Thursday, May 15, 2008

ക്യൂബയിലും മുകുന്ദന്മാര്‍ ഉണ്ടാകാമെങ്കിലും...


പബ്ലിഷ് ബട്ടണ്‍ ഞെക്കിയാലുടന്‍ ലോകം മുഴുവന്‍ നമ്മുടെ ഗീര്‍വാണം ലഭ്യമാകുമെന്നതും എവിടെ നിന്ന് ആരൊക്കെ വായിക്കാനെത്തുന്നുണ്ടെന്ന വിവരം അപ്പപ്പോള്‍ ലഭ്യമാകുമെന്നതുമാണ് ബ്ലോഗിംഗ് തരുന്ന രണ്ട് പ്രധാന ലഹരികള്‍. [ലഹരി കൌണ്ടബ് ള്‍ ആണോ, രണ്ട് ലഹരികള്‍ എന്ന് പറയാവോ എന്നെല്ലാം ചോദിച്ച് വരാവുന്ന ഗ്രാമേറിയന്‍സിന്റെ എണ്ണം ബ്ലോഗന്നൂരില്‍ കുറവായത് എന്റെ ഭാഗ്യം.]

കുറച്ചുകാലം കേരളത്തില്‍ ഒരു അച്ചടി മാഗസിന്റെ എഡിറ്ററായിരുന്നതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം കിക്കുകളുടെ വിശകലനം എന്നും interesting തന്നെ [പട്ടയും ഫോറിനും തമ്മിലുള്ള താരതമ്യമൊക്കെ പോലെ ]. മാഗസിന്റെ ഒന്നാം ലക്കം ഇറങ്ങിയതിന്റെ പിറ്റേന്ന് എറണാകുളം നോര്‍ത്ത് റെയില്‍.വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അവിടെയുള്ള മാഗസിന്‍ ഷോപ്പില്‍ വന്ന ഒരാള്‍ നമ്മുടെ മാഗസിന്‍ മറിച്ചു നോക്കി വാങ്ങുന്നതു കാണുമ്പോള്‍, മൂന്നാല് മാസം കഴിഞ്ഞുള്ള ഒരു തീവണ്ടിയാത്രക്കിടയില്‍ മറ്റൊരാള്‍ ആ ലക്കവും വായിച്ചിരിക്കുന്നത് കാണുമ്പോള്‍, മാ‍ഗസിന്‍ ഇറങ്ങി അഞ്ചാറ് ലക്കമൊക്കെ പിന്നിട്ട ശേഷം നമുക്ക് ആരാധന തോന്നിയിട്ടുള്ള ഒന്നു രണ്ട് എഴുത്തുകാര്‍ പഴയ ലക്കങ്ങള്‍ ആവശ്യപ്പെട്ട് എഴുതുമ്പോള്‍, അഞ്ചാറ് കൊല്ലം കഴിഞ്ഞ് ഗള്‍ഫില്‍ വെച്ച് പരിചയപ്പെടുന്ന ആ‍ള്‍ തന്റെ അളിയന്‍ നാട്ടില്‍ ഷോഗണ്‍ പ്ലസിന്റെ എല്ലാ ലക്കങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമ്പോള്‍... അപ്പോളൊക്കെ തോന്നിയിട്ടുള്ള ഫീലിംഗ് ഗുഡ് തന്നെയാണ് ബ്ലോഗിന്റെ വായനക്കാരുള്ള സ്ഥലപ്പേരുകള്‍ നോക്കുമ്പോളും അനുഭവപ്പെടുന്നത്.

Google Analytics-നേയും Histats-നേയും വിശ്വസിക്കാമെങ്കില്‍ ഐസ്.ലണ്ടിലും ഇസ്രായേലിലും മാത്രമല്ല ബഹാമാസ്, പാക്കിസ്ഥാന്‍, ചൈന, ടര്‍ക്കി, ബോസ്നിയ ഹെര്‍സഗോവിന, ഗ്രീസ്, സ്വീഡന്‍, തായ്.ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, റഷ്യ, പഴയ യൂഗോസ്ലാവ്യ, മെക്സിക്കൊ, ചിലി, അര്‍ജന്റീന, ബ്രസീല്‍, ഗിനി, ഐവറി കോസ്റ്റ്, സൌത്താഫ്രിക്ക, ബുറുണ്ടി, മൊറൊക്കോ, ഈജിപ്ത്, സുഡാന്‍, ഇന്തോനേഷ്യ... ഇവിടെയെല്ലാം സ്ഥിരമായി ബ്ലോഗ് വായിക്കുന്ന മലയാളികളും മലയാളം ബ്ലോഗേഴ്സും ഉണ്ടെന്നറിയുന്നത് അത്ഭുതകരമായ കാര്യം തന്നെ.

അറബിക്കഥ എന്ന സിനിമയിറങ്ങിയ കാലത്താണെന്നു തോന്നുന്നു ഞാന്‍ ലിസ്റ്റില്‍ ക്യൂബയുണ്ടോയെന്ന് നോക്കിയത്. വിദേശികള്‍ക്ക് ജോലി കൊടുക്കാവുന്ന തരം എക്കണോമിയല്ല ക്യൂബയുടേതെന്നറിയാമായിരുന്നു. എംബസിയിലെങ്കിലും ഒരു മലയാളി [മിക്കവാറും ഒരു മേനോന്‍ സഖാവ്]? സി. ആര്‍. പരമേശ്വരനൊക്കെ പരിഹസിച്ചിട്ടുള്ള പാട്രിക് ലുമുംബ യൂണിവേഴ്സിറ്റി പോലെ വല്ല ഇടതന്‍ യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന ഏതെങ്കിലും എറണാകുളം സഖാക്കള്‍? ഇല്ല, ക്യൂബ മാത്രം ലിസ്റ്റില്‍ വന്നിട്ടില്ല. തീര്‍ച്ചയായും അതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം അസോസിയേറ്റ്ഡ്‌ പ്രസ്സ്‌ പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ഇതാ അതിന്റെ സംഗ്രഹം:

ക്യൂബയില്‍ ഇതാദ്യമായി കമ്പ്യൂട്ടര്‍ വില്‍പ്പന തുടങ്ങി

ഹവാന - ക്യൂബയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു നിരോധനം എടുത്തുകളഞ്ഞു. അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞ സഹോദരന്‍ ഫിഡില്‍ കാസ്ട്രോയെ പിന്തുടര്‍ന്ന് ഫെബ്രുവരി 24-ന്‌ പ്രസിഡന്റായ റൗള്‍ കാസ്ട്രോയാണ്‌ പൊതുജനങ്ങള്‍ക്ക്‌ സ്വകാര്യ ആവശ്യത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാന്‍ സാധിക്കില്ലെന്ന നിരോധനം നീക്കം ചെയ്തത്‌. തലസ്ഥാന നഗരമായ ഹവാനയില്‍ മെയ്‌ 2-നാണ്‌ ആദ്യമായി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്കെത്തിയതെന്ന് അസോസിയേറ്റ്ഡ്‌ പ്രസ്സ്‌ റിപ്പോര്‍ട്ടു ചെയ്തു. 780 ഡോളര്‍ ചില്ലറ വില്‍പ്പനവിലയുള്ള ഈ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ശേഷി ക്യൂബയില്‍ വളരെയധികം പേര്‍ക്കൊന്നുമില്ലെന്നതാണ് വിരോധാഭാസമെന്നും എപി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരിഞ്ചന്തയിലാണ്‌ ക്യൂബയില്‍ കമ്പ്യൂട്ടറുകള്‍ വിറ്റിരുന്നത്‌. പൊതുജനങ്ങള്‍ അവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമായിരുന്നു.

നിയമവിരുദ്ധമായി ഇന്റെലിന്റെ സെലറോണ്‍ പ്രോസസ്സറുകളും വിന്‍ഡോസ്‌ എക്സ്പി ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഉപയോഗപ്പെടുത്തുന്ന ഈ കമ്പ്യൂട്ടറുകള്‍ പിടികൂടാന്‍ അമേരിയ്ക്കക്ക്‌ സാധിക്കില്ലെന്നതാണ്‌ രസകരമായ മറ്റൊരു വസ്തുത. അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധങ്ങളില്ലെന്നതു തന്നെ കാരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ ക്യൂബയില്‍ കൂട്ടിച്ചേര്‍ത്താണ്‌ ഈ കമ്പ്യൂട്ടറുകളുടെ നിര്‍മാണം. അധികം അകലെയല്ലാത്ത അമേരിക്കയില്‍ 80 ഡോളറിന്‌ ഇതിന്റെ ഇരട്ടിയിലേറെ മെമ്മറിയുള്ള കമ്പ്യൂട്ടറുകള്‍ പൊതുവിപണയില്‍ ലഭ്യമാണെന്നതും ശ്രദ്ധേയമായ സംഗതിയാണ്‌.

കമ്പ്യൂട്ടറുകള്‍ ഇതോടെ പ്രചാരത്തിലാകാന്‍ തുടങ്ങുമെങ്കിലും പ്രമുഖ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊഴികെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനുള്ള നിരോധം തുടരുകയാണ്‌. അതേസമയം നിയമവിരുദ്ധമായി ഈ-മെയില്‍ ഉപയോഗപ്പെടുത്തുന്ന ഒരു ന്യൂനപക്ഷവും ക്യൂബയിലുണ്ട്. ക്രെഡിറ്റ്‌ കാര്‍ഡുകളും നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെപ്പറ്റിയും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.

കാറുകള്‍ വാടകയ്ക്കെടുക്കുക, ആഡംബര ഹോട്ടലുകളില്‍ താമസിക്കുക, മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുക തുടങ്ങിയവയ്ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനങ്ങളും റൗള്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനുള്ള നിയന്ത്രണം ഇപ്പോഴും 90 ശതമാനമായി തുടരുന്നു. 19.50 ഡോളറാണ്‌ ഒരു ക്യൂബന്‍ പൗരന്റെ ശരാശരി മാസവരുമാനം. എങ്കിലും പാര്‍ട്ട്ടൈം ജോലി ചെയ്തും ടൂറിസത്തിലൂടെയും വിദേശത്ത്‌ ജോലി ചെയ്യുന്ന ബന്ധുക്കള്‍ അയക്കുന്നതിലൂടെയും മിക്കവാറും ക്യൂബക്കാരുടെ വരുമാനം ഇതിലേറെയുണ്ടെന്നും ചൂണ്ടി‍ക്കാണിക്കപ്പെടുന്നു.

[ക്യൂബയില്‍ ചിലപ്പോള്‍ മുകുന്ദന്മാര്‍ കണ്ടേക്കാം. ഒരിക്കല്‍ വലിച്ചു നോക്കിയപ്പോള്‍ ഒരു ഹവാന ചുരുട്ട് തന്ന കിക്കിനെ അതിശയിപ്പിച്ചുകൊണ്ട് എന്നായിരിക്കും അതിലൊരു മുകുന്ദന്‍ ഒരു ബ്ലോഗ് തുടങ്ങുക?]

15 comments:

Rammohan Paliyath said...

ചിത്രത്തില്‍ ഫിഡിലും റൌളും.

പ്രിയ said...

അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിന്റെയും ക്യുബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെയും ഒരു താരതമ്യ പഠനത്തിന് സാധ്യതകള് എത്രമാത്രം?

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ തന്നെ ... ഇതു സത്യം തന്നെയാണോ? സ്ഥലത്തെ പ്രധാന മുകുന്ദന്മാരൊക്കെ എവിടെ? പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല!

അഭയാര്‍ത്ഥി said...

സാമങ്കിളിന്റെ അധിനിവേശങ്ങളെ അംഗീകരിക്കാറില്ലെങ്കിലും എക്കണോമിക്സില്‍
സാമങ്കിള്‍ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്‌.

ഇര്‍ക്കുന്നതേത്‌ കാടന്‍ പ്രസിഡന്റായാലും (ബുഷന്‍) മാഫി ഫൈ ദയില്ലാത്തതൊന്നും
അവര്‍ ചെയ്യില്ല.

പ്രസിഡന്റ്‌ കുപ്പായമൂരിയതിന്ന്‌ ശേഷം ക്ലിന്റന്‍ (ശ്ശെ അതിനല്ല) ചെയ്ത(ശ്ശെ അതല്ല- ഞാന്‍ പറഞ്ഞ്‌ മുഴുമിപ്പിക്കട്ടെ)
പ്രസവത്തില്‍ സോറി പ്രസംഗത്തില്‍ നിന്നുദ്ധരിക്കട്ടെ (കോണ്‍ഗ്രസ്സിനോട്‌- നോട്‌ ടു ദ കമ്മൂണിസ്റ്റ്സ്‌- നോട്ട്‌ ദ പോയന്റ്‌)
മൂന്നാം ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്ക്‌ വിഘാതമാകുന്നത്‌ ചുവപ്പ്‌ നാടകളും അഴിമതിയുമാണ്‌. ഒരു ബേക്കറി തുടങ്ങാന്‍
ലൈസന്‍സിനപേക്ഷിച്ചാല്‍ അഞ്ച്‌ മാസമെങ്കിലും പുറകെ നടക്കേണ്ടതായി വരും. ഒരു ലോണിന്‌ ശ്രമിച്ചാല്‍ ലോണ്‍ തരുന്ന സംഖ്യയേക്കാള്‍
അഞ്ചിരട്ടി പണയം വേണം.

സത്യത്തില്‍ ഇത്‌ തന്നേയാണ്‌ നമ്മുടെ പ്രധാന പ്രശ്നം.
അമേരികന്‍ പക്ഷപാതിത്വം ചുര്‍ട്ട്‌ വലിയിലും പഞ്ചാര അടിയിലും എകണൊമിസ്റ്റുന്ന കൂബയോട്‌ സഹതാപമാണുണ്ടാക്കാറ്‌.

എംകിലും ഹെമിങ്ങ്വേയുടെ അന്ത്യനാളുകള്‍ അവിടേ ആണെന്ന്‌ കേട്ടിട്ടുള്ളതിനാലും കിഴവനും കടലും അമരവുമൊക്കെ അവിടെ വച്ചാണ്‌
എഴുതിയിട്ടുള്ളതെന്നതിനാലും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ഗുണ്ടനാമോയും ക്യ്യുബക്കുള്ളിലെ ഒര്‌ വേലികെട്ടാണല്ലൊ.
നയനാന്ദകരമായ ക്യൂബന്‍ തരുണികളുടെ നഗ്നതയും സ്വാധീനിക്കുന്നു ക്യൂബനിഷ്ടത്തിന്ന്‌.

ലോകം മുഴുവന്‍ വിപ്ലവം വരുത്താന്‍ കവി സച്ചിദാനന്ദന്റെ സ്റ്റഡിക്ലാസിലിരിക്കുമ്പോള്‍ പറഞ്ഞ്‌ കേട്ട ആ അതികായന്റെ
കസ്റ്റ്രോള്‍ താടി വക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കിയിരുന്നു. കൊയ്ത്ത്‌ കഴിഞ്ഞ പാടത്തെ പടുമുള പോലേയെ അന്ന്‌
മശിരുക്കള്‍ കിളിര്‍ന്തതുള്ളു.

എന്നേ ഒരു സാമ്പത്തിക ശക്തിയായി മറേണ്ട ഈ ലോകത്തിന്റെ പഞ്ചസാരപാത്രത്തെ പുരോഗതിയില്‍ നിന്നും മൂക്കു കയറിട്ട
ഏകാധിപതിയായിരുന്നു ഈ ഫ്യൂഡല്‍ കാസ്ട്രോ. ഹീ വാസ്‌ സിമ്പ്ലി ഫിഡ്ലിംഗ്‌ ദ ക്യൂബന്‍സ്‌ ഏന്‍ഡ്‌ കാസ്റ്റ്രേറ്റിംഗ്‌ ദെയര്‍ തോട്ട്സ്‌ വിത്ത്‌ ഏ
റെഡ്‌ സലുട്ട്‌.
റെഡ്‌ സലൂട്ടിലൂടേ ചുവപ്പുനാടകളില്‍ കുരുങ്ങിപ്പോയ രാഷ്ട്രങ്ങളീല്‍ ഇതിന്റെ ഭൗതികാവശിഷ്ടവും.

മാറ്റം എന്നായലും ഉണ്ടാകും - എന്തായാലും പ്രാര്‍ത്ഥിക്കാം.
ഹവാന ബനാന
ഇടത്താന വലത്താന
കുഴിയാന വെളുത്താന
എന്നപാട്ടും പാടി...

Unknown said...

അപ്പോള്‍ റൌള്‍ ഒരു അഭിനവഗോര്‍ബച്ചേവായി ക്യൂബന്‍ കമ്യൂണിസത്തെ ചതിക്കുമോ ? പാവം ഈ ബ്ലോഗ് വായിക്കാനിടയാവുമെങ്കില്‍ ക്യൂബയ്ക്ക് എന്ത് തോന്നുമോ ?

അജയ്‌ ശ്രീശാന്ത്‌.. said...

അധിനിവേശശക്തികള്‍ക്ക്‌ എതിരായി നില്‍ക്കുന്ന പല രാജ്യങ്ങളും പൊതുവെ യാഥാസ്ഥികരാണെന്ന്‌ തോന്നിപ്പോവുന്നു... ഒരു സ്ഥലത്ത്‌ യാഥാസ്ഥിതക മതപരമായ കാര്യങ്ങള്‍ക്കാണെങ്കില്‍ ക്യൂബ പോലെയുള്ള സ്ഥലത്ത്‌ യാഥാസ്ഥികസ്വഭാവം പ്രകടിപ്പിക്കുന്നത്‌സാങ്കേതികവിദ്യയുടെ കാര്യത്തിലാണ്‌.... ക്യൂബയിലെ ജനങ്ങള്‍ അഭിമാനികളാണെങ്കിലും അവര്‍ ആധുനികലോകത്തേക്കാള്‍ ശതകങ്ങള്‍ പിന്നിലാണെന്ന്‌കരുതേണ്ടിയിരിക്കുന്നു.....അത്‌ മാറാനിടവരട്ടെ.... ഫീഡലിന്‌ സാധിക്കാതെ പോയത്‌... സഹോദരന്‍ റൌളിന്‌ സാധിക്കട്ടെ..... സാങ്കേതികവിദ്യയ്ക്കും അതിണ്റ്റെ ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയതുകൊണ്ട്‌ ക്യൂബയിലെ കമ്മ്യൂണിസത്തിന്‌ ചരമഗീതമെഴുതേണ്ടിവരും എന്നൊന്നും എനിക്ക്‌ തോന്നുന്നില്ലട്ടോ.... കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരുടെ ജല്‍പനങ്ങള്‍ വേദവാക്യമായെടുത്ത്‌ വികസനമെന്ന വാക്കിണ്റ്റെ പേരില്‍ മറഞ്ഞിരിക്കുന്ന നിഗൂഢലക്ഷ്യത്തെ തിരിച്ചറിയാതെ ഭരണപരിഷ്കാരമെന്ന പേരില്‍ ചിലതെല്ലാം കാട്ടിക്കൂട്ടാന്‍ ശ്രമിച്ചതാണ്‌ ഗോര്‍ബച്ചേവ്‌ ചെയ്ത തെറ്റെന്നാണ്‌ഞാന്‍ വായിച്ചത്ട്ടോ....

Inji Pennu said...

അയ്യയ്യോ! ക്യൂബയെപ്പോലെ ഇത്ര നല്ല ഒരു രാജ്യം! ഇല്ലെങ്കില്‍ ഇവിടെ നോക്കൂ.
കമ്പ്യൂട്ടര്‍ നേതാക്കന്മാര്‍ക്ക് മതി. ഇന്റര്‍നെറ്റും. എന്നാലേ ഞങ്ങള്‍ പറയുന്നത് വെള്ളം തൊടാതെ അണികള്‍ വിഴുങ്ങുള്ളൂ.
ഇന്റര്‍നെറ്റ് പോലെയൊരു സോഷ്യലിസ്റ്റിക് ടൂള്‍ കൊടുത്താല്‍ അണികള്‍ പുതിയ വിപ്ലവം കൊണ്ട് വന്നാലോ. ഹൊ! സൌദി അറേബ്യ ഇതിലും എത്ര നല്ല സ്ഥലം!
(ചുമ്മാതല്ല എന്റെ ക്യൂബന്‍ ബോസിനു കമ്പ്യൂട്ടറിനോട് ഇത്ര ആക്രാന്തം. അദ്ദേഹം ഇരുപതു മണിക്കൂറൊക്കെ ജോലിയെടുത്തുകളയും)

Raakshas said...

വികസനമെന്ന വാക്കിന്റ്റെ പിന്നിലെ നിഗൂഢലക്ഷ്യം? കഷ്ടം! സ്വന്തമായി ഒരു കമ്പ്യൂട്ടര് മേടിക്കാനോ ഒരു ഇ-മെയില് അയക്കാനോ പോലും സ്വാതന്ത്രയ്മില്ലാത്ത ആള്ക്കാരോട്, കംപ്യുട്ടെറും ഇന്റര്നെറ്റും ഉപയോഗിച്ചു കൊടുക്കാന് പറ്റിയ നല്ല ഉപദേശം!

ബാബുരാജ് ഭഗവതി said...

എന്തൊക്കെ തെറ്റായ ധാ‍രണകളാണ് കമ്യൂണീസ്റ്റുകള്‍ക്ക്.
പിന്നെ
തോട്ടിപ്പണിക്ക് നമ്പൂതിരി യോഗ്യനല്ല എന്നറിയാമോ?
ഈ നൂറ്റാണ്ടിലും

Ignited Words said...

താരതമ്യ പഠനത്തിനു പറ്റിയ രണ്ടു രാജ്യങ്ങളു തന്നെ അഫ്ഗാനിസ്ഥാനും, ക്യൂബയും !!! സാമ്യമുണ്ട് ചിലതില്‍, രണ്ടും അമേരിക്ക കയറിയിറങ്ങി നിരങ്ങി ലക്ഷക്കണക്കിനു ജനങ്ങളെ കൊലപ്പെടുത്തിയ സ്ഥലം. അതു കൊണ്ട് തീര്‍ച്ചയായും താരതമ്യ പഠനം അത്യാവശ്യം.

നെരെ ചൊവ്വെ ആഹാരം കഴിക്കാനില്ല അവിടെ, പിന്നെയല്ലെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും..ദ്രോഹിച്ചിട്ട് മതിയാകുന്നില്ല ക്യൂബന്‍ ജനത്തിനെ.എല്ലായിടത്തും ഭരണാധികാരികളതു ചെയ്തു, ഇതു ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ.. അവിടം ഇങ്ങനെയാക്കിയതാരു എന്നു ചോദിച്ചാല്‍...?എല്ലായിടത്തും ഒരു ഭാഗത്തു അവരുണ്ടാകും. യാങ്കികള്‍..കൂട്ടത്തില്‍ യാങ്കിയുടെ കുഴലൂത്തുകാരും.. !!!

പ്രിയ said...

അമേരിക്കന്‍ ആക്രമത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യപഠനം നടത്തുകയാണെങ്കില് ജപ്പാന്‍ കൂടെ അതിന്റെ കൂടെ എടുക്കേണ്ടി വരുമല്ലോ? ഇല്ലേ?

പിന്നെ പട്ടിണിയും പരിവട്ടവും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ സഹിക്കുന്ന അത്രയ്ക്ക് അവിടെ ഉണ്ടോ? അഥവാ ഉണ്ടെങ്കില്‍ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന നിലക്ക് അറിയപ്പെടുന്ന ക്യൂബയില്‍ അതാരുടെ തെറ്റ്?

Ignited Words said...

അപ്പോഴും വിടരുത്, ലോകമഹായുദ്ധം നടന്നതിനു ശേഷം ജപ്പാനെ പുനരുദ്ധരിക്കാന്‍ ആരൊക്കെയായിരുന്നു മുന്നോട്ടു വന്നിരുന്നത്. അവരുടെ കഠിനാദ്ധ്വാനം കാണാതെയല്ല. ഒറ്റക്കൊന്നുമല്ലായിരുന്നു അവരുടെ മുന്നേറ്റം. അമേരിക്കയുടെ കൂടെ നിന്നതു കൊണ്ട് മാത്രം വന്‍‌കിട സാമ്പത്തികശക്തിയായി തുടരുന്നു. അതല്ലായിരുന്നെലൊ? മറ്റൊരു ക്യൂബ അല്ലെങ്കില്‍ മറ്റൊരു കൊറിയ...

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധമാണ് അതിങ്ങനെ തുടരാന്‍ കാരണം, അതിന്റെ മൂലകാരണം കൂടി ഒന്നു തേടി പോകണം, അവിടെയും കാരണക്കാരന്‍ അമേരിക്കയാണെന്നു തെളിയും..അതല്ലല്ലൊ ക്യൂബയില്‍ നടക്കുന്നത്. അവരെ ഉപരോധം കൊണ്ട് വീര്‍പ്പു മുട്ടിക്കയല്ലെ??

മൂര്‍ത്തി said...

ആ ക്യൂബ പോസ്റ്റിലെ വിവരങ്ങളൊക്കെ ഈ ഒറ്റ വാര്‍ത്തകൊണ്ട് അപ്രസക്തമാവുന്നത് ‘രസകരം‘ തന്നെ..വര്‍ഷങ്ങളായുള്ള അമേരിക്കന്‍ ഉപരോധത്തിന്റെ കീഴിലാണ് ക്യൂബ എന്നത് നമുക്ക് മറക്കാം. ഗ്രാന്മയില്‍ കണ്ട ഒരു വാര്‍ത്തയുടെ ലിങ്ക്

"The fact that the Cuba Solidarity Campaign, a UK based NGO, are restricted from buying a Dell computer for use in our north London offices, illustrates the far reaching effects of a blockade that is increasingly imposing US bigotry and absurdity onto the lives of UK citizens," said Rob Miller of Cuba Solidarity.

Rammohan Paliyath said...

ക്യൂബന്‍ ജനത ഇരട്ട ഉപരോധം അനുഭവിക്കുന്നു എന്നു തന്നെ ഇതിനര്‍ത്ഥം.

Unknown said...

It is an interesting information

Related Posts with Thumbnails