Thursday, May 22, 2008

നാല് പെണ്ണുങ്ങള്‍

അജിതയേയും ഫൂലന്‍ ദേവിയേയും ജാനുവിനേയും ഹീറോസായി കരുതാന്‍ എനിയ്ക്കെന്ത് യോഗ്യത എന്നു ചോദിച്ചാല്‍ ഒന്നുമില്ല എന്നാണുത്തരം. നമ്മുടെ കാലഘട്ടത്തിലെ ഷണ്ഡമായ പുരുഷത്വത്തിന്റേയും രാഷ്ട്രീയമായ ഷണ്ഡതയുടേയും ഒരു പ്രതിനിധി എന്ന നിലയില്‍ അങ്ങനെ സംഭവിച്ചുപോയി എന്നതാണ് അതിന്റെ വിരോധാഭാസം.

ഇവരെ ഇങ്ങനെ ഒറ്റശ്വാസത്തില്‍, ഒരു വാചകത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ നാലാമതൊരു പെണ്‍ഹീറോവിനെപ്പറ്റി പറയുമ്പോളും അതില്‍ യാതൊരു വിധ സാമാന്യവത്കരണവും ഉദ്ദേശിച്ചിട്ടില്ല.

എന്റെ നാലാമത്തെ പെണ്‍ഹീറോ, കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധയായ റെബല്‍ കമാന്റര്‍, നെല്ലി അവില മൊറിനൊ എന്ന കരീന, ഇന്നലെ അവളുടെ നാട്ടിലെ ഗവന്മെന്റിന് കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക്, ഏതോ പന്ന കച്ചവടം കൈകാര്യം ചെയ്യാന്‍ ഞാന്‍ കാറോടിച്ചു പൊയ് ക്കൊണ്ടിരിക്കുമ്പോള്‍ ദുബായിലെ 87.9 എന്ന ബിബിസിയുടെ എഫ്. എം. ചാനലില്‍ കേട്ട അപ്രധാനമായ ഒരു വാര്‍ത്ത.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ഭരതന്‍ സാര്‍ തുറന്നിട്ടു തന്ന പുസ്തകമുറിയുടെ വാതിലിലൂടെ ഞാനാദ്യം തെക്കേ അമേരിക്കയില്‍ പോകുന്നത്. ഒന്നു രണ്ട് കൊല്ലം കഴിയുമ്പോളേയ്ക്കും തെക്കുമ്പുറവും തെക്കേ നാലുവഴിയും പോല പരിചിതമായി എനിക്ക് തെക്കേ അമേരിക്കയും. മാര്‍കേസിന്റെ ജന്മനാട് എന്ന സ്ഥാനമായിരുന്നു കൊളംബിയയ്ക്ക്. തൊണ്ണൂറുകളില്‍ കൊക്കേയ്ന്‍ കൃഷി വ്യാപകമായതും ലെഫ്ടും റൈറ്റുമായ സമാന്തര റെബലുകളുടെ പാരാമിലിട്ടറി ഫോഴ്സുകള്‍ ഗവണ്മെന്റിന് വെല്ലുവിളിയായതും കൊളംബിയയുടെ ചരിത്രം മാറ്റിമറിച്ചു. ആദിവാസികള്‍, ആഫ്രിക്കന്‍ അടിമകള്‍, അറബി-സ്പാനിഷ് കുടിയേറ്റക്കാര്‍, അവരുടെയെല്ലാം സങ്കരങ്ങള്‍ - കൊളംബിയ പണ്ടേ സങ്കീര്‍ണമായിരുന്നു.

അമേരിക്കയുടെ പിന്തുണയുള്ള, ഓക്സ്ഫോഡില്‍ പഠിച്ച, അല്‍ വാരോ ഉരിബെയാണ് ഇപ്പോള്‍ കൊളംബിയയുടെ പ്രസിഡന്റ്. കരീനയാകട്ടെ റെവലൂഷനറി ആംഡ് ഫോഴ്സസ് ഓഫ് ഓഫ് കൊളംബിയ [FARC] എന്ന ഇടത് ഗറില്ലാ സംഘടനയുടെ ധീരനായികയും.

റാംബോ എന്നാണ് വെസ്റ്റേണ്‍ മീഡിയ കരീനയെ വിളിച്ചത്. ഏതോ സമരവഴിയില്‍ ഒരു കണ്ണും മുലയും നഷ്ടപ്പെട്ട, മുഖത്ത് മുറിവിന്റെ വലിയൊരു കലയുള്ള, ഒരു കൈത്തണ്ടയില്‍ ബുള്ളറ്റ് പാടുകളുള്ള ഫീമെയ് ല്‍ റാംബോ. കൊല, കൊള്ള, തട്ടിക്കൊണ്ടുപോകല്‍... കരീനയുടെ പേരിലുണ്ടായിരുന്ന ചാര്‍ജുകള്‍ അനേകം. 33 കോടി രൂപയാണ് ഗവണ്മെന്റ് കരീനയുടെ തലയ്ക്കിട്ട വില. വാഴത്തോട്ടങ്ങള്‍ നിറഞ്ഞ കരീബിയന്‍ തീരത്തുള്ള ഉരാബ എന്ന തന്റെ ജന്മനാട്ടില്‍ നടന്ന നൂറു കണക്കിന് കൊലപാതകങ്ങള്‍ക്കു പിന്നില്‍ കരീനയുണ്ടെന്നാണ് ഗവണ്മെന്റ് പറയുന്നത്.

2002-ല്‍ 13 പോലീസുകാരെ കൊന്ന സംഭവത്തിലൂടെയാണ് കരീന കുപ്രസിദ്ധയായത്. FARC-യുടെ 350 പേരുള്ള ഒരു വിഭാഗത്തിന്റെ നേതൃത്വമായിരുന്നു കരീനയ്ക്ക്. ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ FARC-യുടെ ഭരണത്തലവന്മാരിലൊരാളും കരീനയുടെ ബോസുമായ ഇവാന്‍ റിയോസിനെ അദ്ദേഹത്തിന്റെ അംഗരക്ഷകരിലൊരാള്‍ തന്നെ വെട്ടിക്കൊന്നതാണ് കരീനയെ സമ്മര്‍ദ്ദത്തിലാക്കിയത്.

കീഴടങ്ങിയ ശേഷം മറ്റ് വിമതരോടും കീഴടങ്ങാന്‍ കരീന ആഹ്വാനം ചെയ്തതായാണ് വാര്‍ത്തകള്‍. വാര്‍ത്തകള്‍ എന്നു പറയുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ എന്ന് വായിക്കണം. കരീനയെ കൊക്കേയ്ന്‍ കച്ചവടക്കാരിയെന്നും വിളിച്ചിരുന്നു ഇതേ മാധ്യമങ്ങള്‍.

കരീന എങ്ങനെ എന്റെ ഹീറോവായി? അത് കരീനയ്ക്ക് അപമാനമാണെന്ന് എനിക്കറിയാം. ഒരു പക്ഷേ നമ്മുടെ പലരുടേയും ഉള്ളിലുള്ള അപ്പൊളിറ്റിക്കലായ അരാജകവാദത്തിന്റെ വിഷ്ഫുള്‍ തിങ്കിംഗായിരിക്കാം പൊളിറ്റിക്കലായ ഒരു അരാജകവാദിയെ ആരാധിച്ചുപോകുന്നത്.

മരുഭൂമികള്‍ ഇല്ലാതാകുമോ?

7 comments:

Rammohan Paliyath said...

ഞാന്‍ സോണിയാ പക്ഷം ചേരുന്നു എന്ന് പറഞ്ഞ് എന്നെ അപമാനിച്ച അനോനി വായിച്ചറിയാന്‍.

കണ്ണൂസ്‌ said...

ഞാന്‍ ഫൂലന്‍ ദേവിയെ നേരിട്ടു കണ്ടിട്ടുണ്ട്. ദില്ലിയില്‍ കസ്തൂര്‍ബാ മാര്‍ഗില്‍ ഉണ്ടായിരുന്ന സിംഘാനിയ ആന്റ് സിംഘാനിയ ആയിരുന്നു അവരുടെ നിയമോപദേശകര്‍. എന്റെ ഓഫിസും അതേ കെട്ടിടത്തിലായിരുന്നു. ഒരിക്കല്‍ എന്തോ കാര്യത്തിന്‌ അവിടെ വന്നിട്ട് തിരിച്ചു പോവുമ്പോള്‍, കയറുന്നതിനിടയില്‍ ലിഫ്റ്റ് അടഞ്ഞതിന്‌ അവര്‍ ഒരു അംഗരക്ഷകന്റെ മുഖത്ത് ഇടതു കൈ കൊണ്ട് അടിച്ചു. ബണ്ഡിറ്റ് ക്വീന്‍ കണ്ടിട്ട് അവരോട് തോന്നിയിരുന്ന എന്തോ ഒരു മൃദുമൂല അതോടെ പോയിക്കിട്ടി.

ഞാന്‍ ബഹുമാനിക്കുന്ന ഒരു സ്ത്രീ അയല്‍ക്കാരിയായ രാധ മാമിയാണ്‌. ഏഴു വയസ്സിനു താഴെയുള്ള നാല്‌ മക്കളുണ്ടായിരുന്നപ്പോള്‍ ഭര്‍ത്താവ് മരിച്ചു. മൂന്ന് കൊല്ലത്തിനുള്ളില്‍ ഒരു മകന്റെ കാല്‍ ഒരു അപകടത്തില്‍ നഷ്ടപ്പെടുകയും ചെയ്തു. ബ്രാഹ്‌മണ സ്ത്രീ ആയിട്ടും സമൂഹത്തെ പുല്ലു പോലെ കണക്കാക്കി മുറുക്കു ചുറ്റിയും, ചെറിയ രീതിയില്‍ ദേഹണ്ഡം നടത്തിയും എല്ലാവരേയും രക്ഷപ്പെടുത്തി. കാല്‍ നഷ്ടപ്പെട്ട മകന്‍ കോഴിക്കോട് സര്‍‌വകലാശാലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌. പെണ്‍കുട്ടികളൊക്കെ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു.

അജയ്‌ ശ്രീശാന്ത്‌.. said...

നെല്ലി അവില മൊറിനൊയെക്കുറിച്ച്‌ പാശ്ചാത്യമാധ്യമങ്ങള്‍ നല്‍കിയ
വാര്‍ത്തകളില്‍ എത്ര ശതമാനം
ശരിയെന്ന്‌ താങ്കള്‍ക്ക്‌ ഉറപ്പിച്ചു പറയുവാനാവും... പാവ്ലോ കൊയ്ലോയുടെ
"വെളിച്ചത്തിണ്റ്റെ പോരാളികള്‍" എന്ന കൃതിയില്‍പറയുന്നത്‌ പോലെ...
നിലവിലെ വ്യവസ്ഥിതിയിലുള്ള അധാര്‍മ്മികതയ്ക്കെതിരെ പോരാടുമ്പോള്‍ -
അവരെ ജനങ്ങള്‍ തിരിച്ചറിയുമ്പോള്
‍അവിടെ ഒരു ഹീറോ അല്ലെങ്കില്‍ ഹീറോയിന്‍ ജനിക്കുന്നു.... അതായിരിക്കാം ഒരു പക്ഷേ കൊളംബിയയിലും സംഭവിച്ചത്‌....

കരീനയുടെ ചില തെറ്റുകള്‍... അധിനിവേശ ശക്തികള്‍ക്ക്‌ തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ളവഴിയൊരുക്കുകയും ചെയ്തിരിക്കാം...

നല്ല പോസ്റ്റ്‌..ആശംസകള്‍...

Vishnuprasad R (Elf) said...

ഈ നാലുപെണ്ണുങ്ങളില്‍ യഥാര്‍ത്ത ഹീറോ നെല്ലി അവില മൊറിനൊ മാത്രമാണ്

ദൈവം said...

അപ്പോള്‍ ശോഭന ജോര്‍ജ്ജ്?

Rammohan Paliyath said...

കണ്ണൂസേ, ‘കൊള്ളക്കാരി’ എം.പി.യായപ്പോള്‍ സംഭവിച്ച മാറ്റങ്ങളാകാം അതെല്ലാം. പന്ന്യന്‍ രവീന്ദ്രന്റെ മകന്റെ കല്യാണത്തിന് സ്വാമിമാര്‍ വരുന്ന പോലെ.

ഹീറോസ് പലതരമില്ലേ? പെഴ്സണല്‍ ഹീറോസ്, സെലിബ്രിറ്റി ഹീറോസ്, സോഷ്യല്‍ ഹീറോസ്... ഞാനിക്കൂട്ടത്തിലെ ലാസ്റ്റ് കാറ്റഗറിയെപ്പറ്റിയാണ് പറഞ്ഞത്. അവര്‍ നേരിട്ടു തന്നെ സമൂഹജീവിതത്തില്‍ ഇടപെടുന്നു, മാറ്റങ്ങളുണ്ടാക്കുന്നു.

ദൈവമേ, എന്തൊരു കോയിന്‍സിഡന്‍സ്. ഒരു മാസം മുമ്പാണ് അത്യന്തം യാദൃശ്ചികമായി ശോഭന ജോര്‍ജിനെ അജ്മാനില്‍ വെച്ച് ആദ്യമായി നേരിട്ടു കണ്ടത്. ദുബായില്‍ തുടങ്ങുന്ന കണ്‍സ്ട്രക്ഷന്‍ മെറ്റീരിയത്സ് ബിസിനസിനെപ്പറ്റി ഒരു വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അവര്‍. കണ്ണാടിക്കഷ്ണങ്ങള്‍ പതിച്ച, കണ്ടാല്‍ വലിയ വില തോന്നുന്ന ഒരു സാരിയുടുത്ത്, ധാരാളം എനര്‍ജി ചുറ്റിനും റേഡിയേറ്റ് ചെയ്ത്...

രാഷ്ട്രീയക്കാര്‍ ബിസിനസ് ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ രാഷ്ട്രീയ അഴിമതി കുറയുമെന്നും അവര്‍ പറഞ്ഞു.

കെ.എസ്.യു, ബാലജനസഖ്യം, യൂത്ത് കോണ്‍ഗ്രസ്... അതൊക്കെ ഓര്‍ക്കുന്നതുകൊണ്ടാ‍വാം അവരോട് ഹീറോ വര്‍ഷിപ്പൊന്നും തോന്നിയില്ല. എങ്കിലും ഒരു സോഷ്യല്‍ വര്‍ക്കര്‍ക്ക് ആദ്യം വേണ്ട എനര്‍ജിയും പ്രസാദവും അവര്‍ക്ക് വേണ്ടുവോളമുണ്ട്. വേറെ ഒരു ഓപ്ഷനുമില്ലെങ്കില്‍ നേതാവാക്കാം. നേതാവ് വേറെ ഹീറോ വേറെ.

Rammohan Paliyath said...

http://www.washingtonpost.com/wp-dyn/content/article/2009/12/22/AR2009122203324.html?hpid=moreheadlines

Related Posts with Thumbnails