വായന ചില പെഡാന്റിക്കുകള്‍ക്ക് രോഗമായിത്തീരുന്നു. ഓരോ സാഹിത്യവാരഫലവും വായിച്ച് അതിലെ പാശ്ചാത്യപ്പുസ്തകപ്പേരുകളുടെ ലിസ്റ്റുണ്ടാക്കി തൃശ്രൂര്‍ കറന്റ് ബുക്സിലേയ്ക്ക് ആഴ്ച തോറും വണ്ടി കയറിയിരുന്ന ഒരു ബന്ധുവുണ്ട്. അവര്‍ വാങ്ങി മുഴുവന്‍ തേങ്ങ പോലെ കൊണ്ടുനടന്നിരുന്ന George Perec-ന്റെ ലൈഫ് എ യൂസേഴ്സ് മാനുവലിനെപ്പറ്റിയുള്ള പി. കെ. രാജശേഖരന്റെ ലേഖനം കഴിഞ്ഞയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.
ഇത്രയുമൊക്കെ മുന്നറിയിപ്പ് തന്നിട്ടാണ് മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട ആയിരത്തൊന്ന് കിത്താബുകളുടെ ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. നാളെ പറഞ്ഞില്ലെന്ന് പറയരുതല്ലൊ. ലിസ്റ്റുകളെ എന്നും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാണ് പോപ്പുലര്‍ നോവലിസ്റ്റ് ഇര്‍വിങ് വാലസ് സഹരചന നടത്തിയ ബുക്ക് ഓഫ് ലിസ്റ്റ്സ് എന്ന പുസ്തകം വാങ്ങി ഫിലോസഫി മാത്രം വായിക്കുന്ന ഒരു പ്രൊഫസര്‍ക്ക് സമ്മാനിച്ച് അങ്ങേരുടെ തെറി കേട്ടത്.
ഇതൊരു പാശ്ചാത്യലിസ്റ്റാണ്. പാശ്ചാത്യമായ എല്ലാ ലിസ്റ്റുകളെയും പോലെ ഒരു ഒറ്റക്കണ്ണന്‍ ലിസ്റ്റ്. ഗാന്ധിജിക്ക് സമാധാനത്തിനും കസാന്ദ്സാകിസിനും ടോള്‍സ്റ്റോയ്ക്കും ഇതുവരെ കുന്ദേരയ്ക്കും എഴുത്തിനും കൊടുക്കാതെ കിസിംഗര്‍ക്ക് സമാധാനത്തിനും ഗോള്‍ഡിംഗിന് എഴുത്തിനും കൊടുത്തിട്ടുള്ള വെടിമരുന്ന് മണക്കുന്ന സമ്മാനം പോലൊരു ലിസ്റ്റ്. അതുകൊണ്ട് ധാരാളം ഇന്ദുപ്പ് ചേര്‍ത്ത് മാത്രം ഇതാസ്വദിക്കുക.
ലിസ്റ്റ് ഇവിടെ.
10 comments:
"നീയൊക്കെ വായിച്ചു വായിച്ചു ചാവ്" ന്നു പറയണതിനു തുല്യം. അല്ലേ?
ഒറ്റക്കണ്ണന്‍ ലിസ്റ്റ് എന്നു പറഞ്ഞതിനാല്‍ ചോദിക്കുന്നു:
ഈ ലിസ്റ്റ് താങ്കള്ക്കിഷ്ടപ്പെട്ടോ, താങ്കള്‍ ഇതു് അംഗീകരിക്കുന്നുണ്ടോ? അതോ, ‘എനിക്കു് ഒട്ടും ഇഷ്ടപ്പെട്ടില്ല, നിങ്ങള്‍ക്കു് ഇഷ്ടപ്പെട്ടേക്കും’ എന്ന ലിസ്റ്റോ? ഇനി അതുമല്ല; ‘എനിക്കു് ഒട്ടും ഇഷ്ടപ്പെട്ടില്ല, നിങ്ങള്‍ക്കു് ഇഷ്ടപ്പെടില്ല, അല്ലെങ്കില്‍ വായിച്ചു നോക്കൂ’ എന്ന ലിസ്റ്റോ?
പോസ്റ്റില്‍ പറഞ്ഞുവരുന്ന പശ്ചാത്തലം വഴി (വായനകൂടുമ്പോള് ബുദ്ധികുറയുന്നു) ഈ പോസ്റ്റിന്റെ രാഷ്ട്രീയം മനസ്സിലാക്കൂ എന്നാണെങ്കില്‍ ചോദ്യം പിന്‍വലിക്കുന്നു.
ലിസ്റ്റെന്നു കണ്ട് ലിങ്കില്‍ ക്ലിക്കി ചെന്നപ്പോഴുണ്ട് ഇതേ പോസ്റ്റ് തന്നെ മറ്റൊരിടത്ത് ഇ പത്രത്തില്‍! ഇങ്ങനെ രണ്ടുപ്രാവശ്യം ഒന്നു തന്നെ വായിച്ചട്ടല്ലിയോ ജീവിതം പാഴാവുന്നേ? അല്ലാതെ ചിന്തിക്കാന്‍ പോലും ഗാപ് കൊടുക്കാതെ മൂത്രം മുട്ടിയിരുന്നു കണ്ണുകഴച്ചു വായിച്ചു തീര്ത്തതുകൊണ്ടാണോ?വായിക്കുന്നവരു വായിക്കട്ടേന്ന്.. ചിന്തിക്കുന്നവര്‍ ചിന്തിക്കട്ടേ..ചിന്ത നമ്പരുകള്‍ ഓരോന്നായി പുറത്തിറങ്ങുമ്പോള്‍ “ദിപ്പം ലിവനീ പറയന്നത് ‘ദവന്‘ നേരത്തെ ‘ദദില്‍ ‘ പറഞ്ഞതു തന്നെയാണെന്നു പറയാന്‍ വായിക്കുന്നവന് ദന്നെ വേണം! കൃഷ്നന്‍ നായര്‍ സാറിനുപോലും പുസ്തകം കൊടുത്തപുള്ളിയാണ് വൈക്കം മുരളി. കക്ഷേ പക്ഷി എഴുതുന്നതു വായിക്കാന്‍ തോന്നില്ല. വിവര്ത്തനമുള്പ്പടെ. അതിനേക്കാള്‍ തുവ്വര രാജന് കൊള്ളാം. അയ്യോ.. അപ്പം 1001 പുസ്തകങ്ങളുടെ ലിസ്റ്റ് എവിടെ, വായിച്ചു തള്ളാന്‍? അതാണ് വിഷയം.
ഇവ വായിക്കാതിരുന്നാല് മരിക്കാതിരിക്കാം എന്നും അര്ത്ഥമുണ്ടാകുന്നതിനാല് ചിത്രകാരന് അനശ്വരനാകാന്‍ തീരുമാനിച്ചിരിക്കുന്നു. :)
സന്തോഷേ, ലിസ്റ്റ് എല്ലാം ഇഷ്ടമാണെന്ന് പറഞ്ഞല്ലൊ. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ ലിസ്റ്റ് കുറിയേടത്തു താത്രിയുടെ ലിസ്റ്റാണ്. ബ്ലോഗന്നൂര് കറങ്ങുമ്പോ വായനാലിസ്റ്റുകള് കാണുമ്പൊ താത്രിയെ ഓര്‍ക്കും. നമ്മുടെ ചില സിനിമാതാരങ്ങളും ഏതാണ്ടതുപോലത്തെ ലിസ്റ്റൊക്കെ ഉണ്ടാക്കിനടക്കുന്നെന്നാണ് കേള്‍വി.
ഈ ലിസ്റ്റിന്റെ ‘പാശ്ചാ’താപം ഇഷ്ടപ്പെട്ടില്ല. എന്നാലും പലര്‍ക്കും യൂസ്ഫുള്‍ ആയേക്കാമെന്നോര്ത്ത് മാത്രം ഷെയര്‍ ചെയ്തതാണ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നത് ലോപിച്ചതാണെന്നും നമ്മുടെ നാള്വഴിപ്പുസ്തകമാണെന്നും ഇടയ്ക്കെങ്കിലും ഓര്‍ക്കണമല്ലോ. [ബ്ലോയിംഗ് ദ വിന്‍ഡ് ആയാല്‍പ്പോലും അത് സ്വന്തം ഗീര്‍ മാത്രം ആകാനും പാടില്ലല്ലൊ.]
എന്നിട്ട് വെള്ള ലിസ്റ്റ് കണ്ടില്യോ?
ഗോള്ഡിംഗിനു കൊടുത്ത നൊബേല്‍ അനാവശ്യമായിരുന്നു എന്നു കരുതുന്നില്ല.. ലോഡ് ഓഫ് ദി ഫ്ലൈസ് അത്യുഗ്രന്‍ പുസ്തകമായിരുന്നു.
ഇനി ലിസ്റ്റിനെ പറ്റി...
ദെകാമറോണ്, സരമാഗോയുടെ അന്ധതയും കാഴ്ചയുമുള്പ്പെടെയുള്ള കൃതികള്‍, പ്രലോഭനം ഒഴികെയുള്ള കസാന്ദ്സാക്കീസിന്റെ കൃതികള്‍, ആനന്ദിന്റെ ‘മരുഭൂമികള്‍’ എന്നിവ ഇല്ല എന്ന കാരണത്താല്‍ ഈ ലിസ്റ്റ് ഞാന്‍ തള്ളിക്കളയുന്നു....
‘ഞാന്‍ ഹിന്ദുമത വിശ്വസിയായിട്ടും ആശാന്റെ ചിന്താവിഷ്ടയായ സീത ഇല്ലാത്തതുകൊണ്ടാണ് ഈ ലിസ്റ്റ് തള്ളിക്കളഞ്ഞതിന്റെ ഒരു കാരണം’ എന്ന് കമന്റിടാന്‍ ഒരു പ്രലോഭനം.
പ്രപഞ്ചത്തിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുളവാകുന്ന വിഭ്രമാത്മകതയാണ്
ഭാവനക്ക് ചിറകാകുന്നത്.
അറിവ് നേടും തോറും ഈ അജ്ഞതയില്‍ നിന്ന് അല്‍പ്പ വെളിച്ചത്തിലേക്കാകുന്നു.
ചിറകുകള് നഷ്ടമാകുന്നു.
അതുകൊണ്ട് ഒര് ബ്രെയ്ക്ക് ഈവണ്‍ പൊയന്റില്‍ വച്ച് എഴുത്തുകാരന്റെ അധോഗതി തുടങ്ങുന്നു.
വായിക്കാതിരുന്നാല് വീണ്ടും അജ്ഞത വന്ന് മൂടുമെങ്കിലും മുരടിച്ച പ്രതിഭ വച്ച്
നല്ലതൊന്നും ചെയ്യാനാകില്ല.
അതായത് വിധി ഒന്ന് തന്നെ. ഗ്രാഫ് കീഴോട്ട്.
മൗനങ്ങളിലേക്കും , ഫിലോസഫിയിലേക്കും നല്ല എഴുത്തുകാര്‍ തിരിയുന്നതിതുകൊണ്ട്. വായന നിര്‍ത്തിയ എഴുത്തുകാരന് വിവാദങ്ങളിലേക്കും പോകുന്നു.
അറിവ് നേടുംതോറും ഭാവനാസമൃദ്ധമായി എഴുതാനുള്ള കഴിവ് നഷ്ടമാകുമെങ്കിലും
വെളിച്ചത്തിന്റെ പാത മുന്നില്‍ തുറന്ന് കിട്ടും.
തമസോമ ജ്യോതിര്‍ഗമയ എന്നത് മാത്രം വായനയുടെ ലക്ഷ്യം.
അസതോമാ സത്ഗമയ എന്നത് അതിന്റെ യൂസര്‍ എന്‍ഡ്
മൃത്യോമാ അമൃതം ഗമയ എന്നത് അതിന്റെ എന്‍ഡ് റിസല്‍റ്റ്.
വായിക്കാത്തവന്, അറിവ് നേടാത്തവന് ഇരുളില്‍ അലയും.
പിന്നെ പ്രതിഭ... അത് പോട്ടും.
അരുന്ധതി റൊയിയുടെ കൊച്ചുദൈവങ്ങളിലെ കോട്ടിവിടെ കോട്ടട്ടെ " Never again a story will be told , as though it is the only one"
മാഷെ,, ഒരു സ്മൈലി വിട്ടു പോയിരുന്നു..:)
അപ്പോ വായന എന്നതില്‍ നിന്നു ലഭിക്കുന്ന അനുഭൂതി(Aesthetic rapture)യില്‍ കാര്യമൊന്നുമില്ലാ?
ബുദ്ധിവളരണമെന്ന് എന്താത്ര നിര്‍ബന്ധം മാഷേ? അല്ലെങ്കില്‍ ഇങ്ങനെ ആലോചിക്കുക. ഒരാള്‍ ഈ പട്ടികയിലെ ആദ്യത്തെ പുസ്തകം വായിക്കുന്നു, അയാളുടെ ബുദ്ധിയില്‍ ഒരു മാറ്റവുമുണ്ടായില്ല. അതിനര്‍ത്ഥം അതേ വായനാനുഭവം തന്നെ എല്ലാ
പുസ്തകം വായിക്കുമ്പോഴും അയാള്‍ക്ക് കിട്ടും എന്നല്ലേ.അല്ലെങ്കില്‍ ഒരു പുസ്തകം വായിക്കുമ്പോഴും ഒന്നും കിട്ടില്ല.രണ്ടാണെങ്കിലും പ്രശ്നമില്ല.
പക്ഷെ അതിനേക്കാളും അത്യന്തം ഗൌരവതരമായ മറ്റൊന്നുണ്ട്. ഈ കാലഘട്ടത്തിന്റെ മാത്രമായി: മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടിയുള്ള വായന. ഒരു പുസ്തകത്തിന്നും, വായനക്കാരനുമിടയില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഇതെങ്ങിനെ ഞാന്‍ ബ്ലൊഗിലെഴുതും എന്ന ചിന്ത.
ലിസ്റ്റിന്നു നന്ദി.
Post a Comment