിള്ളയുടെ മടിയെല്ലാം തേംസ് കടന്നതായിരിക്കും!]
ഈ മിശ്രിതം തന്നെ തെരഞ്ഞെടുക്കാന്‍ രണ്ട് കാരണം കൂടി പറഞ്ഞു വെര്‍ജിന്‍ തലവനായ Sir Richard Branson. 1) ഭക്ഷ്യ എണ്ണ കത്തിച്ച് ഫ്ലൈറ്റ് പറപ്പിച്ച് ക്ഷാമം വരുത്തും എന്ന പേരുദോഷം ഇല്ലപോലും! [ഓര്‍ക്കുക - വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി പാശ്ചാത്യര്‍ക്ക് മാത്രമല്ല ഉത്തരേന്ത്യക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലുമാവില്ല]. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നുള്ള എണ്ണക്കുരുക്കളേ ഉപയോഗിച്ചുള്ളു - കാടുവെട്ടലും കുടിയേറ്റക്കൃഷിയൊന്നും ആരോപിയ്ക്കേണ്ടെന്ന്. 2) വിമാന എഞ്ചിന് മാറ്റമൊന്നും വരുത്താതെ തന്നെ ഈ മിശ്രിതം ഉപയോഗ്യമായിരുന്നു.
ഇതെല്ലാം വായിച്ച് ആവേശം വന്ന്, വല്ലാര്‍പ്പാടത്തൂന്ന് വെളിച്ചെണ്ണക്കപ്പലുകള്‍ കടല്‍ കടക്കുമെന്നോ തേങ്ങാവില കുതിച്ചുയരുമെന്നോ എല്ലാ വിമാനങ്ങളും കേരളത്തെ വലം വെയ്ക്കുമെന്നോ ഉള്ള ഒരു സങ്കല്‍പ്പവിമാനത്തിലും കേറിയില്ല. [ഇല്ല, റവറിന് വിലകൂടിയപ്പോള്‍, ഹൈറേഞ്ചിലെ അച്ചായമ്മാര് ജീപ്പുകള്‍ വാങ്ങിച്ചു കൂട്ടിയപ്പോള്‍, മഹീന്ദ്രയുടെ സെയിത്സ് എക്സിക്യൂട്ടീവ്സിന്റെ പെര്‍ഫോമന്‍സ് കണ്ട് കമ്പനിക്കാര് അന്തംവിട്ടപോലെയും ക്രൂഡിന് വില കൂടിയപ്പോള്‍, ഗള്‍ഫിലെ ഷേയ്ക്കുമാര് വിമാനങ്ങള്‍ വാങ്ങിച്ചു കൂട്ടിയപ്പോള്‍ ബോയിംഗിന്റേയും എയര്‍ബസ്സിന്റെയും മുതലാളിമാര്‍ ചീയേഴ്സ് പറഞ്ഞ പോലെയുമല്ല തോന്നുന്നത്].
 |
Image courtesy: www.facebook.com/anxpage |
പത്രങ്ങളുടെയെല്ലാം ഫ്രണ്ട് പേജില്‍ ചെരട്ടപ്പാത്രങ്ങളാല്‍ [അതില്‍ കരിക്കുംവെള്ളമായിരുന്നോ?] ആ ഫ്ലൈറ്റിന്റെ ക്യാപ്റ്റനോട് പാനോപചാരം പറയുന്ന ബ്രാന്‍സണെ കണ്ടപ്പോള്‍, ചെരട്ടകള്‍ കൊണ്ട് ചുട്ട എല്ലാ മണ്ണപ്പങ്ങളും ഓര്‍ത്തു. അന്യം നിന്നുപോയ ചെരട്ടക്കയിലുകളെ ഓര്‍ത്തു. കൊള്ളിപ്പിട്ട് എന്ന സ്വര്‍ണമുലകളെ ഓര്‍ത്തു, രാമോഹാ, നാള്യേരക്കാരനോട് ഒരു ഇര്ന്നൂറ് രൂപ വാങ്ങീട്ട് വരാമോ എന്ന് ചോദിക്കുന്ന അച്ഛമ്മയെ ഓര്‍ത്തു, മുറിവുണക്കിയ തെങ്ങിന് മൊരിപ്പുകളെ ഓര്‍ത്തു, ഒരു മഹാപാപിയുടെ നീലരക്തത്തെ പലവട്ടം നന്മയിലേയ്ക്ക് മതം മാറ്റാന്‍ വൃഥാ ശ്രമിച്ച കള്ളു ഷാപ്പുകളെ ഓര്‍ത്തു, തെങ്ങ് പറിച്ചു നടല്‍ എന്ന ശ്രദ്ധയും പരിശ്രമവും ഓര്‍ത്തു [ഇപ്പോള്‍ പഞ്ചനക്ഷത്രങ്ങളുടെ മുന്നിലേയ്ക്ക് മോഡേന്‍ ടെക്നോളജിയുടെ സഹായത്തോടെ ഈന്തപ്പനകള്‍ പറിച്ചു നടുന്നത് കാണുന്നു. എറണാകുളത്തെ ടാജിന്റെ മുന്നിലേയ്ക്കും ഷോപീസുകളായി തെങ്ങുകള്‍ പറിച്ചു നട്ടിരിയ്ക്കുന്നു. നഗരവത്കരണം കാരണം ആരുമിപ്പോള്‍ തൈ വയ്ക്കാത്തതുകൊണ്ട് [ഞങ്ങള്‍ക്ക് തൈ വെയ്ക്കുക എന്നാല്‍ തെങ്ങു വെയ്ക്കുക എന്നു മാത്രമായിരുന്നു] നാട്ടിന്‍പുറത്തിപ്പോള്‍ തെങ്ങുവെട്ടല്‍ മാത്രമേ കാണൂ - പറിച്ചുനടാന്‍ അറിയുന്ന ആള്‍ക്കാരേം കിട്ട്വോ ആവൊ!
പിന്നെ, മുന്നിലെ തോടിനു കുറുകെ പട്ടത്തേയ്ക്കുണ്ടായിരുന്ന ഒറ്റത്തടി തെങ്ങുമ്പാലത്തെയോര്‍ത്തു, തോര്‍ത്തു മാത്രമുടുത്ത് കുണുങ്ങി കുണുങ്ങി നടന്നിരുന്ന ചെത്തുകാരെ ഓര്‍ത്തു [യാക്കരത്തോട്ടില്‍ കുളിച്ചിരുന്ന നാരായണിയെ കുപ്പുവച്ചന് കിട്ടിയപോലെ ഞങ്ങടെ നായര്‍ പെണ്ണുങ്ങള്ടെ കുളിസീന്‍ അവമ്മാരാരെങ്കിലും കാണുമോ എന്ന് ടെന്‍ഷനടിച്ചതോര്‍ത്തു], ചവിട്ടിക്കയറാന്‍ അവര്‍ കെട്ടിവെച്ച കൊതകളുമായി അവരേയും കാത്തുനില്ക്കുന്ന തെങ്ങുകളെ ഓര്‍ത്തു, ഏറ്പന്തിന് സ്പെഷലായി ഉള്ളില്‍ കല്ലുവെച്ചുണ്ടാക്കുന്ന പച്ചോലപ്പന്തുകളെ, ഓലപ്പാമ്പുകളെ, പീപ്പികളെ, കാറ്റാടികളെ ഓര്‍ത്തു [ചൂലുകളുടെ ബൈ-പ്രൊഡക്റ്റ്സ്], ചെരട്ട നീറ്റിയുണ്ടാക്കുന്ന ചെരട്ടത്തൈലം എന്ന തീവ്രവികാരിയെ ഓര്‍ത്തു, തെങ്ങും നെല്ലും കൊണ്ട് ജീവിച്ചിരുന്ന മലയാളികള്‍ തെങ്ങും നെല്ലും കൊണ്ട് ജീവിച്ചിരുന്ന മലയാളികള്‍ എന്ന് ആവര്‍ത്തിച്ച് പ്രസംഗിച്ച വിനയചന്ദ്രന് സാറിനെ ഓര്‍ത്തു.
ഹൈസ്ക്കൂള് കാലമായപ്പോഴേയ്ക്കും സെബാസ്ത്യന് എന്നൊരാളായിക്കഴിഞ്ഞിരുന്നു നാളികേരക്കാരന്‍. എറണാകുളത്തുകാരനായപ്പോള്‍ മാര്‍ക്കറ്റിനു നടുവിലെ വെളിച്ചെണ്ണമില്ലിനെ മാസത്തിലൊരിയ്ക്കലെങ്കിലും മണക്കാന്‍ കിട്ടിയിരുന്നു.
ഓര്‍മകളേ, നിങ്ങള്‍ക്കെന്റെ ചീയേഴ്സ്.