Tuesday, May 20, 2008

ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു


സേതുസമുദ്രം പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹിന്ദുമത വിശ്വാസികള്‍ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഷിപ്പിംഗ് വ്യവസായ വിദഗ്ദരും വരെയുള്ള വ്യത്യസ്ത താല്‍പ്പര്യക്കാരാണ് വ്യത്യസ്ത കാരണങ്ങളാല്‍ പദ്ധതിയെ എതിര്‍ക്കുന്നത്. സുനാമിയുടെ ആഘാതം ഒരളവു വരെ തടഞ്ഞത് ഈ ചിറയാണെന്നാണ് ഒരു വാദം. ഷിപ്പിംഗ് വ്യവസായം ഭീമാകാരന്‍ കപ്പലുകളിലേയ്ക്ക് തിരിയുന്ന ഒരു കാലഘട്ടത്തില്‍ 30,000 ടണ്‍ വരെ മാത്രം ഭാരമുള്ള കപ്പലുകള്‍ക്കേ സേതുസമുദ്രം വഴി കടന്നുപോകാന്‍ കഴിയൂ എന്നിരിക്കെ എന്തിനാണ് ഈ പദ്ധതി എന്നാണ് ഷിപ്പിംഗ് വിദഗ്ദരുടെ ചോദ്യം.ഈ കനാലിന് പന്ത്രണ്ട് മീറ്റര്‍ മാത്രമേ ആഴമുണ്ടാകൂ എന്നതുകൊണ്ടാണത്രെ ഈ പരിമിതി.[പനാമ കനാലിലൂടെ 90,000 ടണ്ണും സൂയസ് കനാലിലൂടെ 1.2ലക്ഷം ടണ്ണും ഭാരമുള്ള കപ്പലുകള്‍ക്ക് കടന്നുപോകാം]. ഇതെല്ലാം നാനാവശങ്ങളില്‍ നിന്നുമുള്ള ഹിന്ദു പരിവാറിന്റെ ലോബിയിംഗാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിരീശ്വരവാദിയായ കരുണാനിധിയുടേയും ഹിന്ദു വോട്ട് തട്ടാന്‍ തക്കം പാര്‍ക്കുന്ന ജയലളിതയുടേയും നിലപാടുകളെയും വിശ്വസിക്കുക വയ്യ. ഏറ്റവും ഒടുവിലത്തെ ഇടപെടലുകള്‍ സുപ്രീം കോടതിയുടേതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായം കേള്‍ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഒരു അണ്ണാറക്കണ്ണാന്‍ വരെ സഹായിച്ചിട്ടാണ് അങ്ങനെ ഒരു പാലം ഉണ്ടാക്കിയതെന്നാണ് ഹിന്ദുമത വിശ്വാസം [രാമായണത്തിലൊന്നും അങ്ങനെ ഒരു സ്ക്വിറലിനെ കണ്ടില്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നു ആ കഥ]. സീതയെ തിരിച്ചു പിടിയ്ക്കാനായിരുന്നു പാലം കെട്ടിയത്. തിരിച്ചു പിടിച്ചു. എന്നിട്ടോ? ഗര്‍ഭിണിയായിരിക്കെ കാട്ടിലുപേക്ഷിച്ചു. ഇതിനായിരുന്നോ എന്ന് ആ പാലത്തിന്റെ ആത്മാവ് ചോദിച്ചു കാണുമോ?

ഒരു ഹോളിവുഡ് വാര്‍ ഫിലിമില്‍ കണ്ടിട്ടുണ്ട് ഒരു താല്‍ക്കാലിക പാലം പണിയുന്നതും അക്കരെ കടക്കുന്നതും അക്കരെ കടന്നയുടന്‍ പാലം നശിപ്പിച്ചു കളയുന്നതും. പിന്തുടരുന്ന ശത്രുക്കള്‍ക്ക് പാലം ഉപകാരപ്പെടാതിരിക്കാനാണത്രെ ആ തന്ത്രം. എന്തായാലും don't burn the bridges behind you എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. പിന്നിട്ട പാലങ്ങളെ എപ്പോളാണ് വീണ്ടും ആവശ്യം വരിക എന്നാര്‍ക്കറിയാം. [പിന്നിട്ട വഴികളിലൂടെ വീണ്ടും നടക്കേണ്ടി വരിക, മറന്ന മുഖങ്ങളില്‍ച്ചെന്ന് വീണ്ടും മുട്ടുക... അതൊക്കെ എപ്പോളാണെന്ന് ആര്‍ക്കറിയാം].

പാലം കടക്കുവോളം നാരായണ എന്ന് ശ്രീരാമനും വിചാരിച്ചു കാണുമോ? ആവശ്യം കഴിഞ്ഞ സ്ഥിതിയ്ക്കും ഇനിയൊരു പാലമായി ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ടും അതവിടെത്തന്നെ നിര്‍ത്തേണ്ടതുണ്ടോ? ഒരു പാലം പോയാല്‍ തകരുമോ ഹൈന്ദവ ധര്‍മം?

ഞാന്‍ ഒരു ഹൈന്ദവ ദൈവ വിശ്വാസിയാണ്. എങ്കിലും മനുഷ്യനായി അവതരിച്ച ശ്രീരാമനെ ആരാധിക്കണോയെന്ന് ഇനിയും തീര്‍ച്ചയില്ലാത്ത ഒരാള്‍. അയ്യോ, അല്ല, മനുഷ്യനായി ജീവിച്ചതുകൊണ്ടല്ല ശ്രീരാമനോടുള്ള ആരാധനക്കുറവ്. സത്യം പറഞ്ഞാല്‍ ശ്രീരാമന്റെ മാനവഹൃദയമോര്‍ത്ത് ഹൃദയം നുറുങ്ങാത്ത ഒരു ദിവസം പോലുമില്ല - ഊര്‍മിളയുടെ ഭര്‍ത്താവിന് ഫാമിലി സ്റ്റാറ്റസ് കൊടുക്കാതിരുന്നപ്പോള്‍, ശൂര്‍പ്പണഖയെ നിരസിക്കുന്നതിന് പകരം ലക്ഷണനോട് ചോദിക്ക് എന്ന് പറയുമ്പോള്‍, ബാലിയെ ഒളിയമ്പെയ്യുമ്പോള്‍, ഗര്‍ഭിണിയായ സീതയെ കൊടുംകാട്ടില്‍ ഉപേക്ഷിക്കുമ്പോള്‍... അപ്പോളെല്ലാം ആ മാനവഹൃദയം എങ്ങനെ നുറുങ്ങിപ്പൊടിഞ്ഞിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ [ഇതിന് സമാനം മണ്ഡോദരിയുടെ നുറുങ്ങിപ്പൊടിയല്‍ മാത്രം. മറ്റൊരു സുന്ദരിയ്ക്കു വേണ്ടി യുദ്ധം ചെയ്യാനൊരുങ്ങുന്ന ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക - എങ്ങനെയായിരിക്കും അത്? രാവണന്റെ പൌരുഷവീര്യം കാണാന്‍ മറക്കാത്തവര്‍ എന്താണ് മണ്ഡോദരിയുടെ മനസ്സ് കാണാത്തത്?]...

അതുകൊണ്ട് ഈ പാലത്തിന്റെ വീരസ്യം പറയാന്‍ ഞാനില്ല. മൈനാകത്തെയെന്നതിനേക്കാള്‍ സുനാമിയെ ഉള്ളിലൊതുക്കുന്നവയാണ് വന്‍കടലുകള്‍ എന്നറിയുമ്പോള്‍ ഈ പഴമ്പുരാണങ്ങള്‍ എത്ര ദുര്‍ബലം, അപ്രസക്തം. എങ്കിലും കുട്ടിക്കാലത്ത് ഓരോ തവണ ബ്ലാങ്ങാട്ടെ കടപ്പുറത്തു പോയപ്പോഴും ആ മണല്‍ത്തിട്ടയില്‍ അമ്മ എഴുതിപ്പിച്ചിരുന്ന ഒരു വാചകം ഓര്‍ക്കാതെ വയ്യ: ശ്രീരാമന്‍ ജയിച്ചു, കടലമ്മ തോറ്റു.

പിന്നീട് മുതിര്‍ന്നപ്പോളും ഏത് കടല്‍ത്തീരത്ത് പോയാലും ഒരു തമാശിന് അങ്ങനെ എഴുതുമായിരുന്നു. മെറീനയില്‍, ജൂഹുവില്‍, വെര്‍സോവയില്‍, ജുമൈരയില്‍, അജ്മാനില്‍, ഖോര്‍ഫകാനില്‍, സലാലയില്‍... എല്ലായിടത്തും.

പരാജയത്തേക്കാള്‍ മധുരം പരാജയത്തിന്റെ ഓര്‍മകള്‍ക്കാണ്. പരാജയത്തിന്റെ ഓര്‍മകളുണര്‍ന്ന തിളച്ച മനസ്സുമായി കടലമ്മ വരുന്നതും ആ വാക്കുകള്‍ മായ്ച്ച് വ്യാജമായ ആനന്ദത്തോടെ തിരിച്ചിറങ്ങുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഒരു നിമിഷം അമ്മയുടെ കയ്യും പിടിച്ച് കടലുകാണാന്‍ നില്‍ക്കുന്ന കുട്ടിയാകാറുണ്ടായിരിക്കണം.

അതോര്‍ക്കുമ്പോള്‍, 48 കിലോമീറ്റര്‍ നീളമുള്ള രാമസേതുവിന്റെ 20 ശതമാനവും നീക്കം ചെയ്തു കഴിഞ്ഞു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍, ഇനി ആദ്യം പോകുന്ന കടപ്പുറത്ത് ഇങ്ങനെ എഴുതാന്‍ തോന്നുന്നു: ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു.

മിസ്റ്റര്‍ ശ്രീരാമന്‍, നിങ്ങള്‍ എവിടെ?

18 comments:

Rammohan Paliyath said...

ചിത്രത്തില്‍ രാജാ രവിവര്‍മയുടെ പ്രശസ്തമായ പെയ്ന്റിംഗ് - സീത

vadavosky said...

സേതുസമുദ്രം പദ്ധതി ചീറ്റിപ്പോയാല്‍ ലാഭം കേരളത്തിനാണ്‌. വിഴിഞ്ഞവും വല്ലാര്‍പാടവും രക്ഷപെടും. സേതുസമുദ്രത്തിനേക്കാള്‍ വയബിള്‍ ആയ കേരളത്തിന്റെ ഈ പ്രൊജക്റ്റുകള്‍ ഗതി പിടിക്കാത്തത്‌ കേന്ദ്രത്തില്‍ നമുക്ക്‌ എം.പി മാരുടെ എണ്ണക്കുറവ്‌, പിന്നെ കാര്യം നേടിയെടുക്കാന്‍ അറിയാത്ത നട്ടെല്ലില്ലാത്ത കുറെ നേതാക്കന്മാര്‍. തമിഴ്‌നാടിന്റെ കാര്യം നോക്കു. കേന്ദ്രത്തില്‍ ഏതു മന്ത്രിസഭ വന്നാലും തമിഴനാണ്‌ പ്രധാന പോര്‍ട്‌ഫോളിയോകള്‍. സേതുസമുദ്രം മുന്നില്‍ കണ്ട്‌ ഡി. എം.കെ ഷിപ്പിംഗ്‌ ചോദിച്ചുവാങ്ങി.
(പണ്ടു കേട്ട ഒരു കഥയുണ്ട്‌. ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ക്കെല്ലാം ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്ധനം നിറക്കാനായി ഏറ്റവും ഏളുപ്പം നെടുംബാശ്ശേരി എയര്‍പോര്‍ട്ട്‌ ആണ്‌ സൗകര്യം സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിനേക്കാള്‍. അതായത്‌ റീ ഫ്യൂലിങ്ങിനുവേണ്ടി മാത്രം ധാരാളം വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. അതുവഴി ധാരാളം വരുമാനം ഉണ്ടാവുന്നു. മലയാളികള്‍ അങ്ങനെ സുഖിക്കേണ്ട എന്ന് കരുതി വടക്കേ ഇന്‍ഡ്യന്‍ ലോബി ആ പദ്ധതി പൊളിച്ചടുക്കി.)


ആ ഹോളിവുഡ്‌ സിനിമ Bridge on the river Kwai ആണോ.

പത്താം നൂറ്റാണ്ടോടു കൂടിയാണ്‌ രാമന്‍ എന്ന ദൈവം ഭാരതത്തിലെ മിത്തോളജിയില്‍ കയറിക്കൂടുന്നതെന്ന് ചരിത്രം പറയുന്നു. അതുവരെ രാമനില്ല.

Rammohan Paliyath said...

Bridge Too Far അല്ലെങ്കില്‍ Tora Tora Tora ആണെന്നു തോന്നുന്നു.

അയ്യപ്പനെപ്പറ്റി ഒരു പുരാണത്തിലും മെന്‍ഷനില്ല എന്ന് കേട്ടിട്ടുണ്ട്. എങ്കില്‍ ഹി വുഡ് ബി എ ലേറ്റര്‍ സെഞ്ച്വറി ഗോഡ് അല്ലേ?

Roby said...

bridge too far അല്ല. മറ്റേത്, Tora Tora, സ്പീല്‍ബെര്‍ഗിന്റേതായതുകൊണ്ട് കണ്ടിട്ടില്ല. അപ്പോളതായിരിക്കും.

എതിരന്‍ കതിരവന്‍ said...

The movie is Bridge on the River Kwai. The movie also repeated reality. It was shot in SriLanka, a bridge was made for the movie set and 'realistically' exploded.

Sreeraaman did not confront 'kaTalamma' but VaruNan who showed a shallow area to build a sEthu. There was one condition: make a desert area (marukaanthaaram) where VaruNan's water was being sucked by hostile creatures fertile. Sreeraaman shot his arrow at the ground, a fountain appeared and marukaanthaaram became luscious green.

VaruNan brought in Vizvakarmmaav's own son NaLan to design the bridge.

Ravi Varma has a painting of Raama-varuNan confrontation. Sreeraaman in this painting became a prtotype to model his physical figure and attire in Indian drama and films.

It took at least ten centuries for Sreeraaman to be elated to the avathaaram status. addhyaathma raamaayaNam (in which raaman is VishNu avathaaram) is many many times bigger than the original vaalmeeki raamaayaNam.

Raaman would have desired forgiveness. There is an elemnt of apology in the way he ended his life-commiting suicide by jumping into Sarayoo river.

jijijk said...

ഒരു അണ്ണാറക്കണ്ണാന്‍ വരെ സഹായിച്ചിട്ടാണ് അങ്ങനെ ഒരു പാലം ഉണ്ടാക്കിയതെന്നാണ് ഹിന്ദുമത വിശ്വാസം,

എന്നിട്ട് രാമന്‍ തലോടിയപ്പോഴാണു അണ്ണരാകണ്ണന്റെ പുറത്തു മൂന്നു വരകള്‍ വീണതെന്നും വിശ്വാസമുണ്ടു. അങ്ങനെ ഇരിക്കെ സീതാജിയുടെ ദേഹത്ത് എത്ര വരകള്‍ കാണും?

good post

ഭൂമിശാസ്ത്രമനുസരിച്ചു സേതുസമുദ്രത്തിലൂടെ ചെന്നൈയില്‍ നിന്നു കൊച്ചിയിലെക്കുള്ള കപ്പലുകള്‍ക്കല്ലാത്തെ ആര്‍ക്കാണു ഗുണം?

കണ്ണൂസ്‌ said...

എല്ലാം വെറുതെയായി എന്നാ തോന്നുന്നത്. രാവണന്‍ ജനിച്ചത് ദുബായിലാ. കണ്ടില്ലേ സീത ഈന്തപ്പനയുടെ ചുവട്ടിലാ ഇരിപ്പ്.

എതിരന്‍ കതിരവന്‍ said...

Kannus: Ravi Varma was devout in creating the mood to the picture by appropriating the natural elements especially the scenery behind. Although Seetha sat under 'zimzapa' (azOkam) tree, he had to transfer her settings to a dry arid area.

Roby said...

ഒരു ഹോളിവുഡ് വാര്‍ ഫിലിമില്‍ കണ്ടിട്ടുണ്ട് ഒരു താല്‍ക്കാലിക പാലം പണിയുന്നതും അക്കരെ കടക്കുന്നതും അക്കരെ കടന്നയുടന്‍ പാലം നശിപ്പിച്ചു കളയുന്നതും.

Bridge on the river kwai is not the film. ഈ വിശദീകരണം അതിനു ചേരുന്നില്ല.
അതിലെ പാലം താത്കാലികമല്ല. ജാപ്പാനീസ് ആര്‍മിയാണ്‌ ബ്രിട്ടീഷ് തടവുകാരെ ഉപയോഗിച്ച് ആ പാലം പണിയുന്നത്. തകര്‍ക്കുന്നത്, രക്ഷപെട്ട ചില ബ്രിട്ടീഷ് തടവുകാരാണ്‌.

(Tora Tora was not by spielberg, it was a mistake)

Rammohan Paliyath said...

സിനിമാക്ബൂല്‍ബഫ്ഫല്ലാത്തതുകൊണ്ട് അക്കാര്യത്തെപ്പറ്റി ഉറപ്പില്ല.

കണ്ണുസേട്ടേ, കരിമ്പനയുടെ നാട്ടുകാരനായിട്ടും കരിമ്പനയെ ഈന്തപ്പനഡോളായി തോന്നിയോ?

ഈ പെയ്ന്റിംഗിന്റെ ഒരു വലിയ കോപ്പി ഞങ്ങള്‍ടെ നാട്ടിലെ കൃഷ്ണന്റമ്പലത്തില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. അത് കണ്ട പരിചയത്തിലാണ് കരിമ്പനത്തയ്യാണെന്ന് തോന്നുന്നത്. ഇത് ഉപേക്ഷിക്കപ്പെട്ട സീതയാണെന്നാ തോന്നുന്നെ. വാത്മീകിയുടെ ആശ്രമത്തിലായിരിക്കും.

രവിവര്‍മയുടെ ഡ്രാമയുള്ള പെയ്ന്റിംഗ് ജടായുവധമാണ്. കറുത്ത് സെക്സിയായ രാവണന്‍. ഒറ്റത്തലയന്‍. അയാള്‍ ഒരു കയ്യില്‍ സീതയെ മുറുക്കെപ്പിടിച്ച് മറുകൈ കൊണ്ട് ജടായുവിന്റെ കഥ കഴിക്കുന്ന വല്ലാത്തൊരു സീന്‍. ഗൂഗ് ള്‍ ഇമേജസില്‍ സെര്‍ച്ച് ചെയ്താല്‍ കാണാം.

എതിരന്‍ കതിരവന്‍ said...

More on Ravi Varma (off topic?):
There are two paintings on Raavana-JaTaayu. One happens in the air, the sliced wing being the center focus. The other one is on the ground. In both the RaavaNa-Seetha images are the same.

Did R. V. make two diiferent paintingss? why?

It is said that R. V modeled his own uncle for RaavaNa.

In fact Raavana did not kill JaTaayu but chopped off the wings. Still the event is called 'JaTaayu vadham'.

sajith90 said...

എല്ലാ മതത്തിനും അതിന്റെതായ വിശ്വസങ്ങള്‍ ഉണ്ടു. ക-അബ പൊളിച്ചു എണ്ണകിണര്‍ ഉണ്ടാക്കന്‍ മുസ്ലിം സമതിക്കുമൊ, ജറുസലെം ദേവാലയം പൊളിക്കാന്‍ ക്രിസ്ത്യന്‍സു സമ്മതിക്കുമൊ. അതിനാല്‍ ഇതിനെ പറ്റിയും ഒരു പടനം വേണം

For all Your Malayalam Greeting Needs Visit 365greetings.com
Malayalam Birthday Cards, Love Cards are available


Regards
365greetings.com

അഭയാര്‍ത്ഥി said...

പാഥസാം നിചയം വാര്‍ന്നളഞ്ഞൊഴിവ്‌ സേതു ബന്ധനോദ്യഗമെന്തെടോ?
നമ്മടെ നാട്ടാരന്‍ ഉണ്ണയേട്ടന്‍ ഇങ്ങനെ പാടിട്ടില്ലെ.

ത്രേതായുഗത്തിലെ ശ്രീരാമന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണിത ചിറ
പൊളിച്ച്‌ കളഞ്ഞില്ലായിരുന്നെങ്കില്‍ കേരള നാട്ടിലും തമിഴ്‌ മണ്രിലും
"ഇട്ട കോമത്‌ കോന്തായി ഇട്ടെബസി മേക്ക ഹാരി" എന്നൊക്കെ പറയുന്ന അവസ്ഥ
ഉണ്ടാകുമായിരുന്നു. അബോര്‍ജിന്‍ വാനരങ്ങളേയും രാക്ഷസ രാജാക്കന്മാരേയും
രാവണപ്രഭുക്കളേയുമെല്ലം തനത്‌ തായ്‌വഴികളില്‍ തന്നെ ഒലി വറ്‌ന്ത
കുട്ടുത്താപനമാക്കാന്‍ വേണ്ടി ആര്യപു അറിഞ്ഞ്‌ കളിച്ച കളിയല്ലെ സേതു
ഡിമോളിഷന്‍ പാര്‍ട്ട്‌ 2
.
കിഷ്ക്കിന്ത്യ കോണ്ട്രാക്റ്റിംഗ്‌ കമ്പനിക്കായിരുന്നു കോണ്ട്രാക്റ്റ്‌.

വീണ്ടും പച്ച പിടിച്ച ഇലങ്കയിലേക്ക്‌ 2 ജെനറേഷന്‍ ഫ്ലേഷ്‌ ബേക്കില്‍ കേരള മാവട്ടത്തില്‍
നിന്നേറെപ്പേര്‍ കുടിയേറി. എന്നപ്പാവും ചെറി അച്ചന്മാരും, അമ്മാവന്മാരും അത്തരത്തില്‍
ലവടെയായിരുന്നു. എലയ്റ്റ്‌ ഗ്രുപ്പ്‌ സ്ഥാപകന്‍ സാക്ഷാല്‍ ശ്രീമാന്‍ (നോട്ട്‌ ശ്രീരാമന്‍) ചാത്തുണ്ണിക്കന്ന്‌
കള്ള്‌ ഷാപ്പായിരുന്നു ലങ്കയില്‍.
അശോകവനിയിലെ രാക്ഷസിമാരോടേറ്റുമുട്ടിയ ബന്ധുജനങ്ങളേറെപ്പേരും മൂക്കും മുലയും ചേദിക്കുന്നതിന്ന്‌
പകരം അവയുടെ വലിപ്പ മഹിമയില്‍ കുടുങ്ങി അന്നാട്ടുകാരായി.
ലങ്കന്‍ ക്രിക്കറ്റ്‌ ടീം വരുമ്പോള്‍ എന്റെ അമ്മായി പറയുന്നത്‌ പോലെ ഇവരില്‍ എത്രപേര്‍ എന്റെ ഓപ്പമാരുടെ
ചെറുമക്കളാണാവൊ- സൂര്യമാരും തുംഗമാരും.

ആന്റീക്ക്‌കള്‍ക്ക്‌ പ്രാധാന്യം നമ്മളേകിയാലും കാലം അത്‌ തുടച്ച്‌ മാറ്റും എന്നതല്ലെ സത്യം.
പുറകിലോട്ട്‌ നടന്നാല്‍ നാം ബിഗ്ബാങ്ങിനേയും ബ്ലേക്‌ ഹോല്‍സിലുമല്ലെ എത്തുക.
തിരികെ നാം അതിലേക്കാണ്‌ പോകുന്നതും.

ഇന്നിന്റെ ഉപഭോഗ തല്‍പ്പരതയില്‍ ഊറ്റം കൊള്ളുക - ലിവ്‌ റ്റുഡെ- നാളെ നമ്മളുടേതല്ല- ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌.

ബൂസ്റ്റര്‍-എന്തായാലും റാം എന്ന പേരുള്ളവരൊക്കെ നീതിമാന്മാരയിരിക്കും ത്രേതായുഗ രാമനെപ്പോലെ..
എക്സാമ്പിള്‍സ്‌ ഞാന്‍ , എന്റെ മക്കള്‍, എന്റെ മൂത്ത സഹോദരി ഭര്‍ത്താവ്‌, ഈ ബ്ലോഗെഴുതുന്ന റാം മോഹന്‍--
കളിയല്ല ഈ പേരിന്ന്‌ അങ്ങിനെയൊരു കലിപ്പുണ്ട്‌.

ശ്രീരാമ സ്വാമി അമ്പലത്തില്‍ പോകു. നിങ്ങള്‍ക്ക്‌ മറ്റമ്പലങ്ങളില്‍ ഉണ്ടാവുന്ന മാനസിക ജഞ്ജലിപ്പ്‌ ഇവിടെ
ഉണ്ടാവില്ല. സുവര്‍ 100%. നിങ്ങള്‍ നീതിയിലും ന്യായത്തിലും മാത്രം പ്രാര്‍ത്ഥിക്കും.

മതം രാഷ്ട്രിയാം ഇതൊക്കെ ഒരു കൊണ്ടും കൊടുത്തും സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍.

Rammohan Paliyath said...

ഞങ്ങടെ കണ്ടാണശ്ശേരിയിലെ ഒരുപാട് പഴയ ചോവമ്മാര്‍ക്ക് സിലോണില്‍ ചെത്തായിരുന്നു പണി. ലങ്ക എന്നെഴുതിയതിന് രാമേട്ടന് മൈനസ് മാര്‍ക്ക്.

ആസാമലയില്‍ റോഡുപണിക്കും തൃക്കണാമലയില്‍ [ട്രിങ്കോമാലി] തോട്ടപ്പണിക്കും പോയിട്ടുണ്ട് എന്റെ അച്ഛന്റെ അമ്മാവന്‍ ചാലില്‍ രാഘവമേനോന്‍. [പിന്നീട് പാലിയം പോലീസായി. ഓലക്കാല് ശീലക്കാല് എന്ന് ലെഫ് റയ്യടിച്ചു].

വാസൂന്റെ അച്ഛന് കൊളംബില്‍ ഒരു സിംഹളപ്പെണ്ണും കുഞ്ഞുമുണ്ടായതും അച്ഛനും മോളും കൂടി തെക്കേപ്പാട്ട് വന്നതും ‘പെങ്ങള്‍’ വാസൂന് റബ്ബര്‍ മൂങ്ങയെ കൊടുത്തതും അമ്മ ചന്ദ്രഹാസമിളക്കിയതും അതേപടി പകര്‍ത്തിയതല്ലേ മലയാളത്തിലെ ക്ലാസിക് കഥ ‘നിന്റെ ഓര്‍മയ്ക്ക്’?

ഇപ്പോളും പത്രത്തില്‍ ‘കുഞ്ഞിനെയും കൊണ്ട് ലങ്കന്‍ യുവതി ഭര്‍ത്താവിനെത്തേടി കേരളത്തില്‍’ എന്ന് പത്രദ്വാരത്തിലൂടെ കാണാറുണ്ട്. തലൈമന്നാറും ധനുഷ്കോടിയുമല്ല ഗള്‍ഫാണ് അരങ്ങ് എന്നു മാത്രം.

സാല്‍ജോҐsaljo said...

ചാച്ചന്‍ തോറ്റു!

Anonymous said...

ചൈനയുടെ അഭിപ്രായമെന്തെന്ന് കൃത്യമായി അറിയുന്നതുവരെ അഭിപ്രാ‍യം പറയാതിരിക്കുകയും, എന്നാല്‍ ആ അവസരം ഹിന്ദുവിനെതിരെ ചന്ദ്രഹാസമിളക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന റാം മോഹന്‍ പാലിയത്തിന്റെ സമീപനം മെയ്ന്‍ലൈന്‍ മാര്‍ക്സിസ്റ്റുകള്‍ കണ്ടുപഠിക്കേണ്ടതാണ്.
വേലക്കാരിപ്പെണ്ണിനെ പിഴപ്പിച്ച മാര്‍ക്സ് സമാരാധ്യനാകുന്നു; രാമനെ കാണുമ്പോള്‍ കോംപ്ലെക്സടിക്കുന്നതില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി രാവണപക്ഷംചേരു‍ന്നു; മുഗളപക്ഷംചേരു‍ന്നു; സോണിയാപക്ഷംചേരു‍ന്നു;ഇങ്ങനെ ആശ്വസിക്കുന്നതു എന്തുകൊണ്ടെന്നറിയാന്‍ ഫ്രോയ് ഡിന്റെ സൈക്കോഅനാലിസിസിനു ഒരു വഴിയുണ്ട്; അറിയുമോ?
അനോണി

Rammohan Paliyath said...

ചൈനയുടെ അഭിപ്രായം നോക്കാറില്ല. അവരോട് ആരാധനയുണ്ട്. ദാറ്റ് ഹാസ് നതിംഗ് ടു ഡു വിത്ത് മാര്‍ക്സിസം.

മാര്‍ക്സിനോട് ആരാധനയില്ല. സോണിയയോട് ആരാധനയില്ല. [രണ്ടാളെയും ഒരു വാചകത്തില്‍ ഉള്‍പ്പെടുത്താന്‍ വയ്യ].

മെയ്ന്‍ലൈന്‍ കമ്മ്യൂണിസ്റ്റുകാരെ അപമാനിയ്ക്കല്ലേ. അവരുടെ ത്യാഗം എവിടെ നമ്മുടെ ബ്ലോഗം എവിടെ?

ഫ്രോയ്ഡിനെ വായിച്ചിട്ടില്ല. പുള്ളി എന്തുപറഞ്ഞു? അങ്ങേര് ഔട്ട് ഡേറ്റഡായെന്നാ കേള്‍ക്കുന്നെ. രോഗിയേ രോഗിയാക്കി കോച്ചില്‍ കിടത്തുന്ന കൊടുങ്ങല്ലൂര്‍ക്കളരിയ്ക്കല്ല, രോഗിയുമായി താദാത്മ്യം പ്രാപിച്ച്, എമ്പതിയോടെയുള്ള ഇന്ററാക്റ്റീവ് രീതിയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

സുജനിക said...

അന്ഭിനന്ദനം..നല്ല നിരീക്ഷണം
കൂട്ടത്തില്‍ ഒന്നു പറയട്ടെ...അണ്ണാറക്കണ്ണന്റെ കഥ ശരിതന്നെ...അതിന്റെ പ്രത്യക്ഷ തെളിവല്ലേ അവന്റെ പുറത്തുള്ള മൂന്നു വര.എന്റെ ബ്ലൊഗില്‍ ആ കഥ പുനരാഖ്യാനിക്കുന്നുണ്ട്.

Related Posts with Thumbnails